ദൈവത്തിന്റെ വിളികള്‍, കാലത്തിന്റെ വെല്ലുവിളികള്‍

ദൈവത്തിന്റെ വിളികള്‍, കാലത്തിന്റെ വെല്ലുവിളികള്‍

ഓരോ വ്യക്തിയും നിയോഗങ്ങളുമായാണ് ലോകത്തിലേക്ക് പിറന്നുവീഴുന്നത്. ആ നിയോഗങ്ങളുടെ പൊതുവായ ചിത്രം ഉല്പത്തിയുടെ പുസ്തകത്തില്‍ നാം കാണുന്നുണ്ട്. കര്‍ത്താവ് ആദത്തോട് ചോദിച്ചു, 'ആദം, നീ എവിടെ?' വീണ്ടും കര്‍ത്താവ് കായേ നോട് ചോദിക്കുന്നുണ്ട്, 'നിന്റെ സഹോദരന്‍ എവിടെ?' സഹോദരന്റെ കാവല്‍ക്കാരനോ ഞാന്‍ എന്ന മറുചോദ്യവും ശ്രദ്ധേയമാണ്. എനിക്ക് ദൈവത്തോട് ഒരു കടപ്പാടുണ്ട്. അതുകൊണ്ടാണ് നീയെവിടെ എന്നു ദൈവം ചോദിക്കുന്നത്. ഞാന്‍ ദൈവത്തിനു മുമ്പില്‍ കണക്കുപറയേണ്ടവനാണ്, ദൈവത്തിനും മറ്റുള്ളവര്‍ക്കും മുമ്പില്‍ ഞാന്‍ കടപ്പെട്ടവനാണ്. എന്റെ അസ്തിത്വം അപരനു വേണ്ടിക്കൂടിയുള്ളതാണ്. എന്റെ അഹത്തിനപ്പുറം എന്നില്‍ തന്നെ അപരനെ ഞാന്‍ കാണുന്നു. എന്റെ അസ്തിത്വത്തിനുള്ളില്‍ ഞാനല്ലാതെ അപരനെ കണ്ടെത്തുന്നതില്‍ ഉരുത്തിരിയുന്ന ഒരു പ്രൊ-എക്‌സിസ്റ്റെന്‍ഷ്യല്‍ ഓപ്ഷന്‍ ആയി, അപരന്റെ അസ്തിത്വോന്മുഖമായി ഞാനെടുക്കുന്ന നിലപാടായി, തിരഞ്ഞെടുപ്പായി അതിനെ കാണാം. ഓരോ വ്യക്തിയുടെയും നിയോഗം അതിന്റെ വ്യാപകാര്‍ത്ഥത്തില്‍ ദൈവത്തോടും അപരനോടുമുള്ള അപരോന്മുഖ നിലപാടില്‍ അധിഷ്ഠിതമാണ്. അപരനുവേണ്ടിയുള്ള എന്റെ ഒരു തിരഞ്ഞെടുപ്പ് കൂടിയാണ് എന്റെ നിയോഗം. മനുഷ്യന്റെ നിയോഗം വ്യാപകാര്‍ത്ഥത്തില്‍ അസ്തിത്വപരമായ ഒരു തിരഞ്ഞെടുപ്പാണെന്നു പറഞ്ഞത് ഇതുകൊണ്ടാണ്.

ഇതിന്റെ കുറേക്കൂടി തീവ്രതയുള്ള മാനം ഉള്‍ക്കൊള്ളുന്ന ഒന്നാണ് സമര്‍പ്പിത ജീവിതം. അത് മനോഹരമായി ആവിഷ്‌കരിക്കുന്ന ഒരു ഭാഗം മത്തായിയുടെ സുവിശേഷം 19:16 മുതലുള്ള വാക്യങ്ങളില്‍ നാം കാണുന്നുണ്ട്. നിത്യജീവന്റെ വഴി തേടി വരുന്ന യുവാവ് ഈശോയോട് സംസാരിച്ച ശേഷം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ഇനിയും എനിക്ക് എന്താണ് ഒരു കുറവ്? അവന് അത്യാവശ്യം സുകൃതങ്ങളൊക്കെ ഉണ്ട്. ഇനിയെന്താണ് തന്റെ കുറവ് എന്നുള്ളതാണ് അവന്റെ സംശയം. അതിന് ഈശോ നല്‍കുന്ന ഉത്തരം ഏറെ ശ്രദ്ധേയമാണ്. ഈശോ അവനെ ഒരു പുതിയ നിയോഗം ഏല്‍പ്പിക്കുകയാണ്. നീ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുത്ത് എന്നെ അനുഗമിക്കുക. എല്ലാ സമ്പത്തും കമിഴ്ത്തിക്കളഞ്ഞ് ശൂന്യനായി വന്ന് യേശുവിനെ അനുഗമിക്കാനുള്ള ഒരു നിയോഗം. ഇവിടെയാണ് പൗരോഹിത്യത്തിന്റെയും സന്യാസത്തിന്റെയും സമര്‍പ്പിത ജീവിതത്തിന്റെയും നിയോഗം തിരിച്ചറിയുക.

പൗരോഹിത്യ-സന്യാസ ജീവിതശൈലി അനിവാര്യമായി ഒരു പ്രതിസംസ്‌കൃതിയുടെ, ഒരു ബദല്‍ ജീവിതക്രമത്തിന്റെ മാനം കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. ഇഷ്ടംപോലെ നേടിയെടുക്കാനും വെട്ടിപ്പിടിക്കാനും സമ്പത്ത് ശേഖരിക്കാനും ശ്രമിക്കുന്നതും പോരാ പോരാ എന്ന് ചിന്തിക്കുന്നതുമായ ഒരു സംസ്‌കാരം വളര്‍ന്നുവന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍ സന്യാസവും പൗരോഹിത്യവും ഒരു പ്രതിസംസ്‌കൃതിയാണ് കാഴ്ചവയ്ക്കുന്നത്. ഈ സംസ്‌കാരമല്ല എന്റെ തമ്പുരാന്‍ എനിക്ക് തന്നിരിക്കുന്നത് എന്ന തിരിച്ചറിവ് ഒരു പ്രതീകാത്മക പ്രതിഷേധമാണ്. പണവും മറ്റ് ആനുകൂല്യങ്ങളും ആണ് എല്ലാം എന്ന് ധരിക്കുന്ന ഒരു ലോകത്തോട് അവയ്ക്കപ്പുറം എന്തോ ഉണ്ട് എന്ന് പറയുന്ന, അതില്‍ കുടുങ്ങി പോകാത്ത ഒരു നിയോഗം. എന്നാല്‍ നമ്മുടെ ആനുകാലിക ലോകത്തില്‍ നമ്മുടെ ആത്മീയത പലപ്പോഴും മേല്‍പറഞ്ഞ ആനുകാലിക സംസ്‌കാരത്തിനു സമരസപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നു. സംഘടിത ആത്മീയത എന്നോ സ്ഥാപനവല്‍ക്കൃത ആത്മീയത എന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ഒരു ആത്മീയതയുടെ ലോകത്തില്‍ നാം ജീവിക്കുമ്പോള്‍ പൗരോഹിത്യവും സന്യാസവും ഒക്കെ ചോദ്യചിഹ്നങ്ങള്‍ ആയി മാറുകയാണ്. ദൈവവിളിയെ കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ ഇതും നാം പരിഗണിക്കേണ്ടതാണ്.

സ്ഥാപനകേന്ദ്രീകൃതവും വ്യവസ്ഥാപിതവും സംഘടിതവുമായ ആത്മീയതയ്ക്കപ്പുറം ദൈവത്തെ കാണിച്ചുകൊടുക്കുന്ന ദൈവാനുഭവരീതികളിലൂടെയൊക്കെയാണ് സന്യാസജീവിതവും പൗരോഹിത്യ ശുശ്രൂഷയും അര്‍ത്ഥമുള്ളതായി മാറുക. അവയൊക്കെ വെല്ലുവിളിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. അത് നമ്മുടെ ദൈവവിളികളെ കാര്യമായി ബാധിക്കുന്നുണ്ട്.

ഒരു പ്രതിസംസ്‌കൃതിയാണ് സമര്‍പ്പിതജീവിതം. ഇവിടെ ദൈവവിളിക്ക് ഒരു തീവ്രമാനം കൈവരികയാണ്. എന്റെയും എന്റെ കുടുംബത്തിന്റെയും കുഞ്ഞുസമൂഹത്തിന്റെയും അടഞ്ഞ കൂട്ടായ്മയ്ക്കപ്പുറം എന്നെ നിരന്തരം വേട്ടയാടുന്ന ഒരു മൂന്നാമനും മൂന്നാമിടവും എനിക്ക് ചുറ്റുമുണ്ട് എന്നതും അതിനോട് എനിക്ക് പ്രതിബദ്ധതയും കടപ്പാടും ഉത്തരവാദിത്വവും ഉണ്ട് എന്നതുമാണ് സമര്‍പ്പിത ജീവിതത്തിന്റെ തീവ്രനിയോഗം നമുക്കു നല്‍കുന്ന പ്രത്യേകമായ ആഹ്വാനം. അതുകൊണ്ടുതന്നെയാണ് പൗരോഹിത്യത്തെയും സന്യാസത്തെയും പ്രോ എക്‌സിസ്റ്റെന്‍ഷ്യല്‍ ഓപ്ഷന്‍ (pro-existential option) ആയി മനസ്സിലാക്കാന്‍ ഞാനിഷ്ടപ്പെടുന്നത്. പൗരോഹിത്യ-സന്യാസജീവിതത്തിന്റെ ദൈവശാസ്ത്രപരവും ബിബ്ലിക്കലുമായ അടിസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ടു തന്നെയാണ് ഈ ഒരു കാഴ്ചപ്പാട് സമര്‍പ്പിതജീവിതത്തിന്റെ നിയോഗമായി കാണുക.

ദൈവികപദ്ധതിയുടെ ഒരു നിയോഗം തന്നെയാണ് ഇത്. ക്രിസ്തുവിന്റെ ജീവിതം അപരനുവേണ്ടിയുള്ളതായിരുന്നു. അതില്‍ ആത്മീയതയും ഉണ്ട്, ഈ കടപ്പാടുകളും ഉണ്ട്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ക്രിസ്തു തന്നെ. ഈ നിയോഗമാണ് ഓരോ സമര്‍പ്പിതനും നെഞ്ചിലേറ്റേണ്ടത്. ഇങ്ങനെയൊരു ആത്മീയദര്‍ശനം വിളിക്കു പിന്നില്‍ ഉണ്ടാകണം, അല്ലെങ്കില്‍ അതാണ് വിളിയുടെ നിയോഗം എന്ന് നാം തിരിച്ചറിയണം.

ഇഷ്ടംപോലെ നേടിയെടുക്കാനും വെട്ടിപ്പിടിക്കാനും സമ്പത്ത് ശേഖരിക്കാനും ശ്രമിക്കുന്നതും പോരാ പോരാ എന്ന് ചിന്തിക്കുന്ന തുമായ ഒരു സംസ്‌കാരം വളര്‍ന്നുവന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍ സന്യാസവും പൗരോഹിത്യവും ഒരു പ്രതിസംസ്‌കൃതിയാണ് കാഴ്ചവയ്ക്കുന്നത്. ഈ സംസ്‌കാരമല്ല എന്റെ തമ്പുരാന്‍ എനിക്ക് തന്നിരിക്കുന്നത് എന്ന തിരിച്ചറിവ് ഒരു പ്രതീകാത്മക പ്രതിഷേധമാണ്.

മാറിയ ലോകം, സംസ്‌കാരം

ഈ നിയോഗവുമായി യാത്ര ചെയ്യുമ്പോള്‍ നാം അഭിമുഖീകരിക്കുന്ന ചില ചോദ്യങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. 25 വര്‍ഷം മുമ്പത്തെ സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ തികച്ചും വിഭിന്നമായ ഒരു ലോകത്തിലൂടെയാണ് നാമിപ്പോള്‍ കടന്നുപോകുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം മാറ്റം വളരെ ദ്രുതഗതിയില്‍ ആണുതാനും. ഒരു പോപ് സാംസ്‌കാരിക ലോകത്തിലാണ് നാമിപ്പോള്‍ ജീവിക്കുക. അതുകൊണ്ട് കേരളമെന്നോ ഇന്ത്യയെന്നോ പറഞ്ഞു നമുക്ക് ചുരുക്കാന്‍ ആവില്ല. ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള അഭിനിവേശങ്ങളും കണ്ടുപിടുത്തങ്ങളും എല്ലാം തന്നെ നിമിഷനേരം കൊണ്ട് ഇവിടെയും എത്തിപ്പെടുന്നു. അങ്ങനെയുള്ള ഒരു ലോകത്തില്‍ നിന്ന് വരുന്നവരാ ണ് ഇന്ന് പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കും പ്രവേശിക്കുന്നത്. കാലത്തിന്റേതായിട്ടുള്ള അവസ്ഥകള്‍ തീര്‍ച്ചയായും അവരെയും സ്വാധീനിച്ചിട്ടുണ്ട്.

ദൈവവിളികള്‍ സ്വീകരിക്കുന്നവരുടെ എണ്ണം അടുത്തകാലത്ത് താരതമ്യേന കുറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും വനിതാ സന്യാസജീവിതത്തിലേക്ക് പ്രവേശിക്കുന്നവരുടെ എണ്ണം. പൗരോഹിത്യം ഇല്ലാത്ത പുരുഷസന്യാസ സമൂഹങ്ങളിലേക്കുള്ള എണ്ണവും തീരെ കുറഞ്ഞു പോയിട്ടുണ്ട്. കാരണം സമര്‍പ്പിത ജീവിതത്തിലേക്കുള്ള വിളി, അത് പൗരോഹിത്യമായിരിക്കാം, സന്യാസമായിരിക്കാം, എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ളതല്ല. ഒരുകാലത്ത് സഭയിലും സമൂഹത്തിലും കുടുംബങ്ങളിലും ഈ ജീവിതാന്തസ്സുകളോടുള്ള ആകര്‍ഷണത്തിന്റെ നിരക്ക് കൂടുതലായിരുന്നിരിക്കാം. ഇന്നത് കുറഞ്ഞിട്ടുണ്ടാകാം. പക്ഷേ, നമ്മള്‍ അതിനെക്കുറിച്ചു വേവലാതിപ്പെടേണ്ടതില്ല. സമര്‍പ്പിതജീവിതത്തെ എല്ലാവര്‍ക്കും ഉള്ള ഒരു വിളിയായി കണ്ട് എണ്ണം വര്‍ധിപ്പിക്കാനുള്ള ആഗ്രഹവും നമുക്ക് വേണ്ട.

അതേസമയം വിളി സ്വീകരിച്ചവര്‍ പൗരോഹിത്യവും സന്യാസജീവിതവും സാക്ഷ്യമാക്കി മാറ്റുമ്പോള്‍ അതുതന്നെ ഒരു ദൈവവിളി പ്രോത്സാഹനമായി മാറുകയും യഥാര്‍ഥത്തില്‍ വിളിക്കപ്പെട്ടവര്‍ അതു സ്വീകരിച്ച് വരികയും ചെയ്യും. തമ്പുരാന്‍ എന്നെ ഈ ജീവിതത്തിലേക്ക് വിളിച്ചിരിക്കുന്നു എന്ന അവബോധത്തില്‍ നിന്നു തന്നെയാണ് ഓരോ വ്യക്തിക്കും ഈ വിളി വരേണ്ടത്. മറ്റൊരു കാരണവും പാടില്ല. ഞാന്‍ സന്യാസം സ്വീകരിച്ചിട്ടുണ്ടെങ്കില്‍, ഞാന്‍ പൗരോഹിത്യം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ തമ്പുരാന്‍ അതിന് എന്നെ വിളിച്ചിട്ടുണ്ട് എന്ന് ഒറ്റ ബോധ്യത്തില്‍ നിന്ന് മാത്രമാണ് അത് നടന്നിരിക്കേണ്ടത്. അടിസ്ഥാന കാരണം അത് മാത്രമായിരിക്കണം. മറ്റെല്ലാ പ്രേരണകളെയും അവയര്‍ഹിക്കുന്ന വിധത്തില്‍ മാത്രമേ പരിഗണിക്കാവൂ. ആ ബോധ്യം ഉള്ളവര്‍ക്ക് മാത്രമേ ഈ ജീവിതത്തിലേക്ക് കടന്നു വരാന്‍ സാധിക്കുകയുള്ളൂ.

അങ്ങനെ വിളി മനസ്സിലാക്കുന്നവരുടെ എണ്ണം ഇന്നത്തെ ലോകത്തില്‍ കുറയാന്‍ സാധ്യതയുണ്ട്. കാരണം ലോകം നല്‍കുന്ന സുഖങ്ങളും ആനുകൂല്യങ്ങളുമൊക്കെ വേണ്ടെന്നു വയ്ക്കാന്‍ തീരുമാനമെടുക്കുക അത്ര എളുപ്പമല്ല. സുഖസൗകര്യങ്ങള്‍ നിറഞ്ഞ ജീവിതത്തോടുള്ള ആഗ്രഹം ഇന്ന് മറ്റെല്ലാ കാലഘട്ടങ്ങളെക്കാളും കൂടുതലാണ്. അതുകൊണ്ടുതന്നെ സമര്‍പ്പിതരുടെ എണ്ണം കുറയുന്ന ഒരു സ്ഥിതിവിശേഷം ഉണ്ട്. അത് നിരാശപ്പെടേണ്ട ഒരു കാര്യമായി ഞാന്‍ കാണുന്നില്ല. ഈ കാലഘട്ടത്തില്‍ അതു സ്വാഭാവികമാണ് എന്നു മാത്രമേ ഞാന്‍ അതിനെക്കുറിച്ച് കരുതുന്നുള്ളൂ.

വരുന്ന കുട്ടികളുടെ കാര്യത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ട്. സമര്‍പ്പിതജീവിതത്തിനുള്ള പ്രചോദനം അവരില്‍ പലരിലും അത്ര ശക്തിയുള്ളതായി തോന്നുന്നില്ല. എന്നെ ഇതിനു തമ്പുരാന്‍ വിളിച്ചിരിക്കുന്നതാണ്, ഇതല്ലാതെ മറ്റൊരു നിയോഗം എനിക്കില്ല എന്ന നിര്‍ബന്ധ ബുദ്ധി പലരിലും കാണുന്നില്ല. അല്പം ലാഘവത്വം വിളി സ്വീകരിക്കുന്ന പുതിയ ആളുകളില്‍ കടന്നു കൂടുന്നുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു.

സമൂഹത്തില്‍ വന്നിരിക്കുന്ന മാറ്റത്തിന്റെ പ്രതിഫലനമാണിതും. അതിനെ നമ്മള്‍ യാഥാര്‍ത്ഥ്യബോധത്തോടെ കാണുക. വിലയിരുത്തുക. സ്വന്തം സമര്‍പ്പിത ജീവിതത്തിലെ സാക്ഷ്യത്തിന്റെ കുറവ് ഇതിന് കാരണമാകുന്നുണ്ടോ എന്നൊക്കെ സമര്‍പ്പിതജീവിതത്തിലുള്ള ഓരോരുത്ത രും സ്വയം വിലയിരുത്തുകയും ചെയ്യുക.

സഭയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും ഒക്കെ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ യുവാക്കളെയും യുവതികളെയും ബാധിക്കുന്നുണ്ട് എന്നത് നിഷേധിക്കാനാവില്ല. ആനുകാലിക പ്രശ്‌നങ്ങളൊക്കെ ഇതില്‍ കൂടി കുഴഞ്ഞുക്കിടക്കുന്നുണ്ടായിരിക്കാം. പക്ഷേ വിളിക്കപ്പെട്ടവന് ആ ബോധ്യം ഉണ്ടെങ്കില്‍, എന്നെ വിളിച്ചു എന്ന ആ ബോധ്യത്തിന് തന്നെയാണ് പ്രഥമ പരിഗണന കൊടുക്കുക. അപ്പോള്‍ മറ്റുള്ളതൊന്നും വലിയ ഗൗരവമുള്ള കാര്യങ്ങളായി പരിഗണിക്കപ്പെടുകയില്ല. അങ്ങനെ പരിഗണിക്കപ്പെടുന്നുണ്ടെങ്കില്‍ അതിനെ അതിജീവിക്കേണ്ടതാണ്.

പൗരോഹിത്യമില്ലാത്ത സന്യാസം

സ്ത്രീകളുടെ സന്യാസത്തിലേക്കും പൗരോഹിത്യം ഇല്ലാത്ത പുരുഷസന്യാസത്തിലേക്കും വരുന്നവരുടെ എണ്ണം തീരെ കുറയുന്നു എന്ന വസ്തുത നിലനില്‍ക്കുന്നുണ്ട്. പൗരോഹിത്യത്തിലേക്കുള്ള വിളി സ്വീകരിച്ചുവരുന്ന ആരുടെയും ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാന്‍ നമുക്ക് സാധിക്കില്ല. എന്നാല്‍ ചില അനുമാനങ്ങളില്‍ ഒരുപക്ഷേ നമുക്ക് എത്താന്‍ സാധിക്കും. പൗരോഹിത്യം നല്‍കുന്ന ചില ആനുകൂല്യങ്ങളുണ്ട്, സമൂഹത്തില്‍ ലഭിക്കുന്ന സ്ഥാനമുണ്ട്, ആത്മീയ ശുശ്രൂഷകള്‍ക്ക് ലഭിക്കുന്ന മുന്‍ഗണനയുണ്ട്, കൂടുതല്‍ ഫലവത്തായ രീതിയില്‍ ആത്മീയ ശുശ്രൂഷകള്‍ നടത്താനുള്ള സാഹചര്യങ്ങള്‍ ഉണ്ട്. ഇതൊക്കെ ഒരുപക്ഷേ ആകര്‍ഷകമായ ഘടകങ്ങള്‍ ആയിരിക്കാം.

വനിത സന്യസ്തരുടെയും പൗരോഹിത്യം ഇല്ലാത്ത പുരുഷസന്യസ്തരുടെയും സഭയിലുള്ള സ്ഥാനം വര്‍ധിപ്പിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കണം. രൂപതകളുടെ പ്രവര്‍ത്തനമേഖലകളിലേക്കും വിവിധ ശുശ്രൂഷതലങ്ങളിലേക്കും വനിതാസന്യസ്തരെയും ബ്രദേഴ്‌സിനെയും കൂടുതലായി പരിഗണിക്കണം. ചില രൂപതകള്‍ ഇപ്പോള്‍ തന്നെ അതൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ കുറേക്കൂടി പ്രാധാന്യം നല്‍കിക്കൊണ്ട് സഭയുടെ മുഖ്യധാരയിലേക്കും ആത്മീയ ശുശ്രൂഷ തലങ്ങളിലേക്കും അവരെ കൊണ്ടുവരേണ്ടതുണ്ട്. സഭയില്‍ വേണ്ടത്ര പ്രാധാന്യം ഇല്ലാത്തതുകൊണ്ടാണ് ഇവരുടെ ദൈവവിളികള്‍ കുറയുന്നത് എന്ന് ഞാന്‍ പറയില്ല. പക്ഷേ അവര്‍ക്ക് സഭയില്‍ ഒരു ദൗത്യം ഉണ്ട് എന്ന ബോധ്യം കൊടുക്കാനുള്ള ക്രമീകരണങ്ങള്‍ സഭാതലത്തില്‍ ഉണ്ടാകുന്നത് നല്ലതാണ്. സഭയുടെ മുഖ്യധാരയിലും സംഘടിത മേഖലകളിലും ചില ദൗത്യങ്ങള്‍ അവര്‍ക്ക് നിര്‍വഹിക്കാന്‍ സാധിക്കും. അത് അവരുടെ അവകാശം കൂടിയാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പ റോമന്‍ കൂരിയായാലും പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റികളിലും എല്ലാം അത്തരം ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. കേരളസഭയിലും അതനുസരിച്ചുള്ള മാറ്റങ്ങള്‍ ഉണ്ടാകണം. അപ്പോള്‍ തങ്ങളുടെ നിയോഗങ്ങള്‍ക്കും അര്‍ത്ഥമുണ്ട് എന്ന തോന്നല്‍ അവര്‍ക്കുണ്ടാകും. അധ്യാപകരോ നഴ്‌സുമാരോ ആയി ജോലി ചെയ്യുന്ന ഒരു തൊഴില്‍ മേഖലയായി മാത്രം വനിത സന്യാസത്തെ കണ്ടുകൂടാ. ആത്മീയ മേഖലയില്‍ വളരെ ഗൗരവാവഹമായ ദൗത്യങ്ങള്‍ അവര്‍ നിര്‍വഹിക്കേണ്ടതുണ്ട്. ഈ ബോധ്യം അവര്‍ക്കും സഭയ്ക്കും ഉണ്ടാകണം.

സെമിനാരികളില്‍ അധ്യാപകരായും രൂപത കച്ചേരികളില്‍ വിവിധ ചുമതലകള്‍ വഹിക്കുന്നവരായും പാസ്റ്ററല്‍ കൗണ്‍സിലില്‍ പദവികള്‍ ഉള്ളവരായും വനിതാ സന്യസ്തര്‍ മാറണം. എത്രത്തോളം ഇതൊക്കെ സാധിക്കും എന്നത് ഓരോ രൂപതയുടെയും പശ്ചാത്തലത്തില്‍ സംഭാഷണങ്ങളിലൂടെ ഉരുത്തിരിയേണ്ടതാണ്. യൂറോപ്യന്‍ സംസ്‌കാരത്തിലേതുപോലെ എല്ലാ കാര്യങ്ങളും നമുക്ക് ഇവിടെ ചെയ്യാന്‍ സാധിച്ചു എന്ന് വരില്ല. പക്ഷേ, നമ്മുടെ സംസ്‌കാരത്തില്‍ എത്രത്തോളം സാധിക്കും എന്ന് ചിന്തിക്കേണ്ടത് അനിവാര്യമാണ്. കാലത്തിന്റെ ഒരു സൂചനയായി ഞാന്‍ അതിനെ മനസ്സിലാക്കുന്നു.

കരിസ്മാറ്റിക് നവീകരണവും ജീസസ് യൂത്തും

ഒരു കാലഘട്ടത്തില്‍ ജീസസ് യൂത്തിലൂടെ ധാരാളം ദൈവവിളികള്‍ ഉണ്ടായിട്ടുണ്ട് ഇപ്പോഴും അതുണ്ട്. നിരവധി ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ബിരുദാനന്തര ബിരുദധാരികള്‍, ഇതര പ്രൊഫഷണല്‍ ബിരുദങ്ങളുള്ളവര്‍ എന്നിവരൊക്കെ ധാരാളം വന്നിട്ടുണ്ട്. നിയോഗങ്ങള്‍ അനുസരിച്ച് തമ്പുരാന്‍ ധാരാളം വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നുതന്നെയാണ് ഇത് തെളിയിക്കുന്നത്. വനിത സന്യാസസമൂഹങ്ങളിലേക്കും ധാരാളം വ്യക്തികള്‍ ഇപ്രകാരം കടന്നുവരുന്നുണ്ട്. ഇങ്ങനെയുള്ള വ്യക്തികളെ തിരിച്ചറിയാനും അവര്‍ക്ക് പ്രോത്സാഹനം കൊടുക്കാനും ജീസസ് യൂത്ത് ഒരു ഘടകമായിട്ടുണ്ട് എന്നുള്ളത് അഭിമാനകരമാണ്. അത് തുടരുന്നുണ്ട് എന്നാണ് മനസ്സിലാകുന്നത്. എല്ലാ വര്‍ഷവും ഒന്നോ രണ്ടോ പേരെങ്കിലും ഞങ്ങളുടെ സന്യാസസമൂഹത്തിലേക്ക് വരുന്നത് ജീസസ് യൂത്തില്‍ നിന്നാണ്. അവരില്‍ പലരും ഇതുപോലെ പ്രൊഫഷണലുകളും ആണ്. കരിസ്മാറ്റിക് ആധ്യാത്മികത ഇക്കാര്യത്തില്‍ നല്ല സംഭാവനയാണ് ചെയ്തിട്ടുള്ളത്.

വനിത സന്യസ്തരുടെയും പൗരോഹിത്യം ഇല്ലാത്ത പുരുഷസന്യസ്തരുടെയും സഭയിലുള്ള സ്ഥാനം വര്‍ധിപ്പിക്കുന്ന സാഹ ചര്യങ്ങള്‍ ഉണ്ടാക്കണം. രൂപതകളുടെ പ്രവര്‍ ത്തനമേഖലകളിലേക്കും വിവിധ ശുശ്രൂഷ തലങ്ങളിലേക്കും വനിതാസന്യസ്തരെയും ബ്രദേഴ്‌സിനെയും കൂടുതലായി പരിഗണി ക്കണം. അത് അവരുടെ അവകാശം കൂടിയാണ്.

സന്യസ്തരുടെ ജീവിത മാതൃക

സന്യാസാര്‍ത്ഥികളോടു സംസാരിക്കുമ്പോള്‍ പലരും, ഏതെങ്കിലും ഒരു ബ്രദറിന്റെയോ സിസ്റ്ററുടെയോ വൈദികന്റെയോ പ്രത്യേകമായ ഇടപെടലാണ് തന്റെ ജീവിതത്തെ ഈ രീതിയില്‍ നയിച്ചത് എന്ന് പറയാറുണ്ട്. പട്ടത്തിന്റെ അവസരങ്ങളില്‍ ഇവരുടെ നന്ദിപ്രസംഗങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്കിത് അറിയാന്‍ സാധിക്കും. അവരുടെ ജീവിതവഴിയിലെ പ്രചോദകശക്തിയായി ധാരാളം സമര്‍പ്പിതര്‍ ഉള്ളതായി നാം കേള്‍ക്കുന്നു. അപ്പോള്‍ തീര്‍ച്ചയായും വൈദികരുടെയും സന്യസ്തരുടെയും ജീവിതം വളരെ ഗുണപരമായ സ്വാധീനം ചെലുത്തുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഇതിന്റെ മറുവശത്തെയും നാം അവഗണിക്കേണ്ടതില്ല. പലയിടത്തും ജീവിതസാക്ഷ്യം കൈമോശം വന്നു പോകുന്നുണ്ട്. ആത്മീയതയുടെ മാനം സംഘടിതവും സ്ഥാപനവല്‍ക്കരിക്കപ്പെട്ടതുമായ ഒരു തലത്തിലേക്ക് ഒരു കാലഘട്ടത്തില്‍ കടന്നുപോയിരുന്നു. നാമിന്നത് തിരിച്ചറിയുന്നുണ്ട്. സ്ഥാപനങ്ങളിലൂടെ ശുശ്രൂഷ ചെയ്യുമ്പോള്‍ നമുക്കെപ്പോഴും സാക്ഷ്യജീവിതങ്ങള്‍ ആകാന്‍ സാധിച്ചു എന്ന് വരില്ല. വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പല അഡ്ജസ്റ്റ്‌മെന്റുകളും വേണ്ടിവരുന്നു. അപ്പോഴൊക്കെ സാക്ഷ്യജീവിതത്തിനാണ് ക്ഷീണം പറ്റുക. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് വ്യത്യസ്തത സൃഷ്ടിക്കാന്‍ ഇന്നു ശ്രമിക്കുന്നുണ്ട്. പുതിയ പ്രവര്‍ത്തന മേഖലകള്‍ കണ്ടെത്തുവാനും ഇന്നു സന്യാസജീവിതം സാക്ഷ്യരൂപങ്ങളായി ആവിഷ്‌കരിക്കപ്പെടാന്‍ പറ്റിയ മേഖലകളെ തിരിച്ചറിയാനും ആ രംഗങ്ങളിലേക്കു സമര്‍പ്പിതര്‍ കടന്നുചെല്ലാനും തുടങ്ങിയിട്ടുണ്ട്. അത്തരം മാറ്റങ്ങള്‍ കൊണ്ടു ദൈവവിളി വര്‍ധിക്കുമോ ഇല്ലയോ എന്നുള്ളതു പ്രശ്‌നമല്ല. അതാണ് നമ്മുടെ ആനുകാലിക ദൗത്യം. അതിന്റെ അനന്തരഫലമായി ഒരുപക്ഷേ ദൈവവിളികള്‍ വര്‍ധിച്ചേക്കാം. പക്ഷേ അത് തമ്പുരാന്റെ നിയോഗമാണ്. അതിലപ്പുറം, എന്റെ സന്യാസത്തെ ആനുകാലികമായി ആവിഷ്‌കരിക്കേണ്ടത് എന്റെ നിയോഗമാണ് എന്ന് സന്യസ്തരെല്ലാം ചിന്തിക്കുക, പ്രവര്‍ത്തിക്കുക എന്നതാണു പ്രധാനം.

പലപ്പോഴും ഒരു ന്യൂജെന്‍ സംസ്‌കാരം നമ്മുടെ യുവാക്കളെ സ്വാധീനിക്കുന്നുണ്ട്. പണ്ടൊക്കെ നമ്മള്‍ കേട്ടിരുന്നത് സഭാവിരുദ്ധ പ്രത്യയശാസ്ത്രങ്ങളുടെ ബഹളങ്ങള്‍ ആയിരുന്നു. ഇന്ന് അതിനു മാറ്റം വന്നു. സഭ അംഗീകരിക്കാത്ത പ്രത്യയശാസ്ത്രങ്ങളെ ഉള്‍ക്കൊള്ളുന്നവര്‍ സഭയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്ന രീതി വന്നു. അതോടൊപ്പം മറ്റൊരു സമൂഹം ഉയര്‍ന്നു വരുന്നുണ്ട്. ദൈവമോ ക്രിസ്തുവോ ഒന്നുമല്ല പ്രശ്‌നം, നമുക്കപ്പുറമുള്ള ഒരു ശക്തി ഉണ്ട്, ആ ശക്തിയില്‍ വിശ്വസിക്കാം, അതിനപ്പുറം ഇങ്ങനെയുള്ള സംഘടിതമതങ്ങളുടെ ഭാഗമാകേണ്ടതില്ല എന്നൊക്കെ പറയുന്ന യുവാക്കള്‍ വര്‍ധിക്കുന്ന കാലഘട്ടത്തില്‍, ക്രിസ്തീയവിശ്വാസങ്ങളും മൂല്യങ്ങളും അര്‍ത്ഥവത്തായ രീതിയില്‍ യുവജനങ്ങള്‍ക്കു പകര്‍ന്നുകൊടുക്കുകയെന്ന സവിശേഷമായ ദൗത്യമാണു പുരോഹിതര്‍ക്കും സന്യസ്തര്‍ക്കുമുള്ളത്. എന്നാല്‍ ചില ഒറ്റപ്പെട്ട സന്ദര്‍ഭങ്ങളിലെങ്കിലും അറിഞ്ഞും അറിയാതെയും ഈ ന്യൂജെന്‍ തലമുറയോടു സമരസപ്പെട്ടുപോകുന്ന അനുഭവങ്ങള്‍ കണ്ടിട്ടുണ്ട്.

പുതിയ യുവതലമുറയുടെ മധ്യേ ക്രൈസ്തവസാക്ഷ്യം ആഴപ്പെടുത്തിക്കൊണ്ട് അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമേകുവാന്‍ ജീവിതത്തിലൂടെയും പ്രവര്‍ത്തന മേഖലകളിലൂടെയും അജപാലനശുശ്രൂഷകളിലൂടെയും നമുക്ക് സാധിക്കേണ്ടിയിരിക്കുന്നു. അത് സാധിക്കാത്തതുകൊണ്ട് യുവാക്കള്‍ നമ്മില്‍ നിന്ന് അകന്നുപോകുന്നുണ്ട്. പുരോഹിതരും സന്യസ്തരും വേണ്ടത്ര ശ്രദ്ധിക്കാത്ത ഒന്നാണ് ഇന്നത്തെ നമ്മുടെ യുവാക്കളുടെ അവസ്ഥ. സഭ ഏതു രീതിയില്‍ വിദ്യാലയരംഗത്തും ആശുപത്രിരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചുവോ, അതേ തീക്ഷ്ണതയോടു കൂടി യുവജനരംഗത്തേക്ക് കടന്നു വരാനും അവരെ തിരിച്ചറിയാനും അവരുടെ ഇടയില്‍ തന്നെയുള്ള ജീവിതം കൊണ്ട് സാക്ഷ്യരൂപങ്ങള്‍ ആകാനും ഒക്കെ സാധിക്കണം. അതു ദൈവവിളി വര്‍ധിപ്പിക്കുമോ എന്നുള്ളതല്ല വിഷയം. നമ്മുടെ ദൈവനിയോഗം കുറെക്കൂടി ആഴത്തില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കും എന്നതാണ്.

സ്ഥാപനവല്‍ക്കരിക്കപ്പെട്ട സഭയുടെ മുഖത്തില്‍ നിന്ന് ഇങ്ങനെ അനിവാര്യമായ ചില ശുശ്രൂഷ മേഖലകളിലേക്ക് സമര്‍പ്പിതര്‍ ഇറങ്ങിത്തിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അവിടെയും ഇവിടെയും ചില ഒറ്റപ്പെട്ട സംരംഭങ്ങള്‍ നമ്മള്‍ കാണുന്നുണ്ട്. പക്ഷേ സഭയുടെ മുഖമായി കാണത്തക്കരീതിയില്‍ പ്രാധാന്യത്തോടെ അതു ചെയ്യുകയാണാവശ്യം. വിദ്യാഭ്യാസശുശ്രൂഷയും ആതുരശുശ്രൂഷയും സാമൂഹ്യപ്രവര്‍ത്തനങ്ങളും ഒക്കെ സഭയുടെ മുഖമായി ചിത്രീകരിക്കപ്പെടുന്നുണ്ട്. അതിന്റെ നേട്ടങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടുതന്നെ ഇന്ന് കുറേക്കൂടി വ്യത്യസ്തമായ കര്‍മ്മരംഗങ്ങളിലേക്കു കടന്നുചെല്ലാന്‍ നമുക്കു സാധിക്കണം. പുതിയ തലമുറ പത്താം ക്ലാസു മുതല്‍ മയക്കുമരുന്നിനും മറ്റും അടിമകളായി വളര്‍ന്നു വരുന്നുണ്ടെന്നു മനസ്സിലാക്കി, അതിനെതിരായി അവര്‍ക്കിടയില്‍ വളരെ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍, നമ്മുടെ മുഴുവന്‍ ശേഷിയുമുപയോഗിച്ചു ചെയ്യേണ്ടതുണ്ട്. വിദ്യാഭ്യാസ, ആതുരസേവന രംഗങ്ങളില്‍ ബൃഹത്തായ സ്ഥാപനങ്ങളും കര്‍മ്മപദ്ധതികളുമായി സഭ മുന്നേറിയിട്ടുള്ളതിനൊപ്പമോ അതിലധികമോ ആയി യുവതലമുറയിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനരംഗത്തും സഭ മുന്നോട്ടു വരേണ്ടതുണ്ട്.

സന്യാസ പരിശീലനം

സന്യാസ പരിശീലന രംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. 30 വര്‍ഷം മുമ്പത്തെ പരിശീലന രീതികളുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെയധികം മാറ്റങ്ങളുണ്ട്. മുമ്പത്തേതിനെ അപേക്ഷിച്ച് ഇന്ന് സന്യാസ-വൈദിക പരിശീലനമേഖലകളില്‍ ഹ്യൂമന്‍ ഫോര്‍മേഷന്‍, സൈക്കോ സ്പിരിച്വല്‍ ഫോര്‍മേഷന്‍, സോഷ്യല്‍ കമ്മിറ്റ്‌മെന്റ് എന്നിവയ്ക്കു പ്രാധാന്യം നല്‍കിക്കൊണ്ട് പുതിയ പാഠ്യപദ്ധതി രൂപീകരിച്ചിട്ടുണ്ട്. അതു മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് എല്ലാമായി എന്നു വാദിക്കുന്നില്ല. കപ്പുച്ചിന്‍ സമൂഹത്തില്‍ ഞങ്ങള്‍ പരിശീലനത്തിന്റെ പുതിയ മുഖങ്ങള്‍ ധാരാളം കൊണ്ടുവന്നിട്ടുണ്ട്. ഫ്രാന്‍സിസ്‌കന്‍ ജീവിതരീതി കുറെക്കൂടി ആഴമായി പഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുള്ളത് ഉദാഹരണമാണ്. എല്ലാ സന്യാസ സമൂഹങ്ങളിലും രൂപതകളിലും പുരോഹിത-സന്യാസ പരിശീലനത്തില്‍ ഇതുപോലുള്ള മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും ജനോന്മുഖമായി ഒരു സമര്‍പ്പിതന് തന്റെ പരിശീലനം പൂര്‍ത്തീകരിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും ആ രീതിയില്‍ അവരെ പരിശീലിപ്പിക്കാനും ഉള്ള ശ്രമങ്ങള്‍ എല്ലാ തലത്തിലും നടക്കുന്നുണ്ട്. രൂപത സെമിനാരികളിലും സന്യാസ സെമിനാരികളിലും സന്യാസിനി പരിശീലന കേന്ദ്രങ്ങളിലും എല്ലാം ഈ രീതിയിലുള്ള ഒരു ഊന്നല്‍ വന്നിട്ടുണ്ട്. എങ്ങനെ ഒരു പ്രവാചകധര്‍മ്മം കൂടി നമ്മുടെ ആത്മീയശുശ്രൂഷയുടെ ഭാഗമാക്കാം എന്നതുമായി ബന്ധപ്പെട്ടു ധാരാളം മാറ്റങ്ങള്‍ പരിശീലനരംഗത്തു വന്നിട്ടുണ്ട്. അത് വളരെ ഭാവാത്മകമാണ്. എന്നിരുന്നാലും, നമ്മുടെ അര്‍ത്ഥികള്‍ പരിശീലനശേഷമുള്ള തങ്ങളുടെ പ്രവര്‍ത്തനമേഖലകളില്‍ ഇവ കൂടുതലായി സ്വാംശീകരിക്കേണ്ടതായിട്ടുണ്ട്.

പക്ഷേ പുരുഷന്മാരുടെ പരിശീലനഭവനങ്ങളില്‍ ഞാന്‍ കാണുന്ന ചെറിയൊരു അപകടം കൂടി സൂചിപ്പിച്ചു കൊള്ളട്ടെ. നമ്മള്‍ ആനുകാലികമാകണം എന്നുള്ളത് അത്യാവശ്യം തന്നെ. പക്ഷേ പലപ്പോഴും നമുക്ക് കിട്ടുന്ന കുട്ടികളാണ് നമ്മുടെ പരിശീലനത്തിന്റെ ചില തലങ്ങളെ തീരുമാനിക്കുന്നത് എന്നൊരു അവസ്ഥയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. കുട്ടികള്‍ വരുന്നത് ഒരു ഡിജിറ്റല്‍ ലോകത്തിന്റെ സൗകര്യങ്ങളും ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമുള്ള കുടുംബത്തിന്റെ ആനുകൂല്യങ്ങളും അനുഭവിച്ചു കൊണ്ടാണ്. 'തല്‍ക്ഷണ നിര്‍വൃതി' (ഇമ്മീഡിയറ്റ് ഗ്രാറ്റിഫിക്കേഷന്‍) ഇന്നിന്റെ തലമുറയുടെ ഒരു ശാപമാണ്. അതൊരു ജീവിതശൈലിയായി മാറ്റിയിട്ടുള്ള കുട്ടികളാണ് വരുന്നത്. അതിനെ മറികടന്നു സഭയുടെ സിദ്ധികളും സന്യാസത്തിന്റെ മുഖവും ഒക്കെ ധീരതയോടു കൂടി കാണിച്ചുകൊടുത്തുകൊണ്ട്, വിട്ടുകളയാന്‍ പാടില്ലാത്ത മൗലികശൈലികളിലും ആത്മീയതയിലും ഉറച്ചുനില്‍ക്കാന്‍ നമുക്ക് സാധിക്കണം. ആനുകാലിക ലോകത്തില്‍ വ്രതബദ്ധജീവിതം വളരെ ബുദ്ധിമുട്ടുള്ളതാണ്. അനുസരണവ്രതം, ലളിതജീവിതം, ഒതുങ്ങി കഴിയുക എന്നുള്ളതൊക്കെ പുതിയ തലമുറക്ക് ബുദ്ധിമുട്ടായി കാണപ്പെടുന്നു. എല്ലാവര്‍ക്കും അല്ല. എന്നാല്‍ ഇതൊന്നും തീരെ ഒറ്റപ്പെട്ടതും അല്ല. ഇതൊക്കെ സന്യാസപരിശീലനം നേരിടുന്ന വെല്ലുവിളികളാണ്.

എന്നാല്‍ പഴയതിലേക്ക് തിരിച്ചു പോകുന്നതിലും അര്‍ത്ഥമില്ല. കടുംപിടുത്തം പിടിച്ച് നിയമങ്ങളില്‍ ബന്ധിതമാക്കാനുള്ളതല്ല ആത്മീയത. അതേസമയം ആനുകാലിക ലോകത്തിന്റെ എല്ലാ സ്പന്ദനങ്ങളും നമ്മുടേതാക്കാന്‍ കഴിയുകയുമില്ല. സംഭാഷണങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ഒരു സമഗ്ര സമീപനമാണ് പരിശീലനത്തില്‍ ആവശ്യമായിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org