ദൈവഹിതം നിറവേറ്റാന്‍
നാല്‍പതു വര്‍ഷം മുമ്പു പാലായില്‍ നിന്നു പാലക്കാട്ടേ യ്ക്കു ഒറ്റയ്ക്കു ബസു കയറിയ പത്താംക്ലാസുകാരന്റെ ലക്ഷ്യം പുരോഹിതനാകുക എന്നതായിരുന്നു. ആ ബാലന്‍ പുരോഹിതനായി, സഹായമെത്രാനായി, ഇപ്പോള്‍ മെത്രാനും. പാലക്കാട് രൂപതയുടെ പുതിയ അദ്ധ്യക്ഷന്‍ ബിഷപ് പീറ്റര്‍ കൊച്ചുപുരക്കല്‍.
കേരളത്തില്‍ തന്നെ മിഷന്‍ സ്വഭാവമുള്ള ഒരിടത്ത് വൈദികനാകുക എന്നതായിരുന്നു പാലക്കാട്ടേയ്ക്ക് ആ ബാലനെ ആകര്‍ഷിച്ച ഘടകം. 1945-55 കാലഘട്ടത്തിലാണ് ഇന്നത്തെ പാലക്കാട് രൂപതയുടെ കീഴില്‍ വരുന്ന വിവിധ ഭാഗങ്ങളിലേയ്ക്ക് ക്രൈസ്തവര്‍ കുടിയേറ്റം ആരംഭിച്ചത്. കാഞ്ഞിരപ്പുഴ, അട്ടപ്പാടി, വടക്കഞ്ചേരി തുടങ്ങിയ മലമ്പ്രദേശങ്ങളില്‍ കഠിനാദ്ധ്വാനം ചെയ്തു ജീവിതം കെട്ടിപ്പടുത്ത മനുഷ്യരുടെ അതിജീവനപോരാട്ടങ്ങളില്‍ സഭ അതിന്റേതായ പങ്കുവഹിച്ചു. അവിഭക്ത തൃശൂര്‍ അതിരൂപതയുടെ ഭാഗമായിരുന്ന ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി, 1974-ല്‍ പോള്‍ ആറാമന്‍ മാര്‍ പാപ്പ പാലക്കാട് രൂപത സ്ഥാപിക്കുകയും തൃശൂര്‍ അതിരൂപതയിലെ ജോസഫ് ഇരുമ്പനെ പ്രഥമമെത്രാനായി നിയമിക്കുകയും ചെയ്തു.
സ്വന്തമായി വൈദികര്‍ കുറവായിരുന്ന പാലക്കാട് രൂപതയിലേയ്ക്ക് മറ്റു രൂപതകളില്‍ നിന്നു വൈദികരെയും വൈദികാര്‍ത്ഥികളെയും ക്ഷണിക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നു. വിവിധ രൂപതകളില്‍ ജനിച്ചു വളര്‍ന്ന നിരവധി പുരോഹിതര്‍ ഒരേമനസ്സോടെ പാലക്കാട്ടുകാരായി സേവനം ചെയ്തു വളര്‍ത്തിയെടുത്ത രൂപതയാണത്.
മെത്രാന്‍ സ്ഥാനത്തേയ്ക്കു വരാന്‍ തീരുമാനിച്ചതിനു പിന്നില്‍ പോലും വൈദികരുടെ ഈ കൂട്ടായ്മയും പരസ്പരബന്ധവുമാണെന്നു 2020-ല്‍ സഹായമെത്രാനായപ്പോള്‍ ബിഷപ് കൊച്ചുപുരയ്ക്കല്‍ പറഞ്ഞിരുന്നു. രൂപതയുടെ ആരംഭകാലത്ത് ഇരിമ്പന്‍ പിതാവിന്റെ കാലത്തു വൈദികര്‍ തമ്മിലുണ്ടായിരുന്ന അസാധാരണമായ സ്‌നേഹബന്ധം ഒരു പുളിമാവു പോലെ വൈദികകൂട്ടായ്മയെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്നും ആ വൈദികര്‍ കാണിച്ചു തന്ന വഴിയിലൂടെ പോകുകയാണു തങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
1997-ലാണു ബിഷപ് ജേക്കബ് മനത്തോടത്ത് പാലക്കാടിന്റെ രണ്ടാമത്തെ മെത്രാനായി എത്തുന്നത്. ദൈവജനത്തിന് ആവശ്യമായത് ദൈവത്തിനു പ്രീതികരമായി ചെയ്യുക എന്ന ദൗത്യം തന്റെ ആപ്തവാക്യത്തിന് അനുയോജ്യമായ തരത്തില്‍ മനത്തോടത്ത് പിതാവ് നിര്‍വഹിച്ചു. കാലത്തിനു അനുസൃതമായ രീതിയില്‍ പാലക്കാട് രൂപത വളര്‍ന്നു.
അട്ടപ്പാടി പോലുള്ള ആദിവാസി മേഖലകളില്‍ രൂപതയുടെ സാമൂഹിക സേവന വിഭാഗമായ പീപ്പിള്‍സ് സര്‍വീസ് സൊ സൈറ്റി, പാലക്കാട് കാര്യമായ സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. വൈദികരും സന്യസ്തരും എത്തിച്ചേര്‍ന്ന ശേഷം അട്ടപ്പാടിയ്ക്കുണ്ടായ പുരോഗതി വളരെ പ്രകടമാണ്. റോഡുകളും വിദ്യാലയങ്ങളും ആരോഗ്യപരിചരണവും സാദ്ധ്യമാക്കുന്നതിനു സഭ ഇടപെട്ടു പ്രവര്‍ത്തിച്ചിട്ടുണ്ട്.
എല്ലാത്തരം പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമായും കാര്യക്ഷമമായും തുടരാനും പൂര്‍ത്തിയാക്കാനും ബിഷപ് കൊച്ചുപുരയ്ക്കലിനു കഴിയുമെന്ന പ്രത്യാശയാണ് പാലക്കാട്ടെ ദൈവജനത്തിനും കേരളസഭയ്ക്കു പൊതുവെയും ഉള്ളത്.
പാലാ മരങ്ങോലിയില്‍ ജനിച്ച ബിഷപ് പീറ്റര്‍ കൊച്ചുപുരക്കല്‍ പാലക്കാട് രൂപതയുടെ കല്ലേപ്പള്ളി മൈനര്‍ സെമിനാരിയിലും ആലുവ സെ. ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയിലുമായി വൈദിക പഠനം പൂര്‍ത്തിയാക്കി. റോമില്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. രൂപതയുടെ ജുഡീഷ്യല്‍ വികാരിയും ചാന്‍സലറുമായി സേവനം ചെയ്തു. 2020 ല്‍ രൂപതയുടെ സഹായമെത്രാനായി നിയമിതനായി.