നക്ഷത്രത്തിന്റെ സുവിശേഷം

നക്ഷത്രത്തിന്റെ സുവിശേഷം
കാഴ്ചയില്‍ ആരവങ്ങളും ആഘോഷങ്ങളും ഇല്ലാത്ത ചില ഒറ്റപ്പെട്ട ഓര്‍മ്മകളും വ്യക്തികളും നമ്മുടെ മനസ്സില്‍ പ്രകാശഗോപുരങ്ങള്‍ തീര്‍ത്തു നില്‍ക്കാറില്ലേ? നമുക്കായി സ്വര്‍ഗം തെളിയിച്ചുവച്ച ചില വിളക്കുമരങ്ങളാണവര്‍.

ക്രിസ്മസ് ഒരോര്‍മ്മയും ഒരോര്‍മ്മപ്പെടുത്തലുമാണ്. ആകാശവിളക്കിന്റെ ഇത്തിരി വെട്ടത്തില്‍ സ്വര്‍ഗം രക്ഷകനെ ഭൂമിക്കു കൈമാറിയതിന്റെ ഓര്‍മ്മയാണത്. ജ്ഞാനികള്‍ക്കും ഇടയഗണത്തിനും ദൈവപുത്രനെ ആരാധിക്കാന്‍ സുരക്ഷിത വഴികളൊരുക്കാന്‍ ദൈവം ഒരുക്കിയ അടയാളമായിരുന്നു നക്ഷത്രം. ഇന്നും ക്രിസ്മസിനെ അടയാളപ്പെടുത്തുന്നത് നക്ഷത്രവിളക്കുകളുടെ അകമ്പടിയോടെതന്നെയാണ്. അപരനെ അലോസരപ്പെടുത്താതെ ദൈവത്തിലേക്ക് വിരല്‍ചൂണ്ടുന്ന ഒരു നക്ഷത്ര വിളക്കാകാനുള്ള ഒരു ഓര്‍മ്മപ്പെടുത്തലും ഓരോ ക്രിസ്മസും നമുക്കു നല്‍കുന്നുണ്ട്. കാഴ്ചയില്‍ ആരവങ്ങളും ആഘോഷങ്ങളും ഇല്ലാത്ത ചില ഒറ്റപ്പെട്ട ഓര്‍മ്മകളും വ്യക്തികളും നമ്മുടെ മനസ്സില്‍ പ്രകാശഗോപുരങ്ങള്‍ തീര്‍ത്തു നില്‍ക്കാറില്ലേ? നമുക്കായി സ്വര്‍ഗം തെളിയിച്ചുവച്ച ചില വിളക്കുമരങ്ങളാണവര്‍. ദൈവ ഓര്‍മ്മയുടെ പ്രകാശം പരത്തുന്ന ഒരു നക്ഷത്രവിളക്കാകുവാനുള്ള ഒരു ഉള്‍വിളികൂടി ഓരോ ക്രിസ്മസും നമുക്കു നല്‍കുന്നുണ്ടെന്ന തിരിച്ചറിവില്‍ നമുക്ക് ക്രിസ്മസിനായി ഒരുങ്ങാം.

നക്ഷത്രങ്ങളില്ലാത്ത ക്രിസ്മസാഘോഷങ്ങളോ പുല്‍ക്കൂടുകളോ ഇല്ല. കാഴ്ചയില്‍ ചെറുതെന്നപോലെതന്നെ വലിയ പ്രകാശത്തിന്റെ കണക്കു പറയാനില്ലെങ്കിലും രക്ഷകന്റെ വരവിനടയാളമായതിന്റെ നനവൂറുന്ന ഓര്‍മ്മകളുണ്ട് ആകാശ നക്ഷത്രങ്ങള്‍ക്ക്. ക്രിസ്തുവിനെ ജീവിതത്തില്‍ ഗൗരവമായി എടുത്തവരൊക്കെ ആരെയും അലോസരപ്പെടുത്താത്ത ഇത്തിരി വെട്ടത്തിന്റെ നക്ഷത്രവിളക്കുകളായി ക്രിസ്തുവിന്റെ ജീവിത പരിസരങ്ങളില്‍ മിന്നി നില്‍ക്കുന്നുണ്ട്. പ്രകാശക്കുറവുകളെക്കാള്‍ പ്രതിസന്ധികള്‍കൊണ്ട് ഇരുണ്ടുപോയ ആ ക്രിസ്മസ് രാത്രിയില്‍ സംരക്ഷണത്തിന്റെയും കരുതലിന്റെയും വെളിച്ചം പകര്‍ന്ന ഒരു നക്ഷത്ര വിളക്കായിരുന്നു വി. യൗസേപ്പിതാവ്. സൂര്യനു മുന്നേ പ്രത്യക്ഷപ്പെടുകയും ഒടുവില്‍ സൂര്യപ്രഭയില്‍ നിഷ്പ്രഭമാകുകയും ചെയ്യുന്ന ഉഷകാല താരത്തെപ്പോലെ പരിശുദ്ധ മറിയം ആ പുല്‍ക്കൂട്ടിലെ നിശബ്ദ നക്ഷത്രമായി മിന്നിനിന്നു.

നിയമങ്ങളുടെ സങ്കീര്‍ണ്ണതകളെ തിരുത്തിയെഴുതിയ ആ ജനനത്തില്‍ ചരിത്രം പോലും രണ്ടായി പിരിഞ്ഞൊഴുകിത്തുടങ്ങി. 'അന്ധകാരത്തില്‍ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു' (ഏശ 9:2) എന്നാണ് ആ പ്രകാശത്തിന്റെ ദിനത്തെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം രേഖപ്പെടുത്തുന്നത്. ക്രിസ്തുമസ് എന്ന പ്രകാശത്തിന്റെ ഉത്സവത്തില്‍ ഒരു നക്ഷത്രവിളക്കാകാനുള്ള നമ്മുടെ ഉള്‍വിളിയെ നമുക്ക് ഗൗരവമായെടുക്കാം. ക്രിസ്തുവെന്ന നിത്യസത്യത്തിലേക്കും നന്മയിലേക്കും നമ്മെ കണ്ടുമുട്ടുന്നവരെ നയിക്കാനാവുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. എങ്കിലും, നമ്മിലെ ചെറിയ പ്രകാശത്തെപ്പോലും വിലമതിക്കുന്ന ക്രിസ്തുവിനരികില്‍ നന്മയുടെ പ്രകാശം ചൊരിയുന്ന വിളക്കുമരങ്ങളായി നമുക്കു നിലയുറപ്പിക്കാം. അവസാനം എത്തുന്നവനും ഒരുപോലെ കൂലി നല്‍കുന്ന ക്രിസ്തുവിന്റെ ഹൃദയത്തില്‍ നമുക്കിനിയും ഇടമുണ്ട്. ഉള്ളില്‍ ഇനിയും കെടാത്ത നന്മയുടെ അഗ്‌നിശകലങ്ങളെ ഊതി കത്തിച്ച് അപരനു മുന്നില്‍ കരുതലിന്റെയും സ്‌നേഹത്തിന്റെയും സംരക്ഷണത്തിന്റെയും ഔദാര്യത്തിന്റെയും പ്രകാശഗോപുരങ്ങളായിക്കൊണ്ട് അവരെ ക്രിസ്തുവിലേക്ക് ആനയിക്കാന്‍ ഈ ക്രിസ്മസ് നമ്മെ സഹായിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org