ഗുരുക്കന്മാരുടെ ഗുരു: മോണ്‍. ജോര്‍ജ് അക്കര

ഗുരുക്കന്മാരുടെ ഗുരു: മോണ്‍. ജോര്‍ജ് അക്കര

ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട്

ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട്
ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട്

'ഗുരു' എന്ന പദത്തിന്റെ അര്‍ത്ഥം കണ്ണ് തുറപ്പിച്ച് ഇരുള്‍ അകറ്റുന്നവന്‍ എന്നാണല്ലൊ. നന്മയുടെ ലോകത്തിലേക്ക് സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്ന വൈദികരുടെ പരിശീലകനും ഗുരുവുമായ മോണ്‍. ജോര്‍ജ് അക്കര (80) ഇക്കഴിഞ്ഞ ദിവസം (മെയ് 2) ദിവംഗതനായി. വൈദിക ശുശ്രൂഷയില്‍നിന്ന് വിരമിച്ചതിനുശേഷവും സമൂഹത്തിന് നല്കിവന്ന നന്മ പ്രവൃത്തികളില്‍നിന്ന് അദ്ദേഹം വിരമിച്ചിരുന്നില്ല. ബസ്സിലോ ഓട്ടോറിക്ഷയിലോ ഒക്കെ ആയിരിക്കും മിക്കവാറും യാത്ര. വികാരി ജനറല്‍ സ്ഥാനമേല്‍ക്കുന്നതിനു മുമ്പ് തന്നെ സഹോദര വൈദികരുടെ വീടുകളില്‍ രോഗം, മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നറിഞ്ഞാല്‍, എത്ര ദൂരെയാണെങ്കിലും ആരും ആവശ്യപ്പെടാതെതന്നെ അദ്ദേഹം ഓടിയെത്തും. ആ കുടുംബങ്ങള്‍ എത്രയോ വലിയ സമാധാനമാണ് അനുഭവിച്ചത്. അവരോടൊപ്പം പ്രാര്‍ത്ഥിക്കാന്‍ ചുമതലകള്‍ക്കിടയിലും അദ്ദേഹം സമയം കണ്ടെത്തി. സെമിനാരിയില്‍ റെക്ടറും ആത്മീയഗുരുവുമായിരുന്നപ്പോഴും തന്റെ ശിഷ്യന്മാരുടെ കുടുംബങ്ങളുമായി ഇത്തരത്തിലുള്ള സ്‌നേഹബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ചില കാരണങ്ങളാല്‍ സെമിനാരി പഠനം ഉപേക്ഷിച്ച് പോയവരുമായും മോണ്‍സിഞ്ഞോറിന് ഊഷ്മള ബന്ധമുണ്ടായിരുന്നു. മൃതസംസ്‌ക്കാരച്ചടങ്ങുകളില്‍ അദ്ദേഹത്തിന്റെ ഹൃദയപൂര്‍വ്വകമായ പ്രസംഗങ്ങള്‍ പലരും കുറിച്ചു വയ്ക്കാറുണ്ട്. വൈദികരുടേയും മെത്രാന്മാരുടേയും മൃതസംസ്‌ക്കാര ശുശ്രൂഷയിലെ അള്‍ത്താരയോടും ദൈവജനത്തോടും യാത്ര പറയുന്ന "വിടവാങ്ങുന്നേന്‍…" എന്ന വിലാപഗാനം അക്കരയച്ചനാണ് ആലപിക്കുക. ഹൃദയത്തിന്റെ ആഴത്തില്‍നിന്ന് പ്രവഹിക്കുന്ന സ്ഫടികജലം പോലെ അനുഭവപ്പെടുന്ന ഈരടികള്‍ ഏവരുടേയും കണ്ണുകള്‍ ഈറനണിയിക്കും. ഇനി ആ ശബ്ദം ഓര്‍മ്മകളില്‍ അലയടിച്ചുകൊണ്ടിരിക്കും. ഏതാനും ആഴ്ചകളായി തൃശൂര്‍ അതിരൂപതയുടെ സീനിയര്‍ വൈദിക സമൂഹത്തിലെ ഏതാനും അച്ചന്മാര്‍ കൂട്ടത്തോടെ സ്വര്‍ഗ്ഗത്തിലേക്ക് പറന്നുയര്‍ന്നു. ഒന്നരമാസം മുമ്പ് ഈ ലേഖകനും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നപ്പോള്‍, ആര്‍ക്കും വാര്‍ഡിലേക്ക് പ്രവേശനമില്ലാത്ത സമയത്ത് രണ്ട് പ്രാവശ്യം അക്കരയച്ചന്‍ മൊബൈല്‍ ഫോണിലൂടെ വിളിച്ചിരുന്നു. ക്ഷീണം മൂലം എനിക്ക് മറുപടിയൊന്നും പറയാന്‍ കഴിഞ്ഞില്ലെങ്കിലും അച്ചന്റെ പ്രാര്‍ത്ഥന ഫോണിലൂടെ കേള്‍ക്കാന്‍ സാധിച്ചത് തളര്‍ച്ചയില്‍ എനിക്ക് ശക്തിയായി മാറി. അച്ചന്റെ പ്രാര്‍ത്ഥന മരണവക്കിലെത്തിയ എന്റെ രക്ഷയായിരുന്നുവെന്ന് നന്ദിയോടെ രേഖപ്പെടുത്തുന്നു. കോവിഡാനന്തരബലക്ഷയത്തിന് ശേഷം അച്ചനെ നേരിട്ട് കണ്ട് നന്ദി പറയണമെന്ന ആഗ്രഹം ബാക്കിയായി.

നന്മയുടെ ലോകത്തിലേക്ക് സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്ന വൈദികരുടെ പരിശീലകനും ഗുരുവുമായ മോണ്‍. ജോര്‍ജ് അക്കര (80) ഇക്കഴിഞ്ഞ ദിവസം (മെയ് 2) ദിവംഗതനായി. വൈദിക ശുശ്രൂഷയില്‍ നിന്ന് വിരമിച്ചതിനുശേഷവും സമൂഹത്തിന് നല്കിവന്ന നന്മ പ്രവൃത്തികളില്‍നിന്ന് അദ്ദേഹം വിരമിച്ചിരുന്നില്ല.

1991-ല്‍ തൃശൂര്‍ തോപ്പ് സെമിനാരിയില്‍ റീജന്റായി വന്നതിനുശേഷമാണ് അച്ചന്റെ പൗരോഹിത്യ ആദ്ധ്യാത്മികത എന്റെ പഠനവിഷയമാകുന്നത്. നിത്യപുരോഹിതനായ യേശുവിന്റെ ദിവ്യകാരുണ്യ സാന്നിദ്ധ്യം അച്ചന്‍ പൂര്‍ണ്ണമായും അനുഭവിച്ചിരുന്നു. കുര്‍ബാനയര്‍പ്പിക്കുമ്പോഴുള്ള അച്ചന്റെ ചൈതന്യം ശിഷ്യന്മാരായ ഞങ്ങള്‍ അത്ഭുതത്തോടെ അനുഭവിച്ചിട്ടുണ്ട്. നിങ്ങള്‍ നിയമം പാലിച്ചാല്‍, നിയമം നിങ്ങളെ പാലിച്ചു കൊള്ളുമെന്നതാണ് അച്ചടക്കത്തെക്കുറിച്ചുള്ള അച്ചന്റെ അടിസ്ഥാനമാകണം. പൗരോഹിത്യജീവിതത്തിന് അനുയോജ്യമല്ലെന്ന് ദീര്‍ഘകാല നിരീക്ഷണങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കു ശേഷവും ബോധ്യമായാല്‍ യാതൊരു മനോദുഃഖത്തിനും ഇടവരുത്താത്തവിധം മറ്റ് ജീവിതവഴികളിലേക്ക് അദ്ദേഹം വഴി നടത്തും. ഇങ്ങനെ പോകേണ്ടിവരുന്നവര്‍ ഒരിക്കലും സഭാവിരോധികളായി മാറിയതായും അനുഭവമില്ല.

വൈദികര്‍ക്കു സംശയങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകുമ്പോള്‍, സഭാധികാരികള്‍ അറിയുന്നതിനു മുമ്പ് തന്നെ അച്ചന്‍ ഇടപെട്ട് പ്രശ്‌നത്തിന്റെ ഗൗരവം വളരെ ലഘൂകരിച്ചിട്ടുണ്ടാകും. ഒരു കാലത്തും അധികാരത്തിന്റേയോ അറിവിന്റേയോ മേല്‍ക്കോയ്മ അദ്ദേഹം പ്രദര്‍ശിപ്പിക്കാറില്ല. രൂപതയും വൈദികരും തമ്മില്‍ മാത്രമല്ല, ചില സന്ന്യാസസമൂഹപ്രശ്‌നങ്ങളിലും പരിഹാര നിര്‍ദ്ദേശവുമായി അച്ചനുണ്ടാകും. ഇത് തെറ്റിദ്ധരിക്കപ്പെട്ട് സ്വകാര്യമായി വലിയ മനഃക്ലേശം അച്ചന്‍ അനുഭവിച്ചിട്ടുണ്ട്. പക്ഷെ, ആരോടും ഒരു പരിഭവവും അവശേഷിപ്പിക്കാറില്ല. സഭയില്‍ ആരാധന സംബന്ധമായ പ്രശ്‌നങ്ങള്‍ തലപൊക്കിയപ്പോഴും അച്ചന്റെ അനുരജ്ഞനത്തിന്റെ പ്രാര്‍ത്ഥനകള്‍ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ന്നു.

മോണ്‍. ജോര്‍ജ് അക്കരയുടെ നിരവധി ശിഷ്യന്മാര്‍ തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ നിന്നും മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയില്‍നിന്നും ലോകമെമ്പാടും വൈദികരായി സേവനമനുഷ്ഠിക്കുന്നതിലൂടെ ജോര്‍ജച്ചന് പുനര്‍ ജീവനാകുകയാണ്. തനിക്കായി ഒന്നും അവശേഷിപ്പിക്കാതെ യാത്ര പറഞ്ഞ ജോര്‍ജച്ചന് ശിഷ്യഗണങ്ങളുെട സ്‌നേഹാഞ്ജലി. "വിടവാങ്ങുന്നേന്‍…" അച്ചന്റെ തേങ്ങലോടെയുള്ള ശബ്ദം കാതുകളില്‍ അലയടിക്കുന്നു.

Related Stories

No stories found.