

ആൽഫ്രഡ് ദേവസ്സികുട്ടി പാലമറ്റം
ഹോളി ക്രോസ് ഫൊറോന പള്ളി, മഞ്ഞപ്ര
ജീവിതയാത്രയിൽ പ്രചോദനവും പ്രോത്സാഹനവും നൽകിയ സന്യാസിനിമാർ നിരവധിയുണ്ട്. സഭാകമ്പം അകറ്റി വേദി അഭിമുഖീകരിക്കാൻ പ്രാപ്തരാക്കിയവർ, നിരവധി അവസരങ്ങൾ ഒരുക്കി തന്നവർ, വ്യക്തിത്വ വികസനത്തിലൂടെ സ്വഭാവരൂപീകരണം എങ്ങനെ സാധ്യമാക്കാമെന്നു ജീവിതാനുഭവങ്ങളിലൂടെയും ക്ലാസുകളിലൂടെയും പറഞ്ഞുതന്നവർ, പ്രതിസന്ധികളെ അതിജീവിക്കാൻ മനസ്സിന് കരുത്ത് നൽകിയവർ എന്നിങ്ങനെ അനേകർ.
ഇന്നത്തെ പെൺകുട്ടികൾ ഉയർന്ന വിദ്യാഭ്യാസം ഉള്ളവരും ഡോക്ടർ, എൻജിനീയർ, അഡ്മിനിസ്ട്രേഷൻ തുടങ്ങിയ മേഖലകളിൽ തങ്ങളുടെ കരിയർ വികസിപ്പിക്കുവാൻ ആഗ്രഹിക്കുന്നവരും സ്വന്തമായി തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നവരുമാണ്. ജീവിതത്തിന്റെ ദുഃഖങ്ങളും ദുരിതങ്ങളും അറിയിക്കാതെയാണു മാതാപിതാക്കൾ കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നത്. ലോകത്തെക്കുറിച്ചുള്ള വിവര ലഭ്യത വളരെ കൂടുതലായതിനാൽ അവർക്ക് വിവിധ ജീവിത മാർഗങ്ങൾ താരതമ്യം ചെയ്ത് തീരുമാനമെടുക്കുവാനും സാധിക്കും.
കഷ്ട ജീവിതം എന്ന ധാരണ മാറി അർത്ഥവത്തായ ഒരു ജീവിതമാണ് സന്യാസിമാർ നയിക്കുന്നതെന്ന പൊതുധാരണ ഉണ്ടാകണം. സ്വന്തം ഭവനങ്ങളിൽ നടക്കുന്ന മംഗളകരമായ കാര്യങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകണം.