സ്‌നേഹാദ്വൈതമാണ് യേശു ജീവിതവും സുവിശേഷവും

സ്‌നേഹാദ്വൈതമാണ് യേശു ജീവിതവും സുവിശേഷവും
കലാ സാഹിത്യാദികള്‍ ആസ്വദിക്കാനുള്ള സഹൃദയത്വമുള്ള ആധുനിക നാഗരികമാനവരിലേക്ക് വിശ്വാസി/അവിശ്വാസി ഭേദമെന്യേ ബൈബിള്‍ സന്ദേശങ്ങള്‍ എത്തിക്കുന്നതു വിശ്വസാഹിത്യ കലാപ്രതിഭകള്‍ ചെയ്തിട്ടുള്ള സംഭാവനകള്‍ എത്ര മികച്ച മതപ്രഭാഷകന്‍ ചെയ്തിട്ടുള്ള സംഭാവനകളേക്കാളും ഏറെ വലുതാണ്, സര്‍ഗ്ഗാത്മകവുമാണ്.

ക്രൈസ്തവര്‍ ബൈബിളിനേയും യേശുക്രിസ്തുവിന്റെ ജീവിതത്തേയും എങ്ങനെയാണു കാണുന്നതെന്നു വിശദീകരിക്കുവാന്‍ ഈയുള്ളവന്‍ യോഗ്യനല്ല. എന്തെന്നാല്‍ ഞാനൊരു ക്രൈസ്തവനല്ല. ഒരു മഹര്‍ഷി മതസ്ഥന്‍ അഥവാ സാമാന്യജനഭാഷയില്‍ ഹിന്ദുമതസ്ഥന്‍ എന്ന നിലയില്‍ ഞാനെങ്ങനെ ബൈബിളിനേയും യേശുക്രിസ്തുവിനേയും കാണുന്നു എന്നു വിശദീകരിക്കല്‍ അസാധ്യമല്ലെങ്കിലും അക്കാര്യം ഒരു ലേഖനത്തില്‍ ചുരുക്കിയെഴുതുക എന്നത് എളുപ്പമല്ല. എന്നാല്‍ ഒരു മഹര്‍ഷി മതസ്ഥനെ സംബന്ധിച്ചു യേശു ക്രിസ്തുവിനേയും അവിടുന്നിലൂടെ വെളിവായ തിരുവചനങ്ങളേയും ഒഴിവാക്കി ഒരു ദര്‍ശനമോ ആദ്ധ്യാത്മിക വീക്ഷണമോ അവലംബിക്കാനാവില്ല; അവലംബിച്ചാലതു ഭഗവദ്ഗീതാ വിരുദ്ധമാകും. എന്തുകൊണ്ടെന്ന് വ്യക്തമാക്കാം.

ശ്രീമദ് ഭഗവദ്ഗീത പറയുന്നു;

''യോ മാം പശ്യതിസര്‍വ്വത്ര

സര്‍വ്വം ച മയി പശ്യതി

തസ്യാഹം ന പ്രണശ്യാമി

സ ച മേ ന പ്രശ്യതി

ഏതൊരാള്‍ എങ്ങും എന്നെ കാണുകയും എല്ലാറ്റിനേയും കാണുകയും ചെയ്യുന്നുവോ അയാള്‍ക്ക് ഞാന്‍ നശിക്കുന്നില്ല; എനിക്ക് അയാളും ഇല്ലാതാവുന്നില്ല'' (അദ്ധ്യായം 6: ശ്ലോകം 30) എങ്ങും ഈശ്വരനെ കാണുന്നവനും ഈശ്വരനില്‍ എല്ലാറ്റിനേയും കാണുന്നവനും ആയിരിക്കുവാനുള്ള ജ്ഞാനവും ഭക്തിനിഷ്ഠയും പുലര്‍ത്തുന്നവനേ മഹര്‍ഷി മതസ്ഥനാവൂ. അവര്‍ക്കേ നാശം ഇല്ലാത്ത നില അഥവാ അമൃതത്വം എന്ന 'നിത്യജീവന്‍' പ്രാപ്തമാവൂ എന്നാണ് ഭഗവദ്ഗീത പഠിപ്പിക്കുന്നത്. ഇതുപ്രകാരം യേശുക്രിസ്തുവിലും ബൈബിളിലും ഈശ്വരനെ കാണാത്ത ഒരാള്‍ മഹര്‍ഷി മതസ്ഥനാവില്ല. പേരിലും വേഷത്തിലും ഹിന്ദു ആയിരിക്കുന്നവരെപ്പറ്റിയല്ല പറഞ്ഞത്; വേരിലും നേരിലും ഹിന്ദു ആയിരിക്കുന്നവരെപ്പറ്റിയാണ്. ഇത്തരത്തിലൊരു ഹിന്ദു ആയിരുന്നു സ്വാമി വിവേകാനന്ദന്‍. അതിനാല്‍ അദ്ദേഹം എഴുതി; ''ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി യഥാര്‍ത്ഥ ഹിന്ദുവാണ്. യഥാര്‍ത്ഥ ഹിന്ദു യഥാര്‍ത്ഥ ക്രിസ്ത്യാനിയുമാണ്'' (വിവേകാനന്ദ സാഹിത്യസര്‍വ്വസ്വം: വോള്യം 7: പേജ് 227).

'എല്ലാറ്റിലും ഈശ്വരനെ കാണലും; ഈശ്വരനില്‍ എല്ലാം കാണലും' എന്ന ആദ്ധ്യാത്മിക ദര്‍ശനം 'എന്റെ മതം മാത്രം സത്യം, വിശുദ്ധം' എന്ന നിലയില്‍ കേട്ടും പറഞ്ഞും ചിന്തിച്ചും വാദിച്ചും ശീലിച്ചവര്‍ക്കെല്ലാം അപഹസിക്കാനുള്ള ഒരു പ്രമേയം ആയിരുന്നിട്ടുണ്ട്. പക്ഷേ 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന ശ്രീനാരായണ ഗുരുവചനം മൂലം മതസ്പര്‍ദ്ധയോ സാമുദായിക വര്‍ഗ്ഗീയ കലാപങ്ങളോ പള്ളിപൊളിക്കലോ അമ്പലം തകര്‍ക്കലോ സുവിശേഷ പ്രവര്‍ത്തകരെ ചുട്ടെരിക്കലോ മതത്തിന്റെ പേരില്‍ മനുഷ്യനും മനുഷ്യനും തമ്മില്‍ തമ്മില്‍ കണ്ടു കൂടാത്തവരും കേട്ടു കൂടാത്തവരും ഒന്നിച്ചിരുന്നുണ്ണുവാന്‍ ആകാത്തവരും ആകുന്ന നിലയോ ഉണ്ടായിട്ടില്ല എന്നതു സാമൂഹികമായ വാസ്തവമാണല്ലോ. ഇതിനു സമാനമായതും അത്യന്തം ഗുണപരവുമായ ഒരു വലിയ സാമൂഹിക വാസ്തവം 'എല്ലാറ്റിലും ഈശ്വര നെ കാണുക; എല്ലാറ്റിനേയും ഈശ്വരനില്‍ കാണുക' എന്ന ആദ്ധ്യാത്മിക ദര്‍ശനത്തിനും ഇന്ത്യയില്‍ ഉരുവാക്കുവാനായിട്ടുണ്ട്. ചുരുക്കത്തില്‍ വെറുപ്പ് ഉല്പാദിപ്പിക്കാത്ത ഒരു ആദ്ധ്യാത്മിക ദര്‍ശനമാണ് ഭഗവദ്ഗീത പഠിപ്പിക്കുന്നത്. അതിന് എന്നും പ്രസക്തിയുണ്ട്. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ തന്നെ ഉദ്ധരിച്ച ഗീതാശ്ലോകം മുന്നോട്ടു വെക്കുന്ന പരമത വിദ്വേഷം ഉല്പാദിപ്പിക്കാത്ത ആദ്ധ്യാത്മിക ദര്‍ശനം ജീവിതചര്യയാക്കാനായതിനാലാണ് യേശുക്രിസ്തുവിനെ ഭഗവാന്‍ കൃഷ്ണനെപ്പോലെയും ബൈബിളിനെ ഭഗവദ്ഗീതയെപ്പോലെയും ഉള്ളുനിറഞ്ഞ ഭക്തിയോടെ ഉള്‍ക്കൊണ്ടു ചിലതെഴുതുവാന്‍ ഇവിടെ കഴിയുന്നത്!

ആദ്യമേ പറയട്ടെ, നല്ല മനുഷ്യത്വത്തിന് കൊള്ളാവുന്നതല്ലാതെ തള്ളേണ്ട യാതൊന്നും യേശുദേവന്റെ ജീവിതത്തിലോ വചനങ്ങളിലോ ഇല്ല. മാനവത്വം മഹത്വം മുകരുവാന്‍ യേശുവിന്റെ ജീവിതവും വചനങ്ങളും തീര്‍ച്ചയായും ആസ്വദിച്ചറിയേണ്ടതുണ്ട്. അത്തരം ആസ്വദിച്ചറിയല്‍ വഴി കണ്ടെത്തുവാനായ ഏതാനും കാര്യങ്ങളുടെ ഒരു ലഘുവായ പങ്കുവയ്ക്കലാണ് ഈ ലേഖനം.

മുഴുവന്‍ സഹൃദയരിലേക്കുമുള്ള ബൈബിള്‍ പ്രവേശനം

'ബൈബിള്‍ ഒരു മതഗ്രന്ഥമാണ്' എന്നു മാത്രം കരുതുന്നവര്‍ ധാരാളമുണ്ട്. ബൈബിള്‍ പ്രഘോഷണം ഉപജീവനവൃത്തിയാക്കി കഴിയുന്ന മതപ്രസംഗികരും ധാരാളമുണ്ട്. പക്ഷേ, മതപ്രഘോഷണത്തിനുള്ള ഒരു മതഗ്രന്ഥം മാത്രമാക്കി ബൈബിളിനെ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ അതുവഴി മതവിശ്വാസികളെ മാത്രമേ ബൈബിള്‍ തെല്ലെങ്കിലും സ്പര്‍ശിക്കൂ എന്ന നിലയാണ് ഉണ്ടാവുന്നത്. ലോകമാസകലമുള്ള വിവേകമതികളും സഹൃദയരുമായ മുഴുവന്‍ മനഷ്യരിലേക്കും ബൈബിള്‍ സന്ദേശങ്ങള്‍ എത്തുന്നതിനു മുറപ്പടിയുള്ള സുവിശേഷ വേലക്കാരുടെ മതപ്രസംഗംകൊണ്ടു മാത്രം കഴിയുമെന്നു കരുതുക വയ്യ. സ്വന്തം അനുഭവം തന്നെയാണ് ഇങ്ങനെ എഴുതിപ്പിക്കുന്നത്. ഈയുള്ളവന്‍ ബൈബിള്‍ വായിക്കുവാനും യേശുദേവനെ സ്‌നേഹിക്കുവാനും പ്രേരിതനായത് ഏതെങ്കിലും ക്രിസ്തുമത പ്രചാരകന്റെ മതപ്രസംഗം കേട്ടിട്ടല്ല. വിക്ടര്‍ യൂഗോ, ദസ്തയേവ്ക്കി, ടോള്‍സ്റ്റോയി, അന്തോണ്‍ ചെഖോവ്, പേള്‍ എസ്. ബക്ക്, ജോയ്‌സീസ്, ചാള്‍സ് ഡിക്കന്‍സ്, കസാന്‍ദ് സാക്കിസ്, ഖലീല്‍ ജിബ്രാന്‍ തുടങ്ങിയ വിശ്വവിശ്രുതരായ സാഹിത്യപ്രതിഭകള്‍ എഴുതിയ കൃതികളുടെ പാരായണത്തിലൂടെയും ആസ്വാദനത്തിലൂടേയുംമാണ് എന്നിലേക്ക് ബൈബിള്‍ വചനങ്ങളുടെ സാഗര സാരസ്യം പ്രവേശിച്ചത്.

രാമായണം, മഹാഭാരതം, മഹാഭാഗവതം എന്നീ കൃതികള്‍ ഭാരതത്തിന്റെ കലാ സാഹിത്യ ജീവിതത്തെ എത്ര ആഴത്തിലും പരപ്പിലും വൈവിധ്യത്തിലും സ്വാധീനിച്ചിട്ടുണ്ടോ ഇതിനു സമാനമായ സ്വാധീനം ബൈബിളിനു വിശ്വസാഹിത്യത്തിലും ചെലുത്തുവാനായിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിലൂടെ ബൈബിള്‍ സന്ദേശങ്ങള്‍ ഹൃദയത്തിലേക്ക് പ്രവേശിക്കാത്ത ആധുനിക നാഗരിക മാനവന്‍ ഇല്ലെന്നു പോലും പറയാവുന്ന വിധം ശക്തമാണ് ബൈബിളിന്റെ സ്വാധീനം. കലാ സാഹിത്യാദികള്‍ ആസ്വദിക്കാനുള്ള സഹൃദയത്വമുള്ള ആധുനിക നാഗരികമാനവരിലേക്ക് വിശ്വാസി/അ വിശ്വാസി ഭേദമെന്യേ ബൈബിള്‍ സന്ദേശങ്ങള്‍ എത്തിക്കുന്നതു വിശ്വസാഹിത്യ കലാപ്രതിഭകള്‍ ചെയ്തിട്ടുള്ള സംഭാവനകള്‍ എത്ര മികച്ച മതപ്രഭാഷകന്‍ ചെയ്തിട്ടുള്ള സംഭാവനകളേക്കാളും ഏറെ വലുതാണ്, സര്‍ഗ്ഗാത്മകവുമാണ്. എന്നാല്‍ ഇക്കാര്യം വേണ്ടത്ര തിരിച്ചറിഞ്ഞു ഗൗരവപൂര്‍വ്വം പരിഗണിക്കുവാനും പ്രചരിപ്പിക്കുവാനും സാമ്പ്രദായിക മതവിശ്വാസ കൂട്ടായ്മകള്‍ തയ്യാറായിട്ടുണ്ടെന്നു തോന്നുന്നില്ല, തയ്യാറായാല്‍ നന്നെന്നു തോന്നുന്നുമുണ്ട്. ഇനി ബൈബിളിലേക്ക് വരാം.

അഗ്നിയാല്‍ സ്‌നാനപ്പെടുത്തുന്ന യേശു

വിശുദ്ധ സ്‌നാപക യോഹന്നാന്‍ ബൈബിള്‍ പുതിയ നിയമത്തില്‍ പറയുന്നു, ''മാനസാന്തരത്തിനായി ജലം കൊണ്ടു ഞാന്‍ നിങ്ങളെ സ്‌നാനപ്പെടുത്തി. എന്റെ പിന്നാലെ വരുന്നവന്‍ എന്നേക്കാള്‍ ശക്തന്‍... അവന്‍ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങളെ സ്‌നാനപ്പെടുത്തും'' (മത്തായി അദ്ധ്യായം 3, വചനങ്ങള്‍ 11 ഉം, 12 ഉം) ഇതില്‍ 'അഗ്നി'യാല്‍ സ്‌നാനപ്പെടുത്തും എന്ന വചനഭാഗം ഏറെ ചിന്തനീയമാണ്. സ്വയം അശുദ്ധമാകാതെ എല്ലാം ശുദ്ധമാക്കാന്‍ കഴിയുന്ന സഹജഗുണമുള്ള പ്രതിഭാസം ഭൂമിയില്‍ അഗ്നിയാണ്. 'അഗ്നിയാല്‍ സ്‌നാനപ്പെടുത്തുന്നവനാണ് യേശുക്രിസ്തു' എന്ന യോഹന്നാന്റെ പ്രവചനം ബൈബിളിന്റേയും യേശുക്രിസ്തുവിന്റെ രക്ഷാദൗത്യത്തിന്റേയും ഉള്ളറകള്‍ തുറന്നു കാണാന്‍ നമ്മെ സഹായിക്കുന്ന വചനത്താക്കോലാണ് - താക്കോല്‍ വാക്യമാണ്!

പരിശുദ്ധാത്മാവ് അതീതങ്ങളില്‍നിന്ന് പ്രവഹിക്കുന്ന പരിവര്‍ത്തനോര്‍ജ്ജമാണ്. ആ ചൈതന്യത്തെ അപവിത്രമാക്കാന്‍ ഒരു ശക്തിക്കും സാധിക്കുകയില്ല. അഗ്നിയുെട സ്വഭാവവും ചൈതന്യം എന്നതാണല്ലോ. മാനസാന്തരത്തിനായി മാനവരില്‍ യേശുക്രിസ്തു ചെയ്യുന്ന സ്‌നാനം പരിശുദ്ധാത്മാവിനാലും അഗ്നിയാലും ആയിരിക്കും എന്നതിന്റെ അര്‍ത്ഥധ്വനികള്‍ എന്താണ്? ലഘുവായൊന്നു ചിന്തിച്ചുനോക്കാം.

നമ്മെ പതിപ്പിക്കുന്ന ശക്തിയാണു പാപം. പാപത്തിന്റെ മൂര്‍ത്തിയാണ് പിശാച്. പിശാചിനോട് ഒന്നു സംസാരിച്ചപ്പോള്‍ തന്നെ ആദവും ഹവ്വയും പതിതരായി. എന്നാല്‍ യേശു പിശാചിനോടു സം സാരിച്ചപ്പോള്‍ പിശാചാണ് തോറ്റത്; യേശുദേവന്‍ തെല്ലുമേ പിശാചിനാല്‍ കളങ്കിതനായില്ല. കളങ്കിതനാകാതെ പോയതിനു കാരണം ഒന്നിനാലും കളങ്കപ്പെടുത്താനാകാത്ത ശുദ്ധ ചൈതന്യത്തിന്റെ ആത്മാവും ജ്ഞാനവചനാഗ്നിയും കൂടിച്ചേര്‍ന്ന ദൈവിക തിരുപ്പിറവിയാണ് യേശു എന്നതാണ്. അതിനാല്‍ തന്നെ അവിടുന്ന് പാപികളെ പാപം തീണ്ടാതെ തന്നെ പവിത്രീകരിച്ചു നിത്യജീവനിലേക്ക് പ്രവേശിപ്പിക്കുവാന്‍ യോഗ്യനായി. അഗ്നിത്വം സ്വഭാവവും സ്വരൂപവുമായ തേജോമയനേ ഇതു സാധിക്കൂ. 'ഞാന്‍ വന്നത് നീതിമാന്മാരെ വിളിപ്പാനല്ല; പാപികളെ വിളിപ്പാനാണ്' (മത്തായി അദ്ധ്യായം 9, വാക്യം 13). സ്വയം പാപബാധിതനാകാതെ പാപത്തെ ഏതിനേയും ദഹിപ്പിക്കുന്ന തീയാണു താനെന്ന പ്രഖ്യാപനമായും മേലുദ്ധരിച്ച യേശുവചനത്തെ മനസ്സിലാക്കാം. ശുദ്ധീകരണത്തിന്റെ ഈ വിശുദ്ധാഗ്‌നിയാല്‍ മാനവികതയ്ക്ക് പതനത്തില്‍നിന്നുള്ള മോചനം സാധ്യമാകും എന്ന തീര്‍ച്ചയാണ് യേശുക്രിസ്തു രക്ഷകനാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനം.

യൂദാസും പത്രോസും

ഇങ്ങനെയൊക്കെ പറയുമ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം ഉയര്‍ന്നു വരും - 'യൂദാസിന്റെ പതനം ഒഴിവാക്കാന്‍ യേശുവിന് സാധിച്ചില്ലയോ?' തീര്‍ച്ചയായും ഈ സംശയം ന്യായമാണ്. യൂദാസ് യേശുവിനാല്‍ ശുദ്ധീകരിക്കപ്പെട്ടിരുന്നെങ്കില്‍ അയാള്‍ ആ മഹാത്മാവിനെ ഒറ്റിക്കൊടുക്കുക എന്ന ഗുരുനിന്ദയ്ക്ക് വശപ്പെടുമായിരുന്നില്ലല്ലോ എന്നു തോന്നാം. പക്ഷേ, നമ്മള്‍ ഒരു തോന്നലിലും തളയ്ക്കപ്പെടരുത് - തളയ്ക്കപ്പെട്ടു പോകുന്നത് 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന ബൈബിള്‍ വാക്യത്തിനു തന്നെ കടകവിരുദ്ധമാണ്. പീഡാസഹനങ്ങള്‍ ഏതും കൂടാതെ സാധ്യമാകുന്നതല്ല പാപവിമോചനവും പാപ ശുദ്ധീകരണവും. എരിയാതെ എങ്ങനെ പ്രകാശിക്കാന്‍ സര്യനോ മെഴുകുതിരിക്കോ കഴിയും? യേശുക്രിസ്തു അവിടുത്തെ മുഴുവന്‍ ദിവ്യതയിലും പ്രകാശിതനായി മാനവികതയുടെ വചനസൂര്യനായി ജ്വലിക്കേണ്ടതിനു കുരിശാരോഹണവും ഉത്ഥാനവും കൂടിയേ തീരുമായിരുന്നുള്ളൂ. ഇത് നന്നായറിയാവുന്ന ഒരേയൊരാള്‍ യേശു തന്നെയായിരുന്നു. അതിനാല്‍ തന്നെ യൂദാസിനാലുള്ള ഒറ്റിക്കൊടുപ്പും പത്രോസിന്റെ തള്ളിപ്പറയലും പിലാത്തോസിന്റെ അന്യായവിധിയും കുരിശാരോഹണവും തന്റെ ജീവിതസന്ദേശം പൂര്‍ണ്ണ പ്രഭാവത്തില്‍ അനുഭവമാക്കാനായി കൊണ്ടു സംഭവിക്കും എന്ന കടന്നു കാണല്‍ യേശുവിനുണ്ടായിരുന്നു. ശിഷ്യന്മാരോടുകൂടി നടത്തിയ അവസാനത്തെ അത്താഴവിരുന്നില്‍ യേശുദേവന്‍ പറഞ്ഞു: ''ഈ രാത്രി നിങ്ങള്‍ എല്ലാവരും എന്നില്‍ ഇടറും... അപ്പോള്‍ പത്രോസ് അവനോടു പറഞ്ഞു: എല്ലാവരും നിന്നില്‍ ഇടറിയാലും ഞാന്‍ ഇടറുകയില്ല. യേശു പറഞ്ഞു: സത്യമായും ഞാന്‍ നിന്നോടു പറയുന്നു ഈ രാത്രി കോഴി കൂവുന്നതിനു മുമ്പേ നീ എന്നെ മൂന്നു പ്രാവശ്യം നിഷേധിച്ചു പറയും'' (മത്തായി. അദ്ധ്യായം 26, വാക്യങ്ങള്‍ 31, 33, 34). പത്രോസ് തന്നെ നിഷേധിച്ചു പറയും എന്ന് അറിയാവുന്ന ക്രിസ്തുവിന് ജൂദാസ് തന്നെ ഒറ്റിക്കൊടുക്കും എന്നും അറിയാമായിരുന്നു. രാമന്റെ ജീവിതദൗത്യംരാവണനിഗ്രഹം ആയിരുന്നു. അതിനു കളമൊരുക്കാനുള്ള കാനന വാസം സംഭവിച്ചത് മന്ഥരയുടെ ദുര്‍ബോധനത്തിലൂടെ കൈകേയിക്കു സംഭവിച്ച രാമ വിരോധത്താലാണ്. ഈ രീതിയില്‍ ചിന്തിച്ചാല്‍ രാമന്റെ ജീവിതദൗത്യ നിര്‍വ്വഹണത്തിനു സഹായിച്ചവരാണ് മന്ഥരയും കൈകേയിയും എന്നും കാണാനാകും. ഇതുപോലെ യൂദാസിന്റെ ഒറ്റിക്കൊടുക്കലും പത്രോസിന്റെ തള്ളിപ്പറയലും പിലാത്തോസിന്റെ അന്യായവിധിയും ഒക്കെ തന്നെ യേശുദേവന്റെ ജീവിത ദൗത്യനിര്‍വ്വഹണത്തിനു പൂര്‍ത്തീകരണം ഉണ്ടാവാന്‍ സഹായകമായ സംഭവങ്ങളായിരുന്നെന്നും വിലയിരുത്താം.

ക്രിസ്തുവിന്റെ അവസാനത്തെ അത്താഴമേശ

യേശുക്രിസ്തുവിന്റെ അവസാനത്തെ അത്താഴമേശ യേശു വചനങ്ങളുടെ മുഴുവന്‍ ഹൃദയസാരവും പ്രയോഗവല്‍ക്കരിച്ചു കാട്ടുന്ന മാതൃകാ നടപടിയാണ്. തന്നെ ഒറ്റിക്കൊടുക്കുന്നവനും, തള്ളിപ്പറയുന്നവനും വരെ യേശുദേവന്‍ തന്റെ അവസാനത്തെ അത്താഴമേശയ്ക്കു ചുറ്റും ഇടം നല്കി - തന്റെ മാംസമായ അപ്പവും രക്തമായ വീഞ്ഞും പകര്‍ന്നു നല്കി കൂദാശാ വിരുന്നേകി. ''ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍: നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍: അങ്ങനെ നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന് ശിഷ്ടരുടേയും ദുഷ്ടരുടേയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടേയും നീതി രഹിതരുടേയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു. നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്‌നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍ പോലും അതു തന്നെ ചെയ്യുന്നില്ലേ? സഹോദരങ്ങളെ മാത്രമേ നിങ്ങള്‍ അഭിവാദനം ചെയ്യുന്നുള്ളൂ എങ്കില്‍ വിശേഷവിധിയായി എന്താണു നിങ്ങള്‍ ചെയ്യുന്നത്? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ? നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നതു പോലെ നിങ്ങളും പരിപൂര്‍ണ്ണരായിരിക്കുവിന്‍'' (മത്തായി അദ്ധ്യായം 5, വാക്യങ്ങള്‍ 43-47) ഈ ബൈബിള്‍ ഭാഗമാണു യേശു പഠിപ്പിച്ച സന്ദേശങ്ങളുടെ ഹൃദയം എന്നത്. പരിപൂര്‍ണ്ണത പ്രാപിക്കുവാന്‍ എന്തു ചെയ്യണം എന്ന പ്രശ്‌നത്തിനു ശത്രുക്കളേയും സ്‌നേഹിക്കണം എന്നാണ് ഉത്തരം. കാരണം ഭാഗികതയുള്ളിടത്തേ ശത്രുത നിലനില്ക്കൂ. ശത്രുത നിലനിര്‍ത്തി ആര്‍ക്കും പൂര്‍ണ്ണരാകുവാന്‍ സാധ്യമല്ല. യേശുദേവന് ആരോടും ശത്രുത ഇല്ലായിരുന്നു. അതിനാല്‍ അവിടുന്നു തന്റെ അവസാനത്തെ അത്താഴവിരുന്നില്‍ തന്നെ ഒറ്റിക്കൊടുക്കുവാന്‍ പോകുന്നവനും ഇടം നല്കി. കുരിശിലെ പീഡാ സഹനത്തില്‍ ആയിരുന്നപ്പോഴും യേശുദേവന്‍ പ്രാര്‍ത്ഥിച്ചു, ''ഇവര്‍ ചെയ്യുന്നതെന്തെന്നു ഇവരറിയുന്നില്ല: ഇവരോടു പൊറുക്കേണമേ.' ദ്രോഹിക്കുന്നവരോടു പോലും പൊറുക്കാനുള്ള സ്‌നേഹപൂര്‍ണ്ണതയാണു യേശുദേവനിലൂടെ ലോകത്തു പൂര്‍ത്തീകരിക്കപ്പെട്ടത്. അവിടുത്തെ ജീവിതവും സുവിശേഷവും സ്‌നേഹാദ്വൈതമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org