അസന്തുലിത പ്രകൃതിയും സംസ്‌കൃതിയും: വികൃതിയുടെ വിളയാട്ട പര്‍വ്വം

അസന്തുലിത പ്രകൃതിയും സംസ്‌കൃതിയും: വികൃതിയുടെ വിളയാട്ട പര്‍വ്വം
മതമില്ലാത്ത ജീവനും, മതഭ്രാന്തനായ ജീവനും പെരുകുമ്പോള്‍ മതങ്ങളുടെ മൂല്യങ്ങള്‍ സ്വാംശീകരിച്ച് ജീവിതത്തില്‍ പകര്‍ത്തുന്ന ജീവനുകള്‍ ദിനംപ്രതി കുറഞ്ഞുവരുന്നു. പെരുകുന്ന അതിജീവിതകള്‍, ഉയരുന്ന ആത്മഹത്യ-കൊലപാതക നിരക്കുകള്‍, വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുത, ലൈംഗിക അരാജകത്വം, മദ്യവും മയക്കുമരുന്നും അമിതമായി ഉപയോഗിക്കുന്നതിലൂടെ ഉടലെടുക്കുന്ന അതിതീവ്ര ശാരീരിക മാനസിക പ്രശ്‌നങ്ങള്‍, വിവാഹമോചനം, വിവാഹേതര ബന്ധങ്ങള്‍, മൊ ബൈല്‍ ഫോണിന് അടിമയായി ഡിപ്രഷനിലേക്ക് വഴുതിവീഴുന്ന യുവത - അങ്ങനെ താളം തെറ്റുന്ന സംസ്‌കൃതിയുടെ നേര്‍ക്കാഴ്ച ഭീകരവും, യഥാര്‍ത്ഥവുമാണ്.

അസന്നിഗ്ദ്ധാവസ്ഥയുടെ പാരമ്യത്തിലൂടെയാണ് മനുഷ്യരാശി ഇന്നു കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകളില്‍ ഒരിക്കല്‍ മാത്രം സംഭവിച്ചേക്കാവുന്ന വീണ്ടും തിരിച്ചുപിടിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ചില മാറ്റ പ്രക്രിയകള്‍ ലോകത്തിലുടനീളം പ്രകടമാണ്. 'മാറ്റങ്ങള്‍' പ്രാബല്യത്തില്‍ വന്നുകൊണ്ടിരിക്കുന്ന ഈ 'കാലഘട്ടത്തെ' മറ്റേതൊരു കാലഘട്ടത്തെ പോലെ അഭിമുഖീകരിക്കാനാണ് മനുഷ്യന്റെ തീരുമാനമെങ്കില്‍, തീര്‍ച്ചയായും, മനുഷ്യരാശിക്ക് അതിന് വലിയ വില കൊടുക്കേണ്ടി വരും! അനിവാര്യമായ ചില 'മാറ്റ'ങ്ങള്‍ക്കിടയില്‍, ചില 'മാറ്റ'ങ്ങളെങ്കിലും ഒരിക്കലും സംഭവിക്കാതിരിക്കാന്‍ തക്കവിധം നാം സജ്ജരാവുകയും, ജാഗരൂകതയോടെ അതിനെ ചെറുത്തു തോല്പിക്കാന്‍ തീരുമാനിക്കുകയും വേണം. മനുഷ്യരെ മൃഗങ്ങളില്‍നിന്നും മറ്റു ജീവജാലങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്ന അവരുടെ 'ഇച്ഛാശക്തി'യെ ഘനീഭവിപ്പിക്കേണ്ട ദിനരാത്രങ്ങളാണ് ഇനിയുള്ളത്. നമ്മളേവരും അനുഭവിച്ചുകൊണ്ടിരിക്കുന്നതാണെങ്കില്‍ കൂടി 'മാറ്റ'ങ്ങളുടെ താളം തെറ്റുന്ന പ്രകൃതിയുടേയും സംസ്‌കൃതിയുടേയും വ്യതിയാനങ്ങളെ നിങ്ങളുടെ മുമ്പില്‍ വരച്ചു കാട്ടുന്നതോടൊപ്പം, ഇതിന്റെ പരിണിതഫലമായ 'വികൃതിയുടെ വിളയാട്ടപര്‍വ്വ'ത്തില്‍ നിന്നും രക്ഷനേടാനുള്ള ചില പരിഹാരമാര്‍ഗ്ഗങ്ങളും ഈ ലേഖനത്തിലൂടെ നിങ്ങളിലേക്ക് എത്തിക്കുവാന്‍ ആഗ്രഹിക്കുകയാണ്.

താളം തെറ്റുന്ന പ്രകൃതി (Covid 19)

വൈദ്യശാസ്ത്രത്തിലും മറ്റു ശാസ്ത്ര-സാങ്കേതിക വിദ്യകളിലും അവിശ്വസനീയമായ മുന്നേറ്റങ്ങള്‍ നടത്തിയ മനുഷ്യരാശിക്ക് മുമ്പില്‍ ഇനിയും മറ്റൊരു 'മഹാപകര്‍ച്ചവ്യാധി' (pandemic) ഉണ്ടാകില്ല എന്ന നിഗമനത്തിന് വലിയ ക്ഷതം വരുത്തിക്കൊണ്ടാണ് 2019 ഡിസംബറില്‍ 'കൊറോണ വൈറസ്' എന്ന കുഞ്ഞന്‍ വൈറസ് തന്റെ വരവറിയിച്ചതും കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ മനുഷ്യനെ കീഴ്‌പ്പെടുത്തിയതും. ലോകം മുഴുവന്‍ ഏറ്റെടുത്ത യുവല്‍ നോഹ ഹരാരി എന്ന യുവചരിത്രകാരന്റെ 'സാപിയന്‍സ്: മനുഷ്യരാശിയുടെ ഒരു ഹൃസ്വചരിത്രം' എന്ന പുസ്തകത്തില്‍ ഇനിയൊരു 'മഹാപകര്‍ച്ചവ്യാധി' ഉണ്ടായാല്‍ പോലും അതിന് ഒരിക്കലും മുമ്പ് ഉണ്ടായിരുന്ന 'മഹാപകര്‍ച്ച വ്യാധി'കളെപോലെ മാരകമായിരിക്കാന്‍ സാധിക്കില്ല എന്നുപോലും ലേഖകന്‍ അവകാശപ്പെടുന്നുണ്ട്. കാരണം, ബയോ ടെക്‌നോളജിയും, നിര്‍മ്മിത ബുദ്ധിയും ചേര്‍ന്ന് വാക്‌സിനുകളും, മറ്റു പരിഹാര മാര്‍ഗ്ഗങ്ങളും കുറഞ്ഞ സമയത്തിനുള്ളില്‍ വികസിപ്പിച്ചെടുക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ഏകദേശം 3 ദശലക്ഷം മനുഷ്യര്‍ക്ക് ഈ കുഞ്ഞന്‍ വൈറസ് കാരണം ജീവിതം നഷ്ടമായി എന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. ജോലി നഷ്ടപ്പെട്ടവരും, ജോലി ചെയ്യാന്‍ സാധിക്കാത്ത വിധം കാലാകാലത്തേക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരും ഇനിയുമേറെ! താളം തെറ്റുന്ന പ്രകൃതിയുടെ ആദ്യത്തെ നേര്‍രേഖാ കാഴ്ചയായി കോവിഡ്-19 നെ കണക്കാക്കാം.

കാലാവസ്ഥാ വ്യതിയാനം

ഇടിമിന്നല്‍, മഴ, വെയില്‍, മഞ്ഞ് എന്നിങ്ങനെയുള്ള ലഘുപദങ്ങളില്‍നിന്ന് ചുഴലി, ചക്രവാതം, ന്യൂനമര്‍ദ്ദം, കൂമ്പാര മേഘങ്ങള്‍ എന്നിങ്ങനെയുള്ള സങ്കീര്‍ണ്ണ കാലാവസ്ഥാ അനു ബന്ധ പദങ്ങളിലേക്ക് മനുഷ്യന്റെ ശബ്ദതാരാവലി തുറക്കപ്പെട്ടിട്ട് അധികകാലമായിട്ടില്ല. ആഗോളതാപനവും, കാലാവസ്ഥാ വ്യതിയാനവും ശാസ്ത്രകാരന്മാരുടേയും, ആക്റ്റിവിസ്റ്റുകളുടേയും പ്രസിദ്ധിയാര്‍ജ്ജിക്കുവാനുള്ള തന്ത്രമാണ് എന്ന ആരോപണം ഉന്നയിച്ചവരെയെല്ലാം നിശബ്ദരാക്കി കൊണ്ട് ആഗോളതാപനത്തിന്റെ പരിണിതഫലമായ കാലാവസ്ഥാ വ്യതിയാനം സത്യമായി കൊണ്ടിരിക്കുന്നു. അതിതീവ്ര ശൈത്യവും, അതികഠിനചൂടും, അസമയത്തുള്ള മഴകളും, വെള്ളപൊക്കവും, ഉരുള്‍പൊട്ടലുമൊക്കെ വന്‍നാശനഷ്ടം വിതയ്ക്കുമ്പോള്‍, ശാസ്ത്ര-സാങ്കേതികവിദ്യകളില്‍ ഏറെ മുമ്പില്‍ എന്ന് അവകാശപ്പെടുന്ന 21-ാം നൂറ്റാണ്ടിലെ മനുഷ്യരാശിക്ക് ഇവയെ പ്രതിരോധിക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ഇനിയും ആയിട്ടില്ല എന്ന തിരിച്ചറിവ് വന്നു ചേരുന്നതേയുള്ളൂ.

താളം തെറ്റുന്ന പ്രകൃതി, താളം തെറ്റുന്ന സംസ്‌കൃതിയുടെ ഒരു ഉപോത്പന്നമാണെന്ന് ഒരു ആത്മശോധനയ്ക്ക് തയ്യാറായാല്‍ നമുക്ക് മനസ്സിലാകും. ഇങ്ങനെ ഒരു ആത്മശോധനയ്ക്ക് തയ്യാറാക്കുക/തയ്യാറാകുക എന്നതു കൂടി ഈ ലേഖനത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. അതുകൊണ്ടുതന്നെ താളം തെറ്റുന്ന സംസ്‌കൃതിയിലേക്ക് ഒരു എത്തിനോട്ടത്തിന് വായനക്കാരെ ക്ഷണിക്കുകയാണ്.

അമിതമായ മതാത്മകതയും, യഥാര്‍ത്ഥ ആത്മീയതയുടെ കുറവും, ഒരു പരിധി വരെ ഇന്നത്തെ തലമുറയെ യുക്തിവാദത്തിലേക്കും, നിരീശ്വര വാദത്തിലേക്കും തള്ളി വിട്ടിട്ടുണ്ട്. ഇതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മതനേതാക്കന്മാരും, മതാധികാരികളും തങ്ങളുടെ അനുയായികളെ യഥാര്‍ത്ഥ ആത്മീയതയിലേക്ക് നയിക്കേണ്ടിയിരിക്കുന്നു. വാണിജ്യത്തിന്റേയും, അധികാരത്തിന്റേയും സമവാക്യങ്ങള്‍ മതവിശ്വാസത്തില്‍ നിന്നും തീര്‍ത്തും നീക്കിക്കളയേണ്ടിയിരിക്കുന്നു.

താളം തെറ്റുന്ന സംസ്‌കൃതി

മതമില്ലാത്ത ജീവനും, മതഭ്രാന്തനായ ജീവനും പെരുകുമ്പോള്‍ മതങ്ങളുടെ മൂല്യങ്ങള്‍ സ്വാംശീകരിച്ച് ജീവിതത്തില്‍ പകര്‍ത്തുന്ന ജീവനുകള്‍ ദിനംപ്രതി കുറഞ്ഞുവരുന്നു. പെരുകുന്ന അതിജീവിതകള്‍, ഉയരുന്ന ആത്മഹത്യ-കൊലപാതക നിരക്കുകള്‍, വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുത, ലൈംഗിക അരാജകത്വം, മദ്യവും മയക്കുമരുന്നും അമിതമായി ഉപയോഗിക്കുന്നതിലൂടെ ഉടലെടുക്കുന്ന അതിതീവ്ര ശാരീരിക മാനസിക പ്രശ്‌നങ്ങള്‍, വിവാഹമോചനം, വിവാഹേതര ബന്ധങ്ങള്‍, മൊബൈല്‍ ഫോണിന് അടിമയായി ഡിപ്രഷനിലേക്ക് വഴുതിവീഴുന്ന യുവത - അങ്ങനെ താളം തെറ്റുന്ന സംസ്‌കൃതിയുടെ നേര്‍ക്കാഴ്ച ഭീകരവും, യഥാര്‍ത്ഥവുമാണ്. ശരാശരി വിദ്യാഭ്യാസവും ബുദ്ധിയുമുള്ള ഏതു വ്യക്തിക്കും മനസ്സിലാകുന്ന കാര്യമാണ് മേല്‍പറഞ്ഞ കാര്യങ്ങളുടെ നിരക്ക് ക്രമാതീതമായി സമൂഹത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ട് എന്ന സത്യം. നിയമത്തിനോ, സന്മാര്‍ഗ്ഗശാസ്ത്രങ്ങള്‍ക്കോ നിയന്ത്രിക്കാനാകാത്ത വിധം കൈവിട്ടുപോകുന്ന അവസ്ഥ നമ്മുടെ സമൂഹത്തില്‍ ഉടലെടുക്കുന്നുണ്ട് എന്ന് നാം തിരിച്ചറിയേണ്ടേ?

ഇതൊക്കെ സാധാരണമാണെന്നും, മുമ്പും സംഭവിച്ചിട്ടുണ്ടെന്നും, ഇനിയും സംഭവിക്കുമെന്നുമൊക്കെയുള്ള നിസ്സംഗതാ മനോഭാവത്തോടെയാണ് ഈ പ്രതിസന്ധിയെ നാം നോക്കിക്കാണുന്നതെങ്കില്‍ ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ മനുഷ്യന്‍ അതിന് വലിയ വില കൊടുക്കേണ്ടി വരും.

ഈ പ്രതിസന്ധിയില്‍ നിന്ന് എങ്ങനെ തിരിച്ചു നടക്കാം?

അമിതമായ മതാത്മകതയും, യഥാര്‍ത്ഥ ആത്മീയതയുടെ കുറവും, ഒരു പരിധി വരെ ഇന്നത്തെ തലമുറയെ യുക്തിവാദത്തിലേക്കും, നിരീശ്വര വാദത്തിലേക്കും തള്ളി വിട്ടിട്ടുണ്ട്. ഇതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മതനേതാക്കന്മാരും, മതാധികാരികളും തങ്ങളുടെ അനുയായികളെ യഥാര്‍ത്ഥ ആത്മീയതയിലേക്ക് നയിക്കേണ്ടിയിരിക്കുന്നു. വാണിജ്യത്തിന്റേയും, അധികാരത്തിന്റേയും സമവാക്യങ്ങള്‍ മതവിശ്വാസത്തില്‍ നിന്നും തീര്‍ത്തും നീക്കിക്കളയേണ്ടിയിരിക്കുന്നു. യുക്തിവാദത്തിലും നിരീശ്വരവാദത്തിലും താന്‍പോരിമയും, 'അവനവനിസവു'മൊക്കെ തഴച്ചുവളരുന്ന അവസ്ഥയുള്ളതുകൊണ്ട് സംസ്‌കൃതിയുടെ അസന്തുലിതാവസ്ഥയ്ക്ക് ഇവ വളമായിത്തീരുന്നു എന്നു നാം തിരിച്ചറിയണം. ഇത്തരുണത്തില്‍ ആത്മീയതയ്ക്ക് ഒരു പുനര്‍നിര്‍വ്വചനം ആവശ്യമായിരിക്കുന്നു. ''മനുഷ്യരിലും, സര്‍വ്വജീവജാലങ്ങളിലും സൃഷ്ടാവിന്റെ അഭിഷിക്തനെ ദര്‍ശിക്കുക'' എന്നതാകട്ടെ നവ ആത്മീയത.

ഈ നവആത്മീയതയെ പുല്കാന്‍ സഹായിക്കുംവിധം മതതത്ത്വശാസ്ത്രങ്ങളേയും ദൈവശാസ്ത്രങ്ങളേയും പുനഃസംഘടിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തം മതനേതാക്കളില്‍ സംക്ഷിപ്തമാണ്.

അപരനെ നരകമായി കണ്ട സാര്‍ത്രിന്റെ പിന്‍ഗാമികളാണ് ഇന്ന് ഭൂരിഭാഗവും. മനുഷ്യജീവിതം അര്‍ത്ഥം കണ്ടെത്തുന്നത് മാനുഷികബന്ധങ്ങളിലാണ് എന്ന സങ്കല്പത്തിന് പിന്‍ഗാമികള്‍ ഏറെ കുറവും. ''നിന്റെ സഹോദരന്‍ ആബേല്‍ എവിടെ?'' എന്ന ചോദ്യത്തിന് ''എനിക്കറിയില്ല. ഞാനാണോ എന്റെ സഹോദരന്റെ കാവല്‍ക്കാരന്‍'' എന്ന തര്‍ക്കുത്തരത്തില്‍ ഒളിഞ്ഞിരിക്കുന്ന ഒരു സത്യമുണ്ട്. സഹോദരനെ സഹോദരനായി കണ്ട് പരിരക്ഷിക്കാത്തിടത്തോളം, എത്ര പ്രയത്‌നിച്ചാലും നമ്മുടെ ഭൂമി ഫലഭൂയിഷ്ഠമാകില്ല. ഈ ലളിതസത്യം മനസ്സിലാക്കി, എല്ലാ ജീവജാലങ്ങളേയും പരിരക്ഷിക്കാനുള്ള ആത്മീയതയിലേക്ക് വളരുമ്പോള്‍ മാത്രമേ, ഇന്നു നാം കാണുന്ന അസന്തുലിതമായ പ്രകൃതിയും, സംസ്‌കൃതിയും സന്തുലനം പ്രാപിക്കുകയുള്ളൂ. ബൈബിൡ, സാമുവലിന്റെ ഒന്നാം പുസ്തകം 26-ാം അദ്ധ്യായത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു വിവരണമുണ്ട്. തന്നെ വകവരുത്താന് പരിശ്രമിക്കുന്ന സാവൂളിനെ തിരിച്ചു വകവരുത്താന്‍ വളരെ നല്ല ഒരു അവസരം ലഭിച്ചിട്ടും സാവൂളിനെ ഉപദ്രവിക്കാതെ വെറുതെ വിടുന്ന ദാവീദിന്റെ ചിത്രമാണതില്‍ നാം കാണുക. ഹക്കീല മലനിരകളില്‍ ഒളിച്ചിരിക്കുന്ന ദാവീദിനെ വകവരുത്താന്‍ തെരഞ്ഞെടുക്കപ്പെട്ട മൂവായിരം സൈനികരോടു കൂടിയാണ് സാവൂള്‍ അവിടെ എത്തിച്ചേരുന്നത്. യാത്രാക്ഷീണത്തില്‍ ഗാഢനിദ്രയില്‍ ആഴ്ന്നുപോയ സാവൂളിനരികില്‍ എത്തുന്ന ദാവീദിനെ അബിഷായ് പ്രോത്സാഹിപ്പിക്കുന്നത്, ''ഇന്ന് കര്‍ത്താവ് നിന്റെ ശത്രുവിനെ നിന്റെ കൈകളില്‍ ഏല്പിച്ചിരിക്കുന്നു. അതുകൊണ്ട്, സാവൂളിന്റെ തന്നെ കുന്തംകൊണ്ട് ഒറ്റകുത്തിന് അവനെ കൊന്നു തരാം'' എന്നു പറഞ്ഞുകൊണ്ടാണ്. സാവൂളിനെ ഉപദ്രവിക്കാതെ സാവൂളിന്റെ കുന്തവും, കുടിജലമടങ്ങിയ കൂജയും എടുത്ത് മടങ്ങുന്ന ദാവീദ് മനുഷ്യരാശിക്ക് നല്കുന്ന പാഠം വലുതാണ്.

സാവൂളില്‍ കര്‍ത്താവിന്റെ അഭിഷിക്തനെ കണ്ട ദാവീദ്, സാവൂളിനെ നിരായുധനാക്കുന്നുണ്ടെങ്കിലും നിരാലംബനാക്കുന്നില്ല. ഈ ഒരു മനസ്സാണ് ഇന്നു മനുഷ്യരാശി കൈവശമാക്കേണ്ടത്. മനുഷ്യനിലും ഇതര ജീവജാലങ്ങളിലും സ്രഷ്ടാവിന്റെ അഭിഷിക്തരെ ദര്‍ശിക്കാന്‍ പഠിച്ചാല്‍ പ്രകൃതിയും, സംസ്‌കൃതി ഇനിയും സന്തുലിതമാകും. വികൃതിയുടെ വിളയാട്ടപര്‍വ്വത്തിന് അറുതിയും വരും!

(കേരളത്തിലെ സെന്‍ട്രല്‍ യൂണി വേഴ്‌സിറ്റിയില്‍ നിന്ന്, ജീനോമി ക്‌സില്‍ ഡോക്ടറേറ്റ് നേടിയിട്ടു ള്ള ലേഖകന്‍ ബംഗളുരു സെ. ജോണ്‍സ് മെഡിക്കല്‍ കോളേ ജില്‍ ശാസ്ത്രജ്ഞനാണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org