1623 ജൂണ്‍ 19 ന് ഫ്രാന്‍സിലെ ക്ലെര്‍മോന്തിലാണ് ബ്ലെയിസ് പാസ്‌കല്‍ ജനിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 19 ന് അദ്ദേഹത്തിന്റെ നാനൂറാം ജന്മവാര്‍ഷികമായിരുന്നു. ചെറുപ്പം മുതല്‍ പാസ്‌കല്‍ അസാധാരണമായ ബുദ്ധിശക്തി പ്രദര്‍ശിപ്പിച്ചിരുന്നു. അങ്കഗണിതത്തിലും, ജ്യാമിതിയിലും പ്രായത്തെ വെല്ലുന്ന പ്രതിഭയും അദ്ദേഹത്തിനുണ്ടായിരുന്നു. പാസ്‌കലിന്റെ മൂന്നാം വയസ്സില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ടതാണ്. 1632 ജാക്വിലിന്‍, ജില്‍ബെര്‍ട്ട് എന്നീ സഹോദരങ്ങളോടൊപ്പം പാസ്‌ക്കലും പിതാവ് ഏതിയെന്നെ(Étienne)യും പാരീസിലേക്കു താമസം മാറി. യൂക്‌ളിഡിന്റെ 32 ജ്യാമിതീയ സമവാക്യങ്ങളും തനിയെ ഗ്രഹിച്ചു വിശദീകരിക്കാന്‍ മാത്രം ധിഷണാശേഷി കേവലം 12-ാ മത്തെ വയസ്സില്‍ പാസ്‌കല്‍ പ്രദര്‍ശിപ്പിച്ചു. യുക്തിസഹതയും തെളിവുകളുടെ പിന്‍ബലവും ഏതു വിഷയം സംബന്ധിച്ചും പാസ്‌കലിന്റെ ബൗദ്ധിക നിര്‍ബന്ധങ്ങളായിരുന്നു. പതിനേഴാം വയസ്സില്‍ അക്കാലത്തെ എണ്ണം പറഞ്ഞ ചിന്തകരുമായി സംവദിക്കാന്‍ മാത്രമുള്ള തെളിച്ചമുണ്ടായിരുന്നു പാസ്‌കലിന്റെ പ്രജ്ഞയ്ക്ക്. 1642 കമ്പ്യൂട്ടറുകളുടെ ആദി രൂപം എന്ന് പറയാവുന്ന ഒരു ഗണിതോപകരണം നിര്‍മ്മിക്കാന്‍ കഴിഞ്ഞു. എത്ര പഴകിയാലും പുത്തനായിരിക്കുന്ന ആശയ ലോകത്തിന്റെ ആള്‍രൂപമായിരുന്നു അദ്ദേഹം. മനുഷ്യപ്രകൃതിയുടെ അനന്തമായ പ്രയോഗ സാധ്യതകളെ തുറന്നുകാട്ടി ഗണിതത്തിലും സയന്‍സിലും പദമൂന്നിക്കൊണ്ടു മനുഷ്യാവസ്ഥയുടെ കയറ്റിറക്കങ്ങളെ വ്യാഖ്യാനിക്കാന്‍ പാസ്‌കല്‍ സത്യസന്ധമായി പരിശ്രമിച്ചു. യുക്തിശക്തിയാല്‍ തിളങ്ങുന്ന ഉണ്മയാണ് മനുഷ്യാവസ്ഥയെന്നും അതിന്റെ തിളക്കം യുക്തിയുടെ സമ്പൂര്‍ണ്ണതയായ ദൈവിക പ്രഭയുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. യുക്തിശക്തിയെയും അതിന്റെ സാധ്യതകളെയും പ്രകീര്‍ത്തിക്കുമ്പോഴും യുക്തി മനുഷ്യപരിമിതികളുടെ തെളിവാണെന്നു കൂടി അദ്ദേഹം തിരിച്ചറിഞ്ഞു. മനുഷ്യബുദ്ധിയുടെ പരിമിതികളെ ദൈവികവെളിപാടുകളുടെയും കൃപാ കടാക്ഷത്തിന്റെയും അതുല്യ പ്രഭകൊണ്ടു മാത്രമേ മറികടക്കാനാവൂ എന്ന തെളിബോധം അദ്ദേഹം നേടിയെടുത്തു.
അസ്തിത്വത്തിന്റെ അകംപൊരുള്‍ തേടിയിറങ്ങിയ പാസ്‌കലിന്റെ ദാര്‍ശനികൗത്സുക്യം അദ്ദേഹത്തെ ഇന്നും പ്രസക്തനാക്കുന്നു. ഉണ്മയുടെ സമസ്യകളെ സമവാക്യങ്ങളിലൊതുക്കാന്‍ ആകില്ലെന്ന് കണ്ട അദ്ദേഹം ഉള്‍ക്കാഴ്ചകള്‍ തേടി. വിരുദ്ധധ്രുവങ്ങളില്‍ അകറ്റിനിര്‍ത്തപ്പെട്ടിരുന്ന വിശ്വാസവും യുക്തിയും പാസ്‌കലിന്റെ ചിന്തകളിലൂടെ പൊതുവഴി കണ്ടെത്തി കൈകോര്‍ത്തു നടന്നു. പരംപൊരുള്‍ തേടിയിറങ്ങിയ തത്വ ജ്ഞാനിയുടെ നാനൂറാം ജന്മവാര്‍ഷികത്തില്‍ 'സുബ്ലി മിത്താസ് എത് മിസേരിയ ഹോമിനിസ്' (Sublimitas et Miseria Hominis) എന്ന അപ്പ സ്‌തോലിക ലേഖനത്തിലൂടെ ഫ്രാന്‍സിസ് പാപ്പ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. ആ തിരുവെഴുത്തിന്റെ വിചിന്തനാത്മകമായ ഒരു സ്വതന്ത്രവായനയാണീ ലേഖനം. ഈ ലേഖനത്തിന് ഘടനയിലും ആശയത്തിലും അപ്പസ്‌തോലിക ലേഖനത്തോടും ഫ്രാന്‍സിസ് പാപ്പ ഉദ്ധരിച്ചിട്ടുള്ള വിശ്രുത പണ്ഡിതരോടും ഉള്ള കടപ്പാട് ഏറ്റുപറയുന്നു.
ചിന്താശേഷിയുടെയും അവബോധങ്ങളുടെയും നിലാവും, നശ്വരതയുടെയും ശക്തിരാഹിത്യത്തിന്റെയും നിഴലും ഇടകലര്‍ന്ന മനുഷ്യാവസ്ഥയായിരുന്നു പാസ്‌കലിന്റെ ഏറ്റവും വലിയ ദാര്‍ശനിക സംഘര്‍ഷം. യുക്തിശക്തിയുടെ ചിറകിലേറി ഉയരങ്ങള്‍ തേടുമ്പോഴും തടസ്സം നില്‍ക്കുന്ന മൃഗചോദനകള്‍, ആലോചനയുടെ ആകാശങ്ങള്‍ക്ക് അതിരുകള്‍ വരയ്ക്കുന്ന തീവ്രവികാരങ്ങള്‍, അനശ്വരതയെന്ന ആന്തരിക ചോദനയെ അപ്രാപ്യലക്ഷ്യമാക്കുന്ന നശ്വരദേഹം അഥവാ പദാര്‍ത്ഥപരത. ഇപ്രകാരം വൈരുധ്യങ്ങളുടെ സംഗമഭൂമികയായ മനുഷ്യാസ്തിത്വമായിരുന്നു ബ്ലെയിസ് പാസ്‌കലിന്റെ അടിസ്ഥാന ദാര്‍ശനിക പരിസരം. മനുഷ്യനോളം പഴയതും മനുഷ്യരുള്ള കാലത്തോളം പുതുമ മായാത്തതുമായ ദാര്‍ശനിക സമസ്യയില്‍ നിന്ന് തന്നെയാണ് പാസ്‌കലിന്റെയും ചിന്തകള്‍ക്ക് തീ പിടിച്ചത്. ആരാണ് അഥവാ എന്താണ് മനുഷ്യന്‍? തന്റെ ചിന്താശേഷിക്കും അതിലുറച്ച സമവാക്യസൂത്രങ്ങള്‍ക്കും അപ്പുറത്തേക്ക് പടര്‍ച്ചയുള്ള കടങ്കഥയാണ് മനുഷ്യാവസ്ഥ എന്ന സങ്കീര്‍ണ്ണത എന്ന് അദ്ദേഹം കണ്ടു. ആരാണ് അഥവാ എന്താണ് മനുഷ്യന്‍ എന്ന ചോദ്യത്തോട് അദ്ദേഹം ജീവിതം മുഴുവന്‍ കലഹിച്ചു. കേവലം മുപ്പത്തൊമ്പതു വര്‍ഷങ്ങളുടെ ദൈര്‍ഘ്യമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ദര്‍ശന സമ്പുഷ്ടമായിരുന്നു ആ ജീവിതം.
മനുഷ്യനെ നിര്‍വചിക്കാനും മനുഷ്യാവസ്ഥയെ വിശദീകരിക്കാനുമുള്ള താക്കോല്‍ 'തുറവി' എന്ന ബൗദ്ധിക പുണ്യത്തിലുണ്ട് എന്ന് മനസ്സിലാക്കിയ തത്വചിന്തകനായിരുന്നു പാസ്‌കല്‍. അപാരമായ തുറവിയുള്ള ഘനസമ്പുഷ്ടമായ ദാര്‍ശനിക വ്യക്തിത്വമായിരുന്നു പാസ്‌കലിന്റേത്. തുറന്നു കിടക്കുന്ന വാതിലുകളൊക്കെ കൊട്ടിയടക്കൂ എന്ന മുറവിളികളുയരുന്ന ഇടങ്ങളില്‍ അദ്ദേഹം തുറവിയുടെ, വിശാല മനസ്സിന്റെ, സഹിഷ്ണുതയുടെ ഒക്കെ വെളിച്ചം കൊണ്ടു വരികയാണ്. തുറവി, കാലഘട്ടം ആവശ്യപ്പെടുന്ന പുണ്യമാണ്. അറിവിന്റെ നാനാ സാധ്യതകളിലേക്ക്, വ്യത്യസ്ത സംസ്‌കൃതികളിലേക്ക് ജീവിത ക്രമങ്ങളുടെ വൈവിധ്യങ്ങളിലേക്ക്, വിശ്വാസപ്രമാണങ്ങളുടെ വൈജാത്യങ്ങളിലേക്ക്, അപരനിലേക്ക് ഒക്കെ മലര്‍ക്കെ തുറക്കുന്ന വാതിലുകളിലൂടെയാണ് മനുഷ്യാവസ്ഥ എന്ന പ്രഹേളികയിലേക്കു പ്രകാശം പരക്കേണ്ടതെന്ന് പാസ്‌കല്‍ നിരൂപിച്ചു. മനുഷ്യന്‍ അസ്തിത്വപരമായി പദാര്‍ത്ഥം കൂടിയാണെന്ന അരിസ്‌റ്റോട്ടില്‍ മുതലായവരുടെ ആശയങ്ങളെ പാസ്‌കലും അംഗീകരിച്ചിരുന്നു.
മനുഷ്യാവസ്ഥയുടെ അസ്തിത്വ പരിസരങ്ങളിലേക്കു തുറന്നിട്ട പ്രജ്ഞയുടെ ജാലകങ്ങളിലൂടെ അദ്ദേഹം ധാരാളം വെളിച്ചമുള്‍ക്കൊണ്ടു. ആ വെളിച്ചത്തില്‍ ഘനമുള്ള ജീവിതാദര്‍ശങ്ങള്‍ കണ്ടറിഞ്ഞു. മനുഷ്യാവസ്ഥ സാഫല്യ തീരമണയുന്നത് ഉദാത്ത സ്‌നേഹത്തിലൂടെയാണെന്ന ബോധം പാസ്‌കലിനെ പൊതിഞ്ഞു. ചാരിറ്റി അഥവാ ഉപവിയാണ് അതിഭൗതിക വെളിപാടുകളുടെയും പരിശുദ്ധ ലിഖിതങ്ങളുടേയുമെല്ലാം ആന്തരിക സത്ത എന്നും അദ്ദേഹം മനസ്സിലാക്കി. ആ തിരിച്ചറിവ് അദ്ദേഹത്തെ സാധൂസേവനതല്പരനാക്കി മാറ്റി. രോഗശയ്യയില്‍ നിന്ന് ഒരു തിരിച്ചുവരവുണ്ടെങ്കില്‍ ശിഷ്ടജീവിതം സാധൂസേവനത്തിനു മാത്രമായി മാറ്റിവയ്ക്കും എന്നദ്ദേഹം പറഞ്ഞതായി ഫ്രാന്‍സിസ് പാപ്പ അനുസ്മരിക്കുന്നുണ്ട്.
പാസ്‌കലിന്റെ ജീവിതം അതിന്റെ അവസാനം വരെയും ദൃഷ്ടാന്തമാവുകയായിരുന്നു. എല്ലാ കാലത്തും ജീവിക്കുന്ന മനുഷ്യര്‍ക്ക് മികച്ചൊരു മാതൃക.
ഉദാത്ത സ്‌നേഹത്തിന്റെ പ്രവൃത്തികളിലൂടെ സായൂജ്യമടയാന്‍ ആഗ്രഹിക്കുന്ന, മാനവികതയുടെ മനോഹാരിതയില്‍ അഭിമാനിക്കുന്ന, ജീവനേക്കാള്‍ ജീവിതത്തെയഭിലഷിക്കുന്ന, ഭൗതികതയ്ക്കു പുറത്തു അനുഭൂതികള്‍ തിരയുന്ന, അവബോധങ്ങള്‍ തേടുന്ന എല്ലാ മനുഷ്യര്‍ക്കുമുള്ള ബൗദ്ധിക മാതൃക യായി നാനൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും പാസ്‌കല്‍ നില്‍ക്കുകയാണ്. മനുഷ്യാവ സ്ഥയുടെ ഉദാത്ത ലക്ഷ്യങ്ങളെക്കുറിച്ചുള്ള ഘനസമ്പുഷ്ട ദര്‍ശനങ്ങള്‍ പകര്‍ന്നുകൊണ്ട് നമ്മുടെ സഹയാത്രികനാവുകയാണ്.
മനുഷ്യാവസ്ഥയുടെ മഹനീയതയെപ്പറ്റിയും ദുരിത പ്രതിസന്ധികളെപ്പറ്റിയും ആഴത്തില്‍ ചിന്തിച്ചതുകൊണ്ടാണ് പാസ്‌കല്‍ നമുക്ക് പ്രിയതരനാകുന്നത്. എന്നാല്‍ മനുഷ്യാവസ്ഥയുടെ ആന്തരീകതയില്‍ ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥതലങ്ങള്‍ അദ്ദേഹം നിരൂപിച്ചെടുത്തത് ക്രിസ്തുവില്‍ നിന്നും അവിടുത്തെ തിരുമൊഴികളില്‍ നിന്നുമാണെന്നതുകൊണ്ടാണ് പാസ്‌കല്‍ നമുക്ക് പ്രിയതമനാകുന്നത്.
മനുഷ്യാവസ്ഥയുടെ മഹനീയതയെപ്പറ്റിയും ദുരിത പ്രതിസന്ധികളെപ്പറ്റിയും ആഴത്തില്‍ ചിന്തിച്ചതുകൊണ്ടാണ് പാസ്‌കല്‍ നമുക്ക് പ്രിയതരനാകുന്നത്. എന്നാല്‍ മനുഷ്യാവസ്ഥയുടെ ആന്തരീകതയില്‍ ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥതലങ്ങള്‍ അദ്ദേഹം നിരൂപിച്ചെടുത്തത് ക്രിസ്തുവില്‍ നിന്നും അവിടുത്തെ തിരുമൊഴികളില്‍ നിന്നുമാണെന്നതുകൊണ്ടാണ് പാസ്‌കല്‍ നമുക്ക് പ്രിയത മനാകുന്നത്. തത്വചിന്തയുടെ വിസ്തൃത ഭൂമികയില്‍ പാസ്‌കല്‍ നാട്ടിയ സ്മാരകശിലയാണ് 'Pensées'. അതില്‍ വിടരുന്ന മനുഷ്യദര്‍ശനത്തില്‍ പ്രകാശിക്കുന്നത് ക്രിസ്തുവാണ്. ക്രിസ്തുവിലൂടെയാണ് നാം ജീവിതത്തെയും മരണത്തെയും അറിയുന്നത്. ക്രിസ്തുവഴിയേ നാം നമ്മെ തന്നെ അറിയുന്നുള്ളൂ. മരിച്ചുയിര്‍ത്ത ക്രിസ്തുവിലുള്ള ശിശുതുല്യ വിശ്വാസത്തിലൂടെ മാത്രമേ മനുഷ്യജന്മം സഫലമാകുന്നുള്ളൂ. ക്രിസ്തുവും സുവിശേഷവുമില്ലാതെയുള്ള കാഴ്ചകള്‍ ഇരുട്ടിനെ മറികടക്കുന്നില്ല. പാസ്‌കലിന്റെ ഉള്‍ക്കാഴ്ചകള്‍ വിശ്വാ സിക്കും അവിശ്വാസിക്കും ദൈവശാസ്ത്രജ്ഞര്‍ക്കും തത്വചിന്തകര്‍ക്കും ഒരു പോലെ വെളിച്ചം പകര്‍ന്നു നില്‍ക്കുകയാണ്.
ക്രിസ്തുവില്‍ പ്രകാശിതമാകുന്ന പൂര്‍ണ്ണതയുടെ വെളിച്ചത്തിലാണ് പാസ്‌കലിന്റെ മനുഷ്യദര്‍ശനം രൂപപ്പെടുത്തിയിരിക്കുന്നത്. പാസ്‌കലിന്റെ ദൈവമനുഷ്യദര്‍ശനങ്ങള്‍ നാമെല്ലാവരും കരുതിയിരിക്കേണ്ട ഒരപകടത്തേക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ക്രിസ്തുവിലും ത്രിത്വത്തിലുമുള്ള വിശ്വാസത്തിലും അറിവിലും ആഴപ്പെട്ട ആരിലും രൂപപ്പെട്ടേക്കാവുന്ന പ്രലോഭനകരമായ പിടിവാശിയുടെ അപകടമാണത്. ഞാനറിഞ്ഞ ക്രിസ്തുവിനെയും വിശ്വാസ പ്രമാണങ്ങളെയും അവിതര്‍ക്കിത സത്യങ്ങളായി എല്ലാവരും സ്വീകരിച്ചിരിക്കണം എന്ന നിര്‍ബന്ധബുദ്ധിയുടെ വ്യാമോഹമാണത്. ദൈവവും സത്യവും ഒന്നുതന്നെ, എന്നാല്‍ ഈ സത്യം അടിച്ചേല്പിക്കപ്പെടേണ്ടതല്ല.
ഇനിയാണ് പാസ്‌കല്‍ മറ്റു ചിന്തകരില്‍ നിന്നും വ്യത്യസ്തനാകുന്നത്. പരമമായ സത്യത്തിന്റെ സ്വാംശീകരണം ദൈവത്തില്‍ നിന്ന് പുറപ്പെടുന്ന കൃപയുടെ അഭിഷേകം കൊണ്ട് മാത്രമേ സാധ്യമാകൂ. പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെയും തുറവിയോടെയും സത്യത്തെ അന്വേഷിക്കുന്ന വിനീത ബുദ്ധിയിലേക്കു മാത്രമേ ദൈവകൃപ ഒഴുകുകയുള്ളൂ. ആ കൃപയുടെ വെളിച്ചത്തില്‍ മാത്രമേ പരമ സത്യത്തെ പ്രാപിക്കാന്‍ മനുഷ്യര്‍ക്ക് കഴിയൂ. പാസ്‌കല്‍ ഈ കൃപയും വെളിച്ചവും സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ വിനീത മനുഷ്യാവസ്ഥയില്‍ സത്യം അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ ക്രിസ്തുവായി പ്രതിഫലിച്ചു. പാസ്‌കല്‍ ദൈവകൃപയുടെ അഭിഷേകത്തിലൂടെ പരമസത്യത്തെ അറിഞ്ഞു, സ്വന്തമാക്കി. അദ്ദേഹത്തിന്റെ തത്വചിന്ത ദൈവാന്വേഷണം തന്നെയായി മാറി. സത്യോപാസകര്‍ക്ക് അദ്ദേഹം നിത്യമാതൃകയായി. ഇനി മുതല്‍ ദൈവത്തെ തിരയുന്ന, സത്യം അന്വേഷിക്കുന്ന എല്ലാവരും പാസ്‌കലിനെ കൂ ടി ശ്രവിക്കണം. ആ ചിന്താസരണി കൂടി പഠിച്ചു പിന്തുടരണം.
ദൈവിക സത്യത്തെ കൃപാവരത്താല്‍ തിരിച്ചറിയുന്നവരുടെ നിയോഗമെന്താണ്? അറിഞ്ഞ സത്യത്തെ ഉപവി പ്രവൃത്തികളിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നതാണ് അവരുടെ നിയോഗം എന്ന് ബ്ലെയിസ് പാസ്‌കല്‍ ഓര്‍മ്മിപ്പിക്കുന്നു. പരമസത്യത്തെ പരിധിക്കപ്പുറം ബിംബവല്‍ക്കരിച്ചു മനുഷ്യാവസ്ഥകളില്‍ നിന്നും മാറ്റി പ്രതിഷ്ഠിച്ച് വണങ്ങുക എന്ന പ്രലോഭനത്തെ പ്രതിരോധിക്കേണ്ടതുണ്ട്. ദൈവിക സത്യത്തെ നിര്‍മ്മലസ്‌നേഹത്തിന്റെ പ്രായോഗിക പാഠങ്ങളില്‍ നിന്നും അടര്‍ത്തി മാറ്റാനാകില്ല. പരസ്‌നേഹ തത്പരതയിലേക്കു ചായ്‌വില്ലാത്ത സത്യാവബോധങ്ങളും സ്വത്വാവബോധങ്ങളും ദൈവിക സത്യത്തെ ഉള്‍ക്കൊള്ളുന്നില്ല. ദൈവസ്‌നേഹാനുഭൂതിയും പരമസത്യാനുഭവത്തിന്റെ സായൂജ്യവും പൂര്‍ണ്ണമാകുന്നത് പരസ്‌നേഹ തത്പരതയിലാണ്. ദൈവത്തെ അറിഞ്ഞവര്‍ക്ക് സ്‌നേഹിക്കാതിരിക്കാനാകില്ല. ദൈവം സ്‌നേഹമാകുന്നു, സ്‌നേഹമില്ലാത്ത ദര്‍ശനങ്ങള്‍ അപൂര്‍ണ്ണങ്ങളാണെന്നു സാരം.
ഈ കാഴ്ചയില്ലാത്തതിനാല്‍ നാം തെറ്റായ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നു. ജീവനെയും നന്മയെയുമാണ് നാമെപ്പോഴും തിരഞ്ഞെ ടുക്കേണ്ടത്. തിരുലിഖിതങ്ങളില്‍ തിളങ്ങുന്ന ഈ ദര്‍ശനങ്ങളെ സ്വന്തമാക്കാന്‍ ഉന്നതത്തില്‍ നിന്നു ള്ള സഹായം സ്വീകരിച്ചേ മതിയാകൂ. അത്യുന്നതങ്ങളില്‍ നിന്നും ആത്മാവിറങ്ങി നമ്മെ അശക്തിയില്‍ നിന്നും സ്വാര്‍ത്ഥതയില്‍ നിന്നും അഹംബോധത്തില്‍ നിന്നും വിമുക്തരാക്കുന്നു.
ക്രിസ്തുവാണ് മനുഷ്യാവസ്ഥയിലെ വിപരീതങ്ങളെ സമങ്ങളാക്കി പരിഹരിക്കുന്നത് എന്ന് പാസ്‌കല്‍ ധ്യാനിച്ചറിഞ്ഞിരുന്നു. ക്രിസ്തീയതയില്‍ സ്‌നേഹം പൂര്‍ണ്ണമാണ്. ക്രിസ്തീയത യഥാര്‍ത്ഥ നന്മയെ ഉള്‍ക്കൊള്ളുകയും വിവേചന രഹിതമായി വിതരണം ചെയ്യുകയും ചെയ്യുന്നു. മനുഷ്യാവസ്ഥയുടെ ഒരു പുറത്തെ ഇരുളും ദുഃഖങ്ങളും വകഞ്ഞു മാറ്റി മുന്നേറാന്‍ മനുഷ്യരെ സഹായിക്കുകയും ചെയ്യുന്നു.
പാസ്‌കലിന്റെ ഉള്‍ക്കാഴ്ചകളും രചനകളും ദാര്‍ശനിക സ്വഭാവമുള്ളവയായിരുന്നു. അദ്ദേഹത്തിന്റെ താത്വികവിചാരങ്ങള്‍ ദൈവശാസ്ത്രപരമായ ലക്ഷ്യങ്ങളാല്‍ അനുഗ്രഹീതവുമായിരുന്നു. തത്വചിന്തകര്‍ ദൈവശാസ്ത്ര ലക്ഷ്യങ്ങള്‍ ഉള്ളവരായിരിക്കണമെന്നു വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 'ഫിദെസ് എത് റാസിയോ' (Fides et Ratio) യില്‍ ഊന്നിപറഞ്ഞിട്ടുണ്ട്. ക്രിസ്തുവിനോടുള്ള തീവ്രാനുരാഗം, പാവങ്ങളോടുള്ള കരുണാര്‍ദ്ര സ്‌നേഹം എന്നിവയാല്‍ പ്രചോദിതമായിരുന്നു പാസ്‌കലിന്റെ ഫിലോസഫി. വിശ്വാസപ്രമാണങ്ങളെ സംബന്ധിച്ചു ഭൗതികതയ്ക്കപ്പുറമുള്ള ഉറപ്പ് അദ്ദേഹം പുലര്‍ത്തി. യുക്തിസഹത വിശ്വാസത്തിനു വെല്ലുവിളിയല്ല എന്ന കാഴ്ചയുടെ ഉറപ്പ് അദ്ദേഹം നേടി. ആത്മം ദ്രവ്യത്തെ നിത്യമായി മറികടക്കുമെന്നറിഞ്ഞു.
ഈ ഉറപ്പും വിശ്വാസവും സ്വായത്തമാക്കാത്തവരോട് സംഭാഷണത്തിനുള്ള സാധ്യതകള്‍ തേടി. വിശ്വാസരാഹിത്യത്തെ യുക്തിസഹവും സഹിഷ്ണുതാസമ്പന്നവുമായ സംഭാഷണത്തിന്റെ ഭൂമികയില്‍ വച്ച് പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് ശഠിച്ചു. അപ്പോഴും ദൈവാത്മാവിന്റെ കൃപയും സഹായവുമില്ലാതെ, ഹൃദയം കൃപാഭിഷേകത്താല്‍ മൃദുവാകാതെ മാനസാന്തരം ഉണ്ടാകുന്നില്ല എന്നറിഞ്ഞു. പരസ്പര ബഹുമാനത്തിലും സ്ഥിരോത്സാഹത്തിലും സഹിഷ്ണുതയിലും ക്ഷമയിലും ഊന്നിയുള്ള സുവിശേഷ പ്രഘോഷണത്തിന്റെ അനുകരണീയ മാതൃക അദ്ദേഹം കാഴ്ചവച്ചു. റാഡിക്കലിസത്തിലേക്കോ മൗലികവാദത്തിലേക്കോ വഴിതെറ്റിയേക്കാവുന്ന ചിന്താ പദ്ധതികളെ അദ്ദേഹം ശ്രദ്ധാപൂര്‍വം ഒഴിവാക്കി.
പാസ്‌ക്കലിന്റെ ക്രിസ്ത്യന്‍ അവബോധങ്ങളെ അദ്ദേഹത്തിന്റെ തത്വദര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് നന്നായി മനസ്സിലാ ക്കാന്‍ കഴിയുക. ഗ്രീക്ക് തത്വചിന്തയെ അദ്ദേഹം വിലമതിച്ചു. പ്ലേറ്റോയുടെയും അരിസ്‌റ്റോട്ടിലിന്റെയും ബൗദ്ധിക സത്യസന്ധത അനുകരിച്ചു. മഹാമനീഷികളായിരിക്കെ അവര്‍ പുലര്‍ത്തിയ നര്‍മ്മബോധവും ലാളിത്യവും പാസ്‌കലിനെ ആകര്‍ഷിച്ചു. ലളിത സുന്ദരവും പ്രശാന്തവും ആനന്ദപ്രദവുമായ ജീവിതമായിരുന്നു അവരുടെ അടിസ്ഥാന തത്വശാസ്ത്ര വിഷയം. ഗ്രീക്ക് ചിന്തയുടെ ധനാത്മക മാനങ്ങളെ എണ്ണിയെണ്ണി പറയുമ്പോഴും അതിന്റെ കുറവുകളെക്കുറിച്ച് ജാഗ്രത പാലിച്ചു. സ്‌റ്റോയിസിസം ബൗദ്ധിക ഗര്‍വിലേക്കും സ്‌കെപ്റ്റിസിസം ബൗദ്ധിക നിരാശയിലേക്കും നയിക്കും. മനുഷ്യബുദ്ധിയുടെ പരിമിതികള്‍ അംഗീകരിച്ചു മാത്രമേ നാം മുന്നോട്ടു പോകാവൂ. മനുഷ്യന്റെ യുക്തിസഹത അതുല്യമായ സൃഷ്ടി തന്നെ. തൃഷ്ണകളും ചോദനകളും മാത്രമാകാമായിരുന്ന മനുഷ്യര്‍ ചിന്താനിപുണത കൊണ്ട് മഹത്വം നേടുന്നു. എന്നാല്‍ യുക്തിക്കു തനിയെ അസ്തിത്വ സമസ്യകള്‍ക്കുത്തരം കണ്ടെത്താന്‍ കഴിയുന്നില്ല. സൃഷ്ടയുക്തിയുടെ പരിമിതി തന്നെയാണ് തത്വചിന്തകരുടെയും പരിമിതി.
യഥാര്‍ത്ഥ യാഥാര്‍ത്ഥ്യം ആശയങ്ങള്‍ക്കപ്പുറത്തും മുകളിലുമാണ് സ്ഥിതിചെയ്യുന്നത്. മനു ഷ്യയുക്തിയുടെ താത്വിക വ്യാപാരങ്ങള്‍ പലപ്പോഴും യഥാര്‍ത്ഥ യാഥാര്‍ത്ഥ്യത്തെ മറയ്ക്കുന്നു. പരമ സത്തയിലേക്കു തുറക്കാത്ത നയനങ്ങള്‍ യഥാര്‍ത്ഥ കാഴ്ചയെ സ്വന്തമാക്കുന്നില്ല. വിഷമയമായ, മനുഷ്യരെ ഞെരുക്കുന്ന സാമൂഹിക സാമ്പത്തിക ധാര്‍മ്മിക ചിന്തകളും മനുഷ്യ ദര്‍ശനങ്ങളും നമ്മെ മായാലോകത്തു നിര്‍ത്തുന്നു. മങ്ങിയ ആശയങ്ങള്‍ കൊണ്ട് പൊരുള്‍ മറയ്ക്കുന്നു.
മനുഷ്യാവസ്ഥയുടെ പൊതു ചിത്രം പാസ്‌ക്കലും പങ്കുവയ്ക്കുന്നുണ്ട്. മനുഷ്യര്‍ പലപ്പോഴും അവരവര്‍ക്കു തന്നെ അന്യരാകുന്നു. മഹത്വവും (grandeur) ദുരിതവും (misery) അവരില്‍ ഒരുപോലെ ചേര്‍ന്നിരിക്കുന്നു. ചിന്താശേഷി അവരെ ശോഭിതരും ഇന്ദ്രിയാധീനതയെ ജയിക്കാന്‍ പ്രാപ്തരുമാക്കുന്നു. നിസ്സാരമായ അസ്തിത്വത്തെക്കുറിച്ചുള്ള അവബോധം നല്‍കി അവരെ ദുഃഖിപ്പിക്കുന്നതും ഇതേ സബുദ്ധിത്വം തന്നെ. മൃഗപ്രകൃതിയാണ് അവരുടെ പരിമിതിയും നിത്യദുഃഖവും. ആനന്ദം സത്യം ഇവയ്ക്കു വേണ്ടിയുള്ള സീമാതീതമായ ആഗ്രഹം, പരിമിതയുക്തി, ആസക്തി, മരണം എന്നിവയ്ക്കിടയില്‍ സംഘര്‍ഷഭരിതമാണ് മനുഷ്യാസ്തിത്വം. സമ്പൂര്‍ണ്ണ സംതൃപ്തി ഈ ഭൂമിയില്‍ അപ്രാപ്യമാണെന്ന തിരിച്ചറിവില്‍ നിന്നും നിത്യ ദുഃഖത്തിലേക്കുള്ള വീഴ്ചയുടെ പേരാണ് മനുഷ്യന്‍. ഇത്തരമൊരു നിരാശ പടര്‍ന്ന അവസ്ഥയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ അവര്‍ ഒച്ചവയ്ക്കുന്നു, വിനോദത്തില്‍ ഏര്‍പ്പെടുന്നു, സമ്പാദിക്കുന്നു, തിന്മ ചെയ്യുന്നു. ഇങ്ങനെ ചെയ്യാത്ത പക്ഷം ഒന്നുമല്ല എന്ന ഭീകരമായ ഓര്‍മ്മ അവരെ വേട്ടയാടുന്നു. ഉപേക്ഷിക്കപ്പെട്ടവര്‍, ആശ്രിതര്‍, നിശ്ശൂന്യര്‍ തുടങ്ങിയ വിശേഷണങ്ങളെ കുടഞ്ഞു കളയാന്‍ കഴിയാതെ തിക്കുമുട്ടുന്നു. ദുഃഖവും നിരാശയും അവരെ ചൂഴുന്നു. മനുഷ്യാവസ്ഥകളുടെ ദുരിതം ഇതാണ്. ഇത് നമ്മുടെ അനുഭവവുമാണ്.
ഇവിടെ പാസ്‌കല്‍ പ്രത്യാശാഭരിതമായ മറ്റൊരു ദര്‍ശനം രൂപപ്പെടുത്തി നമ്മെ ആശ്വസിപ്പിക്കുകയാണ്. ഇരുളും വെളിച്ചവും ഇട കലര്‍ന്ന മനുഷ്യാവസ്ഥയിലെ വിടവ് നികത്താന്‍ പ്രാപഞ്ചിക, പദാര്‍ത്ഥപരയാഥാര്‍ഥ്യങ്ങള്‍ക്കു കഴിയുന്നില്ല. അപരിമേയവും അചഞ്ചലവുമായ ഉണ്മയായ ദൈവത്തിനു മാത്രമാണ് അതിനു കഴിയുന്നത്. മഹത്വത്തിന്റെ ചെങ്കോല്‍ തനിയെ വീണ്ടെടുക്കാനാകാത്ത ദുര്‍ബലരാണ് മനുഷ്യര്‍. മനുഷ്യാവസ്ഥയുടെ സങ്കീര്‍ണ്ണ സമസ്യകള്‍ അഴിക്കാനുള്ള തക്കോല്‍ ദൈവിക വെളിപാടുകളിലാണെന്നുള്ളത് പാസ്‌കല്‍ ഉറപ്പിച്ചു പറയുന്നു. സത്യമുള്ള മതം മനുഷ്യന്റെ ദുരിത മഹത്വങ്ങള്‍ ഇടകലര്‍ന്ന അസ്തിത്വാവസ്ഥയെ മനസ്സിലാക്കി വ്യാഖ്യാനിക്കാന്‍ പ്രാപ്തിയുള്ളതായിരിക്കും. കൃപയുടെ പ്രകാശത്തില്‍ മാത്രം വെളിവാകുന്ന പൂര്‍ണ്ണ സത്യത്തെ ഉള്‍ക്കൊള്ളുന്ന മതത്തിനു മാത്രമേ വിമോചനത്തിന്റെ വഴി കാട്ടാന്‍ കഴിയൂ. സത്യത്തിന്റെ അതിബൗദ്ധിക മാനദണ്ഡം ദൈവിക കൃപയുടെ (Grace and Super Natural Assistance) പ്രകാശമാണ്. മനുഷ്യയുക്തിക്കു സ്വയം എത്തിപിടിക്കാവുന്ന അറിവിന്റെ ഔന്നത്യം സ്വന്തം പരിമിതിയെക്കുറിച്ചുള്ള അറിവുതന്നെയാണ്. കൃപയുടെ പ്രകാശം ലഭിക്കാത്ത മനുഷ്യയുക്തി പരിമിതികളെക്കുറിച്ചുള്ള ദുഃഖത്തിലേക്കു ആവര്‍ത്തിച്ചു വീഴുന്നു.
കൃപയുടെ പ്രാധാന്യം എടുത്തു പറയുമ്പോള്‍ പാസ്‌കല്‍ പറയാതെ പറയുന്നത് ബൗദ്ധിക എളിമ എന്ന പുണ്യത്തെക്കുറിച്ചു കൂടിയാണ് ശിശുസഹജമായ ലാളിത്യത്തോടെ തത്വചിന്തകന്‍ സുവിശേഷവേലയിലേക്കു കടക്കുകയാണ്. മനുഷ്യാവസ്ഥ എന്ന കടംകഥ കൃപയില്‍ നിന്ന് ഉത്തരം നേടുന്നത് അദ്ദേഹം കണ്ടു. ക്രിസ്തീയതയില്‍ തിളങ്ങുന്ന പരം പൊരുള്‍ ദര്‍ശിച്ചു. ദൈവിക വെളിപാടുകളിലൂടെ തെളിയുന്ന സത്യങ്ങള്‍ യുക്തിരഹിതങ്ങളല്ല. ഏതൊരു ചിന്താധാരയ്ക്കും അവകാശപ്പെടാനാകാത്ത പൂര്‍ണ്ണ ഉത്തരങ്ങള്‍ അവയിലുണ്ട്.
ക്രിസ്തു നല്‍കുന്ന കൃപയിലും സമാധാനത്തിലും തിളങ്ങുന്ന പാസ്‌കലിന്റെ ദാര്‍ശനികൗത്സുക്യം 'ഹൃദയത്തിന്റെ ക്രമം' പിന്തുടരാന്‍ നമ്മെ ക്ഷണിക്കുന്നു. ഹൃദയത്തിന്റെ ക്രമം നമ്മെ എളുപ്പത്തില്‍ സ്വര്‍ഗത്തിലെത്തിക്കുന്നു.
1654 നവംബര്‍ 23 നായിരുന്നു പാസ്‌കലിന്റെ കൃപാഭിഷേകത്തിന്റെ രാവ്. ആ രാത്രിയില്‍ പാസ്‌ക ലിന്റെമേല്‍ തിരിച്ചറിവുകളുടെ ദൈവാഗ്നി ഇറങ്ങി. മോശയുടെ മുന്‍പില്‍ എരിയാതെ എരിഞ്ഞ മുള്‍ച്ചെടി പോലെ മനുഷ്യാവസ്ഥ യുടെ അവസ്ഥാന്തരങ്ങളെ പറ്റിയുള്ള സ്വര്‍ഗീയ വെളിപാടില്‍ പാസ്‌കല്‍ എരിയാതെ എരിഞ്ഞു. മാനുഷികതയുടെ അഭിശപ്തതയെ വിമലീകരിച്ചു സത്യപ്രഭയിലാക്കുന്ന അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവത്തെ കണ്ടു. എല്ലാ ദാര്‍ശനിക ധാരകള്‍ക്കും അപ്പുറത്തുള്ള യഥാര്‍ത്ഥ ഉറപ്പ് (certainty) അദ്ദേഹത്തിന് ലഭിച്ചു. സമാധാനത്തിന്റെയും ആനന്ദത്തിന്റെയും അര്‍ത്ഥമറിഞ്ഞു. ക്രിസ്തുവിനെ, ദൈവത്തെ അറിഞ്ഞു.
ആ രാത്രിയിലുണ്ടായ കൃപയുടെ അനുഭൂതി മനുഷ്യന്റെ യഥാര്‍ത്ഥ മഹത്വം എന്തെന്ന് പാസ്‌കലിനു വെളിവാക്കികൊടുത്തു. ക്രിസ്ത്വാനുഭൂതി അദ്ദേഹത്തെ ഉപവിയിലേക്കു പരിവര്‍ത്തനം ചെയ്തു. അഹംബോധത്തിന്റെയും തൃഷ്ണകളുടെയും മനുഷ്യാവസ്ഥകളെ ഊരിയെറിഞ്ഞു.
വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പാസ്‌കലിനെ മാതൃകയാക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. പാസ്‌കലിനെ പോലെയുള്ളവര്‍ മുന്‍വിധികളില്ലായ്മ കൊണ്ടും എളിമകൊണ്ടും ബൗദ്ധിക ധീരത കൊണ്ടും ദൃഷ്ടാന്തങ്ങളാകുന്നു. ക്രിസ്തുവിലുള്ള വിശ്വാസം സകല മുന്‍വിധികളേയും അകറ്റുന്നു എന്ന് അവര്‍ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു. 1654 നവംബറിലെ ആ രാത്രിക്കു മുമ്പും പാസ്‌കല്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്നു. അദ്ദേഹത്തില്‍ കുറവുണ്ടായിരുന്നത് ശക്തിയാണ്. ശക്തിയും ഉറപ്പുമുള്ള അറിവ് അദ്ദേഹം കൃപയില്‍ നിന്നും കൈക്കൊണ്ടു. ആ അഭിഷേകം അദ്ദേഹത്തില്‍ ആനന്ദം നിറച്ചു. ക്രിസ്തു എന്ന വിമോചകനിലൂടെ മനുഷ്യര്‍ ദുരിതക്കടല്‍ കടക്കുന്നു. അസ്തിത്വത്തിലെ സങ്കട പര്‍വങ്ങള്‍ താണ്ടുന്നു.
ക്രിസ്തു നല്‍കുന്ന കൃപയിലും സമാധാനത്തിലും തിളങ്ങുന്ന പാസ്‌കലിന്റെ ദാര്‍ശനികൗത്സുക്യം 'ഹൃദയത്തിന്റെ ക്രമം' പിന്തുടരാന്‍ നമ്മെ ക്ഷണിക്കുന്നു. ഹൃദയത്തിന്റെ ക്രമം നമ്മെ എളുപ്പത്തില്‍ സ്വര്‍ഗത്തിലെത്തിക്കുന്നു. പാസ്‌കല്‍ പറയുന്ന ഹൃദയത്തിന്റെ ക്രമം നമ്മെ ഫിദെയിസ (Fideism)ത്തിലേക്കു നയിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഫിദെയിസം നിരസിക്കപ്പെടേണ്ട ഒരു ചിന്താപദ്ധതിയാണെന്നു സഭ ഓര്‍മ്മിപ്പി ച്ചിട്ടുണ്ട്. ഫിദെയിസം വിശ്വാസത്തിന്റെ കാര്യത്തില്‍ യുക്തിസഹതയുടെ പ്രസക്തിയെ തീര്‍ത്തും നിരാകരിക്കുന്നു. ഈ അപകട സാധ്യതയെ പറ്റി ഭാഗ്യസ്മരണാര്‍ഹനായ ബെനഡിക്ട് പതിനാറാമന്‍ പാപ്പ മുന്നറിയിപ്പ് തരുന്നു ണ്ട്. പാസ്‌കല്‍ വിശ്വാസത്തോട് ചേര്‍ന്ന് പോകുന്ന യുക്തിയുടെയും യുക്തിസഹമായ വിശ്വാസപ്രമാണങ്ങളുടെയും വക്താവായിരുന്നു. മനസ്സിന് തെറ്റെന്നുറപ്പുള്ള കാര്യങ്ങളില്‍ വിശ്വസിക്കാന്‍ കഴിയില്ല. യുക്തിരഹിതമായ വൈരുദ്ധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന മത സംവിധാനങ്ങള്‍ അസ്സംഗതങ്ങളായി മാറും.
വിശ്വാസം ദൈവിക ദാനമാണ് ദൈവത്തിലേക്കുയരാന്‍ ദൈവം ഉയര്‍ത്തണം. വിശ്വാസം യുക്തിക്ക് ഒരുപടി മുകളില്‍ നില്‍ക്കുമ്പോഴും രണ്ടും വിരുദ്ധ ധ്രുവത്തിലല്ല സ്ഥിതി കൊള്ളുന്നത്. സമവാക്യങ്ങളോ യുക്തിവിചാരങ്ങളോ ഒന്നും അസ്തിത്വാവസ്ഥയെക്കുറിച്ചുള്ള തെളിദര്‍ശനം നല്‍കുന്നില്ല. സമഗ്രമായ കാഴ്ച കള്‍ ദൈവകൃപയുടെ പ്രഭയില്‍ ഹൃദയംകൊണ്ടാണ് കാണേണ്ടത്. സത്യത്തെ യുക്തികൊണ്ട് മാത്രമല്ല ഹൃദയം കൊണ്ടുമാണ് തിരയേണ്ടത്. ദൈവികരഹസ്യങ്ങളെ യുക്തിവാദങ്ങള്‍ കൊണ്ടുമാത്രം തെളിയിച്ചു സ്ഥാപിക്കാനാകില്ല. വിശ്വാസത്തിന്റെ ഉറപ്പില്‍ ഹൃദയത്തില്‍ നിന്നും യുക്തിയുടെ തലത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട ബോധ്യങ്ങളാണവ. യുക്തി അവയെ അംഗീകരിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു. ഹൃദയ പരിവര്‍ത്തനത്തിനുള്ള ദൈവകൃപ ലഭിച്ചവര്‍ ഭാഗ്യപ്പെട്ടവരാകുന്നു.
ക്രിസ്തുവില്‍ വെളിപ്പെടുന്ന സത്യത്തെ എല്ലാവരും തിരിച്ചറിയുന്നില്ല എന്ന വസ്തുതയെ പാസ്‌കല്‍ സഹിഷ്ണുതയോടെയാണ് ഉള്‍ക്കൊള്ളുന്നത്. കൃപ സ്വീകരിക്കാന്‍ കഴിയാത്തവരെ പാസ്‌കല്‍ ചേര്‍ത്ത് പിടിക്കുന്നു. ദൈവത്തെ അറിയാനുള്ള കൃപ ദൈവത്തില്‍ നിന്നും ലഭിക്കണം. ഉപവിയുടെ ജീവിതം നയിക്കാന്‍ ദൈവാത്മാവ് പ്രചോദനം നല്‍കണം.
പാസ്‌കലിന്റെ ചിന്തകള്‍ ജാന്‍സനിസത്തോടു സാമ്യമുള്ളവയാണോ എന്ന് സന്ദേഹിക്കുന്നവരെ ഫ്രാന്‍സിസ് പാപ്പ ആശ്വസിപ്പിക്കുന്നുണ്ട്. വിശ്വാസ കാര്യങ്ങളില്‍ യുക്തിയുടെ പ്രസക്തിയെ പാടെ നിരാകരിക്കുന്ന ദൈവശാസ്ത്ര പദ്ധതിയാണ് ജാന്‍സനിസത്തിന്റേത്. ജാന്‍സനിസത്തെ പാസ്‌കല്‍ സംശയത്തിനിടയില്ലാത്തവണ്ണം നിരാകരിച്ചിട്ടുണ്ടെന്നു പാപ്പ എടുത്തു പറയുന്നു. വി. അഗസ്തീനോസും സമാനമായ ഒരു ആരോപണം നേരിട്ടിരുന്നു. പെലാജിയന്‍ പാഷണ്ഡതയ്‌ക്കെതിരെ വാദങ്ങള്‍ നിരത്തിയപ്പോള്‍ വിശ്വാസത്തില്‍ ദൈവകൃപയുടെ മേല്‍ക്കൈ അദ്ദേഹം ഊന്നി പറഞ്ഞിരുന്നു എന്നത് സത്യം തന്നെ. കൃപാകടാക്ഷമില്ലാതെ തന്നെ നന്മ ചെയ്യാനും രക്ഷനേടാനും മനുഷ്യര്‍ പ്രാപ്തരാണെന്ന പെലാജിയന്‍ ചിന്താപദ്ധതിയെ അഗസ്റ്റിന്‍ നഖശിഖാന്തം എതിര്‍ത്തു. കൃപയുടെ പ്രസക്തിയെ ആവര്‍ത്തിച്ചുറപ്പിച്ചപ്പോള്‍ യുക്തിയുടെയും മനുഷ്യപ്രയത്‌നങ്ങളുടെയും പ്രാധാന്യം കുറയുന്നതായി ചിലര്‍ക്ക് തോന്നിയെന്നു മാത്രം. പാസ്‌കലും സൂചിതമായ (implicit) ഒരു സെമിപെലാജിയന്‍ ചിന്തയെ മുന്നില്‍ കണ്ടാണ് ചിന്തകളെ മിനുക്കിയതെന്നു പാപ്പ അനുസ്മരിക്കുന്നു.
മനുഷ്യന്റെ വിമോചനം മനുഷ്യപ്രയത്‌നങ്ങളിലൂടെ എന്ന് ചിന്തിച്ചിരുന്ന ലൂയിസ് ദേ മോലീന (Luis de Molina) എന്ന ദൈവശാസ്ത്രഞ്ജന്റെ അനുയായികള്‍ പാസ്‌കലുമായി സംവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു എന്നത് വസ്തുതയാണ്. എന്നാല്‍ പാസ്‌കലിന്റെ ഉദ്ദേശശുദ്ധിയെ മാനിക്കുകയും അഭിനന്ദിക്കുകയുമാണ് ഫ്രാന്‍സിസ് പാപ്പ ചെയ്യുന്നത്. നവപെലാജിയനിസത്തിന്റെ അപകടങ്ങളെ കരുതിയിരിക്കാന്‍ പാസ്‌കല്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സ്വയം രക്ഷ നേടാമെന്ന അമിതാത്മവിശ്വാസത്തിന്റെ ലഹരിയില്‍ വീഴാതിരിക്കുക. സ്വസിദ്ധികളിലുള്ള അമിതവിശ്വാസം വിനാശകരമെന്നറിയുക. ദൈവകൃപയെയും അതിഭൗതികതയുടെ സഹായഹസ്തത്തെയും (Grace and Supernatural Assistance) നിരാകരിക്കുന്ന ചിന്താധാരകളും സാമൂഹ്യക്രമങ്ങളും അപകടകരങ്ങള്‍ തന്നെ.
ചെറുതും സവിശേഷമാം വിധം സമ്പുഷ്ടവുമായിരുന്നു പാസ്കലിന്റെ ജീവിതം. ദൈവം സ്വര്‍ഗത്തെയും പ്രപഞ്ചത്തെയും സൃഷ്ടിച്ചു. പക്ഷെ അവ അവയുടെ അസ്തിത്വത്തിന്റെ ആനന്ദം അവ ബോധത്തില്‍ സംവഹിക്കുന്നില്ല. ഈ ആനന്ദം അനുഭവിക്കാന്‍ പ്രാപ്തിയുള്ള മനുഷ്യരെ ദൈവം സൃഷ്ടിച്ചു, ഒരു ശരീരത്തിലെ അവയവങ്ങളെ പോലെ. മാനവികതയുടെ എല്ലാ മാനങ്ങളെയും സകല ജനപദങ്ങളേയും ദൈവരാജ്യത്തിന്റെ മേശയ്ക്കു ചുറ്റും ഇരുത്തുന്ന പരമസത്യത്തിന്റെ പേരാണ് സുവിശേഷം എന്ന് പാസ്‌കല്‍ യുക്തിവിചാരം നടത്തി.
1662 ആഗസ്റ്റ് 19 ന് അവസാനമായി ശ്വസിച്ച പാസ്‌കലിന്റെ അന്ത്യമൊഴികള്‍ 'ദൈവം എന്നെ ഒരിക്കലും കൈവിടുകയില്ല' എന്നായിരുന്നു. മരണശേഷം അദ്ദേഹത്തെ പറ്റി ആളുകള്‍ ഇങ്ങനെ പറഞ്ഞുവത്രേ, 'ഒരു ശിശുവിന്റെ ലാളിത്യത്തോടെയാണ് അയാള്‍ മരിച്ചത്.'
നാനൂറു വര്‍ഷങ്ങള്‍ക്കു ശേഷവും പാസ്‌കല്‍ നമുക്ക് നിദര്‍ശനമാകുകയാണ്, ചിന്തയിലും പ്രയോഗത്തിലും.