കാടുകളും തടാകങ്ങളും

കാടുകളും തടാകങ്ങളും

അമേരിക്കന്‍ യാത്ര - 12
Published on

ഒക്ലഹോമയില്‍

ഒക്ലഹോമ (Ok) ടെക്‌സസിന് തൊട്ടടുത്തുള്ള സ്റ്റേറ്റാണ്. ഒക്ലഹോമയെ The Sooner State എന്നും വിളിക്കും. വലുപ്പത്തില്‍ അമേരിക്കന്‍ സ്റ്റേറ്റുകളില്‍ 20-ാം സ്ഥാനത്തും ജനസംഖ്യയില്‍ 28-ാം സ്ഥാനത്തുമാണ്. ഈ പേര് ഉത്ഭവിച്ചിരിക്കുന്നത് "okla" and "humma", എന്നീ വാക്കുകളില്‍ നിന്നാണ് "red people" എന്നര്‍ത്ഥം.

ഇവിടെ യാത്ര ചെയ്യുമ്പോള്‍ എവിടെ കൂടെ കടന്നു പോകുന്നു എന്ന് പലപ്പോഴും അറിയുന്നത് ഓരോ സിറ്റികളിലും സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ വാട്ടര്‍ ടവറുകളിലൂടെയാണ്. കടകളുടെ ബോര്‍ഡുകളില്‍ സ്ഥലത്തിന്റെ പേര് ഉണ്ടാകില്ല. റോഡിന്റെ പേരുകള്‍ എല്ലായിടത്തും കാണും. ഈ വാട്ടര്‍ ടവറുകളില്‍ പക്ഷേ സിറ്റിയുടെ പേര് വലിയ അക്ഷരങ്ങളില്‍ എഴുതിയിട്ടുണ്ടാകും. അതിനു 50 അടി ഉയരവും, 50 മീറ്റര്‍ വ്യാസവും പത്തു ലക്ഷം ലിറ്റര്‍ ശേഷിയുമുണ്ടാകും. എല്ലാ സിറ്റിയിലും ഒരേ മോഡല്‍ ആണ്. കാണാന്‍ നല്ല മനോഹാരിതയുമുണ്ട്.

ഞങ്ങള്‍ രാവിലത്തെ ഭക്ഷണത്തിനായി മക്‌ഡൊണാള്‍ഡ്‌സില്‍ കയറി. അവിടെ കുട്ടികള്‍ക്ക് കളിക്കാനായി പാര്‍ക്കിലെ പോലെ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഭക്ഷണം എത്തുന്നതുവരെ അവര്‍ക്ക് സമയം ചിലവഴിക്കാം. അവിടെ നിന്നും ഞങ്ങള്‍ എത്തിച്ചേര്‍ന്നത് പാരീസ് എന്ന സിറ്റിയിലാണ്. അവിടത്തെ റെഡ് റിവര്‍ വാലി വെറ്ററന്‍സ് മെമ്മോറിയല്‍ മ്യൂസിയം സന്ദര്‍ശിച്ചു. അവിടെ സൈനികരുടെ ഓര്‍മ്മയ്ക്കായും, നന്ദി പ്രകടിപ്പിക്കാനായും ശിലാഫലകങ്ങളും, ബെഞ്ചുകളും നിരത്തിയിട്ടിട്ടുണ്ട്. അതില്‍ പേരുകളും എഴുതി വച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും നവംബര്‍ 11 അമേരിക്കയില്‍ സേനകളില്‍ സേവനം അനുഷ്ടിച്ചവരെ ബഹുമാനിക്കുന്നതിന് വെറ്ററന്‍സ് ഡേ ആയി ആചരിക്കുന്നു. അന്ന് ദേശീയ അവധിയും ആണ്.

അതുപോലെ തന്നെ സേനകളില്‍ സേവനം ചെയ്തു മരിച്ചവരെ ഓര്‍ക്കുന്നതിന് എല്ലാവര്‍ഷവും മെയ് മാസത്തിലെ അവസാന തിങ്കളാഴ്ച മെമ്മോറിയല്‍ ഡേ ആയും ആചരിക്കുന്നു. ഇതും അവധിദിനം ആണ്. ഇതിന്റെ ഭാഗമായി മെമ്മോറിയല്‍ ഡേ ഡിസ്‌കൗണ്ട് സെയില്‍ ഉണ്ടാകും. വലിയ ഡിസ്‌കൗണ്ടില്‍ സാധനങ്ങള്‍ ലഭിക്കുന്നതു കൊണ്ട് ഇത് വലിയൊരു സംഭവമാണ്. ജനങ്ങള്‍ ഈ ദിവസത്തിനു വേണ്ടി കാത്തിരിക്കുന്നു.

ഫ്രാന്‍സിലെ ഈഫല്‍ ടവറിന്റെ ഒരു ചെറിയ പകര്‍പ്പ് ഇവിടെ 1993-ല്‍ സ്ഥാപിച്ചിട്ടുണ്ട്. ഫ്രാന്‍സിലെ ഈഫല്‍ ടവറിന്റെ ഉയരം 1,083 അടിയും ടെക്‌സാസ് ഈഫല്‍ ടവറിന്റെ ഉയരം 65 അടിയുമാണ് അതിന്റെ മുകളില്‍ കൗബോയ് തൊപ്പിയും ഉണ്ട്.

അവിടെ നിന്നും ഞങ്ങള്‍ ഒക്ലോഹോമയിലേക്ക് പോയി. ടെക്‌സസിലെ 39-40 ഡിഗ്രി ചൂടില്‍ നിന്നും വന്ന ഞങ്ങള്‍ക്ക് ഇവിടെ ഇടയ്ക്ക് പെയ്തുകൊണ്ടിരുന്ന മഴ വലിയ ആശ്വാസമായിരുന്നു. ഓരോ സ്ഥലത്തു ചെല്ലുമ്പോഴും അവിടത്തെ മഴ കാണുക എന്നത് എന്റെ ഒരു ആഗ്രഹമാണ്. റോഡിന്റെ ഇരുവശങ്ങളും പ്രകൃതിരമണീയമായിരുന്നു. കെട്ടിടങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവിടെ ഞങ്ങള്‍ ഭക്ഷണത്തിനുശേഷം ആദ്യം എത്തിയത് ഹോചാടൗണ്‍ സിറ്റിയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ആയിരുന്നു.

അവിടത്തെ പ്രധാന വിശേഷങ്ങള്‍ ഗോകാര്‍ട് എന്ന ചെറിയ വാഹനവും മിനി ഗോള്‍ഫ് കളിക്കളവുമാണ്. ഇതുവരെ ഗോള്‍ഫ് കളി ദൂരെ നിന്ന് കണ്ടിട്ടേ ഉള്ളൂ. ആദ്യമായിട്ട് അതിന്റെ സ്റ്റിക്ക് ഒന്ന് പിടിക്കാനും കളിക്കാനും കഴിഞ്ഞു. എല്ലാവരും നന്നായി ആസ്വദിച്ചു. അവിടെ നിന്നും ഞങ്ങള്‍ ബുക്ക് ചെയ്തിരുന്ന താമസസ്ഥലത്തേക്ക് പോയി. ഞങ്ങള്‍ 12 ആളുകളുള്ള 2 കുടുംബങ്ങളായിരുന്നു. അതിനാല്‍ 4 മുറികളുള്ള ഒരു വലിയ ബംഗ്ലാവ് ആയിരുന്നു ബുക്ക് ചെയ്തിരുന്നത്. ഇത് പൈന്‍മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന വലിയ കാടിനകത്താണ്. മെയിന്‍ റോഡില്‍ നിന്നും വളരെ ഉള്ളിലാണ്. അവിടെ അത്തരത്തില്‍ ഉള്ള കുറെ വീടുകള്‍ ഉണ്ട്. ഓരോ വീട്ടിലേക്കും പോകാന്‍ വലിയ വഴികള്‍ ഉണ്ടാക്കിയിരിക്കുന്നു. ഞങ്ങളുടെ വീടിന്റെ പേര് Feeling Good Again എന്നാണ്. നല്ല രസമുള്ള പേരുകളാണ് ഓരോ വീടുകള്‍ക്കും നല്‍കിയിരിക്കുന്നത്. വീട് മൊത്തം മരം കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു. ഒരു വീടിനും മതിലുകള്‍ ഇല്ല. അമേരിക്കയില്‍ പൊതുവെ വീടുകള്‍ക്ക് മുന്‍വശത്ത് മതില്‍ ഉണ്ടാകില്ല. പുറകില്‍ പലപ്പോഴും മരത്തിന്റെ മറയും ആയിരിക്കും. നമ്മള്‍ എത്ര മാത്രം തുകയാണ് മതിലിനുവേണ്ടി ചിലവാക്കുന്നത്, എന്നിട്ടും എന്തെങ്കിലും സുരക്ഷ കിട്ടുന്നുണ്ടോ?

ഞങ്ങള്‍ ചെല്ലുമ്പോള്‍ വീട് പൂട്ടി കിടന്നിരുന്നു. ചെക്ക് ഇന്‍ സമയമായപ്പോള്‍ മൊബൈലില്‍ വീട് തുറക്കാന്‍ വേണ്ടിയുള്ള നമ്പര്‍ വന്നു. അതുപയോഗിച്ച് വീട് തുറന്നു. ഗ്യാസ്, ലൈറ്റ്, പാത്രങ്ങള്‍, വെള്ളം, എല്ലാ മുറികളിലും ടി വി, ബി ബി ക്യു സ്റ്റവ്, കുളിക്കാന്‍ പുറത്ത് വലിയ ടാങ്ക്, കിച്ചന്‍ ടവല്‍ എന്നിവ ഒരുക്കിവച്ചിരുന്നു. വൈ ഫൈ യൂസര്‍നെയിം, പാസ്‌വേര്‍ഡ് എന്നിവയും അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. ഞങ്ങള്‍ ചെല്ലുമ്പോള്‍ പുറകുവശത്തു നിന്നും കുറെ മാനുകള്‍ ഓടിപ്പോകുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് മഴയും ഉണ്ടായിരുന്നു.

പിറ്റേ ദിവസം ഞങ്ങള്‍ ആദ്യം പോയത് വെള്ളത്തില്‍ കളിക്കുന്നവര്‍ക്കുവേണ്ടി പുഴകളിലേക്കായിരുന്നു. ഇവിടെ ധാരാളം പുഴകളും, ഡാമും, കാടുകളും എല്ലാം ഉണ്ട്. ശനിയും, ഞായറും കുട്ടികളും, മാതാപിതാക്കളും, 18 വയസ്സ് കഴിഞ്ഞ സര്‍വസ്വതന്ത്രരും ഇവിടെ ഉണ്ടാകും. നമ്മുടെ നാട്ടില്‍, ധാരാളം പുഴകളുണ്ട്. എങ്കിലും അതിന്റെ ഒരു ചെറിയ ശതമാനം പോലും വിനോദ സഞ്ചാരത്തിനുവേണ്ടി ഉപയോഗിക്കുന്നില്ല. എത്രമാത്രം സാധ്യതകള്‍! ഇവിടെ എല്ലാവരെയും നീന്തല്‍ പഠിപ്പിക്കും.

അടുത്തത് ഒരു തീവണ്ടിയാത്ര ആയിരുന്നു. ബീവേഴ്‌സ് ബെന്‍ഡ് ട്രെയിന്‍ യാത്രയും കുതിരസവാരിയും. അത് നടക്കുന്നത് ബീവേഴ്‌സ് ബെന്‍ഡ് സ്റ്റേറ്റ് പാര്‍ക്കിലാണ്. 1300 ഏക്കറിലുള്ള പാര്‍ക്. ട്രെയിന്‍ യാത്ര വളരെ രസകരമാണ്. വശങ്ങള്‍ എല്ലാം തുറന്നിരിക്കുന്നു. കാടിന്റെ ഉള്ളില്‍ കൂടിയാണ് യാത്ര. അതിന്റെ ഡ്രൈവര്‍ പ്രായമുള്ള ഒരു രസികന്‍. 50 പേര്‍ക്ക് ഇരിക്കാവുന്ന ട്രെയിന്‍. ഇത് 1863-ല്‍ നിര്‍മ്മിച്ചതാണ്. 20 മിനിട്ടാണ് യാത്ര. യാത്രയില്‍ ഉടനീളം മാന്‍ കൂട്ടങ്ങളെ കാണാം. അവയ്ക്ക് ഡ്രൈവര്‍ തിന്നാന്‍ കൊടുക്കുന്നതുമൂലം അവയെല്ലാം ട്രെയിനിന്റെ അടുത്തു വരും. കാടിന്റെ ഭംഗി ആസ്വദിച്ച് ഓക് മരങ്ങളുടെയും, പക്ഷികളുടെയും, മാനുകളുടെയും, മൃഗങ്ങളുടെയും, കഴിഞ്ഞ കൊടുങ്കാറ്റില്‍ വീണു കിടക്കുന്ന മരങ്ങളുടെയും ഇടയില്‍ കൂടിയുള്ള യാത്ര തീര്‍ത്തും അവിസ്മരണീയം തന്നെ. ധാരാളം വിനോദ സഞ്ചാരികള്‍ വന്നു കൊണ്ടിരിക്കുന്നു. തൊട്ടപ്പുറത്ത് കുതിര സവാരി നടക്കുന്നു. 30 ഓളം കുതിരകളെ കണ്ടു. ചെറിയ യുവതികളും, യുവാക്കളും കുതിരകളെ തയ്യാറാക്കി നിര്‍ത്തുന്നു. സന്തോഷകരമായ ടൂറിസം.

വൈകുന്നേരം ഞങ്ങള്‍ ബ്രോക്കണ്‍ ബോ ലേക് കാണുവാന്‍ പോയി. റോഡില്‍ നിന്നും താഴേക്ക് ഇറങ്ങി ചെല്ലുന്നത് വളരെ ബുദ്ധിമുട്ടിയാണ്. അവിടെ ചെന്നിരുന്നാല്‍ പോരാന്‍ തോന്നില്ല. ധാരാളം ജലകായിക വിനോദ സംഘങ്ങള്‍ പല തരത്തിലുള്ള വാഹനങ്ങളുമായി ഓടിപ്പായുന്നു. വലിയ ബോട്ടില്‍ ആളുകള്‍ കൂട്ടമായി സഞ്ചരിക്കുന്നു. ചുറ്റിലും പച്ച പരവതാനി പോലെ കാടും. അടുത്തത് ഫ്രണ്ട്‌സ് ട്രെയില്‍ എന്ന വനയാത്ര. ആളുകള്‍ കൂട്ടം കൂട്ടമായി വന്ന് കാട്ടിലേക്ക് നടന്നു പോകുന്നു. നിറയെ ഓക് മരങ്ങള്‍. നടക്കാനും ട്രെക്കിങ്ങിനും വരുന്നവരാണ് അധികവും. ഇവിടെ കണ്ട വേറൊരു കാഴ്ച 18-ഉം 22-ഉം വീലുകളുള്ള ട്രെയ്‌ലറുകളില്‍ കൊണ്ടു പോകുന്ന പൈന്‍ മരതടികളാണ്.

അടുത്ത ദിവസം രാവിലെ 11 മണിക്കാണ് ചെക്കൗട്ട്. എന്തെല്ലാം ചെയ്തിരിക്കണമെന്ന് കൃത്യമായ നിര്‍ദേശങ്ങള്‍ ഉണ്ട്. എല്ലാ വീടുകള്‍ക്കു മുന്നിലും വേസ്റ്റ് ഇടാന്‍ രണ്ട് വലിയ ബിന്നുകള്‍ വച്ചിട്ടുണ്ട്. വീട് മൊത്തമായി വൃത്തിയാക്കി, ഫോട്ടോ സെഷനും കഴിഞ്ഞ് പോരുവാന്‍ ഇറങ്ങി. ഒന്നും നോക്കാന്‍ ആരും വരില്ല. നമ്പര്‍ കീ അനുസരിച്ച് പൂട്ടി പോന്നു. അപ്പോള്‍ തന്നെ കഌനിംഗ് ടീം വരും. അടുത്ത താമസക്കാര്‍ക്കുവേണ്ടി ഒരുക്കാന്‍.

ഓക്ലഹോമയിലെ അടുത്തതും അവസാനത്തേതുമായ ബോട്ടിംഗ് നടത്തുവാന്‍ പുറപ്പെട്ടു. ബോട്ട് നേരത്തെ ബുക്ക് ചെയ്തിരുന്നു. രണ്ടു മണിക്കൂര്‍ ആണ് ബോട്ടിങ്ങ് സമയം. ഞങ്ങളുടെ ബോട്ട് തയ്യാറാക്കി നിര്‍ത്തിയിരുന്നു. ബോട്ട് തരും. നമ്മള്‍ തന്നെ ഓടിക്കണം. അതിന് അമേരിക്കന്‍ ഡ്രൈവിംഗ് ലൈസന്‍സ് വേണമെന്നു മാത്രം. നമുക്ക് ഡ്രൈവറെ വച്ച് ബോട്ട് ഓടിക്കാന്‍ മുതലാകില്ല. കാരണം അവര്‍ക്ക് മണിക്കൂര്‍ അനുസരിച്ച് വലിയ ശമ്പളം കൊടുക്കേണ്ടി വരും. എല്ലാവര്‍ക്കും ലൈഫ് ജാക്കറ്റ് തന്നു. രണ്ട് അമേരിക്കന്‍ സുന്ദരികള്‍ വന്ന് ഡ്രൈവിംഗ് നിര്‍ദ്ദേശങ്ങള്‍ തന്നു. ആ തടാകത്തില്‍ നിറയെ ബോട്ടുകളും, പലവിധമായ ജലവാഹനങ്ങളും ആയിരുന്നു. ബോട്ടിങ്ങില്‍, ബോട്ട് ട്യൂബ് എന്ന ഒരു സംവിധാനമുണ്ട്. അത് വട്ടത്തിലുള്ള ഒരു വലിയ കാറ്റ് നിറച്ച ട്യൂബ് ആണ്. ബോട്ട് ഒടിക്കൊണ്ടിരിക്കുമ്പോള്‍, ബോട്ടിലും, ട്യൂബിലും വടം കെട്ടി വെള്ളത്തിലേക്ക് ഇടും. ഒന്നോ രണ്ടോ പേര്‍ ഈ ട്യൂബിലേക്ക് ഇറങ്ങി അതില്‍ പിടിച്ച് കിടക്കും. ഇതെല്ലാം പട്രോളിങ്ങ് ടീം ബോട്ടില്‍ സഞ്ചരിച്ച് വീക്ഷിക്കുന്നുണ്ട്. അവര്‍ ഞങ്ങളെയും വിസില്‍ അടിച്ച് നിര്‍ത്തി പരിശോധിച്ചു. എന്തായാലും ഉദ്വേഗജനകവും, സന്തോഷകരവുമായ 2 മണിക്കൂര്‍ കടന്നുപോയത് അറിഞ്ഞില്ല. ബോട്ട്, ജെട്ടിയില്‍ എത്തിച്ച്, ഏല്‍പ്പിച്ച് ഞങ്ങള്‍ പുറത്തിറങ്ങി. അവിടെനിന്നും, ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ച് രണ്ടു വഴിയിലേക്ക് തിരിഞ്ഞു.

(തുടരും)

logo
Sathyadeepam Online
www.sathyadeepam.org