കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി

കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി
സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പുതിയ സര്‍വകലാശാലകള്‍ വന്നാല്‍, ഗവേഷണം ഊര്‍ജസ്വലമാക്കാനും പുത്തന്‍ പാഠ്യപദ്ധതികള്‍ ഇപ്പോഴത്തേതിനേക്കാള്‍ കാര്യക്ഷമമായി നടപ്പാക്കാനും സാധിക്കും എന്നുള്ളതു വളരെ നല്ല കാര്യമാണെങ്കിലും, അവ ആര്‍ക്കു ഗുണം ചെയ്യും എന്നുള്ളതു നമ്മുടേതുപോലെ സാമ്പത്തികമായി ഉച്ചനീചത്വങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ വലിയ ചോദ്യമായി ഉയര്‍ന്നുവരും.

കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാം എന്നു സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നുവെന്നാണ് അടുത്തയിടെ വന്ന മാധ്യമവാര്‍ത്തകളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്. കുറച്ചു നാളുകളായി, കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ പോകുന്നുവെന്നുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരാന്‍ തുടങ്ങിയിട്ട്. കളമശ്ശേരിയിലെ രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസും തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളജും കല്പിത സര്‍വകലാ ശാലകളാകാന്‍ അര്‍ഹതയുള്ളവയാണെന്നു യു ജി സിയുടെ വെബ്‌സൈറ്റില്‍ അറിയിപ്പു വന്നപ്പോഴും, അതിനുശേഷം ഏതാനും കോളജുകള്‍ സര്‍വകലാശാലകളായി ഉയര്‍ത്താന്‍വേണ്ടി ഗവണ്‍മെന്റിനു അപേക്ഷ നല്‍കിയപ്പോഴും ഈ വാര്‍ത്ത വന്നിരുന്നു. താമസിയാതെ സര്‍ക്കാര്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെക്കുറിച്ചു പഠിക്കാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും മൂന്നു കമ്മീഷനുകള്‍ സ്ഥാപിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ നവീകരണം, സര്‍വകലാശാലാ നിയമങ്ങളുടെ പരിഷ്‌കരണം, പരീക്ഷാ നടത്തിപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്നിവ പഠിക്കാനായിരുന്നു ഈ മൂന്നു കമ്മീഷനുകള്‍. ഇവയില്‍ ആദ്യത്തെ കമ്മീഷന്‍, ശ്യാം ബി. മേനോന്‍ കമ്മീഷന്‍ എന്നറിയപ്പെടുന്ന കമ്മീഷന്‍, ആണ് ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്കു സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കുന്നത് ആവശ്യമാണ് എന്നു നിര്‍ദ്ദേശിച്ചത്. ഇതു സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിരിക്കുന്നു. ഇതിനു മുമ്പ്, 2015-ല്‍ മറ്റൊരു കമ്മിറ്റി സമാന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ഇവയുടെയൊക്കെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എങ്ങനെയായിത്തീരാം എന്നു ഹ്രസ്വമായി പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

ഇന്നത്തെ സ്ഥിതി

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് സര്‍വകലാശാലകളുടെ, ദൗത്യങ്ങള്‍ മൂന്നാണ് എന്നു പറയാറുണ്ട്. ഏതൊരു വിദ്യാലയത്തെയും പോലെ, പുതിയ തലമുറയ്ക്കു അധ്യയനത്തിലൂടെ വിജ്ഞാനം പകര്‍ന്നു കൊടുക്കുക, അതു വിദ്യാര്‍ത്ഥികള്‍ക്കു മനസ്സിലായോയെന്നും, അത് ഉപയോഗിക്കാന്‍ പ്രാപ്തരായോയെന്നും പരീക്ഷയിലുടെ പരിശോധിക്കുക, ഗവേഷണത്തിലൂടെ പുതിയ അറിവ് ഉണ്ടാക്കുകയും ഉണ്ടാക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിവയാണ് പ്രസ്തുത ദൗത്യങ്ങള്‍. ഇവയില്‍ ആദ്യത്തെ രണ്ടു ദൗത്യങ്ങളാണ്, അതായത് അധ്യയനവും പരീക്ഷാ നടത്തിപ്പും ആണ്, നമ്മുടെ സര്‍വകലാശാലകള്‍ ദീര്‍ഘകാലമായി ചെയ്തുപോന്നിരുന്നത്. അവതന്നെ കാര്യക്ഷമമായി ചെയ്യാന്‍ അവയില്‍ പലതിനും സാധിച്ചിരുന്നില്ല. രണ്ടിലും ധാരാളം പോരായ്മകളും കെടുകാര്യസ്ഥതയും അഴിമതികളും നടന്നിരുന്നു, ഇപ്പോഴും നടക്കുന്നു. അതിവേഗം വളരുന്ന വിജ്ഞാനം സമയാസമയത്ത് അധ്യയനത്തിലൂടെ വിദ്യാര്‍ത്ഥികളിലേക്കെത്തിക്കാന്‍ നമ്മുടെ മിക്കവാറും എല്ലാ സര്‍വകലാശാലകളും പരാജയപ്പെടുന്നുവെന്നതു കൊണ്ടാണല്ലോ അവയുടെ പ്രഥമ ദൗത്യത്തില്‍ത്തന്നെ കാലികപ്രസക്തി നഷ്ടപ്പെട്ടവയായി തീര്‍ന്നിരിക്കുന്നുവെന്ന ആക്ഷേപം നിരന്തരം ഉയരുന്നതും ഇക്കാര്യ ത്തില്‍ മെച്ചപ്പെട്ട മറ്റു സര്‍വകലാശാലകളിലേക്കു വിദ്യാര്‍ത്ഥികള്‍ പോകുന്നതും. അന്തര്‍ദേശീയതലത്തില്‍ അതിവേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന വിവിധ ശാഖകളിലെ വിജ്ഞാനത്തെ സ്വാംശീകരിച്ച് നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കു കൈമാറാന്‍ നമ്മുടെ അധ്യാപകര്‍ക്കു പലര്‍ക്കും സാധിക്കുന്നില്ല, അതിനാവശ്യമായ പാഠ്യപദ്ധതി പരിഷ്‌കരണം വളരെ ഉദാസീനമായിട്ടാണ് ഇപ്പോഴും ഇവിടെ നടക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഈ രംഗത്തു പ്ര വര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതകളാണല്ലോ.

അതുപോലെതന്നെയാണു പകര്‍ന്നുകൊടുക്കുന്ന അറിവ് വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കി ഭാവിയില്‍ ഉപയോഗിക്കാന്‍ പ്രാപ്തരായോ എന്നു പരിശോധിക്കുന്ന പരീക്ഷാരീതിയുടെ കാര്യവും. ഓര്‍മശക്തിക്ക് അമിത പ്രാധാന്യം കൊടുക്കുന്ന പരീക്ഷാരീതിക്കാണ് ഇപ്പോഴും നമ്മുടെ സര്‍വകലാശാലകളിലും കലാലയങ്ങളിലും പ്രഥമസ്ഥാനം. കിട്ടിയ അറിവ് ഉപയോഗിക്കാന്‍ പരിശീലിച്ചുവോ, ക്രിയാത്മകമായി ചിന്തിച്ച്, സാഹചര്യത്തിനനുസിരിച്ചു പ്രയോഗിക്കാന്‍ സാധിക്കുമോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ഇപ്പോഴും തുച്ഛമായ പ്രാധാന്യമേയുള്ളൂ. അറിവ് ശേഖരിക്കുന്നതോടൊപ്പം കിട്ടിയ അറിവിനെ ആധാരമാക്കി രചനാത്മകമായി ചിന്തിക്കാന്‍ ഉള്ള പരിശീലനം തന്നെ നമ്മുടെ കലാലയങ്ങളില്‍ കുറവാണല്ലോ. ഇതിനു പുറമെയാണു പരീക്ഷാനടത്തിപ്പില്‍ കൂടെക്കൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന വീഴ്ചകളും അബദ്ധങ്ങളും കെടുകാര്യസ്ഥതയും ഫലപ്രഖ്യാപനത്തിലെ അക്ഷന്തവ്യമായ കാലതാമസവും മറ്റും.

ഇവയേക്കാളൊക്കെ പരിതാപകരമാണു മൂന്നാമത്തെ ദൗത്യം നിര്‍വഹിക്കുന്നതില്‍ നമ്മുടെ സര്‍വകലാശാലകളുടെ സ്ഥിതി. ലോകത്തെല്ലായിടത്തും തന്നെ സര്‍വകലാശാലകളാണു ഗവേഷണം വഴി പുതിയ അറിവ് ഉണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിജ്ഞാനപ്രഭവകേന്ദ്രങ്ങളായി ഇന്നു പ്രവര്‍ത്തിക്കുന്നത്, പുരാതനകാലത്ത് സ്ഥിതി ഒരുപക്ഷേ വ്യത്യസ്തമായിരുന്നെങ്കിലും. അങ്ങനെ നോക്കുമ്പോള്‍, ആധുനികകാലത്ത് വിവിധ വിജ്ഞാന ശാഖകളിലായി ലോകത്തിനു ലഭിച്ചിരിക്കുന്ന പുത്തന്‍ അറിവുകളെല്ലാം തന്നെ പാശ്ചാത്യലോകത്തെ ഗവേഷണകേന്ദ്രങ്ങളില്‍നിന്നോ, പാശ്ചാത്യരീതിയില്‍ ഗവേഷണം നടത്തുന്ന മറ്റു വിദേശ രാജ്യങ്ങളില്‍നിന്നോ ആണ്. ഇവയില്‍ ചിലത് വിവിധ വ്യവസായ മേഖലകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നല്ലൊരു ശതമാനം സര്‍വകലാശാലകളില്‍ത്തന്നെയാണ്. എന്നാല്‍, അക്കാര്യത്തില്‍ ഭാരതീയ സര്‍വകാലാശാലകള്‍ ഒട്ടുംതന്നെ അഭിമാനകരമായ സ്ഥിതിയിലല്ല. ആധുനിക കാലത്തു പുതിയ വിജ്ഞാനം സംഭാവന ചെയ്തു നോബേല്‍ സമ്മാനം പോലെ അന്തര്‍ദേശീയ അംഗീകാരം നേടിയ ഇന്ത്യാക്കാര്‍ പോലും പാശ്ചാത്യ സര്‍വകലാശാലകളില്‍ ഗവേഷണം നടത്തിയാണു വിജയിച്ചതും അറിയപ്പെട്ടതും.

ആദ്യപടി

ഇങ്ങനെയൊക്കെ വിലയിരുത്തുമ്പോള്‍, ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ സ്ഥിതി ഒട്ടുംതന്നെ അഭിമാനാര്‍ഹമല്ലയെന്നേ പറയാനാവൂ. അതില്‍ത്തന്നെ കേരളത്തിന്റെ സ്ഥിതി പരമ ദയനീയവും. ഇവയ്‌ക്കൊരു അപവാദമായി ചൂണ്ടിക്കാണിക്കാനാകുന്നത് ഇന്ത്യയിലെ ഏതാനും ഐ ഐടികളും ഐ ഐ എമുകളും വിരലിലെണ്ണാവുന്ന ചുരുക്കം ചില സര്‍വകലാശാലകളും ആണ്. അവയുടെ പലതിന്റേയുംതന്നെ നിലവാരം ആദ്യകാലങ്ങളിലേക്കാള്‍ ഇടിഞ്ഞിരിക്കുന്നുവെന്നാണു വിലയിരുത്തല്‍.

കേരളത്തെ സംബന്ധിച്ചു പറഞ്ഞാല്‍, അടിസ്ഥാന വിദ്യാഭ്യാസം അഥവാ സ്‌കൂള്‍ വിദ്യാഭ്യാസം താരതമ്യേന കാര്യക്ഷമവും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും തട്ടുകളിലേക്കും വ്യാപിച്ചിരിക്കുന്നതുമാണെന്നതില്‍ നമുക്ക് അഭിമാനിക്കാമെങ്കിലും, മുകളില്‍ സൂചിപ്പിച്ചതുപോലെ ഉന്നത വിദ്യാഭ്യാസത്തിന്റെ സ്ഥിതി അതല്ല, ഒട്ടുംതന്നെ അഭിമാനാര്‍ഹവുമല്ല. മുകളില്‍ പറഞ്ഞ മൂന്നു ദൗത്യങ്ങളിലും നമ്മുടെ സര്‍വകലാശാലകള്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു.

ഏതായാലും, ഭാരതത്തിലാകെയും സ്ഥിതി അത്ര മെച്ചമൊന്നുമല്ലയെന്നു മനസ്സിലാക്കിയിട്ടാവണം ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യം കൊടുക്കാന്‍ വേണ്ടി ഭാരത സര്‍ക്കാര്‍ രണ്ടു പ്രധാന തീരുമാനങ്ങള്‍ എടുത്തു. ഒന്ന്, കോളജുകള്‍ക്ക് അക്കാദമിക സ്വാതന്ത്ര്യം നല്‍കുക, രണ്ട്, സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കുക. അങ്ങനെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ കുറെയൊക്കെ അക്കാദമിക സ്വാതന്ത്ര്യം ലഭിക്കുന്ന സ്വയംഭരണാവകാശമുള്ള (ഒട്ടോണമസ്) കോളജുകള്‍ സ്ഥാപിക്കപ്പെട്ടു, അഥവാ നിലനിന്നിരുന്ന നിലവാരം ഉണ്ടെന്നു കരുതപ്പെട്ട പല കലാലയങ്ങളും ഒട്ടോണമസ് ആയി ഉയര്‍ത്തപ്പെട്ടു. ഗവേഷണം, പാഠ്യപദ്ധതി നവീകരണം, പരീക്ഷാനടത്തിപ്പ് മുതലായ കാര്യങ്ങളില്‍ സ്വതന്ത്രമായും വേഗത്തിലും തീരുമാനമെടുക്കാനും, അതിവേഗത്തില്‍ വളരുന്ന വിജ്ഞാനത്തെ ഇന്ത്യയിലെ പുതിയ തലമുറക്കു കൈമാറ്റം ചെയ്യാനും ആണ് ഈ സംരംഭം തുടങ്ങിയത്. പൂര്‍ണമായല്ലെങ്കിലും കുറച്ചൊക്കെ ഇക്കാര്യത്തില്‍ ആ കാല്‍വയ്പു വിജയിച്ചെന്നു പറയണം. ഒട്ടോണമസ് കോളജുകള്‍ക്കു പുറമെ, പല സംസ്ഥാനങ്ങളും സ്വകാര്യസര്‍വകാശാലകള്‍ക്കും അനുവാദം നല്‍കി. ഈ സര്‍വകലാശാലകള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സര്‍വകലാശാലകളേക്കാള്‍ പാഠ്യപദ്ധതിയുടെ പരിഷ്‌കരണത്തിലും ഗവേഷണത്തിലും മറ്റും മുന്നേറുന്നതു കാണാം. സര്‍ക്കാര്‍ നിയന്ത്രിത വിദ്യാഭ്യാസസംവിധാനങ്ങള്‍ സ്വഭാവത്താലെതന്നെ ഇഴഞ്ഞുനീങ്ങാന്‍ വിധിക്കപ്പെട്ടവപോലെയാണു കാണപ്പെടുന്നത്.

ഒരു പടി പുറകില്‍

എന്നാല്‍ കേരളത്തില്‍ സ്വയംഭരണ കോളജുകള്‍ തന്നെ ആരംഭിക്കുന്നതു മറ്റു സംസ്ഥാനങ്ങളില്‍ തുടങ്ങിയശേഷം അനേകം വര്‍ഷം കഴിഞ്ഞ് 2014-ല്‍ മാത്രമാണ്. മാത്രമല്ല, മറ്റു സംസ്ഥാനങ്ങളില്‍ ഒട്ടനവധി സ്വയംഭരണ കോളജുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ നിലവില്‍ വന്നെങ്കില്‍, കേരളത്തില്‍ ഇന്നും വെറും 23 കോളജുകളിലായി ഈ സംരംഭം ചുരുങ്ങി നില്‍ക്കുന്നു. ഈ കോളജുകള്‍ക്ക് അക്കാദമിക കാര്യങ്ങളില്‍ മാത്രമാണു സ്വയംഭരണാവകാശമുള്ളതെങ്കിലും അതില്‍ പോലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് കേരളത്തിലെ സര്‍വകലാശാലകള്‍ ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ഉദ്ദേശിച്ച വിധത്തില്‍ പാഠ്യപദ്ധതി, അധ്യയനരീതി, പരീക്ഷാസമ്പ്രദായം മുതലായവയില്‍ പരിഷ്‌കരണം വരുത്തുന്നതിനു ഈ കലാലയങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. അതുപോലെ, മറ്റു പല സംസ്ഥാനങ്ങളും കല്പിത സര്‍വകലാശാലകള്‍ക്കും സ്വകാര്യ സര്‍വകലാശാലകള്‍ക്കും അനുവാദം നല്‍കിയിട്ടും കേരളം അതിനു ഇതുവരെ തയാറായിട്ടില്ല. ഇപ്പോഴും തത്വത്തില്‍ മാത്രമാണല്ലോ നിശ്ചയിച്ചിരിക്കുന്നത്. ഇന്നു ഭാരതത്തില്‍ വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന അനേകം കല്പിത-സ്വകാര്യ സര്‍വകലാശാലകള്‍ ഉണ്ട്. അവയില്‍ ചിലതാണു നമ്മുടെ നാട്ടിലും അറിയപ്പെടുന്ന, മുംബയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, തമിഴ്‌നാട്ടില്‍ സ്ഥാപിതമായി കേരളത്തിലും ക്യാമ്പസുകള്‍ സ്ഥാപിച്ചു പ്രവര്‍ത്തിക്കുന്ന അമൃത വിശ്വവിദ്യാപീഠം, പുനെയില്‍ സ്ഥാപിച്ച് കേരളത്തില്‍ ക്യാമ്പസുകള്‍ സ്ഥാപിച്ചു കഴീഞ്ഞിരിക്കുന്ന ചിന്മയവിശ്വവിദ്യാലയ, ആസാമിലെ ഗുവാഹത്തി കേന്ദ്രമാക്കി സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഡോണ്‍ ബോസ്‌കോ സര്‍വകലാശാല, ബാംഗഌര്‍ കേന്ദ്രമാക്കി സ്ഥാപിക്കപ്പെട്ട് ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ ഗസിയാബാദിലും മഹാരാഷ്ട്രയിലെ ലവാസയിലും ക്യാമ്പസുകള്‍ സ്ഥാപിച്ചു കഴിഞ്ഞ ക്രൈസ്റ്റ് കല്പിത സര്‍വകലാശാല മുതലായവ. ഇതൊക്കെയായിട്ടും ഉന്നത വിദ്യാഭ്യാസ രംഗത്തു കുടുതല്‍ സ്വാതന്ത്ര്യം കൊടുക്കുന്നതിനും അറിവിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് ഉന്നതവിദ്യാഭ്യാസത്തിലെ വിഷയങ്ങളും രീതിയും കാലാനുസൃതമാക്കിത്തീര്‍ക്കുന്നതിനും സഹായിക്കുന്ന സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കാന്‍ കേരള സര്‍ക്കാര്‍ ഇതുവരെ അനുവാദം കൊടുത്തിട്ടില്ല. മൂകളില്‍ പറഞ്ഞതുപോലെ, അതിപ്പോഴും ആശയതലത്തില്‍ അവശേഷിക്കുന്നു. അതിനു പ്രധാനകാരണം പൊതുമേഖലയിലായിരിക്കണം അഥവാ പൊതുമേഖലയുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കണം എല്ലാ സംരംഭങ്ങളും എന്ന ഇടതുപക്ഷ പ്രത്യയശാസ്ത്ര പിടിവാശിയാണ്. എന്നാല്‍ സര്‍ക്കാരിനാകട്ടെ പൊതുമേഖലയില്‍ പുതുസംരംഭങ്ങള്‍ ആരംഭിക്കാന്‍ കയ്യില്‍ കാശുമില്ല, ആരംഭിച്ചാലാകട്ടെ കാര്യക്ഷമമായി നടത്താന്‍പ്പറ്റിയ ബ്യൂറോക്രാറ്റിക് സംസ്‌കാരവുമില്ല. ഫലമാകട്ടെ, വിദ്യാഭ്യാസ രംഗത്തെ വിനാശകരമായ നിശ്ചലതയും.

മുതല്‍ മുടക്കാന്‍ കേരളസര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്ത സാഹചര്യത്തില്‍ അതു കണ്ടെത്താനും, നിയന്ത്രണങ്ങള്‍ കുറച്ച് പാഠ്യപദ്ധതിയും പഠനരീതികളും ഗവേഷണവും മറ്റും മെച്ചപ്പെടുത്താനും സ്വകാര്യ സര്‍വകലാശാലകള്‍ ഉണ്ടായേ തീരൂവെന്നു വരുന്നു. മാത്രമല്ല, ഇങ്ങനെ കാര്യക്ഷമമായ ഉന്നത വിദ്യാഭ്യാസം ഇവിടെത്തന്നെ ലഭിക്കുമെന്നു വരുമ്പോഴേ, ഭാവിയില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ മറ്റു സംസ്ഥാനങ്ങളിലെ സര്‍വകലാശാലകള്‍ തേടി പോകുന്നതിനു അല്പം കുറവുണ്ടാകുകയുള്ളൂ.

സാമൂഹികമായ അപകടം

ഈ നിശ്ചലതയില്‍ മനം മടുത്താണ് ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും കുടിയേറുന്നത്. കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടുകയും വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന വിജ്ഞാനം ആര്‍ജിക്കാന്‍ മറ്റു സംസ്ഥാനങ്ങളോ നാടുകളോ ആണു സൗകര്യപ്രദം എന്നാണു പരക്കെയുള്ള വിലയിരുത്തല്‍. ഉള്ള വിദ്യാഭ്യാസംതന്നെ നേരേചൊവ്വേ സമയബന്ധിതമായും കാര്യക്ഷമമായും കൊടുക്കാന്‍ കഴിയാത്ത ഈ സംസ്ഥാനത്തു നിന്നാല്‍ മേല്‍ഗതി ഉണ്ടാവില്ലയെന്ന ആശങ്കയില്‍ നിന്നാണ് ഈ പലായനം. മാത്രമല്ല, നല്ല വിദ്യാഭ്യാസത്തിനു കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റു സംസ്ഥാനങ്ങളിലോ നാടുകളിലോ ആണു കൂടുതല്‍ ജോലി സാധ്യതകളെന്നതും ചെറുപ്പക്കാരെ കുടിയേറ്റത്തിനു പ്രേരിപ്പിക്കുന്നു. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി ഈ കുടിയേറ്റം ആശങ്കാകുലമായ രീതിയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. തത്ഫലമായി ഇന്നു കേരളത്തിലെ കലാലയങ്ങളില്‍ പതിനായിരക്കണക്കിനു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. മാത്രമല്ല, കുടിയേറിപ്പോകുന്ന ഈ യുവാക്കള്‍ പഠനം കഴിഞ്ഞു തിരിച്ചുവരാനുള്ള താത്പര്യത്തോടെയല്ല പോകുന്നത്. ആ രാജ്യങ്ങളിലോ പ്രദേശങ്ങളിലോ ജോലി നേടി അവിടെത്തന്നെ വാസമുറപ്പിക്കുകയാണു ലക്ഷ്യം.

കുറേ വര്‍ഷങ്ങളായി ഗള്‍ഫു നാടുകളിലേക്കു നമ്മുടെ ചെറുപ്പക്കാര്‍ ജോലിക്കുവേണ്ടി പോകുന്നതു നാം കാണുന്നതാണ്. പക്ഷേ, ഗള്‍ഫു നാടുകളില്‍ പൗരത്വം നേടി സ്ഥിരവാസാവകാശം ആര്‍ജിക്കുക എളുപ്പമല്ല, ഭൂരിപക്ഷവും അതിനു ശ്രമിക്കാറുമില്ല. മാത്രമല്ല, ഇങ്ങനെ ഗള്‍ഫിലേക്കു കുടിയേറിയവരില്‍ ബഹുഭൂരിപക്ഷവും അണ്‍സ്‌കില്‍ഡ്, സെമിസ്‌കില്‍ഡ് ഗണത്തില്‍ പെട്ടവരായിരുന്നു. അവര്‍ പോയ ഒഴിവിലേക്കാണല്ലോ ബംഗാളികളും ഒഡീഷക്കാരും മറ്റും ഇവിടെ എത്തിയിട്ടുള്ളതും മേല്‍പറഞ്ഞതരം ജോലികള്‍ നമ്മുടെ നാട്ടില്‍ ചെയ്തുകൊണ്ടിരിക്കുന്നതും. ഇരുകൂട്ടര്‍ക്കും, ഗള്‍ഫിലാണെങ്കിലും കേരളത്തിലാണെങ്കിലും, കൂടുതല്‍ കൂലി കിട്ടുകയെന്നതാണു ലക്ഷ്യം. ആ പണം സ്വന്തം നാട്ടിലെ കുടുംബാംഗങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കായി അവര്‍ അയച്ചു കൊടുത്ത്, വളരെ ബുദ്ധിമുട്ടുള്ളതും പരിതാപകരവുമായ ജീവിതസാഹചര്യങ്ങളില്‍ അവര്‍ ഒതുങ്ങിക്കഴിയുന്നു. എന്നാല്‍ വിദ്യാഭ്യാസത്തിനായി പോകുന്ന പുത്തന്‍ കുടിയേറ്റക്കാരുടെ ലക്ഷ്യം അത്ര ചുരുങ്ങിയതല്ല. ഒരുപക്ഷേ ആദ്യകാലങ്ങളില്‍ നാട്ടിലെ കുടുംബാംഗങ്ങളെ കുറച്ചൊക്കെ സഹായിച്ചേക്കാമെങ്കിലും, ഇക്കൂട്ടര്‍ അന്തിമമായി ലക്ഷ്യം വയ്ക്കുന്നതു കുടിയേറിയ നാട്ടിലെ കൂടുതല്‍ മെച്ചപ്പെട്ട ജീവിതംതന്നെയാണ്. അതുകൊണ്ട്, മുന്‍ കുടിയേറ്റക്കാരെപ്പോലെ ഇവര്‍ തിരിച്ചുവരുമെന്നു പ്രതീക്ഷിക്കേണ്ടതില്ല. ഇക്കൂട്ടര്‍ താരതമ്യേന കുടുതല്‍ കഴിവും ബുദ്ധിയുമുള്ളവരാണ്. അത്തരത്തിലുള്ളവര്‍ പതിനായിരക്കണക്കിനു ഈ നാട്ടില്‍നിന്നു പോകുമ്പോള്‍ ആ ഒഴിവിലേക്കും എവിടെനിന്നെങ്കിലും പകരക്കാര്‍ വരുക സ്വാഭാവികം. കാരണം, സമൂഹം പ്രകൃതിയെപ്പോലെതന്നെ ശൂന്യത അനുവദിക്കുകയില്ല. തീര്‍ച്ചയായും ഈ ശൂന്യതയും നിറയപ്പെടും. പക്ഷേ, പുറത്തുനിന്നു വരാന്‍ സാധ്യതയുള്ള, കൂടുതല്‍ കഴിവുള്ള ഇക്കൂട്ടര്‍ ഇന്നത്തെ ബംഗാളികളെപ്പോലെ പറഞ്ഞതു കേട്ട് ജോലിചെയ്യുന്നവരാകില്ല, മറിച്ച്, പറഞ്ഞു ജോലി ചെയ്യിപ്പിക്കാന്‍ കഴിവുള്ളവരും അതിനുവേണ്ട തീരുമാനങ്ങളെടുക്കാന്‍ പ്രാഗല്ഭ്യം ഉള്ളവരുമായിരിക്കും. അവര്‍ നമുക്കുവേണ്ടി തീരുമാനമെടുക്കുന്ന കാലം വിദൂരത്തിലല്ല.

ഏതായാലും ഇങ്ങനെയൊക്കെ നമ്മുടെ നാട് ആയിത്തീരാന്‍ ഇടയാകുന്ന സ്ഥിതിയിലെത്തിയിട്ടും നമ്മുടെ സര്‍ക്കാരിന്റെ കണ്ണ് മുഴുവന്‍ തുറന്നിട്ടില്ല.

കണ്ണു തുറക്കുന്നോ?

എങ്കിലും, പതുക്കെ കണ്ണു തുറക്കാന്‍ നമ്മടെ സര്‍ക്കാര്‍ ശ്രമിക്കയാണോ? മുകളില്‍ സൂചിപ്പിച്ചതുപോലെ, വളരെ നിര്‍ണായകമായ ഒരു ഘട്ടത്തിലേക്കു നമ്മുടെ സമൂഹം മാറിക്കൊണ്ടിരിക്കുന്നതു കണ്ടിട്ടാകണം കുറെ വൈകിയാണെങ്കിലും കേരളസര്‍ക്കാര്‍ സ്വകാര്യ സര്‍വകലാശാലകളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നുവത്രെ. ഇടതുപക്ഷരാഷ്ട്രീയക്കാര്‍ പൊതുവെ സ്വകാര്യ സംരംഭങ്ങളോടു വിമുഖതയുള്ളവരാണല്ലോ. അതു സ്വശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്ന കാര്യത്തിലും, സ്വയംഭരണ കോളജുകളും സ്വകാര്യ സര്‍വകലാശാലകളും തുടങ്ങുന്നതിലും മാത്രമല്ല, വ്യവസായം, സേവന മേഖലകള്‍ മുതലായവ സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുക്കുന്നതിലും ഈ വൈമുഖ്യം പൊതുവെ പ്രകടമാണെന്നു നമുക്കറിയാം. എന്തിന്, സ്വകാര്യസംരംഭങ്ങള്‍ മാത്രമല്ല, മുന്‍കാലങ്ങളില്‍ ട്രാക്റ്റര്‍, കമ്പ്യൂട്ടര്‍ മുതലായ പുത്തന്‍ സാമഗ്രികളെപ്പോലും സംശയദൃഷ്ടിയോടെ നോക്കാനേ അവര്‍ക്കു കഴിഞ്ഞിട്ടുള്ളൂ. കമ്മ്യൂണിസ്റ്റു രാജ്യങ്ങള്‍ പോലും ഇത്തരം കാര്യങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞിട്ടേ ഇവിടത്തെ നേതാക്കള്‍ക്ക് ഇവ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുള്ളൂ അങ്ങനെ സ്വകാര്യ മേഖലയില്‍ നിന്നു വരുന്ന എന്തും സംശയദൃഷ്ടിയോടെ കാണുന്ന ഇടതു സമീപനത്തില്‍നിന്ന് ഇന്നും നമ്മുടെ നാട്ടിലെ ഇടതു നേതാക്കള്‍ മോചനം നേടിയിട്ടില്ല. അത് ഉന്നതവിദ്യാഭ്യാസ കാര്യത്തിലും മുഴുവനായി മാറിയിട്ടില്ലയെന്നാണ് ഇതിനോടനുബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

തത്വത്തിലെങ്കിലും ഇപ്പോള്‍ സര്‍ക്കാര്‍ സ്വകാര്യ സര്‍വകലാശാലകളെന്ന ആശയം സ്വീകരിച്ചുവെന്നാണല്ലോ കേള്‍ക്കുന്നത്. (പുതിയ ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് (National Education Policy), ഏതാനും വര്‍ഷങ്ങള്‍ക്കകം അഫീലിയേറ്ററ്റ് കോളജുകള്‍ എന്ന സമ്പ്രദായം അവസാനിക്കുകയും കോളജുകളോ കോളജുകളുടെ സമൂച്ചയങ്ങളോ ബിരുദം നല്‍കുന്ന സര്‍വകലാശാലകളോ സ്വയംഭരണ കോളജുകളോ ആയിത്തീരും എന്ന കാര്യവും ഇവിടെ സ്മരണീയമാണ്). പക്ഷേ, അക്കാര്യത്തിലും പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള സാധ്യത നിലനില്‍ക്കുന്നു. കല്പിത സര്‍വകലാശാലകള്‍ എന്ന ആശയത്തിനു കേരളസര്‍ക്കാര്‍ ഇപ്പോഴും പച്ചക്കൊടി കാട്ടിയിട്ടില്ല. അതിനു കാരണമായി പറയുന്നത്, കല്പിതസര്‍വകലാശാലകള്‍ യു.ജി.സിയുടെ വളരെ ചുരുങ്ങിയ നിയന്ത്രണങ്ങള്‍ക്കുമാത്രം കീഴിലാണെന്നും, എതിര്‍പ്പില്ലയെന്ന നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലപ്പുറം കേരളസര്‍ക്കാരിനു നിയന്ത്രണമില്ലയെന്നും ഉള്ളതാണ്. സ്വകാര്യ സര്‍വകലാശാലകളാകട്ടെ, ഇനി നമ്മുടെ സര്‍ക്കാര്‍ പാസാക്കിയെടുക്കാന്‍ ഉദ്ദേശിക്കുന്ന നിയമമനുസരിച്ചു മാത്രമേ സ്ഥാപിക്കാനാവു. അക്കാദമികവും ഭരണപരവും സാമ്പത്തികവും ആയ എന്തെല്ലാം കാര്യങ്ങളില്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങളുണ്ടാകുമെന്നും അവ എത്രത്തോളം സ്വതന്ത്ര പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും നിയമങ്ങള്‍ വന്നാലേ പറയാനാവൂ. മറ്റു സംസ്ഥാനങ്ങളില്‍ നല്‍കിയിരിക്കുന്നത്ര സ്വാതന്ത്ര്യം ഇവിടെ ലഭിക്കണമെന്നില്ല. ആ നിയമങ്ങള്‍ കണ്ടതിനു ശേഷമല്ലേ, ഒരു ട്രസ്റ്റോ സംഘടനയോ കത്തോലിക്കാസഭയെപ്പോലുള്ള ഒരു പ്രസ്ഥാനമോ ഒരു സര്‍വകലാശാല തുടങ്ങിയാല്‍ നാം ആഗ്രഹിക്കുന്ന വിധത്തില്‍ സമൂഹത്തിനു ഗുണം ചെയ്യാന്‍ സാധിക്കുമോയെന്നു നിശ്ചയിക്കുകയുള്ളു.

തീര്‍ന്നില്ല, സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പുതിയ സര്‍വകലാശാലകള്‍ വന്നാല്‍, ഗവേഷണം ഊര്‍ജസ്വലമാക്കാനും പുത്തന്‍ പാഠ്യപദ്ധതികള്‍ ഇപ്പോഴത്തേതിനേക്കാള്‍ കാര്യക്ഷമമായി നടപ്പാക്കാനും സാധിക്കും എന്നുള്ളതു വളരെ നല്ല കാര്യമാണെങ്കിലും, അവ ആര്‍ക്കു ഗുണം ചെയ്യും എന്നുള്ളതു നമ്മുടേതുപോലെ സാമ്പത്തികമായി ഉച്ചനീചത്വങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ വലിയ ചോദ്യമായി ഉയര്‍ന്നുവരും. 1960-നു ശേഷം ആദ്യം സ്വാശ്രയ വിദ്യാലയങ്ങളും പിന്നീടു കലാലയങ്ങളും നിലവില്‍ വന്നപ്പോഴും ഈ ചോദ്യം ഉയര്‍ന്നിരുന്നു. മാര്‍ ഇവാനിയോസ് കോളജ് പോലെ പത്തിരുപത് ഡിപ്പാര്‍ട്ടുമെന്റുകളിലായി സര്‍ക്കാരിന്റെ ശമ്പളം കിട്ടുന്ന നൂറില്‍പരം അധ്യാപകരും അതിനാനുപാതികമായത്ര അനധ്യാപകരും സേവനമനുഷ്ഠിക്കുന്ന ഒരു കോളജിനെ സര്‍വകലാശാലയായി ഉയര്‍ത്തുകയാണെങ്കില്‍, സര്‍ക്കാരിന്റെ സാമ്പത്തിക സഹായം അവസാനിക്കുകയും ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാന്‍ ഫീസ് നിരക്ക് ഉയര്‍ത്തേണ്ടി വരുകയും ചെയ്യുമ്പോള്‍, പ്രധാനമായും ആ കലാലയത്തെ അധ്യയനത്തിനായി ആശ്രയിക്കുന്ന, കോളജ് നടത്തുന്ന രൂപതയിലെ അംഗങ്ങളുടെ, പ്രത്യേകിച്ച് മാതാപിതാക്കളുടെ സാമ്പത്തികഭാരം തീര്‍ച്ചയായും വളരെ വര്‍ദ്ധിക്കുമെന്ന് ഉറപ്പാണ്. ഇത് ആ സമൂഹം എങ്ങനെ താങ്ങുമെന്ന പ്രശ്‌നമാകും സാധാരണ മാതാപിതാക്കള്‍ക്ക് ആദ്യം അഭിമുഖീകരിക്കേണ്ടി വരുക. കര്‍ണാടകയിലും മറ്റും ചില കോളജുകളെ സര്‍വകലാശാലകളായി ഉയര്‍ത്തിയപ്പോള്‍ സര്‍വീസിലുണ്ടായിരുന്ന ജീവനക്കാര്‍ വിരമിക്കുന്നതുവരെ സര്‍ക്കാരിന്റെ സഹായം തുടര്‍ന്നിരുന്ന രീതി അവലംബിച്ചാല്‍തന്നെ കുറച്ചുകാലത്തേക്കു കൂടി മേല്‍പറഞ്ഞ പ്രശ്‌നം തള്ളിക്കൊണ്ടു പോകാമെന്നതു മാത്രമാണ് ആശ്വാസം. വിരമിക്കുന്നതിനനുസരിച്ച് കൂടുതല്‍ കൂടുതല്‍ അധ്യാപകരും അനധ്യാപകരും സ്വാശ്രയ സംവിധാനത്തിലേക്കു മാറുന്നതിനനുസരിച്ച്, മേല്‍സൂചിപ്പിച്ച സാമ്പത്തികഭാരം മാതാപിതാക്കളിലേക്കു വരുമെന്ന് ഉറപ്പാണ്. എന്നാല്‍, രാജഗിരി സോഷ്യല്‍ സയന്‍സസ് കോളജിനെപ്പോലുള്ള ഒരു കലാലയത്തിനു ഈ പ്രശ്‌നം അത്ര രൂക്ഷമാകണമെന്നില്ല. കാരണം, ആ കലാലയത്തിലും അതുപോലുള്ള സ്ഥാപനങ്ങളിലും ആകെ വെറും രണ്ടുമൂന്നു ബിരുദാനന്തര ഡിപ്പാര്‍ട്ടുമെന്റുകളേ എയ്ഡഡ് ആയി ഉള്ളൂ. കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ബിരുദകോഴ്‌സുകളും മറ്റു ബിരുദാനന്തര കോഴ്‌സുകളും ഇപ്പോള്‍തന്നെ സ്വശ്രയരീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.

ഇങ്ങനെയൊക്കെ വിശകലനം ചെയ്യുമ്പോള്‍, ഒരു വശത്ത് കാലത്തിനനുസരിച്ച് ഉന്നത വിദ്യാഭ്യാസം കൂടുതല്‍ കാര്യക്ഷമമാക്കാനും അതിനാവശ്യമായ പണം ഉണ്ടാക്കാനും ഭാവിയില്‍ സ്വകാര്യമേഖലയെ ആശ്രയിക്കാതെ മുന്നോട്ടു പോകാനാവില്ലയെന്നു കാണാം. മുതല്‍ മുടക്കാന്‍ കേരളസര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്ത സാഹചര്യത്തില്‍ അതു കണ്ടെത്താനും, നിയന്ത്രണങ്ങള്‍ കുറച്ച് പാഠ്യപദ്ധതിയും പഠനരീതികളും ഗവേഷണവും മറ്റും മെച്ചപ്പെടുത്താനും സ്വകാര്യ സര്‍വകലാശാലകള്‍ ഉണ്ടായേ തീരൂവെന്നു വരുന്നു. മാത്രമല്ല, ഇങ്ങനെ കാര്യക്ഷമമായ ഉന്നത വിദ്യാഭ്യാസം ഇവിടെത്തന്നെ ലഭിക്കുമെന്നു വരുമ്പോഴേ, ഭാവിയില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ മറ്റു സംസ്ഥാനങ്ങളിലെ സര്‍വകലാശാലകള്‍ തേടി പോകുന്നതിനു അല്പം കുറവുണ്ടാകുകയുള്ളൂ. എങ്കിലും, ആ കുടിയേറ്റം കാര്യമായി കുറയണമെങ്കില്‍ രണ്ടു മാറ്റങ്ങള്‍ കൂടി വരണം. ഒന്ന്, വിദ്യാഭ്യാസമുള്ളവര്‍ക്കു തൊഴില്‍ സാധ്യതകള്‍ സംസ്ഥാനത്തിനകത്തുതന്നെ ഗണ്യമായ തോതില്‍ വര്‍ദ്ധിക്കണം. രണ്ട്, സ്വകാര്യസര്‍വകലാശാലകളുടെ ഗുണഭോക്താക്കള്‍ നല്ല ഫീസ് കൊടുത്തു പഠിക്കാന്‍ സാധിക്കുന്ന, ഉയര്‍ന്ന വരുമാനക്കാര്‍ മാത്രമാകാതെ താഴ്ന്ന സാമ്പത്തികതട്ടുകളിലുള്ളവര്‍ക്കും ഇതിന്റെഗുണം ലഭ്യമാകാന്‍ വിദേശങ്ങളില്‍ കാണുന്നതുപോലെ, ധാരാളം സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്താന്‍ വ്യവസായം മുതലായ മറ്റുമേഖലകളുടെ സഹായം തേടുകയും വേണം. കൂടുതല്‍ പ്രായോഗികമായ വിശകലനങ്ങള്‍ നിയമങ്ങളുണ്ടാക്കി നടപ്പാക്കാന്‍ തുടങ്ങുമ്പോഴേ ചെയ്യാനാവുകയുള്ളു. ഏതായാലും ഭാവിതലമുറയുടെ ഉന്നതവിദ്യാഭ്യാസ സാധ്യതകള്‍ വളരട്ടെ, വിജയിക്കട്ടെ, എന്നു തത്ക്കാലം ആശംസിക്കുക മാത്രം ചെയ്യുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org