മത്തായിയുടെ സുവിശേഷം അഥവാ സത്യത്തിന്റെ വഴി

The Gospel of Matthew or the Way of Truth
Published on
  • ടി പത്മനാഭൻ

ഞാൻ ഇതുവരെ ആത്മകഥ എഴുതിയിട്ടില്ല. അതുകൊണ്ട് എന്നെക്കുറിച്ച് ചിലത് ഞാൻ നിങ്ങളോട് പറയാം. ഞാൻ ഇതുവരെ എന്റെ ഒരു കഥയ്ക്കും പുസ്തകത്തിനും അവതാരിക എഴുതിയിട്ടില്ല. രചന തന്നെ അതിനുവേണ്ടി സംസാരിക്കട്ടെ. മറ്റൊരാൾ വന്നിട്ട് അത് മഹത്താണ്, അതാണ്, ഇതാണ് എന്നൊക്കെ പറയുന്നതിന് വിലയില്ല. ഒടുവിൽ പത്തിരുപതു കൊല്ലങ്ങൾക്കു മുമ്പ് ഡി സി കിഴക്കേമുറി പ്രധാനപ്പെട്ട എഴുത്തുകാരുടെ സമ്പൂർണ്ണ കൃതികൾ പരസ്യപ്പെടുത്താൻ ഒരു പദ്ധതി ഉണ്ടാക്കി. അതിൽ ആദ്യത്തേത് എന്റെ ആയിരുന്നു. ഇതിന്റെ ഒരു പൊതുസ്വഭാവം തന്നെ എഴുത്തുകാരൻ അവതാരിക എഴുതണം എന്നതായിരുന്നു. അന്ന് എനിക്ക് എന്റെ പാതിവ്രത്യം നിഷേധിക്കേണ്ടിവന്നു, ഒന്നേകാൽ പേജിൽ ഞാനതു ചുരുക്കി എഴുതി. അതിൽ അവസാനമായി എനിക്ക് എന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഒരു പുരസ്കാരം ഞാൻ ഓർമ്മിക്കുന്നുണ്ട്. ഒരു ക്രിസ്തീയ പുരോഹിതൻ എന്നോട് പറഞ്ഞു, “ആത്മാവിന്റെ വിശുദ്ധമായ പ്രാർത്ഥനകൾ ആണ് അങ്ങയുടെ കഥകൾ.” അതിലും വലിയ ഒരു പുരസ്കാരം ഇന്നുവരെ എനിക്ക് കിട്ടിയിട്ടില്ല.

ഇന്ന് ഒരു ലക്ഷം രൂപയുടെ പുരസ്കാരം കിട്ടിയല്ലോ. എന്നാൽ, ലക്ഷങ്ങളുടെ പുരസ്കാരം വേണ്ട എന്ന് പറഞ്ഞ് ബഹുമാനപുരസരം നിരസിച്ച, ഒരുപക്ഷേ ഇന്ത്യയിലെ ഏക സാഹിത്യകാരനും ഞാനായിരിക്കും. ലക്ഷങ്ങളുടെ പുരസ്കാരങ്ങൾ നിരസിച്ചിട്ടുണ്ട്. മൂന്നുലക്ഷത്തിന്റെ ഒരു പുരസ്കാരം വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ, തരുന്നവർ എന്റെ സുഹൃത്തുക്കളാണ്, അത് ചെയ്യരുതേ എന്ന് അവരോട് അപേക്ഷിച്ചു. അത് നിറുത്തിച്ചു. പിന്നീട് 14 കൊല്ലങ്ങൾ കഴിഞ്ഞപ്പോൾ ആ പുരസ്കാരം എനിക്ക് കിട്ടി. അന്ന് ഞാൻ ഒരു പ്രസംഗം എഴുതി വായിച്ചു. ഇതൊക്കെ പറയുന്നുണ്ട്. ആ പത്രത്തിന്റെ എഡിറ്ററും ഉടമയും ഒക്കെ വേദിയിലുണ്ടായിരുന്നു. ആ കഥയെല്ലാം ഞാൻ പറഞ്ഞു. എന്നാൽ ഇപ്പോൾ എന്താ വാങ്ങിയത് എന്ന ചോദ്യത്തിനും ഞാൻ മറുപടി പറഞ്ഞു. പെൻഷൻ ഇല്ല, കാരണവന്മാർ സമ്പാദിച്ചതും ഇല്ല, ഒരു പിടി മരുന്നു വാങ്ങണം, യാതൊരു രക്ഷയുമില്ല, അതുകൊണ്ട് വാങ്ങുന്നു എന്ന്.

എഴുത്തച്ഛൻ രാമായണത്തിൽ പറയുന്നുണ്ട്,

“ഭോഗങ്ങൾ ഒന്നുമേ കാംക്ഷിക്കയും വേണ്ട,

ഭോഗം വിധികൃതം വർജിക്കുകയും വേണ്ട.”

സ്വത്തിന് ആഗ്രഹിക്കരുത്, പക്ഷേ നിനക്ക് സ്വയമേവ കിട്ടുന്നത് നീ തള്ളുകയും വേണ്ട. സത്യമാണത്. പക്ഷേ അതിനുശേഷവും വാങ്ങാതിരുന്നിട്ടുണ്ട്. ആ സത്യവും ഇവിടെ പറയുന്നു.

ഏതായാലും, എനിക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്കാരം ആ ക്രിസ്തീയ പുരോഹിതന്റെ വാക്കുകളാണ്, “ആത്മാവിന്റെ വിശുദ്ധമായ പ്രാർത്ഥനകൾ.”

മറ്റൊന്ന് പറയാം. ഈ നീണ്ട കാലത്തിനിടയ്ക്ക് ഞാൻ ഒരു അശ്ലീല കഥാപാത്രത്തെ സൃഷ്ടിച്ചിട്ടില്ല. ഒരു ദുഷ്ടകഥാപാത്രത്തെ സൃഷ്ടിച്ചിട്ടില്ല. ചില സാഹിത്യകാരന്മാർ പറഞ്ഞു, അത് അയാളുടെ ഒരു കഴിവുകേടാണ്. ഞാൻ പറഞ്ഞു, അതൊരു കഴിവുകേട് ആണെങ്കിൽ ഞാൻ അത് സ്വീകരിക്കുന്നു. എന്റെ ന്യായം ഇതാണ്: ഞാൻ എഴുതാതെ തന്നെ ഈ ലോകത്തിൽ ദുഷ്ടകഥാപാത്രങ്ങൾ അനുനിമിഷം പെരുകി വരികയാണ്. ഞാനും കൂടി ആ എണ്ണം കൂട്ടുന്നത് എന്തിനാണ്? അല്ലാതെ തന്നെ ദുഷ്ടകഥാപാത്രങ്ങൾ പെരുകുന്നു. ദുഷ്ടകഥാപാത്രങ്ങള സൃഷ്ടിക്കാത്തത് മനഃപൂർവ്വമല്ല. അല്ലേയല്ല.

ഇനി മറ്റൊരു കാര്യം പറയാം. അടുത്തകാലത്ത് ഒരു ബിഷപുമായി വളരെ അടുത്ത് പെരുമാറേണ്ടി വന്നു. ബിഷപ് ധാരാളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അദ്ദേഹം ഒടുവിൽ എഴുതിയ പുസ്തകം ക്രിസ്തീയ ദർശനങ്ങളാണ്. വളരെ മാന്യനാണ്. ജാതിമതഭേദമെന്യേ എല്ലാവരുമായും വളരെ സ്നേഹപൂർവ്വം ഇടപഴകുന്നയാളാണ്. അദ്ദേഹം പറഞ്ഞു, താൻ എഴുതിത്തീരുന്ന പുസ്തകത്തിന് അവതാരിക എഴുതേണ്ടത് ടി പത്മനാഭൻ ആണ്. ഞാൻ പറഞ്ഞു, പിതാവേ, ഞാൻ ഇതുവരെ ഒരു അവതാരിക എന്റേതിന് എഴുതിയിട്ടില്ല. പിന്നെ എങ്ങനെയാണ്? അതൊന്നും പറയരുത്, എഴുതിയേ പറ്റൂ എന്നായി അദ്ദേഹം. ഒന്നേമുക്കാൽ പേജിൽ ഞാൻ ആ അവതാരിക എഴുതിത്തീർത്തു. അവസാനത്തെ രണ്ടു വരികൾ ഒരു പാട്ടാണ്.

‘പാപം ഹരിച്ച് പാരിന്നു വിണ്ണേറുവാൻ

പാത കാണിക്കും കുരിശേ ജയിക്കുക.’

പാപം ഇല്ലാതാക്കി ഈ ഭൂമിക്ക് സ്വർഗ്ഗത്തിൽ പോകുവാൻ വഴി കാണിക്കുന്നതു കുരിശാണ്, കുരിശേ ജയിക്കുക.

ഈ അവതാരികയിൽ എനിക്ക് ലഭിച്ച ആദ്യത്തെ ക്രിസ്തുദർശനത്തെക്കുറിച്ച് ഞാൻ പറയുന്നുണ്ട്. പാവങ്ങൾ എന്ന എല്ലാ അർത്ഥത്തിലും ബൃഹത്തായ വിക്ടർ ഹ്യൂഗോയുടെ നോവലിലെ മെത്രാന്റെ ആ പ്രവൃത്തിയിലാണ് ആദ്യത്തെ ക്രിസ്തുദർശനം എനിക്കുണ്ടായത്.

രണ്ടു ദിവസം മുമ്പുണ്ടായ ഒരു അനുഭവം കൂടി പറഞ്ഞു നിർത്താം. ഈ എറണാകുളത്തിന് 18 കിലോമീറ്റർ അകലെയുള്ള ഇന്ത്യ ഗവൺമെന്റിന്റെ വളരെ വലിയ ഒരു കമ്പനിയിൽ 25 കൊല്ലം പണിയെടുത്തിരുന്നു. ഒരുപിടി വിഷമങ്ങൾ എനിക്കുണ്ടായിരുന്നു എന്റെ കഴിവുകേട് കൊണ്ടല്ല. സത്യത്തെ മുറുകെ പിടിച്ചതുകൊണ്ട്. ദീർഘകാലം ഞാൻ മെറ്റീരിയൽസ് മാനേജർ ആയിരുന്നു. രണ്ടു കൊല്ലം ഡെപ്യൂട്ടി ജനറൽ മാനേജരും ആയിരുന്നു. ആയിരത്തിലധികം ഓഫീസർമാരുള്ള കമ്പനിയാണ്. ഉടമ ഇന്ത്യ ഗവൺമെന്റ്. സഹിക്കാൻ കഴിയാതായപ്പോൾ ഞാൻ മുൻസിഫ് കോടതിയിൽ പോയി കേസ് കൊടുത്തു. ഞാൻ ജയിച്ചു. ഞാൻ പറഞ്ഞത് സത്യമാണ് എന്നു വിധി വന്നു. പിന്നെയും ശല്യം തുടർന്നുകൊണ്ടിരുന്നു. ഞാൻ കേരള ഹൈക്കോടതിയിൽ പോയി. അവിടെയും ഞാൻ ജയിച്ചു. കമ്പനി സുപ്രീം കോടതിയിൽ പോയി. അവിടെയും ഞാൻ ജയിച്ചു. ജയിച്ചത് സത്യമായിരുന്നു. ഞാൻ നിയമം പഠിച്ചിട്ടുള്ളയാളും ആയിരുന്നു. അതുകൊണ്ട് അതാത് സമയത്ത് തെളിവുകളൊക്കെ ഭദ്രമായി സൂക്ഷിക്കുവാൻ ഞാൻ ശ്രമിക്കുകയും ചെയ്തിരുന്നു. സത്യമാണ് പറയുന്നത് എന്നും പറഞ്ഞ് കോടതിയിൽ പോയാൽ മാത്രം രക്ഷപ്പെടുകയില്ല, തെളിവും ആവശ്യമാണ്. ഇതു പറയാൻ കാരണമുണ്ട്. അന്ന് മത്തായി എന്ന് പേരായ ഒരു ഓഫീസ് ബോയ് ഉണ്ടായിരുന്നു. മത്തായി വളരെ മാന്യനായിരുന്നു. എന്നെക്കൊണ്ട് മത്തായിക്ക് ഒരു ഉപകാരവും ഉണ്ടായിട്ടില്ല.

ഞാൻ ജോലി കൊടുത്തവർ, പ്രമോഷൻ കൊടുത്തവർ തുടങ്ങിയവരൊക്കെ എനിക്ക് പാരയായി ഭവിച്ചിരുന്നു. മത്തായി എന്നിൽ നിന്ന് യാതൊന്നും പ്രതീക്ഷിച്ചിട്ടില്ല, യാതൊന്നും ഞാൻ കൊടുത്തിട്ടുമില്ല. മത്തായി എന്നും ജീവിതത്തിൽ എനിക്ക് ഒരു സുഹൃത്ത് മാത്രമല്ല ഒരു വഴികാട്ടിയും ആയിരുന്നു. ഞാൻ മത്തായിയോട് ചോദിച്ചിട്ടുണ്ട്, മത്തായി ഇതെന്താ? മത്തായി വെറും പ്യൂൺ, ഞാൻ ഡെപ്യൂട്ടി ജനറൽ മാനേജർ. മത്തായി പറഞ്ഞു, “ഞാൻ നിങ്ങളെ സഹായിച്ചിട്ടില്ല, ഞാൻ സത്യത്തിന്റെ വഴിയിലൂടെ നടന്നു. അത് നിങ്ങൾക്ക് ഗുണകരമായി ഭവിച്ചു അത്രേയുള്ളൂ.”

ആരാണ് മത്തായി നിങ്ങളെ ഇത് പഠിപ്പിച്ചത്?

സ്വർഗ്ഗസ്ഥനായ പിതാവ് എന്നായിരുന്നു മത്തായിയുടെ മറുപടി. മത്തായിയും ഞാനും സുഹൃത്തുക്കളായിരുന്നു. റിട്ടയർ ചെയ്തിട്ട് 40 കൊല്ലമായി. ഈ കാലമത്രയും ഞാനും മത്തായിയും തമ്മിലുള്ള സ്നേഹബന്ധം തുടർന്നു. ഇന്നലെ മറ്റൊരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു, നമ്മുടെ മത്തായി ലോകത്തോട് വിട പറഞ്ഞു. ഇന്നലെ രാത്രി മുഴുവൻ ഞാൻ ഉറങ്ങിയിട്ടില്ല. മത്തായി ആയിരുന്നു മനസ്സിൽ. അതുകൊണ്ട് മറ്റൊരു ചെറിയ ലാഭവും എനിക്കുണ്ടായി. ഒരു ചെറിയ കഥയുടെ തലക്കെട്ട് എനിക്ക് ലഭിച്ചു: “മത്തായിയുടെ സുവിശേഷം അഥവാ സത്യത്തിന്റെ വഴി.”

ഈ അവസരത്തിന് നന്ദി. ഒരു ലക്ഷം തന്നതിന് ഞാൻ നന്ദി പറയുന്നില്ല. അത് എനിക്ക് വലുതല്ല, നിങ്ങൾക്കും വലുതല്ല!

logo
Sathyadeepam Online
www.sathyadeepam.org