സിനഡല്‍ സഭയ്ക്കായി ഒരേ ഹൃദയത്തോടെ...

സിനഡല്‍ സഭയ്ക്കായി ഒരേ ഹൃദയത്തോടെ...
''സഭയില്‍ എല്ലാവരെയും കേള്‍ക്കുക; പരസ്പരം ശ്രവിച്ചാല്‍ യാത്ര വിജയകരമാകും'' എന്ന വിശാലമായ വീക്ഷണത്തെ ഊട്ടി ഉറപ്പിക്കുന്നതായിരുന്നു ഉദ്ഘാടന സമ്മേളനത്തില്‍ കര്‍ദിനാള്‍ ക്ലീമിസ് മാര്‍ ബസേലിയോസ് പങ്കുവച്ച സിനഡാത്മക ദര്‍ശനം.

''ആരെയും തമസ്‌കരിക്കാതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിശാലമായ തീര്‍ത്ഥാടന ആധ്യാത്മികതയാണ് സിനഡാലിറ്റിയുടെ ശൈലി'' - സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ (2021-2024) അണ്ടര്‍ സെക്രട്ടറിയായ സിസ്റ്റര്‍ നതാലി ബെഖ്വാര്‍ട്ട് ബാംഗ്ലൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍ സംഘടിപ്പിച്ച ''Towards a Synodal Church - Moving Forward'' എന്ന അന്തര്‍ദ്ദേശീയ കോണ്‍ഫറന്‍സില്‍ ആമുഖപ്രഭാഷണം നടത്തിക്കൊണ്ടു പറഞ്ഞ വാക്കുകളാണിവ. ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തിരിക്കുന്ന സിനഡാത്മക സഭയെക്കുറിച്ച് ആഴത്തില്‍ പഠിക്കുവാനും വിശകലനം ചെയ്യുവാനുമായി 2023 ജനുവരി 12 മുതല്‍ 15 വരെ നടന്ന ഈ കോണ്‍ഫറന്‍സില്‍ 30 ലേറെ രാജ്യങ്ങളില്‍ നിന്നായി 275 ലേറെ പ്രതിനിധികളും 500 ലേറെ ദൈവശാസ്ത്ര-തത്വശാസ്ത്ര വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

ധര്‍മ്മാരാം വിദ്യാക്ഷേത്രത്തിന്റെയും, കൊച്ചിയിലുള്ള ചാവറ സെന്‍ട്രല്‍ സെക്രട്ടറിയേറ്റിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ കോണ്‍ഫറന്‍സില്‍ കൊളോണ്‍ അതിരൂപത, ബോസ്റ്റണ്‍ കോളേജ്, യു എസ് എ; കാത്തലിക് തിയോളജിക്കല്‍ എത്തിക്‌സ് ഇന്‍ ദ വേള്‍ഡ് ചര്‍ച്ച് (CTEWC), ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി, ബാംഗ്ലൂര്‍; ദര്‍ഹം യൂണിവേഴ്‌സിറ്റി, യു കെ; തൂബിംഗന്‍ യൂണിവേഴ്‌സിറ്റി, ജര്‍മ്മനി; യൂണിവേഴ്‌സിറ്റി ഓഫ് മാള്‍ട്ട; ലുവെയ്ന്‍ യൂണിവേഴ്‌സിറ്റി; ഹെക്കിമ യൂണിവേഴ്‌സിറ്റി കോളേജ്, കെനിയ; ഓസ്‌നാബ്രൂക് യൂണിവേഴ്‌സിറ്റി, ജര്‍മ്മനി; ജ്ഞാനദീപ, പൂനെ; സ്പിരിറ്റന്‍ യൂണിവേഴ്‌സിറ്റി കോളേജ്, ഘാന; ടില്‍ബുര്‍ഗ് യൂണിവേഴ്‌സിറ്റി, നെതര്‍ലന്‍ഡ്; മിസിയോ ഇന്‍സ്റ്റിറ്റ്യൂട്ട്, ആഹന്‍; മിസിയോ മ്യൂണിച്ച് തുടങ്ങിയ പതിനഞ്ചോളം യൂണിവേഴ്‌സിറ്റികളും സ്ഥാപനങ്ങളും സഹകാരികളായിരുന്നു. ജോസി താമരശ്ശേരി സി എം ഐ (സി എം ഐ വികാര്‍ ജനറല്‍), ഷാജി കൊച്ചുതറ സി എം ഐ, ജോബി കൊച്ചുമുട്ടം സി എം ഐ, ഷിന്റോ പുതുമറ്റം സി എം ഐ, ജെഫ്‌ഷോണ്‍ സി എം ഐ എന്നിവര്‍ കോണ്‍ഫറന്‍സിനു നേതൃത്വം നല്കി.

''സഭയില്‍ എല്ലാവരെയും കേള്‍ക്കുക; പരസ്പരം ശ്രവിച്ചാല്‍ യാത്ര വിജയകരമാകും'' എന്ന വിശാലമായ വീക്ഷണത്തെ ഊട്ടി ഉറപ്പിക്കുന്നതായിരുന്നു ഉദ്ഘാടന സമ്മേളനത്തില്‍ കര്‍ദിനാള്‍ ക്ലീമിസ് മാര്‍ ബസേലിയോസ് പങ്കുവച്ച സിനഡാത്മക ദര്‍ശനം. സമ്മേളനത്തില്‍ അധ്യക്ഷപദം അലങ്കരിച്ചത് ഹൈദരാബാദ് അതിരൂപതാ മെത്രാപ്പോലീത്താ കര്‍ദിനാള്‍ ആന്റണി പൂളയാണ്. സിനഡാത്മക ചിന്തകള്‍ കേവലം വൈകാരികതലത്തില്‍ പര്യവസാനിക്കുന്നതിലുള്ള ആശങ്കയും അപകടസാധ്യതകളും പങ്കുവച്ച അദ്ദേഹം പുതിയ ഒരു തുടക്കത്തിനായുള്ള പ്രയത്‌നത്തെ അഭിനന്ദിക്കുകയും ചെയ്തു. സി എം ഐ സന്യാസസമൂഹത്തിന്റെ പ്രിയോര്‍ ജനറല്‍ ഡോ. തോമസ് ചാത്തംപറമ്പില്‍, കൊളോണ്‍ അതിരൂപതയില്‍ നിന്നുള്ള മോണ്‍. മാര്‍ക്കൂസ് ഹോഫ്മാന്‍, ധര്‍മ്മാരാം കോളേജ് റെക്ടര്‍ ഡോ. പോള്‍ അച്ചാണ്ടി, ധര്‍മ്മരാം വിദ്യാക്ഷേത്രം പ്രസിഡന്റ് ഡോ. ജോയി കാക്കനാട്ട് എന്നിവരും പ്രസംഗിച്ചു. സെമിനാറിന്റെ സമാപന സമ്മേളനത്തിന് തലശ്ശേരി അതിരൂപത ആര്‍ച്ചുബിഷപ് ജോസഫ് പാംപ്ലാനി അധ്യക്ഷം വഹിച്ചു.

നാലു ദിവസങ്ങളിലായി നടത്തപ്പെട്ട അന്താരാഷ്ട്ര സെമിനാറില്‍ നൂറിലേറെ പ്രബന്ധങ്ങളും 10 പോസ്റ്ററുകളും അവതരിപ്പിക്കപ്പെട്ടു. സെമിനാറിന്റെ ആദ്യദിനം പ്രധാനമായും സിനഡാലിറ്റിയുടെ വചനാധിഷ്ഠിത, താത്വിക, ദൈവശാസ്ത്ര അജപാലന മേഖലകള്‍ വിശകലനം ചെയ്തു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദൈവജനം (People of God) എന്ന ആശയത്തിന്റെ വെളിച്ചത്തില്‍ സിനഡാലിറ്റിയെ നിര്‍വചിക്കുവാനുള്ള ക്ഷണമായിരുന്നു ബോസ്റ്റണ്‍ കോളേജിലെ പ്രൊഫസറായ റാഫേല്‍ ലൂച്ചിയനി തന്റെ പ്രബന്ധത്തില്‍ അവതരിപ്പിച്ചത്. പ്ലീനറി സെഷനുകളില്‍ ധര്‍മ്മാരാം ഫാക്കല്‍റ്റി അംഗങ്ങളായ ഫാ. ജോയി കാക്കനാട്ടും, ഫാ. സെബാസ്റ്റിയന്‍ മുല്ലൂപറമ്പിലും സിനഡാലിറ്റിയുടെ വി. ഗ്രന്ഥാടിസ്ഥാനത്തെക്കുറിച്ചും ഫാ. ജെഫ് ഷോണ്‍ സാമൂഹിക-താത്വിക മാനങ്ങളെക്കുറിച്ചും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സഭാപിതാക്കന്മാരുടെ രചനകളിലും സിനഡുകളിലും അവതരിപ്പിക്കപ്പെട്ടിരിക്കുന്ന സിനഡാലിറ്റിയുടെ ദര്‍ശനത്തെക്കുറിച്ച് തൂംബിംഗന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ പീറ്റര്‍ ഹ്യൂനര്‍മാന്‍ പ്രബന്ധം അവതരിപ്പിച്ചു. മാള്‍ട്ടയില്‍ നിന്നുള്ള ഇമ്മാനുവേല്‍ ആജുസ് അവതരിപ്പിച്ച സിനഡാലിറ്റിയുടെ ധാര്‍മ്മിക അപഗ്രഥനവും എര്‍ഫുര്‍ട്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള മിറിയം വൈലെന്‍സ് അവതരിപ്പിച്ച സിനഡാലിറ്റിയുടെ സഭാ നിയമാധിഷ്ഠിതമായ പുനരാഖ്യാനവും ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും വിഷയമായി. പുരോഹിതാധിപത്യത്തിന്റെ അപകടങ്ങളെക്കുറിച്ചും മാറ്റപ്പെടേണ്ട നേതൃത്വ സംവിധാനത്തെക്കുറിച്ചും ബോസ്റ്റണ്‍ കോളേജില്‍നിന്നുള്ള ജെയിംസ് എഫ്. കീനന്‍ സംസാരിച്ചു. വിഷലിപ്തമായ 'ഹയരാര്‍ക്യക്കിലിസം' സിനഡാലിറ്റിയുടെ ശത്രുവാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്നുള്ള ദിനങ്ങളില്‍ സിനഡാലിറ്റിയുടെ സഭാത്മക കാഴ്ചപ്പാടുകളെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പശ്ചാത്തലത്തില്‍ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമാക്കി. വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള പ്രഗല്ഭരായ ദൈവശാസ്ത്രജ്ഞന്മാര്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ സിനഡാലിറ്റിയുടെ ആഗോള സ്വീകാര്യതയെയും ആവശ്യകതയെയും വ്യക്തമാക്കുന്നതായിരുന്നു. ഏഷ്യയിലെ സാമൂഹിക-സാംസ്‌കാരിക-മതപരമായ സാഹചര്യങ്ങള്‍ക്ക് ഊന്നല്‍ നല്കി സിനഡാലിറ്റിയുടെ പൗരാണിക സ്വഭാവത്തിന്റെ അനന്യതയെക്കുറിച്ച് ശ്രീലങ്കയില്‍ നിന്നുള്ള വിമല്‍ തിരിമണ്ണ അവതരിപ്പിച്ച പ്രബന്ധം വ്യത്യസ്തത നിറഞ്ഞതായിരുന്നു. സിനഡാലിറ്റിയുടെ ഭാരതീയ കാഴ്ചപ്പാടുകള്‍ മൂന്ന് റീത്തുകളില്‍ നിന്നായി പ്രഗല്ഭരായ ദൈവശാസ്ത്ര പണ്ഡിതര്‍ അവതരിപ്പിച്ചു. പ്രത്യേകമായി സീറോ മലബാര്‍ സഭയിലെ പള്ളിയോഗം പോളി മണിയാട്ടച്ചന്റെ പ്രബന്ധത്തില്‍ സവിശേഷമായ വിശകലനത്തിന് വേദിയായി. തുടര്‍ന്നു വന്ന പാനല്‍ ചര്‍ച്ചകളില്‍ ഇന്ത്യന്‍ സഭയുടെ സിനഡല്‍ വളര്‍ച്ചയെക്കുറിച്ചുള്ള വിഷയാവതാരണങ്ങള്‍ നടന്നു. സെമിനാറിന്റെ അവസാന ദിനം പ്രത്യേകമായി എക്യുമെനിക്കല്‍ സംവാദങ്ങളുടെ അനിവാര്യതയെക്കുറിച്ചും വൈവിധ്യങ്ങളുടെ നടുവില്‍ സഭയുടെ സാക്ഷ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തി.

കര്‍ദിനാള്‍മാരും മെത്രാന്മാരും ദൈവശാസ്ത്രജ്ഞരും വൈദികരും സന്യസ്തരും അല്മായരും ഒരു മനസ്സായി ആശയങ്ങള്‍ പങ്കുവച്ച് പരസ്പരം ശ്രവി ച്ച് ''ഒരുമിച്ചു നടന്ന'' നാലു ദിനങ്ങള്‍ ഒരു പുതിയ പന്തക്കുസ്തായുടെ അനുഭവമായിരുന്നു.

സെമിനാര്‍ ദിനങ്ങളില്‍ സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തുകളില്‍ അഭിവന്ദ്യ പിതാക്കന്മാരുടെ നേതൃത്വത്തില്‍ അര്‍പ്പിച്ച വി. കുര്‍ബാന വ്യത്യസ്ത പാരമ്പര്യങ്ങളിലുള്ള സ്വയാധികാരസഭകളുടെ സിനഡാത്മക സാക്ഷ്യത്തിന്റെ വലിയ പ്രകാശനം കൂടിയായിരുന്നു. ഭാഷയും, സംസ്‌കാരങ്ങളും, അനുഷ്ഠാനങ്ങളും, ആദര്‍ശങ്ങളും പരസ്പരം പങ്കുവച്ച സെമിനാറിന്റെ നാലു ദിനങ്ങള്‍ വലിയ പ്രതീക്ഷകള്‍ നല്കുന്നതായിരുന്നു. അമേരിക്കന്‍ ദൈവശാസ്ത്രജ്ഞനായ സേവ്യര്‍ മോണ്ടേസെലിന്റെ അഭിപ്രായത്തില്‍ ''അമേരിക്കന്‍ ദൈവശാസ്ത്രജ്ഞര്‍ക്ക് സഭയുടെ സാര്‍വത്രികമാനം മനസ്സിലാക്കുവാനുള്ള അവസരം കിട്ടുന്നത് വളരെ അപൂര്‍വമാണ്. ഈ സെമിനാര്‍ അതിനൊരു വേദിയായി.'' സഭയുടെ നിര്‍ണ്ണായക കാര്യങ്ങളിലുള്ള സ്ത്രീകളുടെ പങ്കാളിത്തവും, സാന്നിധ്യവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കോണ്‍ഫറന്‍സില്‍ ആശയമുയര്‍ന്നു. തെരേസ ചോയ്, സെറേന നൊച്ചേത്തി, മരിയ സിമ്പര്‍മാന്‍, സി. ജയാ തെരേസ് സി എച്ച് എഫ് തുടങ്ങിയവര്‍ സ്ത്രീ സമത്വം സഭയില്‍ വളര്‍ത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

'ഒരുമിച്ചു മുന്നേറുക' എന്ന സിനഡാത്മകസഭയുടെ ലക്ഷ്യത്തെ അധികരിച്ച് നടത്തിയ ചര്‍ച്ചകളും, സംവാദങ്ങളും സഭയുടെ പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്നം കാണാനുള്ള പ്രതീക്ഷയുടെ ദിനങ്ങളായിരുന്നു എന്ന് നന്ദി പ്രസംഗത്തില്‍ സെമിനാര്‍ കോര്‍ഡിനേറ്റര്‍ ഷാജി കൊച്ചുതറ സി എം ഐ അനുസ്മരിച്ചു.

കര്‍ദിനാള്‍മാരും മെത്രാന്മാരും ദൈവശാസ്ത്രജ്ഞരും വൈദികരും സന്യസ്തരും അല്മായരും ഒരു മനസ്സായി ആശയങ്ങള്‍ പങ്കുവച്ച് പരസ്പരം ശ്രവിച്ച് ''ഒരുമിച്ചു നടന്ന'' നാലു ദിനങ്ങള്‍ ഒരു പുതിയ പന്തക്കുസ്തായുടെ അനുഭവമായിരുന്നു. ഏതു പ്രതിസന്ധികളുണ്ടായാലും യേശുവിലാശ്രയിച്ച്, പരിശുദ്ധാത്മാവിന്റെ നിവേശനങ്ങള്‍ക്കനുസരിച്ച് സിനഡാത്മക സഭയ്ക്കായി ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള നിശ്ചയദാര്‍ഢ്യവും പ്രതീക്ഷയും എല്ലാവരിലും പ്രകടമായിരുന്നു.

ബ്ര. ക്രിസ്റ്റി കെ എസ്, സി എം ഐ, ഫാ. ഷാജി കൊച്ചുതറ സി എം ഐ

ധര്‍മ്മാരാം കോളേജ്, ബാംഗ്ലൂര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org