ആദ്യനാടകത്തിന്റെ പിന്നാമ്പുറം

മഷിപ്പേന-11
ആദ്യനാടകത്തിന്റെ പിന്നാമ്പുറം

ഞാന്‍ നാടകരംഗത്തേക്കു പ്രവേശിക്കുന്നതു 'മാനം തെളിഞ്ഞു' എന്ന നാടകത്തിലൂടെ ഇരുപത്തിനാലു വയസ്സിലാണെങ്കില്‍, അതിനു മുമ്പ് ഇരുപതു വയസ്സില്‍ തന്നെ ചില ചെറുകഥകളും വിനോദഭാവനകളും എഴുതിത്തുടങ്ങി. സാഹിത്യരംഗത്തേക്കുള്ള എന്റെ രംഗപ്രവേശം അങ്ങനെയാണ്. അക്കാലത്തെ യുവസഹജമായ ആവേശത്തോടെ ധാരാളം ചെറുകഥകളും നോവലുകളും വായിച്ചു തള്ളിയിരുന്നു. തകഴി, കേശവദേവ്, പൊന്‍കുന്നം വര്‍ ക്കി, മുട്ടത്തുവര്‍ക്കി, പൊറ്റെക്കാട്, ഉറൂബ്, പാറപ്പുറത്ത്, ബഷീര്‍ എ ന്നീ പ്രമുഖരുടെ കൃതികളാണ് മുഖ്യമായും വായിച്ചത്. വൈവിധ്യ പൂര്‍ണ്ണമായ രചനകള്‍.

അവ ഉണര്‍ത്തിയ ആവേശവും പ്രേരണയുമാവാം ഒരുപക്ഷേ, കഥകളെഴുതാന്‍ എനിക്കു പ്രചോദനം തന്നത്. കുടുംബത്തിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സാമ്പത്തിക ഞെരുക്കവും ചെറുപ്പത്തില്‍ത്തന്നെ വേണ്ടതിലധികം കയ്‌പേറിയ അനുഭവങ്ങള്‍ എനി ക്കു സമ്മാനിച്ചു. ചില ജീവിതാനു ഭവങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച്, എന്റേതായ ഒരു ശൈലിയില്‍ കഥകളായി പുറത്തുവന്നു. ഒപ്പം ചില ഹാസ്യഭാവനകളും. എല്ലാം വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകൃതമായി. സംസ്‌കൃത പണ്ഡിതനും തേവര കോളജ് മലയാളം വകുപ്പ് മേധാവിയുമായ പ്രൊഫ. പി സി ദേവസ്യയുടെ പത്രാധിപത്യത്തില്‍ തേവരയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'ജയഭാരതം' മാസികയിലാണ് കൂടുതല്‍ കഥകള്‍ പ്രസിദ്ധീകരിച്ചത്. ഇവയ്‌ക്കൊന്നിനും പ്രതിഫലമുണ്ടായിരുന്നില്ല. എന്നെ പ്രോത്സാഹിപ്പിക്കാനെന്ന മട്ടില്‍ സൗജന്യമായി പ്രസിദ്ധീകരിക്കയാണുണ്ടായത്.

ആയിടയ്ക്ക് പി സി ദേവസ്യാ മാസ്റ്ററുടെ ഒരു കത്തുകിട്ടി. 'ജയ ഭാരത'ത്തിലെ എന്റെ ഒരു രചനയെ അകമഴിഞ്ഞു പ്രശംസിച്ചു കൊണ്ട് ഒരു മഹാസാഹിത്യകാരന്‍ അദ്ദേഹത്തിന് ഒരു കത്തയച്ചുവത്രെ. പ്രശംസകന്‍ മറ്റാരുമായിരുന്നില്ല; സംസ്‌കൃതാചാര്യനും ഭാഷാശാസ്ത്രജ്ഞനും പണ്ഡി തശിരോമണിയും പിന്നീട് 'പാണിനീയ പ്രദ്യോതം' എന്ന കൃതിക്കു കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡു നേടിയ സാഹിത്യ നായകനുമായ ഷെവലിയര്‍ ഐ സി ചാക്കോ! എനിക്കന്നുവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും വലിയ അഭിനന്ദനം.

ചെറുകഥാകൃത്തും നോവലി സ്റ്റുമായി വളരാനായിരുന്നു എനിക്കു മോഹം. പക്ഷേ, എഴുതിയ തും ഉറച്ചുനിന്നതും നാടകകൃത്തായിട്ട്. 'മാനം തെളിഞ്ഞു' എ ന്ന ആദ്യനാടകം എഴുതിയതു തികച്ചും ആകസ്മികമായൊരു സാ ഹചര്യത്തിലാണ്. ഇന്നലെ എന്നതു പോലെ ഓര്‍ക്കുന്നു. ഞാന്‍ അംഗമായിരുന്ന ഒരു കലാസംഘടനയുടെ വാര്‍ഷികം. അതിന് അവതരിപ്പിക്കാന്‍ പറ്റിയൊരു നാടകം വേണം. അച്ചടിച്ച ഏതാനും നാടകകൃതികള്‍ ഞങ്ങള്‍ പരിശോധിച്ചു. പലതിലും പ്രേമത്തിന്റെ അതിപ്രസരം, അവിഹിത ബന്ധങ്ങളുടെ പശ്ചാത്തലം. അശ്ലീല ധ്വനിയുള്ള സംഭാഷണങ്ങള്‍, അനാവശ്യമായ ആത്മഹത്യകള്‍, കൊലപാതകത്തിലൂടെയുള്ള പ്രശ്‌നപരിഹാരങ്ങള്‍, സ്ഥാനത്തും അസ്ഥാനത്തുമുള്ള വിപ്ലവ പ്രസംഗങ്ങള്‍, സ്വാഭാവികതയില്ലാത്ത ഇതിവൃത്തങ്ങള്‍ - ഇങ്ങനെ പോകുന്നു ഓരോന്നിന്റെയും ഉള്ളടക്കം.

വാര്‍ഷികസമ്മേളനത്തിനുശേഷം സൗജന്യമായി ഓപ്പണ്‍ എയറില്‍ അവതരിപ്പിക്കേണ്ടതാണ് നാടകം. മാതാപിതാക്കളും യുവതീ യുവാക്കളുമടക്കം ആബാലവൃദ്ധം ജനങ്ങള്‍ക്കും സ്വീകാര്യമായ നാടകമാണ് ഞങ്ങള്‍ക്കാവശ്യം. പക്ഷേ, മുദ്രിത കൃതികളില്‍ നിന്നും മനസ്സിനിണങ്ങിയതൊന്നും ലഭിച്ചില്ല. പ്രേക്ഷക മനസ്സുകളിലേക്ക് നാടകത്തിലൂടെ നന്മയുടെയും നല്ല മൂല്യങ്ങളുടെയും പ്രകാശം പകരണമെന്നാണ് മോഹം. പ്രേക്ഷകസമൂഹം നാടകം കാണാന്‍ വരുന്നതു ശുദ്ധ മനസ്സോടും തുറന്ന ഹൃദയത്തോടും കൂടിയാണ്. കുറെ നേരത്തേക്കുള്ള ആഹ്ലാദവും വിനോദവുമാണ് അവരുടെ ലക്ഷ്യം. എന്നാല്‍ ഉത്തമവും ഉല്‍കൃഷ്ടവുമായ നാടകം രംഗവേദിയില്‍ കലാഭംഗിയോടെ അവതരിപ്പിക്കപ്പെടുമ്പോള്‍ അതിലൂടെ ചില നല്ല സന്ദേശങ്ങളും ഗുണപാഠങ്ങളും പ്രേക്ഷക ഹൃദയങ്ങളിലേക്ക് എത്തിക്കാന്‍ കഴിയും. അവരറിയാതെ, അവരുടെ അറിവോ സമ്മതമോ ഇല്ലാതെ വെളിച്ചത്തിന്റെ കിരണങ്ങള്‍ മനസ്സിലേക്ക് പ്രവേശിക്കും.

ലക്ഷ്യം നല്ലത്. പക്ഷേ, നാടകമെവിടെ?

''ജോസിന്റെ ചെറുകഥകളില്‍ കുറിക്കുകൊള്ളുന്ന നല്ല ഡയലോഗുണ്ടല്ലൊ. അങ്ങനെ എഴുതാന്‍ കഴിയുന്ന ആള്‍ക്ക് നാടകമെഴുതാനും പറ്റും.''

ഒഴിഞ്ഞുമാറാനുള്ള എന്റെ ശ്രമം ഫലിച്ചില്ല. ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നു. ആശങ്കയുണ്ടെങ്കിലും ഉറ്റസുഹൃത്തുക്കളുടെ നിര്‍ബന്ധവും പ്രേരണയും ആവേശം പകര്‍ന്നു. അതൊരു വാശിയായി മാറി. ആ വാശിയും ആവേശവും വെച്ചു ലക്ഷ്യബോധത്തോടെ ഞാന്‍ നാടകമെഴുതി. അതാണ് ''മാനം തെളിഞ്ഞു.''

പണക്കാരനായ അനുജന്റെയും പട്ടിണിക്കാരനായ ജ്യേഷ്ഠന്റെയും കഥ. ലളിതമായ ഇതിവൃത്തം. നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്ന സാധാരണ മനുഷ്യരാണ് കഥാപാത്രങ്ങള്‍. അവരുടെ ചുണ്ടുകളില്‍ നിന്ന് ഉതിര്‍ന്നു വീഴുന്നവയാണ് ഇതിലെ സംഭാഷണ ശൈലി. മൊത്തത്തില്‍ ഒഴുക്കും സ്വാഭാവികതയുമുള്ള രചന. സുഹൃത്തുക്കള്‍ വായിച്ചു കേട്ടു. ഏറെക്കുറെ തൃപ്തിയായി. അവതരിപ്പിക്കാമെന്ന തീരുമാനത്തിലെത്തി. റിഹേഴ്‌സല്‍ തുടങ്ങിയെങ്കിലും ഞങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു. പ്രത്യേകിച്ചും എനിക്ക്. കാരണം, മാറ്റിവച്ച മുദ്രിത കൃതികളിലെ പ്രധാനപ്പെട്ട ഘടകങ്ങളൊന്നും ഇതിലില്ല. ഇതില്‍ പ്രേമമില്ല; ആത്മഹത്യയില്ല, കൊലപാതകമില്ല, അശ്ലീലചുവയുള്ള സംഭാഷണമില്ല; വിപ്ലവ പ്രസംഗമില്ല. ഇവയൊന്നുമില്ലെങ്കില്‍ പിന്നെ എന്തു നാടകം? എന്നാല്‍ ഇതില്‍ മറ്റു പലതുമുണ്ടായിരുന്നു. പച്ചയായ ജീവിതമുണ്ടായിരുന്നു. മിഴിവുള്ള കഥാപാത്രങ്ങളുണ്ടായിരുന്നു സംഘര്‍ഷം നിറഞ്ഞ രംഗങ്ങളുണ്ടായിരുന്നു. ഉള്ളില്‍ തട്ടുന്ന നാടകീയ മുഹൂര്‍ത്തങ്ങളുണ്ടായിരുന്നു. എല്ലാത്തിലുമുപരിയായി ഒരു ധാര്‍മ്മിക സന്ദേശമുണ്ടായിരുന്നു.

പാവപ്പെട്ട ജ്യേഷ്ഠന്റെ മകനും ബിരുദധാരിയും ഉദ്യോഗമില്ലാതെ അലയുന്നവനുമായ ജോര്‍ജിന്റെ ഏറെ പ്രാധാന്യമുള്ള റോള്‍ ഞാനാണ് അഭിനയിക്കുന്നത്. സംവിധായകനും ഞാന്‍ തന്നെ. ഇതിലെ ഏകസ്ത്രീകഥാപാത്രം ജോര്‍ജിന്റെ അനിയത്തിയും നിഷ്‌ക്കള ങ്കയുമായ പതിനഞ്ചുകാരി അമ്മിണിയാണ്. ആ വേഷം കെട്ടിയത് പെണ്ണായിരുന്നില്ല. കെ ജെ ഇട്ട്യേച്ചന്‍ എന്ന പയ്യനായിരുന്നു. പാകത്തിനുള്ള ഉയരം. ഭംഗിയുള്ള മു ഖം. മേക്കപ്പ് ചെയ്താല്‍ സുന്ദരിയാവും. (അക്കാലത്ത് ഇന്നത്തെപ്പോലെ ധാരാളം യുവതികള്‍ നാടകനടികളായി രംഗത്തു വന്നിരുന്നില്ല.) തുടര്‍ച്ചയായ റിഹേഴ്‌സലിലൂടെ എല്ലാ കഥാപാത്രങ്ങളെയും പാകപ്പെടുത്തിയെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org