
പത്രോസിന്റെ സിംഹാസനത്തെ അറിവുകൊണ്ടും വിശുദ്ധികൊണ്ടും അലങ്കരിച്ച വേദപാരംഗതനാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ.
മഹാന്മാര്‍ ചരിത്രം തിരുത്തുന്നവരാണ്; അതേസമയം ചരിത്രം സൃഷ്ടിക്കുന്നവരും ആണ്. 136 കോടി വിശ്വാസികളുടെ ആത്മീയ നേതാവും വത്തിക്കാന്റെ തലവനും ആയിരുന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പ 95-ാം വയസ്സില്‍ ഈ ലോകത്തോട് വിട പറഞ്ഞു. 1927-ല്‍ ജര്‍മ്മനിയിലെ ബവേറിയായില്‍ പൊലീസ് ഓഫീസറായ ജോസഫിന്റെയും മരിയയുടെയും മകനായി ജനിച്ചു. 1951-ല്‍ പുരോഹിതനായി അഭിഷിക്തനായി, 1977-ല്‍ കര്‍ദിനാളും 2005-ല്‍ മാര്‍പാപ്പയുമായി. കാറ്റും കോളും കൊണ്ട് പ്രക്ഷുബ്ധമായ വര്‍ത്തമാന കാലഘട്ടത്തില്‍ എട്ടു വര്‍ഷക്കാലം കത്തോലിക്കാ സഭയെ നയിക്കുകയും പത്രോസിന്റെ അടുത്ത പിന്‍ഗാമിക്കു വേണ്ടി വഴി മാറി കൊടുക്കുകയും അങ്ങനെ ചരിത്രം തിരുത്തിയും പുതിയ ചരിത്രം എഴുതിയും ബെനഡിക്ട് പതിനാറാം പാപ്പ ശ്രദ്ധേയനായി.
വിശ്വാസസംഘം പ്രീഫെക്ട്, കര്‍ദിനാള്‍ തിരുസംഘം വൈസ് ഡീന്‍, ഡീന്‍ എന്നീ പദവികള്‍ വഹിച്ച റാറ്റ്‌സിംഗര്‍, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ മരണശേഷം വത്തിക്കാന്‍ വിട്ട് സ്വദേശമായ ബവേറിയയിലേക്ക് മടങ്ങി സ്വസഹോദരന്‍ ജോര്‍ജുമൊത്ത് ശിഷ്ടകാലം പ്രാര്‍ത്ഥനയിലും പഠനത്തിലും ഒതുങ്ങിക്കൂടണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാല്‍, ചുമതലകള്‍ അദ്ദേഹത്തെ വത്തിക്കാനില്‍ തന്നെ തളച്ചിട്ടു. ചുമതലകള്‍ ഇറക്കി വയ്ക്കാന്‍ ആഗ്രഹിച്ച അദ്ദേഹത്തിന് ദൈവം നല്‍കിയത് അനേകമടങ്ങ് ചുമതലകള്‍ ആയിരുന്നു. 2005 ഏപ്രില്‍ 19-ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട റാറ്റ്‌സിംഗര്‍ പറഞ്ഞു: 'മഹാനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ പിന്‍ഗാമിയായി കര്‍ദിനാളന്മാര്‍ എളിയവനും ചെറിയവനുമായ എന്നെ പത്രോസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുത്തിരി ക്കുന്നു. അപൂര്‍ണ്ണമായ ഉപകരണങ്ങള്‍ കൊണ്ടു പോലും കാര്യങ്ങള്‍ നടത്താന്‍ കഴിയുന്നവനാണ് ദൈവം എന്ന ബോധ്യം എനിക്ക് ധൈര്യം തരുന്നു.'
പത്രോസിന്റെ സിംഹാസനത്തെ അറിവുകൊണ്ടും വിശുദ്ധികൊണ്ടും അലങ്കരിച്ച വേദപാരംഗതനാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ. സഭകളുടെ ഐക്യത്തിനുവേണ്ടി അക്ഷീണം യത്‌നിച്ച പാപ്പ മറ്റു ക്രൈസ്തവ സഭകളെ അംഗീകരിക്കാനും ആദരിക്കാനും ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ രചനകളിലും പ്രവൃത്തികളിലും അത്തരമൊരു സമീപനം നമുക്കു കാണാം. സീറോ മലബാര്‍ സഭയോടുള്ള അദ്ദേഹത്തിന്റെ പരിഗണനയും എടുത്തു പറയേണ്ടതാണ്. സീറോ മലബാര്‍ സഭയുടെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയെ നാമകരണം ചെയ്തത് പാപ്പയാണ്. ഫരിദാബാദ്, രാമനാഥപുരം എന്നീ രൂപതകളുടെ സ്ഥാപനവും ഈ പാപ്പ പദവിയില്‍ ആയിരുന്നപ്പോഴാണ് എന്ന കാര്യം നാം മറക്കരുത്. കാഴ്ചപ്പാടുള്ള ഹൃദയം സ്വന്തമാക്കിയ പുരോഹിത ശ്രേഷ്ഠനാണ് പാപ്പ. ഇരുപതാം നൂറ്റാണ്ടിലെ പ്രതിഭാശാലിയായ ദൈവശാസ്ത്രജ്ഞന്‍ എന്നാണ് പാപ്പ അറിയപ്പെടുക. ദൈവശാസ്ത്രത്തിന്റെ ആഴമേറിയ നൂറിലേറെ രചനകള്‍ അദ്ദേഹത്തിന് സ്വന്തമാണ്.
ചിന്തകനും എഴുത്തുകാരനുമായി അറിയപ്പെട്ടിരുന്ന പാപ്പ മനുഷ്യരാശിയുടെ അനുദിന പ്രശ്‌നങ്ങളുമായി നിരന്തരം സംവദിച്ചു കൊണ്ടിരുന്ന ആളായിരുന്നു. 2006-ല്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ ചാക്രികലേഖനത്തിന്റെ പേര് തന്നെ 'ദൈവം സ്‌നേഹമാകുന്നു' എന്നതാണ്. ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ദൈവത്തിനും സകല മനുഷ്യര്‍ക്കുമായി സ്വയം നല്‍കുന്ന സ്‌നേഹം പ്രാവര്‍ത്തികമാക്കണം എന്നതായിരുന്നു അതിലെ മുഖ്യസന്ദേശം. 'പ്രത്യാശയില്‍ രക്ഷ' എന്ന തായിരുന്നു രണ്ടാമത്തെ ചാക്രിക ലേഖനം. എല്ലാം ഭൗതികമാണെന്ന് കരുതുന്ന മാര്‍ക്‌സിസത്തെ അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. എല്ലാം ഭൗതികമായി ചിത്രീകരിച്ചപ്പോള്‍ മനുഷ്യന്‍ സാമ്പത്തിക സാഹചര്യങ്ങളുടെ ഉത്പന്നമായി കാണപ്പെട്ടു എന്നത് അദ്ദേഹം നിരീക്ഷിച്ചു. 'സത്യത്തില്‍ സ്‌നേഹം' എന്നതായിരുന്നു മൂന്നാമത്തെ ചാക്രിക ലേഖനം. സത്യത്തേയും പരസ്‌നേഹത്തേയും സാമൂഹിക നീതിയായി ലേഖനങ്ങളിലൂടെ ബന്ധപ്പെടുത്തി പാപ്പ. സഭയുടെ ശുശ്രൂഷ ഒരാളെ നയിക്കുന്നത് അധികാരത്തിന്റെ ഗര്‍വിലേക്കോ സുഖലോലുപതയിലേക്കോ അല്ല. മറിച്ച്, കര്‍ത്താവിന്റെ കുരിശിലേക്കാണ് എന്ന് അദ്ദേഹം പഠിപ്പിച്ചു. ഈശോയുടെ ഹൃദയം സ്വന്തമാക്കിയ അജപാലകനെയും മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിക്കുന്ന ദൈവശാസ്ത്രജ്ഞനേയും പാപ്പയില്‍ നാം കണ്ടുമുട്ടുന്നു.
ശരിയായ പ്രാര്‍ത്ഥനാജീവിതമാണ് ആദ്ധ്യാത്മികതയുടെ അടിസ്ഥാനം എന്ന് പാപ്പ ഓര്‍മ്മപ്പെടുത്തുന്നു, തന്റെ ജീവിതസാക്ഷ്യത്തിലൂടെ. പ്രാര്‍ത്ഥനയില്ലായ്മയിലൂടെ, പ്രാര്‍ത്ഥനയില്ലാത്ത വ്യക്തിയുടേയും സമൂഹത്തിന്റേയും ജീവിതം മാത്രമല്ല ക്രൈസ്തവന്റെ ഉറവിടം പോലും നഷ്ടപ്പെടും എന്ന് പാപ്പ ഓര്‍മ്മിപ്പിക്കുന്നു.
കര്‍ദിനാള്‍ ന്യൂമാന്‍ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ന്യൂമാന്‍ എഴുതി: 'ദൈവം പലപ്പോഴും നമ്മെ അപരിചിതമായ വഴികളിലൂടെ നയിക്കുന്നു. അവിടുന്ന് നമ്മുടെ സന്തോഷമാണ് ലക്ഷ്യം വയ്ക്കുന്നത് എന്ന് നമുക്കറിയാം. എന്നാല്‍, എന്താണ് യഥാര്‍ത്ഥ സന്തോഷം എന്ന് നമുക്കറിഞ്ഞുകൂടാ. അതുകൊണ്ട് വഴിയും നമുക്കറിഞ്ഞുകൂടാ. നാം അന്ധരായിരിക്കുന്നതിനാല്‍ നാം തിരഞ്ഞെടുക്കുന്ന വഴികള്‍ തെറ്റിപ്പോയേക്കാം. അതുകൊണ്ട് തിരഞ്ഞെടുപ്പ് ദൈവത്തിനു വിട്ടുകൊടുക്കുക. ദൈവകരങ്ങളില്‍ പിടിച്ചു കൊണ്ട് അപരിചിതമായ വഴികളിലൂടെ സഞ്ചരിക്കുന്നതാണ് അത്ഭുതകരമായ യാത്ര. നമ്മുടെ ഉറപ്പ് ദൈവം നമ്മെ ശരിയായ ദിശയിലേക്ക് ആനയിക്കും എന്നതാണ്. നാം ചിന്തിക്കുന്നതല്ല നമ്മെ സംബന്ധിച്ചിടത്തോളം നമുക്ക് ഏറ്റവും നല്ലത്, മറിച്ച് ദൈവം നമുക്ക് വേണ്ടി തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലതെന്ന് നമ്മള്‍ മറക്കരുത്. ന്യൂമാന്റെ രണ്ട് ചിന്തകളാണ് പാപ്പയെ ഏറെ സ്വാധീനിച്ചത്. ഒന്ന്, 'ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നു.' രണ്ട്, 'നിഴലില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക്.' പാപ്പയുടെ ജീവിതത്തിന്റെ സന്ദേശം ദൈവത്തിന്റെ അത്ഭുതകരമായ വഴികളിലൂടെ സഞ്ചരിക്കാന്‍ കഴിഞ്ഞു എന്നതാണ്.
ആത്മീയത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനിക ലോകത്തിന് ഒരു മുന്നറിയിപ്പ് കൂടി തരുന്നുണ്ട് പാപ്പ. ശരിയായ പ്രാര്‍ത്ഥനാജീവിതമാണ് ആദ്ധ്യാത്മികതയുടെ അടിസ്ഥാനം എന്ന് പാപ്പ ഓര്‍മ്മപ്പെടുത്തുന്നു, തന്റെ ജീവിത സാക്ഷ്യത്തിലൂടെ. പ്രാര്‍ത്ഥനയില്ലായ്മയിലൂടെ, പ്രാര്‍ത്ഥനയില്ലാത്ത വ്യക്തിയുടേയും സമൂഹത്തിന്റേയും ജീവിതം മാത്രമല്ല ക്രൈസ്തവന്റെ ഉറവിടം പോലും നഷ്ടപ്പെടും എന്ന് പാപ്പ ഓര്‍മ്മിപ്പിക്കുന്നു. ദൈവവുമായി ബന്ധമില്ലാതായാല്‍ ഭ്രമണപഥം നഷ്ടപ്പെട്ട ഉപഗ്രഹങ്ങള്‍ പോലെ ശൂന്യതയിലേക്ക് നിപതിക്കുകയും സ്വയം നശിക്കുകയും ചെയ്യും, എന്ന് മാത്രമല്ല മറ്റുള്ളവര്‍ക്കു പോലും അത്തരം ജീവിതങ്ങള്‍ ഭീഷണിയായിത്തീരുകയും ചെയ്യും. വിരമിക്കലിനുശേഷമുള്ള തന്റെ വിശ്രമ ജീവിതകാലത്ത് പ്രാര്‍ത്ഥനയിലൂടെ താന്‍ പാപ്പയായിരുന്ന കാലത്ത് ആയിരുന്നപോലെത്തന്നെ സഭയെ പരിപോഷിപ്പിക്കാന്‍ ആകുമെന്ന് വിരമിക്കല്‍ സമയത്ത് അദ്ദേ ഹം ചെയ്ത വാഗ്ദാനം നമുക്ക് ഓര്‍ക്കാം. ഒരു അനുഗ്രഹീത അധ്യാപകന്‍ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ അറിവിനൊപ്പം സാക്ഷ്യം നല്‍കുന്നവയും ആയിരുന്നു. എളിമയോടു കൂടി സത്യത്തിന്റെ മനോഹാരിതയെ തന്റെ ക്ലാസ്സുകളിലൂടെ പാപ്പ വ്യക്തമാക്കിയിരുന്നു. അങ്ങനെ ഈശോയാകുന്ന അമൂല്യരത്‌നത്തെ ആധുനിക ലോകത്തിന് നല്‍കാന്‍ സാധിച്ചു. ഈശോയുമായുള്ള കണ്ടുമുട്ടലാണ് വിശ്വാസവളര്‍ച്ചയുടെ അടിസ്ഥാനം എന്നും പാപ്പ പഠിപ്പിച്ചു. 'എല്ലാറ്റിലുമുപരി മിശിഹാ' എന്ന ബെനഡിക്‌ടൈന്‍ ചിന്ത പാപ്പായുടെ ആദ്ധ്യാത്മികതയുടെ പ്രവര്‍ത്തന ശൈലി ആയിരുന്നു.
നേരത്തെ സൂചിപ്പിച്ചതുപോലെ യേശുവിന്റെ ഹൃദയം സ്വന്തമാക്കിയ ഒരു അജപാലകന്‍ കൂടിയായിരുന്നു പാപ്പ. സഭയുടെ കാരുണ്യത്തിന്റെ ശുശ്രൂഷയെ ദൈവ വചന ശുശ്രൂഷ പോലെതന്നെ പ്രാധാന്യമുള്ളതായി കണ്ട അജപാലകനായിരുന്നു അദ്ദേഹം. വിശുദ്ധ ഗ്രന്ഥത്തിലെ സ്‌നേഹത്തിന്റെ ആവിഷ്‌കാരമായാണ് പാപ്പ ദാനധര്‍മ്മത്തെ കാണുക. ഇത് വെറും മനുഷ്യസ്‌നേഹമല്ല, പ്രത്യുത സ്‌നേഹത്തിന്റെ കൃത്യമായ പ്രകടനമാണ്. ദാനധര്‍മ്മത്തെ ഒരു ദൈവികപുണ്യം എന്നുപോലും പാപ്പ വിളിക്കുന്നു. ദൈവം കാരുണ്യമുള്ള തന്റെ മുഖം തന്റെ പുത്രനായ യേശുവിലൂടെ വെളിപ്പെടുത്തി. ഇത് വിശപ്പും ദാഹവും അനുഭവിക്കുന്നവരെ സഹായിക്കാന്‍ നമ്മെ ബാധ്യതപ്പെടുത്തുന്നുണ്ട് എന്ന് പാപ്പ പറഞ്ഞു. പാപ്പയുടെ വാക്കുകള്‍ സഭ കാരുണ്യത്തിന്റെ കൂദാശ ആകേണ്ടത് സ്‌നേഹത്തിന്റെ പ്രവൃത്തികളിലൂടെയാണ് എന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
ജീവിതത്തെ സ്വന്തം വിശ്വാസ ത്തിലൂടെയും ദര്‍ശനത്തിലൂടെ യും ലോകത്തിനു മുമ്പില്‍ വിശദീകരിക്കാന്‍ പാപ്പയ്ക്ക് സാധിച്ചു. ക്രിസ്തുവിനോടും സഭയോടുമൊപ്പം ജീവിതകാലം മുഴുവന്‍ നിരന്തരം സഞ്ചരിക്കാന്‍ സാധിച്ച ക്രിസ്തുവിന്റെ വികാരിയായിരുന്നു അദ്ദേഹം. 'എന്റെ പരീക്ഷകളില്‍ എന്നോട് കൂടെ നിരന്തരം ഉണ്ടായിരുന്നവരാണ് നിങ്ങള്‍' (ലൂക്കാ 27:28) എന്ന ഈശോയുടെ ശ്ലീഹന്മാരെക്കുറിച്ചുള്ള സാക്ഷ്യം പാപ്പയെപ്പറ്റിയും നമുക്ക് പറയാനാകും. കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാപ്പോലീത്തയായിരുന്ന ഗ്രിഗറി നസ്യാന്‍സന്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ വിശ്വാസികളെ പ്രബോധിപ്പിച്ചു. 'എന്റെ കുഞ്ഞുങ്ങളെ, ഞാന്‍ നിങ്ങളെ ഓര്‍മ്മിക്കുന്നു. മറ്റുള്ളവര്‍ക്ക് അസൂയ തോന്നത്തക്കവിധം നിങ്ങളുടെ വിശ്വാസത്തിന്റെ നിക്ഷേപം കാത്തുസൂക്ഷിക്കുവിന്‍.' ബെനഡിക് പിതാവിന്റെ പ്രധാന ആചാര്യ ശുശ്രൂഷയുടെ മുഖമുദ്രയും പരീക്ഷകളില്‍ വിശ്വാസം കാത്തുസൂക്ഷിക്കുക എന്നതായിരുന്നു. അങ്ങനെ ജീവിച്ച പരിശുദ്ധ പിതാവിനെ വേഗം അള്‍ത്താരയില്‍ വണങ്ങപ്പെടാന്‍ നല്ല ദൈവം ഇടയാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.