“ദൈവത്തിന്റെ മേസ്തിരി” കല്ലിനെ ആത്മാവാക്കുന്ന പള്ളിപണിക്കാരെ ആവശ്യമുണ്ട്!

“God’s Master Builder” — Church builders who breathe soul into stone are needed!
Published on: 
ഫ്രാൻസിസ് നിത്യതയിലേക്കു മടങ്ങിയിട്ട് 800 വർഷം തികയുകയാണ്. “ദൈവത്തിന്റെ മേസ്തിരി”മാർക്ക് ഇനിയും പണിയാൻ പള്ളികൾ ബാക്കി വച്ചിട്ടാണ് ഫ്രാൻസിസ് മടങ്ങിയത്.

കല്ലിനെ അപ്പമാക്കി ഉദരപൂരണം നടത്തിയിരുന്ന “ആത്മീയ കോൺട്രാക്ടർമാരുടെ” ബാഹുല്യം കൊണ്ട് ഇരുണ്ടുപോയ ഒരു കാലമായിരുന്നു സഭയെ സംബന്ധിച്ച് മധ്യകാലഘട്ടം. കല്ലിനെ അപ്പമാക്കുന്ന ആത്മീയ മേസ്തിരിമാരുടെ ആ കെട്ടകാലത്ത് കല്ലിനെ ആത്മാവാക്കുന്ന ഒരു പള്ളിപണിക്കാരനെ ദൈവം തിരഞ്ഞെടുത്തു. ആ വിളി ഒരു ചരിത്രനിയോഗത്തിന്റെ തുടക്കമായിരുന്നു.

1205-ന്റെ സായാഹ്നങ്ങളിൽ ഒന്നിൽ, അസ്സീസിയിലെ സുഖലോലുപനായ പട്ടുവ്യാപാരിയുടെ മകൻ ഫ്രാൻസിസ്, നഗരമതിലുകൾക്ക് വെളിയിലുള്ള സാൻ ദാമിയാനോ (San Damiano) എന്ന ജീർണ്ണിച്ച ദേവാലയത്തിന്റെ അവശിഷ്ടങ്ങളിലേക്ക് പ്രവേശിച്ചു. തകർന്നുവീഴാറായ മേൽക്കൂരയും കാടുകയറിയ തറയും മാത്രമുള്ള ആ ഏകാന്തതയിൽ, ബൈസന്റൈൻ ശൈലിയിലുള്ള ക്രൂശിതരൂപത്തിന് മുന്നിൽ അവൻ പ്രാർത്ഥനയിലാണ്ടു. അപ്പോൾ ആ കുരിശിൽനിന്ന് ഒരു സ്വരം മുഴങ്ങി: “ഫ്രാൻസിസ്, പോയി തകർന്നുവീഴുന്ന എന്റെ ഭവനം നന്നാക്കുക.”

പത്രോസിനോട് “നീ എന്റെ കുഞ്ഞാടുകളെ മേയ്ക്കുക” എന്നാണ് ക്രിസ്തു പറഞ്ഞതെങ്കിൽ “എന്റെ പള്ളി പണിയുക” എന്നാണ് ഫ്രാൻസിസിനോട് പറഞ്ഞത്. ആത്മീയതയിലെ തുടക്കക്കാരൻ ഈ വചനം അക്ഷരാർത്ഥത്തിലെടുത്തു. തന്റെ കുതിരയെയും പിതാവിന്റെ വിലപിടിപ്പുള്ള തുണികളും വിറ്റ് കുമ്മായവും കല്ലുകളും വാങ്ങി തകർന്നു കിടന്ന സാൻ ദാമിയാനോ ദേവാലയം സ്വന്തം കൈകൾകൊണ്ട് പണിതുയർത്തി. ചാപ്പൽ പുനർനിർമ്മിക്കുന്ന വേളയിൽ വഴിയാത്രക്കാരോട് ഫ്രാൻസിസ് പണത്തിന് പകരമായി കല്ലുകളാണ് യാചിച്ചത്: “ആരെങ്കിലും എനിക്ക് ഒരു കല്ല് തന്നാൽ, അവർക്ക് ഒരു അനുഗ്രഹം ലഭിക്കും; രണ്ട് കല്ല് തന്നാൽ രണ്ട് അനുഗ്രഹം; മൂന്ന് തന്നാൽ മൂന്ന്!”

ചെറിയ കല്ലുകൾ പെറുക്കിവച്ച് ദേവാലയം നന്നാക്കാനുള്ള ഫ്രാൻസിസിന്റെ ശ്രമം, മധ്യകാലസഭയുടെ ആത്മീയവും ധാർമ്മികവുമായ അപചയത്തെ പരിഹരിക്കാനുള്ള വലിയ ദൗത്യത്തിനുള്ള പരിശീലനമായി മാറുകയായിരുന്നു. വലിയ ആത്മീയ നവീകരണങ്ങൾ ആരംഭിക്കുന്നത് നമ്മുടെ ജീവിത പരിസരത്തിലെ ഏറ്റവും ലളിതമായ ശുശ്രൂഷകളിൽ നിന്നാണെന്ന് ഓർമ്മിപ്പിക്കുന്നു ഫ്രാൻസിസിന്റെ പള്ളി പണി. പിൽക്കാലം തെളിയിച്ചതുപോലെ, ഫ്രാൻസിസ് പുനർനിർമ്മിച്ചത് കേവലം കല്ലുകളും മരത്തടികളും കൊണ്ടുള്ള ഒരു ചെറിയ ചാപ്പലായിരുന്നില്ല; അധികാരത്തിലും ആഡംബരത്തിലും വീർപ്പുമുട്ടി അകമേ ജീർണ്ണിച്ചുപോയ ഒരു ആഗോള സഭയെയും മാനവഹൃദയത്തെയുമായിരുന്നു.

ഫ്രാൻസിസ് റോമിൽ ഇന്നസെന്റ് മൂന്നാമൻ മാർപാപ്പയെ കാണാൻ പോയ പ്രസിദ്ധമായ ഒരു ചരിത്രസംഭവമുണ്ട്. പട്ടുടുപ്പണിഞ്ഞ മാർപാപ്പയ്ക്ക് മുന്നിൽ മുഷിഞ്ഞ വസ്ത്രങ്ങളുമായി ഈ പാവപ്പെട്ട സന്യാസി നിന്നു. പക്ഷേ ഇന്നസെന്റ് മൂന്നാമന്റെ ആദ്യ പ്രതികരണം അത്ര നല്ലതായിരുന്നില്ല. ആ രാത്രിയിൽ മാർപാപ്പ ഒരു സ്വപ്നം കണ്ടു: റോമിലെ ലാറ്ററൻ ബസിലിക്ക ഒരു വശത്തേക്ക് ചരിഞ്ഞ് തകർന്നുവീഴാൻ തുടങ്ങുന്നു. അപ്പോൾ ഭിക്ഷക്കാരനായ ഒരു എളിയ മനുഷ്യൻ സ്വന്തം ചുമലുകൾ ആ കൂറ്റൻ മതിലിനടിയിൽ വെച്ച് ആ ദേവാലയത്തെ താങ്ങിനിർത്തുന്നു! ആ മനുഷ്യൻ മറ്റാരുമായിരുന്നില്ല, ലോകത്തിന്റെ ദൃഷ്ടിയിൽ തീരെ പൊക്കമില്ലാത്ത ഫ്രാൻസിസ് ആയിരുന്നു.

സത്യത്തിൽ പള്ളി പണി ഒരിക്കലും തീരാൻ പാടില്ല. സ്വിസ് ദൈവശാസ്ത്രജ്ഞനായ കാൾ ബാർത്ത് ആവർത്തിച്ചിരുന്ന ഒരു Latin Phrase ഉണ്ട്: Ecclesia semper reformanda - “സഭ ഏപ്പോഴും സ്വയം നവീകരിച്ചു കൊണ്ടേയിരിക്കണം” എന്നർത്ഥം. ഫ്രാൻസിസ് തുടങ്ങിയിടത്ത് നിന്ന് നമുക്ക് പള്ളി പണി തുടർന്നാലോ? എല്ലാ പണിയും ആരംഭിക്കുന്നത് താഴത്ത് നിന്നാണ്! നിങ്ങളുടെ പരിവർത്തനം തുടങ്ങേണ്ടത് നിങ്ങൾ നിൽക്കുന്ന മണ്ണിൽനിന്നാണ്. അതേ, ലോകത്തെ മാറ്റാൻ തുടങ്ങേണ്ടത് നമ്മുടെ വീടിന്റെ ഉമ്മറത്തുനിന്നാണ്.

ഫ്രാൻസിസ് നിത്യതയിലേക്കു മടങ്ങിയിട്ട് 800 വർഷം തികയുകയാണ്. “ദൈവത്തിന്റെ മേസ്തിരി”മാർക്ക് ഇനിയും പണിയാൻ പള്ളികൾ ബാക്കി വച്ചിട്ടാണ് ഫ്രാൻസിസ് മടങ്ങിയത്. ചരിത്രത്തിൽ ആദ്യമായി ഒരു ജെസ്യൂട്ട് പാപ്പ “ഫ്രാൻസിസ്” എന്ന ആ പേര് സ്വീകരിച്ചപ്പോൾ ഒരു മഹാബലി മടങ്ങി വന്ന “നവീകരണ സിനഡൽകാലം” ചിലർക്കെങ്കിലും അനുഭവവേദ്യമായി. സിനഡാലിറ്റി പാതി വഴിയിലാണ്. ഫ്രാൻസിസിന്റെ സന്തത സഹചാരിയായിരുന്ന ലിയോയുടെ പേരാണ് പുതിയ പാപ്പ സ്വീകരിച്ചത് എന്നത് പള്ളിപണി തീർന്നിട്ടില്ല, തുടരും എന്നതിന്റെ സൂചന തന്നെയാണ്. പള്ളി പണിക്ക് കല്ലുകൾ ആവശ്യമുണ്ട്, ഹോൾസെയിലായും റീട്ടെയിൽ ആയും! “ഒരു കല്ല് തരുന്നവന് രണ്ട് അനുഗ്രഹം!” ഒപ്പം, കല്ലുകളെ, അപ്പമാക്കാതെ, കല്ലുകളെ ആത്മാവാക്കി പരിവർത്തിപ്പിക്കുന്ന ദൈവത്തിന്റെ മേസ്തിരിമാരെയും!

  • പിൻകുറിപ്പ്!

ഗ്രീക്ക് എഴുത്തുകാരനായ നിക്കോസ് കസാൻദ്‌സാകീസ് (Nikos Kazantzakis) തന്റെ “ഗോഡ്സ് പോപ്പർ” (God’s Pauper/Saint Francis) എന്ന നോവലിൽ പള്ളിപ്പണിക്കിടയിൽ ഫ്രാൻസിസ് തന്റെ സഹസന്യാസി യായ ലിയോയോട് (Brother Leo) പറയുന്ന മനോഹരമായ ഒരു വാക്യമുണ്ട്: “ലിയോ, ഭയപ്പെടരുത്. കല്ലുകൾക്ക് ജീവനില്ലെന്ന് ആരാണ് പറഞ്ഞത്? നാം സ്നേഹത്തോടെ അവയെ തൊടുമ്പോൾ, നമ്മുടെ വിയർപ്പും രക്തവും അവയിൽ വീഴുമ്പോൾ, ആ കല്ലുകൾ ദൈവത്തെ സ്തുതിക്കാൻ തുടങ്ങും. നാം ഇവിടെ പണിയുന്നത് ദൈവത്തിന്റെ കൂടാരമാണ്.”

ഒരു “ആത്മീയ” കോൺട്രാക്ടറും അതിനെ കച്ചവട സ്ഥലമാക്കരുത്!

logo
Sathyadeepam Online
www.sathyadeepam.org