ആദ്യാവസാനം അജപാലകന്‍, ആത്മീയ ശുശ്രൂഷകന്‍

ആദ്യാവസാനം അജപാലകന്‍, ആത്മീയ ശുശ്രൂഷകന്‍
Published on
  • മോണ്‍. ജെയ്‌സണ്‍ കൂനംപ്ലാക്കല്‍

    വികാരി ജനറാള്‍, തൃശ്ശൂര്‍ അതിരൂപത

കുണ്ടുകുളം പിതാവില്‍ നിന്ന് വ്യത്യസ്തമായ ഒരു ശൈലിയായിരുന്നു തൂങ്കുഴി പിതാവിന്റേത്. കുണ്ടുകുളം പിതാവ് ഉയര്‍ന്ന ശബ്ദത്തില്‍ വളരെ പ്രാഭവത്തോടെ പ്രസംഗിച്ചിരുന്ന ഒരാളാണ്. തൂങ്കുഴിപ്പിതാവാകട്ടെ വളരെ ശാന്തമായി സംസാരിക്കുന്ന ഒരു പ്രകൃതക്കാരനായിരുന്നു. ഈ വ്യത്യാസം ആരംഭകാലങ്ങളില്‍ ദൈവജനം ചര്‍ച്ച ചെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ആ വ്യത്യാസം ശ്രദ്ധിക്കപ്പെട്ടു എന്നല്ലാതെ തൂങ്കുഴിപ്പിതാവിനെ സംബന്ധിച്ച് യാതൊരു അസ്വസ്ഥതയും ദൈവജനത്തിനിടയില്‍ ഉണ്ടായിരുന്നില്ല. വളരെ പെട്ടെന്ന് തന്നെ പിതാവിന്റെ ആ ശൈലി ആളുകള്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു. വളരെ സൗമ്യമായും പുഞ്ചിരിയോടെയും പിതാവ് എല്ലാവരോടും ഇടപെടുമായിരുന്നു. വൈദികരെ എല്ലാവരെയും പിതാവിനു വ്യക്തിപരമായി തന്നെ അറിയാമായിരുന്നു, അവരുടെ ജന്മദിനങ്ങളില്‍ സ്വന്തം കൈപ്പടയില്‍ അദ്ദേഹം ആശംസാസന്ദേശം അയക്കുമായിരുന്നു. ഒന്നോ രണ്ടോ വാചകങ്ങളെ ഉണ്ടാകുമായിരുന്നുള്ളൂവെങ്കില്‍ കൂടിയും അത് ആ വൈദികന്റെ സ്വത്വത്തെ തികച്ചും വെളിപ്പെടുത്തുന്നവയായിരിക്കും. പിതാവ് എത്രത്തോളം തങ്ങളെ മനസ്സിലാക്കി വെച്ചിരിക്കുന്നു എന്ന് ആ രണ്ട് വാചകം വായിക്കുമ്പോള്‍ വൈദികര്‍ക്ക് മനസ്സിലാകുമായിരുന്നു.

ഒരു ക്രൗഡ് പുള്ളര്‍ എന്നതിനേക്കാള്‍ വ്യക്തികളുടെ ഹൃദയങ്ങള്‍ കീഴടക്കാന്‍ സാധിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹം. വ്യക്തികളുടെ ഹൃദയങ്ങള്‍ കീഴടക്കിയതോടെ ദൈവജനം ഒന്നായി പിതാവിനോട് ചേര്‍ന്നുനിന്നു. വളരെ ധ്യാനാത്മകമായ പ്രസംഗങ്ങളും സുവിശേഷ വിശദീകരണങ്ങളുമാണ് പിതാവ് നല്‍കിക്കൊണ്ടിരുന്നത്. ആരോടും സൗമ്യമായി സംസാരിക്കാനും ഇടപഴകാനും പിതാവ് എപ്പോഴും സന്നദ്ധനായിരുന്നു. കാര്‍ക്കശ്യത്തിന്റെ ഒരു നിലപാട് ഒരിക്കലും പിതാവിന് ഉണ്ടായിരുന്നില്ല. എന്നാല്‍ പറയേണ്ട കാര്യങ്ങള്‍ പറയാനും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാനുമുള്ള നിശ്ചയദാര്‍ഢ്യം ഉണ്ടായിരുന്നു എന്നതും വളരെ ശ്രദ്ധേയമാണ്. വൈദികരുടെയും ദൈവജനത്തിന്റെയും നന്മയെ അംഗീകരിക്കാന്‍ പിതാവിന് എപ്പോഴും മനസ്സുണ്ടായിരുന്നു.

ഈശോയുടെ രണ്ട് ഗുണങ്ങളായ ഹൃദയശാന്തതയും എളിമയും പുലര്‍ത്താന്‍ പിതാവ് എപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. ആരെയും കേറി ഭരിക്കാനും മുറിപ്പെടുത്താനും പിതാവ് ഇഷ്ടപ്പെട്ടിരുന്നില്ല. എല്ലാവരെയും സ്‌നേഹിക്കാനും ബഹുമാനിക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. അതായിരിക്കണം സഭയിലെ അജപാലകരുടെ ശൈലി എന്ന് അദ്ദേഹം ജീവിതം കൊണ്ട് തെളിയിക്കുകയായിരുന്നു.

എല്ലാവരിലും ഒരു ആത്മീയ വിചാരം ഉണര്‍ത്താന്‍ പിതാവിന് സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ അജപാലനനേട്ടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി ഞാന്‍ കരുതുന്നത്. 'ക്രിസ്തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ' എന്നതായി രുന്നല്ലോ അദ്ദേഹത്തിന്റെ ആപ്തവാക്യവും. അദ്ദേഹം എപ്പോഴും ഞങ്ങളെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നതും അതാണ്. പൗലോസ് ശ്ലീഹായുടെ ആ ഒരു ഈറ്റുനോവ് എപ്പോഴും പിതാവിന് ഉണ്ടായിരുന്നു. വലിയ അന്താരാഷ്ട്ര പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുക എന്നുള്ളതിനേക്കാള്‍ ഉപരിയായി പ്രാര്‍ഥനയുടെ, വിശുദ്ധിയുടെ, സുകൃതസമ്പന്നമായ ഒരു ജീവിതത്തിന്റെ ബോധ്യങ്ങള്‍ നല്‍കാനായി പിതാവ് എപ്പോഴും പരിശ്രമിച്ചിരുന്നു. അത് അദ്ദേഹത്തിന്റെ എല്ലാ സുവിശേഷ വ്യാഖ്യാനങ്ങളിലും ഉപദേശങ്ങളിലും ഇടയലേഖനങ്ങളിലും കാണാന്‍ സാധിക്കും. ക്രിസ്ത്യാനി ഒരു ആത്മീയമനുഷ്യനായിരിക്കണം, സ്വര്‍ഗത്തിനു പ്രാപ്തമായ ജീവിതം നയിക്കണം എന്ന ചിന്ത പകരാന്‍ പിതാവ് എപ്പോഴും ശ്രദ്ധിച്ചിരുന്നു. ആത്മാവിന്റെ ശുശ്രൂഷകനാണ് താനെന്ന ചിന്ത പിതാവിന് എപ്പോഴും ഉണ്ടായിരുന്നു. അതാണ് പിതാവിന്റെ ഏറ്റവും വലിയ വിജയമായി ഞാന്‍ കാണുന്നത്. പിതാവിനെപ്പോലെ സൗമ്യമായി പ്രാര്‍ഥിക്കാനും ചിന്തിക്കാനും കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ് ഞങ്ങളുടെയൊക്കെ ആഗ്രഹം.

പിതാവ് തൃശ്ശൂര്‍ മെത്രാപ്പോലീത്തയായി സ്ഥാനമേല്‍ക്കുന്നത് വളരെ സവിശേഷമായ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ ആയിരുന്നു. കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി ദൃഢനിശ്ചയത്തോടെ അദ്ദേഹം മുന്നോട്ടു പോയി. അതുകൊണ്ടുതന്നെ തൃശ്ശൂരിന് ആവശ്യമായിട്ടുള്ള സ്ഥാപനങ്ങള്‍, പ്രത്യേകിച്ച് മെഡിക്കല്‍ കോളേജും എന്‍ജിനീയറിങ് കോളേജും ഒക്കെ തുടങ്ങാനുള്ള ധൈര്യം അദ്ദേഹം കാണിച്ചു. പറ്റിയ ആളുകളെ സ്ഥാപനങ്ങളുടെ ചുമതല ഏല്‍പ്പിക്കുകയും അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുകയും ചെയ്തു. അപ്പോഴും നാം പുലര്‍ത്തേണ്ട ക്രൈസ്തവനീതിയും പാവങ്ങളോടുള്ള കരുണയും ഉറപ്പാക്കുവാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കുണ്ടുകുളം പിതാവ് തുടങ്ങിവച്ച ആതുരസേവനസ്ഥാപനങ്ങള്‍ ഏറ്റവും നന്നായി മുന്നോട്ടു കൊണ്ടുപോകുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മറ്റേതെങ്കിലും ഒരു കാലഘട്ടത്തില്‍ ജീവിക്കുന്ന ഒരാളെപ്പോലെയല്ല അദ്ദേഹം ജീവിച്ചത്. അടിയുറച്ച ക്രിസ്തീയബോധ്യങ്ങളോടും ചൈതന്യത്തോടും കൂടെ അദ്ദേഹം മുന്നോട്ട് പോയി. ആ ഒരു ചൈതന്യം ഉണ്ടായാല്‍ അതിന് അനുഗുണമായ പ്രവര്‍ത്തികളും നമ്മില്‍ നിന്നും ഉണ്ടാകും എന്നുള്ള ഒരു ബോധ്യമായിരുന്നു അദ്ദേഹത്തിന്റെ അജപാലന ശൈലി. ആത്മാവിന്റെയും ശരീരത്തിന്റെയും ആവശ്യങ്ങള്‍ പരിഗണിക്കുന്ന ഒരു അജപാലന ശൈലിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പിതാവിന്റെ ഏറ്റവും പ്രധാനപ്പെട്ട അജപാലനനേട്ടം ക്രിസ്ത്യാനികള്‍ എല്ലാവരും ആത്മീയജീവിതം നയിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്ന ചിന്ത ജനങ്ങള്‍ക്കു നല്‍കാന്‍ കഴിഞ്ഞു എന്നതുതന്നെയാണ്.

ക്രിസ്തുവിനോട് അഭേദ്യമായ ബന്ധം പുലര്‍ത്തുന്ന ഒരു ശൈലിയായിരിക്കണം സഭയ്ക്ക് ഉണ്ടാകേണ്ടതെന്നും ക്രിസ്തുവിനോടും ക്രിസ്തുവിന്റെ മനോഭാവങ്ങളോടും ചേര്‍ന്നു നില്‍ക്കുന്ന ഒരു പ്രവര്‍ത്തനശൈലി സഭയ്ക്ക് എന്നും വേണമെന്നും പിതാവ് തന്റെ പ്രബോധനങ്ങളിലൂടെ സദാ നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

ദൈവത്തിന്റെ മേഖലയില്‍ ഉള്ള കാര്യങ്ങള്‍ മനോഹരമായി ചെയ്യുമ്പോള്‍ സീസറിന്റെ മേഖലയിലുള്ളവര്‍ പോലും അതില്‍ ആകൃഷ്ടരാകുന്നു എന്നത് പിതാവിന്റെ കാര്യത്തില്‍ സംഭവിച്ചിരുന്നു.

ഈശോയുടെ മഹത്വത്തിനുവേണ്ടിയാണ് തന്റെ എല്ലാ പ്രവര്‍ത്തനങ്ങളും എന്ന ഒരു ബോധ്യം പിതാവിനെപ്പോഴുമുണ്ടായിരുന്നു. പിതാവ് വലിയ വലിയ കാര്യങ്ങള്‍ ധാരാളം ചെയ്തിട്ടുണ്ട്. പക്ഷേ, കൊച്ചു കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പോലും ലോകത്തോട് ഭേരി മുഴക്കുന്ന ഒരു സംസ്‌കാരത്തോട് പിതാവ് ഒരിക്കലും അനുരൂപപെട്ടിട്ടില്ല. വ്യക്തിപരമായ പ്രസിദ്ധിക്കുവേണ്ടിയിട്ടോ വാര്‍ത്താപ്രാധാന്യത്തിനുവേണ്ടിയോ പിതാവ് യാതൊന്നും ചെയ്തിട്ടില്ല. 'തെരുവീഥിയില്‍ ആരും അവന്റെ സ്വരം കേട്ടിട്ടില്ല, ചതഞ്ഞ ഞാങ്കണ ഒടിച്ചിട്ടില്ല, പുകഞ്ഞ തിരി കെടുത്തിയിട്ടില്ല' എന്ന് തിരുവചനത്തില്‍ പറയുന്നതുപോലെ കര്‍മ്മം ചെയ്തു ദൈവത്തിന്റെ മഹത്വത്തിനായി കാഴ്ചവയ്ക്കുന്ന ഒരു രീതിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ശരിയായ ക്രൈസ്തവവിവേചനം നടത്തുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ദൈവത്തോട് ആലോചന ചോദിക്കുന്ന ഒരു ശൈലി സഭാത്മക ജീവിതത്തില്‍ എന്നും ഉണ്ടാകണമെന്ന് പിതാവ് ആഗ്രഹിച്ചിട്ടുണ്ട്.

ഈശോയുടെ രണ്ട് ഗുണങ്ങളായ ഹൃദയശാന്തതയും എളിമയും പുലര്‍ത്താന്‍ പിതാവ് എപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. ആരെയും കേറി ഭരിക്കാനും മുറിപ്പെടുത്താനും പിതാവ് ഇഷ്ടപ്പെട്ടിരുന്നില്ല. എല്ലാവരെയും സ്‌നേഹിക്കാനും ബഹുമാനിക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. അതായിരിക്കണം സഭയിലെ അജപാലകരുടെ ശൈലി എന്ന് അദ്ദേഹം ജീവിതം കൊണ്ട് തെളിയിക്കുകയായിരുന്നു. അധികാരം പ്രയോഗിക്കുന്ന ഒരു ശൈലി ഒരിക്കലും അദ്ദേഹത്തില്‍ കണ്ടിട്ടില്ല. പൗലോസ് ശ്ലീഹായുടെ ലേഖനത്തില്‍ പറയുന്നതുപോലെ എപ്പോഴും വളരെ താഴ്മയോടെ തന്റെ സംരക്ഷണത്തിന് ഭരമേല്‍പ്പിക്കപ്പെട്ട ദൈവജനത്തെ ശുശ്രൂഷിച്ചു.

കത്തോലിക്കരുടെ മാത്രം ഒരു ആധ്യാത്മിക നേതാവ് എന്നതിനേക്കാള്‍ വിശാലമായ വീക്ഷണം പുലര്‍ത്തി, എന്നാല്‍ ക്രിസ്തുവിനോട് ചേര്‍ന്നുനിന്നു.

ഒരുപാട് ബഹളമുണ്ടാക്കി സംസാരിക്കുന്ന ശൈലി അദ്ദേഹത്തിന് ഇല്ലായിരുന്നു. അതൊക്കെ നമുക്ക് സ്വീകരിക്കാവുന്ന മാതൃകകളായി തോന്നുന്നു. മറ്റുള്ളവരെ ബോധ്യപ്പെടുത്തുക, മീഡിയ കവറേജ് കിട്ടുക എന്നതെല്ലാം ഇപ്പോള്‍ നമ്മുടെ ഒരു പ്രധാനപരിഗണനയായിരിക്കുകയാണ്. പിതാവിന്റെ ജീവിത വീക്ഷണം പക്ഷേ ഇതിന് അനുസൃതമായിരുന്നില്ല. അതൊരു വലിയ പാഠമാണെന്ന് വിചാരിക്കുന്നു.

അതിര്‍വരമ്പുകള്‍ ഇല്ലാതെ അദ്ദേഹം ഏവരെയും സ്‌നേഹിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹം പൊതുസമൂഹത്തിനും സ്വീകാര്യനായി. കത്തോലിക്കരുടെ മാത്രം ഒരു ആധ്യാത്മിക നേതാവ് എന്നതിനേക്കാള്‍ വിശാലമായ വീക്ഷണം പുലര്‍ത്തി, എന്നാല്‍ ക്രിസ്തുവിനോട് ചേര്‍ന്നുനിന്നു. ഇത് സഭയ്ക്ക് എപ്പോഴും സ്വീകരിക്കാന്‍ കഴിയുന്ന ഒരു മാതൃകയാണെന്ന് തോന്നുന്നു.

ക്രിസ്ത്യാനി ഒരു ആത്മീയ മനുഷ്യനായിരിക്കണം, സ്വര്‍ഗത്തിനു പ്രാപ്തമായ ജീവിതം നയിക്കണം എന്ന ചിന്ത പകരാന്‍ പിതാവ് എപ്പോഴും ശ്രദ്ധിച്ചിരുന്നു. ആത്മാവിന്റെ ശുശ്രൂഷകനാണ് താനെന്ന ചിന്ത പിതാവിന് എപ്പോഴും ഉണ്ടായിരുന്നു. അതാണ് പിതാവിന്റെ ഏറ്റവും വലിയ വിജയമായി ഞാന്‍ കാണുന്നത്.

സഭയിലെ പ്രശ്‌നങ്ങള്‍ എന്നും പിതാവിനു വേദനയ്ക്ക് കാരണമായിരുന്നു എന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. ഒരു വ്യക്തിയെപോലും വേദനിപ്പിക്കാനോ മുറിവേല്‍പ്പിക്കാനോ ഇഷ്ടപ്പെടാത്ത ഒരു ശൈലിയാണല്ലോ അദ്ദേഹത്തിന്റേത്. അപ്പോള്‍ അനേകര്‍ മുറിവേല്‍ക്കുന്ന, വേദനിക്കുന്ന സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്നു എന്നത് പിതാവിനെ വേദനിപ്പിച്ചിട്ടുള്ള കാര്യമാണ്. ആ സ്ഥിതി പരിഹരിക്കപ്പെടുന്നതിന് പിതാവ് വളരെയേറെ പ്രാര്‍ഥിച്ചിട്ടുണ്ട്, പല കാര്യങ്ങളും ചെയ്തിട്ടുമുണ്ട്. പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കാന്‍ പിതാവ് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അദ്ദേഹത്തിനതു സാധ്യമല്ല. അതുകൊണ്ട് വളരെ പരിമിതമായി മാത്രമാണ് അദ്ദേഹം പൊതുസദസ്സുകളില്‍ അതേക്കുറിച്ച് സംസാരിച്ചിട്ടുള്ളത്. അനുരഞ്ജനത്തിന്റെയും ക്ഷമയുടെയും പാതയിലൂടെ പോകണമെന്നുള്ള ചിന്തയാണ് അദ്ദേഹം എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്. മുതിര്‍ന്ന മെത്രാനെന്ന നിലയില്‍ സൗമ്യമായ പല ഇടപെടലുകളും അദ്ദേഹം നടത്തിയിട്ടുണ്ട്. ആശയതലത്തില്‍ എങ്കിലും അതിന് സ്വീകാര്യത ലഭിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്.

തൂങ്കുഴിപ്പിതാവിന്റെ വലിയൊരു സ്വപ്നമായിരുന്നു മേരിമാതാ മേജര്‍ സെമിനാരി. അദ്ദേഹത്തിന്റെ ഭൗതികസാന്നിധ്യം അവിടെ എപ്പോഴും ഉണ്ടായിരുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും അവിടെ ഉണ്ടായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവിടുത്തെ പരിശീലന പദ്ധതി രൂപീകരിക്കുന്നതിലും ആവശ്യമായ കാര്യങ്ങള്‍ ക്രമപ്പെടുത്തുന്നതിലും അന്നത്തെ റെക്ടറായിരുന്ന തട്ടില്‍ പിതാവിന് അദ്ദേഹം വലിയ സ്വാതന്ത്ര്യം നല്‍കിയിരുന്നു.

അനുരഞ്ജനത്തിന്റെയും ക്ഷമയുടെയും പാതയിലൂടെ പോകണമെന്നുള്ള ചിന്തയാണ് അദ്ദേഹം എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്. മുതിര്‍ന്ന മെത്രാനെന്ന നിലയില്‍ സൗമ്യമായ പല ഇടപെടലുകളും അദ്ദേഹം നടത്തിയിട്ടുണ്ട്. ആശയതലത്തില്‍ എങ്കിലും അതിന് സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

സാധാരണയില്‍ നിന്ന് കുറെക്കൂടി വ്യത്യസ്തമായി ചിന്തിക്കാന്‍ സാധിക്കുന്ന വിധത്തില്‍, അജപാലനോന്മുഖമായ ഹൃദയം ഉള്ള ഒരു പൗരോഹിത്യ പരിശീലനം കൊടുക്കണം എന്നുള്ളത് പിതാവിന്റെ ഒരു ആഗ്രഹമായിരുന്നു. അതുകൊണ്ട് സാധാരണ ജീവിതത്തിന്റെ നോവുകള്‍ വൈദികാര്‍ഥികള്‍ മനസ്സിലാക്കണം എന്നദ്ദേഹം കരുതി. അധികാരത്തേക്കാള്‍ ശുശ്രൂഷയുടെ മനുഷ്യനാണ് പുരോഹിതന്‍ എന്ന ധാരണ വൈദികര്‍ക്കുണ്ടാകണം, അജപാലനത്തിന്റെ മഹത്വവും അതിന്റെ വേദനയും അനുഭവിക്കാനാകണം, ആഡംബരങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കി ലാളിത്യത്തില്‍ ജീവിക്കണം. ഇതൊക്കെ അദ്ദേഹത്തിന്റെ സ്വപ്നങ്ങളായിരുന്നു. സെമിനാരിയിലെ കെട്ടിടങ്ങള്‍ പോലും ആ രീതിയിലാണ് പണിതത്. ക്ലാസുകളിലേക്കു പോകുമ്പോള്‍ കുറച്ചു മഴയൊക്കെ കൊള്ളേണ്ടിവരും. അത് ഒഴിവാക്കാന്‍ ഷീറ്റ് ഇടണം എന്നു പറയുമ്പോള്‍ പിതാവിന് അതത്ര സ്വീകാര്യമല്ലായിരുന്നു. കാരണം പുറത്തുള്ള കുട്ടികള്‍ കോളേജിലും മറ്റും പഠിക്കുന്നതിന് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ ചെറിയൊരു ശതമാനം എങ്കിലും സെമിനാരിക്കാരും അനുഭവിക്കുന്നതില്‍ തെറ്റില്ല എന്ന ഒരു ചിന്ത അദ്ദേഹത്തിനു ണ്ടായിരുന്നു. എല്ലാ സൗകര്യങ്ങളും അനുഭവിക്കാവുന്ന ഒരു ജീവിതം ആകാന്‍ പാടില്ല പൗരോഹിത്യം എന്നത്. അക്കാദമിക മികവിനെ അതിന്റെ എല്ലാ മൂല്യത്തോടും കൂടെ തന്നെ പിതാവ് കണ്ടിട്ടുണ്ട്. അതിനോടൊപ്പം അജപാലനപരവും സാമൂഹികവുമായ കാര്യങ്ങളില്‍ ഉള്ള താല്‍പര്യവും വര്‍ധിപ്പിക്കണം. ജനങ്ങളോട് അടുത്തുനിന്ന് അവരുടെ ആത്മീയവും ഭൗതികവുമായ നന്മയ്ക്ക് വേണ്ടി ജീവിതം വ്യയം ചെയ്യാന്‍ പറ്റുന്ന രീതിയില്‍ വൈദികരെ പരിശീലിപ്പിക്കുന്നതിനുള്ള കാര്യങ്ങളെ പിതാവ് എപ്പോഴും പ്രോത്സാഹിപ്പിക്കുമായിരുന്നു. ഈശോയുടെ ഹൃദയത്തിനിണങ്ങുന്ന അജപാലകരാകുക (ജെറമിയ 3:15) എന്നതാണല്ലോ സെമിനാരിയുടെ ആപ്തവാക്യം. ഈശോയ്ക്കും മനുഷ്യര്‍ക്കും ഇഷ്ടമുള്ള ഒരു ഇടയശുശ്രൂഷയാണ് പിതാവ് സ്വപ്നം കണ്ടിരുന്നത്. പരമ്പരാഗത സെമിനാരി പരിശീലനത്തിന്റെ യാതൊരു ഘടകങ്ങളും വേണ്ട എന്ന് പിതാവ് ശഠിച്ചിട്ടുമില്ല. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ശുശ്രൂഷ ആയതിനാല്‍ കുറേക്കൂടി ജനങ്ങളോട് ചേര്‍ന്ന് നിന്നുകൊണ്ടുള്ള പരിശീലനം വേണം. ആത്മീയമായും ഭൗതികമായും ജനങ്ങളെ വഴി നടത്തുന്നതിന് പ്രാപ്തമാകുന്ന വിധത്തില്‍ കാലഘട്ടത്തിന്റെ പ്രത്യേകതകളൊക്കെ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു അടുപ്പം ജനങ്ങളുമായിട്ടുണ്ടാവണം. നമ്മുടെ ആരാധനാക്രമങ്ങളും പ്രാര്‍ഥനകളും വെറും ആചാരം മാത്രമാകാതെ ഹൃദയത്തെ തൊടുന്നതായിരിക്കണം. ഇതൊക്കെ പിതാവ് എപ്പോഴും പറഞ്ഞിരുന്നു. വ്യക്തിപരമായ ഒരു തലത്തില്‍ പൗരോഹിത്യം ഏറ്റെടുക്കുമ്പോഴാണ് അത് കാറ്റിനെയും കോളിനെയും അതിജീവിച്ച് നിലനില്‍ക്കുക. ആ വ്യക്തിപരമായ ബോധ്യത്തിലേക്ക് എല്ലാവരും വരണം. അതുകൊണ്ട് ചെറിയ ബാച്ചുകള്‍ എന്ന സങ്കല്പമായിരുന്നു മേരിമാതയില്‍ ഉണ്ടായിരുന്നത്. അക്കമ്പനിമെന്റ് എന്ന സങ്കല്‍പം പിതാവ് അന്നേ നടപ്പിലാക്കി. പൗരോഹിത്യ പരിശീലനം നടക്കുമ്പോള്‍ ബുദ്ധി മാത്രമല്ല ഹൃദയം കൂടി പരിവര്‍ത്തനപ്പെട്ട്, പാകപ്പെട്ട് വരണമെന്ന് പിതാവ് ആഗ്രഹിച്ചു. അങ്ങനെയാണ് ഈശോയുടെ ഹൃദയത്തിന് അനുയോജ്യമായ പൗരോഹിത്യം ഉണ്ടാവുക.

പിതാവിനെ കാണുമ്പോള്‍ മനസ്സില്‍ വലിയൊരു സന്തോഷവും കുളിര്‍മയും എനിക്ക് അനുഭവപ്പെടാറുണ്ട്. മറ്റുള്ളവര്‍ക്കും അത് അനുഭവമായിട്ടുണ്ടെന്ന് എനിക്കറിയാം. എത്ര പ്രക്ഷുബ്ധമായ സാഹചര്യത്തിലും പിതാവിനെ കാണുകയും പിതാവിന്റെ ഒരു വാക്ക് കേള്‍ക്കുകയും ചെയ്യുമ്പോള്‍ വല്ലാത്ത സമാധാനവും സന്തോഷവും എല്ലാവരുടെയും മനസ്സില്‍ ഉണ്ടാകാറുണ്ട്. മനസ്സുകളെ തണുപ്പിക്കുന്ന ഒരു സ്വഭാവത്തിന് ഉടമയാണ് അദ്ദേഹം. ഈശോയുമായി പിതാവിനുണ്ടായിരുന്ന വലിയ സ്‌നേഹബന്ധമാണ് അതിന്റെ കാരണം. അതുപോലെ പരിശുദ്ധ അമ്മയുമായിട്ടുള്ളതും. വലിയ പരാക്രമങ്ങളും ബഹളങ്ങളും ഒന്നുമില്ലാതെ ശാന്തമായി ഒഴുകുന്ന ഒരു പുഴ പോലെ, ഒന്ന് കണ്ടാല്‍ കേട്ടാല്‍ അത് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ പറ്റുന്ന വിധത്തിലുള്ള ഒരു ജീവിതശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ഈശോയെ ജീവിച്ചു കാണിക്കാന്‍ പിതാവിന് കുറെ സാധിച്ചിട്ടുണ്ട്; വാക്കുകൊണ്ടും ജീവിതം കൊണ്ടും. ക്രിസ്തു ഇന്നും നമ്മുടെ ഇടയില്‍ ജീവിക്കുന്നു എന്നതിന് ഒരു അടയാളം എന്നോണം, ക്രിസ്തുവിന്റെ ഭാവങ്ങള്‍, ആഗ്രഹങ്ങള്‍, ശൈലികള്‍ ഒക്കെ നല്ലൊരു അളവുവരെ പ്രതിഫലിപ്പിച്ചു കൊണ്ടിരുന്ന ഒരു ജീവിതമായിരുന്നു തൂങ്കുഴി പിതാവിന്റേത്.

ക്രിസ്തുവിനോടും ക്രിസ്തുവിന്റെ മനോഭാവങ്ങളോടും ചേര്‍ന്നു നില്‍ക്കുന്ന ഒരു പ്രവര്‍ത്തനശൈലി സഭയ്ക്ക് എന്നും വേണമെന്ന് പിതാവ് ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു.

തന്റെ ആത്മീയജീവിതത്തെ രണ്ടാം സ്ഥാനത്തേക്കോ മൂന്നാം സ്ഥാനത്തേക്കോ തള്ളി മറ്റ് കാര്യങ്ങള്‍ക്ക് പിതാവ് പ്രാധാന്യം കൊടുത്തിട്ടില്ല. എല്ലാറ്റിനും ഉപരിയായി ഒരു പുരോഹിതന്‍ ഒരു ഇടയന്‍ മഹാഇടയനായ കര്‍ത്താവിനോട് ചേര്‍ന്നുനില്‍ക്കണം എന്നദ്ദേഹം കരുതി. തന്റെ പ്രാര്‍ഥന, ധ്യാനം, വായന എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ ചിട്ടയാര്‍ന്ന ഒരു ജീവിതം അദ്ദേഹം നയിച്ചു. എല്ലാവരെയും ബഹുമാനിക്കുക, എത്ര ചെറിയവനുമായി ക്കൊള്ളട്ടെ എന്നത് പിതാവിന്റെ പ്രത്യേക സിദ്ധി ആയിരുന്നു. പുരോഹിതന്‍ മറ്റൊരു ക്രിസ്തുവാണ് എന്ന വാക്കുകള്‍ തൂങ്കുഴിപ്പിതാവിന്റെ കാര്യത്തില്‍ വളരെയേറെ അര്‍ഥവത്താണ്.

(അഭിമുഖസംഭാഷണത്തെ ആസ്പദമാക്കി എഴുതിയത്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org