ആളുകള്‍ നിറഞ്ഞ അമേരിക്കന്‍ പള്ളി

അമേരിക്കന്‍ യാത്രാ വിശേഷങ്ങള്‍ No.3
ആളുകള്‍ നിറഞ്ഞ അമേരിക്കന്‍ പള്ളി
ഈ പള്ളിയില്‍ കൂടുതല്‍ കുട്ടികളുള്ള ധാരാളം ചെറുപ്പക്കാരായ മാതാപിതാക്കളെ കാണാന്‍ കഴിഞ്ഞു. ഇവിടെ പ്രൊലൈഫ് (Pro-life) മൂവ്‌മെന്റിന് വലിയ പ്രാധാന്യമുണ്ട്. അമേരിക്കന്‍ കത്തോലിക്കാ സഭയില്‍ അബോര്‍ഷനെ എതിര്‍ക്കുന്ന വലിയ വിഭാഗമുണ്ട്.

ഓരോ യാത്രയും നമുക്ക് തരുന്നത് ഒരു പുതിയ ജീവിതവും, ഓര്‍ക്കാന്‍ ധാരാളം അനുഭവങ്ങളുമാണ്. യാത്രകള്‍ ദൂരെയാകണമെന്നില്ല. സന്തോഷം ഉണ്ടാകണമെന്ന് മാത്രം. ഒരു കത്തോലിക്കാ വിശ്വാസി എന്ന നിലയില്‍ കേരളത്തിന് പുറത്തും, ഇന്ത്യയ്ക്കു പുറത്തും സഞ്ചരിക്കുമ്പോള്‍, എപ്പോഴും ശ്രദ്ധിക്കുന്നത് ഞായറാഴ്ച കുര്‍ബാന കാണുവാന്‍ സൗകര്യമുണ്ടാകുമോ എന്ന കാര്യമാണ്. ഗള്‍ഫ്, ഇറ്റലി, അമേരിക്ക എന്നീ സ്ഥലങ്ങളില്‍ അതിനു വലിയ പ്രയാസം ഉണ്ടാകാറില്ല. പക്ഷേ കം ബോഡിയയില്‍ പോയപ്പോള്‍ ഒരു പള്ളി കണ്ടുപിടിക്കാന്‍ വലിയ പ്രയാസമായി. ആര്‍ക്കും ഇംഗ്ലീഷ് ഭാഷ അറിയില്ല. പിന്നെ കൈ കുരിശ് ആകൃതിയില്‍ കാണിച്ചാണ് പള്ളി കണ്ടുപിടിച്ചത്. അത് നല്ല അനുഭവമായിരുന്നു. അമേരിക്കയില്‍ വന്നപ്പോള്‍ ധാരാളം പള്ളികള്‍ ഉണ്ട്. അതെല്ലാം പല വിഭാഗക്കാരുടേതാണ്. അപരിചിതര്‍ക്ക് എല്ലായിടത്തും ഓടിച്ചെന്ന് കയറാനും കഴിയില്ല. ആദ്യ ദിവസങ്ങളില്‍ വലിയ തണുപ്പായിരുന്നു. അതിനാല്‍ കേരളത്തില്‍ നിന്നുള്ള ഓണ്‍ലൈന്‍ കുര്‍ബാന കണ്ടു. ഇവിടെ അടുത്തുള്ള കത്തോലിക്കാ പള്ളി 6 മൈല്‍ ദൂരത്താണ്. അത് ഏകദേശം 10 കിലോമീറ്റര്‍ വരും. ഇവിടെ ദൂരം മൈല്‍ കണക്കിലാണ് പറയുക, (ഇവിടെ എല്ലാ അളവുകളും വ്യത്യസ്ത രീതിയിലാണ്) ചിലപ്പോള്‍ പറയും ഇത്ര മണിക്കൂര്‍ ദൂരം എന്നും. കാരണം തടസ്സമില്ലാത്ത യാത്രയാണ്.

അങ്ങനെ ഞായറാഴ്ച കുര്‍ബാനയില്‍ പങ്കുകൊള്ളുന്നതിനു വേണ്ടി സെന്റ് ജോസഫ് ചര്‍ച്ചില്‍ (റോമന്‍ കാത്തലിക്ക് ലാറ്റിന്‍, റിച്ചാര്‍ഡ്‌സണ്‍) പോയി. ഈ പള്ളി 1976 ജൂണ്‍ 01 ല്‍ സ്ഥാപിച്ചതാണ്. ഇവിടെ ഏകദേശം, രജിസ്റ്റര്‍ ചെയ്ത 20000 ജനങ്ങളും, 6000 കുടുംബങ്ങളുമുണ്ട്. ഞായറാഴ്ച ആറ് കുര്‍ബാനകളുണ്ട്. ഞങ്ങള്‍ 8.30നുള്ള കുര്‍ബാനയ്ക്കാണ് പോയത്. അഞ്ച് കുര്‍ബാനകള്‍ ഇംഗ്ലീഷിലും ഒന്ന് സ്പാനിഷിലുമാണ്, കാരണം ടെക്‌സാസിന്റെ തൊട്ടു കിടക്കുന്ന രാജ്യം മെക്‌സിക്കോ ആണ്. അവിടുത്തെ പ്രധാന ഭാഷ സ്പാനിഷ് ആണ്. ധാരാളം മെക്‌സിക്കോക്കാര്‍ ടെക്‌സാസിലുണ്ട്. ഞങ്ങള്‍ ചെല്ലുമ്പോള്‍ കുര്‍ബാന തുടങ്ങിയിരുന്നു. ധാരാളം ആളുകള്‍ പുറത്തുള്ള ഗ്രൗണ്ടില്‍ നിറഞ്ഞ് നിന്നിരുന്നു. വലിയ, അധികം ഉയരമില്ലാത്ത പള്ളി നേരത്തെ തന്നെ നിറഞ്ഞിരുന്നു. പുറത്തു നല്ല ചൂട് ആയതിനാല്‍ ആളുകള്‍ A/c യില്‍ ഇരിക്കാന്‍ നേരത്തെത്തന്നെ അകത്തു കയറും. ഞങ്ങള്‍ പുറത്തു തന്നെ നിന്നു.

പള്ളിക്കു പുറത്തുള്ള വലിയ സ്‌ക്രീനില്‍ കുര്‍ബാന കാണുവാനും എത്ര ദൂരെ നിന്നാലും വ്യക്തമായി കേള്‍ക്കാനും കഴിയുന്നുണ്ടായിരുന്നു. രണ്ടു അച്ചന്മാരാണ് കുര്‍ബാന ചൊല്ലിയിരുന്നത്. ഒരാള്‍ കൂടുതല്‍ പ്രായമുള്ളയാളും മറ്റേ അച്ചന്‍ പ്രായം കുറഞ്ഞ ആളുമായിരുന്നു. അദ്ദേത്തെ കണ്ടിട്ട് ഒരു മലയാളി പോലെ തോന്നി. അതിഥിയായി വന്നതാണോ എന്നറിയില്ല. പുറത്തു നിന്നിരുന്ന ആളുകളെല്ലാം വളരെ ഭക്തി പൂര്‍വമാണ് കുര്‍ബാനയില്‍ പങ്കെടുത്തിരുന്നത്. അവരില്‍ പല രാജ്യക്കാരും ഉണ്ടായിരുന്നു. ചിലരെല്ലാം അവരുടെ രാജ്യത്തെ വേഷത്തിലാണ് വന്നത്. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും കുടുംബസമേതം ഒരുമിച്ചാണ് നിന്നിരുന്നത്. എന്റെ മുമ്പില്‍ നിന്നിരുന്നവര്‍ 5 കുട്ടികള്‍ ഉള്ളവരായിരുന്നു. അവര്‍ പുറത്തു നിന്നിട്ടു പോലും മുട്ടുകുത്തേണ്ട സമയങ്ങളില്‍ അങ്ങനെ ചെയ്യുന്നുണ്ടായിരുന്നു.

അമേരിക്കയില്‍ 12-ാം ക്ലാസുവരെ വിദ്യാഭ്യാസം സൗജന്യമാണ്. അത് കഴിഞ്ഞാല്‍ മിടുക്കുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പും കിട്ടും. കുര്‍ബാനയില്‍ സമാധാനം ആശംസിക്കുന്ന സമയത്ത് എല്ലാവരും ദൂരെ നിന്നും കൈ ഉയര്‍ത്തി കാണിക്കുന്നുണ്ടായിരുന്നു. കുടുംബാംഗങ്ങള്‍ പരസ്പരം കെട്ടിപ്പിടിക്കുന്നുണ്ടായിരുന്നു. കുര്‍ബാന സ്വീകരണ സമയത്ത് പുറത്തുള്ളവര്‍ക്ക് നല്‍കാന്‍ വന്നത് ഒരു പുരുഷനും സ്ത്രീയും ആയിരുന്നു. പുറത്തു നിന്ന എല്ലാവരും തന്നെ, ഞങ്ങളും കുര്‍ബാന സ്വീകരിച്ചു. അതിനു ശേഷം ഉക്രൈന്‍ രാജ്യത്തിനു വേണ്ടിയുള്ള പിരിവ് ആയിരുന്നു. വലിയ ടിന്നുകളുമായി യുവജനങ്ങള്‍ എല്ലാവരുടെ അടുത്തും വന്നു. കുര്‍ബാനയ്ക്കു ശേഷം അച്ചന്മാര്‍ രണ്ടു പേരും പള്ളിയുടെ മുന്നില്‍ വന്ന് എല്ലാവര്‍ക്കും ആശംസയും നന്ദിയും പറഞ്ഞു. അച്ചന്മാര്‍ നല്ല പുഞ്ചിരിയോടെയാണ് എല്ലാവരോടും ഇടപെടുന്നത്. പലരും അച്ചന്മാരോട് കുശലം പറയാന്‍ വരി നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ യാതൊരു തിരക്കും കാണിച്ചില്ല. അവിടെ പണം പിരിവ് എല്ലാം നടത്തുന്നത് പള്ളി ഓഫീസാണ്.

ധാരാളം ആളുകള്‍ കുര്‍ബാനയ്ക്ക് വന്നിരുന്നു. അതില്‍ അധികവും ചെറുപ്പക്കാരായിരുന്നു. അ മേരിക്കയിലെ പള്ളികളില്‍ ആളില്ല എന്നും, പൂട്ടിക്കിടക്കുകയുമാണെന്നുള്ള നമ്മുടെ നാട്ടിലെ വര്‍ത്തമാനത്തില്‍ വലിയ കാര്യമില്ല. ഇടദിവസങ്ങളില്‍ ചിലപ്പോള്‍ ആളില്ലായിരിക്കാം.

പള്ളിക്കു മുന്നിലായി ലീജിയന്‍ ഓഫ് മേരിയുടെ ഒരു പ്ലക്കാര്‍ഡും പിടിച്ചു കൊണ്ടു കുറെ ചെറുപ്പക്കാരികള്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ പണ സമ്പാദനത്തിനു വേണ്ടി എന്തെല്ലാമോ വില്‍ക്കുന്നുണ്ടായിരുന്നു. അത് മുഴുവന്‍, ആളുകള്‍ വാങ്ങി. കുറച്ചുകൂടി പുറകിലായി വിന്‍സെന്റ് ഡി പോളിന്റെ ഒരു ബസ്സും ഉണ്ടായിരുന്നു. അവര്‍ എന്തെല്ലാമോ സ്വീകരിക്കുന്നതും, വില്‍ക്കുന്നതും കണ്ടു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു whether you are Shopping or Donating, you are Giving..

ഈ പള്ളിയില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള ധാരാളം ചെറുപ്പക്കാരായ മാതാപിതാക്കളെ കാണാന്‍ കഴിഞ്ഞു. ഇവിടെ പ്രൊലൈഫ് (Pro-life) മൂവ്‌മെന്റിന് വലിയ പ്രാധാന്യമുണ്ട്. അമേരിക്കയില്‍ കത്തോലിക്കാ സഭയില്‍ അബോര്‍ഷനെ എതിര്‍ക്കുന്ന വലിയ വിഭാഗമുണ്ട്. അതിന്റെ വലിയ ഉദാഹരണമാണ് പള്ളിയില്‍ ഇറങ്ങിവന്നപ്പോള്‍ കണ്ട സുന്ദരിമാരായ 5 പെണ്‍കുഞ്ഞുങ്ങളും അവരുടെ സുന്ദരരായ മാതാപിതാക്കളും.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org