വിളുമ്പുകളിലെ വികാരിക്കു കഴിയുമോ വിശ്വാസത്തിന്റെ കാവല്‍ക്കാരനാകാന്‍?

വിളുമ്പുകളിലെ വികാരിക്കു കഴിയുമോ വിശ്വാസത്തിന്റെ കാവല്‍ക്കാരനാകാന്‍?
വിശ്വാസകാര്യാലയത്തിന്റെ അധ്യക്ഷനായി അര്‍ജന്റീനയില്‍ നിന്നുള്ള കാര്‍ഡിനല്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ചിലരിലെങ്കിലും ആ നിയമനം അമ്പരപ്പും സൃഷ്ടിച്ചു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ പോലുള്ളവര്‍ വഹിച്ചിരുന്ന ചുമതലയാണ് വിശ്വാസകാര്യാലയത്തിന്റേത്. വിശ്വാസസംഹിതയുടെ പവിത്രത സംരക്ഷിക്കുന്നതില്‍, സഭയുടെ ദിശ നിര്‍ണ്ണയിക്കുന്നതില്‍ സവിശേഷമായ പങ്കുവഹിക്കുന്ന പദവി. ഗൗരവതരമായ അന്വേഷണങ്ങള്‍ക്കും അച്ചടക്ക നടപടികള്‍ക്കും ഉത്തരവാദപ്പെട്ട കാര്യാലയം. എന്നാല്‍, വിശ്വാസസംരക്ഷണത്തിനുള്ള അരുതുകളുടെയും വിലക്കുകളുടെയും കാര്‍ക്കശ്യത്തില്‍ നിന്നു വിശ്വാസപ്രചാരണത്തിന്റെ സര്‍ഗാ ത്മക പാതകളിലേക്കു കാര്യാലയം മാറണമെന്ന ചിന്തയാണു പുതിയ അധ്യക്ഷന്റെ തിരഞ്ഞെടുപ്പിനു പിന്നിലുള്ളത്. നിയമനമറിയിച്ചുകൊണ്ടുള്ള കത്തിലെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ വരികള്‍ക്കിടയില്‍ ഇതു സൂചിപ്പിക്കുന്നുണ്ട്.
  • കാര്‍ഡിനല്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് അര്‍ജന്റീനയിലെ ജനകീയനായ അജപാലകനും എഴുത്തുകാരനുമാണ്. ചില രചനകള്‍ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന അദ്ദേഹത്തിന്റെ ഒരഭിമുഖ സംഭാഷണത്തില്‍ നിന്ന്:

Q

വിശ്വാസകാര്യാലയത്തിന്റെ അധ്യക്ഷനെന്ന നിലയില്‍ അങ്ങയുടെ പ്രധാന ജോലികള്‍ എന്തായിരിക്കും?

A

സ്ഥാനമൊഴിയുന്ന അധ്യക്ഷന്‍ കാര്‍ഡിനല്‍ ലദാരിയായുടെ, ദൈവശാസ്ത്രജ്ഞനെന്ന നിലയിലും വിശ്വാസകാര്യാലയത്തിന്റെ അധ്യക്ഷനെന്ന നിലയിലുമുള്ള മാതൃകാപരമായ സേവനശൈലിയെ ശ്ലാഘിച്ചുകൊണ്ട്, കാര്യാലയത്തിലെ അംഗങ്ങള്‍ക്ക് ഞാനൊരു കത്തയച്ചിരുന്നു. അതേസമയം, ഒരു ഇറ്റാലിയന്‍ ഗാനത്തിന്റെ ഈരടി പോലെ, ''ഞാന്‍ എന്റേതായ വഴിയിലൂടെയായിരിക്കും'' ഈ ജോലി ചെയ്യുകയെന്നും അതില്‍ ഞാനെഴുതിയിട്ടുണ്ട്. സിനഡാലിറ്റിക്കുവേണ്ടിയുള്ള പാപ്പായുടെ ആഹ്വാനം കണക്കിലെടുത്തുകൊണ്ട്, തീരുമാനങ്ങളെടുക്കുന്നതിനുമുമ്പ് ആദ്യം ശ്രവിക്കാന്‍ ഞാന്‍ തയ്യാറാകേണ്ടതുണ്ട്. പാപ്പാ എനിക്കയച്ച കത്തിലെ ആവശ്യങ്ങളും തീര്‍ച്ചയായും പരിഗണിക്കണം, അവയും പ്രയോഗത്തിലെത്തിക്കാന്‍ ശ്രമിക്കും.

Q

ലൈംഗികചൂഷണ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനാവില്ല എന്ന് അങ്ങ് പാപ്പയോടു പറഞ്ഞത് എന്തുകൊണ്ടാണ്?

A

മാര്‍പാപ്പ ഈ ജോലി ഏറ്റെടുക്കാന്‍ ആദ്യം പറഞ്ഞപ്പോള്‍ നിഷേധിച്ചതാണു ഞാന്‍. കാരണം, അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട രംഗത്തെ ജോലികള്‍ക്കു നേതൃത്വം നല്‍കാന്‍ അനുയോജ്യനായ ഒരാളായി ഞാനെന്നെ കാണുന്നില്ല. ഞാനൊരു കാനോന്‍ നിയമവിദഗ്ധനല്ല. ലാ പ്ലാറ്റ അതിരൂപതാധ്യക്ഷനായി ചുമതലയേല്‍ക്കുമ്പോള്‍, ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന യാതൊരു ധാരണയും എനിക്കില്ലായിരുന്നു. സങ്കീര്‍ണമായ ഒരു വിഷയമാണിത്. കാരണം, ബാലലൈംഗികചൂഷണത്തെ കുറിച്ച് പരാതി പറയുന്ന ഒരാളെ നാം തത്വത്തില്‍ വിശ്വസിക്കേണ്ടതുണ്ട്. പരാതിക്കാരെ വിശ്വസിക്കണം. മറുവശത്ത്, ആവശ്യമായ നടപടിക്രമങ്ങള്‍ കൂടാതെ ഒരു വൈദികനെ കുറ്റക്കാരനായി വിധിക്കാനും കഴിയില്ല. അതിനു സമയമാവശ്യമുണ്ട്. അതിനിടയില്‍ വരുന്ന അനേകമന്വേഷണങ്ങളോട് കഴിയുന്നത്ര കുറച്ചു പ്രതികരിക്കാനേ കഴിയുകയുളളൂ, ആ പ്രക്രിയകളിലൊന്നും ഇടപെടലുണ്ടാകാതിരിക്കാന്‍ അതാവശ്യമാണ്. ആ സമയത്ത് കാനോന്‍ നിയമപണ്ഡിതര്‍ പറയുന്നതനുസരിച്ചാണു ഞാന്‍ നീങ്ങിക്കൊണ്ടിരുന്നത്. ഞാന്‍ പഠിക്കുകയായിരുന്നു. പക്ഷേ, അത് ആരോടെങ്കിലുമുള്ള അനീതിയാകുമോ എന്ന ഭയം മൂലം വലിയ വേദനയും അനുഭവിച്ചുകൊണ്ടിരുന്നു. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു വേണ്ടി ഈ ഞാന്‍ തന്നെ റോമിലേക്കു പോകുന്നത് സങ്കല്‍പിച്ചു നോക്കുക, വലിയ പീഢനമായിരിക്കുമത്. പക്ഷേ, പാപ്പ എന്നോടു പറഞ്ഞത്, കാര്യാലയത്തിന്റെ അധ്യക്ഷന് ഇക്കാര്യങ്ങളെല്ലാം അച്ചടക്കസമിതിയെ ഏല്‍പിക്കാം എന്നാണ്. ഈയിടെ രൂപീകരിച്ച സമിതിയാണിത്. ഉയര്‍ന്ന യോഗ്യതകളുള്ള പ്രൊഫഷണലുകളാണ് ആ സമിതിയിലുള്ളത്. കൂടാതെ, ''വിശ്വാസം, വിശ്വാസപ്രചാരണം, ദൈവശാസ്ത്രം എന്നിവയോടു ബന്ധപ്പെട്ട കാര്യാലയത്തിന്റെ പ്രധാനലക്ഷ്യത്തോടായിരിക്കണം, അധ്യക്ഷനെന്ന നിലയില്‍ വ്യക്തിപരമായി കൂടുതല്‍ പ്രതിബദ്ധത പുലര്‍ത്തേണ്ടതെന്നു''പാപ്പാ എന്നോടാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ എനിക്കു കൂടുതല്‍ ധൈര്യം തോന്നുന്നുണ്ട്. വിനയം അനുവദിക്കുമെങ്കില്‍ പറയട്ടെ, എന്റെ ദൈവശാസ്ത്രവിജ്ഞാനത്തെ കുറിച്ച് എനിക്കാശങ്കയില്ല; ഞാനെഴുതിയിട്ടുള്ളത് കൂടുതലും പ്രാര്‍ത്ഥനാപുസ്തകങ്ങളും ലളിതമായ മതബോധനഗ്രന്ഥങ്ങളും ആണെങ്കില്‍ കൂടിയും. ഞാനൊരു ദൈവശാസ്ത്രജ്ഞനാണ്. ദൈവശാസ്ത്ര ഡീനും അര്‍ജന്റീനിയന്‍ ദൈവശാസ്ത്ര സൊസൈറ്റിയുടെ പ്രസിഡന്റും അര്‍ജന്റീനിയന്‍ മെത്രാന്‍ സംഘത്തിന്റെ ദൈവശാസ്ത്ര കമ്മീഷന്‍ പ്രസിഡന്റായി മെത്രാന്മാര്‍ എപ്പോഴും തിരഞ്ഞെടുക്കുന്നയാളുമാണു ഞാനെന്നു മാര്‍പാപ്പ തന്റെ കത്തില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ബര്‍ഗോളിയോയുമായുള്ള സൗഹൃദമല്ല ഈ നിയമനത്തിനാധാരം എന്നര്‍ത്ഥം.

Q

വിശ്വാസകാര്യാലയം പീഡനവും കൊലപാതകവും പോലും നടത്തിയിട്ടുണ്ട് എന്ന് ലാ പ്ലാറ്റ് അതിരൂപതയിലെ വിശ്വാസികള്‍ക്കുള്ള കത്തില്‍ അങ്ങു പറഞ്ഞത് വിവാദങ്ങളുണ്ടാക്കിയിരുന്നു. അതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ?

A

എല്ലാം അങ്ങനെയാണെന്നല്ല, മര്‍ദനങ്ങളും മരണങ്ങളും പോലും ഉണ്ടായിട്ടുണ്ട് എന്നതു നിഷേധിക്കാനാവില്ല എന്നാണു ഞാന്‍ പറഞ്ഞത്. ഇപ്പോഴത്തെ മാനദണ്ഡമനുസരിച്ച് അതിനെ കുറിച്ചു വിധിയെഴുതാനാവില്ല എന്നു നമുക്കറിയാം. ഒരു മാധ്യമ അഭിമുഖത്തിലാണു ഞാനതു പറഞ്ഞത്. തെറ്റ് എപ്പോഴും തെറ്റാണ്. ഞാന്‍ വസ്തുനിഷ്ഠമായ ധാര്‍മ്മികതയ്ക്കുവേണ്ടി വാദിക്കുന്നയാളാണ്. ചരിത്രപരമായുണ്ടാകുന്ന മാനസീകനിലകള്‍ കുറ്റത്തെ ലഘൂകരിക്കുന്നുണ്ടെങ്കില്‍, നമ്മുടെ വിധിയെഴുത്തുകളില്‍ നാമതു കണക്കിലെടുക്കണം. ഒരു സംഗതി 'വ സ്തുനിഷ്ഠമായി' മോശമാണ് എന്നതു നമുക്കു നിഷേധിക്കാനാവില്ല. കാലത്തിന്റെ മറ്റു പല ''കോ ടതികളും'' കത്തോലിക്കാസഭയുടേതിനേക്കാള്‍ വളരെയേറെ ക്രൂര വും അധാര്‍മ്മികവുമായിരുന്നു എന്നതും നമുക്കറിയാം. ചില ക്രൈസ്തവസഭാവിഭാഗങ്ങളുടേതു പോലും. തെറ്റ് എപ്പോഴും തെറ്റുതന്നെ.

Q

അങ്ങ് അഭിമുഖീകരിക്കാന്‍ പോകുന്ന ഒരു പ്രധാന വെല്ലുവിളി ജര്‍മ്മന്‍ സഭയിലെ 'സി നഡല്‍ മാര്‍ഗം' എന്ന പ്രസ്ഥാനമായിരിക്കും. എങ്ങനെയാ ണ് ആ പ്രശ്‌നത്തെ നേരിടാനുദ്ദേശിക്കുന്നത്?

A

ലാ പ്ലാറ്റ ആര്‍ച്ചുബിഷപ്പായിരുന്നപ്പോള്‍ അജപാലകനെന്ന നിലയ്ക്കുള്ള ചുമതലകളാണ് ഞാന്‍ ആവേശപൂര്‍വം നിറവേറ്റിയിരുന്നതെന്നു സമ്മതിച്ചുകൊള്ളട്ടെ. അതായത്, സുവിശേഷം പ്രസംഗിക്കുക, പ്രഘോഷിക്കുക, ആത്മീയചിന്ത വളര്‍ത്തുക എന്നിവയെല്ലാം. അറിയാമോ, എന്റെ പുസ്തകങ്ങളിലേറെയും ദൈവം, പ്രാര്‍ത്ഥന, മറിയം, ദിവ്യബലി, കുമ്പസാരം, നിത്യജീവന്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ്! സഭയുടെ ഭരണപരമായ കാര്യങ്ങളില്‍ കാര്യമായി ഞാന്‍ സമയം ചെലവഴിച്ചിരുന്നില്ല. ഒരു വര്‍ഷം മുഴുവന്‍ ഞാനൊരു റേഡിയോ പരിപാടി ചെയ്തിരുന്നു. എല്ലാ ദിവസവും ദൈവത്തെയും അവിടുത്തെ സവിശേഷതകളെയും കു റിച്ചുള്ള സംഭാഷണമായിരുന്നു ആ പരിപാടി.

ജര്‍മ്മന്‍കാര്‍ എപ്പോഴും ശ്രദ്ധയാകര്‍ഷിക്കുന്നു. ആര്‍ച്ചുബിഷപ്പെന്ന നിലയില്‍, സ്ത്രീകളുടെ പൗരോഹിത്യമോ അതുപോലു ള്ള കാര്യങ്ങളോ ഒന്നും എനിക്കു നേരിടേണ്ടി വന്നിട്ടില്ല. തീര്‍ച്ചയായും, ഇനി ഇത്തരം വിഷയങ്ങള്‍ ഞാന്‍ പഠിക്കുകയും കേള്‍ക്കുക യും സംസാരിക്കുകയും ആലോചന നടത്തുകയും ഒക്കെ ചെയ്യേണ്ടതുണ്ട്. ഈ ജര്‍മ്മന്‍ മുന്നേറ്റത്തില്‍ നന്മയൊന്നും ഇല്ല എന്നു ഞാന്‍ വിചാരിക്കുന്നില്ല എന്നാണ് ഇപ്പോള്‍ എനിക്കു പറയാനുള്ളത്.

Q

സ്വവര്‍ഗദമ്പതികളെ ആശീര്‍ വദിക്കാനാകില്ല എന്നു ഈ കാര്യാലയം 2021-ല്‍ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്. അതിനോടു യോജിക്കുന്നുണ്ടോ?

A

നോക്കൂ, ഞാന്‍ ഭ്രൂണഹത്യ യ്ക്ക് തീര്‍ത്തും എതിരായിരിക്കുന്നതു പോലെ (ലാറ്റിനമേരിക്കയില്‍ ഭ്രൂണഹത്യയ്‌ക്കെതിരെ ഞാ നെഴുതിയിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ ലേഖനങ്ങളെഴുതിയ മറ്റൊരാളെ കണ്ടെത്താന്‍ ഞാന്‍ വെല്ലുവിളിക്കുകയാണ്) വിവാഹമെന്നത് സ്ത്രീയും പുരുഷനും ആയ രണ്ടു വ്യക്തികള്‍ തമ്മിലുള്ള സുസ്ഥിരമായ ബന്ധമാണ് എന്ന് അതി ന്റെ കര്‍ക്കശമായ അര്‍ത്ഥത്തില്‍ ഞാന്‍ മനസ്സിലാക്കുന്നു. പുതിയൊരു ജീവന്‍ ഉത്പാദിപ്പിക്കാന്‍ ദമ്പതിമാരെ പ്രാപ്തമാക്കുന്നതാ ണ് ആ സ്ത്രീ, പുരുഷ വ്യത്യാസം. അതിനോടു താരതമ്യപ്പെടുത്താവുന്ന മറ്റൊന്നില്ല. മറ്റേതെങ്കിലും ബന്ധങ്ങളെ വിശേഷിപ്പിക്കാന്‍ ആ പദം ഉപയോഗിക്കുന്ന തു നല്ലതല്ല, ശരിയുമല്ല. അതുപോലെ, മറ്റെന്തെങ്കിലും സൂചനകള്‍ നല്‍കുന്ന പ്രവൃത്തികള്‍ ഒഴിവാക്കേണ്ടതാണെന്നും ഞാന്‍ കരു തുന്നു. ഈ ആശയക്കുഴപ്പം വര്‍ധി പ്പിക്കുന്ന ആചാരങ്ങളോ ആശീര്‍ വാദങ്ങളോ ഒഴിവാക്കാന്‍ നന്നായി ശ്രദ്ധിക്കണമെന്നു ഞാന്‍ കരുതുന്നത് അതുകൊണ്ടാണ്. ഈ ആശയക്കുഴപ്പമുണ്ടാക്കാത്ത തരത്തി ലാണ് ആശീര്‍വാദം നല്‍കുന്നതെങ്കില്‍, അതു പരിശോധിച്ചു തീര്‍ച്ചപ്പെടുത്തേണ്ടതാണ്. വിശ്വാസപ്രമാണം മാറ്റാനാവില്ല.

Q

വിശ്വാസസംഹിത ഒരിക്കലും മാറ്റം വരുത്താനാകാത്തതാണെന്നാണോ അങ്ങയുടെ അഭിപ്രായം? നൂറ്റാണ്ടുകളിലേക്കുവേണ്ടി നല്‍കപ്പെട്ടിരിക്കുന്നതാണോ അവയെല്ലാം?

A

വിശ്വാസസംഹിത മാറ്റാനാവില്ല. കാരണം ആത്യന്തികമായി അത്, ക്രിസ്തുവില്‍ പ്രകാശിതമായ ത്രിത്വത്തിന്റെ അഗാധവും വിസ്മയകരവും അചഞ്ചലവുമായ രഹസ്യമാണ്. എല്ലാം അതിലുണ്ട്, അതു ഭേദപ്പെടുത്താനോ മാറ്റം വരുത്താനോ സാധിക്കില്ല. അതിലേക്ക് ഒന്നും കൂട്ടിച്ചേര്‍ക്കാനില്ല. ആ വിശ്വാസസംഹിതയെ കുറിച്ചുള്ള നമ്മുടെ മനസ്സിലാക്കലാണ് മറ്റൊരു കാര്യം. അതിനു മാറ്റം വന്നിട്ടുണ്ട്. അതിനിയും മാറിക്കൊണ്ടിരിക്കും. അതുകൊണ്ടാണല്ലോ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖയായ ദൈവവചനത്തില്‍ പറയുന്നത്, വ്യാഖ്യാതാക്കളുടെ പ്രവര്‍ത്തനം സഭയുടെ അഭിപ്രായത്തെ പക്വമാക്കുമെന്ന്.

Q

''നിന്റെ അധരങ്ങള്‍ കൊ ണ്ടെന്നെ സുഖപ്പെടുത്തുക'' എന്ന അങ്ങയുടെ പുസ്തകം ഈ ദിവസങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. 'ചുംബനത്തിന്റെ കല' എന്ന അതിലെ പ്രയോഗം വിവാദമാണ്. അതെഴുതിയതില്‍ ഖേദിക്കുന്നുണ്ടോ?

A

ഇല്ല. ഒരു പാഠത്തെ വ്യാഖ്യാനിക്കുന്നതിന്, അത് ഏത് ഇനത്തില്‍ പെട്ടതാണോ ആ ഇനത്തി ന്റെ മുമ്പില്‍ തന്നെ നില്‍ക്കുക നിര്‍ണ്ണായകമാണെന്ന് ഏതൊരു ദൈവശാസ്ത്രജ്ഞനും ബൈ ബിള്‍ പണ്ഡിതനും എഴുത്തുകാരനും അറിയാം. ആ ഇനത്തിനു നല്‍കാന്‍ കഴിയാത്തത് അതിനോടു ആവശ്യപ്പെടരുതെന്നും. ഞാന്‍ വളരെ യുവാവായ ഒരു ഇടവക വികാരിയായിരുന്നപ്പോള്‍, ഒരു സംഘം ചെറുപ്പക്കാരോടൊ പ്പം ചേര്‍ന്ന് എഴുതിയതാണ് ആ പുസ്തകം. ആ പുസ്തകത്തിന്റെ പ്രമേയം വളരെയേറെ യാഥാസ്ഥിതികമാണ്. എന്തുകൊണ്ടാണെന്നറിയാമോ? കാരണം, ഞാന്‍ നന്നാ യി പരിശീലിപ്പിച്ചെടുത്ത ഈ യു വാക്കളുടെ ഒരു ഉത്ക്കണ്ഠയ്ക്കു ള്ള പ്രതികരണമായിരുന്നു അത്. വിവാഹപൂര്‍വ ബന്ധങ്ങള്‍ എന്തുകൊണ്ട് ഒഴിവാക്കണം എന്നു മറ്റു യുവാക്കളോടു വിശദീകരിക്കേണ്ടതെങ്ങനെ എന്ന് അവരെ പഠിപ്പിക്കുകയായിരുന്നു ഞാന്‍. നോക്കൂ, ആ പുസ്തകത്തിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന്.

സംസാരിച്ചുകൊണ്ടേയിരിക്കുക. ലൈംഗികതയല്ല എല്ലാം എന്ന് ഞങ്ങള്‍ക്ക് ഊന്നിപ്പറയേണ്ടിയിരുന്നു. ലൈംഗികബന്ധം ഒന്നു നീട്ടിവച്ചാല്‍, സ്‌നേഹത്തിന്റെ മറ്റു പ്രകാശനരൂപങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്നും സ്‌നേഹത്തില്‍ വളരാനാകുമെന്നും പറയുകയായിരുന്നു ഞങ്ങള്‍. സ്‌നേഹം പ്രകടിപ്പിക്കാന്‍ ലൈംഗികബന്ധത്തിലേക്കു പോകുകയല്ലാതെ വേ റെ മാര്‍ഗങ്ങളുണ്ടെന്നതിനു ഒരുദാഹരണമായാണ് അവിടെ ചും ബനത്തെ കുറിച്ചു പറഞ്ഞത്. അ തു വിശദീകരിക്കാന്‍ വേണ്ടി മറ്റു യുവാക്കളോടൊപ്പം കവിതകളും മറ്റും അന്വേഷിക്കുകയും മതബോധനരൂപത്തില്‍ സമാഹരിക്കുകയുമാണു ഞങ്ങള്‍ ചെയ്തത്. അ തൊരു ദൈവശാസ്ത്ര ഗ്രന്ഥമായിരുന്നില്ല. ഒരു അജപാലന സംരംഭമായിരുന്നു. അതില്‍ ഞാനൊരിക്കലും ഖേദിക്കില്ല. തീര്‍ച്ചയായും ഇന്ന് അതുപോലൊരു സംഗതി ഞാനെഴുതുകയില്ല. എനിക്ക് 60 വയസ്സായി, നിത്യജീവിതത്തിനു ള്ള ഒരുക്കമാരംഭിച്ചു. സത്യത്തില്‍, ആ പ്രസാധകനോട് അതിനി അ ച്ചടിക്കേണ്ടതില്ലെന്ന് അക്കാലത്തു തന്നെ ഞാന്‍ പറഞ്ഞിരുന്നു. ആ ചെറിയ പുസ്തകത്തില്‍ നിന്ന് ഒറ്റപ്പെട്ട വാചകങ്ങള്‍ ഊരിയെടുത്ത്, യുവജനങ്ങള്‍ക്കുള്ള ഒരു അജപാലന ലഘുലേഖയിലെ വാചകങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ ത്തിയെടുത്ത് ഒരു ദൈവശാസ്ത്രജ്ഞനെന്ന നിലയില്‍ എന്നെ വി ലയിരുത്തുന്നതു മര്യാദയാണോ?

Q

അങ്ങയുടെ നിയമനം ചില സഭാവൃത്തങ്ങളില്‍ വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്. വിശ്വാസകാര്യാലയത്തിന്റെ അധ്യക്ഷന്റെ ചുമതലയില്‍ വരാ ത്ത കാര്യങ്ങളാകും അങ്ങു ചെയ്യുക എന്നു ഭയപ്പെടു ന്നവരുണ്ട്. അങ്ങയുടെ നി യമനത്തെ അനുകൂലമായി കാണാത്തവരോട് എന്താണു പറയാനുള്ളത്?

A

ഈ ദൗത്യങ്ങളെല്ലാം പുനഃക്രമീകരിക്കാവുന്നതാണ്. അവയ്ക്കു മറ്റൊരു മുഖം നല്‍കാനുള്ള അവകാശം മാര്‍പാപ്പയ്ക്കുണ്ട്. ലാറ്റിനമേരിക്കയില്‍, സമൂഹത്തിന്റെ വിളുമ്പുകളില്‍ ഇടവകവികാരിയായിരുന്ന ഒരാള്‍, ഉള്‍പ്രദേശത്തെ ഒരു ചെറുപട്ടണത്തില്‍ ജനിച്ചു വളര്‍ന്നവന്‍, സമൂഹം അവഗണിച്ചവരുടെ വേദനകള്‍ അടുത്തറിഞ്ഞവന്‍, ഒരു യൂറോപ്യന്റെയോ അമേരിക്കന്റെയോ ജീവിതത്തില്‍ നിന്നു തികച്ചും വ്യത്യസ്തമായ ഒരു ജീവിതമുള്ളവന്‍, അതേസമയം ദൈവശാസ്ത്രത്തില്‍ ഡോ ക്ടറേറ്റുള്ള ഒരാള്‍ ചരിത്രത്തിന്റെ ഒരു സന്ദര്‍ഭത്തില്‍ ഈ പദവിയി ലെത്തുന്നതു നിങ്ങള്‍ക്കു ശരിയാ യി തോന്നുന്നില്ലേ? ഒരിക്കല്‍ കൂടി പറയട്ടെ, ഞാന്‍ ചരിത്രത്തില്‍ നിന്നു പഠിക്കും, നടപടിക്രമങ്ങളെ മാനിക്കും, സംഭാഷണം നടത്തും, പക്ഷേ, ഞാനതു ''എന്റെ സ്വന്തം വഴിയിലൂടെ ചെയ്യും.''

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org