കഠിനകാലത്തെ കൂട്ടനടത്തങ്ങള്‍

കഠിനകാലത്തെ കൂട്ടനടത്തങ്ങള്‍

ഡോ. ജോമോന്‍ കോലഞ്ചേരി സി.എം.ഐ.
ചാന്‍സലര്‍, മണ്ഡ്യരൂപത

ഡോ. ജോമോന്‍ കോലഞ്ചേരി സി.എം.ഐ.
ഡോ. ജോമോന്‍ കോലഞ്ചേരി സി.എം.ഐ.

ശബ്ദമുഖരിതമായ ബാംഗ്ലൂര്‍ നഗരം പെട്ടന്നങ്ങ് നിശബ്ദവും നിശ്ചലവുമായി. ഐടി മേഖല വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയാകെ ഓണ്‍ലൈനായി. ആളുകള്‍ വീട്ടിലിരിക്കാന്‍ തുടങ്ങിയതോടെ ഹോട്ടല്‍, ബേക്കറി തുടങ്ങിയ ചെറുകിട തൊഴിലിടങ്ങള്‍ അടഞ്ഞു. വാടകവീടുകളില്‍ കഴിഞ്ഞിരുന്ന മാണ്ഡ്യ രൂപതയിലെ ഒരുപാട് കുടുംബങ്ങള്‍ നില്‍ക്കക്കള്ളിയില്ലാതെ സ്വദേശത്തേക്ക് കൂട്ടപ്പലായനം നടത്തി. കോവിഡിന്റെ ഭീതിയും കെടുതികളും സമസ്തരംഗങ്ങളിലും പിടിമുറുക്കാന്‍ തുടങ്ങിയപ്പോള്‍ നാട്ടിലേക്ക് തിരികെപ്പോകാന്‍ കഴിയാതെ ഇവിടെ പിടിച്ചു നിന്ന പലരിലും തങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ സഹായിക്കാന്‍ ആരെങ്കിലുമുണ്ടാകുമോയെന്ന ഉള്‍ഭയം ഉടലെടുത്തു.

കോവിഡിന്റെ ഒന്നാം വരവിലെ ലോക്ഡൗണില്‍ കുടുങ്ങിപ്പോയവര്‍ക്ക് തണലൊരുക്കാനും അവരെ വീടുകളിലെത്തിക്കാനും ഇവിടെ പിടിച്ചു നിന്നവരുടെ വീടുകളില്‍ പട്ടിണിയില്ലെന്ന് ഉറപ്പാക്കാനുമാണ് അഭിവന്ദ്യ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവിന്റെ നേതൃത്വത്തില്‍ രൂപത ശ്രമിച്ചത്. പിതാവിന്റെ നിര്‍ദ്ദേശപ്രകാരം ഇടവക-രൂപതാ തലങ്ങളില്‍ ഉടന്‍ കോവിഡ് സമിതികള്‍ രൂപീകരിക്കുകയും പ്രതിരോധ-അതിജീവന പദ്ധതികള്‍ നടപ്പിലാക്കിത്തുടങ്ങുകയും ചെയ്തു.

എല്ലാ ഇടവകകളിലും രൂപീകൃതമായ കോവിഡ് പ്രതിരോധ സമിതികള്‍ അതത് ഇടവകകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും അവരുടെ നിയന്ത്രണത്തില്‍ ഒതുങ്ങാത്ത കാര്യങ്ങള്‍ മാണ്ഡ്യ രൂപതാ സമിതിക്ക് വിടുകയും ചെയ്യുന്ന പ്രവര്‍ത്തനരീതി വളരെപ്പെട്ടെന്ന് പ്രാവര്‍ത്തികമായി. ഏതെങ്കിലും കുടുംബം അസുഖം മൂലം ബുദ്ധിമുട്ട് നേരിട്ടാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ അവിടെ സഹായമെത്തിക്കുന്ന സംവിധാനമായി കോവിഡ് സമിതികള്‍ മാറി.

കേരളത്തിന്റെ ഒരു ഉപഗ്രഹ നഗരം പോലെയാണ് ബാംഗ്ലൂരും മണ്ഡ്യരൂപതയിലെ മറ്റ് പ്രദേശങ്ങളും. ഒരൊറ്റ രാത്രി യാത്രകൊണ്ട് കേരളത്തിലെവിടെയും എത്തിച്ചേരാമെന്നത് കൊണ്ട് മറ്റു പ്രവാസിരൂപതകളേക്കാളും ജന്മനാടുമായി ഏറെ ബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് മണ്ഡ്യരൂപതാംഗങ്ങള്‍. 2010-ല്‍ മാനന്തവാടി രൂപതയുടെ ഭാഗമായിരുന്ന കര്‍ണ്ണാടകയിലെ നാല് ജില്ലകള്‍ (മൈസൂര്‍, മണ്ഡ്യ, ഹാസന്‍, ചാമരാജനഗര്‍) ചേര്‍ത്ത് മണ്ഡ്യരൂപത നിലവില്‍ വന്നപ്പോള്‍ രൂപതയിലെ മൊത്തം സീറോ-മലബാര്‍ വിശ്വാസികളുടെ എണ്ണം അയ്യായിരത്തില്‍ താഴെ മാത്രമായിരുന്നു. ഇപ്പോഴത്തെ തലശ്ശേരി മെത്രാപ്പോലീത്ത ജോര്‍ജ്ജ് ഞരളക്കാട്ട് പിതാവായിരുന്നു പ്രഥമ മെത്രാന്‍. 2015-ല്‍ ബാംഗ്ലൂര്‍ റീജിയണല്‍ കൂടി ഉള്‍പ്പെടുത്തി രൂപതയുടെ ശുശ്രൂഷാ മേഖല വികസിപ്പിച്ചപ്പോള്‍ ആന്റണി കരിയില്‍ പിതാവ് രൂപതയുടെ ഇടയനായി. ബാംഗ്ലൂര്‍ കൂടി ചേര്‍ന്നപ്പോള്‍ 10 ജില്ലകള്‍ ഉള്‍പ്പെടുന്ന രൂപതയിലെ വിശ്വാസികളുടെ എണ്ണം ഒരു ലക്ഷത്തോളമായി. 2019-ല്‍ അഭിവന്ദ്യ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവ് രൂപതയുടെ സാരഥ്യം ഏറ്റെടുത്തു. കേരളത്തിലെ എല്ലാ രൂപതകളില്‍ നിന്നുമുള്ള, ചിലപ്പോള്‍ എല്ലാ ഇടവകകളില്‍ നിന്നു പോലുമുളള വിശ്വാസികളുള്ള ഒരു പ്രവാസി രൂപതയാണ് മാണ്ഡ്യ. അതുകൊണ്ടു തന്നെ കേരളത്തിലെന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അത് ഇവിടത്തെ ഏതെങ്കിലും ഒരു കുടുംബത്തിന്റെ കൂടി വേദനയായിരിക്കും; തിരിച്ചും അതുപോലെ തന്നെ.

കോവിഡിന്റെ ഒന്നാം തരംഗം അവസാനിച്ച് പള്ളികള്‍ എല്ലാം ഏതാണ്ട് സാധാരണ നിലയിലായപ്പോഴാണ് സര്‍വ്വ മേഖലകളിലും നാശം വിതച്ചു കൊണ്ട് രണ്ടാം തരംഗം ആഞ്ഞടിച്ചത്. രോഗവ്യാപന നിരക്കും മരണ സംഖ്യയും ഉയരാന്‍ തുടങ്ങി. ചില ഇടവകകളില്‍ അറുപതിലധികം കുടുംബങ്ങള്‍ ഒരേ സമയം കോവിഡ് ബാധിതരായി. ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമല്ലാതായി. ഒറ്റ മുറി വീടുകളില്‍ താമസിച്ചിരുന്നവര്‍ക്ക് ഹോം ക്വാറന്റൈന്‍ പോലും അസാധ്യമായി. സാമൂഹ്യ ഒറ്റപ്പെടുത്തല്‍ കൂടിയായപ്പോള്‍ അസുഖ ബാധിതര്‍ക്ക് ചോറ് വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ പറ്റാതെയായി.

സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി സെബാസ്റ്റ്യന്‍ പിതാവ് കോവിഡ് പ്രതിരോധ സമിതിയും വൈദിക സമ്മേളനവും ഉടന്‍ വിളിച്ചു കൂട്ടി. രൂപതയിലെ ഒരു കുഞ്ഞു പോലും ഭക്ഷണവും ചികിത്സയും കിട്ടാതെ ബുദ്ധിമുട്ടാതിരിക്കാനുള്ള സമഗ്ര പദ്ധതിക്ക് രൂപമായതോടെ ഇടവക-രൂപതാ കോവിഡ് സമിതികള്‍ ഉണര്‍ന്നു.

എല്ലാ ഇടവകകളിലും രൂപീകൃതമായ കോവിഡ് പ്രതിരോധ സമിതികള്‍ അതത് ഇടവകകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും അവരുടെ നിയന്ത്രണത്തില്‍ ഒതുങ്ങാത്ത കാര്യങ്ങള്‍ രൂപതാ സമിതിക്ക് വിടുകയും ചെയ്യുന്ന പ്രവര്‍ത്തനരീതി വളരെപ്പെട്ടെന്ന് പ്രാവര്‍ത്തികമായി. ഏതെങ്കിലും കുടുംബം അസുഖം മൂലം ബുദ്ധിമുട്ട് നേരിട്ടാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ അവിടെ സഹായമെത്തിക്കുന്ന സംവിധാനമായി കോവിഡ് സമിതികള്‍ മാറി.

ജോലി നഷ്ടപ്പെട്ടവര്‍ക്കും രോഗബാധിതര്‍ക്കും പട്ടിണി ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ ഭക്ഷണസാധനങ്ങളുടെ കിറ്റുകളും പാകം ചെയ്ത ഭക്ഷണവും ആവശ്യക്കാര്‍ക്ക് അവരുടെ വീടുകളില്‍ എത്തിച്ചു കൊടുത്തുകൊണ്ട് കോവിഡ് സമിതികള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇടവകയിലെ ഭക്തസംഘടനകളും കൈക്കാരന്മാരും വികാരിയച്ചന്മാരും കോവിഡ് സമിതികള്‍ക്ക് നേതൃത്വവും പ്രോത്സാഹനവും നല്‍കുന്നു.

രോഗവ്യാപനം തടയാന്‍ ആവശ്യമായ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ഇടവകകളില്‍ സൗജന്യമായി സംഘടിപ്പിച്ചത് ഒത്തിരിപ്പേര്‍ക്ക് ആശ്വാസമായി. രോഗം മൂര്‍ച്ഛിച്ച് ആളുകള്‍ ആശുപത്രിയില്‍ പോകുന്ന അവസ്ഥ വരാതിരിക്കാന്‍ പ്രാരംഭദശയില്‍ത്തന്നെ രോഗബാധിതര്‍ക്ക് ആവശ്യമായ മരുന്നും മറ്റ് സഹായങ്ങളും ലഭ്യമാക്കി. ആശുപത്രികളില്‍ അഡ്മിഷന്‍ ലഭ്യമല്ലാതിരുന്ന സമയത്ത് ഈ പ്രതിരോധപ്രവര്‍ത്തനത്തിലൂടെ ലഭിച്ച ഗുണം വളരെ വലുതാണ്. ഇടവകകളിലെ നഴ്‌സുമാരും ഡോക്ടര്‍മാരും മെഡിക്കല്‍ ടീമിന്റെ ഭാഗമായി സൗജന്യ സേവനം നല്‍കി.

രോഗബാധിതരെ ആശുപത്രിയിലെത്തിക്കാനും അവര്‍ക്ക് അവശ്യവസ്തുക്കളെത്തിക്കാനും വാഹനയുടമകള്‍ വിമുഖത കാണിക്കാന്‍ തുടങ്ങിയപ്പോള്‍ രൂപത തന്നെ നേരിട്ട് ആംബുലന്‍സുകള്‍ ഇറക്കി. പള്ളികളിലെ മാരുതി ഇക്കോ പോലുള്ള ചെറുവാഹനങ്ങള്‍ രൂപമാറ്റം വരുത്തി രോഗികള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ തുടങ്ങി.

വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യമില്ലാത്തവര്‍ക്ക് അതിനായി പള്ളികളില്‍ സൗകര്യമൊരുക്കി. എല്ലാ പള്ളികളും തന്നെ ഓക്‌സിജന്‍ സിലിണ്ടറും അത്യാവശ്യത്തിനുള്ള മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും കരുതിയിട്ടുള്ളതുകൊണ്ട് സുരക്ഷിതമായ പ്രാഥമിക ഘട്ട ചികിത്സ ഇവിടങ്ങളില്‍ ഉറപ്പാണ്. ഭാരിച്ച ചികിത്സാ ചിലവുകള്‍ താങ്ങാന്‍ കഴിയാത്ത വരെ സഹായിക്കാന്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസികളുമായി ചില ഇടവകകള്‍ മുന്നോട്ടു വന്നിട്ടുണ്ട്.

രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ MSFS, കമില്ലസ്, ക്ലരീഷ്യന്‍, ജെസ്യൂട്ട് എന്നീ സഭകളുടെ സാമൂഹ്യസേവന വിഭാഗങ്ങള്‍ രംഗത്തുണ്ട്. വിവിധ സമര്‍പ്പിത സമൂഹങ്ങളുമായിച്ചേര്‍ന്ന് കോവിഡ് കെയര്‍ സെന്ററുകള്‍, സുരക്ഷാ ഉപകരണങ്ങള്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, ഭക്ഷ്യകിറ്റുകള്‍, അലോപ്പതി ഡോക്ടര്‍മാരുടെ സേവനം, മൃതദേഹം സംസ്‌ക്കരിക്കാനുള്ള പെട്ടികള്‍, ആംബുലന്‍സ് സര്‍വ്വീസ് എന്നിവ രൂപതാംഗങ്ങള്‍ക്കും നമ്മുടെ ചുറ്റുമുള്ളവര്‍ക്കും ഉറപ്പാക്കിയിട്ടുണ്ട്. കോവിഡ് ബാധിച്ച് മരിച്ചുപോയവരുടെ കുട്ടികള്‍ക്കുള്ള സൗജന്യ താമസവും പഠനവും എം.എസ്.എഫ്.എസ്. സന്യാസ സമൂഹം വഴിയായി ഉറപ്പു വരുത്തിക്കഴിഞ്ഞു.

യുദ്ധസമാനമായ ഈ സാഹചര്യത്തില്‍ അഭിവന്ദ്യ സെബാസ്റ്റിയന്‍ എടയന്ത്രത്ത് പിതാവിന്റെ നേതൃത്വത്തില്‍ രൂപതയുടെ സര്‍വ്വസന്നാഹങ്ങളും വൈദികരും സന്യസ്തരും അല്‍മായ സഹോദരങ്ങളും ഇടവക-രൂപതാ തലങ്ങളില്‍ ഒറ്റക്കെട്ടായി പരസ്പരം സഹകരിച്ച് പ്രവര്‍ത്തിച്ചു വരുന്നു.

ഇതൊരു എളിയ പരിശ്രമമാണ്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ചത് പോലെ വിജയിക്കാതെ പോയ ചില സന്ദര്‍ഭങ്ങളും ഇതിനിടയില്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ഞങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ സഹായാഭ്യര്‍ത്ഥനകള്‍ക്കും പരിഹാരം കാണാന്‍ ഉള്ള ഒരു ആത്മാര്‍ത്ഥ പരിശ്രമം ഞങ്ങള്‍ നടത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ക്ക് പരിമിതികള്‍ ഏറെയുള്ളതുകൊണ്ട് പ്രവാസികളായ രൂപതാംഗങ്ങള്‍ക്ക് താങ്ങും തണലുമാവാന്‍ വേറെയാരും ഇല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ ഉദ്യമങ്ങളുടെയെല്ലാം ആരംഭം. പ്രവാസ ജീവിതത്തിന്റെ പ്രാരാബ്ധങ്ങള്‍ക്കിടയിലും പള്ളികളും വിശ്വാസക്കൂട്ടായ്മകളും പടുത്തുയര്‍ത്താന്‍ ചോര നീരാക്കിയ ജനതയോടൊപ്പം ഈ പ്രതിസന്ധി ഘട്ടത്തില്‍ രൂപതയും നിലയുറപ്പിക്കുന്നു. സഹായിക്കാന്‍ ആരുമില്ലാത്തതിന്റെ പേരില്‍ രൂപതയിലെ ഒരു കുഞ്ഞു പോലും ഭക്ഷണം കിട്ടാതെയും ചികിത്സ കിട്ടാതെയും ബുദ്ധിമുട്ടരുതെന്ന ദൃഢനിശ്ചയത്തില്‍ ദൈവത്തിലാശ്രയിച്ച് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നു.

എല്ലാവരുടെയും പ്രാര്‍ത്ഥന യാചിക്കുന്നു, എല്ലാവര്‍ക്കും ഞങ്ങളുടെ പ്രാര്‍ത്ഥന നേരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org