
ഒരു ച. കിലോമീറ്ററില്‍ 900 പേരാണ് കേരളത്തില്‍ കഴിയുന്നത്. എന്നാല്‍ നാം കുടിയേറുന്ന ആസ്‌ത്രേലിയായില്‍ ഇതു വെറും 3 പേരാണ്. കാനഡയില്‍ 4, അമേരിക്കയില്‍ 36, ജര്‍മ്മനിയില്‍ 240, യു.കെ.യില്‍ 281 എന്നിങ്ങനെയാണ് ജനസാന്ദ്രത. ഇന്ത്യയില്‍ യു.പി.യുടെ മാത്രം ജനസംഖ്യ 24 കോടിയാണ്. യൂറോപ്പിന്റെയാകെ ജനസംഖ്യ ഇന്ത്യയുടെ ഏതാനും സംസ്ഥാനങ്ങളുടേതിനു തുല്യമാണ്. കൂടാതെ, പാശ്ചാത്യരാജ്യങ്ങളിലും ഒഷ്യാനിയായിലും വയോധികരുടെ എണ്ണം ആനുപാതികമായി വര്‍ദ്ധിച്ചു വരുന്നു. ഇക്കാരണങ്ങളാല്‍ ആ രാജ്യങ്ങളില്‍ ചെറുപ്പക്കാര്‍ക്ക് ധാരാളം അവസരങ്ങളുണ്ട്. അവസരങ്ങളോട് ആളുകള്‍ സ്വാഭാവികമായും പ്രതികരിക്കും. ഇതാണു കേരളത്തില്‍ നിന്നുള്ള കുടിയേറ്റത്തിനു പിന്നിലെ ഒരു വസ്തുത. 1950-കളില്‍ കേരളത്തിലെ ജനസാന്ദ്രത മുന്നൂറില്‍ താഴെയായിരുന്നു. അതില്‍ നിന്നു മൂന്നും നാലും ഇരട്ടി ഇന്നു വര്‍ദ്ധിച്ചു. ചില പഞ്ചായത്തുകളിലെങ്കിലും അതു താങ്ങാവുന്നതില്‍ അധികമായിട്ടുണ്ട്. അപ്പോള്‍ സ്വാഭാവികമായും ജനങ്ങളുടെ നീക്കം വര്‍ദ്ധിക്കും.
എന്റെ ഒരു പി.എച്ച്.ഡി. വിദ്യാര്‍ത്ഥി പോര്‍ട്ടുഗലിലെ ലിസ്ബണില്‍ നിന്നുള്ളയാളാണ്. അവിടെ ഗ്രാമങ്ങളില്‍ നിറയെ കാണുന്നത് ഇന്ത്യാക്കാരെയാണെന്ന് അവര്‍ പറഞ്ഞു. കൂടുതലും പഞ്ചാബികളാണ്. പോര്‍ട്ടുഗലിലും ഇറ്റലിയിലും സ്‌പെയിനിലുമൊക്കെ ഗ്രാമപ്രദേശങ്ങളില്‍ ഫാമുകള്‍ ഏറ്റെടുത്തു നടത്തുന്ന ധാരാളം പഞ്ചാബികളുണ്ട്. പഞ്ചാബിലെ ഹോഷിയാര്‍പുര്‍ ജില്ലയില്‍ നിരവധി ഗ്രാമങ്ങള്‍ ഇതിനകം ഭൂതഗ്രാമങ്ങളായി മാറിക്കഴിഞ്ഞു. അതായത് ആളൊഴിഞ്ഞ, വീടുകള്‍ ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങള്‍. എല്ലാവരും നാടു വിട്ടു കുടിയേറി. അത്തരമൊരവസ്ഥ കേരളത്തില്‍ ഇതുവരെ ആയിട്ടില്ല.
യുവജനങ്ങളുടെ കുടിയേറ്റ പ്രവണതയെ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ കൊണ്ടു തടയാനാകില്ല. കാരണം സ്വാഭാവിക ശക്തി മൂലമാണ് ഇതു നടക്കുന്നത്. നിര്‍ബന്ധിത കുടിയേറ്റം അല്ല. വര്‍ഗീയ തയും തീവ്രവാദവും ആഭ്യന്തരയുദ്ധങ്ങളും പട്ടിണിയും പോലെയുള്ള കാരണങ്ങള്‍ കൊണ്ടാണ് അഫ്ഗാനിസ്ഥാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും കുടിയേറ്റം നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള മൈഗ്രേഷന്‍ അങ്ങനെയല്ല.
എന്നാല്‍ കുടിയേറ്റത്തിന്റെ ഭാവിയെക്കുറിച്ച് ഇപ്പോള്‍ തീര്‍പ്പു പറയാനാവില്ല. വിദേശരാജ്യങ്ങള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന ആശങ്ക നാം കണക്കിലെടുക്കണം. യൂറോപ്പിലാകെ വലതുപക്ഷ രാഷ്ട്രീയം ശക്തിപ്രാപിക്കുന്നു. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായി വംശീയത വളരുന്നു. കാലാവസ്ഥാമാറ്റം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഊര്‍ജം വന്‍തോതില്‍ ഉപയോഗിച്ചാണ് യൂറോപ്പ് അതിജീവിക്കുന്നത്. കാലാവസ്ഥാമാറ്റം ഇതിനെ പ്രതികൂലമായി ബാധിച്ചേക്കാം. യുദ്ധസാദ്ധ്യതകള്‍ പലയിടത്തും ഉണ്ട്. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ യൂറോപ്പിന്റെ സാമ്പത്തിക സ്ഥിതി എത്രത്തോളം ഭദ്രമായിരിക്കും എന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. നിരന്തരമായ ശാസ്ത്രഗവേഷണങ്ങളും നൂതനാവിഷ്‌കാരങ്ങളും യൂ റോപ് നടത്തുന്നുണ്ട്, പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നുണ്ട് എന്നതു കാണാതെയല്ല ഇതു പറയുന്നത്.
ഇപ്പോള്‍ ആളുകള്‍ യൂറോപ്പ് തേടുന്നതിന്റെ ഒരു കാരണം പൗരത്വം കിട്ടിക്കഴിഞ്ഞാലുള്ള സാമൂഹ്യസുരക്ഷാസംവിധാനങ്ങളാണ്. രാജ്യങ്ങളുടെ സാമ്പത്തികഭദ്രത തകര്‍ന്നാല്‍, അഞ്ചോ പത്തോ വര്‍ഷത്തിനു ശേഷം സ്ഥിതി മാറിയേക്കാം. അപ്പോള്‍ വലിയ ജനസംഖ്യയുള്ള ഇന്ത്യ പോലെയുള്ള രാജ്യങ്ങള്‍ ചിലപ്പോള്‍ പുരോഗതിയുടെ പാതയിലേക്കു കടന്നുവെന്നു വരാം. ഇന്ത്യയിലെ നഗരജനസംഖ്യ മൂന്നിലൊന്നു മാത്രമാണ്. അതു രണ്ടിലൊന്നായി വര്‍ദ്ധിച്ചാല്‍ തന്നെ സമ്പദ്‌വ്യവസ്ഥയില്‍ വലിയ കുതിപ്പുണ്ടാകും. ഉദാഹരണത്തിനു ബാംഗ്ലൂര്‍ വളര്‍ന്നപ്പോള്‍ കേരളത്തിലുള്ളവര്‍ക്കും ജോലികള്‍ കിട്ടിയല്ലോ. നഗരവത്കരണവും അതുകൊണ്ടുള്ള വളര്‍ച്ചയും തീര്‍ച്ചയായും ഇന്ത്യയില്‍ സംഭവിക്കും. നഗരജനസംഖ്യ ഇപ്പോഴത്തെ മുപ്പതു ശതമാനത്തില്‍ നിന്ന് ഓരോ ശതമാനം വര്‍ദ്ധിക്കുമ്പോഴും അവസരങ്ങള്‍ വര്‍ദ്ധിക്കും. ഏറ്റവുമധികം ശമ്പളം കിട്ടുന്ന ജോലികളുള്ളത് നഗരങ്ങളിലാണല്ലോ. വിശേഷിച്ചും മെട്രോ നഗരങ്ങളില്‍. പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി വച്ചു നോക്കുമ്പോള്‍ ഇന്ത്യന്‍ മെട്രോ നഗരങ്ങളിലെ ശമ്പളം പലപ്പോഴും പാശ്ചാത്യനഗരങ്ങളിലേതിനേക്കാള്‍ കൂടുതലാണ്. ഇവിടെ ഒരു ലക്ഷം രൂപയുടെ സ്ഥാനത്ത് പാശ്ചാത്യനഗരങ്ങളില്‍ മൂന്നു ലക്ഷം വേണം എന്നൊരു കണക്ക് ഉദാഹരണമായി എടുത്താല്‍, ഇന്ത്യന്‍ മെട്രോകളില്‍ ഒന്നോ രണ്ടോ ലക്ഷം രൂപ ശമ്പളം കിട്ടാനവസരമുള്ളവര്‍ എന്തിനു യൂറോപ്പില്‍ പോകണം എന്ന ചിന്ത സ്വാ ഭാവികമായും വരുമല്ലോ.
ധാരാളം നിക്ഷേപങ്ങളും അടിസ്ഥാനസൗകര്യവികസനപദ്ധതികളും ഇന്ത്യയില്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. അഹമ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിന്‍, കൊച്ചിയുള്‍പ്പെടെയുള്ള നഗരങ്ങളിലെ മെട്രോ റെയില്‍ വികസനം, അതിവേഗപ്പാതകള്‍ തുടങ്ങിയവ വലിയ മാറ്റമുണ്ടാക്കും. ഗതാഗതസൗകര്യങ്ങളില്‍ വന്‍തോതിലുള്ള മാറ്റമുണ്ടാകുമ്പോള്‍ അതു വാണിജ്യ വ്യവസായങ്ങളെയും ബാധിക്കും. വിദ്യാസമ്പന്നര്‍ക്ക് അവസരങ്ങള്‍ കൂടാനുള്ള സാദ്ധ്യത കാണുന്നുണ്ട്. ഇന്ത്യയെ പോലെ വളരാനുള്ള അവസരം പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഇനിയില്ല എന്നതാണു വസ്തുത. ജനസംഖ്യയുടെ ആനുകൂല്യം അവര്‍ക്കു മറികടക്കാനെളുപ്പമല്ല.
ഇന്ത്യയിലെ രാഷ്ട്രീയസാഹചര്യത്തിന്റെ അപകടസാദ്ധ്യതകള്‍ പലരും പറയുന്നുണ്ട്. പക്ഷേ ചിലപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രീയം ഇതിനേക്കാള്‍ അപകടകരമായി മാറിക്കൂടെന്നില്ല. സാമ്രാജ്യത്വകാലത്ത് അന്യായമായി കൈയടക്കിയ സമ്പത്താണ് യൂറോപ്പിലുള്ളത് എന്നതും മറന്നുകൂടാ. സ്വിറ്റ്‌സര്‍ലന്റും സ്വീഡനും വലിയ സമാധാനകാംക്ഷികളായ രാജ്യങ്ങളാണ്. പക്ഷേ ആയുധവില്‍പനയില്‍ നിന്നാണ് അവര്‍ വരുമാനത്തിന്റെ വലിയൊരു ഭാഗം സമാഹരിച്ചിരിക്കുന്നതെന്ന വൈരുദ്ധ്യമുണ്ട്. മറ്റു സ്ഥലങ്ങളിലെ അസമാധാനമാണ് അവരുടെ സമാധാനം. ഇതിന്റെയെല്ലാം ദൂരവ്യാപകമായ അനന്തരഫലങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്.
ഏതായാലും പുതിയ തലമുറയുടെ കുടിയേറ്റം കേരള സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും മാറ്റങ്ങളുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. ഇപ്പോഴത്തെ കുടിയേറ്റക്കാര്‍ നാട്ടിലേക്കു പണമയക്കാനും അതുകൊണ്ട് ഇവിടെ വികസനം വരാനുമുള്ള സാദ്ധ്യതകള്‍ വിരളമാണ്. ക്രയശേഷിയുള്ള ചെറുപ്പക്കാരുടെ എണ്ണം കുറയുന്നത് വിപണികളിലെ ഡിമാന്‍ഡിനെ പ്രതികൂലമായി ബാധിച്ചേക്കാം.
പഞ്ചാബികള്‍ യൂറോപ്പില്‍ പോയി കൃഷി ചെയ്യുന്ന കാര്യം പറഞ്ഞല്ലോ. ഈ പഞ്ചാബികളുടെ കൃഷി ബീഹാറില്‍ നിന്നുള്ളവരാണു ചെയ്യുന്നത്! അതുപോലെ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ സ്വീകരിക്കാന്‍ കേരളം കൂടുതല്‍ തയ്യാറാകേണ്ടി വരും. സങ്കുചിതമനോഭാവം നാം ഉപേക്ഷിക്കുകയും ഇന്ത്യയെന്ന പൊതുബോധം ആര്‍ജിക്കുകയും ചെയ്താല്‍ തൊഴില്‍ ശേഷിയുടെ ഇല്ലായ്മ പരിഹരിക്കാന്‍ ബുദ്ധിമുട്ടു വരില്ല. കാരണം, വലിയ ജനസംഖ്യയുള്ള രാഷ്ട്രമെന്ന ഇന്ത്യയുടെ ആനുകൂല്യം എപ്പോഴും നമുക്കുണ്ടായിരിക്കും. എന്നാല്‍ വയോധികരുടെ പരിചരണം പോലുള്ള കാര്യങ്ങള്‍ക്ക് നാം പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതായി വരും.
(അഭിമുഖസംഭാഷണം)