കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ എന്ന പദവിയെ വിശ്വമാനവികതയുടെ സമകാലിക സാധ്യതകളായി ലോകം വായിച്ചെടുത്തു.
ഫ്രാന്‍സിസ് മാര്‍പാപ്പ ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായിട്ട് പത്തുവര്‍ഷം പൂര്‍ത്തിയാവുകയാണ്. 2013-ലാണ് പരിശുദ്ധ പിതാവ് ആ പദവിയിലേക്ക് എത്തുന്നത്. പലവിധത്തിലുള്ള പ്രത്യേകതകള്‍ ഉള്ള ദേശീയ-രാഷ്ട്രീയ അസ്തിത്വങ്ങളുടെ ഉടമയായിട്ടാണ് അന്ന് ലോകമാധ്യമങ്ങള്‍ ആ തിരഞ്ഞെടുപ്പിനെ നോക്കിക്കണ്ടത്. ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍ പാപ്പ-യൂറോപ്പിതര ദേശ രാഷ്ട്രീയ സ്വത്വത്തിനുടമ, ഒരു ജസ്യൂട്ട് സന്യാസ പുരോഹിതന്‍ തുടങ്ങിയ പല വിശേഷണങ്ങളും അന്ന് എടുത്തു പറയപ്പെട്ടു. പക്ഷേ, ഇത്തരം സാമാന്യ പാഠങ്ങള്‍ക്കപ്പുറം പിന്നീട് ലോകം അദ്ദേഹത്തെ നിരന്തരം കേള്‍ക്കാന്‍ ആഗ്രഹിച്ച നാളുകളാണ് വന്നെത്തിയത്. വ്യത്യസ്ത വംശീയ-ലൈംഗിക, മത-രാഷ്ട്രീയ സമൂഹങ്ങള്‍ക്കിടയില്‍ മാറ്റത്തിന്റെയും നൂതന മാനവികതയുടെയും വിശ്വാസപ്രമാണങ്ങള്‍ പങ്കുവയ്ക്കപ്പെടുന്ന അനുഭവത്തിന് ആ വാക്കുകളിലൂടെ ലോകം സാക്ഷിയായി. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ എന്ന പദവിയെ വിശ്വമാനവികതയുടെ സമകാലിക സാധ്യതകളായി ലോകം വായിച്ചെടുത്തു.
അങ്ങേക്ക് സ്തുതി (Loudato Si) എന്ന ചാക്രികലേഖനം ലോകമെമ്പാടും നിരവധി ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴി തുറന്നിട്ടു. വളരെ യാഥാസ്ഥിതികവും മനുഷ്യകേന്ദ്രിതവുമായി നിലനിന്ന പാരിസ്ഥിതിക മനോഭാവത്തെ ക്രിസ്തീയവിശ്വാസത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടുതന്നെ വായിക്കുകയും പുതിയ പാഠങ്ങളെ ബൈബിള്‍ അധിഷ്ഠിതമായിത്തന്നെ പകരുകയും ചെയ്ത ഈ പുസ്തകം ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ടു. 1960-കള്‍ മുതല്‍ പാരിസ്ഥിതിക ചിന്തകളും, വികസന വാദത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ഉണ്ടായികൊണ്ടിരുന്നുവെങ്കിലും ക്രിസ്തീയ വിശ്വാസത്തിന് നൈതികമായ വ്യാഖ്യാനം രചിച്ച 'അങ്ങേക്കു സ്തുതി' (Loudato Si) എന്ന ചാക്രികലേഖനം നമ്മുടെ പാപ, പുണ്യ, മനസ്താപ ബോധ്യങ്ങളെക്കൂടി പരിഷ്‌കരിക്കുന്നതായിരുന്നു. ''ഭൂമിയുടെ മേല്‍ നിരുപാധിക അധീശത്വത്തിനുള്ള അവകാശവാദം അവസാനിപ്പിച്ചുകൊണ്ട് മനുഷ്യരെ അവരുടെ ശരിയായ സ്ഥാനത്തേക്കു വീണ്ടെടുക്കുന്നതിനുള്ള ഏറ്റവും നല്ല വഴി സൃഷ്ടിക്കുകയും ലോകത്തിന്റെ ഏക ഉടമയായിരിക്കുന്ന ഒരു പിതാവിന്റെ രൂപത്തെക്കുറിച്ച് ഒരിക്കല്‍ക്കൂടി സംസാരിക്കുക എന്നതാണത്. ''ലോകം മുഴുവന്‍ നിത്യപിതാവില്‍ നിന്നുള്ള ദാനമാണെന്നും ഇത് പൊതുഭവനമാണെന്നും അംഗീകരിച്ച് അതിനെ സ്വാഗതം ചെയ്യുന്നത് സുപ്രധാനമാണ്.'' ഈ ഭൂമി നമ്മുടെ പൊതുഭവനമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കോളനീകരണത്തിനും കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനും വംശീയതാവാദത്തിനും ഒക്കെയും ബദലായി പ്രവര്‍ത്തിക്കേണ്ടുന്ന ദൈവിക പദ്ധതിയായി പരിശുദ്ധ പിതാവ് ഹൃദ്യമായി പഠിപ്പിച്ചു.
''നമ്മുടെ സാംസ്‌കാരിക വ്യക്തിത്വം നമ്മുടേതില്‍നിന്നു ഭിന്നമായതുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശക്തിപ്പെടുകയും സമ്പന്നമാവുകയും ചെയ്യും. ദരിദ്രമായ ഒറ്റപ്പെടലിലൂടെ നമ്മുടെ ആധികാരികമായ വ്യക്തിത്വം പരിപാലിക്കാനാവില്ല.'' ''തുറവുള്ളതും ഒരു തരത്തിലുമുള്ള സാംസ്‌കാരിക അടിച്ചേല്പിക്കലുമില്ലാത്ത തുടര്‍ച്ചയായ സമന്വയം മൂലം ലോകം വളരുകയും നവസൗന്ദര്യത്താല്‍ നിറയുകയും ചെയ്യും'' 'നാം സോദരര്‍' (Fratelli Tutti) എന്ന ചാക്രികലേഖനം മുന്നോട്ടു വയ്ക്കുന്ന സാര്‍വലൗകിക സാഹോദര്യത്തിന്റെ ഇത്തരം ആഖ്യാനങ്ങള്‍ പുതിയൊരു ലോകബോധത്തിന്റെ നിര്‍മ്മിതി എത്ര അനി വാര്യമാണെന്ന് ഓര്‍മ്മിപ്പിച്ചു. ഈ ലേഖനത്തില്‍ സമാധാനത്തിന്റെ കലയും രൂപകല്പനയും എപ്രകാരമാണെന്ന് മാര്‍പാപ്പ പറഞ്ഞു തരുന്നുണ്ട്. യൂറോപ്യന്‍ കോളനീകരണത്തിനിരയായ ലാറ്റിനമേരിക്കന്‍ അനുഭവങ്ങളുള്ള നാട്ടില്‍ നിന്നു വന്ന ആദ്യത്തെ മാര്‍പാപ്പ നമ്മുടെ വിശ്വാസത്തെ കാലികവും മാനസികവും വംശീയവിരുദ്ധവും പാരിസ്ഥിതിക നൈതികപരവുമായ ഒന്നായി/പലതായി വ്യാഖ്യാനിക്കുന്നതു വായിക്കുമ്പോള്‍ ക്രിസ്തീയ വിശ്വാസം എത്ര വലിയ ബദലനുഭവമാണെന്ന് ഓര്‍ത്തുപോവും.
കാരുണ്യത്തിന്റെ മുഖം (Misericordiae Vultus) എന്ന ലേഖനത്തില്‍ കുമ്പസാരക്കാര്‍ പിതാവിന്റെ കാരുണ്യത്തിന്റെ യഥാര്‍ത്ഥ അടയാളങ്ങളായിരിക്കണം എന്നു നിഷ്‌കര്‍ഷിക്കുന്നതില്‍ ഞാനൊരിക്കലും തളരില്ല എന്നെഴുതുന്നു. വിശുദ്ധ വര്‍ഷത്തിലെ നോമ്പുകാലത്ത് 'കാരുണ്യത്തിന്റെ പ്രേഷിതരെ അയയ്ക്കാന്‍ താന്‍ ഉദ്ദേശിക്കുന്നുവെന്നും അവര്‍ ദൈവജനത്തോടുള്ള സഭയുടെ മാതൃസഹജമായ കരുതലിന്റെ അടയാളമാകുമെന്നൊക്കെ എഴുതുമ്പോള്‍ നമ്മുടെ വിശ്വാസം കരുണയിലും കരുതലിലും അടിത്തറയിട്ടതാവണം എന്നല്ലേ ഉപദേശിക്കുന്നത്.' ക്രൈസ്തവര്‍ ശാരീരികവും ആധ്യാത്മികവുമായ കാരുണ്യ പ്രവൃത്തികളിന്മേല്‍ വിചിന്തനം നടത്തണമെന്നത് എന്നില്‍ ആളിക്കത്തുന്ന ആഗ്രഹമാണെന്ന് എഴുതുന്ന പരിശുദ്ധ പിതാവിനെ വായിക്കുമ്പോള്‍ പലപ്പോഴും എന്റെ കണ്ണു നിറഞ്ഞു തുളുമ്പിയിട്ടുണ്ട്. നമ്മുടെ കര്‍ത്താവ് മുന്നോട്ടുവച്ച എല്ലാ ലോകത്തിനുമുള്ള സദ്വാര്‍ത്തയായി ക്രിസ്തീയവിശ്വാസം തിരിച്ചറിയപ്പെടുന്ന അനുഭവമാണ് പരിശുദ്ധ പിതാവിന്റെ വാക്കുകളില്‍ കാണുന്നത്.
പെസഹാവ്യാഴാഴ്ചയിലെ കാലുകഴുകല്‍ ശുശ്രൂഷയിലേക്ക് ജയില്‍പുള്ളികളെയും സ്ത്രീകളെയും വ്യത്യസ്ത വംശീയ വിഭാഗങ്ങളെയുമൊക്കെ ചേര്‍ത്തുവയ്ക്കുന്നതു വഴി ക്രിസ്തീയ വിശ്വാസത്തിന്റെ അപരിമേയമായ കരുണയും വിഭാഗീയാതീത സ്വഭാവവും ലോകത്തിനുമുമ്പില്‍ അവതരിപ്പിക്കാന്‍ മാര്‍പാപ്പ ശ്രമിക്കുകയാണുണ്ടായത്. പക്ഷേ, അതെത്രമാത്രം യാഥാസ്ഥിതിക വിശ്വാസസമൂഹം മനസ്സിലാക്കി എന്നൊന്നും എനിക്കറിയില്ല. ഒരു പഴയ നിയമ പ്രവാചകനെപ്പോലെ പലപ്പോഴും നമ്മുടെ യാഥാസ്ഥിതികവും ജീര്‍ണ്ണവുമായ മാമൂല്‍ വിശ്വാസരീതികളെ മാര്‍പാപ്പ വിമര്‍ശിച്ചു. പൊതുസമൂഹം ഇക്കാര്യങ്ങളെ സ്വീകരിച്ച ആവേശത്തിലും ആനന്ദത്തിലും പാരമ്പര്യ വിശ്വാസി സമൂഹങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. ചാക്രിക ലേഖനങ്ങളും പ്രസംഗങ്ങളും ഒക്കെ വിശ്വാസത്തെ പുതുജീവനോട് നമ്മെ നിരന്തരം ദൈവസ്‌നേഹത്തിലും കരുണയിലും പരിവര്‍ത്തനക്ഷമതയോടെ നിലനിര്‍ത്തേണ്ടതാണെന്ന ബോധ്യമാണ് ലോകത്തിനുമുമ്പില്‍ മാര്‍പാപ്പ മുന്നോട്ടുവയ്ക്കുന്നത്. ഞാനതില്‍ സന്തോഷിക്കുന്ന ഒരു സാധാരണക്കാരി മാത്രമാണ്. എനിക്ക് മാര്‍പാപ്പ എന്നും പ്രതീക്ഷയും ദൈവസ്‌നേഹത്തിന്റെ പുതുവ്യാഖ്യാതാവുമാണ്.