ഗുരുവന്ദനം

ലോക അധ്യാപകദിനം : 5 സെപ്തംബര്‍
ഗുരുവന്ദനം

പത്താം ക്ലാസ്സില്‍ രാഷ്ട്രഭാഷ പഠിപ്പിച്ച നാരായണപിള്ള മാഷിനെ നാളിതുവരെ മറന്നിട്ടില്ല. ഹിന്ദിയെന്ന 'ഗുരു'വായ ഭാഷ ഇത്ര 'ലഘു'വായും സരസമായും പറഞ്ഞുതന്ന മറ്റൊരധ്യാപകനെ അന്നുവരെ കണ്ടിരുന്നില്ല. അക്കാരണത്താല്‍തന്നെ ഒമ്പതാംതരംവരെ കട്ടിയായിരുന്ന ആ വിഷയം പത്താംതരത്തില്‍ എത്തിയപ്പോള്‍ കുട്ടിയേപ്പോലെ കൂട്ടായി. അതിനുള്ള കാരണം മുഖ്യമായും ആ അധ്യാപകന്റെ തനതായ അധ്യയനശൈലിയായിരുന്നു. അതില്‍ എടുത്തുപറയേണ്ടത് അദ്ദേഹത്തിന്റെ ശിക്ഷണരീതിയാണ്. ക്ലാസ്സില്‍ കുസൃതി കാട്ടുന്നവര്‍ക്കും ഉത്തരങ്ങള്‍ തെറ്റിക്കുന്നവര്‍ക്കും ഗൃഹപാഠങ്ങള്‍ മുഴുമിപ്പിക്കാതെ വരുന്നവര്‍ക്കുമൊക്കെ അദ്ദേഹം കൊടുത്തിരുന്ന ശിക്ഷ ചൂരല്‍ക്കഷായമോ, ഇംപോസിഷനോ, പുറത്താക്കലോ ഒന്നുമായിരുന്നില്ല. അവരുടെ അടുത്തുചെന്ന് പിതൃവാത്സല്യപൂര്‍വം ഉപദേശിച്ചതിനുശേഷം അവര്‍ സമയമെടുത്ത് 'സ്റ്റൈലില്‍' ചീകിയൊതുക്കിയിട്ടുള്ള തലമുടി സ്വന്തം കൈകൊണ്ട് ആകെ അലങ്കോലപ്പെടുത്തി ഒരു പരുവമാക്കും. അപ്പോള്‍ അവരെ കാണാന്‍ നല്ല 'കോല'മായിരി ക്കും. ആ ക്ലാസ്സ് തീരുംവരെ ആ കോലത്തില്‍ അവര്‍ ഇരിക്കണം. അതുകണ്ട് ക്ലാസ്സിലെ ബെഞ്ചുകള്‍ മുഴുവന്‍ കുലുങ്ങിച്ചിരിക്കും; ഡെസ്‌കുകള്‍ അവയെ താളമടിച്ചു പ്രോത്സാഹിപ്പിക്കും; വെളുത്ത അക്ഷരപ്പല്ലുകള്‍ കാട്ടി ബ്ലാക്ക് ബോര്‍ഡ് കൊഞ്ഞനം കുത്തും; കുറ്റിയില്ലാത്ത ജനല്‍പ്പാളികള്‍ കാറ്റില്‍ കൈകള്‍കൊട്ടി കളിയാക്കും. അറിവും അനുസരണവും അച്ചടക്കവുമില്ലെങ്കില്‍ ജീവിതം മുഴുവന്‍ ചുറ്റുമുള്ളവര്‍ക്ക് പരിഹാസഹേതുവായ ഒരു 'കോല'മായിരിക്കുമെന്നുള്ളപാഠം ആ വിചിത്രമായ ശിക്ഷ പഠിപ്പിച്ചിരുന്നു. അടിച്ചുപഠിപ്പിച്ച പലരുമുണ്ടായിരുന്നു. പക്ഷേ, വ്യത്യസ്തനായ ആ ഗുരുവിനെ മാത്രം ഒരുവട്ടംകൂടി കാണാന്‍ മനസ്സ് ഇന്നും കൊതിയുടെ പക്ഷങ്ങളിലേറി പഴയ കലാലയമുറ്റത്തേക്ക് വെറുതെ പറക്കാറുണ്ട്...

'ഗുരു' എന്ന ഇത്തിരിപ്പോന്ന ഒരു ഇരട്ടാക്ഷരപ്പദം. പക്ഷേ, ഈ രണ്ട് അക്ഷരതീരങ്ങള്‍ക്കിടയില്‍ അനന്തമായ അറിവിന്റെയും ആദര്‍ശങ്ങളുടെയും, അര്‍ത്ഥങ്ങളുടെയും അന്തരാര്‍ത്ഥങ്ങളുടെയും ആഴക്കടല്‍! 'ഗുരു' എന്ന നാമത്തിനു നിര്‍വചനങ്ങള്‍ ചികഞ്ഞെടുത്തു നിരത്തിവയ്ക്കാന്‍ നിരവധി ചിന്തകര്‍ ഉദ്യമിച്ചു. 'ഗുരു'വിനെ വര്‍ണ്ണങ്ങളില്‍ വരയ്ക്കാനും, വാക്കുകളില്‍ വിശേഷിപ്പിക്കാനും വളരെയേറെ കലാകാരന്മാരും കവികളും പരിശ്രമിച്ചു. അവരില്‍ പലരെയും ലോകം അംഗീകരിച്ചു, ആദരിച്ചു. എന്നാല്‍, അനുഭവങ്ങളുടെ നിറക്കൂട്ടുകള്‍ ചാലിച്ചെഴുതപ്പെടുന്ന ഗുരുചിത്രത്തിനാണ് എന്നും ചാരുതയേറെ.

മുഖ്യധാരാ മതങ്ങളെല്ലാം തന്നെ ഗുരുരൂപത്തെ മഹത്വവത്ക്കരിക്കുന്നുണ്ട്. ഹൈന്ദവ പ്രബോധനങ്ങളില്‍ അധ്യാപകര്‍ക്ക് സമുന്നതസ്ഥാനമാണുള്ളത്. 'ഗുരു' അല്ലെങ്കില്‍ 'ആചാര്യ' എന്ന് വിശേഷിപ്പിക്കപ്പെടുന്നയാള്‍ മഹത്വം, ഉല്‍കൃഷ്ടത, ഉത്തരവാദിത്വം ആദിയായവയുടെ പ്രതീകവും, അയാളുടെ പ്രധാന കര്‍ത്തവ്യം സ്വന്തം മാതൃക വഴിയായി മറ്റുള്ളവരെ പഠിപ്പിക്കുക എന്നതുമാണ്. തൈത്തിരിയ ഉപനിഷത്ത് ഗുരുവിനെ ദൈവത്തോടാണ് തുലനം ചെയ്യുന്നത് (1.11.2). ഇസ്ലാം മതപഠനങ്ങളില്‍ അധ്യാപകര്‍ക്ക് അതീവപ്രാധാന്യമുണ്ട്. അറിവു പകര്‍ന്നു തരുന്നവരെ ആദരിക്കണം. ജ്ഞാനികളെ ദൈവം ഉന്നതപദവിയിലേക്ക് ഉയര്‍ത്തുന്നു (ഖുറാന്‍ 58:11). ബുദ്ധമതവിശ്വാസമനുസരിച്ച് അധ്യാപകര്‍ പ്രമുഖരാണ്. കാരണം, അവര്‍ക്ക് നമ്മെ നമ്മുടെതന്നെ ഉള്‍ജ്ഞാനത്തിലേക്ക് നയിക്കാന്‍ കഴിയും. നമ്മുടെ മനസ്സിന്റെ സത്യമായ സ്വഭാവത്തെ വ്യക്തമായി കാട്ടിത്തരാന്‍ കഴിയുന്ന വ്യക്തിയാണ് ഗുരു. സിക്ക് മതത്തില്‍ ശ്രീ ഗുരുനാനാക് ദേവിന്റെ പ്രബോധനമനുസരിച്ച് ഗുരു എന്ന വാക്കിലെ 'ഗു' അന്ധകാരവും, 'രു' അന്ധകാരത്തെ അകറ്റുന്നയാളുമാണ്. നമ്മുടെ മനസ്സിനെ നിയന്ത്രിക്കാന്‍ നമുക്കൊരു ഗുരുവിനെ ആവശ്യമുണ്ട്. ഗുരുവിനേക്കുറിച്ചുള്ള ക്രൈസ്തവ ദര്‍ശനങ്ങളിലേക്കു വരുമ്പോള്‍ 'ഗുരു' എന്ന് സ്വയം അവകാശപ്പെടാനുള്ള ചങ്കൂറ്റം കാട്ടിയവന്‍ ക്രിസ്തു മാത്രം. തന്നെ 'ഗുരു' എന്ന് ശിഷ്യര്‍ സംബോധന ചെയ്യുന്നതില്‍ തെല്ലും തെറ്റില്ലെന്നും, താന്‍ പരമാര്‍ത്ഥത്തില്‍ അവരുടെ ഗുരു ആണെന്നുമായിരുന്നു അവന്റെ പക്ഷം (യോഹ. 13:13). ഭൂമിയിലെ ഗുരുഭൂതരൊക്കെ പുസ്തകങ്ങള്‍ പഠിപ്പിക്കുന്നവരാണ്. എന്നാല്‍, 'എന്നില്‍ നിന്ന് പഠിക്കുവിന്‍' (മത്താ. 11:29) എന്ന് പറയാന്‍ ക്രിസ്തു എന്ന പുസ്തകം മാത്രമേ മുതിര്‍ന്നുള്ളൂ. ഒരേസമയം വാദ്യാരും വേദവുമായ (The Teacher and Text) ആ ഗുരുവാണ് അജ്ഞതയുടെയും അപരാധത്തിന്റെയും അന്ധത അകറ്റുന്ന അനശ്വരപ്രകാശം.

TEACHER എന്ന ആംഗലേയ പദം മെല്ലെയൊന്നു വലിച്ചുനീട്ടുമ്പോള്‍ അതിലെ അക്ഷരങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന വാക്കുക ളും അവയുടെ അര്‍ഥങ്ങളും എന്റെ ധ്യാനദൃഷ്ടി വായിച്ചെടുക്കുന്നത് ഇപ്രകാരമാണ്: 'The Easiest And Closest Horizon Ever Reached'. 'മനുഷ്യന്‍ എക്കാലവും എത്തിയിട്ടുള്ള ഏറ്റവും എളുപ്പമുള്ളതും സമീപസ്ഥവുമായ വിജ്ഞാനമണ്ഡലം' എന്ന വാച്യാര്‍ഥത്തില്‍ ഗുരു എന്ന നിത്യവിസ്മയത്തിന്റെ സര്‍വസാരവും സംഗ്രഹിക്കപ്പെട്ടിരിക്കുന്നു. അറിവിന്റെ അങ്ങേയറ്റം അന്വേഷിക്കുന്നവനാണ് മനുഷ്യന്‍. ആകാശസമം വിശാലമായ വിജ്ഞാനത്തിന്റെ സീമകളിലേക്ക് ആവുന്നത്ര പറന്നടുക്കാന്‍ അവന്റെ ജിജ്ഞാസയുടെ ചിറകുകള്‍ വെമ്പല്‍കൊള്ളാറുണ്ട്. കാരണം, അറിവില്ലാത്തവര്‍ ചവറാണ് എന്നൊരു ഉള്‍ബോധ്യത്തിന്റെ ഉഗ്രബലം അവനെ അവിടേക്ക് വല്ലാതെ വലിച്ചടുപ്പിക്കുന്നു.

പരിജ്ഞാനത്തിന്റെ പൂര്‍ണ്ണത മനുഷ്യനു അപ്രാപ്യമാണ്. എല്ലാറ്റിനെപ്പറ്റിയും എല്ലാമറിയുന്നവരായി, സര്‍വജ്ഞാനിയായ ദൈവമൊഴികെ, ആരുമില്ല. പക്ഷേ, മനുഷ്യനു അവന്റെ ദൈവദത്തമായ സര്‍ഗശേഷികളുടെ സഹായത്തോടെ ഒരു പരിധിവരെ അറിവിലേക്ക് അടുക്കാന്‍ സാധിക്കും. അപ്രകാരം മനുഷ്യനു ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാന്‍ പറ്റുന്ന വിജ്ഞാനമണ്ഡലമാണ് അവന്റെ ഗുരു. ഗുരു ഒരു വ്യക്തിയോ, പുസ്തകമോ, വസ്തുവോ, അനുഭവമോ, അവബോധമോ ആകാം. ഒരു ഗുരുവിനെ സ്വന്തമാക്കാന്‍ നമുക്ക് കാര്യമായ ബുദ്ധിമുട്ടൊന്നുമില്ല. നാളിതുവരെയുള്ള നമ്മുടെ ജീവിതയാത്ര എത്രയോ ഗുരുകരങ്ങളുടെ പിന്തുണയോടും പ്രോത്സാഹനങ്ങളോടും കൂടിയായിരുന്നു! അവരാരുംതന്നെ നമ്മുടെ വഴിയില്‍ വിലങ്ങുതടികളാകുന്നില്ല. അപകര്‍ഷതയോ ആശങ്കയോ മുന്‍വിധികളോ കൂടാതെ അവരെ സമീപിക്കാന്‍ ഇന്നും നമുക്ക് അനായാസം കഴിയും. പ്രയാസങ്ങളെ നിഷ്പ്രയാസങ്ങളും, അഗ്രാഹ്യങ്ങളെ ഗ്രാഹ്യങ്ങളുമാക്കി മാറ്റുന്നവരാണവര്‍.അവരുടെ ശിക്ഷണങ്ങളും, ഉപദേശങ്ങളും, ഉദ്‌ബോധനങ്ങളും ശിരസ്സാവഹിച്ചാല്‍ അനുദിനപ്രതിസന്ധികളെ തരണം ചെയ്യാനും ജീവിതവഴി കൂടുതല്‍ സുഗമവും സുരക്ഷിതവുമാക്കാനും ആര്‍ക്കും കഴിയും.

മനുഷ്യനു ഏറ്റവും സമീപസ്ഥമായ വിജ്ഞാനമണ്ഡലമാണ് അവന്റെ ഗുരു. അധ്യാപകരോളം അടുത്തുള്ളവരായി വേറെ ആരാണുള്ളത്? ഒരു കൈദൂരമകലെ അവരുണ്ട്; എത്തിപ്പിടിച്ചാല്‍ മാത്രം മതി. അറിവുതേടി അകലങ്ങളില്‍ അധികം അലയേണ്ട ആവശ്യമില്ല. അരികിലുള്ള അധ്യാപകരെ ആശ്രയിച്ചാല്‍ മാത്രം മതിയാവും. നാം ആദരിക്കുന്ന, ആത്മാവില്‍ പൂജിക്കുന്ന അധ്യാപകരുടെ സാമീപ്യം എത്രയോ അനുഗൃഹീതമാണ്! അറിവിന്റെ കാണാപ്പുറങ്ങളിലേക്ക് നമ്മെ ചേര്‍ത്തുപിടിച്ചു നടത്തുന്ന ഗുരുവിന്റെ കാണാക്കരങ്ങളോളം അമൂല്യമായവ ഭൂമിയില്‍ അധികമൊന്നുമില്ല. Horizon എന്ന ഇംഗ്ലീഷ് പദത്തിനു ചക്രവാളം എന്നതിനുപരി വിജ്ഞാനമണ്ഡലം എന്ന ഒരു അര്‍ഥമുണ്ടെന്ന് വലിയ വിസ്മയത്തോടെയാണ് ഞാന്‍ വായിച്ചത്. അതുകൊണ്ടുതന്നെ ഗുരുവിനെ നമുക്ക് ഏറ്റവും അനായാസവും സമീപസ്ഥവുമായ വിജ്ഞാനമണ്ഡലം എന്നു വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തി അശേഷമില്ല. മനുഷ്യനു എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുള്ള വിജ്ഞാനത്തിന്റെ അഗ്രമാണ് ഗുരു. അതിനപ്പുറത്തേക്കുള്ളത് അറിവിന്റെ അനന്തതയും പൂര്‍ണതയുമായ, സര്‍വജ്ഞാനം തന്നെയായ ദൈവമാണ്.

'ഗുണം', 'രുചി' എന്നീ പദങ്ങളുടെ പ്രഥമാക്ഷരങ്ങള്‍ ചേര്‍ത്തെഴുതിയാല്‍ 'ഗുരു' ആകും. ഗുണം എന്നാല്‍ 'നന്മ' എന്നര്‍ഥം. അങ്ങനെയാകുമ്പോള്‍ 'ഗുരു' 'നന്മരുചി'യാണ്. തിന്മയുടെ കവര്‍പ്പകറ്റുന്ന അറിവെന്ന നന്മമധുരം അര്‍ത്ഥികള്‍ നുണഞ്ഞറിയുന്നത് അധ്യാപകരില്‍നിന്നാണ്. അമൂല്യവും അക്ഷയവുമായ ഒരു നിധിയാണ് ഗുരു. എന്തുതന്നെ ആയിരുന്നാലും ഗുരുവിനേക്കാള്‍ ശ്രേഷ്ഠരാകാന്‍ ആര്‍ക്കും ആവില്ല. 'ശിഷ്യന്‍ ഗുരുവിനേക്കാള്‍ വലിയവനല്ല' (മത്താ. 10:24) എന്നത് ക്രിസ്തുമൊഴി. ഓര്‍ക്കണം, വിജ്ഞാനത്തിന്റെ വെട്ടത്തില്‍ ചരിക്കുമ്പോള്‍ പിന്നിട്ട വഴിദൂരത്ത് എവിടെയെങ്കിലും വച്ച് ഏതെങ്കിലും വിധത്തില്‍ നിന്നെ സ്വാധീനിച്ച ഒരു ഗുരുരൂപത്തോട് നിന്റെ നിഴലിനു സമാനതയുണ്ടായിരിക്കും. അനുഗൃഹീതമായ ഈ അധ്യാപകദിനത്തില്‍ വിശുദ്ധമായ ഗുരുസ്മരണകളാല്‍ മനം നിറയ്ക്കാം. അതുവഴി ഐശ്വര്യങ്ങള്‍ക്കും ആശിസ്സുകള്‍ക്കും അര്‍ഹരാകാം. പ്രപഞ്ചമൊട്ടാകെയുള്ള സുപരിചിതരും അപരിചിതരുമായ അസംഖ്യം ഗുരുചരണങ്ങളില്‍ അറിവിനെയും അക്ഷരപ്പൂക്കളെയും പ്രണയിക്കുന്ന എന്റെ തൂലികാശലഭത്തിന്റെ ശതകോടി പ്രണാമം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org