വിശ്വാസത്തിന്റെ നല്ല മാതൃകകള്‍

വിശ്വാസത്തിന്റെ നല്ല മാതൃകകള്‍
വിശ്വാസ പരിശീലനത്തിന്റെ പുതിയ ഒരു വര്‍ഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ സ്‌നേഹാശംസകള്‍.

രക്ഷകനായ മിശിഹായില്‍ വിശ്വസിക്കുക, വിശ്വാസം ജീവിക്കുക, വിശ്വാസത്തില്‍ വളരുക, വിശ്വാസം കൈമാറുക എന്നത് ഇന്നത്തെ ലോകത്ത് വളരെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ആധുനികതയെ പുല്‍കാന്‍ കൗമാരക്കാരും യുവജനങ്ങളും കൂടുതല്‍ താല്‍പര്യം കാണിക്കുമ്പോള്‍, ദൈവവും ദൈവീക രഹസ്യങ്ങളുമൊക്കെ ഈ തലമുറയ്ക്ക് ആകര്‍ഷകമല്ലാതായി മാറുന്നു. മാതാപിതാക്കളും വിശ്വാസ പരിശീലകരും നേരിടുന്ന വലിയ ഒരു വെല്ലുവിളിയും ഇതുതന്നെയാണ്.

വിശ്വാസ ജീവിതത്തിന്റെ നല്ല മാതൃകകളായി മാതാപിതാക്കളും വിശ്വാസ പരിശീലകരും ഇന്നത്തെ യുവതലമുറയ്ക്ക് മുന്നില്‍ അവതരിക്കണം. 'വിശ്വാസപരിശീലനം കുടുംബങ്ങളിലാണ് ആരംഭിക്കുന്നത്. കുട്ടികള്‍ക്ക് മുന്നില്‍ വിശ്വാസത്തിന്റെ നല്ല മാതൃകകള്‍ ആകാന്‍ മാതാപിതാക്കള്‍ ദൈവവുമായുള്ള അവരുടെ വിശ്വാസം ഉത്തേജിപ്പിക്കുന്നതിനായി സഭയുമായുള്ള നല്ല സഹകരണത്തില്‍ മുന്നേറണ' മെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നുണ്ട്. പുതിയ തലമുറയെ വിശ്വാസത്തില്‍ വളര്‍ത്താന്‍ മാതാപിതാക്കളും സഭാ സംവിധാനങ്ങളും ഒരുമയോടെ പ്രവര്‍ത്തിക്കട്ടെ.

കുട്ടികളുടെ അഭിരുചികള്‍ക്ക് അനുസൃതമായി നമ്മുടെ ആരാധനയും, വേദപാഠ ക്ലാസുകളും, പ്രവൃത്തി പരിചയങ്ങളും അവതരിപ്പിക്കപ്പെടണം

ആരാധനയിലൂടെയും ബോധന പ്രക്രിയയിലൂടെയും സദ്പ്രവര്‍ത്തനങ്ങളിലൂടെയുമാണ് വിശ്വാസപരിശീലനം നടത്തപ്പെടുക. കുട്ടികളുടെ അഭിരുചികള്‍ക്ക് അനുസൃതമായി നമ്മുടെ ആരാധനയും വേദപാഠ ക്ലാസുകളും പ്രവൃത്തി പരിചയങ്ങളും അവതരിപ്പിക്കപ്പെടണം. അതിന് സഭാ സംവിധാനങ്ങളുടെയും വിശ്വാസ പരിശീലകരുടെയും മാതാപിതാക്കളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണ്. ഏവരുടെയും സഹകരണത്തിലൂടെയും വിശ്വാസജീവിത മാതൃകയിലൂടെയും നമ്മുടെ കുട്ടികള്‍ സജീവ വിശ്വാസത്തില്‍ വളരാന്‍ ഇടയാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org