അതിരൂപതയുടെ അജപാലനഭാവി

അതിരൂപതയുടെ അജപാലനഭാവി
ചുറ്റുപാടുമുള്ള നിസ്സഹായരായ ഗതികെട്ട മനുഷ്യജീവിതങ്ങളുടെ നിലവിളികള്‍ക്ക് ചെവികൊടുക്കാതെ ആചാരബദ്ധമായ കണിശ നിയമങ്ങളുടെ കുടുക്കില്‍ ചമയങ്ങള്‍ വാരിപ്പൂശി കിടത്തുന്നതാണ് ഈ കാലഘട്ടത്തിലെ സഭയുടെ ഭീകരമായ ഒളിച്ചോട്ടം. ദൈവജനത്തിന്റെ നെടുവീര്‍പ്പുകളിലേക്കും ഒറ്റപ്പെടലുകളിലേക്കും ഇറങ്ങിച്ചെന്ന് കൂടെ നടക്കാന്‍ കൈത്താങ്ങ് നല്കുന്ന സഭ സുവിശേഷത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കട്ടെ.

എറണാകുളം-അങ്കമാലി അതിരൂപതയുടെ സ്ഥാപന ശതാബ്ദിയുടെ ചരിത്ര മുഹൂര്‍ത്തത്തില്‍ ഈ അതിരൂപത എങ്ങോട്ടേക്കാണ് മുന്നേറേണ്ടതെന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്. സഭ ദൈവജനമാണെന്ന ആശയത്തെ ആലിംഗനം ചെയ്ത ഈ അതിരൂപതയുടെ മുമ്പില്‍ അജപാലന പ്രശ്‌നങ്ങള്‍ ദൈവജനത്തിന്റെ കണ്ണീരായി നിറയുന്നുണ്ട്. ഈ കണ്ണീരൊപ്പുന്നതും ഓരോരുത്തരുടെയും കൂട്ടായി നടക്കുന്നതുമായ സഭയെ സ്വപ്നം കാണുന്നവരാണ് ഇവിടെയുള്ളവര്‍. ഈ സഭ ഇവിടുത്തെ ദൈവജനമാണ്. ഹയരാര്‍ക്കിയില്‍ നിന്ന് സഭ താഴേക്ക് മനുഷ്യാവതാരമെടുക്കുന്നതും ക്രൂശിക്കപ്പെടുന്നതും ഉയര്‍ത്തെഴുന്നേല്ക്കുന്നതും എറണാകുളം-അങ്കമാലി അതിരൂപതയെങ്കിലും സ്വപ്നം കാണാന്‍ ബാധ്യസ്ഥരാണ്. ബ്രഹ്മാണ്ഠമായ ദേവാലയങ്ങളും ഉഗ്രപ്രതാപികളായ വൈദികശ്രേഷ്ഠരും തലയെടുപ്പുള്ള വിദ്യാലയ- ആതുരാലയങ്ങളും ആഘോഷതിമിര്‍പ്പിന്റെ പെരുന്നാളുത്സവങ്ങളും ഉത്തുംഗമായ തീര്‍ത്ഥാടന മാമാങ്കങ്ങളും മാത്രമാണ് കത്തോലിക്കാസഭയെന്ന് പൊതുജനം തെറ്റിദ്ധരിക്കപ്പെടാതിരിക്കാന്‍ സഭ മനഃപൂര്‍വം കുനിഞ്ഞിറങ്ങണം. കാടുകയറിയ പറമ്പുകളിലെ ഒഴിഞ്ഞ വീടുകളില്‍ ഒറ്റയ്ക്കാക്കപ്പെടുന്ന നരച്ച മനുഷ്യരെ കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവുമോ? അവരുടെ ക്ഷേമം ഇടവകയാകുന്ന സഭയുടെ ക്ഷേമമായിത്തീരേണ്ടതല്ലേ? വീടും നാടും വിട്ട് യുവത വളരാന്‍ പച്ചപ്പുള്ള ഇടങ്ങളിലേക്ക് കുടിയേറുമ്പോള്‍ വരളുന്നത് യുവജന പ്രസ്ഥാനങ്ങള്‍ മത്രമല്ലെന്നും ഒരു പൊട്ടക്കിണര്‍ കണക്കേ വരണ്ട് വരണ്ട് മൂടിപ്പോകാന്‍ സാധ്യതയുള്ളത് നമ്മുടെ ചില ഇടവകകള്‍ കൂടിയാണെന്നും തിരിച്ചറിഞ്ഞാല്‍ നല്ലത്. ദൈവവിളികള്‍ കുറഞ്ഞ് കുറഞ്ഞ് സന്യാസഭവനങ്ങള്‍ ഓരോന്നോരോന്നായി പൂട്ടിപ്പോകുന്നത് കാണാതിരിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. പരീക്ഷിക്കപ്പെടാന്‍ മാത്രം വെല്ലുവിളികളൊന്നുമില്ലാതെ മുരടിപ്പിന്റെ ചിതല്‍പ്പുറ്റില്‍ നിന്നും കാലത്തിനാവശ്യമായ സാഹസികതകളിലേക്ക് ധൈര്യപൂര്‍വം ഇറങ്ങിച്ചെല്ലാന്‍ സന്യാസം ഒരുവനെ പേടിയില്ലാത്തവനാക്കണം. ക്രിസ്തുവെന്ന ധൈര്യത്തെ ചട്ടക്കൂടുകളെന്ന സംവിധാനം പേടിപ്പിച്ച് തടവിലാക്കരുത്. ക്രിസ്തുവിന്റെ സഭ മുന്നോട്ടു തന്നെ ചലിക്കണം. പിറകോട്ടടിക്കാനുള്ള അകാലവാര്‍ധക്യ മനഃസ്ഥിതിയെ ഉറച്ച ബോധ്യത്തോടെ നേരിടേണ്ടതുണ്ട്. എല്ലാ രൂപതകളിലും കത്തോലിക്കരുടെ എണ്ണം ചുരുങ്ങുമെന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാനും ഇവിടെ ശേഷിക്കുന്ന യുവത നഗരകേന്ദ്രീകൃതമായി എറണാകുളമെന്ന മെട്രോ നഗരത്തിലേക്ക് ചുരുങ്ങുമെന്ന് മനസ്സിലാക്കുവാനും അവരുടെ മക്കളെ ക്രിസ്തു കേന്ദ്രീകൃതമായ വിശ്വാസ പരിശീലനത്തിലേക്ക് വളര്‍ത്താനും എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഉത്തരവാദിത്വമുണ്ട്. അക്കാദമിക തൊങ്ങലുകളുടെ അമിത ആര്‍ഭാടങ്ങളില്‍ വെറും പാഠ്യ വിഷയമായി ചുരുങ്ങിപ്പോയ വിശ്വാസ പരിശീലനത്തെ ക്രിസ്തു-വചന കേന്ദ്രീകൃതമായും ലളിതമായും കുഞ്ഞുങ്ങളുടെ താല്പര്യങ്ങള്‍ക്ക് അനുയോജ്യമായും വിളമ്പേണ്ടതിന്റെ ആവശ്യകതയിലേക്ക് ഒരു ചുവടുവയ്ക്കാന്‍ എറണാകുളം-അങ്കമാലി അതിരൂപത തുറവി കാട്ടണം. കൂട്ടുകൂടാനോ സംസാരിക്കാനോ ആരുമില്ലാതെ മൊബൈലിന്റെ സ്‌ക്രീനില്‍ തളര്‍ന്ന് മയങ്ങി ശൂന്യമാകുന്നവരുടെ പെരുകുന്ന കാഴ്ചയിലേക്ക് ചിത്രമായും സംഗീതമായും കലയായും ആത്മീയത പരന്നൊഴുകണം. കാമ്പില്ലാത്ത രാഷ്ട്രീയ ചര്‍ച്ചകളില്‍ ദിശാബോധം നഷ്ടമായ സാമൂഹിക വ്യവസ്ഥിതികളിലേക്ക് സുവിശേഷം നിറയേണ്ടത് എങ്ങനെയെന്ന് കരുത്തുറ്റതും സത്യസന്ധവുമായ നിലപാടുകളിലൂടെ നഷ്ടങ്ങള്‍ സഹിച്ചും നിലപാടെടുക്കാന്‍ സഭയ്ക്ക് ബാധ്യതയുണ്ട്. സ്‌ക്രീന്‍ കാഴ്ചകളുടെ വേഗതയിലേക്ക് സുവിശേഷത്തിന്റെ മാറ്റമില്ലാത്ത ദൈവരാജ്യസങ്കല്പങ്ങളെ നമ്മളല്ലാതെ മറ്റാരാണ് എഡിറ്റ് ചെയ്ത് ചേര്‍ക്കേണ്ടത്. എന്നാല്‍ നമ്മുടെ നിലപാടുകള്‍ വെറും സാമുദായിക വിലപേശല്‍ മാത്രമായി അധഃപതിക്കാതെ വിശ്വസാഹോദര്യത്തിന്റെയും വ്യത്യസ്തതകളെ ഉള്‍ക്കൊള്ളുന്ന സഹിഷ്ണുതയുടെയും വിശാല ഭൂമികയായി പരിവര്‍ത്തനം ചെയ്യപ്പെടണം. വര്‍ഗീയതയുടെ മൗലിക വാദങ്ങള്‍ മനുഷ്യരെ പരസ്പരം അകറ്റുന്നതും പുറത്താക്കുന്നതുമായ പ്രഘോഷണങ്ങള്‍ നടത്തുമ്പോള്‍ അതിനെതിരെ മാനവികതയുടെ കരുണയുള്ള നീട്ടപ്പെട്ട കരങ്ങളായി സഭാ സംവിധാനങ്ങളെല്ലാം മാറണം. ഭിന്നശേഷിക്കാരേയും ഭിന്ന ലിംഗക്കാരേയും അതിഥിത്തൊഴിലാളികളേയും വിഭിന്നരായി കണക്കാക്കാതെ എല്ലാവരേയും വെയിലും മഴയും നല്കുന്ന സ്‌നേഹപിതാവിന്റെ സൃഷ്ടിയായി കണക്കാക്കണം. ദേവാലയവും പരിസരങ്ങളും ദേവാലയ സമീപസ്ഥരുടെ മനസ്സുകളും സ്വര്‍ഗസ്ഥനായ പിതാവിന്റേത് കണക്കേ അനുരൂപപ്പെടുന്നതാണല്ലോ സുവിശേഷം! ചുറ്റുപാടുമുള്ള നിസ്സഹായരായ ഗതികെട്ട മനുഷ്യജീവിതങ്ങളുടെ നിലവിളികള്‍ക്ക് ചെവികൊടുക്കാതെ ആചാരബദ്ധമായ കണിശ നിയമങ്ങളുടെ കുടുക്കില്‍ ചമയങ്ങള്‍ വാരിപ്പൂശി കിടത്തുന്നതാണ് ഈ കാലഘട്ടത്തിലെ സഭയുടെ ഭീകരമായ ഒളിച്ചോട്ടം. ദൈവജനത്തിന്റെ നെടുവീര്‍പ്പുകളിലേക്കും ഒറ്റപ്പെടലുകളിലേക്കും ഇറങ്ങിച്ചെന്ന് കൂടെ നടക്കാന്‍ കൈത്താങ്ങ് നല്കുന്ന സഭ സുവിശേഷത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കട്ടെ. സഭാരാഷ്ട്രീയത്തിലെ പ്രതിസന്ധികള്‍ അഭിമുഖീകരിച്ചും ലോകത്തിന്റെ ഒഴുക്കിനെതിരെ പാറപോലെ ഉറച്ച് നിന്നും ശൂന്യതയില്‍ മഴവില്ല് തീര്‍ക്കുന്ന സഭാ, സ്‌നേഹത്തിന്റെയും നീതിയുടെയും നീട്ടിയ കരമാകണം. നമ്മുടെ അജപാലനശൈലികള്‍ ആ ദിശയില്‍ സഞ്ചരിക്കട്ടെ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org