കേള്‍ക്കാതെ കേള്‍ക്കുന്ന നല്ല വാര്‍ത്തകള്‍

കേള്‍ക്കാതെ കേള്‍ക്കുന്ന നല്ല വാര്‍ത്തകള്‍
ശബ്ദം സ്വീകരിക്കാനാകാത്തവര്‍ക്കു മാലാഖമാര്‍ സമാധാനം ആശംസിക്കുക ആംഗ്യഭാഷയിലൂടെ ആയിരിക്കുമെന്നതില്‍ തര്‍ക്കമില്ല. സന്മനസ്സുള്ള ഈ മനുഷ്യരിലേക്കും നല്ല വാര്‍ത്തകള്‍ നിര്‍ലോഭം പകരുന്ന കേരളസഭയുടെ മാലാഖമാര്‍....

കേള്‍വിശേഷിയില്ലാത്തവര്‍ക്കു ആംഗ്യഭാഷയില്‍ ആത്മീയസേവനം ലഭ്യമാക്കുന്നതില്‍ നിര്‍ണായകമായ ചുവടുവയ്പുകള്‍ നടത്തിയിരിക്കുകയാണ് ഇപ്പോള്‍ കേരളസഭ. ബധിരരായ വിശ്വാസികള്‍ക്ക് ബൈബിള്‍ പഠിക്കാനും വിശ്വാസപരിശീലനം നടത്താനും ഉള്ള സൗകര്യങ്ങള്‍ വിവാഹ ഒരുക്ക കോഴ്‌സുകളിലേയ്ക്കു വളര്‍ന്നിരിക്കുന്നു. ബധിരസമൂഹത്തിനായി മതഭേദം കൂടാതെ മാട്രിമണി സേവനവും കെ സി ബി സി ഫാമിലി കമ്മീഷന്‍ സജ്ജമാക്കി. നൂറു കണക്കിനാളുകള്‍ക്ക് ഇതെല്ലാം പ്രയോജനപ്പെട്ടു. 1993 മുതല്‍ കാലടി, മാണിക്യമംഗലത്ത് സെ. ക്ലെയര്‍ ഓറല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നടത്തുന്ന ക്ലാരിസ്റ്റ് സന്യാസിനിമാര്‍ ഈ രംഗത്തു സഭയ്ക്കു നിര്‍ണായകമായ സഹകരണം നല്‍കുന്നു.

ബൈബിള്‍ വേണ്ടവിധം മനസ്സിലാക്കാന്‍ ബധിരസമൂഹത്തിനു കഴിയുന്നില്ലെന്ന സ്ഥിതി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പളായ സിസ്റ്റര്‍ അഭയ ഫ്രാന്‍സിസ് എഫ് സി സി തയ്യാറാക്കിയ വീഡിയോ ആണ് ഈ രംഗത്തെ ആദ്യചുവടുവയ്പ്. ബൈബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ഈ വീഡിയോകളില്‍ സിസ്റ്റര്‍ അഭയ ബൈബിളിലെ ഉപമകളും ക്രിസ്തു പ്രവര്‍ത്തിച്ച അത്ഭുതങ്ങളുമെല്ലാം ആംഗ്യഭാഷയില്‍ വിവരിക്കുകയാണു ചെയ്തത്. സഭ ഈ സമൂഹത്തിനായി നടത്തുന്ന വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെ ഇവ വിതരണം ചെയ്യപ്പെട്ടു.

അപ്രതീക്ഷിതമായ വിധത്തില്‍ ആവേശകരമായ പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ബധിരതയുള്ളവരില്‍ നിന്നു ലഭിച്ചതെന്നു സിസ്റ്റര്‍ അഭയ പറഞ്ഞു. തങ്ങളെയും സഭയുടെ ഭാഗമായി പരിഗണിക്കുന്നുവെന്ന അഭിമാനബോധം അവര്‍ക്കു നല്‍കാനായി എന്നതാണ് ഏറ്റവും പ്രധാനം.

സാധാരണ ഭാഷയിലുള്ള ആശയവിനിമയങ്ങളുടെ കാര്യത്തില്‍ ബധിരര്‍ക്കു പല പരിമിതികളും ഉണ്ടാകും. സ്വായത്തമായിരിക്കുന്ന പദസമ്പത്തിന്റെയും വ്യാകരണശേഷിയുടെയും സവിശേഷാവസ്ഥ മൂലം എഴുത്തുഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും വായിച്ചു മാത്രം മനസ്സിലാക്കാന്‍ സാധിച്ചു എന്നു വരില്ല. തങ്ങളെ ഒരു ഭാഷാന്യൂനപക്ഷമായി പരിഗണിച്ച്, തങ്ങളുടേതായ ഭാഷയില്‍, അതായത് ആംഗ്യഭാഷയില്‍ ആശയവിനിമയത്തിനു സൗകര്യമൊരുക്കണമെന്നതാണ് ബധിരസമൂഹത്തിന്റെ ആവശ്യം. ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഭാഷയില്‍ ബൈബിള്‍ പഠനങ്ങളും ആത്മീയസേവനവും ഈ സമൂഹത്തിലേയ്‌ക്കെത്തിക്കാനാണ് കേരള സഭ ശ്രമിക്കുന്നത്.

ബൈബിള്‍ വീഡിയോകളുടെ അടുത്ത ഘട്ടമായിരുന്നു വിവാഹ ഒരുക്ക കോഴ്‌സുകള്‍. കെ സി ബി സി ഫാമിലി കമ്മീഷന്‍ സെക്രട്ടറിയായിരുന്ന ഫാ. പോള്‍ മാടശേരി മുന്‍കൈയെടുത്ത് ആരംഭിച്ച ഈ കോഴ്‌സുകള്‍ വന്‍വിജയമായി. ആദ്യഘട്ടത്തില്‍ പി ഒ സി യില്‍ വര്‍ഷത്തില്‍ രണ്ടും മൂന്നും കോഴ്‌സുകളാണു നടത്തിയിരുന്നത്. പിന്നീട് വിവിധ രൂപതാകേന്ദ്രങ്ങളിലും കോഴ്‌സ് നടത്തി. തുടര്‍ന്ന് ആരംഭിച്ച മാട്രിമണിയും വന്‍വിജയമായി. ഈ സമൂഹത്തിലെ ഒരുപാടു പേര്‍ക്ക് ജീവിതപങ്കാളികളെ കണ്ടെത്താന്‍ ഇതു സഹായകരമായി. പൊതുവെ, ഇതേ സമൂഹത്തില്‍ നിന്നു പങ്കാളികളെ കണ്ടെത്താനാണ് ഇവര്‍ കൂടുതലും ആഗ്രഹിക്കുന്നത്.

ഇടപ്പള്ളി സെ. ജോര്‍ജ് ഫൊറോനാപ്പള്ളിയില്‍ മാസത്തിലൊരു തവണ ആംഗ്യഭാഷയില്‍ ദിവ്യബലിയര്‍പ്പിക്കാന്‍ തുടങ്ങി. ഹോളിക്രോസ് സഭാംഗമായ ഫാ. ബിജു മൂലക്കരയും തലശേരി അതിരൂപതാ വൈദികനായ ഫാ. പ്രിയേഷ് കളരിമുറിയിലുമാണ് ഇപ്പോള്‍ ആംഗ്യഭാഷ പഠിച്ച് ഇവര്‍ക്കായി ദിവ്യബലിയര്‍പ്പിക്കുന്നത്. ഇപ്പോള്‍ ഇടപ്പള്ളിയ്ക്കു പുറമെ തൃശൂര്‍, കണ്ണൂര്‍, തിരുവന്തപുരം, കോട്ടയം, പാലാ തുടങ്ങിയ സ്ഥലങ്ങളിലും ആംഗ്യഭാഷയിലുള്ള കുര്‍ബാനയര്‍പ്പണങ്ങള്‍ നടന്നു വരുന്നു.

കോവിഡിനു തൊട്ടുമുമ്പ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ബധിരസമൂഹത്തിനു വേണ്ടി ഒരു ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വിവാഹ ഒരുക്ക കോഴ്‌സുകളുടെ കൂടെ വിവാഹം കഴിഞ്ഞവര്‍ക്കുള്ള തുടര്‍ പരിശീലനവും കൗണ്‍സലിംഗ് സേവനവും ലഭ്യമാക്കുന്നുണ്ട്. കോവിഡ് കാലത്ത് വീഡിയോ കോളുകളിലൂടെ എല്ലാവര്‍ക്കും കൗണ്‍സലിംഗ് നല്‍കിയിരുന്നു. കൗണ്‍സലിംഗ് സേവനം മതവ്യത്യാസം കൂടാതെ എല്ലാവര്‍ക്കും ലഭ്യമാക്കുന്നുണ്ട്.

സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഇത്തരത്തിലുള്ളവര്‍ക്ക്് വിശ്വാസപരിശീലനം നല്‍കുന്നതിനായും കുറെ വീഡിയോകള്‍ പുറത്തിറക്കിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതാ വിശ്വാസപരിശീലന വിഭാഗം തുടങ്ങിയ ബ്ലെസ്ഡ് എന്ന യുട്യൂബ് ചാനലില്‍ ഈ വീഡിയോകള്‍ സംപ്രേഷണം ചെയ്യുന്നു. ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ആര്‍ച്ചുബിഷപ് ആന്റണി കരിയിലും ഡയറക്ടര്‍ ഫാ. പീറ്റര്‍ കണ്ണമ്പുഴയും തങ്ങളുടെ പ്രസംഗങ്ങള്‍ ആംഗ്യഭാഷയിലാണു നടത്തിയത്. ഇതിനാവശ്യമായ പരിശീലനം സിസ്റ്റര്‍മാര്‍ ഇവര്‍ക്കു നല്‍കുകയായിരുന്നു.

സിസ്റ്റര്‍മാര്‍ വിവാഹകര്‍മ്മങ്ങളില്‍ പങ്കെടുക്കുക പതിവില്ലെങ്കിലും ബധിരരുടെ വിവാഹകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സിസ്റ്റര്‍ അഭയയോടു പിതാക്കന്മാര്‍ പ്രത്യേകമായി നിര്‍ദേശിച്ചിട്ടുണ്ട്. കുര്‍ബാനയിലെ പ്രാര്‍ത്ഥനകളും പ്രസംഗവും നിര്‍ദേശങ്ങളും ആംഗ്യഭാഷയില്‍ വധൂവരന്മാര്‍ക്കു പരിഭാഷപ്പെടുത്തി കൊടുക്കുക എന്നതാണു വിവാഹ ചടങ്ങുകളില്‍ സിസ്റ്ററുടെ ദൗത്യം.

സഭ മാത്രമല്ല സര്‍ക്കാരും പോലീസും കോടതിയും സിനിമാക്കാരുമെല്ലാം ആംഗ്യഭാഷയുടെ ആവശ്യം വരുമ്പോള്‍ സിസ്റ്റര്‍മാരെ സമീപിക്കാറുണ്ട്. ബധിരര്‍ കക്ഷികളാകുന്ന കേസുകള്‍ കോടതിയില്‍ പരിഭാഷകയായി ഇപ്പോള്‍ പോകുന്നത് സിസ്റ്റര്‍ അഭയയാണ്. ഹൈക്കോടതി, കുടുംബക്കോടതി എന്നിവിടങ്ങളിലെല്ലാം സിസ്റ്റര്‍ ആംഗ്യഭാഷയുമായി നിയമനടപടികളെ സഹായിക്കുന്നു. ആംഗ്യഭാഷ കഥയുടെ ഭാഗമാകുന്ന കുറെ സിനിമകളില്‍ അഭിനേതാക്കളെ അതു പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചില അഭിനേത്രമാര്‍ സെ. ക്ലെയര്‍ സ്‌കൂളിന്റെ ഹോസ്റ്റലില്‍ താമസിച്ചാണ് സിസ്റ്ററില്‍ നിന്ന് ഈ ഭാഷ പഠിച്ചത്. കേരളത്തിലെ 43 ബധിരവിദ്യാലയങ്ങളിലെയും അദ്ധ്യാപകരെ ആംഗ്യഭാഷ പഠിപ്പിക്കാനുള്ള റിസോഴ്‌സ് പേഴ്‌സണായും സിസ്റ്റര്‍ അഭയ പ്രവര്‍ത്തിക്കുന്നു.

1993 ല്‍ വെറും 15 വിദ്യാര്‍ത്ഥികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇപ്പോള്‍ 250 ഓളം കുട്ടികളുമായി വലിയ വിജയമായി മാറിയിരിക്കുകയാണെന്നു ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഫിന്‍സിറ്റ എഫ് സി സി പറഞ്ഞു. ഇപ്പോള്‍ ബി കോം കോഴ്‌സും തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിനു പുറത്തു നിന്നും ഇവിടെ വിദ്യാര്‍ത്ഥികളുണ്ട്. സഭയും രക്ഷാകര്‍ത്താക്കളും രാഷ്ട്രീയ അധികാരികളും ഉദ്യോഗസ്ഥരുമെല്ലാം സ്‌കൂളിനു വലിയ പിന്തുണ നല്‍കി. ഇപ്പോള്‍ എയിഡഡ് സ്ഥാപനമാണ് ഇത്. മുപ്പതോളം അദ്ധ്യാപകരുണ്ട്. ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി താമസത്തിനും ഭക്ഷണത്തിനും സര്‍ക്കാര്‍ സഹായം നല്‍കുന്നു.

ശസ്ത്രക്രിയ നടത്തി കോക്ലിയാര്‍ ഇംപ്ലാന്റ് വച്ചിരിക്കുന്ന കുട്ടികള്‍ക്കായി ഈ സ്‌കൂളിന്റെ ഒരു അനക്‌സ് വേറെ നടത്തുന്നുണ്ട്. അവിടെ അമ്പതോളം കുട്ടികളുണ്ട്. സ്പീച്ച് തെറാപ്പി ഉപയോഗിച്ചു സാധാരണ ഭാഷയാണ് അവരെ പഠിപ്പിക്കുന്നത് എന്തിനാല്‍ ആംഗ്യഭാഷ ഉപയോഗിക്കുന്നവരില്‍ നിന്നു മാറ്റി നിറുത്താനാണ് ഇവര്‍ക്കായി അനുബന്ധസ്ഥാപനം നടത്തുന്നത്.

സിസ്റ്റര്‍ ഷെല്‍മി റോസ്, സിസ്റ്റര്‍ ബിന്‍സി ടോം എന്നിവരാണ് സിസ്റ്റര്‍ ഫിന്‍സിറ്റയ്ക്കും സിസ്റ്റര്‍ അഭയയ്ക്കും പുറമെ ഈ സ്ഥാപനത്തിന്റെ ആരംഭം മുതല്‍ ഇവിടെ സേവനം ചെയ്യുന്നത്. എല്ലാവരും സാധാരണ അദ്ധ്യാപക പരിശീലനത്തിനു പുറമെ ഈ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള അധിക യോഗ്യതകളും ആംഗ്യഭാഷയിലുള്ള ഡിപ്ലോമകളും നേടിയിട്ടുള്ളവരാണ്.

വ്യത്യസ്തമായ ഈ കര്‍മ്മരംഗത്തേയ്ക്കു വരാനും ഈ സമൂഹത്തിനായി സേവനം ചെയ്യാനും സാധിക്കുന്നതില്‍ വലിയ ആത്മസംതൃപ്തിയുണ്ടെന്നു സിസ്റ്റര്‍മാര്‍ പറഞ്ഞു. ഈ രംഗത്ത് കേരളത്തിലെ തന്നെ ഏറ്റവും നല്ല സ്ഥാപനമായി മാണിക്യമംഗലം സെ. ക്ലെയര്‍ വളര്‍ന്നിട്ടുണ്ട്. പഠന, പാഠ്യേതര രംഗങ്ങളില്‍ എണ്ണമറ്റ അംഗീകാരങ്ങള്‍ ഈ സ്‌കൂള്‍ കരസ്ഥമാക്കി. നിരവധി പൂര്‍വവിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസവും മികച്ച ജോലികളും നേടിയിട്ടുണ്ട്. ബിരുദ, ബിരുദാനന്തര പഠനങ്ങള്‍ക്ക് അവസരമുള്ള കലാലയമായി മാറി ഈ സമൂഹത്തിലെ അംഗങ്ങള്‍ക്ക് പരമാവധി സേവനം ചെയ്യുക എന്നതാണ് സെ. ക്ലെയര്‍ ഓറല്‍ സ്‌കൂള്‍ കുടുംബത്തിന്റെ ലക്ഷ്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org