ധ്യാനപ്രസംഗങ്ങളിലെ ദൈവം

ധ്യാനപ്രസംഗങ്ങളിലെ ദൈവം
ദൈവം സാംസനെയോ ഹെര്‍ക്കുലീസിനെയോ പോലെയുള്ള ശക്തിമാനോ, അഥവാ മനുഷ്യന്റെ ബലഹീനതയില്‍ പങ്കുചേര്‍ന്ന് കുരിശില്‍ കയറിയ യേശുവിനെപ്പോലെ ബലഹീനനോ? ഏതുതരം ദൈവത്തെ കിട്ടാനാണു നാം നൊവേനകളിലേക്കും തിരുനാളുകളിലേക്കും, എന്തിന് പള്ളിയിലേക്കു തന്നെയും, ആളുകളെ വിളിക്കുന്നത്?

ഇന്നത്തെ ധ്യാനപ്രസംഗങ്ങളില്‍ ദൈവത്തെക്കുറിച്ചും, അവിടുത്തെ നീതി കരുണ പരിപാലന മുതലായവയെക്കുറിച്ചും, അവിടുന്നു വാഗ്ദാനം ചെയ്യുന്ന അനുഗ്രഹങ്ങളെക്കുറിച്ചും മറ്റും സംസാരിക്കുമ്പോള്‍, വളരെ ധാരാളമായി പഴയനിയമത്തിലെ ഉദാഹരണങ്ങളും ഉദ്ധരണികളും ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്. അവയില്‍ ചിലതൊക്കെ പുതിയ നിയമ ദര്‍ശനങ്ങള്‍ക്കും ആധുനിക ദൈവസങ്കല്പങ്ങള്‍ക്കും ചേര്‍ന്നതാണോയെന്ന് ഈ ലേഖകനു സംശയം തോന്നിയിട്ടുണ്ട്. ഏതാനും വര്‍ഷം മുമ്പു വായിച്ച ഒരു പുസ്തകം ഈയവസരത്തില്‍ ഓര്‍മയില്‍ വരുന്നു. ദൈവത്തിന്റെ പരിണാമം (The Evolution of God) എന്നാണ് അതിന്റെ പേര്; ഗ്രന്ഥകര്‍ത്താവ് റോബര്‍ട്ട് റൈറ്റ് (Robert Wright). ദൈവം നിത്യനും മാറ്റമില്ലാത്തവനുമാകയാല്‍, അവിടുന്നു സൃഷ്ടികളെപ്പോലെ പരിണാമവിധേയനല്ലയെന്നു നമുക്കറിയാം. എങ്കിലും, ദൈവത്തെപ്പറ്റിയുള്ള മനുഷ്യന്റെ വീക്ഷണങ്ങള്‍, ദൈവനിവേശിതങ്ങളാണെങ്കില്‍പ്പോലും അവന്റെ സംസ്‌കാരം, ഭാഷ, കാലാകാലങ്ങളിലെ അറിവിന്റെ ചക്രവാളങ്ങള്‍ മുതലായവയില്‍ കൂടിയാണ് മനുഷ്യബുദ്ധിയിലേക്ക് ഇറങ്ങുന്നതെന്നു സഭയുടെതന്നെ ദൈവാവിഷ്‌കാരത്തെയും ദൈവ നിവേശത്തെയും ബൈബിള്‍ രൂപവത്ക്കരണത്തെയും കുറിച്ചുള്ള പ്രബോധനങ്ങള്‍ സമ്മതിക്കുന്നുണ്ടല്ലോ. അങ്ങനെ നോക്കുമ്പോള്‍, അറിവും സംസ്‌കാരവും ജീവിത ശൈലിയും മറ്റും പരിണാമവിധേയമാകുന്നതിനനുസരിച്ച്, മനുഷ്യന്റെ ദൈവ സങ്കല്പങ്ങളും മാറുകയും വളരുകയും ചെയ്യുന്നു. ഇതാണ് മുകളില്‍ സൂചിപ്പിച്ച ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നത്. അതിലെ വിശദാംശങ്ങളിലേക്കൊന്നും കടക്കാനല്ല ഈ ലേഖനത്തില്‍ ഉദ്ദേശിക്കുന്നത്.

റോബര്‍ട്ട് റൈറ്റിന്റെ വാദങ്ങളിലേക്ക് കടക്കാതെതന്നെ സാധാരണ ബുദ്ധിയുള്ള ഏതൊരുവനും മനസ്സിലാകുന്നതാണു പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും ദൈവസങ്കല്പങ്ങള്‍ തമ്മിലുള്ള അന്തരം. ബൈബിളിലെ 72 പുസ്തകങ്ങള്‍ ഒരേ കാലത്ത് ഒരേ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടവയല്ലെന്നും പല നൂറ്റാണ്ടുകളുടെയും ജീവിതസാഹചര്യങ്ങളുടെയും അകലം അവ തമ്മിലുണ്ടെന്നും അത്ര ദീര്‍ഘമായ കാലംകൊണ്ട് മനുഷ്യന്റെ ചിന്താ രീതിയിലും കാഴ്ചപ്പാടിലും വളരെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവ ദൈവത്തെക്കുറിച്ചുള്ള ദര്‍ശനത്തെയും സ്വാധീനിച്ചിട്ടുണ്ടെന്നും ഉള്ള വസ്തുതകള്‍ അത്ര ദുര്‍ഗ്രഹമായ കാര്യമൊന്നുമല്ല. പക്ഷേ, അക്കാര്യങ്ങള്‍ മറന്ന്, ആദ്യം എഴുതപ്പെട്ടതു മുതല്‍ അവസാനം ഉണ്ടായ പുസ്തകം വരെ, നിശ്ചലമായ ഒരു ദൈവദര്‍ശനം നല്‍കുന്നുവെന്നവിധം പഠിപ്പിക്കാന്‍ തുടങ്ങിയാല്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അത് അരോചകവും അസ്വീകാര്യവും ആയിത്തീരും. അതാണ് ഇന്നത്തെ പല ധ്യാനപ്രസംഗങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

അങ്ങനെ ആധുനിക സമൂഹത്തില്‍ അരോചകമായി തോന്നുന്നതും പുതിയ നിയമത്തിലൂടെ, പ്രത്യേകിച്ച് സുവിശേഷങ്ങളിലൂടെ യേശു നല്‍കിയ ദൈവദര്‍ശനത്തോടു ഒട്ടും യോജിക്കാത്തതും ഇന്നും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ ചില ദൈവസങ്കല്പങ്ങള്‍ ഹ്രസ്വമായി ചുണ്ടിക്കാണിക്കാം.

ഗോത്രദൈവം

ബൈബിളില്‍, പഴയ നിയമത്തിലും പുതിയ നിയമത്തിലും, പ്രതിപാദിക്കുന്ന സംഭവങ്ങളെല്ലാം നടക്കുന്നതും അവയെ അതാതു ഗ്രന്ഥകാരന്മാര്‍ വ്യാഖ്യാനിക്കുന്നതും ഗോത്രജീവിതകാലത്താണല്ലോ. എങ്കിലും, യേശുവിന്റെ അസാധാരണവും കാലാതിശായിയായതുമായ വീക്ഷണം കൊണ്ട് സുവിശേഷങ്ങളിലൂടെ നമുക്കു ലഭിക്കുന്ന കാഴ്ചപ്പാട് ഒട്ടുമുക്കാലും ഗോത്രജീവിതകാലത്തിനതീതമായതും സാര്‍വത്രിക സ്വഭാവമുള്ളതുമാണ്. അതുതന്നെയാണ് യേശുവിന്റെ പ്രബോധനങ്ങളെയും ക്രിസ്തുമതത്തെയും മറ്റു മതങ്ങളില്‍നിന്നും വ്യത്യസ്ത മാക്കുന്ന ഒരു പ്രധാന ഘടകം. എന്നാല്‍, പഴയനിയമ വീക്ഷണങ്ങളുടെ സ്ഥിതി അതല്ല.

ബൈബിളിലെ മാത്രമല്ല, എല്ലാത്തരം ഗോത്രങ്ങളിലെയും ഗോത്രദൈവങ്ങള്‍ ആ ഗോത്രത്തിന്റെ മാത്രം ദൈവമാണ്. ഒരുതരം ഗ്രൂപ്പുദേവതയാണ് (Sectarian God, Group Deity) അത്. ഈ വീക്ഷണം ഇന്നും ഭാരതത്തിലെയും ആഫ്രിക്കയിലെയും മറ്റു പല രാജ്യങ്ങളിലെയും ഗോത്രങ്ങളില്‍ നിലനില്‍ക്കുന്നു. ഈ ദൈവത്തിനു സ്വന്തം സമൂഹത്തെക്കുറിച്ചു മാത്രമേ താല്പര്യമുള്ളൂ. മറ്റു സമൂഹങ്ങളെ അവഗണിക്കുകയോ, എന്തിന് തന്റെ കൂടെ നില്‍ക്കുന്ന ഗോത്രത്തിനുവേണ്ടി അവയെ നശിപ്പിക്കുകയോ ചെയ്യാന്‍ ഈ ഗോത്രദൈവത്തിന് ഒരു മടിയുമില്ല. ഇസ്രായേല്‍ക്കാരെ രക്ഷിക്കാന്‍ വേണ്ടി ഈജിപ്തുകാരെ മുഴുവന്‍ പലതവണ ശിക്ഷിക്കുന്നതു പോകട്ടെ, അവരെ വാഗ്ദാന നാട്ടില്‍ കുടിയിരുത്താന്‍ വേണ്ടി അവിടെയെല്ലാം താമസിച്ചിരുന്ന നാട്ടുകാരെ എത്ര നിഷ്‌ക്കരുണ മാണ് ഈ ദൈവം ചിതറിക്കുന്നതും നശിപ്പിക്കുന്നതും. പുറജാതികളായ കാനാന്‍കാരെയും മറ്റും തുടച്ചുനീക്കി തങ്ങളെ ദൈവം പ്രത്യേക വാത്സല്യത്തോടെ കാനാനില്‍ കുടിപാര്‍പ്പിച്ചുവെന്നു തങ്ങളുടെ വിജയത്തെയും ശത്രുക്കളുടെ പരാജയത്തെയും വ്യാഖ്യാനിക്കുന്ന സങ്കീര്‍ത്തനങ്ങള്‍ ഇന്നു പ്രാര്‍ത്ഥനയായി ചൊല്ലാന്‍തന്നെ അരോചകമായിരിക്കുന്നു. അതൊക്കെ ചൊല്ലുമ്പോള്‍, ഇതെന്തു തരം ദൈവമെന്നു ഇന്നത്തെ മനുഷ്യര്‍ക്കു തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

എല്ലാവരുടെയും പിതാവാണു ദൈവം എന്ന, യേശു പഠിപ്പിച്ച ദര്‍ശനം ഗോത്രസംസ്‌കാരത്തിലൊന്നിലുമില്ല. അക്കാരണത്താല്‍ തന്നെ പഴയനിയമത്തിലെ ദൈവ ദര്‍ശനത്തിലുമില്ല. പഴയനിയമ കാലത്തിന്റെ അവസാനമാകാറാകുമ്പോഴേക്കും മാത്രമേ പ്രവാചകന്മാരുടെ പ്രബോധനങ്ങളിലൂടെ ഗോത്രാതീതനായ ഒരു ദൈവത്തെക്കുറിച്ചുള്ള ചിത്രം ഉണ്ടായി വരുന്നുള്ളൂ. എങ്കിലും, മറ്റു ജനതകളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന സാര്‍വത്രിക സ്വഭാവം പൂര്‍ണമായി അതിനു ലഭിക്കുന്നില്ല. യഹൂദനെയും വിജാതീയനെയും, മിത്രത്തെയും ശത്രുവിനെയും, പുണ്യവാനെയും പാപിയെയും ഒരുപോലെ സ്വീകരിക്കുന്ന ദൈവം എന്ന ആശയം പഴയനിയമ ഗ്രന്ഥങ്ങളില്‍ കാണാന്‍ എളുപ്പമല്ല. ഇനി വല്ലയിടത്തും ഒന്നോ രണ്ടോ വാചകങ്ങളില്‍ കിടപ്പുണ്ടെങ്കില്‍ത്തന്നെ, വീക്ഷണത്തിലും സന്ദേശത്തിലും മുഴച്ചുനില്‍ക്കുന്നതു അതല്ല, മുമ്പു പറഞ്ഞതാണ്. ആ ഇടുങ്ങിയ സങ്കല്പത്തെ ദൈവത്തിന്റെ തിരഞ്ഞെടുപ്പായും തിരഞ്ഞെടുക്കപ്പെട്ട ജനതയുമായുള്ള ഉടമ്പടിയായും നാം ദൈവശാസ്ത്രവത്ക്കരിക്കുന്നു വെന്നതു ശരിയാണ്. പക്ഷേ, സ്വതന്ത്രമായി ചിന്തിക്കുന്ന ആധുനിക മനുഷ്യരുടെയും യേശുവിന്റെ പ്രബോധനങ്ങളെ സ്വീകരിക്കുന്നവരുടെയും ദൈവദര്‍ശനം അങ്ങനെ ഇടുങ്ങിയതല്ലാത്തതുകൊണ്ട് അവര്‍ക്ക് അത് അരോചകമായേ തോന്നൂ. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

തീര്‍ന്നില്ല, ഒരുപടികൂടി കടന്ന്, ദൈവം തന്നതാണെന്നു തങ്ങള്‍ കരുതുന്ന നിയമങ്ങള്‍ (അവയില്‍ അവര്‍തന്നെ കാലാകാലങ്ങളായി ഉണ്ടാക്കിയെടുത്തവയും പെടും) ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിക്കുന്ന ദൈവത്തെയും മേല്പറഞ്ഞ ഗോത്രവീക്ഷണം അവതരിപ്പിക്കുന്നു. സമൂഹത്തിലുണ്ടാകുന്ന മഹാമാരികള്‍, കെടുതികള്‍, അപകടങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍ മുതലായവ ദൈവത്തിന്റെ ശിക്ഷയായി ഈ ഗോത്രസംസ്‌കാരങ്ങള്‍ കരുതുന്നു. ഏഴ് എഴുപതു പ്രാവശ്യമോ, ശത്രുവിനോടുപോലുമോ ക്ഷമിക്കുന്ന ദൈവത്തെയോ, അഥവാ തെറ്റി മാറിപ്പോയ ഒരാടിന്റെയും അകന്നുപോയ ധൂര്‍ത്തപുത്രന്റെയും പുറകെ പോകുന്നതായി യേശു കാണിച്ചു തന്ന ദൈവത്തെയോ ഇവിടെയൊന്നും കാണാന്‍ എളുപ്പമല്ല. മാത്രമല്ല, ഗോത്രസംസ്‌കാരത്തില്‍ കാണുന്ന ദൈവം വളരെ പ്രാകൃത മനുഷ്യവികാരങ്ങളും പ്രവര്‍ത്തനശൈലിയും ഉള്ളവനുമാണ് (മതങ്ങളിലെല്ലാം എല്ലാക്കാലത്തും ദൈവത്തെ മനുഷ്യനെപ്പോലെ സങ്കല്പിക്കുന്നുണ്ടങ്കിലും). അതു കൊണ്ട് കാട്ടുമനുഷ്യനെപ്പോലെ പെട്ടെന്ന് കോപിക്കുന്നു, പ്രതികാരം ചെയ്യുന്നു. സംസ്‌കാരത്തില്‍ വളര്‍ന്ന ആധുനിക ലോകത്തിലെ സാധാരണ മനുഷ്യന്റെ നിയന്ത്രിത വികാര പ്രകടനങ്ങളോ പെരു മാറ്റരീതിയോ ഇല്ല ഈ ദൈവത്തിന്.

മേല്പറഞ്ഞ ദൈവസങ്കല്പത്തിന്റെ ഉദാഹരണങ്ങള്‍ വേണ്ടുവോളം പഴയനിയമ പുസ്തകങ്ങളിലുണ്ട്. ഇസ്രായേല്‍ ജനത്തെ എത്ര പ്രാവശ്യമാണ് ദൈവം ശിക്ഷിക്കുന്നതും പുറജാതികളുടെ കീഴില്‍ അടിമത്തത്തിലേക്കു തള്ളിവിടുന്നതും. വ്യക്തികളെയും ഗ്രൂപ്പുകളെയും കുടുംബങ്ങളെയും, എന്തിന് നേതാക്കന്മാരെപ്പോലും ഉടനടി വേഗത്തില്‍ ശിക്ഷിക്കുന്നതിന്റെ എത്രയോ ഉദാഹരണങ്ങള്‍ നമുക്കു കാണാം. അന്തിമ നാളുകള്‍ വരെ ഗോതമ്പും കളകളും ഒരുമിച്ചു വളരാന്‍ അനുവദിക്കുന്ന കരുണാമയനായ കൃഷിക്കാരനെ (മത്താ. 13:30) പഴയനിയമത്തില്‍ കാണാന്‍ സാധിക്കില്ല.

ഭൗതികനായ ദൈവം

പഴയനിയമത്തിലെ മറ്റൊരു പ്രധാന സങ്കല്പം ദൈവാനുഗ്രഹമെന്നതു ഭൗതികമായ നേട്ടമാണ് എന്നതാണ്. കൂടുതല്‍ ദീര്‍ഘമായ ജീവിതം, സമ്പദ്‌സമൃദ്ധി, ധാരാളം മക്കളും കന്നുകാലികളും, ഫലഭൂയിഷ്ഠമായ കൃഷിയിടം, ആരോഗ്യം എന്നിങ്ങനെ പോകുന്നു ഈ ദൈവാനുഗ്രഹങ്ങളുടെ നീണ്ട പട്ടിക. നീതിമാന്‍ ഒരിക്കലും ജീവിതത്തില്‍ കഷ്ടപ്പെടുന്നതോ അയാളുടെ മക്കള്‍ ഭിക്ഷ യാചിക്കുന്നതോ താന്‍ കണ്ടിട്ടില്ലെന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത്. തന്നെ അനുസരിക്കുന്ന ഇസ്രായേല്‍ ജനത്തിനു ദൈവം വാഗ്ദാനം ചെയ്യുന്നതും ഭൗതികരാജ്യമാണല്ലോ.

എന്നാല്‍, പുതിയനിയമത്തിലെ ദൈവം പരമ ദരിദ്രനാണ്. പിറക്കാനോ മരിക്കാനോ പോലും സ്ഥലം കിട്ടാത്ത ദൈവമാണ് അത്. മാത്രമല്ല, ഉണ്ടായിരുന്ന മഹത്വവും സമ്പന്നതയും വേണ്ടെന്നു വച്ച് സ്വയം ശൂന്യവത്ക്കരിച്ചവന്‍. തന്നെ അനുഗമിക്കുന്നവര്‍ തങ്ങള്‍ക്കുള്ള ചെറിയ വഞ്ചിയും പൊട്ടിയ വലയും പോലും ഉപേക്ഷിക്കണമെന്നാണ് അവിടുന്ന് ആവശ്യപ്പെടുന്നത്. ഭൗതികസുഖത്തിനു പകരം കുരിശുമെടുത്തു പുറകെ വരാനാണ് ആഹ്വാനം. ഈ ദൈവത്തിനു ഭൗമികരാജ്യമില്ല, അതു നല്‍കാനും താത്പര്യമില്ല. മറിച്ച്, എല്ലാം ഉപേക്ഷിച്ചാല്‍ ഭൗമികമല്ലാത്ത രാജ്യത്തിലെ ആന്തരികശാന്തി ലഭിക്കുമെന്നാണ് ഈ ദൈവത്തിന്റെ വാഗ്ദാനം. ദാരിദ്ര്യവും കഷ്ടപ്പാടും പഴയനിയമദര്‍ശനത്തില്‍ ശാപങ്ങളായിരുന്നെങ്കില്‍, പുതിയനിയമത്തില്‍ ഇവ അനുഭവിക്കുന്നവര്‍ ഭാഗ്യവാന്മാരാണ്. യേശു ലോകത്തിനു നല്‍കിയ ദൈവദര്‍ശനം അന്നുവരെ വിവിധ സമൂഹങ്ങളില്‍ നില നിന്നിരുന്ന, തീര്‍ത്തും പ്രാകൃതമായ മനുഷ്യരൂപത്തില്‍ ഉറപ്പിച്ചു വച്ചിരുന്ന, ദൈവസങ്കല്പത്തില്‍ നിന്നും വിപ്ലവകരമാംവിധം വ്യത്യസ്തമായിരുന്നുവെന്നു പറയുന്നതു അതുകൊണ്ടാണ്.

എന്നിട്ടും പലരും ഇപ്പോഴും ആ പഴഞ്ചന്‍ ദൈവത്തെ അവതരിപ്പിച്ച്, ശ്രോതാക്കളെ ക്രിസ്തുവിനു മുമ്പുള്ള പ്രാകൃത ചിന്താരീതിയിലേക്കു കൊണ്ടുപോകുന്നതു കാണുമ്പോള്‍ ഒരേ സമയം സങ്കടവും ചിരിയും വരുന്നു. ആത്മീയമായ ഉണര്‍വിനെയും സമാധാനത്തെയുംകാള്‍ ഭൗതികമായ അനുഗ്രഹങ്ങളല്ലേ ധ്യാനകേന്ദ്രങ്ങളിലേക്കും വിവിധ വിശുദ്ധന്മാരുടെ ഷ്രൈനുകളിലേക്കും ബഹുഭൂരിപക്ഷത്തെയും ആകര്‍ഷിക്കുന്നത്. രോഗശാന്തി, തൊഴില്‍, സാമ്പത്തികമായ ഉയര്‍ച്ച, കൃത്യ സമയത്തുള്ള വിവാഹം, സന്താനാനുഗ്രഹം മുതലായവയെല്ലാം ഭൗതികാനുഗ്രഹങ്ങളാണല്ലോ.

സൈന്യാധിപനായ ദൈവം

ഗോത്രജീവിതകാലത്തും പഴയ നാട്ടുരാജ്യങ്ങളുടെ കാലത്തും യുദ്ധങ്ങള്‍ നിരന്തര സംഭവങ്ങളായിരുന്നുവെന്നു പറയാം. ആധുനിക യുദ്ധങ്ങളെപ്പോലെ വളരെ വ്യാപകമായ ആളപായങ്ങളും നാശനഷ്ടങ്ങളും ഉണ്ടാക്കിയിരുന്നില്ലെങ്കിലും, ചെറു ഗോത്രങ്ങളും നാടുകളും തമ്മില്‍ പലപ്പോഴും ഏറ്റുമുട്ടിയിരുന്നതുകൊണ്ട് മനുഷ്യജീവിതം ദുസ്സഹമായിരുന്നു. വലിയ രാഷ്ട്രങ്ങള്‍ ഉണ്ടായതിനു ശേഷവും വ്യാപകമായ നാശം ഉണ്ടാക്കാവുന്ന യുദ്ധോപകരണങ്ങള്‍ കണ്ടുപിടിച്ചതിനുശേഷവുമാണു യുദ്ധങ്ങളുടെ എണ്ണം കുറഞ്ഞത്. വലിയ നാശം സംഭവിക്കുമെന്ന ഭീതി ഉണ്ടായതുകൊണ്ടും, രാജാക്കന്മാര്‍ സ്വന്തതാല്പര്യമനുസരിച്ച് തനിച്ചു തീരുമാനിക്കുന്നതിനുപകരം ജനാധിപത്യ സംവിധാനങ്ങള്‍ നിലവില്‍ വന്നതുകൊണ്ടും ആണ് ഈ കുറവ് ഉണ്ടായത്.

പുരാതനകാലത്തെ യുദ്ധങ്ങളുടെ പുറകില്‍ രാജ്യവിസ്തൃതീകരണം, സമ്പത്തുശേഖരണം, പേരും പെരുമയും വര്‍ദ്ധിപ്പിക്കല്‍ മുതലായ ലക്ഷ്യങ്ങളായിരുന്നെങ്കിലും, യുദ്ധം ചെയ്യാനിറങ്ങുമ്പോള്‍ പ്രാകൃതമതബോധമനുസരിച്ച്, യുദ്ധം ജയിക്കാന്‍ തങ്ങളുടെ ദൈവങ്ങളെ കൂട്ടുപിടിക്കുമായിരുന്നു. ആ ദൈവങ്ങള്‍ക്കു പൂജയും ബലിയും അര്‍പ്പിച്ചിട്ടാണ് യുദ്ധത്തിനു പുറപ്പെട്ടിരുന്നത്. ചിലരൊക്കെ ദൈവത്തെത്തന്നെ സര്‍വസൈന്യാധിപനായി സങ്കല്പിക്കുമായിരുന്നു. മാത്രമല്ല, യുദ്ധത്തില്‍ കിട്ടുന്ന സ്വര്‍ണവും പണ്ടങ്ങളും എന്തിന് മനുഷ്യരെത്തന്നെയും ഈ ദൈവങ്ങള്‍ക്കു സമര്‍പ്പിക്കുമായിരുന്നു.

ഇതേ മനോഭാവം പഴയനിയമത്തിലും കാണാം. തങ്ങളുടെ സൈന്യാധിപന്‍ ദൈവമാണെന്നു ഇസ്രായേല്‍ കരുതിയിരുന്നതിനു ധാരാളം തെളിവുകളുണ്ട്. സങ്കീര്‍ത്തനങ്ങള്‍ പലതും തങ്ങളെ യുദ്ധത്തില്‍ നയിക്കുന്ന ദൈവത്തിനുള്ള സ്തുതികളാണ്. യുദ്ധം തോറ്റെങ്കില്‍ അതു തങ്ങള്‍ ദൈവത്തിന്റെ നിയമങ്ങള്‍ പാലിക്കാത്തതുകൊണ്ടാണെന്നും വ്യാഖ്യാനിക്കുന്നു. സൈന്യങ്ങളുടെ കര്‍ത്താവായ ദൈവത്തെക്കുറിച്ചുള്ള തീക്ഷ്ണതയാല്‍ താന്‍ ജ്വലിക്കുന്നുവെന്നാണല്ലോ പ്രവാചകനായ ഏലിയാ പ്രഘോഷിക്കുന്നത്. വളരെ ചെറിയൊരു ഗോത്രമായിരുന്ന യഹൂദന്മാര്‍ ഈജിപ്തു മുതല്‍ കാനാന്‍ വരെയും പിന്നീട് അവിടെ താമസിക്കുന്ന കാലമത്രയും പേര്‍ഷ്യാക്കാരോടും റോമാക്കാരോടും യുദ്ധം ചെയ്യാന്‍ കൂട്ടു പിടിച്ചിരുന്നതു ദൈവത്തെയാണ്. തങ്ങളനുഭവിച്ച അടിമത്തങ്ങള്‍ക്കു കാരണം തങ്ങളുടെ തെറ്റുകള്‍ മൂലം സൈന്യങ്ങളുടെ കര്‍ത്താവ് തങ്ങളെ കൈവിട്ടതാണെന്ന് അവര്‍ വിശ്വസിച്ചു. അതുകൊണ്ട്, അവര്‍ പ്രതീക്ഷിച്ചിരുന്നതു ദൈവികശക്തിയുള്ളവനും തങ്ങളെ എന്നേക്കുമായി രാഷ്ട്രീയമായി വിജയിപ്പിച്ച്, പന്ത്രണ്ടു ഗോത്രങ്ങളെയും അധികാരത്തിലെത്തിക്കാന്‍ കഴിവുള്ളവനുമായ അഭിഷിക്തനെ അഥവാ മെസയായെ ആയിരുന്നല്ലോ.

എന്നാല്‍, ഒരു കരണത്തടിക്കുന്നവനു മറു കരണം കൂടി കാണിച്ചു കൊടുക്കുന്നവനും, ജയിക്കുന്നതിനു പകരം കുരിശില്‍ കയറി മരണംവരെ തോല്‍ക്കുന്നവനും, വാളെടുക്കുന്നതിനു പകരം, ഊരിയ വാള്‍ പോലും ഉറയിലിടാന്‍ ആജ്ഞാപിക്കുന്നവനുമായിട്ടാണു യേശു ദൈവത്തെ വെളിപ്പെടുത്തിയത്. ഭൗതികവും രാഷ്ട്രീയവും ആയ ശക്തിയെന്നതിനെക്കാള്‍ ആത്മീയവും ആന്തരികവും ധാര്‍മ്മികവും ആയ ശക്തിയായിട്ടാണു ദൈവികത യേശുവിലൂടെ പ്രകാശിച്ചത്.

ഇവിടെയും നമ്മുടെ പ്രബോ ധനങ്ങള്‍ യേശുവിനു മുമ്പുള്ള പ്രാകൃത കാഴ്ചപ്പാടിലേക്കു പിന്തിരിയുകയാണോ? നമുക്കാവശ്യമായതെന്നു നാം കരുതുന്ന ഭൗതിക സുഖങ്ങളും, സൗകര്യങ്ങളും, പേരും പെരുമയും, പ്രഭാവവും സമ്പത്തും വളര്‍ച്ചയും ഒക്കെ നേടിത്തരാനിരിക്കുന്നവനായിട്ടാണോ ദൈവത്തെ അവതരിപ്പിക്കേണ്ടത്? ദൈവം സാംസനെയോ ഹെര്‍ക്കുലീസിനെയോ പോലെയുള്ള ശക്തിമാനോ, അഥവാ മനുഷ്യന്റെ ബലഹീനതയില്‍ പങ്കുചേര്‍ന്ന് കുരിശില്‍ കയറിയ യേശുവിനെപ്പോലെ ബലഹീനനോ? ഏതുതരം ദൈവത്തെ കിട്ടാനാണു നാം നൊവേനകളിലേക്കും തിരുനാളുകളിലേക്കും, എന്തിന് പള്ളിയിലേക്കു തന്നെയും, ആളുകളെ വിളിക്കുന്നത്?

സങ്കടം തീര്‍ക്കുന്ന ദൈവം

ഇന്നുള്ള ലോകമതങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പുണ്ടായിരുന്ന ആദിമ പ്രാകൃതമതങ്ങളുടെ ഉത്ഭവംതന്നെ മനുഷ്യന്റെ ദുഃഖത്തിലും ഭയത്തിലും നിന്നാണെന്നാണു നരവംശശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത്. മനുഷ്യന് എന്നും ഉണ്ടായിരുന്ന രണ്ടു പ്രാഥമിക വികാരങ്ങളാണ് അവ. നഷ്ടം, രോഗം, മരണം മുതലായവയില്‍ ദുഃഖവും, മഹാമാരികള്‍, പ്രകൃതിക്ഷോഭങ്ങള്‍, അപകടങ്ങള്‍ മുതലായവയില്‍ ഭയവും, ഇവയൊക്കെ ഒട്ടുംതന്നെ നിയന്ത്രിക്കാന്‍ പറ്റാതിരുന്ന പുരാതന കാലത്ത്, മനുഷ്യന്റെ നിത്യാനുഭവമായിരുന്നുവെന്നു പറയാം. അതുകൊണ്ട്, അവയില്‍നിന്നു തന്നെ മോചിപ്പിക്കാന്‍, അതായത് ദുഃഖത്തില്‍ ആശ്വാസവും ഭയത്തില്‍നിന്നു മോചനവും ലഭിക്കാന്‍, ആണു മനുഷ്യന്‍ ആദ്യമായി മനുഷ്യാതീതമായ ഒരു ശക്തിയെക്കുറിച്ച് ചിന്തിക്കുന്നതും ആ ശക്തിയെ (ദൈവത്തെ) പ്രീതിപ്പെടുത്താന്‍ നേര്‍ച്ചകാഴ്ചകളുമായി ആശ്രയിക്കാന്‍ തുടങ്ങുന്നതും.

എന്നാല്‍, യേശു കാണിച്ചു തന്ന ദൈവവും പഠിപ്പിച്ച മതവും മനുഷ്യന്റെ സങ്കടവും ഭയവും തീര്‍ക്കുന്നതിലുപരി, അവനെ കൂടുതല്‍ നല്ലവനാക്കാന്‍ സഹായിക്കുന്നതാണ്. ധാര്‍മ്മികത പഠിപ്പിക്കുന്നവയും അതനുസരിച്ച് ജീവിക്കാന്‍ മനുഷ്യനെ ശാക്തീകരിക്കുന്നവയുമാണ് ആധുനിക മതങ്ങളെല്ലാം തന്നെ, പ്രത്യേകിച്ച് ക്രിസ്തുമതം. മേല്പറഞ്ഞ വികാരങ്ങളെ സംബന്ധിച്ചു പറഞ്ഞാല്‍, അവ മാറ്റിക്കളയുന്നതിനു പകരം, അവ സ്വയം ഏറ്റെടുത്ത് അവയില്‍കൂടി കടന്നുപോകുന്നതിനു എങ്ങനെ ആത്മീയശക്തി ആര്‍ജ്ജിക്കണം എന്നാണു യേശു കാണിച്ചുതന്നത്. ഈ പാനപാത്രം കുടിക്കണമെന്നാണ് അങ്ങയുടെ തിരുമനസ്സെങ്കില്‍ അതു നിറവേറട്ടെയെന്നു പറഞ്ഞ്, കുരിശിലേറുന്ന യേശുവാണല്ലോ ക്രൈസ്തവന്റെ മാതൃക. കുരിശു മാറ്റിക്കിട്ടാന്‍ നമ്മെപ്പോലെ പരക്കം പായുന്ന യേശു സുവിശേഷത്തിലില്ല. യോഹന്നാന്‍ സുവിശേഷകന്‍ പറയുന്നതുപോലെ, തന്നിലെ ദിവ്യശക്തിയുടെ അടയാളങ്ങളായി രോഗശാന്തിയുള്‍പ്പടെ ഏതാനും അത്ഭുതങ്ങള്‍ യേശു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, സാധിക്കുന്നത്ര ആളുകളുടെയെല്ലാം ദുഃഖം ഇല്ലാതാക്കാന്‍ പലസ്തീന മുഴുവന്‍ ഓടിനടന്ന്, മൂന്നു വര്‍ഷംകൊണ്ട് പറ്റാവുന്നത്ര അത്ഭുതങ്ങള്‍ ചെയ്യുന്ന യേശുവിനെയല്ല നാം സുവിശേഷത്തില്‍ കാണുന്നത്. ചുരുക്കത്തില്‍, കുരിശു മാറ്റിക്കളയേണ്ടതെങ്ങനെയെന്നതിനേക്കാള്‍ കുരിശില്‍ കയറേണ്ടതെങ്ങനെയെന്നാണു യേശു പഠിപ്പിച്ചത്.

അതിനു പകരം, ഇന്നു മതത്തിന്റെയും മതശുശ്രൂഷാകേന്ദ്രങ്ങളുടെയും പ്രധാന ജോലിയും അവയുടെ ആകര്‍ഷണവും ദുഃഖവും ഭയവും ഇല്ലാതാക്കാന്‍ സാധിക്കും എന്ന വാഗ്ദാനങ്ങളാണ്. ശരിയാണ്, ഈ വികാരങ്ങളില്‍ നിന്നും അവയുടെ കാരണങ്ങളില്‍ നിന്നും മോചനം നല്‍കണമെയെന്നു നമുക്കു പ്രാര്‍ത്ഥിക്കാം. അതു ലഭിച്ചാല്‍ ദൈവത്തിനു നന്ദിയും പറയാം. എന്നാല്‍, ഈയൊരു ലക്ഷ്യത്തിനു മനുഷ്യന്റെ മനസ്സില്‍ അമിതപ്രാധാന്യം വന്നാല്‍ യേശു പഠിപ്പിച്ച ധാര്‍മ്മിക ജീവിതത്തിന്റെ മതാത്മകത അവന്റെ മനസ്സില്‍ ക്ഷയിക്കുകയും ദുഃഖഭയ വികാരങ്ങളില്‍നിന്നുള്ള മോചനമെന്ന പ്രാകൃതമതാത്മകത തിരിച്ചുവരുകയും ചെയ്യും.

നേര്‍ച്ച വേണ്ട ദൈവം

ഈ പ്രാകൃത മതാത്മകതയുടെ പ്രകടനമെന്നോണം പലതരം ബലികളും കാഴ്ചകളുമായി ദൈവത്തെ പ്രീതിപ്പെടുത്തി സൗഭാഗ്യം സമ്പാദിക്കാന്‍ ശ്രമിക്കുന്ന ജനത്തെ പഴയനിയമകാലത്തു കാണാം. ആ വിഫലശ്രമങ്ങള്‍ കണ്ടു മടുത്തിട്ടെന്നവണ്ണം, ചരിത്രത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ പ്രവാചകന്മാര്‍ വഴി ദൈവം പറയുന്നതായി കാണാം, അവരുടെ ബലിയര്‍പ്പിക്കപ്പെട്ട കാളകളുടെ മാംസവും രക്തവും തനിക്കാവശ്യമില്ലെന്ന്. എന്നാല്‍, ഒരു പടി കൂടി കടന്ന്, മനുഷ്യന്റെ ഉള്ളില്‍ വസിക്കുന്ന ദൈവികത കരുണയും സ്‌നേഹവും ആയി പ്രകാശിപ്പിക്കപ്പെടുന്നതാണു യഥാര്‍ത്ഥ മതാത്മകതയെന്നും, അതുകൊണ്ട് ബലിയേക്കാള്‍ കരുണയാണ് ദൈവം ആഗ്രഹിക്കുന്നതെന്നും യേശു പഠിപ്പിച്ചു (മത്താ. 9:13) മനുഷ്യനും പ്രപഞ്ചത്തിനും പുറത്ത് മറ്റെവിടെയോ അകലെ അപരിമേയമായ ഒരു ശക്തിയായി ദൈവം സ്ഥിതിചെയ്യുന്നുവെന്നും, ആ ശക്തിയുടെ ശ്രദ്ധ ക്ഷണിക്കുകയും അതിനെ പ്രസാദിപ്പിച്ചു തനിക്കാവശ്യമായ അനുഗ്രഹം സമ്പാദിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണു പുരാതന മനുഷ്യന്‍ ബലികളും നേര്‍ച്ചകളും ആരംഭിക്കുന്നത്. ദൈവത്തോടുള്ള നമ്മുടെ വിധേയത്വത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതീകമാണു നമ്മുടെ നേര്‍ച്ചകള്‍ എന്നൊക്കെ ദൈവശാസ്ത്രപരമായി വിശദീകരിക്കാമെങ്കിലും, ഇതൊക്കെ ചെയ്യുന്ന മനുഷ്യരുടെ മനോഭാവം ആ വിധത്തിലൊന്നും വളര്‍ന്നുയര്‍ന്നിട്ടില്ലെന്നു മതാനുഷ്ഠാനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നവര്‍ക്കറിയാം. മാത്രമല്ല, അവര്‍ ഒട്ടൊക്കെ മേല്പറഞ്ഞ പ്രാകൃത മനോഭാവം മനുഷ്യരില്‍ നില നില്‍ക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. അതു നിലനിന്നാലേ, വികാരാവേശം വര്‍ദ്ധിച്ച്, കൂടുതല്‍ നേര്‍ച്ചയും വരുമാനവും ഉണ്ടാകൂവെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.

മാത്രമല്ല, മേല്പറഞ്ഞ വിധേയത്വത്തിന്റെ പ്രതീകാത്മകതയില്‍ ഒതുങ്ങിനില്‍ക്കാത്ത നേര്‍ച്ചകള്‍ മതത്തിന് ഒരു ബിസിനസ്സ് ശൈലി ഉണ്ടാക്കുകയും ചെയ്യുന്നു. കൂടുതല്‍ വരുമാനം ഉണ്ടാക്കി, സമ്പത്തു വര്‍ദ്ധിപ്പിക്കാന്‍ മതനേതാക്കന്മാര്‍ ശ്രമിക്കുമെന്നുള്ളതു മാത്രമല്ല, മതം ബിസിനസ്സായി മാറുന്നതിലെ പ്രശ്‌നം. ഈ പ്രക്രിയയില്‍ ഉണ്ടാകാവുന്നതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ അഴിമതി, വ്യാജ പരസ്യങ്ങള്‍, നിക്ഷിപ്ത താത്പര്യങ്ങള്‍ മുതലായവ അവിടെ നില്‍ക്കട്ടെ. അതിനേക്കാള്‍ അപകടകരമായ രീതിയില്‍ മറ്റൊന്നു കൂടി സംഭവിക്കുന്നു. നമ്മള്‍ ദൈവത്തെയും മതാത്മകതയെയും ഒരു കച്ചവട മനോഭാവത്തോടെ കാണാന്‍ ഇടവരുന്നു. ഞാന്‍ അങ്ങോട്ടു കൊടുക്കുന്നതിന് ആനുപാതികമായി ഇങ്ങോട്ടു കിട്ടുന്നതാണല്ലോ കച്ചവടത്തിലെ അടിസ്ഥാന ബന്ധം. ദൈവത്തെ ഞാന്‍ അങ്ങനെ കാണാന്‍ തുടങ്ങുന്നതോടെ ഞാനും ദൈവവുമായിട്ടുള്ളതു കച്ചവടബന്ധമായി മാറുന്നു. ദൈവത്തെ പിതാവായി കാണണമെന്ന യേശുവിന്റെ പ്രബോധനം നമ്മുടെ മനസ്സില്‍ നിന്നു മങ്ങിപ്പോകുന്നു. നമ്മള്‍ വീണ്ടും പഴയനിയമത്തിലെയോ അതിനും മുമ്പുള്ള കാലത്തെയോ പ്രാകൃത മതാത്മകതയിലേക്കു പിന്തിരിയുന്നു.

മതപരമായ ഇത്തരം ചതിക്കുഴികളില്‍നിന്ന് എന്ന് നമ്മുടെ വിശ്വാസികളെ രക്ഷിക്കാനാകും, ആര്‍ രക്ഷിക്കും? അന്നു മാത്രമേ ആധുനിക സമൂഹത്തിലെ ചിന്തിക്കുന്ന ചെറുപ്പക്കാര്‍ക്കു മതത്തില്‍ വിശ്വാസം വര്‍ദ്ധിക്കൂ. അപ്പോഴേ മതാത്മകത കാലത്തിനനുസരിച്ച് നവീകരിക്കപ്പെടുകയും വളരുകയും ചെയ്യുകയുള്ളൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org