പാരിസ്ഥിതിക പ്രതിസന്ധിയില്‍ സമഗ്രദര്‍ശനത്തിന്റെ സുവിശേഷം

പാരിസ്ഥിതിക പ്രതിസന്ധിയില്‍ സമഗ്രദര്‍ശനത്തിന്റെ സുവിശേഷം
പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ലോകം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയ 1970-കള്‍ മുതല്‍ കത്തോലിക്കാസഭയും ഈ രംഗത്ത് സജീവമായിരുന്നെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വരവോടുകൂടി പാരിസ്ഥിതിക ദര്‍ശനങ്ങളിലേക്കുള്ള സഭയുടെ സംഭാവനകള്‍ പുതിയ തലത്തിലേക്ക് വളര്‍ന്നു. അദ്ദേഹം പുറപ്പെടുവിച്ച ചാക്രിക ലേഖനങ്ങളായ 'കര്‍ത്താവേ അങ്ങേക്ക് സ്തുതി' (Laudato Si, 2015), 'നാം സോദരര്‍' (Fratelli Tutti, 2020), എന്നിവയും 2019-ല്‍ പ്രസിദ്ധീകരിച്ച 'നമ്മുടെ മാതാവായ ഭൂമി' (Our Mother Earth), ആമസോണ്‍ സിനഡാനന്തരം പുറത്തിറക്കിയ അപ്പസ്‌തോലിക പ്രബോധനം 'പ്രിയപ്പെട്ട ആമസോണ്‍' (Querida Amazonia, 2020), കൊറോണയുടെ പശ്ചാത്തലത്തില്‍ രചിച്ച 'നമുക്ക് കിനാവ് കാണാം' (Let us Dream, 2021), 2022 ല്‍ വത്തിക്കാനില്‍ നിന്നും പ്രക്ഷേപണം ചെയ്ത ഡോക്യുമെന്ററി ഫിലിം 'കത്ത്' (The Letter) എന്നിവയും തന്റെ വിവിധങ്ങളായ പ്രഭാഷണങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും അദ്ദേഹം ഉയര്‍ത്തുന്ന നിരവധിയായ ഇടപെടലുകളും ഈ വിഷയത്തെ കൂടുതല്‍ സജീവമാക്കുന്നു. പ്രപഞ്ചത്തെയും പരിസ്ഥിതിയെയും കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വീക്ഷണങ്ങള്‍ വ്യാപകവും വിശാലവുമാണ്. അദ്ദേഹത്തിന്റെ പാരിസ്ഥിതിക ദര്‍ശനങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ചിന്തകളെ സംഗ്രഹിക്കുകയാണ് ഈ ലേഖനത്തില്‍.

പരിസ്ഥിതി ദൈവശാസ്ത്രം (Ecotheology)

പരിസ്ഥിതി ദൈവശാസ്ത്ര പഠനങ്ങള്‍ക്ക് കത്തോലിക്കാസഭയുടെ പ്രബോധനത്തില്‍ (doctrine) ആഴത്തിലുള്ള പുതിയ ഭാവതലങ്ങള്‍ പകര്‍ന്നു നല്‍കിയതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന. ലോകസമാധാനദിന സന്ദേശത്തിന്റെയും ഉച്ചകോടികളില്‍ നല്‍കിയിരുന്ന സന്ദേശങ്ങളുടെയും ചില പഠനങ്ങളുടെയോ പ്രബോധനങ്ങളുടെയോ ഭാഗമായി നല്‍കിയിരുന്ന നിര്‍ദേശങ്ങളുടെയും തലങ്ങളില്‍ നിന്നും പരിസ്ഥിതി മാത്രം പ്രമേയമാക്കി ഒരു ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചത് വഴി 'പരിസ്ഥിതി' കത്തോലിക്കാസഭയുടെ ഔദ്യോഗിക ദൈവശാസ്ത്ര പ്രബോധത്തിന്റെ ഭാഗമായി മാറി. 'ലൗദാത്തോ സീ'യുടെ ആമുഖത്തില്‍ അദ്ദേഹം എഴുതി; 'സഭയുടെ സാമൂഹിക പ്രബോധനസഞ്ചയത്തോട് ചേര്‍ക്കപ്പെടുന്ന ഈ ചാക്രികലേഖനം നമ്മള്‍ ഇന്ന് നേരിടുന്ന വെല്ലുവിളിയുടെ ആഹ്വാനവും അടിയന്തര സ്വഭാവവും വലിപ്പവും മനസ്സിലാക്കുവാന്‍ സഹായകമാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' (LS 15). സഭയുടെ ഔദ്യോഗിക പ്രബോധനത്തിന്റെ ഭാഗമായി പരിസ്ഥിതി വിജ്ഞാനീയം മാറിയപ്പോള്‍ ദൈവശാസ്ത്രരംഗത്ത് നവീനങ്ങളായ ദര്‍ശനങ്ങള്‍ക്കും പുതിയ ആഭിമുഖ്യങ്ങള്‍ക്കും വഴി തെളിയിക്കുകയായിരുന്നു.

ഈ പ്രപഞ്ചത്തെക്കുറിച്ച് പ്രത്യേകമായി ഭൂമിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ക്ക് വന്ന മൗലികമായ മാറ്റങ്ങളാണ് ഇതില്‍ ശ്രദ്ധേയം. 'നമ്മോടൊത്ത് ജീവിക്കുന്ന സഹോദരിയെപ്പോലെയും നമ്മെ പുണരാനായി കരങ്ങള്‍ ഉയര്‍ത്തി പിടിച്ചിരിക്കുന്ന മനോഹരിയായ അമ്മയെപ്പോലെയുമാണ് ഭൂമിയെന്ന്' (LS 1) ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതുന്നു. ഭൂമി മാതാവ്, സോദരി എന്നീ പ്രയോഗങ്ങള്‍ ഭാരതീയരായ നമുക്ക് പരിചിതമെങ്കിലും കത്തോലിക്കാസഭയുടെ പഠനമേഖലകളില്‍ ഈ വാക്കുകള്‍ ഇതിനുമുമ്പ് വന്നിട്ടില്ല. ഭൂമാതാവ് എന്ന പദത്തിന്റെ ആന്തരികസൗന്ദര്യത്തേക്കാള്‍ അത് ഉണ്ടാക്കുവാനിടയുള്ള ദാര്‍ശനിക പ്രതിസന്ധിയെക്കുറിച്ച്, പ്രത്യേകിച്ച് ബഹുദേവതാ സങ്കല്പത്തില്‍ ലീനമായിരിക്കു ന്ന അപകടത്തെക്കുറിച്ചുള്ള ആശങ്കയില്‍ ഇത്തരം പ്രയോഗങ്ങളോട് സഭ എന്നും മുഖം തിരിച്ചിട്ടേ ഉള്ളൂ. എന്നാല്‍ അമ്മ എന്ന് ഭൂമിയെ (mother earth) വിശേഷിപ്പിക്കുമ്പോള്‍ അതിന് ദൈവതുല്യമായ സ്ഥാനം നല്‍കാനല്ല, മറിച്ച് മനുഷ്യന്‍ ഉള്‍പ്പെടെയുള്ള പ്രപഞ്ചത്തിലെ സകല ചരാചരങ്ങള്‍ക്കും ജന്മം നല്‍കുന്ന ഭൂമിയുടെ മാതൃഭാവത്തിന്റെ സാകല്യതയും ആര്‍ദ്രതയും വ്യക്തമാക്കുവാനാണ് പോപ്പ് ഫ്രാന്‍സിസ് ശ്രമിച്ചത്. നമ്മുടെ പൊതുഭവനമായ ഭൂമിയില്‍ നിന്ന് പിറവികൊള്ളുന്ന ഈ പ്രപഞ്ചത്തിലെ സകല സൃഷ്ടജാലങ്ങളും സാഹോദര്യത്തിന്റെ മഹാഭൂമികയില്‍ ലീനമാവുന്നു എന്ന ദര്‍ശനം (നാം സോദരര്‍, 8) വിശ്വസാഹോദര്യത്തിന്റെ സാകല്യഭാവങ്ങളിലേക്ക് നമ്മെ ക്ഷണിക്കുന്നു. വിശാലാര്‍ത്ഥത്തില്‍ ഈ പ്രപഞ്ചത്തിലെ സൃഷ്ടവസ്തുക്കളുടെ ഭ്രാതൃത്വവും ഭൂമിയുടെ മാതൃത്വവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. യഹൂദ ക്രൈസ്തവ പാരമ്പര്യങ്ങളില്‍ രൂഢമൂലമായ സൃഷ്ടി എന്ന സംജ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ പ്രകൃതി(nature)യേക്കാള്‍ വ്യാപ്തിയുള്ള പദമാണ് സൃഷ്ടി (creation). മനുഷ്യന് ബുദ്ധികൊണ്ട് മനസ്സിലാക്കാവുന്നതും പഠനവിധേയമാക്കാവുന്നതും നിയന്ത്രിക്കാവുന്നതുമായ ഒരു സംവിധാനത്തെയാണ് പ്രകൃതി എന്ന് വിളിക്കുന്നതെങ്കില്‍, സൃഷ്ടി എന്ന പദം ദൈവത്തിന്റെ സ്‌നേഹപദ്ധതിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒന്നാണ്. 'എല്ലാറ്റിനെയും പിതാവിന്റെ കരങ്ങളില്‍നിന്ന് കിട്ടിയതും, സ്‌നേഹത്താല്‍ പ്രകാശിതമായ ഒരു യാഥാര്‍ത്ഥ്യമെന്ന നിലയില്‍ നാം എല്ലാവരെയും ആഗോള ഐക്യത്തിലേക്കും കൂട്ടായ്മയിലേക്കും ക്ഷണിക്കുന്നതുമായ ദാനമാണ് സൃഷ്ടി' (LS 76). ദൈവശാസ്ത്ര പ്രബോധനങ്ങളുടെ ആരംഭകാലത്ത് കത്തോലിക്കാ സഭയില്‍ ദൈവകേന്ദ്രീകൃതമായ (theocentric) പ്രപഞ്ചത്തെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ സജീവമായിരുന്നെങ്കിലും പില്‍ക്കാലത്ത് പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനങ്ങള്‍ പോലും മനുഷ്യകേന്ദ്രീകൃതമായി (anthropocentric) മാറി. പ്രകൃതിചൂഷണത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും ഇതര പരിസ്ഥിതിക പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തില്‍ പ്രപഞ്ചത്തെയും സൃഷ്ടിയെയും പുനര്‍വായന നടത്തുവാന്‍ മാര്‍പാപ്പയുടെ ഇടപെടലുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

പരിസ്ഥിതി ദര്‍ശനത്തിന്റെ നൈതിക തലങ്ങള്‍

പാരിസ്ഥിതികപ്രശ്‌നങ്ങളെ കേവലം ശാസ്ത്രീയാടിസ്ഥാനത്തില്‍ മാത്രം അപഗ്രഥിക്കുന്ന സമീപനമായിരുന്നു ആദ്യകാലങ്ങളില്‍ പരിസ്ഥിതി ശാസ്ത്രം പുലര്‍ത്തിയിരുന്നത്. എന്നാല്‍ ക്രമേണ ഇത് പലതരത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. ശാസ്ത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും പരിധികള്‍ക്കതീതമായി സാമൂഹികമായ പല അടരുകളാലും ബന്ധിതമാണ് പാരിസ്ഥിതികപ്രശ്‌നങ്ങളെന്ന് പൊതുവായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പാരിസ്ഥിതികപ്രശ്‌നങ്ങളെ സാമൂഹ്യനീതിയോടു ചേര്‍ത്ത് അപഗ്രഥിക്കുവാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഏറെ താല്‍പര്യപ്പെടുന്നത്. അദ്ദേഹത്തിന്റെ ചാക്രിക ലേഖനത്തില്‍ ഒന്നാം അധ്യായത്തില്‍ തന്നെ ആഗോളതലത്തിലുള്ള അസമത്വങ്ങളും അതില്‍നിന്ന് ഉരുവാകുന്ന പാരിസ്ഥിതികപ്രശ്‌നങ്ങളും സമഗ്രമായി അപഗ്രഥിക്കുന്നുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദര്‍ശനത്തില്‍ 'സത്യസന്ധമായ പരിസ്ഥിതി ശാസ്ത്ര സമീപനം എന്നുമെപ്പോഴും ഒരു സാമൂഹിക സമീപനമാകണം. ഭൂമിയുടെ നിലവിളിയോടൊപ്പം ദരിദ്രരുടെ നിലവിളിയും കേള്‍ക്കാനിടയാകുംവിധം അത് പരിസ്ഥിതി സംവാദങ്ങളില്‍ നീതിയുടെ വിഷയങ്ങള്‍ ഉള്‍ച്ചേര്‍ക്കണം' (LS 49). ആഗോളതലത്തില്‍ വ്യാപകമായിരിക്കുന്ന കമ്പോളവത്ക്കണത്തിന്റെയും നവ ഉദാരവത്ക്കരണത്തിന്റെയും ഫലമായി വിപണിയില്‍ വര്‍ധിച്ചു വരുന്ന മത്സരകമ്പോളത്തില്‍ കര്‍ഷകരും ആദിവാസികളും തദ്ദേശ ഗോത്രവംശജരും നിരന്തരമായ ചൂഷണത്തിനും അന്യവത്ക്കരണത്തിനും ഇരയാവുന്നു എന്നത് വസ്തുതയാണ്. പാര്‍ശ്വവത്കൃതരാകുന്ന കോടിക്കണക്കിന് വരുന്ന ഈ ജനതയെക്കുറിച്ച് അന്താരാഷ്ട്ര സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങള്‍ നിശ്ശബ്ദമാകുന്നത് അദ്ദേഹം ശക്തമായി അപലപിക്കുന്നുണ്ട്. ദരിദ്രരെയും ആദിവാസികളെയും കര്‍ഷകരെയും തദ്ദേശ ഗോത്രവര്‍ഗക്കാരെയും ബാധിക്കുന്ന പുതിയ പദ്ധതികളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അവരെ കേള്‍ക്കണമെന്ന് മാത്രമല്ല അവരില്‍ നിന്നും പാഠങ്ങള്‍ പഠിക്കുവാന്‍ നാം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു (LS 183). നീതിയുടെ കേവലതലത്തില്‍ നിന്നും ഉപരിയായി തദ്ദേശീയവംശജരുടെ ജീവിതത്തിലും അനുഷ്ഠാനങ്ങളിലുമുള്ള പാരിസ്ഥിതികമാനങ്ങള്‍ ശ്രദ്ധിക്കുവാനുമുണ്ടെന്ന് 'പ്രിയപ്പെട്ട ആമസോണ്‍' എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ അദ്ദേഹം സമര്‍ത്ഥിക്കുന്നു (QA 26). അതിവിശാലമായ ആമസോണ്‍ ഭൂപ്രദേശത്ത് വസിക്കുന്ന നാനാഗോത്ര സമൂഹത്തില്‍പ്പെട്ട തദ്ദേശീയ ജനവിഭാഗങ്ങളെ ഉള്‍പ്പെടുത്തി വത്തിക്കാനില്‍ നടത്തിയ ആമസോണ്‍ സിനഡ്, സഭയുടെ ധൈഷണിക ആത്മീയമേഖലകളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് ഇതിനകം തന്നെ വഴിയിട്ടിട്ടുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രബോധനങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ തയ്യാറാവാതെ, യാഥാസ്ഥിതികത്വത്തിന്റെയും അനുഷ്ഠാനപരതയുടെയും ബാഹ്യപരതയില്‍ കുടുങ്ങിക്കിടക്കുന്നവരെ അസ്വസ്ഥമാക്കുന്ന തുറന്ന സമീപനരീതിയും എല്ലാവരെയും ഉള്‍ക്കൊള്ളുവാനുള്ള മനോഭാവവും ഫ്രാന്‍സിസ് പാപ്പയുടെ പ്രപഞ്ചവീക്ഷണത്തിന്റെ ഭാഗംതന്നെയാണ്. പാരിസ്ഥിതികപ്രശ്‌നങ്ങള്‍ കേവലം ഒറ്റതിരിയപ്പെട്ട വിഷയമല്ലെന്നും ഇത് അടിസ്ഥാനപരമായി നീതിയുടെ പ്രശ്‌നമാണെന്നും സമര്‍ത്ഥിക്കുമ്പോള്‍ സമൂഹത്തിലെ എല്ലാത്തരം പ്രതിസന്ധികളെയും വിശാലമായ അര്‍ത്ഥത്തില്‍ നോക്കിക്കാണണമെന്ന പാഠമാണ് നമുക്ക് നല്‍കുന്നത്.

മാനവപരിസ്ഥിതി (Human Ecology)

പരിസ്ഥിതി ചിന്തകര്‍ പൊതുവേ പരിഗണിക്കാത്ത മാനവപരിസ്ഥിതിയെ സമകാലിക പാരിസ്ഥിതികപ്രശ്‌നങ്ങളുമായി ഉള്‍ച്ചേര്‍ക്കുന്നുവെന്നതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മറ്റൊരു പ്രധാനപ്പെട്ട സംഭാവന. പാരിസ്ഥിതിക പ്രശ്‌നങ്ങളെ പരിഗണിക്കുമ്പോള്‍ മനുഷ്യത്വത്തോടുള്ള ആദരവ് പൊതുവേ നമുക്ക് നഷ്ടമാവുന്നു എന്നത് വേദനാജനകമായ ഒരു വസ്തുതയാണ്. മനുഷ്യ സമൂഹത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ആധാരമായി വര്‍ത്തിക്കേണ്ട അടിസ്ഥാന ധാര്‍മ്മിക തത്വങ്ങളോടുള്ള തുറന്ന സമീപനരീതിയാണ് മാനവ പരിസ്ഥിതിശാസ്ത്രം മുമ്പോട്ടു വയ്ക്കുന്ന കാതലായ ചിന്ത. മനുഷ്യമാഹാത്മ്യത്തെ (human digntiy) ഹനിക്കുന്ന എല്ലാത്തരം പ്രവൃത്തികളില്‍ നിന്നും മനുഷ്യ സമൂഹം മാറിനില്‍ക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. മനുഷ്യ ശരീരത്തിന്മേല്‍ സര്‍വാധിപത്യമുണ്ട് എന്നു നിനച്ച് സ്വന്തം ശരീരത്തിന്മേലും അപരന്റെമേലും നടത്തുന്ന കയ്യേറ്റങ്ങളും പരീക്ഷണങ്ങളും മനുഷ്യര്‍ അവസാനിപ്പിക്കേണ്ടതുണ്ട്. പ്രപഞ്ചത്തിലുള്ള സൃഷ്ടജാലങ്ങളെ മാനിക്കാന്‍ നാം അഭ്യസിക്കുമ്പോള്‍, നമ്മെത്തന്നെ മാനിക്കുവാനും വിലമതിക്കാനും ഇതര മനുഷ്യരുടെ വ്യക്തിത്വത്തെയും അവയുടെ സവിശേഷതകളെയും ആദരിക്കുവാനും നമുക്ക് കടമയുണ്ട്. കേവല പരീക്ഷണവസ്തുവാക്കി മനുഷ്യരെ മാറ്റുമ്പോള്‍ വ്യക്തിമാഹാത്മ്യത്തിന് പ്രാധാന്യം കൊടുക്കാതെ അവരെ വസ്തുവത്ക്കരിക്കുകയും കമ്പോളത്തിന്റെ ഉത്പന്നങ്ങള്‍ പോലെ കരുതുകയും ചെയ്യുന്നു. ഇത്തരം ചിന്താധാരയില്‍ നിന്നും വിമുക്തമാവേണ്ടത് മാനവീകതയുടെ മാത്രമല്ല പ്രകൃതിയുടെ തന്നെ സാര്‍വത്രിക സന്തുലിതാവസ്ഥയ്ക്ക് അനിവാര്യമാണ്. പരിസ്ഥിതിയുമായുള്ള ബന്ധം ഇതര മനുഷ്യവ്യക്തികളുമായുള്ള നന്മനിറഞ്ഞ ബന്ധത്തിലൂടെയാണ് കൂടുതല്‍ ഉദാരപൂര്‍ണ്ണമായി മാറുന്നത്.

യാഥാസ്ഥിതികത്വത്തിന്റെയും അനുഷ്ഠാനപരതയുടെയും ബാഹ്യപരതയില്‍ കുടുങ്ങിക്കിടക്കുന്നവരെ അസ്വസ്ഥമാക്കുന്ന തുറന്ന സമീപനരീതിയും എല്ലാവരെയും ഉള്‍ക്കൊള്ളുവാനുള്ള മനോഭാവവും ഫ്രാന്‍സിസ് പാപ്പയുടെ പ്രപഞ്ചവീക്ഷണത്തിന്റെ ഭാഗംതന്നെയാണ്.

സമഗ്ര പരിസ്ഥിതി (Integral Ecology)

പരിസ്ഥിതിയെക്കുറിച്ചുള്ള തന്റെ പ്രബോധനങ്ങളെ സമഗ്രമായി സംബോധന ചെയ്യുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉപയോഗിച്ചിരിക്കുന്ന സംജ്ഞയാണ് സമഗ്ര പരിസ്ഥിതി (integral ecology). ഗണിതശാസ്ത്രത്തിന്റെയും ജീവശാസ്ത്രത്തിന്റെയും ഭാഷയെ അതിശയിക്കുന്ന, മാനവികതയുടെയും പ്രാപഞ്ചികതയുടെയുംനാനാതരം ഭാവുകങ്ങളിലേക്കുള്ള തുറവിയാണ് സമഗ്ര പരിസ്ഥിതി ദര്‍ശനം ആവശ്യപ്പെടുന്നതെന്ന് അസ്സീസിയിലെ ഫ്രാന്‍സിസിനെ ചുവടുപിടിച്ച് മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നു (LS 11). പ്രപഞ്ചത്തിലുള്ള എല്ലാം പരസ്പരം ബന്ധിതമായതുകൊണ്ടുതന്നെ നമ്മുടെ പ്രശ്‌നങ്ങളും പരസ്പരബന്ധിതമാണ് എന്നതാണ് ഇതിന്റെ അടിസ്ഥാനതത്വം. നാം ആര്‍ജിച്ചെടുക്കുന്ന വിജ്ഞാനത്തിന്റെ വൈവിധ്യമേറിയ തരംതിരിവുകളും നമ്മുടെ വേര്‍തിരിക്കലുകളും യാഥാര്‍ത്ഥ്യത്തിന്റെ വിശാല ദര്‍ശനത്തിലേക്ക് സമന്വയിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവ അജ്ഞതയുടെ മറ്റൊരു രൂപമായിത്തീരും (LS 138). അതുകൊണ്ടാണ് പാരിസ്ഥിതികപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി സമഗ്രമായ ഒരു കാഴ്ചപ്പാടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ അവതരിപ്പിക്കുന്നത്. പ്രകൃതി നമ്മില്‍ നിന്നും വിഭിന്നമോ വേറിട്ടതോ ആയ ഒരു യാഥാര്‍ത്ഥ്യമല്ല; മറിച്ച് നാം പ്രകൃതിയുടെ ഭാഗമാണ്. നാം അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുകയും ചെയ്യുന്നു. സാമൂഹികം പാരിസ്ഥിതികം എന്നിങ്ങനെ വ്യത്യസ്തമായ രണ്ട് പ്രതിസന്ധികള്‍ അല്ല, മറിച്ച് പാരിസ്ഥിതികവും സാമൂഹ്യവുമായ സങ്കീര്‍ണ്ണമായ പ്രതിസന്ധിയാണ് നാം നേരിടുന്നത്. അതുകൊണ്ടുതന്നെ പരിസ്ഥിതിയെ സംരക്ഷിക്കുവാന്‍ സമഗ്രമായ ഒരു സമീപനമാണ് ഇന്ന് ആവശ്യമായിട്ടുള്ളത് (LS 139).

സമഗ്രപരിസ്ഥിതി ദര്‍ശനത്തില്‍ സാമ്പത്തികപരിസ്ഥിതി ദര്‍ശനത്തെയും (ecological economics) വ്യത്യസ്ത ദര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്ന മാനവ പരിസ്ഥിതിയെയും (human ecology) സാംസ്‌കാരിക പരിസ്ഥിതി ദര്‍ശനത്തെയും (cultural ecology) ഒരുമിച്ച് കൊണ്ടുവരുവാന്‍ അദ്ദേഹം ശ്രമിക്കുന്നു. കേവലം സാങ്കേതിക പരിഹാരങ്ങള്‍ക്ക് ഉപരിയായി സാകല്യമായ ഒരു സമീപനമാണ് ഇന്നിന്റെ അനിവാര്യത. സാമ്പത്തിക മൂല്യങ്ങള്‍ക്ക് ഉപരിയായി നമ്മുടെ ചിന്തയെയും മൂല്യവ്യവസ്ഥിതിയെയും പുനര്‍ നിര്‍മ്മിക്കേണ്ടത് ഈ കാലഘട്ടം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി അദ്ദേഹം നിര്‍ദേശിക്കുന്നു. അനുദിനജീവിതത്തില്‍ പാലിക്കേണ്ട അടിസ്ഥാന ജീവിത ദര്‍ശനങ്ങളും പ്രായോഗിക സമീപന രീതികളും ഉള്‍ച്ചേരുന്ന സമഗ്രപരിസ്ഥിതി ദര്‍ശനം ആധുനിക നാഗരികതയുടെ വിവിധങ്ങളായ പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ പര്യാപ്തവും മനുഷ്യമഹത്വത്തോട് ആദരവ് പ്രകടിപ്പിക്കുന്നതുമായ ആഴത്തിലുള്ള ദര്‍ശനമാണ്. ഈ തലമുറ മാത്രമല്ല വരാനിരിക്കുന്ന തലമുറയും നമ്മുടെ നീതി ദര്‍ശനത്തിന്റെ ഭാഗമായി തീരേണ്ടതുണ്ട്. വാസയോഗ്യമായ ഒരു ഭൂമി ഭാവിതലമുറയ്ക്ക് കൈമാറുക എന്നത് ഇന്ന് ജീവിക്കുന്ന ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വമാണ്. സാമൂഹ്യനീതിയുടെ ഏറ്റവും അടിസ്ഥാന ഘടകമായ പൊതുനന്മയെ (common good) തന്നെയാണ് സമഗ്രപരിസ്ഥിതി ശാസ്ത്രത്തിന്റെയും അടിസ്ഥാന പ്രമാണമായി ഫ്രാന്‍സിസ് സ്വീകരിച്ചിരിക്കുന്നത്.

പരിസ്ഥിതി ആത്മീയത (Ecological spirituality)

കേവല താത്വികാപഗ്രഥനത്തിനും ദൈവശാസ്ത്ര വിചിന്തനങ്ങള്‍ക്കും ഉപരിയായി അനുദിന ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ കഴിയുന്ന ഒരു ജീവിതശൈലിയെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ വളരെ കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്നുണ്ട്. വ്യക്തിപരമായും സമൂഹപരമായും മനുഷ്യര്‍ നന്മയിലേക്ക് പരിവര്‍ത്തനപ്പെടുമ്പോഴാണ് ലോകക്രമം വിശാലതയിലേക്ക് വളരുക. ശാസ്ത്രീയ പഠനങ്ങള്‍ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ രൂക്ഷമാവുന്നു എന്ന് വ്യക്തമാക്കുമ്പോള്‍ അവ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. എന്നിരുന്നാലും നയപരമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കുവാന്‍ നാം തയ്യാറല്ല. ഇതോടൊപ്പം തന്നെ സാംസ്‌കാരികവും ആധ്യാത്മികവും രാഷ്ട്രീയവുമായ ധാരാളം വെല്ലുവിളികള്‍ നമ്മുടെ മുമ്പില്‍ ഉയരുന്നുമുണ്ട്. ഈ വെല്ലുവിളികളെ അതിജീവിക്കണമെങ്കില്‍ അടിസ്ഥാനപരമായി പുതിയ ഒരു ജീവിതക്രമത്തിലേക്ക് തുറവിയുള്ളവരാകുവാന്‍ നമുക്ക് കഴിയണം. തുറന്ന ഹൃദയത്തോടും വിശാലമായ കാഴ്ചപ്പാടുകളോടും കൂടി ലോകത്തെയും സഹോദരങ്ങളെയും ഇതര സൃഷ്ടജാലങ്ങളെയും നോക്കി കാണുവാന്‍ കഴിയുന്ന ഒരു ജീവിതക്രമത്തെയാണ് പരിസ്ഥിതി ആത്മീയതകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ വിവക്ഷിക്കുന്നത്. ഇത് ചില അനുഷ്ഠാനങ്ങളുടെ പ്രകടനമോ പരമ്പരാഗതമായ ആത്മീയാഭാസങ്ങളുടെ പുനരാവിഷ്‌കാരമോ അല്ല. മറിച്ച് വ്യക്തിജീവിതത്തിന്റെ നവീകരണവും നീതിക്കുവേണ്ടിയുള്ള അടങ്ങാത്ത തൃഷ്ണയും ലളിതമായ ജീവിതത്തോടുള്ള ആഭിമുഖ്യവും സമാധാനത്തിനുവേണ്ടിയുള്ള നിരന്തരമായ ശ്രമവുമാണ്. ഏറ്റവും ചെറിയ യാഥാര്‍ത്ഥ്യത്തിനു മുമ്പില്‍ പോലും പ്രശാന്തമായി സന്നിഹിതമാകുവാന്‍ കഴിയുന്ന ആന്തരികഭാവമാണിത്. മിതത്വത്തിന്റെയും ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന മനോഭാവത്തിന്റെയും മുദ്രയേറുന്ന യഥാര്‍ത്ഥ വളര്‍ച്ച. ചെറിയ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുമ്പില്‍ പോലും ആദരവോടെ നില്‍ക്കാനും അവയെ ഉള്ളുതുറന്നു പ്രശംസിക്കാനും ജീവിതം വച്ചു നീക്കുന്ന അവസരങ്ങളെക്കുറിച്ച് നന്ദിപൂര്‍വം ധ്യാനിക്കാനും നമ്മെ പ്രേരിപ്പിക്കുന്ന മനോഭാവവും ആന്തരിക ചൈതന്യവുമാണ് ഇത് (LS 220-224). ജീവിതക്രമത്തില്‍ ഒരാളില്‍ ഉണ്ടാകുന്ന മാറ്റത്തിലൂടെ മാത്രമേ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ക്ക് യഥാര്‍ത്ഥത്തിലുള്ള പരിഹാരം കണ്ടെത്താന്‍ കഴിയൂ.

കമ്പോളത്തിന്റെയും ഉപഭോഗത്തിന്റെയും അനിയന്ത്രിതമായ ഒരു ലോകക്രമത്തില്‍, ലാളിത്യത്തിന്റെയും മിതത്വത്തിന്റെയും പാഠങ്ങള്‍ അഭ്യസിക്കുവാനുള്ള ശ്രമമാണ് നാം നടത്തേണ്ടത്. മനുഷ്യര്‍ തങ്ങളിലേക്ക് തന്നെ കേന്ദ്രീകരിക്കപ്പെട്ടവരായി മാറി സാര്‍വത്രിക വീക്ഷണങ്ങള്‍ ഇല്ലാത്തവരായിത്തീരുമ്പോള്‍ ദുരാഗ്രഹവും ആര്‍ത്തിയും വര്‍ധിക്കുന്നു. ഒരുവന്റെ ഹൃദയം ശൂന്യമാകുമ്പോഴാണ് അവന്‍ തന്നിലേക്ക് തന്നെ പിന്തിരിക്കുന്നത്. പാരിസ്ഥിതികപ്രതിസന്ധിയെക്കുറിച്ചുള്ള നമ്മുടെ ആകുലതകളെ കാലാവസ്ഥ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ജൈവ ചൂഷണത്തിന്റെയും ഇതര പാരിസ്ഥിതികപ്രശ്‌നങ്ങളുടെയും ഒറ്റപ്പെട്ട പ്രതലങ്ങളില്‍ നിന്നും വിമുക്തമാക്കി സാമൂഹിക അസമത്വം മൂലം ഉണ്ടാകുന്ന നിരവധിയായ വിപത്തുകളെക്കുറിച്ചുള്ള അവബോധത്തിലേക്ക് വളര്‍ത്തേണ്ടതുണ്ട്. ആഴത്തിലുള്ള തിരിച്ചറിവിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെടുകയും ആവിഷ്‌കൃതമാവുകയും ചെയ്യേണ്ട ഒരു പാരിസ്ഥിതിക മാനസാന്തരത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഈ പശ്ചാത്തലത്തിലാണ് (LS 220). ആന്തരിക മരുഭൂമികള്‍ അതിവിശാലമായതുകൊണ്ട് ബാഹ്യ മരുഭൂമികള്‍ വളരുന്നു എന്ന് സമര്‍ത്ഥിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ, ശീലങ്ങള്‍ മാറ്റാന്‍ തയ്യാറായി യഥാര്‍ത്ഥമായ ഒരു മാനസാന്തരത്തിന് നാം തയ്യാറാകണം എന്നും അഭ്യര്‍ത്ഥിക്കുന്നു. ഈശോമിശിഹായുമായുള്ള ഒരു കണ്ടുമുട്ടലിലൂടെ നമ്മില്‍ രൂഢമൂലമാകുന്ന ക്രിസ്തുബോധത്തിന്റെ സ്വാധീനം നമുക്കു ചുറ്റുമുള്ള ലോകത്തോട് നാം സംവദിക്കുമ്പോള്‍ നമ്മുടെ മാനസാന്തരം പ്രകടമായി ദൃശ്യമാവുകയും ചെയ്യും. ആഴത്തിലുള്ള അനുതാപത്തിലേക്കും മാറ്റത്തിനുള്ള ആഗ്രഹത്തിലേക്കും നമ്മെ നയിക്കുന്ന പരിവര്‍ത്തനോന്മുഖമായ ഈ മാനസാന്തരം ലോകത്തിന് പുതിയ ദര്‍ശനങ്ങള്‍ നല്‍കുവാന്‍ പര്യാപ്തമാണ്. പാരിസ്ഥിതികവും സാമൂഹികവുമായ ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ കൂട്ടായ്മയുടെ ശൃംഖലകള്‍ നാം രൂപപ്പെടുത്തേണ്ടതുണ്ട്. വ്യക്തിപരമായ നമ്മുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ മാറ്റിവച്ച് മതത്തിന്റെയും സംസ്‌കാരത്തിന്റെയും ദേശത്തിന്റെയും നമ്മെ ബന്ധനസ്ഥമാക്കുന്ന ഇതര ബാധ്യതകളുടെയും മതില്‍ കെട്ടുകള്‍ പൊളിച്ച് സാമൂഹിക സൗഹാര്‍ദത്തിന്റെ സദ്ഭാഷണങ്ങളിലൂടെയാണ് ഇത് യാഥാര്‍ത്ഥ്യമാക്കേണ്ടത്.

എല്ലാത്തിനും ഉപരിയായി ഈ പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. ലോകം ദൈവത്തിന്റെ സ്‌നേഹദാനമാണെന്നും അവിടുത്തെ ഉദാരത നമ്മുടെ ആത്മീയതയിലൂടെയും സത്പ്രവൃത്തികളിലൂടെയും ബഹളമില്ലാതെ അനുകരിക്കുന്നതിനുമായി നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നുള്ള അവബോധം ഈ മാനസാന്തരത്തിന്റെ പ്രകടമായ ആവിഷ്‌കാരമാവണം (LS 220). ചുരുക്കത്തില്‍ ഉദാരമായ കരുതലിന്റെയും ആര്‍ദ്രമായ ആത്മാവിഷ്‌കാരത്തിന്റെയും ആകത്തുകയാണ് പാരിസ്ഥിതിക മാനസാന്തര അനുഭവം. നമ്മെത്തന്നെ കൂടുതല്‍ ക്രിയാത്മകമാക്കുന്നതിനും ഇതര മനുഷ്യരും മതസംസ്‌കാരങ്ങളും പാരമ്പര്യങ്ങളുമായി തുറവിയുള്ളവരുമാക്കിത്തീര്‍ക്കുന്നതിനും യഥാര്‍ത്ഥ മാനസാന്തര അനുഭവം നമ്മെ സജ്ജീകൃതമാക്കുകയും ചെയ്യും.

കേവലം വൈജ്ഞാനിക മണ്ഡലത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ പ്രായോഗിക തലത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനുള്ള കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കുവാന്‍ പോപ്പ് ഫ്രാന്‍സിസ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. 2015-ല്‍ 'സൃഷ്ടികള്‍ക്കായുള്ള കാലത്തിന്' (Season of Creation) അദ്ദേഹം തുടക്കമിട്ടു. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 1-ന് ആരംഭിച്ച് ഒക്‌ടോബര്‍ 4-ന് അവസാനിക്കുന്ന രീതിയില്‍ പ്രാര്‍ത്ഥനയും വിചിന്തനവും പ്രായോഗിക കര്‍മ്മ പരിപാടികളും ഉള്‍ച്ചേര്‍ത്തിരിക്കുന്ന ഈ പ്രക്രിയയില്‍ ഇന്ന് ആഗോള തലത്തില്‍ മതാതീതമായ പങ്കാളിത്തമുണ്ട്. 'ലൗദാത്തോ സീ'യുടെ പ്രസിദ്ധീകരണ ദിവസമായ മെയ് 25-നോടനുബന്ധിച്ച് എല്ലാ വര്‍ഷവും നടന്നു വരുന്ന 'ലൗദാത്തോ സീ വാരാചരണം' (Laudato Si Week) ഈ രംഗത്തെ മറ്റൊരു സജീവമായ ഇടപെടലാണ്. വത്തിക്കാന്റെ നേതൃത്വത്തില്‍ തന്നെയുള്ള 'ലൗ ദാത്തോ സീ മുന്നേറ്റം' (Laudato Si Movement) പാരിസ്ഥിതിക അവബോധവും ആദ്ധ്യാത്മികതയും വളര്‍ത്തുന്ന ലോകവ്യാപകമായ മറ്റൊരു പ്രസ്ഥാനമാണ്. 2019-ല്‍ വത്തിക്കാനില്‍ സംഘടിപ്പിക്കപ്പെട്ട കാലാവസ്ഥ ഉച്ചകോടിയും (Climate Summit) ശാസ്ത്രവും സാമൂഹിക മാനങ്ങളും രാഷ്ട്രീയ തലങ്ങളും സമഗ്രമായി സമ്മേളിപ്പിക്കുവാനുള്ള ശ്രമമായിരുന്നു. ഇങ്ങനെ ദൈവശാസ്ത്രരംഗത്തും പ്രായോഗികതലത്തിലും പ്രകൃതിയെക്കുറിച്ചുള്ള നവബോധങ്ങളാല്‍ സമ്പന്നമായ ഒരു കാലഘട്ടത്തിലൂടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ അപ്പോസ്‌തോലിക ദൗത്യം തുടരുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org