ഉദ്യാനഭംഗിയും മര്യാദകളും

അമേരിക്കന്‍ യാത്രാ വിശേഷങ്ങള്‍ - 2
ഉദ്യാനഭംഗിയും മര്യാദകളും
Published on
പലരും അവിടെ തീ കത്തിച്ച് BBQ ഉണ്ടാക്കുന്നുണ്ടായിരുന്നു. എന്നിട്ടും അവിടെയെങ്ങും ഒരു വേസ്റ്റും നമുക്ക് കാണാന്‍ കഴിയില്ല. അതെല്ലാം ഒരു സംസ്‌കാരമായി മാറിക്കഴിഞ്ഞു. ഇത്ര മാത്രം ആളുകള്‍ കൂടിയിട്ടും അവിടെ ആരും പരസ്യമായി മദ്യപിക്കുന്നതോ, പു കവലിക്കുന്നതോ കാണാന്‍ കഴിഞ്ഞില്ല.

ഇത്തവണത്തെ അമേരിക്കന്‍ വരവിലെ ആദ്യ യാത്ര Breckinridge പാര്‍ക്കിലേക്കായിരുന്നു. റിച്ചാര്‍ഡ്‌സണ്‍ലെ ഏറ്റവും വലിയ പാര്‍ക്കാണ് Breckinridge പാര്‍ക്ക്. അതിന്റെ വലിപ്പം 417.13 ഏക്കറാണ്. 7 മൈലോളം നീളമുള്ള മനോഹരമായ നടപ്പാതകള്‍, വലിയ കളിസ്ഥലങ്ങള്‍, രണ്ടു പവിലിയന്‍, ഒരു വലിയ മട്ടുപ്പാവ്, 12 സോക്കര്‍ ഫീല്‍ഡുകള്‍, 4 ലീഗ്/ ടൂര്‍ണമെന്റ് ബേസ്‌ബോള്‍ കളി സ്ഥലങ്ങള്‍, 3 കുളങ്ങള്‍, മറ്റു സൗ കര്യങ്ങള്‍ എന്നിവയെല്ലാമുള്ള പാര്‍ക്. വികസിപ്പിക്കാത്ത കാടുകളും മരങ്ങളും നിറഞ്ഞ സ്ഥലങ്ങളും ഉണ്ട്. ഞങ്ങള്‍ കാടുകള്‍ക്കിടയിലൂടെ കുറെ ദൂരം നടന്നു. ഇത്രയും ആളുകള്‍ വന്നിട്ടും, അവിടെ പ്രവേശന ഫീസോ, കൊച്ചു കടകളോ ഒന്നും തന്നെയില്ല. ഭക്ഷണവുമായി വരുന്നവര്‍ക്ക് കഴിക്കാം, അല്ലെങ്കില്‍ ബാര്‍ബിക്യു ഉണ്ട്. കുടുംബങ്ങള്‍ വലിയ പട്ടങ്ങളുമായി വന്നു പറപ്പിക്കുന്നുണ്ട്.

ഒന്നോ രണ്ടോ ദിവസത്തെ കാഴ്ചകൊണ്ട് പാര്‍ക്കിന്റെ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാനോ, കാണുവാനോ കഴിയുന്നതല്ല. ആദ്യ ദിവസം കണ്ടത് കളിമൈതാനങ്ങള്‍ ഉള്ള ഭാഗമായിരുന്നു. അടുത്ത ദിവസം അതിന്റെ മറുവശം കാണാന്‍ പോയി. രാവിലെ ഞങ്ങള്‍ ഫോള്‍ഡിങ് കസേരകള്‍, ഷീറ്റ്, പന്ത്, കളിക്കാനുള്ള മറ്റു സാധനങ്ങള്‍ എന്നിവയും പ്രാതലിനുള്ള ഭക്ഷണങ്ങളുമായി ചെന്ന് ഒരു സ്ഥലം കണ്ടെത്തി. ഭക്ഷണങ്ങള്‍, ഡ്രൈവ് ത്രൂ കൗണ്ടറിലൂടെ ഓര്‍ഡര്‍ ചെയ്ത് വാങ്ങുകയായിരുന്നു. നമ്മള്‍ ഒരു സ്ഥലത്തു ചെന്ന് കാറില്‍ ഇരുന്നു തന്നെ സ്പീക്കറില്‍ കൂടി ഭക്ഷണം ഓര്‍ഡര്‍ ചെയ്യും, അതിനെ സംബന്ധിച്ച വിവരങ്ങള്‍ അവര്‍ പറയും. അത് കഴിയുമ്പോള്‍ ഓര്‍ഡര്‍ സ്‌ക്രീനില്‍ കാണിക്കും. കാര്‍ മുന്നോട്ടു ചെല്ലുമ്പോള്‍ പണമടക്കുന്നതിനുള്ള കാര്‍ഡ് കൊടുക്കുന്നു, അടുത്ത കൗണ്ടറില്‍ നിന്നും ഭക്ഷണം കിട്ടുന്നു. ഒരു ചോദ്യവുമില്ല. 10 മിനിറ്റില്‍ എല്ലാം കഴിഞ്ഞു. കാര്‍ നമ്പര്‍ ഉള്‍പ്പടെ അവര്‍ അതിനകം സ്‌കാന്‍ ചെയ്തിട്ടുണ്ടാകും.

ഞങ്ങളെ പോലെ പലരും ഭക്ഷണവും, മറ്റു കളി ഉപകരണങ്ങളും കുട്ടികളും ഒക്കെ ആയി വന്നു ഓരോ സ്ഥലങ്ങളില്‍ കൂടി. മഞ്ഞു കാലം കഴിഞ്ഞതിനാല്‍ മരങ്ങള്‍ നിറയെ ഇലകളും, പൂക്കളും, മണ്ണില്‍ പുല്ലുകളും നിറഞ്ഞിരുന്നു. മനോഹരമായ കാഴ്ച. മറ്റു ബഹളങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ധാരാളം കിളികളെ കാണാനും അവയുടെ പാട്ടുകള്‍ കേള്‍ക്കാനും കഴിയുന്നുണ്ട്. മരങ്ങളുടെ താഴെ ഭാഗത്തുള്ള എല്ലാ ശിഖരങ്ങളും വെട്ടിയിരുന്നു. അതിനാല്‍ കാടിന്റെ ഉള്‍ഭാഗം വരെ കാണാന്‍ കഴിയും. ഈ 10 അടി വീതിയുള്ള കോണ്‍ക്രീറ്റ് നടപ്പാതകളിലൂടെ ആളുകള്‍ക്ക് കിലോമീറ്ററുകളോളം സുഖമായി നടക്കാം. കൂടാതെ മോട്ടര്‍ ഇല്ലാത്ത വാഹനങ്ങളും ഉപയോഗിക്കാം. നടപ്പാതകള്‍ ഒരു പുല്ലുപോലും ഇല്ലാതെ വെട്ടി നിര്‍ത്തിയിരിക്കുന്നു. എല്ലാ സ്ഥലങ്ങളിലുമുള്ള പുല്ലുകളും കൃത്യമായ ഇടവേളകളില്‍ വെട്ടുന്നു.

ജനങ്ങള്‍ക്ക് നടക്കാനും, കൂടാനും, കളിക്കാനും, വിശ്രമിക്കാനും ഉള്ള ഇടങ്ങളാണ് ഇവയെല്ലാം. മിക്കവാറും എല്ലാവരും തന്നെ നായകളുമായാണ് ഈ പാര്‍ക്കില്‍ വരുന്നത്. നായകളെ അഴിച്ചു വിടാന്‍ പാടില്ല. അവയുടെ കഴുത്തില്‍ ഇടുന്ന ചരടിന്റെ നീളവും 6 അടിയായി നിശ്ചയിച്ചിട്ടുണ്ട്. അതില്‍ കൂടുതല്‍ നീളത്തില്‍ വിടാന്‍ പാടില്ല. നായകള്‍ പൊതുസ്ഥലങ്ങളില്‍ വിസര്‍ജിക്കാന്‍ പാടില്ല. അത് അപ്പോള്‍ തന്നെ എടുത്തു അതിനുള്ള വേസ്റ്റ് ബോക്‌സില്‍ ഇടണം. അതിനുള്ള ബോക്‌സും പ്ലാസ്റ്റിക് കവറും അവിടെയുണ്ട്. എല്ലാ വീടുകളിലും നായകള്‍ ഉണ്ടെങ്കിലും ഒരെണ്ണത്തിനെപ്പോലും അതിന്റെ ഉടമ ഇല്ലാതെ ഒറ്റയ്ക്ക് പുറത്തു കാണാന്‍ കഴിയില്ല.

അമേരിക്കക്കാരുടെ കൊളോണിയല്‍ കാലം മുതലേയുള്ള ഒരു ഭക്ഷണമാണ് ബാര്‍ബിക്യു (Barbecue BBQ). അത് ഉണ്ടാക്കുന്നതിനുള്ള ഉപകരണങ്ങള്‍ എല്ലാ വീടുകളിലും തന്നെ ഉണ്ടായിരിക്കും. കുറെ ആളുകള്‍ കൂടി വീടിനു പുറത്തോ പാര്‍ക്കുകളിലോ ഇറച്ചിയോ, മീനോ ഉപയോഗിച്ച് ഒരു പ്രത്യേക റാക്കില്‍ കരി വച്ച് കത്തിച്ചോ അല്ലെങ്കില്‍ പോര്‍ട്ടബിള്‍ ഗ്രില്ലില്‍ വച്ചോ ഉണ്ടാക്കുന്ന ഭക്ഷണമാണ് ബാര്‍ബീക്യൂ. എല്ലാ പൊതുസ്ഥലങ്ങളിലും ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഈ പാര്‍ക്കിന്റെ ചുറ്റുപാടും അത്തരം സൗകര്യം ഒരുക്കിയിട്ടുണ്ട്. അവിടങ്ങളിലെല്ലാം അതിനു വേണ്ടുന്ന സ്ഥിരമായ മേശയും കസേരകളും വേസ്റ്റ് ഇടുവാനുള്ള ബിന്നുകളുമുണ്ട് ഉണ്ട്. പലരും അവിടെ തീ കത്തിച്ച് ആആഝ ഉണ്ടാക്കുന്നുണ്ടായിരുന്നു. എന്നിട്ടും അവിടെയെങ്ങും ഒരു വേസ്റ്റും നമുക്ക് കാണാന്‍ കഴിയില്ല. അതെല്ലാം ഒരു സംസ്‌കാരമായി മാറിക്കഴിഞ്ഞു. ഇത്രമാത്രം ആളുകള്‍ കൂടിയിട്ടും അവിടെ ആരും പരസ്യമായി മദ്യപിക്കുന്നതോ, പുകവലിക്കുന്നതോ കാണാന്‍ കഴിഞ്ഞില്ല.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org