ചിരിയുടെ വലിയ മെത്രാപ്പോലീത്ത

ചിരിയുടെ വലിയ മെത്രാപ്പോലീത്ത

ഫാ. ഡോ. പോള്‍ തേലക്കാട്ട്‌

വലിയ മെത്രാപ്പോലീത്ത എന്നും വലിയ തിരുമേനി എന്നും കേരളത്തിലും പുറത്തും അറിയപ്പെട്ടിരുന്ന ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ 103 വര്‍ഷത്തെ ജീവിതപുസ്തകം അടഞ്ഞു. 1917-ല്‍ ജനിച്ച 64 വര്‍ഷങ്ങള്‍ മേല്‍പ്പട്ട സ്ഥാനത്തുണ്ടായിരുന്ന അദ്ദേഹത്തിന്റെ ജീവിതഗ്രന്ഥം പ്രൗഢവും പ്രസന്നവും ചിരിയുടെ സുഗന്ധപൂര്‍ണ്ണവുമായി വേദപുസ്തകസമാനമായി. മനുഷ്യന്‍ സ്വന്തം ജീവിതം എഴുതി ഉണ്ടാക്കുകയാണ്. നോവാലിസ് എന്ന ജര്‍മ്മന്‍ മിസ്റ്റിക്ക് എഴുതിയതുപോലെ "എഴുത്തിന്റെ അത്യുന്നതമായ പുസ്തകമാണ് ബൈബിള്‍." ആത്മാവ് വിശുദ്ധമായതു നല്കുമ്പോള്‍ ഏതു നിര്‍വ്യാജഗ്രന്ഥവും ബൈബിളാകണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബൈബിള്‍ 103 വര്‍ഷങ്ങള്‍ വായിച്ചും പഠിച്ചും 64 വര്‍ഷങ്ങളില്‍ മേല്‍പ്പട്ട സ്ഥാനത്തില്‍ ജനങ്ങളെ പഠിപ്പിച്ചും അദ്ദേഹം സ്വന്തം ജീവിതെത്ത ബൈബിള്‍ സമാനമായ ജീവിതഗ്രന്ഥമായി രചിക്കുകയായിരുന്നു. അടഞ്ഞ ഈ പുസ്തകം ഓസ്യത്തായി നമുക്കു തന്നു കൊണ്ടാണ് അദ്ദേഹം പോകുന്നത്. എഡ്മണ്ട് ജോബ്‌സ് എന്ന യഹൂദ കവി എഴുതി "ഉപേക്ഷിച്ചുപോന്ന സ്ഥലങ്ങളില്‍ ഞാന്‍ പറയപ്പെടുന്നത് എനിക്കു ഇഷ്ടമല്ല. നീ ഉപേക്ഷിച്ചു പോയതു നീയല്ലാത്ത നീയാണ്. എന്തായാലും ഞാന്‍ വീട്ടില്‍ വസിക്കുന്നു. നിങ്ങള്‍ പുസ്തകം വായിക്കുക, ഓരോ പേജും അഗാധമാണ്. അവിടെ പേര് കൊണ്ട് ആ ചിറക് വിളങ്ങുന്നു."

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി സ്വന്തം ജീവിതെത്ത ബൈബിള്‍ സമാനമായ ജീവിതഗ്രന്ഥമായി രചിക്കുകയായിരുന്നു.

മെത്രാപ്പോലീത്തയുമായി വര്‍ഷങ്ങളുടെ പരിചയമുണ്ടായിരുന്നു. അദ്ദേഹം രക്ഷാകര്‍ത്താവായി ഞാന്‍ പ്രസിഡന്റുമായ ക്രൈസ്തവ എഡിറ്റര്‍മാരുടെ സമിതി. തിരുമേനിയുടെ വസിതിയില്‍ പല തവണകളില്‍ സമ്മേളിച്ചിട്ടുണ്ട്. പല തവണകളില്‍ തിരുമേനിയുമായി അഭിമുഖ സംഭാഷണം നടത്തിയിട്ടുണ്ട്. ഈ സന്ദര്‍ഭങ്ങളിലൊക്കെ അദ്ദേഹത്തില്‍ വളരെ ശോഭിച്ചു കണ്ടതു വിചിത്രവും വിസ്മയകരവും മധുരോദാരവുമായ ഹാസ്യം നിറഞ്ഞ ഭാഷയും ശരീരവും മനസ്സുമായിരുന്നു. അതിസൂക്ഷ്മമായ നിരീക്ഷണത്തിന്റെയും മര്‍മ്മമറിയുന്ന ഭാഷാ പ്രാവീണ്യത്തിന്റെയും അതിലുപരി യുവത്വമാര്‍ന്ന ആത്മീയ ചിന്തയുടേയും മാജിക്ക് ഒന്നിപ്പിക്കുന്നതായിരുന്നു പ്രഭാഷണങ്ങള്‍.

ഉംബേര്‍ത്തോ എക്കോയുടെ "റോസാപ്പൂവിന്റെ പേര്" എന്ന നോവല്‍ ഒരു 13-ാം നൂറ്റാണ്ടിലെ സന്യാസാശ്രമത്തിന്റെ കഥയാണ്. ആ കൊവേന്തയില്‍ സന്യാസികള്‍ രണ്ടു ഗണമായി നടത്തിയ ഭീകരമായ രണ്ടു ദൈവശാസ്ത്ര ചോദ്യങ്ങളുടെ ഏറ്റുമുട്ടലുകളുടെ കഥ. യേശുക്രിസ്തുവിനു പണസഞ്ചിയുണ്ടായിരുന്നു എന്നും യേശു ചിരിച്ചില്ല എന്നും വാദിക്കുന്നവരുടെ മുതിര്‍ന്നവരുടെ ഭൂരിപക്ഷത്തിന്റെ നിര്‍വികാരവും വിരസവും അധികാരപരവുമായ നിലപാടിലാണ് കൊവേന്തയ്ക്കു അവരുടെ നേതാവ് തീയിട്ടു കത്തിക്കുന്നത്. യേശുക്രിസ്തു ചിരിച്ചു എന്ന ലൂസിഫറിന്റെ നിലപാടിനെ ഇല്ലായ്മ ചെയ്യുന്നതു ആത്മീയഗുരുവും പുസ്തകശാലയുടെ അധിപനുമാണ്. ഈ പ്രശ്‌നത്തില്‍ ക്രിസ്തു ചിരിച്ചില്ല എന്നതിന്റെ ഏറ്റവും ആധികാരിക സാക്ഷിയാകുന്നതു വി. ക്രിസോസ്റ്റം (+407) തന്നെയാണ്.

<em>വലിയ മെത്രാപ്പോലീത്തയുടെ തമാശകേട്ട് ചിരിക്കുന്ന യേശുവിന്റെയും തിരുമേനിയുടെയും ചിത്രം വരച്ച് ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്കു സമ്മാനിക്കുന്നു…</em>
വലിയ മെത്രാപ്പോലീത്തയുടെ തമാശകേട്ട് ചിരിക്കുന്ന യേശുവിന്റെയും തിരുമേനിയുടെയും ചിത്രം വരച്ച് ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്കു സമ്മാനിക്കുന്നു…

നോവലിലെ ചിരി വിരുദ്ധനായ ജോര്‍ജ് പറയുന്നു 'വേദപുസ്തകത്തിന്റെ ഓരങ്ങളെക്കുറിച്ചാണ് ഇന്നു നാം ചര്‍ച്ച ചെയ്യുന്നത്. ജോണ്‍ ക്രിസോസ്റ്റം പറഞ്ഞു. ക്രിസ്തു ഒരിക്കലും ചിരിച്ചിട്ടില്ല.' പക്ഷെ നോവലിലെ കുറ്റാന്വേഷകനായ വില്യം പറഞ്ഞു "മനുഷ്യ സ്വഭാവത്തിലുള്ള ഒന്നും നിഷിദ്ധമല്ല. ദൈവശാസ്ത്രജ്ഞന്മാര്‍ പറയുന്നതു പോലെ ചിരി മനുഷ്യന് യുക്തമാണ്."

പക്ഷെ, ജോര്‍ജ് തരിച്ചടിച്ചു "ദൈവപുത്രന്‍ ചുമച്ചിട്ടുണ്ടാകാം, ചുമച്ചു എന്ന് ബൈബിളില്‍ എഴുതിയിട്ടില്ല." സാമുവല്‍ ബെക്കറ്റ് തന്റെ മോളൊയി (Molloy) എന്ന കൃതിയില്‍ പറയുന്നു. "മൃഗങ്ങള്‍ ഒരിക്കലും ചിരിക്കില്ല, അയാള്‍ പറഞ്ഞു. അതു തമാശയായി തോ ന്നുന്നല്ലോ, ഞാന്‍ പറഞ്ഞു. എന്ത്, അയാള്‍ ചോദിച്ചു. ഇതു തമാശയായി തോന്നുന്നല്ലോ എന്ന് ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു. അയാള്‍ നിശബ്ദനായി, ക്രിസ്തു ഒരിക്കലും ചിരിച്ചിട്ടില്ല, അയാള്‍ പറഞ്ഞു. നിങ്ങള്‍ക്ക് അത്ഭുതം തോന്നുന്നുവോ, ഞാന്‍ പറഞ്ഞു. അതാണ് കാര്യം, അയാള്‍ പറഞ്ഞു. അയാള്‍ ശോകത്തോടെ മന്ദഹസിച്ചു."

ക്രിസോസ്റ്റം തിരുമേനി തന്റെ പേരുകാരനായ വിശുദ്ധനെ നിരാകരിച്ചുകൊണ്ട് വിശുദ്ധിയില്‍ ചിരിയും ചേരണം എന്നു ചിന്തിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ ജീവിതമെഴുത്തില്‍ നിന്നു ചിരി ഒഴിവാക്കാനാവില്ല. അതു ചിരിക്കുന്ന ക്രിസ്തുവിന്റെ ഈ കാലഘട്ടത്തിന്റെ ഒരു പതിപ്പാണ്. അതിന് പാരമ്പര്യമുണ്ട്, അതു പുതിയ ഏര്‍പ്പാടല്ല. മദ്ധ്യശതകത്തിലെ യൂറോപ്യന്‍ ക്രൈസ്തവ സമൂഹങ്ങള്‍ ഉണ്ടാക്കിയ ചിരിയുടെ ആഘോഷത്തിന്റെ കാര്‍ണിവല്‍ ക്രിസ്തുവിന്റെ മാംസം ധരിക്കലിന്റെയും പീഡിതമരണത്തിന്റെയും സാധാരണക്കാരുടെ വിശ്വാസത്തിന്റെ പള്ളിക്കു പുറത്തുള്ള രണ്ടാം ഊഴത്തിന്റെ ആഘോഷമായിരുന്നു. അത് എല്ലാ ഉന്നതരേയും ആഘോഷത്തിന്റെയും പരിഹാസത്തിന്റെയും മണ്ഡലത്തിലേക്കു പിടിച്ചിറക്കി കളിയാക്കി ചിരിക്കുന്ന ഉത്സവത്തിന്റെ പിതാമഹനായിരുന്ന ഫ്രാന്‍സ്വ റാബ്‌ലേ, അദ്ദേഹത്തിന്റെ കേരളത്തിന്റെ പതിപ്പാണ് കുഞ്ചന്‍ നമ്പ്യാര്‍.

ടോണി ഡിമെല്ലോ വിശുദ്ധ ജീവിതത്തിന്റെ പടവുകളെക്കുറിച്ച് ഒരു ആത്മീയ കഥ പറഞ്ഞിട്ടുണ്ട്. ഗുരു തന്റെ ആത്മീയതയുടെ പടവുകള്‍ ശിഷ്യര്‍ക്കു പറഞ്ഞു കൊടുക്കുകയാണ്. ആദ്യ പടവുകള്‍ പറഞ്ഞു തീര്‍ന്നപ്പോള്‍ ഒരു ശിഷ്യന്‍ അവസാന പടിയെക്കുറിച്ച് അറിയാന്‍ ആവേശമായി. നിശബ്ദതയുടെ നാട്ടിലെത്തിയ ഗുരുവിനോട് ചോദിച്ചു "ഇതാണോ അവസാന പടി?" "അല്ല, ഗുരു പറഞ്ഞു." ഒരു ദിവസം ദൈവം പറഞ്ഞു: ഇന്നു നിന്നെ ഞാന്‍ ദൈവത്തിന്റെ ആലയത്തിന്റെ ഏറ്റവും വിശുദ്ധമായ സ്ഥലത്തേക്ക് കൊണ്ടുപോകുകയാണ് – ദൈവത്തിന്റെ ഹൃദയത്തിലേക്ക്. അങ്ങനെ ഞാന്‍ ചിരിയുടെ മണ്ഡലത്തിലേക്കു ആനയിക്കപ്പെട്ടു." ദൈവത്തിന്റെ വിശുദ്ധിയുടെ വിശുദ്ധ സ്ഥലത്തു പ്രാര്‍ത്ഥനയും വിശ്വാസവും മാത്രം പോരാ, ചിരിയും വേണം. അതാണ് ക്രിസോസ്റ്റം തിരുമേനിയുടെ ദൈവശാസ്ത്രം. അദ്ദേഹം തന്നെ പറഞ്ഞ ഒരു കഥ ഉദ്ധരിക്കട്ടെ. ഈ കഥ പള്ളിയുടെ അതിവിശുദ്ധ വേദിയെക്കുറിച്ചുള്ള കഥയുമാണ്. ഒരു പള്ളിയുടെ കമ്മറ്റിയില്‍ ഒരു നിര്‍ദ്ദേശം വന്നു. കമ്മറ്റിക്കാര്‍ വൈദികര്‍ക്കു വേണ്ടി സൗകര്യമായി ഒരു കക്കൂസ് പണിയണം എന്ന നിര്‍ദ്ദേശം പരിഗണിച്ചു. ആ സൗകര്യം അവര്‍ക്ക് ചെയ്തു കൊടുക്കേണ്ടത് അവരുടെ പ്രാഥമിക ആവശ്യമാണല്ലോ. ഇങ്ങനെ ഒരു ആവശ്യം നടത്തിക്കൊടുക്കാന്‍ കമ്മറ്റിക്കാര്‍ക്ക് വിയോജിപ്പില്ല. പക്ഷെ, അതു എവിടെ പണിയും എന്നതില്‍ തര്‍ക്കമായി. വിശുദ്ധിയുടെ വിശുദ്ധ സ്ഥലത്തോ അതിനടുത്തോ ഇതു പണിയാന്‍ പാടില്ല, അതു വലിയ അനാദരവാകും എന്നൊരു കൂട്ടര്‍ ശഠിച്ചു. ദേവാലയ വിശുദ്ധി കക്കൂസ് തകര്‍ക്കും എന്നതായിരുന്നു പ്രശ്‌നം. പ്രശ്‌നം സഭാദ്ധ്യക്ഷന്റെ മുന്‍പിലെത്തി.

ക്രിസോസ്റ്റം തിരുമേനി തന്റെ പേരുകാരനായ വിശുദ്ധനെ നിരാകരിച്ചുകൊണ്ട് വിശുദ്ധിയില്‍ ചിരിയും ചേരണം എന്നു ചിന്തിച്ച വ്യക്തിയാണ്.

രണ്ടു കൂട്ടരേയും കേട്ട് തിരുമേനി പറഞ്ഞു. "നിങ്ങളുടെ ദൈവാലയ പരിശുദ്ധി പരിരക്ഷിക്കാനുള്ള താത്പര്യം വളരെ നല്ലതാണ്. പക്ഷെ, ഈ പട്ടക്കാര്‍ പള്ളിയുടെ അതിവിശുദ്ധമായ വേദിയില്‍ നില്ക്കുമ്പോള്‍ അവരുടെ മലമൂത്രാദികള്‍ അവരില്‍ത്തന്നെയുണ്ടല്ലോ. അതു ദേവാലയത്തെ അശുദ്ധമാക്കില്ലേ!"

എല്ലാവരും ചിരിച്ചു, ആ ചിരിയില്‍ പ്രശ്‌നവും ആവിയായിപ്പോയി. ഇതു പറയാനും വിശ്വസിക്കാനും കഴിയുന്ന മനസ്സ് ഒരു കാര്‍ണിവല്‍ മനസ്സാണ്. അതു ശരീരത്തേയും മാംസത്തേയും ദൈവം സ്വീകരിച്ച് വചനം മാംസം ധരിച്ച് മഹത്വപ്പെടുത്തിയതിന്റെ ആഘോഷമാണ്. ഈ വിധം മാംസം ധരിച്ച യേശുവിന്റെ ശരീരമാണ് ഏറ്റവും പരിഹാസ രൂപവുമായത്. ഈ ക്രൂശിതരൂപം യഹൂദരുടെ സംഘടിതമായ കൊലപാതകത്തെയും റോമാ സാമ്രാജ്യത്തിന്റെ കിരാതമായ ക്രൂരതയേയും പരിഹസിച്ചു നില്‍ക്കുന്ന ഭീകരരൂപമായി മാറി.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഫിലോസൊഫി ക്ലാസ്സില്‍ അദ്ധ്യാപകന്‍ ഉന്നയിച്ച ചോദ്യമോര്‍ക്കുന്നു. ഹേഗലാണ് തത്ത്വചിന്തയെ ലോജിക്ക് അഥവാ തര്‍ക്കമാക്കി മാറ്റിയത്. ഹേഗലിനെ എങ്ങനെ തോല്പിക്കും? അഥവാ തര്‍ക്കത്തിനെതിരെ തര്‍ക്കിക്കുന്നത് എങ്ങനെ? അനുകൂലമായി പറഞ്ഞാലും പ്രതികൂലമായി പറഞ്ഞാലും നിങ്ങള്‍ തര്‍ക്കത്തിലാണ്; തര്‍ക്കത്തെ തോല്പിക്കാനാവില്ല. ചോദ്യത്തിന് ഉത്തരം നമുക്ക് അറിയാവുന്നതാണ്. തര്‍ക്കത്തെ തോല്പിക്കാന്‍ തര്‍ക്കത്തിനാകില്ല. അതു കഴിയുന്ന ആളാണ് കുഞ്ചന്‍ നമ്പ്യാര്‍. പരിഹാസ്യത്തിന്റെ കോമാളിക്ക് മാത്രമേ തര്‍ക്കത്തെ ചിരിയുടെ അമിട്ടുകള്‍ പൊട്ടിച്ച് തോല്പിക്കാനാവൂ.

അധികാരത്തിന്റെ യുക്തിയുടെ അക്രമത്തെ ചെറുക്കുന്നതു ചിരിയുടെ മിമിക്രിയിലും കാര്‍ട്ടൂണിലും സറ്റയറിന്റെ വിരുദ്ധോക്തിയുടെ പരിഹാസത്തിലുമാണ്. ഒരു ദൈവശാസ്ത്രജ്ഞന്‍ എഴുതി "ചിരി ഒരു വിറയലാണ്, ദൈവത്തിന്റെ ചിരിയുടെ ശിശുസഹജമായ ഒരു വിറയല്‍. അത്യന്തികമായി ദൈവം ചിരിച്ചതുകൊണ്ട് നാം ചിരിക്കുന്നു." ചിരിക്കുക മാത്രമല്ല, ആടുന്നു, പാടുന്നു, കഥ പറയുന്നു, പരിഹസിക്കുന്നു – വിഡ്ഢികളുടെ പെരുന്നാള്‍ ആഘോഷിക്കുന്ന പള്ളിയുടെ ഗൗരവം ശ്വാസംമുട്ടിക്കുകയും മൗലികവാദമാക്കുകയും ചെയ്യുമ്പോള്‍ ചിരിയുടെ വരവാണ് നമ്മെ രക്ഷിക്കുന്നത്. അടിച്ചമര്‍ത്തുന്ന അധികാരത്തിനെതിരായ കാര്‍ണിവല്‍ ആഘോഷത്തിന്റെ വെടിക്കെട്ടും ചിരിയുടെ പൂരവും അധികാരത്തെ എടുത്തു അമ്മാനമാടും.

<span style="color: #808080;"><em>സത്യദീപത്തില്‍ പ്രസിദ്ധീകരിച്ച ക്രിസോസ്റ്റം പിതാവിന്റെ 'ആത്മകഥ'</em></span>
സത്യദീപത്തില്‍ പ്രസിദ്ധീകരിച്ച ക്രിസോസ്റ്റം പിതാവിന്റെ 'ആത്മകഥ'

ചിരി മുടക്കപ്പെട്ട സാമ്രാജ്യങ്ങള്‍ ഉണ്ടാക്കപ്പെടും. ആ സാമ്രാജ്യങ്ങള്‍ ചിരിയുടെ അന്തമില്ലാത്ത ആവര്‍ത്തനത്തില്‍ തകര്‍ന്നടിയും. ജോര്‍ജ് ഓര്‍വലിന്റെ വിരുദ്ധോക്തിയുടെ കൃതികളാണ് തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആനിമല്‍ ഫാം തകര്‍ത്തത് എന്നു മറക്കാനാവില്ല. ചിരിയുടെ വിശുദ്ധ വായു ജീവിതത്തിന്റെ ഏതു മണ്ഡലത്തിലേക്കും കൊണ്ടുവ രാന്‍ കഴിയും. ഓര്‍വല്‍ ഒരിക്കല്‍ പറഞ്ഞു "ഏതു കോടീശ്വരനും കുറ്റബോധമുള്ളവനാണ്, മോഷ്ടിച്ച ആട്ടിറച്ചി കഴിക്കുന്ന പട്ടിയെപ്പോലെ." ഏതു ചെവിയില്ലാതെ തിന്നുന്ന പട്ടിക്കും ചെവിയുണ്ടാക്കാന്‍ പരിഹാസത്തിന്റെ കൂട്ടച്ചിരിക്കു കഴിയും.

ഇത്തരം സംഭാഷണങ്ങള്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തായില്‍ നിന്നു നാം ആവര്‍ത്തിച്ചു കേട്ടിട്ടുണ്ട്. സ്റ്റേജില്‍ പ്രസംഗിച്ചപ്പോള്‍ അതേ വേദിയില്‍ ഇരുന്ന മെത്രാപ്പോലീത്തയെക്കുറിച്ചു പറഞ്ഞു, "ഈ തിരുമേനി എന്നെ ക്ഷണിക്കുക മാത്രമല്ല, ഞാന്‍ എന്തു പറയണമെന്നും എന്നോടു പറഞ്ഞു തന്നു." ഈ ശബ്ദം നിലച്ചു. അതുണ്ടാക്കുന്നതു കേരളത്തിലെ ക്രൈസ്തവികതയില്‍ ഒരു അസാന്നിദ്ധ്യമാണ്. ഔദ്യോഗികതയുടെമേല്‍ ചൊരിയുന്ന വിരുദ്ധോക്തിയുടെ ചിരി ആരെയും കൊച്ചാക്കുന്നതല്ലായിരുന്നു, എല്ലാവരേയും തലോടുന്നതും ചിന്തിപ്പിക്കുന്നതും മാത്രമല്ല സഭാ പാരമ്പര്യത്തിലെ വിശുദ്ധനായ "വിഡ്ഢി"യുടെ വിവേകത്തിന്റെയുമായിരുന്നു.

മനുഷ്യന്‍ ചിരിക്കുമ്പോഴും കരയുമ്പോഴുമാണ് കണ്ണില്‍ കണ്ണീര് വരുന്നത്. കണ്ണ് കണ്ണീരില്‍ നനയുമ്പോഴാണ് മനുഷ്യന്‍ സത്യം കാണുന്നത് എന്നു പറഞ്ഞതു ദരീദയാണ്. സാധാരണ മനുഷ്യന്റെ കണ്ണീര്‍ ഏതോ അസാന്നിദ്ധ്യത്തിന്റെ വേദനയില്‍ നിന്നോ ചിരിയില്‍ നിന്നോ ആകാം. തിരുമേനിയുടെ ചിരി ചിന്തിപ്പിക്കുന്നു – അതു നവീകരിക്കുകയും സത്യനിഷ്ഠമായി ശുദ്ധീകരിക്കുകയും ചെയ്യുന്നു.

യേശു ചിരിച്ചോ എന്ന ചോദ്യത്തില്‍ തന്റെ പേരുകാരനെ ധിക്കരിച്ചവനായിരുന്ന ക്രിസോസ്റ്റം തിരുമേനിയെങ്കിലും രണ്ടു പേരും ഒരുപോലെ സ്വര്‍ണ്ണനാവുള്ളവരായിരുന്നു. അഗ്നിശുദ്ധി വരുത്തിയ ഭാഷകൊണ്ട് കേള്‍വിക്കാരെക്കൊണ്ട് അമ്മാനം ആടാനും ഭാഷണവിരുന്നില്‍ രസിപ്പിച്ചും ചിന്തിപ്പിച്ചും തിരുത്തിയും സ്ഫുടപാകം ചെയ്യാന്‍ കഴിഞ്ഞവരായിരുന്നു. ഈ സ്വര്‍ണ്ണനാവിന്റെ പാതയുടെ വിശുദ്ധ ഗ്രന്ഥമായി ആ ജീവിതം നമ്മുടെ പാരമ്പര്യത്തിലേക്കു ചേര്‍ക്കപ്പെടുന്നു.

മഹാനായ ചിന്തകനായ ദരീദ അതുേപാലെ വിശുദ്ധമായ ചിന്തകളുടെ സ്രോതസ്സായിരുന്ന ലെവീനാസിന്റെ മൃതസംസ്‌കാര ചടങ്ങില്‍ നടത്തിയ ചരമപ്രസംഗത്തിന്റെ പേര് – Adieu Levinas എന്നതായിരുന്നു. Adieu എന്ന ഫ്രഞ്ച് വാക്കിനു 'വിട' എന്നും "ദൈവത്തിനര്‍പ്പിക്കുന്നു' എന്നും അര്‍ത്ഥമുണ്ട്. നമ്മുടെ പൊതുജീവിതത്തെയും സ്വകാര്യജീവിതത്തേയും ധന്യമാക്കിയ ക്രിസോസ്റ്റം തിരുമേനിക്കു വിടപറയുമ്പോള്‍ അദ്ദേഹം സ്വന്തം മരണം ദൈവത്തിനര്‍പ്പിച്ച നല്ല ക്രിസ്ത്യാനിയുടെ നല്ല മാതൃകയായിരുന്നു എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്നു എന്ന ചാരിതാര്‍ത്ഥ്യമുണ്ട്.

Related Stories

No stories found.