അല്പം വിശ്രമിക്കൂ...

ഫാ. എം.ജെ. തോമസ് SJ
അല്പം വിശ്രമിക്കൂ...
Published on
ഈ ലോകത്ത് ദൈവം നമുക്കായി ഒരുക്കിയിട്ടുള്ളത് സാബത്ത് വിശ്രമമാണ്. മരണാനന്തരം നിത്യവിശ്രമവും. ഇപ്പോള്‍ വിശ്രമം അനുഭവിക്കുന്നത് സ്വര്‍ഗ്ഗാനന്ദത്തിന്റെ മുന്നാസ്വാദനമാണ്. വരൂ, അല്പം വിശ്രമിക്കൂ.

'അപ്പസ്‌തോലന്മാര്‍ യേശുവിന്റെ അടുത്ത് ഒരുമിച്ചു കൂടി, തങ്ങള്‍ ചെയ്തതും പഠിപ്പിച്ചതും അറിയിച്ചു' (മര്‍ക്കോ. 6:30). എത്ര നല്ല ഗുരു-ശിഷ്യബന്ധം! ശിഷ്യന്മാര്‍ക്കു പറയാനുള്ളതെല്ലാം ശ്രദ്ധയോടെ, സസന്തോഷം യേശു കേട്ടു. അവരുടെ കഠിനാദ്ധ്വാനം യേശു മനസ്സിലാക്കി. വി ശ്രമത്തിന്റെ ആവശ്യവും. പക്ഷേ, അതൊരു തിരക്കിട്ട ദിവസമായിരുന്നു. 'അനേകം ആളുകള്‍ അവിടെ വരികയും പോവുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും അവര്‍ക്ക് ഒഴിവു കിട്ടിയിരുന്നില്ല' (6:31). ക്ഷീണിതരായ ശിഷ്യന്മാര്‍ക്ക് യേശുവിന്റെയടുത്ത് അത്യാവശ്യങ്ങളുമായി തടിച്ചുകൂടിയ ജനങ്ങളെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. യേശുവിന് ഒരു തെരഞ്ഞെടുപ്പിന്റെ സമയമാണിത്. എന്തിനാണ് മുന്‍ഗണന കൊടുക്കേണ്ടത്, ക്ഷീണിതരായ ശിഷ്യന്മാര്‍ക്കുള്ള വിശ്രമമോ ജനക്കൂട്ടത്തിന്റെ അത്യാവശ്യങ്ങളോ? തന്റെ ദൗത്യത്തില്‍ പങ്കാളികളായ ശിഷ്യന്മാര്‍ക്കാണ് യേശു മുന്‍ഗണന കൊടുത്തത്. ഭാവി ഗുരുക്കന്മാര്‍ക്കൊരു പാഠം.

യേശു ശിഷ്യന്മാരെ നിര്‍ബന്ധിക്കുന്നതായി തോന്നുന്നു: 'നിങ്ങള്‍ ഒരു വിജനസ്ഥലത്തേക്കു വരുവിന്‍. അല്പം വിശ്രമിക്കാം' (മര്‍ക്കോ. 6:31). വിശ്രമിക്കാന്‍ യേശു അവരെ അയയ്ക്കുകയല്ല, കൂട്ടിക്കൊണ്ടുപോവുകയാണ്. യേശുവിന്റെ സാന്നിദ്ധ്യം വിശ്രമവും സന്തോഷവും തരുന്നതായിരുന്നിരിക്കണം. ചിരിക്കുന്ന, കൂടെ കളിക്കുന്ന, തമാശകള്‍ പറയുകയും ആസ്വദിക്കുകയും ചെയ്യുന്ന സാന്നിദ്ധ്യം. ഇങ്ങനെയുള്ള അധികാരികളുള്ള സമൂഹം ഭാഗ്യപ്പെട്ടതാണ്. മക്കളോടൊത്തു കളിക്കുകയും രസിക്കയും ചെയ്യുന്ന മാതാപിതാക്കളുള്ള കുടുംബം അനുഗൃഹീതം.

യേശുവിന് വിശ്രമത്തിന്റെ ആവശ്യമുള്ളതായി പറയുന്നില്ലെങ്കിലും, യേശുവിനറിയാം വിശ്രമം ഏതു മനുഷ്യനും ആവശ്യമാണെന്നും, വിശ്രമത്തിന് സ്വല്പം ഏകാന്തതയും നിശബ്ദതയും സഹായകരമാണെന്നും. ആള്‍ക്കൂട്ടമോ, സിനിമാശാലകളോ ഇന്റര്‍നെറ്റോ അല്ല സഹായകരം. സൗഖ്യദായകമായ ഏകാന്തതയും അമ്മ ഭൂമിയുടെ ആലിംഗനവും എല്ലാവരും കൂടുതല്‍ അനുഭവിക്കേണ്ടിയിരിക്കുന്നു.

ഓരോ ബൈബിള്‍ സംഭവത്തില്‍ നിന്നും ഒത്തിരി പഠിക്കാനുണ്ട്. ആദ്യമായിത്തന്നെ മനുഷ്യന് പരിമിതികള്‍ ഉണ്ടെന്നും, വിശ്രമവും ഉല്ലാസവും അനുദിനജീവിതത്തിന്റെ ഭാഗമായിരിക്കണമെന്നും. ഇത് ലഭ്യമാക്കുക ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ആശ്രിതര്‍ക്ക് ലഭ്യമാക്കുക അധികാരികളുടെ ധര്‍മ്മവും. അതുകൊണ്ടാണ് ജോലി സമയവും ഒഴിവു ദിവസങ്ങളും തിട്ടപ്പെടുത്തിയിട്ടുള്ളത്. ഇത് ദൈവികനിയമം കൂടിയാണെന്നാണ് ഏഴാം ദിവസം ദൈവം വിശ്രമിച്ചു എന്ന് വിശുദ്ധ ഗ്രന്ഥം പറയുന്നതിനര്‍ത്ഥം. ആഴ്ചയിലൊരു വിശ്രമദിവസം മനുഷ്യനാവശ്യമാണ്. വിശ്രമിക്കാത്തവര്‍ അസ്വസ്ഥരാണ്, എളുപ്പം രോഗികളാകുന്നവരും. അവര്‍ തങ്ങളെയും മറ്റുള്ളവരെയും മുറിപ്പെടുത്തിയെന്നും വരാം.

സമയവും കഴിവുകളും ഊര്‍ജ്ജവും പരിമിതമാണ്. ചെയ്യേണ്ടതെല്ലാം ചെയ്യാന്‍ സാധിച്ചെന്നും വരില്ല. ഇതംഗീകരിക്കുന്നതാണ് യാഥാര്‍ത്ഥ്യബോധം, എളിമ. ആര്‍ത്തിയോടെ കൂടുതല്‍ കൂടുതല്‍ നേടാനും സമ്പാദിക്കാനുമുള്ള ത്വര നിയന്ത്രിച്ചേ മതിയാകൂ. വി വേകപൂര്‍വ്വമായ തീരുമാനങ്ങളെടുക്കണം. 'ലോകം മുഴുവന്‍ നേടിയാലും....!'

ഉല്ലാസവും വിശ്രമവും ഇല്ലാത്ത കഠിനാദ്ധ്വാനപരമായ ജീവിതം ഒരുവനെ വിരസനാക്കും. പലരും കഠിനാദ്ധ്വാനത്തിന് വിധിക്കപ്പെട്ടവരാണെന്ന കാര്യം മറക്കുന്നില്ല. പക്ഷേ, പലരും അനാവശ്യകാര്യങ്ങള്‍ക്കും ഇന്റര്‍നെറ്റിനും അടിമകളാകുന്നു. ചുറ്റുമുള്ളത് അവര്‍ കാണുന്നില്ല. കേള്‍ക്കുന്നുമില്ല. അവര്‍ ഏകാകികളും മ്ലാനരും സ്‌നേഹശൂന്യരുമാകുന്നു. അവര്‍ ആര്‍ക്കും ലഭ്യരല്ല. ഊഷ്മളതയും ലഭ്യതയുമാണ് ഒരുവനെ ധന്യനാക്കുന്നത്.

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ, പ്രത്യേകിച്ചും അതിലുള്ള സമര്‍പ്പിതരെ ഓര്‍ത്തുപോകുന്നു. പലര്‍ക്കും ഭക്ഷണം കഴിക്കാന്‍ പോലും നേരമില്ല! തിടുക്കത്തില്‍ കഴിക്കുന്ന ഭക്ഷണം ദഹിക്കുമോ? രുചി അറിയാതെ എങ്ങനെ ഭക്ഷണം ആസ്വദിക്കും? ആസ്വദിക്കാതെ എങ്ങനെ നന്ദിയുള്ളവരാകും? ഈ തിരക്ക് ഒരാളുടെ മനോനിലയെയും (mood) ആരോഗ്യത്തെയും വ്യക്തിബന്ധങ്ങളെയും വഷളാക്കും. Meister Eckhart (1260-1329) പറയുന്നത്, ആത്യന്തികമായി എല്ലാവരുടെയും ആഗ്രഹം വിശ്രമം ആവശ്യമാണെന്നാണ്. മറ്റുള്ളവര്‍ നിത്യവിശ്രമം ആശംസിക്കുന്നതിനു മുമ്പ്, വിശ്രമം അനുഭവിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

വിശുദ്ധിക്കുവേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നതും നല്ലതല്ല. ചിലര്‍ കരുതുന്നത് വിശുദ്ധരാകാന്‍ ധാരാളം ഭക്തകൃത്യങ്ങളും പ്രാര്‍ത്ഥനകളും തപസ്സും പ്രായശ്ചിത്തപ്രവൃത്തികളും വേണമെന്നാണ്. ശരീരത്തെ പീഡിപ്പിക്കുന്നതില്‍

എന്തോ പുണ്യമുള്ളതുപോലെ. ഇതൊക്കെ കൂടുതല്‍ കൂടുതല്‍ ചെയ്യുന്നതില്‍ അവര്‍ തൃപ്തരുമാണ്. എന്തെങ്കിലും വിട്ടുപോയാല്‍ അസ്വസ്ഥരും, കുറ്റബോധമുള്ളവരും. ചെയ്യുന്നതെല്ലാം സ്വന്തം തീരുമാനപ്രകാരമാണെന്നും അതില്‍ സ്വാര്‍ത്ഥതയും ദുരഭിമാനവും ഉണ്ടെന്നും അവര്‍ മനസ്സിലാക്കുന്നില്ല. അവര്‍ ആശ്രയിക്കുന്നത് അവരില്‍തന്നെയാണ്, ദൈവത്തിലല്ലെന്നും അവര്‍ അറിയുന്നില്ല. ചെയ്യുന്നത് ദൈവേഷ്ടപ്രകാരമാണോ എന്ന് കരുതുന്നതേയില്ല. അവരെപ്പോലല്ലാത്തവരോട് അവര്‍ക്ക് പുച്ഛമാണ്. എന്തെങ്കിലും അസുഖം വന്നാല്‍ 'ദൈവമേ എന്നെ സുഖപ്പെടുത്തണമേ' എന്ന് തീവ്രമായി പ്രാര്‍ത്ഥിക്കും. അതായത്, ദൈവം അവരുടെ ഇഷ്ടം ചെയ്യണമെന്ന്. രോഗം ജീവിതത്തിന്റെ ഭാഗമാണെന്നോ, അതിലൂടെ ആയിരിക്കാം ദൈവം അവരെ വളര്‍ത്തുന്നതെന്നോ അവര്‍ ചിന്തിക്കുന്നേയില്ല.

ഇന്നത്തെ 'മര്‍ത്താമാര്‍' അറിയേണ്ടത് 'ജോലി' പ്രാര്‍ത്ഥന ആയിരിക്കണമെന്നില്ലെന്നും, പ്രാര്‍ത്ഥന മുഖ്യമായും ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നു എന്ന അനുഭവമാണെന്നുമാണ്. 'തന്നില്‍ത്തന്നെ വേണ്ട മാറ്റങ്ങള്‍ വരുത്താത്ത, അസ്വസ്ഥനും അതൃപ്തനും അരിശക്കാരനുമായിരിക്കുന്ന ഒരാളുടെ ധാരാളമായുള്ള ഉപവാസവും തീവ്ര ഭക്തകൃത്യങ്ങളും വലിയ വിഡ്ഢിത്തമാണെന്ന്' എക്കാര്‍ട്ട്. ദൈവം അനുകമ്പയുള്ളവനും, എല്ലാവരെയും വിശുദ്ധീകരിക്കുന്നതില്‍ സജീവമായി സദാ പ്രവര്‍ത്തന നിരതനുമാണെന്നുമുള്ള സത്യം അവര്‍ വിസ്മരിക്കുന്നു. വിശുദ്ധി ദൈവത്തെപ്പോലെ അനുകമ്പയുള്ളവരായിരിക്കാനുള്ള തീരുമാനത്തിലും ശ്രമത്തിലുമാണ്. അതേസമയം, വിശുദ്ധി ഒരുവന്റെ നേട്ടമല്ല, സമ്പാദ്യമല്ല, ദൈവത്തിന്റെ ദാനമാണ്.

ദൈവം ആഗ്രഹിക്കുന്നത് നമ്മള്‍ സമാധാനവും സന്തോഷവും ഉള്ളവരായിരിക്കണമെന്നാണ്. Joy is a sure sign of holiness. വിശുദ്ധിയും അതൃപ്തിയും ഘടകവിരുദ്ധമാണ്. Bliss, നിര്‍വൃതി എന്നാണല്ലോ ദൈവത്തെ നിര്‍വ്വചിക്കുന്നത്. സത്ചിന്ത ആനന്ദമായ ദൈവം. ആടുകയും പാടുകയും ചെയ്യുന്ന ദൈവത്തെപ്പറ്റി എക്കാര്‍ട്ട് സംസാരിക്കുന്നു. വിശ്രമവും ഉല്ലാസവും ഇല്ലാതെ എന്ത് നിര്‍വൃതി!

ഒരു യഹൂദ പാരമ്പര്യമനുസരിച്ച് അന്ത്യവിധിയില്‍ ദൈവം ചോദിക്കുന്ന ഏക ചോദ്യമിതാണ്: ''ഞാന്‍ സൃഷ്ടിച്ചതൊക്കെ നീ ആസ്വദിച്ചോ'' എന്ന്. രുചികരമായ വിവിധതരം ഭക്ഷണപദാര്‍ത്ഥങ്ങളും പഴങ്ങളും, പ്രകൃതിയുടെ നിറഭംഗികളും മുല്ലപ്പൂവിന്റേതുപോലുള്ള പരിമളവും, മന്ദമാരുതനും ഇലകളുടെ നൃത്തവും, തിരമാലകളുടെ സംഗീതവും, പക്ഷികളുടെ കളകൂജനവും, ചീവിടിന്റെയും തവളകളുടെയും ഗാനവും, സൂര്യോദയവും അസ്തമനവും, നക്ഷത്ര നിബിഡമായ ആകാശവും ഒക്കെ? എല്ലാറ്റിലും ഉപരിയായി നല്ല സുഹൃദ്ബന്ധങ്ങള്‍? ഈ ലോകത്ത് ദൈവം നമുക്കായി ഒരുക്കിയിട്ടുള്ളത് സാബത്ത് വിശ്രമമാണ്. മരണാനന്തരം നിത്യവിശ്രമവും. ഇപ്പോള്‍ വിശ്രമം അനുഭവിക്കുന്നത് സ്വര്‍ഗ്ഗാനന്ദത്തിന്റെ മുന്നാസ്വാദനമാണ്. വരൂ, അല്പം വിശ്രമിക്കൂ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org