ദൈവം ഹൃദയത്തിലും മസ്തിഷ്‌കത്തിലും!

ദൈവം ഹൃദയത്തിലും മസ്തിഷ്‌കത്തിലും!
Published on
  • ഫാ. ഡോ. അഗസ്റ്റിന്‍ പാംപ്ലാനി സി എസ് ടി

നിരീശ്വരവാദത്തിന്റെ കാരണങ്ങള്‍ എന്ത് എന്നതിനെ സംബന്ധിച്ച ഒരു ഓക്‌സ്‌ഫോര്‍ഡ് പഠനത്തിന്റെ നിഗമനങ്ങളില്‍ പ്രധാനം റിലീജിയസ് സോഷ്യലൈസേഷന്റെ അഭാവം എന്നാണ്.

നാല് യൂണിവേഴ്‌സിറ്റികള്‍ ചേര്‍ന്ന് മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള മുപ്പതിനായിരത്തിലധികം ചെറുപ്പക്കാരെ ഉള്‍പ്പെടുത്തി നടത്തിയ ഒരു പഠനമാണിത്. അതായത്, മതപരമായ പരിശീലനം, മതവിദ്യാഭ്യാസം, അനുഷ്ഠാനപരമായ പരിചയം, പഠനം തുടങ്ങിയവ ഇന്നത്തെ തലമുറയ്ക്ക് കിട്ടാതെ പോകുന്നതാണ് നിരീശ്വരവാദത്തിന്റെ പ്രചാരണത്തിനുള്ള മുഖ്യകാരണം. അപഗ്രഥനാത്മകമായ ചിന്താശൈലിയും ശാസ്ത്രീയ വിദ്യാഭ്യാസവും പോലെ, അറിവധിഷ്ഠിതമായ (cognitive) ഘടകങ്ങളാണ് നിരീശ്വരത്തിന്റെ കാരണം എന്ന് പൊതുവേ കരുതാറുണ്ട്. പക്ഷേ അത് അങ്ങനെയല്ല എന്നാണ് ഗവേഷണം തെളിയിക്കുന്നത്. കുടുംബവും സമൂഹവും ആണ് ഒരാളെ അടിസ്ഥാനപരമായി വിശ്വാസിയാക്കുന്നത്.

യുകെയില്‍ ക്രൈസ്തവ വിശ്വാസികള്‍ എന്ന് സ്വയം വെളിപ്പെടുത്തുന്നവര്‍ ജനസംഖ്യയുടെ 43% ആണ് എന്ന് മറ്റൊരു പഠനം (പ്യൂ റിസര്‍ച്ച് സെന്റര്‍, 2024) തെളിയിക്കുന്നു. മതമില്ല എന്ന് അടയാളപ്പെടുത്തുന്നവരുടെ എണ്ണം 46% ആണ്. അതായത് ഇവര്‍ ക്രൈസ്തവരേക്കാള്‍ കൂടുതലാണ്. അമേരിക്കയില്‍ ഇത് 25 ശതമാനവും യൂറോപ്പില്‍ 26 ശതമാനവും ആഗോളതലത്തില്‍ 24 ശതമാനവും ആണ്. മതമില്ല എന്ന് പറയുന്ന 46% പേരില്‍ 38 ശതമാനവും ക്രൈസ്തവരായി മാമ്മോദീസ സ്വീകരിച്ച് വളര്‍ന്നവരാണ് എന്നും ഈ പഠനം വ്യക്തമാക്കുന്നു.

മതപരമായ വിശ്വാസങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതും മതവിശ്വാസം ഉപേക്ഷിക്കുന്നതും കൂടുതലും 15 വയസ്സിനും 29 വയസ്സിനും ഇടയിലാണ്. അമേരിക്കയില്‍ വിശ്വാസം ഉപേക്ഷിക്കുന്നവരില്‍ 62% പേരും അത് 18 വയസ്സിനു മുമ്പേ ചെയ്യുന്നു. 28 ശതമാനം 18 നും 29 നും ഇടയിലും.

മതവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നവരില്‍, താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്ന് ഉറപ്പിച്ച് പറയുന്നവര്‍ ആറ് ശതമാനം മാത്രമാണ്. അപ്പോള്‍ അവര്‍ പിന്നെ എന്തിലാണ് വിശ്വസിക്കുക?

അപഗ്രഥനാത്മകമായ ചിന്താശൈലിയും ശാസ്ത്രീയ വിദ്യാഭ്യാസവും പോലെ, അറിവധിഷ്ഠിതമായ (cognitive) ഘടകങ്ങളാണ് നിരീശ്വരത്വത്തിന്റെ കാരണം എന്ന് പൊതുവേ കരുതാറുണ്ട്. പക്ഷേ അത് അങ്ങനെയല്ല എന്നാണ് ഗവേഷണം തെളിയിക്കുന്നത്. കുടുംബവും സമൂഹവും ആണ് ഒരാളെ അടിസ്ഥാനപരമായി വിശ്വാസിയാക്കുന്നത്.

വ്യവസ്ഥാപിത മതങ്ങളിലെ അംഗസംഖ്യ കുറയുന്നതിന് സമാന്തരമായി സംഭവിക്കുന്ന ഒരു കാര്യമാണ് നവയുഗ ആധ്യാത്മികതകളുടെ വളര്‍ച്ച. യൂറോപ്പിലും അമേരിക്കയിലും മതം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിന് ആനുപാതികമായി നിരീശ്വരവാദികളുടെ എണ്ണം വര്‍ധിക്കുന്നില്ല.

കൗമാരപ്രായത്തില്‍ ഈശ്വരവിശ്വാസം പുലര്‍ത്തിയിരുന്നവരില്‍ വെറും ആറു ശതമാനം പേരെ പിന്നീട് നിരീശ്വരവാദികളായി മാറുന്നുള്ളൂ. അമേരിക്കയില്‍ ഒരു മതവുമായി ബന്ധമില്ല എന്നു പറയുന്നവരില്‍ ആറ് ശതമാനം മാത്രമേ ഇന്ന് നിരീശ്വരര്‍ എന്ന് സ്വയം അവകാശപ്പെടുന്നുള്ളൂ. മതപരമായ ബന്ധം വിടര്‍ത്തുന്നവരുടെ എണ്ണം കൂടുമ്പോഴും നിരീശ്വരരുടെ എണ്ണം വര്‍ധിക്കുന്നില്ല എന്നതാണ് ഏറെ വിചിത്രമായ നിരീക്ഷണം. പരമ്പരാഗത ഈശ്വരവിശ്വാസം കുറയുമ്പോഴും വിചിത്ര പ്രതിഭാസങ്ങളിലുള്ള വിശ്വാസം, പാരനോര്‍മ്മല്‍ ടൂറിസം തുടങ്ങിയ സംഗതികള്‍ വര്‍ധിച്ചു വരികയാണത്രെ.

മതപരമായ എല്ലാ ബന്ധങ്ങളും വിടര്‍ത്തിയവരും പ്രത്യേകമായ ആത്മീയ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നുന്നതായി വസ്തുനിഷ്ഠമായ പഠനങ്ങളുണ്ട്.

ഓസ്‌ട്രേലിയായില്‍ 14% നിരീശ്വരവാദികളും 34% മതബന്ധം വിടര്‍ത്തിയവരും ഒരു തരം മരണാനന്തരജീവിതത്തില്‍ വിശ്വസിക്കുന്നുണ്ടത്രേ.

22 രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ കാണുന്നത്, മരണാനന്തര ജീവിതം ഉണ്ട് എന്ന് 'നിശ്ചയമായും' അല്ലെങ്കില്‍ 'മിക്കവാറും' എന്നു കരുതുന്ന നിരീശ്വരരോ അല്ലെങ്കില്‍ മതത്തെ നിരസിച്ചവരുടെയോ ശരാശരി ഹംഗറിയിലെ 19% മുതല്‍ പെറുവിലെ 65% വരെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണ്. മതബന്ധം ഇല്ലാത്തവര്‍ ശരാശരി 50 ശതമാനത്തിലധികം പേരും മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നുണ്ടത്രേ. ബ്രസീലില്‍ ആവട്ടെ മതബന്ധം വിടര്‍ത്തിയവര്‍ എന്നവകാശപ്പെടുന്ന 96 ശതമാനം ആളുകളും തങ്ങള്‍ ഈശ്വരനില്‍ വിശ്വസിക്കുന്നുണ്ട് എന്നാണ് പറയുന്നത്.

വ്യവസ്ഥാപിത മതങ്ങളിലെ അംഗസംഖ്യ കുറയുന്നതിന് സമാന്തരമായി സംഭവിക്കുന്ന ഒരു കാര്യമാണ് നവയുഗ ആധ്യാത്മികതകളുടെ വളര്‍ച്ച. യൂറോപ്പിലും അമേരിക്കയിലും മതം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിന് ആനുപാതിക മായി നിരീശ്വരവാദികളുടെ എണ്ണം വര്‍ധിക്കുന്നില്ല.

നിരീശ്വരവാദികള്‍ എല്ലാം യുക്തിവാദികളാണെന്ന നിഗമനത്തെയും പഠനങ്ങള്‍ നിരാകരിക്കുന്നു. നിരീശ്വരവാദികളില്‍ നല്ലൊരു പങ്കും വേണ്ടത്ര യുക്തിബോധം ഇല്ലാത്തവരാണ്.

യുക്തിവാദികള്‍ അല്ലെങ്കില്‍ നിരീശ്വരര്‍ എന്നവകാശപ്പെടുന്നവര്‍ വിശ്വാസികളെക്കാളും ഒട്ടും തന്നെ കൂടുതലായും യുക്തിപരമായി ചിന്തിക്കുന്നവരാണ് എന്ന് പറയുവാന്‍ വയ്യത്രേ. യുകെയില്‍ മാത്രം 74% ആളുകള്‍ കാര്യസാധ്യത്തിനായി മരത്തില്‍ മുട്ടുന്ന ആചാരം പുലര്‍ത്തുന്നവരും 26% ആളുകള്‍ പതിമൂന്ന് എന്ന സംഖ്യയെ ഭയപ്പെടുന്നവരോ ആണ്. ഇത് നിരീശ്വരവാദത്തിന്റെ ആഗോള പശ്ചാത്തലം.

കേരളത്തിലെ യുക്തിവാദത്തെക്കുറിച്ച് പറയുമ്പോള്‍, കേരളത്തില്‍ യുക്തിവാദം അല്ല മറിച്ച്, ജനപ്രിയവാദമാണ് (പോപ്പുലിസം) ഉള്ളത് എന്ന് വേണം പറയുവാന്‍. ആളുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് പറഞ്ഞുകൊടുക്കുക, നമുക്കൊരു മുഖ്യശത്രു ഉണ്ട്, അത് മതമാണ് തുടങ്ങിയ അവബോധം സൃഷ്ടിച്ചെടുക്കുക. ഇതാണ് ലളിതമായി പറഞ്ഞാല്‍ പോപ്പുലിസത്തിന്റെ വിജയമന്ത്രം. താര്‍ക്കികതയും വാചാലതയും സാങ്കേതികവിദ്യയുമാണ് കേരളത്തിലെ നിരീശ്വരവാദത്തിന്റെ വിജയം എന്നു കാണാം.

നിരീശ്വരവാദികള്‍ എല്ലാം യുക്തിവാദികള്‍ ആണെന്ന നിഗമനത്തെയും പഠനങ്ങള്‍ നിരാകരിക്കുന്നു. നിരീശ്വരവാദികളില്‍ നല്ലൊരു പങ്കും വേണ്ടത്ര യുക്തിബോധം ഇല്ലാത്തവരാണ്.

പോപ്പുലിസം സഭയിലും വളരെ ശക്തമാണ്. ക്ലബ് ഹൗസില്‍ കയറിയാല്‍ പുതിയ തലമുറയുടെ സ്പന്ദനങ്ങള്‍ നമുക്ക് അറിയാന്‍ കഴിയും. നമ്മുടെ സമൂഹം വിശ്വാസപരമായി വളരെയധികം ധ്രുവീകൃതമായിരിക്കുന്നു. ഈ വസ്തുത ദൈവശാസ്ത്രജ്ഞരും പിതാക്കന്മാരും മറ്റും തിരിച്ചറിയുന്നുണ്ടോ എന്ന് സംശയമാണ്. ബൈബിളിന്റെ അക്ഷരാര്‍ഥത്തില്‍ ശക്തമായി വിശ്വസിക്കുന്ന ഒരു സമൂഹം ഉണ്ട്. അവരെ തിരുത്തേണ്ടതുണ്ട്. ഗ്രാഹ്യപരമായ കാര്‍ക്കശ്യം (cognitive rigidity) ഈ പോപ്പുലിസത്തിന് ഒരു കാരണമാകുന്നു എന്നാണ് ന്യൂറോളജിക്കല്‍ പഠനങ്ങള്‍ പറയുന്നത്. ആ നിലയില്‍ അങ്ങേയറ്റം മൗലികവാദ സ്വഭാവമുള്ള ഒരു തലമുറയെ കൂടി നമ്മള്‍ ഇവിടെ കൈകാര്യം ചെയ്യേണ്ടതായിട്ടുണ്ട്.

പോപ്പുലിസത്തിന് ബദലായി മതപരമായ യുക്തിചിന്തയെ നമ്മള്‍ പ്രോത്സാഹിപ്പിക്കണം. യുക്തിവാദം നിരീശ്വരവാദികളുടേതല്ല, അത് വിശ്വാസികളുടേതാണ്. ക്രിസ്തീയ ചിന്തയുടെ ജ്ഞാന മീമാംസയാണ് യുക്തിവാദത്തിന്റെ ഈറ്റില്ലം എന്നാണ് ഇന്നത്തെ ചരിത്ര വിമര്‍ശകര്‍ തന്നെ എടുത്തു പറയുന്നത്. ദൈവികപുണ്യങ്ങളായ വിശ്വാസം, ഭക്തി, സ്‌നേഹം എന്നിവ യുക്തിയാല്‍ നയിക്കപ്പെടണം എന്ന് ദൈവശാസ്ത്ര പണ്ഡിതനായ തോമസ് അക്വിനാസ് പറയുകയുണ്ടായി.

പ്രകൃതിശാസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ വേണം നാം വിശ്വാസത്തെ ആഖ്യാനം ചെയ്യാന്‍ എന്ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്.

ആരെങ്കിലും മാനസാന്തര പ്പെടുത്തിയതു കൊണ്ടല്ല, ധ്യാനം കൂടിയതുകൊണ്ടും അല്ല, യുക്തിപരമായ ചിന്തകൊണ്ട് വിശ്വാസത്തിലേക്ക് എത്തുന്നു. ദൈവം അത്യാവശ്യമാകുന്നു എന്ന യുക്തിപരമായ സമീപനം. ഇതാണ് സഭയ്ക്ക് ആവശ്യമായിട്ടുള്ള നിലപാട്.

ഒരു കാര്യം ശരിയാവുന്നത് അത് ബൈബിളില്‍ പറഞ്ഞിരിക്കുന്നതിനാല്‍ മാത്രമല്ല, യുക്തിപരമായി ശരിയായതിനാലുമാണ് അത് ബൈബിളില്‍ പറഞ്ഞിരിക്കുന്നത് എന്ന് നമ്മുടെ ചെറുപ്പക്കാരോട് പറഞ്ഞു കൊടുക്കാന്‍ നമുക്ക് സാധിക്കണം. അവിടെയാണ് ഗൃഹപാഠങ്ങള്‍ ആവശ്യമായിരിക്കുന്നത്.

ലിയോ പതിനാലാമന്‍ മാര്‍പാപ്പ, മാര്‍പാപ്പയായി സ്ഥാനമേറ്റശേഷം ആദ്യം പറഞ്ഞത്, കത്തോലിക്കാവിശ്വാസം എന്നത് വിദ്യാഭ്യാസം ഇല്ലാത്ത വൃദ്ധ സ്ത്രീകള്‍ക്കുവേണ്ടിയിട്ടുള്ളതല്ല, ബുദ്ധിയുള്ള തലമുറയുടെ മുമ്പില്‍ യുക്തിഭദ്രമായി നമ്മുടെ വിശ്വാസം ആവിഷ്‌കരിക്കുക എന്നതാണ് നമ്മുടെ വെല്ലുവിളി എന്നാണ്.

ഇന്നത്തെ തലമുറയ്ക്ക് ആകര്‍ഷകമാകുന്ന സെക്കുലര്‍ ഭാഷയില്‍ വിശ്വാസത്തെ ആഖ്യാനം ചെയ്യാന്‍ നമുക്ക് സാധിക്കണം. ദൈവം മിഥ്യ എന്ന് റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ഗോഡ് ഡെല്യൂഷന്‍ പറയുന്നു. എന്നാല്‍ ദൈവം ഉണ്ടായേ തീരൂ എന്നുള്ളത് ഇന്നത്തെ യുക്തിവാദത്തിന്റെ ചിന്തയാണ്. ഡി എന്‍ എ യുടെ ഘടന മനസ്സിലാക്കിയിട്ട് ആന്റണി ഫ്‌ള്യൂ എന്ന ഓക്‌സ്‌ഫോര്‍ഡിലെ ഒരുകാലത്തെ കടുത്ത നിരീശ്വര ചിന്തകന്‍ പറയുന്നത് ഒരു ''അതിബുദ്ധിയുടെ സാന്നിധ്യം കൂടാതെ ജീവന്റെ രഹസ്യങ്ങള്‍ ഉണ്ടാകുക സാധ്യമല്ല'' എന്നാണ്. നിരീശ്വരവാദത്തിന്റെ ഏറ്റവും വലിയ വക്താവായിരുന്നു അദ്ദേഹം. ഈ നിലപാടു മാറ്റത്തിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം ഇങ്ങനെ പറഞ്ഞു, ''യുക്തി എന്നെ എങ്ങോട്ട് നയിക്കുന്നുവോ, അങ്ങോട്ട് ഞാന്‍ പോകും.'' ആരെങ്കിലും മാനസാന്തരപ്പെടുത്തിയതു കൊണ്ടല്ല, ധ്യാനം കൂടിയതു കൊണ്ടും അല്ല, യുക്തിപരമായ ചിന്തകൊണ്ട് വിശ്വാസത്തിലേക്ക് എത്തുന്നു. ദൈവം അത്യാവശ്യമാകുന്നു എന്ന യുക്തിപരമായ സമീപനം. ഇതാണ് സഭയ്ക്ക് ആവശ്യമായിട്ടുള്ള നിലപാട്.

പോപ്പുലിസത്തിന് ബദലായി മതപരമായ യുക്തിചിന്തയെ നമ്മള്‍ പ്രോത്സാഹിപ്പിക്കണം. യുക്തിവാദം നിരീശ്വരവാദികളുടേതല്ല, അത് വിശ്വാസികളുടേതാണ്. ക്രിസ്തീയ ചിന്തയുടെ ജ്ഞാന മീമാംസയാണ് യുക്തിവാദത്തിന്റെ ഈറ്റില്ലം.

മതമില്ലാത്ത ജീവന്‍ എന്ന പാഠപുസ്തകഭാഗം നമ്മുടെ നാട്ടില്‍ വിവാദമായിരുന്നല്ലോ. വിശ്വസിക്കണമെങ്കില്‍ കുട്ടികള്‍ 18 വയസ്സായി, പ്രായപൂര്‍ത്തിയായതിനുശേഷം വിശ്വസിക്കട്ടെ എന്നതായിരുന്നു അതിന്റെ വക്താക്കള്‍ സ്വീകരിച്ച നിലപാട്. പ്രത്യക്ഷത്തില്‍ ഇതു വളരെ വിമോചനപരമായ കാര്യമായി തോന്നും. പക്ഷേ അങ്ങനെയല്ല. അതിനുള്ള മറുപടി ന്യൂറോ സയന്റിസ്റ്റുകള്‍ പറയുന്നുണ്ട്. ഇന്ന് മതവിശ്വാസത്തെ ഏറ്റവും ആധികാരികമായി പഠിക്കുന്നത് ശാസ്ത്രം തന്നെയാണ്. വിശേഷിച്ചും ന്യൂറോ സൈക്കോളജി. ഈ പഠനശാഖ തരുന്ന അറിവുകള്‍ വളരെ ഭാവാത്മകമാണ്. ഏതൊരു കുട്ടിയിലും ചെറുപ്പം മുതലേ മറ്റേതൊരു താലന്തും പോലെ ഈശ്വര വിശ്വാസവും മനുഷ്യനില്‍ ജൈവികവും നൈസര്‍ഗികവുമാണത്രെ.

18 കഴിഞ്ഞ് കുട്ടി തീരുമാനിക്കട്ടെ എന്ന് പറയുന്നത് നരവംശശാസ്ത്രപരമായി നിലനില്‍ക്കുന്ന വാദഗതിയല്ല.

പോള്‍ ഡേവിസ് എന്ന അജ്ഞേയ വാദിയായ ഓസ്‌ട്രേലിയന്‍ ഭൗതിക ശാസ്ത്രജ്ഞന്‍ പറയുന്നു: ''ഇന്ന് മതത്തേക്കാളും ദൈവത്തിലേക്കുള്ള കൂടുതല്‍ സുനിശ്ചിതമായ പാത പ്രദാനം ചെയ്യുന്നത് ശാസ്ത്രമാണ്.'' ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ മതബോധനം ഈ മേഖലയിലേക്ക് എത്തിപ്പെടുന്നില്ല.

ധാര്‍മ്മികത വേണ്ട, ലൈംഗികത മതി; വിവാഹം വേണ്ട, സഹവാസം മതി എന്നെല്ലാം ഉള്ളതാണല്ലോ നവയുഗ പുരോഗമന ചിന്ത! നവനാസ്തികര്‍ ഉന്നയിക്കുന്ന ഒരു ചിന്താഗതിയും ഇതാണ്. യുക്തികൊണ്ടും ശാസ്ത്രം കൊണ്ടും തന്നെ ഇതിന് മറുപടി പറയാന്‍ സാധിക്കും. കത്തോലിക്കാസഭയുടെ ലൈംഗിക ധാര്‍മ്മിക പ്രബോധനങ്ങള്‍ ന്യൂറോ സയന്റിസ്റ്റുകള്‍ ഇന്ന് ഒരു പരിധി വരെ വീണ്ടെടുക്കുകയാണ്.

പോപ്പുലിസ്റ്റ് വാചാടോപങ്ങള്‍ക്കെതിരെ സഭയുടെ പ്രബോധനം ചെറുപ്പക്കാരിലേക്ക് എത്തിക്കാന്‍ കഴിയുന്ന ഭാഷയും ശൈലിയും സ്വായത്തമാക്കുക എന്നുള്ളതാണ് സഭയുടെ മുന്നിലുള്ള ഒരു പ്രധാനപ്പെട്ട ദൗത്യം.

ഫ്രെഡ് നൂര്‍ എന്ന അമേരിക്കന്‍ സയന്റിസ്റ്റ് എഴുതിയ പ്രശസ്തമായ പുസ്തകമാണ് 'ട്രൂ ലവ്.' അതില്‍ അദ്ദേഹം കത്തോലിക്ക വിവാഹധാര്‍മ്മികതയുടെ പ്രസക്തി വ്യക്തമാക്കുന്നുണ്ട്.

പ്രണയത്തിന്റെ ആദ്യ മൂന്നു നാല് വര്‍ഷങ്ങളില്‍ ലഹരിപരമായ ന്യൂറോ ട്രാന്‍സ്മിറ്റര്‍സ് ആണ് മസ്തിഷ്‌കം ഉല്പാദിപ്പിക്കുന്നതെങ്കില്‍ തുടര്‍ന്ന് അവയെ നിര്‍ത്തലാക്കി സുസ്ഥിരതയുടെയും പ്രതിബദ്ധതയുടെയും ന്യൂറോ ട്രാന്‍സ്മിറ്റര്‍സ് മസ്തിഷ്‌കം ഉല്‍പാദിപ്പിക്കാന്‍ തുടങ്ങുമത്രേ. എന്നു വച്ചാല്‍ എന്നും പ്രണയാത്മക ലഹരിയില്‍ കഴിയുവാനല്ല, ബന്ധങ്ങളുടെ ഉദാത്തീകരണത്തിലേക്കാണ് പ്രകൃതി മനുഷ്യനെ ക്രമീകരിച്ചിരിക്കുന്നതത്രെ. ഇതിന് സാധിക്കുവാന്‍ കഴിയാതെ വരുന്നവരാണ് പുതിയ ലഹരികള്‍ തേടി വിവാഹമോചനത്തിന് പോകുന്നത്. ഏറെയും വിവാഹമോചനങ്ങള്‍ സംഭവിക്കുന്നത് നാലു മുതല്‍ ഏഴുവരെ വര്‍ഷങ്ങളിലാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. പ്രണയത്തിന്റെ ഓരോ ഘട്ടത്തിലെയും ലക്ഷ്യങ്ങളെ സാര്‍ത്ഥകമാക്കുന്നവരിലാകട്ടെ, മധുവിധു പോലെ സന്തോഷപ്രദമാണത്രെ വാര്‍ദ്ധക്യവും. ദമ്പതിമാരെ സംബന്ധിച്ചിടത്തോളം വാര്‍ധക്യത്തില്‍ ലഭിക്കുന്ന പരസ്പര പിന്‍ബലവും സ്‌നേഹവും പങ്കവയ്ക്കലും ആണ് കൂടുതല്‍ പ്രധാനം.

കുഞ്ഞുങ്ങള്‍ വേണ്ടാത്ത വിവാഹസഹവാസം എന്നതിനെയും മനഃശാസ്ത്രം അത്ര എളുപ്പത്തില്‍ അംഗീകരിക്കില്ല. ലൈംഗികതയുടെ ഉത്ഭവം തന്നെ പ്രത്യുല്പാദനത്തിലൂടെയുള്ള വംശത്തിന്റെ നിലനില്‍പ്പാകുന്നു എന്ന പ്രകൃതിതത്ത്വത്തിന്റെ നിരാസനമാണത്.

ഇതൊക്കെ പുതുതലമുറയോട് സംസാരിക്കാന്‍ പറ്റിയ ഭാഷയാണ് നാം അന്വേഷിക്കേണ്ടത്. പോപ്പുലിസ്റ്റ് വാചാടോപങ്ങള്‍ക്കെതിരെ സഭയുടെ പ്രബോധനം ചെറുപ്പക്കാരിലേക്ക് എത്തിക്കാന്‍ കഴിയുന്ന ഭാഷയും ശൈലിയും സ്വായത്തമാക്കുക എന്നുള്ളതാണ് സഭയുടെ മുന്നിലുള്ള ഒരു പ്രധാനപ്പെട്ട ദൗത്യം.

ക്രിസ്തു മതി, സഭ വേണ്ട എന്നു പറയുന്ന വാദത്തെ നേരിടാനും നമ്മള്‍ ഉപയോഗിക്കേണ്ടത് ഭാവാത്മക യുക്തി തന്നെയാണ്. വിശ്വാസത്തിന്റെ കൂട്ടായ്മാ മാനത്തെക്കുറിച്ചുള്ള വളരെ ആധികാരികമായ പഠനങ്ങള്‍ ഉണ്ട്. അതുകൊണ്ടാണ് യൂറോപ്പില്‍ ചെറുപ്പക്കാരുടെ ഇടയില്‍ സഭയുടെ പ്രസക്തിയും വിശ്വാസ്യതയും ഇന്ന് വര്‍ധിച്ചുവരുന്നത്.

കൊന്ത ചൊല്ലുന്നത് അപരിഷ്‌കൃതമാണെന്ന് ഒരുപക്ഷേ യുവതലമുറ ചിന്തിച്ചേക്കാം. പക്ഷേ അതിന്റെ പ്രയോജനങ്ങള്‍ വ്യക്തമാക്കുന്ന അന്താരാഷ്ട്ര പഠനങ്ങള്‍ വന്നിട്ടുണ്ട്. പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ നമ്മുടെ ജപമാലയില്‍ തന്നെയുണ്ട്. ഇത് പറഞ്ഞുകൊടുക്കുന്നതിലുള്ള വീഴ്ചയാണ് നമുക്ക് വന്നിട്ടുള്ളത്.

ഇതിന്റെയെല്ലാം വെളിച്ചത്തില്‍ കത്തോലിക്കാവിശ്വാസം യുക്തിസഹമായി ശക്തിപ്പെടുകയും കാലികപ്രസക്തമാകുകയും ചെയ്യുന്നതായി നാം കാണുന്നു. അത് പരമ്പരാഗത ദൈവശാസ്ത്രത്തിന്റെയോ തത്വശാസ്ത്രത്തിന്റെയോ ഭാഷയിലൂടെയല്ല, പ്രകൃതിശാസ്ത്രങ്ങളുടെ ആഖ്യാനങ്ങളില്‍ കൂടിയാണ് എന്ന് പറയാം. ഇന്ന് ക്രിസ്ത്യന്‍ ദൈവശാസ്ത്രജ്ഞര്‍ തന്നെ ബൈബിളിനേക്കാളും സഭാപ്രബോധനങ്ങളെക്കാളും കൂടുതല്‍ ഉദ്ധരിക്കുന്നത് മതേതരശാസ്ത്രവും വിജ്ഞാനശാഖകളുമാണ്. കാരണം വിശ്വാസത്തെ സംബന്ധിച്ച പഠനങ്ങള്‍ സഭയില്‍ നടക്കുന്നതിനേക്കാള്‍ കൂടുതല്‍ മതേതര രംഗത്ത് നടക്കുന്നുണ്ട്. ആ ഭാഷയെ ആഗീരണം ചെയ്യാന്‍ നമുക്ക് സാധിക്കണം.

സമാധാനം, ക്ഷമ, അനുരഞ്ജനം, കൃതജ്ഞത, എളിമ എന്നിവയൊക്കെ ഇന്ന് അന്താരാഷ്ട്ര സര്‍വകലാശാലകളിലെ പഠന വിഷയങ്ങളാണ്. കേംബ്രിഡ്ജും ഓക്‌സ്‌ഫോര്‍ഡും മസാച്ചുസെറ്റ്‌സുമെല്ലാം ഈ വിഷയങ്ങള്‍ പഠനവിധേയമാക്കുന്നു. അപ്പോള്‍ ഇത് മാനവിക തത്വങ്ങളില്‍ ഊന്നിയ മൗലികവും സനാതനവുമായ കത്തോലിക്ക പ്രബോധനങ്ങളുടെ വീണ്ടെടുപ്പു തന്നെയാണ്. എങ്ങനെയാണ് ഇതെല്ലാം കാലഹരണപ്പെട്ടു എന്ന് പറയാന്‍ സാധിക്കുക? പുതിയ ഭാഷയിലൂടെ വിശ്വാസത്തെ അവതരിപ്പിക്കുക എന്നതാണ് പ്രധാനം എന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.

കേരളത്തിന്റെ ബൗദ്ധിക ദൈവശാസ്ത്രത്തിന് ഇതനുസരിച്ചുള്ള മാറ്റം വരണം. സഭയില്‍ ഗവേഷണങ്ങള്‍ ഒക്കെ ധാരാളം നടക്കുന്നുണ്ട്. പക്ഷേ നമ്മുടെ ഗവേഷണ വിഷയങ്ങളുടെ അജണ്ടകള്‍ നാം കാലികമായി നവീകരിക്കേണ്ടിയിരിക്കുന്നു. സെക്കുലര്‍ രംഗത്തെ ഏത് സാംസ്‌കാരികനായകരോടും കിടപിടിക്കാവുന്ന ധാരാളം പ്രതിഭാധനര്‍ സഭയില്‍ ഉണ്ട്. പക്ഷേ അവരെ നമ്മള്‍ എത്രത്തോളം ഉപയോഗിക്കുന്നുണ്ട് എന്നുള്ളതാണ് ചിന്തിക്കേണ്ടത്. പ്രതിഭകളെ നിഷ്‌കരുണം പാഴാക്കുന്ന ഒരു ദുര്‍വിധി സഭയിലുണ്ട്. സഭയിലെ പ്രതിഭകളെ പുതിയ ഗവേഷണ മേഖലകളിലേക്ക് തിരിച്ചുവിടണം.

16 മുതല്‍ 25 വരെയുള്ള പ്രായത്തിലാണ് ഏറ്റവും കൂടുതല്‍ മതബോധനം നടക്കേണ്ടത്. ആ പ്രായത്തിലുള്ള യുവാക്കളെ നമുക്ക് നഷ്ടപ്പെടുകയാണ്. കാരണം അവരോട് ആദത്തിന്റെയും ഹവ്വയുടെയും കഥയല്ല പറയേണ്ടത്. അവരോട് സംസാരിക്കാന്‍ കഴിയുന്ന ഭാഷ നമുക്ക് നഷ്ടപ്പെട്ടു പോകുന്നു. പ്രായത്തില്‍ വളരുന്നതിനനുസരിച്ച് കുട്ടികള്‍ കഥകളും ചിത്രകഥകളും ഉപേക്ഷിച്ചു സാഹിത്യത്തിലേക്കും ശാസ്ത്രത്തിലേക്കും ഒക്കെ നീങ്ങുന്നതുപോലെ, മതബോധനവും കഥയുടെയും ബിംബങ്ങളുടെയും ലോകത്തുനിന്നും യുക്തിയുടെയും മിസ്റ്റിസിസത്തിന്റെയും ഭാഷയില്‍ കൂടി ആധുനിക തലമുറയോടു സംവദിക്കുവാന്‍ പഠിക്കേണ്ടിയിരിക്കുന്നു. സപ്ലിമെന്ററി കാറ്റിക്കിസം ടെക്സ്റ്റുകള്‍ അടിയന്തരമായി നമ്മള്‍ തയ്യാറാക്കേണ്ടതുണ്ട്.

കേരളത്തിന്റെ ജ്ഞാനശുശ്രൂഷയില്‍ വലിയ പങ്കുവഹിക്കുന്ന സഭയുടെ കോളേജുകളില്‍ നിന്ന് തന്നെയാണ് കേരളത്തിലെ നിരീശ്വരവാദികളുടെ വലിയൊരു പങ്കും ഇറങ്ങിവരുന്നത്. ഇത് വലിയൊരു വിരോധാഭാസമാണ്. എന്താണ് നമ്മുടെ സ്ഥാപനങ്ങളിലൂടെ നമുക്ക് കൂടുതലായി കൊടുക്കാനുള്ളത്? ധാര്‍മ്മികമായോ ദര്‍ശനപരമായോ നാം എന്താണ് കൂടുതലായി കൊടുക്കുന്നത്? ഇത്തരം കാര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള ആത്മപരിശോധനയും അനന്തരനടപടികളും ആവശ്യമാണ്.

  • (കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ വച്ചു നടന്ന

    കെ സി ബി സി ദൈവശാസ്ത്ര സമ്മേളനത്തില്‍ (2025 ആഗസ്റ്റ്)

    അവതരിപ്പിക്കപ്പെട്ടത്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org