ആഗോളതാപന വിസ്‌ഫോടനത്തില്‍ കരുതലിന്റെ കൈയ്യൊപ്പ്

ആഗോളതാപന വിസ്‌ഫോടനത്തില്‍ കരുതലിന്റെ കൈയ്യൊപ്പ്
Published on
നാം ഉള്‍ക്കൊണ്ടെങ്കിലും ഇല്ലെങ്കിലും ആഗോളതലത്തില്‍ വ്യാപകമായിരിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍ മനുഷ്യജീവിതത്തെ വളരെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യ മാണ്. ഈ ഭൂമുഖത്തുള്ള എല്ലാ വിഭാഗം മനുഷ്യരെയും ഇത് ഗൗരവമായി ബാധിക്കുകയും ചെയ്തിരിക്കുന്നു. 'ലൗദാത്തോ സീ'യുടെ പ്രസിദ്ധീകരണശേഷം (2015) ലോകത്ത് ഉണ്ടായിട്ടുള്ള കാലാവസ്ഥവ്യതിയാനമാണ് 'ലൗദാത്തേ ദേവും' എന്ന അപ്പസ്‌തോലിക ലേഖനത്തിന്റെ പ്രമേയം.

ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ ഒക്‌ടോബര്‍ 4 ന് പുറപ്പെടുവിച്ച അപ്പസ്‌തോലിക ലേഖനം ലൗദാത്തേ ദേവും (Laudate Deum) ഉള്ളടക്കത്തിന്റെ ഗരിമകൊണ്ടും പ്രമേയത്തിന്റെ പ്രസക്തികൊണ്ടും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സമീപനംകൊണ്ടും ഇതിനകം ആഗോളതലത്തില്‍ ശ്രദ്ധേയമായിരിക്കുന്നു. 2015- ല്‍ അദ്ദേഹം തന്നെ പുറപ്പെടുവിച്ച 'ലൗദാത്തോ സീ'യുടെ തുടര്‍ച്ചയായിട്ട് വേണം ഈ പ്രബോധനത്തെ കാണുവാന്‍. ഏറെ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിധേയമായ ഈ ചാക്രികലേഖനത്തിന്റെ തുടര്‍ച്ചയായി ആണ്ടുതോറും സെപ്തംബര്‍ ഒന്നിന് ആരംഭിക്കുന്ന സൃഷ്ടിയുടെ കാലഘട്ടത്തിന്റെ (Season of creation) ആഘോഷം അവസാനിക്കുന്നത് പരിസ്ഥിതി ആത്മീയതയുടെ മധ്യസ്ഥനായ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ദിനമായ ഒക്‌ടോബര്‍ നാലിനാണ്. ആഗോളതലത്തില്‍ മാര്‍പാപ്പ വിളിച്ചുചേര്‍ത്ത അസാധാരണ സിനഡിന് ആരംഭം കുറിച്ച ദിവസം. അങ്ങനെ പല സവിശേഷതകള്‍ നിറഞ്ഞ ഒരു ദിനത്തിലാണ് ഈ അപ്പസ്‌തോലിക ലേഖനത്തിന്റെ പ്രസിദ്ധീകരണം. ഈ വരുന്ന നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെ ദുബായില്‍ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയുടെ (COP 28) മുന്നോടിയായി വേണം കാലാവസ്ഥ പ്രതിസന്ധി ചര്‍ച്ചാവിഷയമാക്കുന്ന ഈ പ്രബോധനത്തെ അപഗ്രഥിക്കാന്‍. മുന്‍ പ്രബോധനങ്ങളെപ്പോലെ സന്മനസ്സുള്ള സ കല മനുഷ്യരെയും സംബോധന ചെയ്യുന്ന ഈ അപ്പസ്‌തോലിക ലേഖനം 6 അധ്യായങ്ങളില്‍ 73 ഖണ്ഡികകളായി വിഭജിതമായിരിക്കുന്നു. 'ലൗദാത്തോ സീ' യുടെ പ്രസിദ്ധീകരണശേഷം (2015) ലോകത്ത് ഉണ്ടായിട്ടുള്ള കാലാവസ്ഥവ്യതിയാനമാണ് ഈ ലേഖനത്തിന്റെ പ്രമേയം.

പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ചുള്ള തന്റെ ചാക്രികലേഖനം ഫ്രാന്‍സിസ് പാപ്പ ആരംഭിച്ചിരിക്കുന്നത് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ പ്രസിദ്ധമായ സൂര്യകീര്‍ത്തനത്തില്‍ നിന്നുള്ള ഉദ്ധരണിയോടു കൂടിയാണ്. ഈ പ്രബോധനത്തിലാകട്ടെ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ വാക്കുകള്‍ നേരിട്ട് രേഖപ്പെടുത്തുന്നില്ലെങ്കിലും 'ദൈവത്തെ സ്തുതിക്കുവിന്‍' എന്ന ദര്‍ശനത്തിന്റെ കാതല്‍ അസ്സീസിയുടെ ജീവിത വീക്ഷണത്തിന്റെ സംഗ്രഹമാണ്. മത്തായി, ലൂക്കാ സുവിശേഷങ്ങളില്‍ പരാമര്‍ശ വിഷയമാകുന്ന ആകാശത്തിലെ പക്ഷികളുടെ സരളതയും വയലില്‍ വളരുന്ന ചെറുചെടികളുടെ അസ്ഥിത്വത്തിന്റെ ആധാരവും ചുരുങ്ങിയ വാക്കുകളില്‍ ആമുഖമായി പരാമര്‍ശിക്കുന്ന പാപ്പ, പ്രപഞ്ചത്തിലെ ജീവജാലങ്ങളെ ക്രിസ്തു എത്രമാത്രം ആര്‍ദ്രതയോടെ സമീപിച്ചിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്നു. തന്റെ മുന്‍ പ്രബോധനമായ 'ലൗദാത്തോ സീ'യില്‍ പ്രാമുഖ്യം നല്‍കിയ വിഷയങ്ങളോട് ആഗോള സമൂഹം വേണ്ടത്ര ക്രിയാത്മകമായി പ്രതികരിച്ചില്ല എന്ന വിമര്‍ശനവും ഈ ലേഖനത്തിന്റെ ആമുഖ ഭാഗത്ത് കാണാം.

നാം ഉള്‍ക്കൊണ്ടെങ്കിലും ഇല്ലെങ്കിലും ആഗോളതലത്തില്‍ വ്യാപകമായിരിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍ മനുഷ്യജീവിതത്തെ ഹനിക്കുന്നു എന്നത് യാഥാര്‍ത്ഥ്യ മാണ്. ഈ ഭൂമുഖത്തുള്ള എല്ലാ വിഭാഗം മനുഷ്യരെയും ഇത് ഗൗരവമായി ബാധിക്കുകയും ചെയ്തിരിക്കുന്നു. ഈ അപ്പസ്‌തോലിക ലേഖനത്തിന്റെ ആമുഖഭാഗത്തുതന്നെ ചേര്‍ത്തിരിക്കുന്ന രണ്ട് ഉദ്ധരണികള്‍ അതിന്റെ തിരഞ്ഞെടുപ്പുകൊണ്ടു തന്നെ ശ്രദ്ധേയമാണ്. ഒന്ന് അമേരിക്കയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസ്താവന; മറ്റൊന്ന് ആമസോണ്‍ പ്രദേശത്തെ മെത്രാന്‍ സമിതിയുടെയും. ആഗോളസമൂഹത്തിന്റെ പരിച്ഛേദമായി വേണം ഇതിനെ നാം മനസ്സിലാക്കുവാന്‍. വികസിത രാഷ്ട്രങ്ങളുടെയും ഗോത്രവര്‍ഗങ്ങള്‍ക്കും തദ്ദേശീയ സംസ്‌ക്കാരത്തിനും ഏറെ പ്രാധാന്യമുള്ള അവികസിത ലോകത്തിന്റെയും. കാഴ്ചയുടെ പ്രതലങ്ങള്‍ രണ്ടാണെങ്കിലും ഇവയുടെ സാരാംശം ഒന്നുതന്നെ. മനുഷ്യര്‍ തമ്മിലുള്ള പാരസ്പര്യവും കരുതലുമാണ് ലോകത്തിന്റെ നിലനില്‍പ്പിന് ആധാരം. ഈ കരുതലുകള്‍ ഇല്ലാതാകുമ്പോള്‍ മനുഷ്യബന്ധങ്ങളും ഒപ്പം പ്രകൃതിയും പ്രതിസന്ധിയില്‍ അകപ്പെടും.

ആഗോളതാപനത്തിന്റെ മാനുഷിക കാരണങ്ങള്‍

ലോകസമൂഹത്തെ ഇന്ന് ഗ്രസിച്ചിരിക്കുന്ന ആഗോളതാപനത്തിന്റെ മാനുഷിക കാരണങ്ങളെ അപഗ്രഥിക്കുന്നതിനാണ് ഈ പ്രബോധനത്തിന്റെ ആദ്യ അധ്യായം ഫ്രാന്‍സിസ് മാര്‍പാപ്പ മാറ്റിവെച്ചിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടു വരെയും ഏറെക്കുറെ സന്തുലിതമായിരുന്ന ഹരിതഗൃഹവാതകങ്ങളുടെ അന്തരീക്ഷത്തിലെ അളവിന് കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകള്‍ കൊണ്ട് ഉണ്ടായ ശക്തമായ വ്യതിയാനമാണ് ഇന്നത്തെ കാലാവസ്ഥ പ്രതിസന്ധിക്ക് മുഖ്യകാരണം. ഐക്യരാഷ്ട്രസഭയുടെ പഠനവിഭാഗമായ I P C C (Intergovernmental Panel on Climate Change) 2022 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് ഈ ഭാഗങ്ങള്‍ പാപ്പ വിശദീകരിച്ചിരിക്കുന്നത്. അന്തരീക്ഷത്തിലെ താപനിലയിലുള്ള വര്‍ധനവും കടലിന്റെ അമ്ലീകരണവും സമുദ്രനിരപ്പിന്റെ വര്‍ധനവും മഞ്ഞുധ്രുവങ്ങളുടെ ശോഷണവുമെല്ലാം ശാസ്ത്രീയമായി അപഗ്രഥിക്കുന്ന I P C C റിപ്പോര്‍ട്ട് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഇന്ന് ലഭ്യമായ ഏറ്റവും ആധികാരികമായ പഠനമാണ്. പ്രസിദ്ധീകൃതമായപ്പോള്‍ 'ലോകത്തിനുള്ള ചുവന്ന അടയാളം' എന്ന് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ സെക്രട്ടറി അന്റോണിയ ഗുട്ടീരസ് വിശേഷിപ്പിച്ച ഈ റിപ്പോര്‍ട്ട്, കാലാവസ്ഥ വ്യതിയാനത്തില്‍ മനുഷ്യകുലത്തിനുള്ള പങ്ക് വളരെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് തന്റെ വാദമുഖങ്ങളുടെ ആധാരമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഈ റിപ്പോര്‍ട്ട് ഉപയോഗിച്ചിരിക്കുന്നതും. കാലാവസ്ഥ വ്യതിയാനത്തെ വേണ്ടത്ര ഗൗരവമായി കാണാത്തവരെ വളരെ ശക്തമായി അദ്ദേഹം അപലപിക്കുകയും ചെയ്യുന്നു. നമുക്ക് ഇനി ഒരിക്കലും മറച്ചുവയ്ക്കാനാവാത്ത പ്രതിസന്ധിയിലേക്ക് ലോകം എത്തിച്ചേര്‍ന്നിരിക്കുകയാണ്. അടുത്ത നാളുകളില്‍ വര്‍ധിച്ചു വരികയും ഏറെക്കുറെ തുടര്‍ച്ചയായി ആവര്‍ത്തിക്കുകയും ചെയ്യുന്ന പ്രകൃതിക്ഷോഭങ്ങളെ കേവലം പ്രകൃതിജന്യ പ്രതിഭാസങ്ങളായി മാത്രം കണ്ടാല്‍ മതിയാവുകയില്ല. ഇതിനു പിന്നിലുള്ള മാനുഷിക കാരണങ്ങളും ഗൗരവമായി പരിഗണിക്കേണ്ടവയാണ്. ഇതര മനുഷ്യരെയും ഈ പ്രകൃതിയേയും അതിഭീകരമായ ചൂഷണത്തിന് വിധേയമാക്കുന്ന, ലാഭേച്ഛ മാത്രം ഉന്നംവയ്ക്കുന്ന സാമ്പത്തിക കാഴ്ചപ്പാടുകളും ഭരണ സമീപനരീതിയും തിരുത്തപ്പെടേണ്ടതാണ്.

സമുദ്രത്തിലെ താപനിലയി ലുള്ള വര്‍ധനവ്, കടലിന്റെ അമ്ലീകരണം, ഓക്‌സിജന്റെ നിരക്കിലുള്ള കുറവ്, ധ്രുവങ്ങളിലെ മഞ്ഞുപാളികള്‍ക്ക് സംഭവിച്ചിരിക്കുന്ന ശോഷണം തുടങ്ങി ആഗോള കാലാവസ്ഥ വ്യതിയാനത്തിലെ ചില മാറ്റങ്ങള്‍ സ്ഥായിയായി സംഭവിച്ചിരിക്കുന്നവയാണ്. ഇവയെ വീണ്ടെടുക്കുവാനോ പുനസ്ഥാപിക്കുവാനോ ഇനിയും എളുപ്പമല്ല. ഇങ്ങനെ വ്യത്യസ്തമായ കാരണങ്ങളാല്‍ മനുഷ്യസമൂഹം വളരെ ഗുരുതരമായ പ്രതിസന്ധിഘട്ടത്തിലാണ് എത്തിയിരിക്കുന്നത്. ഭൂമിയില്‍ ഉണ്ടാകുന്ന ചില വ്യതിയാനങ്ങള്‍ അതിഭീഷണമായ മഹാദുരന്തമായി മാറിയിരിക്കുന്ന കാഴ്ചകള്‍ ഇന്ന് ധാരാളമുണ്ട്. വളരെ വിശാലമായ അര്‍ത്ഥത്തില്‍ ഈ പ്രപഞ്ചത്തെ കാണുവാനും നമ്മുടെ വികസന പ്രക്രിയകളെ വിമര്‍ശനാത്മകമായി വിലയിരുത്തുവാനും സമയം അതിക്രമിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകസമൂഹത്തെ ആകമാനം ബാധിച്ച കോവിഡ് നല്‍കുന്ന ഉള്‍ക്കാഴ്ചകളെ പരാമര്‍ശിച്ചുകൊണ്ടാണ് ഒന്നാം അധ്യായം അവസാനിക്കുന്നത്. നാം എല്ലാം പരസ്പരബന്ധിതമാണെന്നും ആരും തനിയെ രക്ഷ നേടുന്നില്ലെന്നുമുള്ള മഹത്തായ പാഠം കോവിഡിന്റെ ബാക്കിപത്രമാണ്.

സാങ്കേതികശക്തിയുടെ അപര്യാപ്തത

സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്ന മനുഷ്യസമൂഹത്തിന് മുമ്പില്‍ ഉയര്‍ത്തുന്ന ഗൗരവാവഹമായ ധാര്‍മ്മിക ചോദ്യങ്ങളാണ് രണ്ടാം അധ്യായത്തിന്റെ പ്രമേയം. നിര്‍മ്മിതബുദ്ധിയെ (Artificial Intelligence) അമിതമായി ആശ്രയിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന ഈ അധ്യായം സാങ്കേതികവിദ്യയുടെ ക്രമരഹിതമായ ഉപയോഗവും അതിലുള്ള അതിരുകടന്ന ആശ്രിതത്വവും മൂലമുണ്ടാകുന്ന അപകടങ്ങളെ വ്യക്തമാക്കുവാന്‍ ശ്രമിക്കുന്നു. യന്ത്രശക്തിയുടെ അധിനിവേശം നമുക്ക് നിയന്ത്രിക്കാവുന്നതിലുമധികം ഇന്ന് വ്യാപകമായിരിക്കുകയാണ്. ഇവയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വേണ്ട രീതിയില്‍ അപഗ്രഥിക്കപ്പെട്ടിട്ടില്ല എന്നത് സങ്കടകരമായ വസ്തുതയാണ്. മനുഷ്യ സമൂഹത്തെ മാറ്റിമറിക്കാനും നശിപ്പിക്കുവാനും ഒരു പരിധിവരെ ഇല്ലായ്മ ചെയ്യുവാനും പര്യാപ്തമായ സാങ്കേതികവിദ്യയെ വിവേകപൂര്‍വം ഉപയോഗിച്ചില്ലെങ്കില്‍ അത് വലിയ നാശത്തിന് വഴിതെളിക്കും. സാങ്കേതികവിദ്യയുടെ വികാസത്തോടൊപ്പം അവ വിവേകപൂര്‍വം ഉപയോഗിക്കുവാനുള്ള ധാര്‍മ്മികവും മാനവികവുമായ ഉത്തരവാദിത്വവും മൂല്യബോധവും മനസ്സാക്ഷിയും രൂപപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ചില സാഹചര്യങ്ങളില്‍ കേവലം ഉപരിപ്ലവമായി മാറുമെങ്കിലും സാങ്കേതികവിദ്യ നമുക്ക് സഹായകമാണ് എന്നതിന് തര്‍ക്കമില്ല. എന്നിരുന്നാലും വളരെ ശക്തമായ ധാര്‍മ്മിക അടിസ്ഥാനമില്ലെങ്കില്‍, നമ്മുടെ സംസ്‌കാരവും മനസ്സാക്ഷിയും ആത്മീയതയും നേരിന്റെ മാര്‍ഗത്തിലൂടെ ചരിക്കുവാന്‍ നമ്മെ പഠിപ്പിക്കുന്നില്ലെങ്കില്‍, ഇവയുടെ ഉപയോഗം വലിയ വിപത്തായിരിക്കുമെന്ന് പാപ്പ മുന്നറിയിപ്പ് നല്‍കുന്നു. സാങ്കേതികവിദ്യയുടെ ഈ കടന്നുകയറ്റത്തെ രൂഢമൂലമാക്കുന്ന മനുഷ്യരുടെ ചൂഷണ വ്യവസ്ഥിതിയും അനിയന്ത്രിതമായ ഉപഭോഗത്വരയും ലാഭേച്ഛയും കച്ചവട താല്‍പര്യങ്ങളും മാറേണ്ടതാണ്. നമുക്ക് ചുറ്റുമുള്ള പ്രപഞ്ചത്തെയും വിഭവങ്ങളെയും നമുക്ക് മാത്രം ഉപയോഗപ്രദമായ രീതിയില്‍ ചൂഷണം ചെയ്യാം എന്ന മനോഭാവത്തിനാണ് മാറ്റം വരുത്തേണ്ടത്. പ്രകൃതി (nature) എന്ന പദം ഉപയോഗിക്കുമ്പോള്‍ പൊതുവേ മനുഷ്യസമൂഹത്തിന് പുറമേയുള്ള ഒന്നായിട്ടാണ് പലരും കരുതുന്നത്. മനുഷ്യര്‍ ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ഒന്നല്ലെന്നും നാമും പ്രകൃതിയുടെ ഭാഗമാണെന്നുമുള്ള തിരിച്ചറിവിലേക്ക് ഇനിയും നാം വളരേണ്ടതുണ്ട്.

ഈ കാലഘട്ടത്തിലെ പാരിസ്ഥിതിക പ്രതിസന്ധിക്ക് മനുഷ്യരുടെ ഉത്തരവാദിത്വത്തെ ഗൗരവമായി പരിഗണിക്കുമ്പോള്‍ തന്നെ, ഈ ഭൂമിയില്‍ മനുഷ്യവംശത്തിനുള്ള പ്രാധാന്യത്തെയും ഗൗരവം കുറച്ചു കാണുവാന്‍ പാടില്ല. മനുഷ്യരും ഈ പ്രപഞ്ചത്തിന്റെ തന്നെ ഭാഗമാണ്. മനുഷ്യ ജീവിതവും അവരുടെ ബുദ്ധിയും സ്വാതന്ത്ര്യവും ഈ ഗ്രഹത്തെ സമ്പുഷ്ടമാക്കുവാനും വളര്‍ത്തുവാനും പര്യാപ്തമാണ് താനും. മനുഷ്യര്‍ തമ്മില്‍ തമ്മിലും ഈ പ്രപഞ്ചത്തിലെ ഇതര ഘടകങ്ങള്‍ തമ്മിലുമുള്ള പാരസ്പര്യവും കൊടുക്കല്‍ വാങ്ങലുകളുമാണ് പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് ആധാരമായി വര്‍ത്തിക്കുന്നത്. നൂറ്റാണ്ടുകളായും തലമുറകളായും ഗോത്രവര്‍ഗ സമൂഹങ്ങള്‍ പാലിച്ചുവരുന്ന പലതരത്തിലുള്ള അനുഷ്ഠാനങ്ങള്‍ ഈ രീതിയില്‍ ശ്രദ്ധേയമാണ്. 2019 ല്‍ നടന്ന ആമസോണ്‍ സിനഡിന്റെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാവണം പാപ്പ തദ്ദേശീയ സമൂഹത്തിന്റെ അനുഷ്ഠാനങ്ങള്‍ക്കും ശീലങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷിക്കാന്‍ ആവുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.

കുറഞ്ഞ ചിലവില്‍ കൂടുതല്‍ ലാഭമുണ്ടാക്കാനുള്ള ത്വരയും മനുഷ്യയുക്തിക്ക് നല്‍കുന്ന അമിത പ്രാധാന്യവും കപട വാഗ്ദാനങ്ങളില്‍ ഊന്നിയുള്ള വികസന കാഴ്ചപ്പാടുകളും ദരിദ്രരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും പുലര്‍ത്തുന്ന നിസംഗതയും നമ്മുടെ പൊതുഗ്രഹത്തിന്റെ നന്മയ്ക്കായുള്ള ആത്മാര്‍ത്ഥ പരിശ്രമങ്ങളെ പിന്തിരിപ്പിക്കുന്നതാണ്. സമീപകാലങ്ങളില്‍ വളരെ പ്രബലമായിരിക്കുന്ന കപടപ്രവാചകരുടെ പുരോഗതിയെക്കുറിച്ചുള്ള വാക്‌ടോപങ്ങള്‍ പാവപ്പെട്ടവരെ ഭ്രമതാത്മകതയുടെ ഇരകളാക്കി (prey to the illusion) എന്ന ശക്തമായ വിമര്‍ശനവും ഈ അപ്പസ്‌തോലിക പ്രബോധനത്തില്‍ കാണാം. യോഗ്യതയ്ക്ക് (meritocracy) അമിതപ്രാധാന്യം നല്‍കുന്ന അയുക്ത പ്രവണതകളുടെ അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് ഈ പ്രബോധനത്തിന്റെ പ്രവാചക സ്വഭാവത്തിന് അടിവരയിടുന്നു.

ഇന്ന് ലഭ്യമായിരിക്കുന്ന മാനവശേഷിയുടെ വിവേകപൂര്‍ണ്ണവും ധാര്‍മ്മികവുമായ ഉപയോഗത്തെ പരാമര്‍ശിച്ചുകൊണ്ടാണ് ഈ അധ്യായം പാപ്പ ഉപസംഹരിക്കുന്നത്. നാം ഓരോരുത്തരും ഉന്നയിക്കേണ്ട അടിസ്ഥാനപരമായ ചില ധാര്‍മ്മിക ചോദ്യങ്ങള്‍ ഇവിടെ കാണാം. എന്റെ ജീവിതത്തിന്റെ അര്‍ത്ഥമെന്താണ്? ഞാന്‍ ഈ ഭൂമിയില്‍ ചെലവഴിക്കുന്ന സമയത്തിന്റെ അര്‍ത്ഥപൂര്‍ണ്ണമായ വിനിമയം എങ്ങനെ സാധ്യമാകും? എന്റെ ജോലിയുടെയും പ്രയത്‌നത്തിന്റെയും ആത്യന്തികമായ അര്‍ത്ഥമെന്താണ്? തുടങ്ങിയ ചോദ്യങ്ങള്‍ എല്ലാ മനുഷ്യരുടെയും പരിചിന്തനത്തിനായി നല്‍കിയിരിക്കുന്നു.

ആഗോള രാഷ്ട്രീയത്തിന്റെ ദൗര്‍ബല്യം

ഈ പ്രബോധനത്തിന്റെ മൂന്നാം അധ്യായം മാറ്റിവെച്ചിരിക്കുന്നത് ആഗോള രാഷ്ട്രീയം നേരിടുന്ന പ്രതിസന്ധികളെ വിമര്‍ശനാത്മകമായി അപഗ്രഥിക്കുവാനും ഇതിന്റെ പരിമിതികളെ ചൂണ്ടിക്കാണിക്കുവാനുമായിട്ടാണ്. ഐശ്വര്യപൂര്‍ണ്ണമായ രാഷ്ട്രനിര്‍മ്മിതിക്ക് അനിവാര്യമായ അടിസ്ഥാന തത്വങ്ങളെ പരാമര്‍ശിച്ചുകൊണ്ടാണ് ഈ അധ്യായം ആരംഭിക്കുന്നത്. നന്മ, സ്‌നേഹം, നീതി, സഹാനുഭൂതി തുടങ്ങിയ തത്വങ്ങളാല്‍ നിര്‍മ്മിതമാകുന്ന ഒരു രാഷ്ട്രത്തിനു മാത്രമേ സ്ഥായിയായ പുരോഗതി കൈവരിക്കുവാന്‍ കഴിയൂ. ഒരു ദേശത്തുള്ള എല്ലാ ജനതയുടെയും ഒപ്പം പ്രപഞ്ചത്തിന്റെയും നന്മയ്ക്കും വികാസത്തിനും ഘടകവിരുദ്ധമായി അധികാരം ഏതാനും വ്യക്തികളില്‍ കേന്ദ്രീകരിക്കുന്ന സമകാലിക സ്വേച്ഛാധിപത്യത്തിന്റെ അപകടത്തെ ശക്തമായ ഭാഷയില്‍ ഇവിടെ വിമര്‍ശന വിധേയമാക്കുന്നു. ആഗോളതലത്തില്‍ ഇന്ന് വര്‍ധിച്ചു വന്നിരിക്കുന്ന വ്യക്തിവാദവും (individualism) സ്വേച്ഛാധിപത്യപ്രവണതയും (autocracy) ലോകനന്മയ്ക്കും പരിസ്ഥിതിസംരക്ഷണത്തിനും ഹാനികരമാണ്. ലോകരാഷ്ട്രങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതും തിരുത്തല്‍ ശക്തിയായി മാറേണ്ടതുമായ ഐക്യരാഷ്ട്ര സംഘടനയുടെ ദൗര്‍ബല്യം, ലോകസമാധാന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നത് പോലെ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും പരാജയപ്പെട്ടിരിക്കുന്നു.

ചില വ്യക്തികളിലേക്ക് മാത്രമായി അധികാരം കേന്ദ്രീകരിക്കുന്ന കാലിക ലോകവ്യവസ്ഥിതിയില്‍, ഓരോ രാജ്യത്തിലും പ്രാദേശിക സമൂഹത്തിലും പൗരന്മാര്‍ക്ക് ലഭിക്കേണ്ട അടിസ്ഥാന അധികാരങ്ങളും അവകാശങ്ങളും ഹനിക്കപ്പെടുമ്പോള്‍ പരിസ്ഥിതിസംരക്ഷണം ഒരു കിനാവായി മാറുന്നു. പാവപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ സമ്പന്നരും വരേണ്യവിഭാഗവും കയ്യടക്കുന്ന സാമൂഹിക പരിതോവസ്ഥയില്‍ നഷ്ടമാവുന്നത് ദരിദ്രരുടെയും ഗോത്രവംശജരുടെയും തദ്ദേശീയരുടെയും ഒപ്പം പരിസ്ഥിതിയുടെയും അവകാശങ്ങളാണ്. നീതിരാഹിത്യത്തിന്റെ ഇത്തരം കെട്ടുകാഴ്ചകളില്‍ ശക്തമായ തീരുമാനം എടുക്കുവാന്‍ രാഷ്ട്രങ്ങള്‍ക്ക് കഴിയാതെ പോകുമ്പോള്‍, പരിസ്ഥിതിസംരക്ഷണത്തിനും വേണ്ടത്ര പ്രാധാന്യം ലഭിക്കുകയില്ല. അധികാരം ചില വ്യക്തികളില്‍ മാത്രം കേന്ദ്രീകരിക്കുമ്പോള്‍ പൊതുനന്മയാണ് ഹനിക്കപ്പെടുന്നത്. സംഭാഷണം, കൂടിയാലോചന, മധ്യസ്ഥത, മേല്‍നോട്ടം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടത്. ഏകാധിപത്യത്തിന്റെ പ്രവണതകള്‍ ശക്തമാകുന്നിടത്ത് ഇത്തരം സംഭാഷണങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും പ്രസക്തി ഇല്ലാതായിരിക്കുന്നു. ലോകസമാധാനത്തിനും രാഷ്ട്രങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധത്തിനും സംഭാഷണത്തിന്റെ ഈ പാഠങ്ങള്‍ അനിവാര്യമാണ് എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് ഈ അധ്യായം അവസാനിക്കുന്നത്.

കുറഞ്ഞ ചിലവില്‍ കൂടുതല്‍ ലാഭമുണ്ടാക്കാനുള്ള ത്വരയും മനുഷ്യയുക്തിക്ക് നല്‍കുന്ന അമിത പ്രാധാന്യവും കപട വാഗ്ദാനങ്ങളില്‍ ഊന്നിയുള്ള വികസന കാഴ്ചപ്പാടുകളും ദരിദ്രരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും പുലര്‍ ത്തുന്ന നിസംഗതയും നമ്മുടെ പൊതുഗ്രഹത്തിന്റെ നന്മയ്ക്കായുള്ള ആത്മാര്‍ത്ഥ പരിശ്രമങ്ങളെ പിന്തിരിപ്പിക്കുന്നതാണ്.

കാലാവസ്ഥ ഉച്ചകോടികളുടെ പുരോഗതിയും പരാജയവും

1972 ലെ സ്റ്റോക്ക്‌ഹോം സമ്മേളനത്തോടെയാണ് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ലോകം ഗൗരവമായി പരിഗണിച്ചു തുടങ്ങിയത്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ കാലാവസ്ഥ വിഷയമാക്കിയുള്ള ഉച്ചകോടി (COP) 1995 മാര്‍ച്ചിലാണ് ആരംഭിച്ചത്. അന്നുമുതല്‍ എല്ലാവര്‍ഷവും നടന്നുവരുന്ന കാലാവസ്ഥ ഉച്ചകോടികളുടെ വിജയ പരാജയങ്ങളെ അപഗ്രഥിക്കുന്നതാണ് നാലാം അധ്യായം. ഇത്തരം ഉച്ചകോടികള്‍ വഴി ചില സദ്ഫലങ്ങള്‍ സംജാതമായിട്ടുണ്ടെങ്കിലും ഇവ വേണ്ടത്ര ഫലപ്രദമായില്ല എന്നാണ് മാര്‍പാപ്പയുടെ വിലയിരുത്തല്‍. ചില ഉച്ചകോടികള്‍ എങ്കിലും പൂര്‍ണ്ണ പരാജയമായിരുന്നു. മറ്റു പലപ്പോഴുമാകട്ടെ ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്തിരുന്നെങ്കിലും അവ പ്രാവര്‍ത്തികമാക്കുന്നതില്‍ പരാജയപ്പെട്ടു. 1992 ലെ കൊയ്‌റ്റോ പ്രോട്ടോകോള്‍ (Kyoto Protocol) പാലിക്കുന്നതില്‍ ലോകരാഷ്ട്രങ്ങള്‍ കാണിച്ച ഉദാസീനത പ്രത്യേകമായി പരാമര്‍ശിക്കുന്നു. 2015 ലെ പാരീസ് ഉടമ്പടി വളരെ ശ്രദ്ധേയമായ ഒന്നായിരുന്നുവെങ്കിലും ഈ ഉടമ്പടി പാലിക്കുന്നതില്‍ രാഷ്ട്ര ങ്ങള്‍ വരുത്തിയ വീഴ്ച ഗൗരവമായി പരിഗണിക്കുന്നതിനു പോലും പിന്നീട് സാധിച്ചില്ല എന്നത് ഖേദകരമാണ്. എല്ലാ വര്‍ഷവും ഉച്ചകോടികള്‍ കൂടുന്നു, ചില നിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നു, ചില ഉടമ്പടികള്‍ ഒപ്പിടുന്നു. തുടര്‍ന്ന് അവ ഫലപ്രദമായി നടപ്പില്‍ വരുത്തുന്നതിനുള്ള വീഴ്ചയും ഇച്ഛാശക്തിയുടെ അഭാവവുമാണ് ആഗോളതാപനത്തെ രൂക്ഷമാക്കി കാലാവസ്ഥ പ്രതിസന്ധി അതീവ ഗൗരവതലത്തില്‍ എത്തിച്ചിരിക്കുന്നത്. ലോകരാഷ്ട്രങ്ങളും നേതാക്കന്മാരും ഗൗരവത്തോടെയും ശ്രദ്ധാപൂര്‍വവും ധീരമായ നടപടികള്‍ എടുത്തെങ്കില്‍ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുവാന്‍ കഴിയൂ എന്നാണ് മാര്‍പാപ്പയുടെ നിലപാട്.

ദുബായില്‍ നിന്നും എന്ത് പ്രതീക്ഷിക്കണം

140 ലേറെ രാഷ്ട്രത്തലവന്മാര്‍ സമ്മേളിക്കുന്ന 2023 ലെ ദുബായ് ഉച്ചകോടിയില്‍ നിന്നും (COP 28) എന്താണ് പ്രതീക്ഷിക്കുന്നത് എന്ന ശക്തമായ ചോദ്യമാണ് അഞ്ചാമത്തെ അധ്യായത്തിന്റെ ശീര്‍ഷകം തന്നെ. കാലാവസ്ഥ വ്യതിയാനത്തിന് ഏറ്റവും അധികം കാരണമാകുന്ന ജൈവ ഇന്ധനങ്ങളുടെ (fossil fuels) പ്രധാന ഉല്പാദകരും വിതരണക്കാരുമായ United Arab Emirates ലാണ് ഈ ഉച്ചകോടി കൂടുന്നത്. പുനരുപയോഗ ഊര്‍ജസ്രോതസ്സുകളില്‍ കാര്യമായ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും, ഈ രാജ്യങ്ങളുടെ ഏറ്റവും പ്രധാന വരുമാന സ്രോതസ് പെട്രോളിയം ഉത്പന്നങ്ങളാണ്. ഈ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പ്രമുഖ വ്യവസായികളാണ് ഈ കോണ്‍ഫറന്‍സ് ക്രമീകരിക്കുന്ന സാമ്പത്തിക ശക്തിയും. എണ്ണ കമ്പനികളാകട്ടെ പുതിയ വന്‍കിട പദ്ധതികള്‍ വിഭാവനം ചെയ്യുന്ന ഒരു പശ്ചാത്തലവും ഇപ്പോള്‍ ഉണ്ട്. എല്ലാ രാജ്യങ്ങളിലെയും ഭരണകര്‍ത്താക്കളെ നിയന്ത്രിക്കുന്ന ഇത്തരം വന്‍കമ്പനികള്‍ക്ക് ഹാനികരമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്കുള്ള ഇച്ഛാശക്തിയുടെ അഭാവം ഈ സമ്മേളനത്തെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസം കെടുത്തിക്കളയാന്‍ പര്യാപ്തമാണ്. എന്നിരുന്നാലും പ്രതീക്ഷാനിര്‍ഭരമായി ഒന്നും സംഭവിക്കില്ല എന്ന അശുഭചിന്ത തികച്ചും ആത്മഹത്യാപരമാണ്. തങ്ങളുടെ സ്വാര്‍ത്ഥപരവും താല്‍ക്കാലികവുമായ താല്പര്യങ്ങള്‍ക്ക് അതീതമായി വിശാലാര്‍ത്ഥത്തില്‍ ചിന്തിക്കുവാനും തീരുമാനങ്ങള്‍ എടുക്കുവാനും കഴിയുന്ന മനുഷ്യവംശത്തിന്റെ ഇച്ഛാശക്തിയിലും മാനവികനന്മയിലുമുള്ള വിശ്വാസമാണ് നമ്മെ നയിക്കേണ്ടത്. ഈ വിശ്വാസം തന്നെയാണ് COP28 ലോകനന്മയ്ക്കുതകുന്ന ഉറച്ച തീരുമാനങ്ങള്‍ എടുക്കുവാന്‍ പര്യാപ്തമാകും എന്ന ചിന്തയ്ക്ക് ആധാരവും. തീരുമാനങ്ങള്‍ എടുക്കുന്നതുകൊണ്ട് മാത്രമായില്ല മറിച്ച് അവ പ്രാവര്‍ത്തികമാക്കാനുള്ള ഇച്ഛാശക്തിയും ധീരമായ പ്രതിബദ്ധതയുമാണ് ഇന്ന് ആവശ്യം. അതുകൊണ്ടുതന്നെ വരുവാന്‍ പോകുന്ന ഈ ഉച്ചകോടി മനുഷ്യവംശത്തിനും ലോകരാഷ്ട്രങ്ങള്‍ക്കും സുനിശ്ചിതമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുവാന്‍ പര്യാപ്തമായ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കും എന്ന് പാപ്പ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു. മാത്രമല്ല 1992 മുതല്‍ എടുത്തിട്ടുള്ള തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ വന്നിട്ടുള്ള പരാജയങ്ങളെ ഗൗരവമായി സമീപിച്ചില്ലെങ്കില്‍ ഈ കോണ്‍ഫറന്‍സും നിരാശാജനകമായി തീരും എന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. ജൈവഇന്ധനങ്ങളില്‍ നിന്നും വിമുക്തമായി കാറ്റ്, സൗരോര്‍ജം തുടങ്ങിയ ശുദ്ധഊര്‍ജ ഉറവിടങ്ങളിലേക്കുള്ള മാറ്റത്തിന് വേഗത കൂട്ടേണ്ടത് അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്നു. അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് ആ വേഗം കൂട്ടുവാന്‍ വേണ്ടത്ര ധൈര്യവും ഇച്ഛാശക്തിയും കാണിക്കേണ്ടത് അതീവഗൗരവമായ കാലാവസ്ഥ പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ ലോകത്തിന് നേതൃത്വം നല്‍കുന്ന രാഷ്ട്ര നേതാക്കന്മാര്‍ക്ക് അനിവാര്യമായിരിക്കേണ്ട ഗുണമാണ്. അതിനുവേണ്ടി നടത്തുന്ന ശ്രമവും അതിനായി ചെലവഴിക്കുന്ന മാര്‍ഗങ്ങളും ഒരുപക്ഷേ നമുക്ക് താല്‍ക്കാലികമായ ചില നഷ്ടങ്ങള്‍ സമ്മാനിക്കും. എങ്കില്‍ കൂടി, ഇപ്പോള്‍ നാം നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്ത് അവ പ്രാവര്‍ത്തികമാക്കിയില്ലെങ്കില്‍ ഉണ്ടാകാവുന്ന നഷ്ടം അപരിഹാര്യമായിരിക്കും. കേവലം ഉപരിപ്ലവമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപരിയായി ആഴത്തിലും ഗൗരവത്തിലും ഉള്ള ശ്രമങ്ങളാണ് ഇന്ന് പ്രപഞ്ചത്തെ ആകെ ഹനിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നിര്‍ദേ ശിക്കുവാനുള്ളത്. ചരിത്രപരമായി നിര്‍ണ്ണായകമായ ഒരു ഉച്ചകോടിയായി COP28 ആയിത്തീരണമെങ്കില്‍ അവിടെ എടുക്കുന്ന എല്ലാ തീരുമാനങ്ങളും സമയബന്ധിതമായി പ്രായോഗികമാക്കുവാനുള്ള ആര്‍ജവത്വവും സത്യസന്ധതയും ലോകരാഷ്ട്രങ്ങള്‍ പുലര്‍ത്തേണ്ടതുണ്ട് എന്ന ശക്തമായ നിര്‍ദേശത്തോടെയാണ് ഈ അധ്യായം അവസാനിക്കുന്നത്.

ബുദ്ധിയും വിവേകവുമുള്ള മനുഷ്യര്‍ പ്രപഞ്ചനിയമങ്ങള്‍ പാലിച്ചുകൊണ്ട് പ്രപഞ്ചത്തോടുള്ള തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നു. സ്രഷ്ടാവായ ദൈവത്തിന് ഈ ഭൂമി മുഴുവനോടും കരുതല്‍ ഉള്ളതുപോലെ മനുഷ്യരും പ്രപഞ്ചത്തിലെ സൃഷ്ടിജാലങ്ങളോടെല്ലാം കരുതലുള്ളവരായിരിക്കണം.

ആത്മീയ പ്രചോദനം

ഈ അപ്പോസ്‌തോലിക പ്രബോധനത്തിന്റെ ആമുഖം കഴിഞ്ഞാല്‍ ആത്മീയദര്‍ശനവും വിശുദ്ധഗ്രന്ഥവും നേരിട്ട് പരാമര്‍ശവിധേയമാകുന്നത് ഈ അവസാന അധ്യായത്തില്‍ മാത്രമാണ്. കത്തോലിക്ക വിശ്വാസസമൂഹത്തെ സവിശേഷമായി സംബോധന ചെയ്തുകൊണ്ടാണ് ഈ അധ്യായം ആരംഭിക്കുന്നതെങ്കിലും ഇതരമതാനുയായികളായ പ്രിയ സഹോദരി സഹോദരന്മാരോടും വിശ്വാസത്തിന്റെ ആഴമേറിയ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ പാപ്പ ആഹ്വാനം ചെയ്യുന്നു. യഥാര്‍ത്ഥ വിശ്വാസം മനുഷ്യഹൃദയത്തിന് ശക്തി നല്‍കുന്നതിലുപരിയായി, ജീവിതത്തെ പരിവര്‍ത്തന വിധേയമാക്കുന്നതും നമ്മുടെ ജീവിതാഭിമുഖ്യത്തിനും ലക്ഷ്യങ്ങള്‍ക്കും പ്രകാശം പകര്‍ന്നു നല്‍കുന്നതും മറ്റുള്ളവരുമായുള്ള ബന്ധത്തെ ആഴപ്പെടുത്തുന്നതും സ്രഷ്ടപ്രപഞ്ചത്തെ മുഴുവനും ഉള്‍ക്കൊള്ളുന്നതുമായ വിശാല ദര്‍ശനമുള്ളതാണ്.

പ്രകൃതിയെ മുഴുവനും ആദരിക്കണം എന്ന ദര്‍ശനത്തിനുള്ള വിശുദ്ധഗ്രന്ഥാടിസ്ഥാനമാണ് ഈ അധ്യായത്തിന്റെ ആരംഭത്തില്‍. സൃഷ്ടിക്കപ്പെട്ടത് എല്ലാം നല്ലതായി കണ്ട പഴയനിയമ ദര്‍ശനവും (ഉല്പ. 1:31) ആകാശവും ഭൂമിയും അതിലുള്ള സമസ്തവും കര്‍ത്താവിന്റേതാണ് എന്ന കാഴ്ചപ്പാടും (നിയ. 10:14) ഭൂമി തന്റേതാകയാല്‍ അത് കൈമാറ്റം ചെയ്യാന്‍ പാടില്ല എന്നുള്ള കല്‍പ്പനയും (ലേവ്യ. 25:23) ഇതിന് ആധാരമായി വര്‍ത്തിക്കുന്നു. അതുകൊണ്ട് ബുദ്ധിയും വിവേകവുമുള്ള മനുഷ്യര്‍ പ്രപഞ്ചനിയമങ്ങള്‍ പാലിച്ചുകൊണ്ട് പ്രപഞ്ചത്തോടുള്ള തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നു. സ്ര ഷ്ടാവായ ദൈവത്തിന് ഈ ഭൂമി മുഴുവനോടും കരുതല്‍ ഉള്ളതുപോലെ മനുഷ്യരും പ്രപഞ്ചത്തിലെ സൃഷ്ടിജാലങ്ങളോടെല്ലാം കരുതലുള്ളവരായിരിക്കണം. ഭൂമിയിലെ ഏതെങ്കിലും ഒരു സൃഷ്ടവസ്തുവിന് ഹാനി സംഭവിക്കുമ്പോള്‍ അത് നമ്മെയും ബാധിക്കുന്നതിനാല്‍ സൃഷ്ടപ്രപഞ്ചത്തിലെ ജീവജാലങ്ങള്‍ ഇല്ലാതായി തീരുന്നത് നാം വളരെ ഗൗരവമായി പരിഗണിക്കേണ്ട ഒരു വസ്തുതയാണ്. പ്രപഞ്ചത്തിലെ വസ്തുക്കളോടുള്ള ക്രിസ്തുവിന്റെ സമീപനം അങ്ങേയറ്റം ആര്‍ദ്രത നിറഞ്ഞതായിരുന്നു. പ്രപഞ്ചത്തിലെ ജീവജാലങ്ങളോട് കാരുണ്യത്തോടെ വര്‍ത്തിക്കുക മാത്രമല്ല അത്ഭുതാവഹവും അപരിമേയവുമായ അതിന്റെ മഹത്വത്തില്‍ ലീനമാകുവാനും അവന്‍ ശ്രദ്ധിച്ചിരുന്നു. തന്റെ ശിഷ്യഗണത്തെയും ഈയൊരു ആത്മീയദര്‍ശനത്തിലേക്കാണ് അവന്‍ ക്ഷണിക്കുന്നത്.

ഈ പ്രപഞ്ചത്തിലെ ജീവജാലങ്ങള്‍ കേവലം ഭൗതിക തലത്തില്‍ മാത്രം കാണേണ്ടവ അല്ലെന്നും ഉത്ഥിതനായ മിശിഹാ അവയെ ഒന്നിച്ചു ചേര്‍ത്തുകൊണ്ട് പൂര്‍ണ്ണതയിലേക്ക് സംവഹിക്കുന്നുവെന്നും 'ലൗദാത്തോ സീ'യില്‍ പറയുന്ന കാര്യം ഇവിടെ ഓര്‍മ്മിപ്പിക്കുന്നു. പ്രപഞ്ചത്തിലാകെ സന്നിഹിതനായിരിക്കുന്ന ദൈവത്തിന്റെ സാന്നിധ്യം ഒരു ചെറിയ തളിരിലയുടെ സ്‌നിഗ്ധതയിലും പര്‍വതാഗ്രത്തിന്റെ ഗരിമയിലും മഞ്ഞുതുള്ളിയുടെ നൈര്‍മ്മല്യത്തിലും ദരിദ്രനായ മനുഷ്യന്റെ മുഖത്തും ദര്‍ശിക്കാന്‍ കഴിയണമെന്ന 'ലൗദാത്തോ സീ' ദര്‍ശനം പാപ്പ ഇവിടെയും ആവര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെ പ്രപഞ്ചക്രമത്തിലെ ഏതെങ്കിലും സൃഷ്ടിജാലങ്ങള്‍ക്കുണ്ടാകുന്ന ഹാനി, നമ്മുടെ ജീവിതത്തെയും ദര്‍ശനത്തെയും പ്രതികൂലമായി ബാധിക്കുക തന്നെ ചെയ്യും. തന്റെ സൃഷ്ടികര്‍മ്മത്തിലൂടെ ദൈവം സംയോജിപ്പിച്ച പ്രാപഞ്ചിക ഐക്യത്തെയാണ് സാങ്കേതികവിദ്യയുടെ അതിരുകടന്ന പ്രയോഗങ്ങള്‍ ഒറ്റപ്പെടുത്തുന്നത്. യഹൂദ ക്രൈസ്തവ പാരമ്പര്യത്തില്‍ മനുഷ്യന് നല്‍കിയിരിക്കുന്ന സവിശേഷമായ മൂല്യത്തെ അതിരുവിട്ട മാനവകേന്ദ്രീകൃത വാദത്തിലൂടെ നാം ദുരുപയോഗിച്ചിരിക്കുന്നു. മനുഷ്യ വംശത്തിന്റെ നിലനില്‍പ്പിന് ആധാരം തന്നെ ഈ പ്രപഞ്ചത്തിലെ ഇതര ജീവജാലങ്ങളാണ്. മറ്റു ജീവജാലങ്ങളില്ലെങ്കില്‍ മനുഷ്യ ജീവിതം തന്നെ ഈ പ്രപഞ്ചത്തില്‍ അസാധ്യമായി തീരും. തങ്ങളുടെ ജീവിതം സര്‍വശക്തവും അനിയന്ത്രിതവും സ്വയംഭരണാത്മകവുമാണ് എന്ന മനുഷ്യകേന്ദ്രീകൃതമായ കാഴ്ചപ്പാട് പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നാം നമ്മെ തന്നെ പുതിയ രീതിയില്‍ കാണുകയും വിലയിരുത്തുകയും ചെയ്യേണ്ടതുമുണ്ട്.

അനുരഞ്ജനത്തിന്റെ ഈ തീര്‍ത്ഥാടനത്തില്‍ പങ്കുകാരാകുവാന്‍ സര്‍വജനപദങ്ങളെയും ആഹ്വാനം ചെയ്യുകയാണ് ഇവിടെ. നമ്മുടെ സ്വന്തം ഭവനമായ ഈ ഭൂമിയോട് കുടുംബാംഗങ്ങള്‍ ചെയ്ത പാതകങ്ങള്‍ക്ക് പകരമായി ഇന്നു നാം നടത്തുന്ന ഈ തീര്‍ത്ഥാടനത്തില്‍ സുമനസ്സുകളായ എല്ലാവരും തങ്ങളുടെ ഉന്നതമൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ട് പങ്കുചേരേണ്ടതുണ്ട്. ഇത് വ്യക്തിപരമായ ഉത്തരവാദിത്വം മാത്രമല്ല, മറിച്ച് രാഷ്ട്രങ്ങളും പൊതുസമൂഹവും ഒരേ മനസ്സോടെ പൊതുവായി പങ്കെടുക്കേണ്ട ഒരു പ്രക്രിയയാണ്. പരിവര്‍ത്തനങ്ങള്‍ വ്യക്തികളുടെ ശ്രമം കൊണ്ട് മാത്രം സാധ്യമാകുന്ന ഒന്നല്ല, ആഗോളതലത്തിലും ദേശീയതലത്തിലുമുള്ള ശക്തമായ രാഷ്ട്രീയ തീരുമാനങ്ങള്‍ ഫലപ്രദമായ പരിഹാരത്തിന് ആവശ്യമാണ്. എന്നിരുന്നാലും നാം വ്യക്തിപരമായി ചെയ്യുന്ന ഓരോ ചെറിയ പ്രവൃത്തിയും ആഗോളതാപനത്തിന്റെ അതിതീവ്രതയെ കുറയ്ക്കുമെന്നതിന് സംശയമില്ല. ഇത് കാലാവസ്ഥാ വ്യതിയാനഫലമായി സഹനമനുഭവിക്കുന്ന ഒട്ടനവധി മനുഷ്യര്‍ക്ക് സമാശ്വാസമായി മാറുകയും ചെയ്യും.

കേവലം ബാഹ്യമായ അനുഷ്ഠാനങ്ങളില്‍ ഒതുങ്ങാതെ, തുറവിയുള്ള ജീവിതശൈലിയിലൂടെ കരഗതമാവേണ്ട ഒരു പുതിയ സാംസ്‌കാരിക ദര്‍ശനമുണ്ട്. നമ്മുടെ ജീവിതരീതി പക്വത പ്രാപിക്കാതെയും സമൂഹത്തിന് ആകമാനം പുതിയ ബോധ്യങ്ങള്‍ ഉണ്ടാവാതെയും വ്യക്തിപരമായ മാറ്റങ്ങള്‍ക്ക് വിധേയമാകാതെയും ഇത്തരം സാംസ്‌കാരിക പരിവര്‍ത്തനം അസാധ്യമാണ്. അതുകൊണ്ടുതന്നെ വ്യക്തിപരമായും കുടുംബപരമായും സമൂഹപരമായുള്ള മാറ്റങ്ങള്‍ രാഷ്ട്രത്തിന്റെ പൊതുനിര്‍മ്മിതിക്ക് അനിവാര്യമാണ്. ചെറിയ ചെറിയ സംരംഭങ്ങള്‍ക്ക് പൊടുന്നനെ ഫലം ഉണ്ടായില്ലെങ്കിലും കാലക്രമേണ അവ ഫലപ്രദമാവുക തന്നെ ചെയ്യുമെന്നതിന് സംശയമില്ല.

വികസിതരാജ്യങ്ങളുടെ ജീവിതശൈലിയെ വളരെ ശക്തമായി വിമര്‍ശിച്ചുകൊണ്ടാണ് ഈ അപ്പസ്‌തോലികലേഖനം അവസാനിക്കുന്നതും. ഒരു വ്യക്തിയില്‍ നിന്നും ഉണ്ടാകുന്ന കാര്‍ബണ്‍ ഉദ്ഗമനം അമേരിക്കന്‍ ഐക്യനാടുകളില്‍ ചൈന പോലെയുള്ള രാജ്യങ്ങളിലേതിനേക്കാള്‍ ഇരട്ടിയാണെന്നും ദരിദ്ര രാജ്യങ്ങളേക്കാള്‍ ഏഴു മടങ്ങ് അധികമാണ് എന്നുമുള്ള കണ്ടെത്തലുകള്‍ പങ്കുവയ് ക്കുമ്പോള്‍, വികസിത രാജ്യങ്ങളുടെ ജീവിതശൈലിയോട് പുനരവലോകനം നടത്തണമെന്ന് ഗൗരവമായി ആവശ്യപ്പെടുകയാണ്. ഇച്ഛാശക്തിയുള്ള രാഷ്ട്രീയ തീരുമാനത്തോടൊപ്പം കലര്‍പ്പില്ലാത്ത തും നിര്‍വ്യാജവുമായ വ്യക്തിപരമായ തീരുമാനങ്ങള്‍ കൂടി ഉള്‍ച്ചേരുമ്പോള്‍ വേദന അനുഭവിക്കുന്ന സഹജീവികളെയും ഈ പ്രപഞ്ചത്തെ മുഴുവനും സംരക്ഷിക്കുവാന്‍ നമുക്ക് സാധിക്കും. ഈ പ്രബോധനത്തിലെ ഏറ്റവും മൂര്‍ച്ചയുള്ള വാചകം കുറിച്ചുകൊണ്ടാണ് പാപ്പ ഈ അപ്പസ്‌തോലിക ലേഖനം അവസാനിപ്പിക്കുന്നത്. 'ദൈവത്തെ സ്തുതിക്കുവിന്‍ എന്നതാണ് ഈ ലേഖനത്തിന്റെ ശീര്‍ഷകം. ദൈവത്തിന്റെ സ്ഥാനം മനുഷ്യര്‍ അപഹരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ അവരുടെ തന്നെ ഏറ്റവും വലിയ ശത്രുവായി മാറുന്നു.'

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org