സ്‌നേഹനിധിയായ പരിശുദ്ധ പിതാവേ വിട

സ്‌നേഹനിധിയായ പരിശുദ്ധ പിതാവേ വിട

ഒരുപാട് സ്‌നേഹമുള്ള, മിത ഭാഷിയായ, സ്വല്‍പം ലജ്ജാലുവായിട്ടുള്ള പണ്ഡിത ശ്രേഷ്ഠന്റെ ഒരംശം മാത്രമേ ലോകം കണ്ടുള്ളൂ മാധ്യമങ്ങളിലൂടെ. അറിവിന്റെ ആഴ ത്തിനപ്പുറം ലളിതമായൊരു വ്യക്തിത്വത്തിനുടമയായ അദ്ദേഹത്തോട് അടുത്തിട പഴകിയ ആര്‍ക്കും മറക്കാനാവില്ല അദ്ദേഹത്തിന്റെ വാത്സല്യപൂര്‍വമായ പെരുമാറ്റം.

ഒരിക്കല്‍കൂടി ഈ ചെറിയ ചാപ്പലിലേക്ക് വരാന്‍ സാധിക്കുമെന്ന് കരുതിയതല്ല, എന്നിട്ടിതാ ഒരു കൈക്കുടന്ന പൂക്കളുമായി പുതുവര്‍ഷാരംഭത്തില്‍ ഇവിടെ നില്‍ക്കുന്നു, പ്രിയപിതാവിന് എന്നന്നേക്കുമായി വിടചൊല്ലാന്‍. ചുവന്ന തിരുവസ്ത്രങ്ങള്‍, കോര്‍ത്തുവച്ച കൈകളില്‍ ജപമാല, എന്നത്തേയും പോലെ ശാന്തമായ രൂപം, നിത്യതയിലേക്ക് മടങ്ങുകയാണ് സ്‌നേഹനിധിയായ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ.

ഇതിനു മുന്‍പ് വത്തിക്കാന്‍ തോട്ടത്തിലെ ആ ചെറിയ ആശ്രമത്തിലേക്ക് പ്രവേശിച്ചത് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്ന ബെനഡിക്ട് പാപ്പ അര്‍പ്പിച്ച ഒരു പ്രഭാതബലിയില്‍ സംബന്ധിക്കാനായിരുന്നു. അദ്ദേഹത്തെ ശുശ്രൂഷിച്ചിരുന്ന 'memores domini' സമര്‍പ്പിത സമൂഹത്തിലെ സഹോദരിമാരോടും, പ്രൈവറ്റ് സെക്രട്ടറി മോണ്‍. ഗാന്‍ സ്വെയിനുമൊപ്പം അന്ന് ആ പരിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. ഇന്നും അതു തന്നെ അവസ്ഥ, അന്ന് സന്തോഷം കൊണ്ടായിരുന്നെങ്കില്‍ ഇന്ന് സമ്മിശ്രവികാരങ്ങളുടെ വേലിയേറ്റമാണ് മനസ്സില്‍. നിത്യസമ്മാനത്തിനായി പ്രാര്‍ത്ഥിച്ചൊരുങ്ങി കാത്തിരുന്ന വലിയ ഇടയന്‍ വര്‍ഷാന്ത്യത്തില്‍, കൃതജ്ഞതാര്‍പ്പണ (Te Deum) ദിനത്തില്‍ സ്വര്‍ലോകത്തിലേക്ക് യാത്രയാകുമ്പോള്‍ സന്തോഷിക്കുകയല്ലേ വേണ്ടത്? ആ സ്‌നേഹ സാന്നിധ്യം ഇനിയീ ഭൂമിയിലുണ്ടാകില്ലെന്ന സങ്കടം പക്ഷേ മാറുന്നില്ല. അന്ന് കൂടെ നിന്നിരുന്ന 'memores domini' സമര്‍പ്പിത സമൂഹത്തിലെ സഹോദരിമാര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ചുറ്റും ഇരിക്കുന്നു, നിശ്ശബ്ദരായി. ആര്‍ച്ച്ബിഷപ്പ് ഗ്യോര്‍ഗ് ഗാന്‍സ്വയിന് പൊടുന്നനേ പ്രായമേറിയതുപോലെ, ബെനഡിക്ട് പാപ്പയ്ക്ക് വിട ചൊല്ലാനെത്തുന്നവരൊക്കെ അദ്ദേഹത്തോട് അനുശോചനമറിയിക്കാന്‍ നിരന്നുനില്‍ക്കുന്നുണ്ട്.

ആദ്യമായി ബെനഡിക്ട് പതിനാറാമന്‍ പാപ്പയെ കണ്ടത് 2008ലാണ്. അതിനു മുന്‍പ് മാധ്യമങ്ങളിലൂടെയുള്ള പരിചയമേ ഉണ്ടായിരുന്നുള്ളൂ. 2005-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ പിന്‍ഗാമിയായി ജര്‍മ്മന്‍കാരന്‍ കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍ തിരഞ്ഞെടുക്കപ്പെടുന്നു. രണ്ടര പതിറ്റാണ്ടുകാലം വിശ്വാസകാര്യങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന് നേതൃത്വം നല്‍കിയതുകൊണ്ടാകാം, വിശ്വാസത്തിന്റെ ധീര പോരാളി, സം രക്ഷകന്‍ എന്നൊക്കെയാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. അല്പം കര്‍ക്കശക്കാരനായാണ് മാധ്യമങ്ങള്‍ അദേഹത്തെ ചിത്രീകരിച്ചിരുന്നത്. അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിലാണ് പിതാവിനെ ആദ്യം കാണാന്‍ അവസരം കിട്ടിയത്. വത്തിക്കാന്‍ ചത്വരത്തിലൂടെ നീങ്ങിയ തുറന്ന ജീപ്പിലിരുന്ന് അദ്ദേഹം വിശ്വാസികളെ ഇരുകൈകളുമുയര്‍ത്തി അനുഗ്രഹിച്ച് കടന്നു പോയി. പിന്നീട് പലതവണ പല പരിപാടികളിലായി ദൂരെയും അടുത്തുമൊക്കെയായി മാര്‍പാപ്പയെ കണ്ടു.

ഞാന്‍ വത്തിക്കാന്‍ റേഡിയോയില്‍ ശുശ്രൂഷ ചെയ്യുമ്പോഴാണ് ആദ്യമായി പാപ്പയോട് ഒരുവാക്കു സംസാരിക്കാന്‍ അവസരം ലഭിക്കുന്നത്. അതും കൂട്ടുകാരി മിറിയത്തിന്റെ ഉത്സാഹത്തില്‍. മാര്‍പാപ്പ സംഗീതപ്രിയനാണ്. അവസാന കാലം വരെ പറ്റുമ്പോഴെല്ലാം പിയാനോ വായിച്ചിരുന്ന പിതാവ് ചില രാഷ്ട്രനേതാക്കന്‍മാരൊക്കെ ഒരുക്കുന്ന ക്ലാസിക്കല്‍ സംഗീതനിശയില്‍ സന്തോഷത്തോടെ പങ്കെടുക്കാറുണ്ട്. അങ്ങനെ ഒരു വേദിയിലാണ് ആദ്യമായി മാര്‍പാപ്പയെ അടുത്തുകണ്ട്, കൈകൊടുത്ത് സംസാരിക്കാനായത്. മിറിയത്തോടൊപ്പം സന്തോഷത്താല്‍ തുള്ളിച്ചാടിയ അവസരം. ഒരു വാക്യമേ പറയാന്‍ സാധിച്ചുള്ളൂ, അദ്ദേഹത്തിന്റെ ചുളുങ്ങിയതെങ്കിലും മൃദുലമായ കൈകളും സ്‌നേഹാര്‍ദ്രമായ വാക്കുകളും ഹൃദയത്തില്‍ ആഴ്ന്നു തറഞ്ഞു. മാധ്യമങ്ങളിലൂടെ അറിഞ്ഞ പാപ്പയില്‍നിന്ന് എത്ര വ്യത്യസ്തമായിരുന്നു ആ സ്‌നേഹനിധിയായ പിതാവ്. ഇത്രയും സ്‌നേഹത്തോടെ പെരുമാറുന്ന ഒരു വ്യക്തി എങ്ങനെയാണ് കര്‍ക്കശക്കാരനാകുന്നത്? അദ്ദേഹം നമ്മുടെ കണ്ണില്‍ നോക്കി മൃദുലമായി സംസാരിക്കുന്ന ആ ഒരു നിമിഷം, നമുക്കു വേണ്ടി മാത്രമായി നല്‍കുന്ന ആ ഒരു നിമിഷം അതൊരു അമൂല്യ സമ്മാനം തന്നെയാണ്. അന്ന് അദ്ദേഹത്തിന്റെ fan girl ആയി.

ക്രമേണ മനസ്സിലായി മാധ്യമങ്ങള്‍ ഉണ്ടാക്കി വച്ചിട്ടുള്ള ഇമേജല്ല ശരിക്കും മാര്‍പാപ്പയുടേതെന്ന്. ഒരുപാട് സ്‌നേഹമുള്ള, മിത ഭാഷിയായ, സ്വല്‍പം ലജ്ജാലുവായിട്ടുള്ള പണ്ഡിതശ്രേഷ്ഠന്റെ ഒരംശം മാത്രമേ ലോകം കണ്ടുള്ളൂ മാധ്യമങ്ങളിലൂടെ. അറിവിന്റെ ആഴത്തിനപ്പുറം ലളിതമായൊരു വ്യക്തിത്വത്തിനുടമയായ അദ്ദേഹത്തോട് അടുത്തിടപഴകിയ ആര്‍ക്കും മറക്കാനാവില്ല അദ്ദേഹത്തിന്റെ വാത്സല്യപൂര്‍വമായ പെരുമാറ്റം. കര്‍ദിനാള്‍ ആയിരിക്കുമ്പോഴും വത്തിക്കാന്റെ തെരുവുകളിലൂടെ സ്വന്തം ബാഗും കയ്യിലേന്തി നടക്കുന്ന അദ്ദേഹം എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറാന്‍ ഇഷ്ടപ്പെട്ടു. അതേസമയം സത്യം പറയുന്നതില്‍ നിന്നോ സഭയുടെ ധാര്‍മ്മിക മൂല്യങ്ങളും ദൈവശാസ്ത്ര സത്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നിന്നോ അദ്ദേഹം അണുവിട വ്യതിചലിച്ചുമില്ല.

വത്തിക്കാന്റെ മാധ്യമരംഗത്തെ ശുശ്രൂഷ തന്നെയാണ് മാധ്യമങ്ങളും മാര്‍പാപ്പയും തമ്മിലധികം അടുത്തു പോകാത്തതിന്റെ മറ്റൊരു കാരണം മനസ്സിലാക്കി തന്നത്. അഗാധ പാണ്ഡിത്യമുള്ള അദ്ദേഹത്തിന്റെ ഓരോ വാക്കിന്റേയും അര്‍ത്ഥതലങ്ങള്‍ തിരിച്ചറിഞ്ഞ്, ജനകീയ ഭാഷയിലേക്ക് മാറ്റിയെടുക്കുന്നത് കഠിനമാണ്. അദ്ദേഹത്തിന്റെ വാക്കുകളും ചിന്തകളും വാര്‍ത്തകള്‍ ആക്കുക എളുപ്പമല്ല, ദൈവശാസ്ത്ര പരിശീലനമോ, സഭാചരിത്രമോ ഒക്കെ അറിയാതെ അദ്ദേഹത്തിന്റെ വാക്കുകള്‍ മനസ്സിലാക്കാനോ വ്യാഖ്യാനിക്കാനോ ബുദ്ധിമുട്ടാണ്. അതു കൊണ്ടുതന്നെ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ പലപ്പോഴും പരാജയപ്പെട്ടു, ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു. സെന്‍സേഷണിലിസത്തിന്റെ തിരകളില്‍ പല തവണ ഇരയാക്കപ്പെട്ട അദ്ദേഹം അതിന്റെ പേരിലും ആരോടും കലഹിച്ചില്ല, വേദനയോടെ അതുള്‍ക്കൊണ്ടു കാണണം.

എന്നാല്‍ ഭൂകമ്പം പോലെ അ പ്രതീക്ഷിതമായെത്തിയ രാജിയോടെ അദ്ദേഹത്തോടുള്ള മാധ്യമ നിലപാട് കുറെ മാറി. അന്നുവരെ രൂക്ഷമായി ആക്രമിച്ചിരുന്ന മാധ്യമപ്രവര്‍ത്തകരില്‍ പലരും ഞൊടിയിടയില്‍ മലക്കം മറിഞ്ഞു, അദ്ദേഹത്തെ പുകഴ്ത്തി, വാഴ്ത്തി. മാധ്യമങ്ങളുടെ ആക്രമണങ്ങളെപ്പോലെ തന്നെ അവയുടെ പ്രശംസയും അദ്ദേഹം നിസ്സംഗതയോടെ കണ്ടിരിക്കണം. ലോകത്തോടല്ലല്ലോ ദൈവത്തോടായിരുന്നില്ലേ അദ്ദേഹത്തിന് കൂറ്. ദൈവ സന്നിധിയില്‍ സ്വന്തം മനസ്സാക്ഷി പരിശോധിച്ച് ഉറപ്പ് വരുത്തുന്ന ആള്‍ വേറെ ആരെ ബോധ്യപ്പെടുത്തണം, എന്തിനെ ഭയപ്പെടണം?

അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ രാജി ഫെബ്രുവരി 11 ആയിരുന്നെങ്കിലും ഫെബ്രുവരി 28 വരെ മാര്‍പാപ്പ സ്ഥാനത്തു തുടര്‍ന്നു. ആ രണ്ടാഴ്ച്ച കാലത്തെ പ്ര ഭാഷണങ്ങള്‍ സഭയ്ക്ക് അദ്ദേഹം നല്‍കിയ ആത്മീയ ഒസ്യത്തെന്നു തന്നെ വിളിക്കാം. ഫെബ്രുവരി 14-ന് റോമിലെ വൈദിക കൂട്ടായ്മയോട് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് സ്മരണകള്‍ അദ്ദേഹം പങ്കുവയ്ച്ചത് ഒരു സൗഹൃദ സംഭാഷണം പോലെയായിരുന്നെങ്കിലും ഇന്ന് രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെക്കുറിച്ച് പഠിക്കുന്ന ആരും വായിച്ചിരിക്കേണ്ട ഒരു സംഗ്രഹമാണത്.

സ്വന്തം വിശ്വാസത്തിന്റെ ദൈവശാസ്ത്ര അടിസ്ഥാനങ്ങളെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്ന ഏതൊരു വിശ്വാസിയും നിര്‍ബന്ധമായും വായി ച്ചിരിക്കേണ്ട പുസ്തകമാണ് Intro-duction to Christianity. (1968-ല്‍ പ്രൊഫസര്‍ റാറ്റ്‌സിംഗറുടെ ക്ലാസ് നോട്ടുകളില്‍ നിന്നാരംഭിച്ച ഈ കൃതി യുടെ പരിഷ്‌കരിച്ച പതിപ്പ് 2000-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ പുതിയൊരു ആമുഖത്തോടെ ഇറങ്ങിയപ്പോഴും ഉള്ളടക്കം വലിയ മാറ്റങ്ങള്‍ വേണ്ടാത്ത വിധം അതി പ്രസക്തമായിരുന്നു.)

അവസാനത്തെ ഓഡിയന്‍സില്‍ അദ്ദേഹത്തെ കാണുവാനായി ഒരുപാടു പേര്‍ സ്‌നേഹത്തോടെ എത്തിയിരുന്നു പൊതുവേ മുന്‍കൂട്ടി തയ്യാറാക്കിയ പ്രഭാഷണങ്ങളില്‍നിന്ന് ഒരു വാക്കുപോലും മാറ്റാതെ സംസാരിക്കുന്ന അദ്ദേഹം ആ പ്രഭാഷണം ആരംഭിച്ചത് മുന്‍കൂട്ടി തയ്യാറാക്കാത്ത ഒരു വാചകം പറഞ്ഞുകൊണ്ടാണ് 'ജീവിക്കുന്ന സഭയെ ഞാന്‍ ഇവിടെ കാണുന്നു.' അന്ന് തെളിഞ്ഞു നിന്ന സൂര്യപ്രഭയില്‍ വത്തിക്കാന്‍ ചത്വരത്തില്‍ തിങ്ങിനിറഞ്ഞ ദൈവജനത്തില്‍ സജീവസഭയെ അദ്ദേഹം കണ്ടു. സഭ ക്രിസ്തുവിന്റേതാണെന്ന് ആ പ്രസംഗത്തിലും ആവര്‍ത്തിച്ചു. കര്‍ദിനാള്‍മാരുമായി നടത്തിയ അവസാന സമ്മേളനത്തില്‍ സഭയിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെ അദ്ദേഹം വളരെ വ്യക്തമായി സൂചനകള്‍ നല്‍കി. ഒടുവില്‍ മൗനമായി തിരശീലയ്ക്കുള്ളില്‍ മറഞ്ഞു.

വത്തിക്കാനുള്ളിലെ ഒരു ചെറിയ ആശ്രമത്തില്‍ താപസനെപ്പോലെ പ്രാര്‍ത്ഥനയും പഠനവുമായി കഴിഞ്ഞ അദ്ദേഹത്തെ ഒരിക്കല്‍ കൂടി കാണണമെന്ന്, അനുഗ്രഹം ചോദിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. വത്തിക്കാന്‍ റേഡിയോയിലെ ശുശ്രൂഷ അവസാനിക്കുന്ന അവസരത്തില്‍ അന്ന് വത്തിക്കാന്‍ മാധ്യമവിഭാഗം മേധാവിയായിരുന്ന ഫാ. ലൊംബാര്‍ദിക്കു മുന്നിലാണ് അപേക്ഷ വച്ചത്. ഒരു കത്ത് എഴുതികൊണ്ടു വരൂ, അത് അദ്ദേഹത്തിന്റെ കയ്യിലെത്തിക്കാം, പിന്നീട് അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം നടക്കുമെന്ന് മറുപടി ലഭിച്ചു. സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കിയിരുന്ന പോപ്പ് എമിരിറ്റസ് വത്തിക്കാനിലെ ഒരു സാധാരണ ജീവനക്കാരിയെ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാന്‍ വകയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചു. നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹം തന്നെയാണ് പരി. കുര്‍ബാന അര്‍പ്പിച്ചത്. കുര്‍ബാനയ്ക്കുശേഷം സംസാരിക്കാന്‍ അവസരം ലഭിച്ചു. ഇന്ത്യയോടും, ഇന്ത്യന്‍ സം സ്‌ക്കാരത്തോടും വസ്ത്രത്തോടുമൊക്കെ നല്ല പ്രതിപത്തിയുണ്ടായിരുന്ന അദ്ദേഹത്തിന് കേരള സഭയെക്കുറിച്ച് നല്ല മതിപ്പായിരുന്നു. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ വളരെ സന്തോഷമായി. അംഗമായിരിക്കുന്ന സമര്‍പ്പിത സമൂഹത്തെക്കുറിച്ചും സഭാ സ്ഥാപകനെക്കുറിച്ചും അദ്ദേഹത്തിന്റെ നാമകരണ നടപടികളെക്കുറിച്ചും ചോദിച്ചറിഞ്ഞു. M.Id (ഞാന്‍ അംഗമായ സഭ) സഭാ സ്ഥാപകനായ ഫെര്‍ണാണ്ടോറിയലോയും നല്ലൊരു ചിന്തകനാണ്. തത്വശാസ്ത്രപരവും ദൈവ ശാസ്ത്രപരവുമായ നൂതനമായ പല കാര്യങ്ങളും ഒരുപാട് എഴുതിയിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ചിന്തകളൊക്കെ വത്തിക്കാന്‍ സസൂക്ഷ്മം നിരീക്ഷിച്ചതിനുശേഷമേ നാമകരണ നടപടികള്‍ തുടങ്ങാനാവൂ എന്നു പറഞ്ഞപ്പോള്‍, ഒരു ചെറുചിരിയോടെ അദ്ദേഹം പറഞ്ഞു 'എഴുതുന്നത് കുഴപ്പമാണ്', ഇത്രയധികം എഴുതിയിട്ടുള്ള മാര്‍പാപ്പതന്നെയാണോ അതു പറയുന്നെന്നതറിയാതെ അമ്പരന്നു നിന്നു. കുഴപ്പങ്ങളേറെയുണ്ടാക്കും എന്നറിഞ്ഞുകൊണ്ടുതന്നെയാണ് മാര്‍പാപ്പയായിരിക്കുമ്പോള്‍ കൂടി സ്വന്തം പേരില്‍ പുസ്തകമിറക്കാന്‍ അദ്ദേഹം ധൈര്യം കാണിച്ചതല്ലോ എന്നാലോചിച്ചപ്പോള്‍ ആ ചിരി ഒരു കുസൃതിച്ചിരിയല്ലേ എന്നു തോന്നിപ്പോയി.

അന്നത്തെ ആ കൂടിക്കാഴ്ച്ചയ്ക്കുശേഷം അദ്ദേഹത്തോടുള്ള സ്‌നേഹവും ആദരവും എന്നില്‍ വര്‍ധിച്ചു. സ്വന്തം വീട്ടിലെ വല്ല്യപ്പനോടെന്നപ്പോലെ ആദരവ് നിറഞ്ഞ സ്‌നേഹം. സ്‌നേഹപ്രകടനം കത്തുകളിലൂടെയായിരുന്നു, പള്ളിയിലേയും ദൈവശാസ്ത്ര ക്ലാസിലേയും വിശേഷങ്ങളൊക്കെ വിശദീകരിച്ച് അദ്ദേഹത്തിന് കത്തുകളെഴുതാന്‍ തുടങ്ങി. വിശേഷാവസരങ്ങളില്‍ കാര്‍ഡുകളോ പൂക്കളോ അയച്ചു. ഓരോ തവണ കത്തെഴുതുമ്പോഴും ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ എന്തെങ്കിലും ഒരു അടയാളം മറുപടി ആയിട്ട് വരുമായിരുന്നു. ഫോട്ടോ കാര്‍ഡ്, ഒരു ചിത്രം, ആശംസാ വാചകങ്ങള്‍ അങ്ങനെ എന്തെങ്കിലും. നിത്യവ്രതവാഗ്ദാനത്തിന്റെ അവസരത്തില്‍ അദ്ദേഹത്തിന്റെ ആശീര്‍വാദം അഭ്യര്‍ത്ഥിച്ചപ്പോള്‍, ആശീര്‍വാദം കുറിച്ചിട്ട ഒരു പുസ്തകം സമ്മാനമായി അയച്ചു. അദ്ദേഹത്തിന്റെ ഈ സ്‌നേഹ വാത്സല്യം അനുഭവിച്ചറിയാനും, വത്തിക്കാനിലെ മാത്തര്‍ എക്ലേസിയ ആശ്രമത്തില്‍ പോയി സന്ദര്‍ശിക്കാനും മലയാളികളടക്കം മറ്റു പലര്‍ക്കും സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മറ്റേതു വിശേഷണത്തെക്കാളും അധികമായി സ്‌നേഹമുള്ള പിതാവ് എന്ന് അദ്ദേഹം അറിയപ്പെടണമെന്ന് ആഗ്രഹിക്കുന്നു. ദൈവശാസ്ത്ര പണ്ഡിതനും ബൈബിള്‍ വിജ്ഞാനിയുമായ അദ്ദേഹം ഒരുനാള്‍ സഭയിലെ വേദപാരംഗതരിലൊരാളായി ഉയര്‍ത്തപ്പെടുമായിരിക്കും. എന്നാല്‍ അതിനേക്കാള്‍ ശോഭയോടെ ക്രിസ്തുവിനോടും സഭയോടും സഭാതനയരോടുമുള്ള അദ്ദേഹത്തിന്റെ സ്‌നേഹവാത്സല്യം തെളിഞ്ഞു നില്‍ക്കും. അവസാനമായി ഉച്ചരിച്ച ആ വാക്യം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം 'ഈശോയെ ഞാനങ്ങയെ സ്‌നേഹിക്കുന്നു.'

കര്‍ത്താവേ നാം ഇവിടെ ആയിരിക്കുന്നതെത്ര നന്ന് (മത്തായി 17:4) എന്ന പത്രോസിന്റെ വാക്കുകളാണ് വത്തിക്കാന്‍ തോട്ടത്തിലെ മാത്തര്‍ എക്ലേസിയ ആശ്രമത്തിലെ ചെറിയ ചാപ്പലില്‍ ആദ്യമായി വന്നപ്പോള്‍ മനസ്സില്‍ അലയടിച്ചത്. വിശ്രമജീവിതം നയിച്ചിരുന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പ അന്ന് പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ കൂടെ നിന്നിരുന്ന ആര്‍ച്ച്ബിഷപ്പ് ഗ്യോര്‍ഗ് ഗാന്‍സ്വയിനും 'memores domini' സമര്‍പ്പിത സമൂഹത്തിലെ സഹോദരിമാരും ചുവന്ന തിരുവസ്ത്രങ്ങള്‍ അണിഞ്ഞ്, കോര്‍ത്തുവച്ച കൈകളില്‍ ജപമാലയുമേന്തി ശാന്തനായി കിടക്കുന്ന പാപ്പയ്ക്ക് അരികില്‍ ഇപ്പോഴുമുണ്ട്.

സ്വന്തം വിശ്വാസത്തിന്റെ ദൈവശാസ്ത്ര അടിസ്ഥാനങ്ങളെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്ന ഏതൊരു വിശ്വാസിയും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് Introduction to Christianity. (1968-ല്‍ പ്രൊഫസര്‍ റാറ്റ്‌സിംഗറുടെ ക്ലാസ് നോട്ടുകളില്‍ നിന്നാരംഭിച്ച ഈ കൃതിയുടെ പരിഷ്‌കരിച്ച പതിപ്പ് 2000-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ പുതിയൊരു ആമുഖത്തോടെ ഇറങ്ങിയപ്പോഴും ഉള്ളടക്കം വലിയ മാറ്റങ്ങള്‍ വേണ്ടാത്ത വിധം അതി പ്രസക്തമായിരുന്നു.)

കത്തോലിക്കാ സഭയുടെ പരമാധികാരി എന്ന നിലയില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച ഔദ്യോഗിക പ്രബോധനങ്ങള്‍ക്കു പുറമേ സ്വന്തം പഠനത്തിന്റെയും വിചിന്തനത്തിന്റെയും ഫലമായി മൂന്ന് വാല്യങ്ങളായി അദ്ദേഹം നമുക്ക് നല്‍കിയ Jesus of Nazareth യേശുക്രിസ്തുവിനെക്കുറിച്ചുള്ള അറിവു വര്‍ധിപ്പിക്കുക മാത്രമല്ല, അവിടുത്തോടുള്ള വ്യക്തിബന്ധം ആഴപ്പെടുത്താനും സഹായിക്കും.

വിശ്വാസം, പ്രത്യാശ, ഉപവി എന്ന ദൈവിക പുണ്യത്രയങ്ങളെ കേന്ദ്രീകരിച്ചാണ് അദ്ദേഹം തന്റെ ചാക്രിക ലേഖനങ്ങള്‍ തയ്യാറാക്കിയത്. 'ദൈവം സ്‌നേഹമാണ്. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു' (1 യോഹ. 4:16) എന്ന തിരുവചനം ഉദ്ധരിച്ചുകൊണ്ട് ആരംഭിച്ച പ്രഥമ ചാക്രിക ലേഖനവും (Deus Caritas Est, 2005) 'പ്രത്യാശയിലാണ് നാം രക്ഷപ്രാപിക്കുന്നത്.' (റോമാ 8:24) എന്ന വിശുദ്ധ ഗ്രന്ഥഭാഗം ആവര്‍ത്തിച്ചു കൊണ്ട് അനന്തസ്‌നേഹമാകുന്ന ക്രിസ്തുവിലുള്ള പ്രത്യാശയിലൂടെ കരഗതമാകുന്ന രക്ഷയെക്കുറിച്ച് പ്രതിപാദിച്ച (Spe Salvi, 2007) രണ്ടാമത്തെ ചാക്രിക ലേഖനവും കത്തോലിക്കരെ മാത്രം അഭിസംബോധന ചെയ്താണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ രചിച്ചത്. എന്നാല്‍ 2009-ല്‍ രചിച്ച മൂന്നാമത്തേയും അവസാനത്തേയും ചാക്രിക ലേഖനം 'സത്യത്തില്‍ സ്‌നേഹം' (Caritas in Veritate, 2009) സന്‍മനസ്സുള്ള എല്ലാവര്‍ക്കുമായാണ് മാര്‍പാപ്പ സമര്‍പ്പിച്ചത് (MSW പോലെയുള്ള സാമൂഹ്യ സേവനമേഖലയില്‍ പഠിക്കുന്നവരും ഗവേഷണം നടത്തുന്നവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ലേഖനമാണിത്). കാരണം 'ഓരോ വ്യക്തിയുടേയും മനുഷ്യവംശം മുഴുവന്റെയും യഥാര്‍ത്ഥ പുരോഗതിക്ക് പിന്നിലുള്ള ചാലകശക്തിയാണ് സത്യത്തിലുള്ള സ്‌നേഹം' (സത്യത്തില്‍ സ്‌നേഹം, 1). ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ സഭാഭരണ തുടര്‍ച്ചയാണ് ഫ്രാന്‍സിസ് പാപ്പയിലൂടെ പരിശുദ്ധാത്മാവ് തുടരുന്നതെന്നതിന്റെ വ്യക്തമായ അടയാളമാണ് ബെനഡിക്ട് പാപ്പ ആരംഭിച്ച് ഫ്രാന്‍സിസ് പാപ്പ പൂര്‍ത്തീകരിച്ച വിശ്വാസത്തിന്റെ പ്രകാശം (Lumen fidei, 2013) എന്ന ചാക്രിക ലേഖനം.

ഇനിയും ഒരു പരിഹരിക്കാത്ത ദൈവശാസ്ത്ര പ്രശ്‌നങ്ങള്‍ സഭയിലുണ്ട് എന്ന് ഏറ്റു പറയുന്നതില്‍ എളിമയുടെ പിതാവിന് ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ല. മാമോദീസ സ്വീകരിക്കാതെ മരണമടയുന്ന കുട്ടികള്‍ ലിംബോ എന്ന ശുദ്ധീകരണ സ്ഥലത്തേക്ക് പോകുമെന്ന് പറയുന്നത് ദൈവശാസ്ത്ര സത്യമല്ല, ഒരഭിപ്രായമായിരുന്നു എന്നും യാതൊരു പാപവും ചെയ്യാതെ അങ്ങനെ മരണമടയുന്ന കുഞ്ഞുങ്ങള്‍ ദൈവതിരുമുഖം കണ്ട് ആനന്ദിക്കുമെന്ന പ്രത്യാശയാണ് സഭയ്ക്കുള്ളതെന്നും അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്‍ സ്ഥിരീകരിച്ചു (20 April 2007).

പുരോഗമനവാദിയെന്ന പേരില്‍ സഭയ്ക്കുള്ളില്‍ തന്നെ ഏറെ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന, സഭയുടെ പഞ്ചക്ഷതങ്ങള്‍ എന്ന വിഖ്യാത ഗ്രന്ഥത്തിലൂടെ സഭയിലെ വീഴ്ചകള്‍ പരസ്യമായി ചൂണ്ടിക്കാണിച്ച അന്തോണിയോ റോസ്മിനിയെ വാഴ്ത്തപ്പെട്ട പദത്തിലേക്കുയര്‍ത്തിയത് ബെനഡിക്ട് പാപ്പയാണ്. തന്റെ ചില പ്രഭാഷണങ്ങളില്‍ അദ്ദേഹം റോസ്മിനിയെ ഉദ്ധരിക്കുകയും ചെയ്തു. സത്യത്തിന്റെ കരുത്ത് അദ്ദേഹത്തിന്റെ വാക്കുകളിലെന്നും ഉണ്ടായിരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org