
മരണം എന്ന യാഥാര്‍ത്ഥ്യത്തെ അവതരിപ്പിക്കാന്‍ മലയാള ഭാഷയില്‍ ഉപയോഗിക്കുന്ന വ്യത്യസ്തങ്ങളായ നിരവധി പദങ്ങളുണ്ട്. ഉദാഹരണമായി മരിച്ചു, അന്തരിച്ചു, ദിവംഗതനായി, തീപ്പെട്ടുപോയി, നാടുനീങ്ങി, കാലം ചെയ്തു, പരലോക പ്രാപ്തനായി, ഓര്‍മ്മയായി, നിത്യത പൂകി, സമാധിയായി, കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു, ഇഹലോകവാസം വെടിഞ്ഞു, നിത്യയാത്രയായി, ചത്തുപോയി, മയ്യത്തായി, കബര്‍സ്ഥാന്‍ പൂകി, കടന്നുപോയി, ചരമം പ്രാപിച്ചു മുതലായ പദങ്ങള്‍. മരണപ്പെട്ട വ്യക്തിയുടെ മതം, ജീവിതാവസ്ഥ, സമൂഹത്തിലുള്ള സ്ഥാനം എന്നിവയ്ക്ക് അനുസരിച്ചാണു സമൂഹം വ്യത്യസ്തങ്ങളായ പദപ്രയോഗങ്ങള്‍ നടത്തി മരണത്തെ വിശേഷിപ്പിക്കുന്നത്. സാധാരണക്കാരായ വ്യക്തികള്‍ മരിക്കുമ്പോള്‍ മരിച്ചു, അന്തരിച്ചു എന്നെല്ലാം പറയുന്നു. സന്യാസിമാര്‍ മരിക്കുമ്പോള്‍ സമാധിയായെന്നും മെത്രാന്മാര്‍ മരിക്കുമ്പോള്‍ കാലം ചെയ്തു അഥവാ ദിവംഗതനായി എന്നെല്ലാമാണു വിശേഷിപ്പിക്കുക. എന്നാല്‍ രാജാക്കന്മാര്‍ മരിക്കുമ്പോഴാകട്ടെ തീപ്പെട്ടുപോയി, നാടുനീങ്ങി എന്നാണു പറയുക. വിവിധ മേഖലകളില്‍ പ്രശസ്തരായ വ്യക്തികള്‍ മരിക്കുമ്പോള്‍ നിത്യയാത്രയായി, ഓര്‍മ്മയായി, ഇഹലോകവാസം വെടിഞ്ഞു എന്നെല്ലാം പറയും. എന്നാല്‍ മൃഗങ്ങള്‍ അഥവാ സമൂഹം വിലമതിക്കാത്തവര്‍ കടന്നുപോകുമ്പോള്‍ ചത്തുപോയി എന്നും. ചുരുക്കത്തില്‍ മരണത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദത്തില്‍നിന്നും മരിച്ച വ്യക്തിയെക്കുറിച്ചുള്ള ഒരു ചിത്രം ബാഹ്യലോകത്തിനു ലഭിക്കുന്നു.
യഹൂദനും, ക്രൈസ്തവനും, ഹൈന്ദവനും, മുഹമ്മദ്ദീയനുമെല്ലാം അവരവരുടെ മതവിശ്വാസത്തിന്റെ പ്രത്യേകതകളെ ഉള്‍ക്കൊള്ളിച്ചു മരണത്തെ വിശേഷിപ്പിക്കാറുണ്ട്. ക്രൈസ്തവര്‍, പ്രത്യേകിച്ചും കത്തോലിക്കര്‍, ഉപയോഗിക്കുന്ന പ്രധാന പദപ്രയോഗങ്ങള്‍ അന്തരിച്ചു, നിത്യയാത്രയായി, കര്‍ത്താവില്‍ നിദ്രപ്രാപിച്ചു, ഓര്‍മ്മയായി എന്നെല്ലാമാണ്. ദൈവവിശ്വാസിയെ സംബന്ധിച്ചിടത്തോളം മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള വിശ്വാസപരമായ അഥവാ ആത്മീയമായ കാഴ്ചപ്പാടുകളാണു മരണത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദങ്ങള്‍. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ നസ്രാണികള്‍ പുരാതനകാലത്തു മരണത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു സുന്ദരമായ പദപ്രയോഗമുണ്ട് : ''നല്ല വഴിയെ പോയി.'' കേരളത്തിലെ പുരാതന നസ്രാണി ദേവാലയങ്ങളില്‍ കാണപ്പെടുന്ന മൂന്നുറു മുതല്‍ അഞ്ഞൂറു വര്‍ഷങ്ങള്‍വരെ പഴക്കമുള്ള ശവക്കല്ലറകളിലെ ശിലാലിഖിതങ്ങളിലാണ് (tomb stones) ഇപ്രകാരം ഒരു പദപ്രയോഗം നടത്തിയിരിക്കുന്നത്. കടുത്തുരുത്തി, കാഞ്ഞൂര്‍, കണ്ടനാട്, ചേന്ദമംഗലം, ഉദയംപേരൂര്‍ തുടങ്ങി അനേകം നസ്രാണിപള്ളികളില്‍ ഇപ്രകാരമുള്ള ശിലാലിഖിതങ്ങള്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ 2022 നവംബര്‍ മാസം ആരംഭത്തില്‍ സുപ്രസിദ്ധ ദേവാലയമായ ഉദയംപേരൂര്‍ സൂനഹദോസ് പള്ളിയിലെ മദ്ബഹയില്‍ പുതുതായി കണ്ടെത്തിയ അഞ്ചു ശിലാലിഖിതങ്ങളിലും ''നല്ല വഴിയെ പോയി'' എന്നാണു മരണത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
നസ്രാണിയുടെ ആഴമേറിയ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രതിഫലനമാണ് ''നല്ല വഴിയെ പോയി'' എന്ന പ്രയോഗത്തില്‍ നിഴലിക്കുന്നത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം 14-ാം അദ്ധ്യായത്തില്‍ ഈശോ അപ്പസ്‌തോലന്മാരോടു പറഞ്ഞു: ''ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടുംവന്നു നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും. ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം. തോമസ് പറഞ്ഞു: കര്‍ത്താവെ നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും? യേശു പറഞ്ഞു: ഞാനാകുന്നു വഴിയും സത്യവും ജീവനും. എന്നിലൂടെയല്ലാതെ ആരും പിതാവിങ്കലേക്കു വരുന്നില്ല'' (യോഹ : 14: 3-6). മേല്‍പറഞ്ഞ പ്രസ്താവനയിലൂടെ താനാണു വഴിയെന്നും തന്നിലൂടെയല്ലാതെ ആര്‍ക്കും ദൈവപിതാവിന്റെ പക്കല്‍ എത്തിച്ചേരുവാന്‍ സാധ്യമല്ലെന്നും യേശു പ്രഖ്യാപിക്കുകയാണു ചെയ്തത്.
പിതാവിന്റെ ഭവനത്തില്‍നിന്നും സമയത്തിന്റെ പൂര്‍ണ്ണതയില്‍ ഈ ഭൂമിയില്‍ ഒരു തീര്‍ത്ഥാടനത്തിന്, യാത്രയ്ക്ക്, എത്തിയവരാണു മനുഷ്യരെല്ലാവരും. ക്രൈസ്തവ വിശ്വാസമനുസരിച്ചു ഭൂമിയില്‍ തീര്‍ത്ഥാടനത്തിനെത്തിയ മനുഷ്യന്‍ പിതാവിന്റെ നിശ്ചയമനുസരിച്ചു തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി പിതൃഭവനത്തില്‍ തിരിച്ചെത്തേണ്ടവനാണ്. യാത്ര പൂര്‍ത്തിയാക്കി തിരിച്ചുപോകുന്നവന്‍ ലക്ഷ്യസ്ഥാനത്ത് എത്തിപ്പെടണമെങ്കില്‍ വഴി തെറ്റാതെ യാത്ര ചെയ്യേണ്ടിയിരിക്കുന്നു. നല്ല വഴിക്കു പകരം വല്ലവഴിക്കും പോകുന്നവന്‍ ലക്ഷ്യത്തിലെത്തുക സാധ്യമല്ലല്ലോ. യേശുവാകുന്ന വഴിയിലൂടെയല്ലാതെ പിതാവിന്റെ പക്കല്‍ എത്തിപ്പെടുവാന്‍ സാധ്യമല്ലെന്നു യേശു പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ആ വഴിയിലൂടെതന്നെ വേണം വിശ്വാസിയുടെ യാത്ര. ഈ പശ്ചാത്തലത്തില്‍ ക്രിസ്തുവാകുന്ന വഴിയിലൂടെ നിത്യപിതാവിന്റെ പക്കലേക്കു യാത്രപുറപ്പെട്ട ക്രൈസ്തവനു ''നല്ലവഴിയെ പോയി'' എന്ന പദപ്രയോഗത്തേക്കാള്‍ മരണത്തെ വിശേഷിപ്പിക്കാന്‍ മറ്റൊരു നല്ല പ്രയോഗമുണ്ടെന്നു തോന്നുന്നില്ല. ഉത്തമവും ശ്രേഷ്ഠവുമായ ക്രൈസ്തവജീവിതം നയിക്കുന്നവനാണു നല്ല വഴിയിലൂടെ ചരിക്കുന്നവന്‍. ''എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്നു വിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി മറ്റാരുമില്ല'' (ലൂക്കാ 18:19) എന്ന് ഈശോ പഠിപ്പിക്കുന്നു. ഈശോയെ ധനികനായ യുവാവ് ''നല്ലവനായ ഗുരോ'' എന്നു വിശേഷിപ്പിച്ചപ്പോഴാണു ദൈവമാണു നല്ലവനായിട്ടുള്ളതെന്നു ഈശോ പറഞ്ഞത്. ഈ പ്രസ്താവനയിലൂടെ തന്റെ ദൈവത്വവും യേശു പ്രഖ്യാപിക്കുകയായിരുന്നു. അതുകൊണ്ടു വഴിയും സത്യവും ജീവനുമായ യേശുവിനോടു ചേര്‍ന്നിരിക്കുന്നവനാണു ''നല്ല വഴിക്കു പോയവന്‍''. ആകയാല്‍ ഈ വിശേഷണം ഒരു നസ്രാണിക്കു നല്കപ്പെടാവുന്ന ഏറ്റവും നല്ല വിശേഷണമായി മാറുന്നു.
''ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത് ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്'' (ഗലാ. 2:19-20) എന്നു പറഞ്ഞ വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ ''എനിക്കു ജീവിക്കുക എന്നത് ക്രിസ്തുവും മരിക്കുക എന്നതു നേട്ടവുമാകുന്നു... എന്റെ ആഗ്രഹം മരിച്ചു ക്രിസ്തുവിനോടുകൂടെ ആയിരിക്കാനാണ്. കാരണം അതാണു കൂടുതല്‍ ശ്രേഷ്ഠം'' (ഫിലിപ്പി. 1:21-23) എന്നാണു പ്രഖ്യാപിച്ചത്. ക്രിസ്തു സ്‌നേഹത്തില്‍ വളര്‍ച്ച പ്രാപിക്കുന്നവനു വിശുദ്ധ പൗലോസ് അപ്പസ്‌തോലനുണ്ടായിരുന്നതുപോലെ മരിക്കാനുള്ള ആഗ്രഹം അനുഭവിച്ചറിയാന്‍ കഴിയും; വിശുദ്ധ പൗലോസിനോടൊപ്പം ''മരിച്ച് ക്രിസ്തുവിനോടുകൂടെ ആയിരിക്കുക എന്നതാണു കൂടുതല്‍ അഭികാമ്യവും സന്തോഷപ്രദവും'' എന്നു പറയുകയും ചെയ്യും. വിശുദ്ധ പൗലോസ് അപ്പസ്‌തോലനെപ്പോലെ ക്രിസ്തുവിനോടുകൂടെ ആയിരിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും നല്ലവഴിയിലൂടെ ചരിക്കുന്നവനാണ്.
മരണം മനുഷ്യന്റെ ഭൗമിക ജീവിതത്തിന്റെ, തീര്‍ത്ഥാടനത്തിന്റെ പരിസമാപ്തിയാണ്. എന്നാല്‍ ക്രൈസ്തവ മരണത്തിനു ക്രിസ്തു മൂലം ഭാവാത്മകമായ ഒരര്‍ത്ഥം കൈവന്നിരിക്കുന്നു. ''പുനരുത്ഥാനവും ജീവനും ഞാനാകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ നിത്യമായി മരിക്കുകയില്ല'' (യോഹ. 11:25-26) എന്ന ഈശോയുടെ വാക്കുകളെ ഹൃദയത്തില്‍ സ്വീകരിക്കുന്ന ഒരു ക്രിസ്തുശിഷ്യന്‍ തെരഞ്ഞെടുക്കുന്നതും സഞ്ചരിക്കുന്നതുമായ വഴിയാണു ''നല്ലവഴി'' അഥവാ ക്രിസ്തുമാര്‍ഗ്ഗം. മാമ്മോദീസായിലൂടെ ക്രൈസ്തവര്‍ ഒരു പുതിയ ജീവിതം നയിക്കുന്നതിനുവേണ്ടി കൗദാശികമായി ക്രിസ്തുവിനോടുകൂടെ മരിച്ചുകഴിഞ്ഞു. മനുഷ്യനെ അവന്റെ മരണത്തില്‍ ദൈവം തന്നിലേക്കു വിളിക്കുന്നു (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, പേജ് 261).
നല്ലവരാണല്ലോ നല്ലവഴിയെ യാത്ര ചെയ്യുന്നത്. ആരാണ് നല്ലവര്‍? വിശുദ്ധ മത്തായിയുടെ സു വിശേഷം 25-ാം അദ്ധ്യായം 21, 23 വാക്യങ്ങളില്‍ യജമാനന്‍ ഏല്പിച്ച അഞ്ചും രണ്ടും താലന്തുകള്‍ വര്‍ദ്ധിപ്പിച്ച ഭൃത്യന്മാരോടു യജമാനന്‍ പറയുന്ന മറുപടി ''നല്ലവനും വിശ്വസ്തനുമായ ഭൃത്യാ അല്പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേക കാര്യങ്ങള്‍ ഞാന്‍ നിന്നെ ഭരമേല്പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക'' എന്നാണല്ലോ. യജമാനന്റെ ഇഷ്ടം നിറവേറ്റുന്ന ഭൃത്യനാണു നല്ലവന്‍. അവനാണു യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്കാന്‍ അവസരം ലഭിക്കുന്നത്. ദൈവഹിതം നിറവേറ്റുന്ന ക്രിസ്തുശിഷ്യനാണു നിത്യമായ സ്വര്‍ഗ്ഗീയാനന്ദത്തിനു യോഗ്യനാകുന്നത്. സ്വര്‍ഗ്ഗീയാനന്ദത്തിലേക്കു പോകുന്നവന്‍ നല്ലവഴിയെ പോകുന്നവനാണ്. എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെ ചെയ്യുന്നവനാണു ദൈവം വഴിതെളിച്ചു കൊടുക്കുന്നത് (സുഭാഷിതങ്ങള്‍ 3:6).
നസ്രാണികളെ പുരാതന കാലത്തു ''മാര്‍ഗ്ഗവാസികള്‍'' എന്നാണു വിളിച്ചിരുന്നത്. മാര്‍ഗ്ഗത്തില്‍, വഴിയില്‍, സഞ്ചരിക്കുന്നവരാണു മാര്‍ഗ്ഗവാസികള്‍. മാര്‍ഗ്ഗം എന്നാല്‍ ക്രിസ്തുമാര്‍ഗ്ഗം എന്നര്‍ത്ഥം. ക്രിസ്തു മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവരാണ്, ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്നവരാണു, യഥാര്‍ത്ഥ മാര്‍ഗ്ഗവാസികള്‍. മാമ്മോദീസായും ക്രിസ്തീയനാമവും സ്വീകരിച്ചതുകൊണ്ടു മാത്രം ഒരു വ്യക്തിയെ മാര്‍ഗ്ഗവാസിയെന്നു വിളിക്കാനാവില്ല. അതുകൊണ്ടു യഥാര്‍ത്ഥ മാര്‍ഗ്ഗവാസികള്‍ക്കു മാത്രമേ ''നല്ലവഴിയെ പോയി'' എന്ന വിശേഷണം കൊടുക്കാനാകൂ. വിശുദ്ധജീവിതം നയിച്ചു കടന്നുപോയവര്‍ക്കു നല്കപ്പെടുന്ന ''നല്ലവഴിയെ പോയി'' എന്ന വിശേഷണം ജീവിച്ചിരിക്കുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പും കൂടിയാണ്. നാമോരോരുത്തരും ഈ ലോകത്തോടു യാത്രപറഞ്ഞു പിരിയുമ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ നമ്മെക്കുറിച്ച് ഇപ്രകാരം പറയട്ടെ : ''അയാള്‍ നല്ല മനുഷ്യനായിരുന്നു; നല്ലവഴിയെ പോയി.''