ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്‍ എസ് ജെ [19241993]

ജീവിതവഴികളിലെ ബൗദ്ധിക പരിണാമങ്ങള്‍
ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്‍ എസ് ജെ [19241993]
വിഖ്യാത വിമോചന ദൈവശാസ്ത്രജ്ഞന്‍ ഫാ. സെബാസ്റ്റ്യന്‍ കാപ്പന്‍ എസ് ജെയുടെ ജന്മശതാബ്ദി ഈ മാസമായിരുന്നു. ക്രൈസ്തവികതയും കമ്മ്യൂണിസവും തമ്മിലുള്ള ക്രിയാത്മക ആശയ വിനിമയം സ്വപ്നം കണ്ട കാപ്പനച്ചന്‍ ഒരു കാലത്തിന്റെ ചിന്തകളില്‍ തീ പടര്‍ത്തിയ വൈദികനായിരുന്നു. കാപ്പനച്ചന്‍ ഓര്‍മ്മിക്കപ്പെടുകയാണിവിടെ...

വിമോചന ദൈവശാസ്ത്രത്തെക്കുറിച്ചുള്ള ചിന്ത സാധാരണഗതിയില്‍ നമ്മെ എത്തിക്കുന്നത് ലാറ്റിന്‍ അമേരിക്കയിലേക്കും ഗുസ്താവോ ഗുട്ടിയേറസ് (1928), ലെയനാര്‍ഡോ ബോഫ് (1938), ലൂയിസ് സെഗുണ്ടോ (1925-96) എന്നിവരെ പോലെയുള്ളവരിലേക്കുമാണ്. ചിലപ്പോഴൊക്കെ അത് ഏഷ്യന്‍ മണ്ണിലേക്കും എത്തുന്നു. ഉദാഹരണത്തിന് ഫിലിപ്പൈന്‍സിലെ കാര്‍ലോസ് അബെസാമിസ് (1934-2008), വിറ്റാലിയാനോ ഗൊറോസ്‌പെ (1924-2002), ജോസ് ദെ മെസ (1946-2021), സൗത്ത് കൊറിയയിലെ മിന്‍ജുങ്ങ് ദൈവശാസ്ത്രം (ജനങ്ങളുടെ ദൈവശാസ്ത്രം), അവിടുത്തെ പുരോഗമന ദൈവശാസ്ത്രജ്ഞരായ ആന്‍ ബ്യുങ്-മു (1922-96), സു നാം-ഡോങ്ങ് (1918-84), ശ്രീലങ്കയിലെ ടിസ ബാലസൂര്യ (1924-2014), അലോയ്‌സിയൂസ് പിയരിസ് (1934), ഇന്ത്യയിലെ ദളിത് വിമോചന ദൈവശാസ്ത്രം. ദളിത് വിമോചന ദൈവ ശാസ്ത്രം യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ രണ്ടാം തലമുറ ദൈവശാസ്ത്രമാണ്. സമകാലീന ലോകത്തില്‍ നിന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ഒന്നാം തലമുറ - വിമോചന ദൈവശാസ്ത്രം സാമുവല്‍ രായനിലൂടെയും (1920-2019), മഠത്തിപറമ്പില്‍ മാമന്‍ തോമസിലൂടെയും (1916-96), പൗലോസ് മാര്‍ പൗലോസിലൂടെയും (1941-98), സെബാസ്റ്റ്യന്‍ കാപ്പനിലൂടെയുമൊക്കെ (1924-93) ഇവിടെ പ്രസക്തമായിരുന്നു. ഇവരില്‍ ചിന്തകൊണ്ടും പ്രവര്‍ത്തികൊണ്ടും എഴുത്തുകള്‍ കൊണ്ടും വേറിട്ടുനിന്ന വ്യക്തിത്വമായിരുന്നു കാപ്പനച്ചന്റേത്. അദ്ദേഹത്തിന്റെ നൂറാം ജന്മ വാര്‍ഷികം ഇക്കഴിഞ്ഞ ജനുവരി 4-നായിരുന്നു.

ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്‍ 1924 ജനുവരി 4-ന് തൊടുപുഴയ്ക്കടുത്ത് കോടിക്കുളത്ത് ജനിച്ചു. 1944-ല്‍ അദ്ദേഹം ഈശോസഭയില്‍ ചേര്‍ന്നു. സെമിനാരി പഠനം കോഴിക്കോട്, കൊടൈക്കനാല്‍, മംഗലാപുരം, പൂനെ എന്നിവിടങ്ങളില്‍ എമിലിയോ ഉഗാര്‍ത്തെ എസ് ജെ, ആല്‍ഡൊ മരിയ പത്രോണി എസ് ജെ എന്നിവരെ പോലെയുള്ള വൈദികരുടെ കീഴില്‍. 1957-ല്‍ വൈദികനായ അദ്ദേഹം രണ്ടു വര്‍ഷത്തിനുശേഷം റോമില്‍ ഉപരിപഠനത്തിനായി പോയി. 1961-ല്‍ ""Praxis and Emancipation of Man from Religious Alienation according to the Economical and Philosophical Manuscripts of Karl Marx'' എന്ന പ്രബന്ധമെഴുതി മാര്‍ക്‌സിയന്‍ മത വിമര്‍ശനത്തില്‍ ഡോക്ടറേറ്റ് നേടി. 1957-ലെ കേരള വിമോചന സമര പശ്ചാത്തലത്തില്‍ നിന്ന് മാര്‍ക്‌സിസത്തെയും കമ്മ്യൂണിസത്തെയും എതിര്‍ക്കാന്‍ റോമില്‍ തന്നെത്തന്നെ സജ്ജനാക്കുകയായിരുന്നു കാപ്പനച്ചന്റെ ലക്ഷ്യം. എന്നാല്‍ മാര്‍ക്‌സിനെ അടുത്തറിഞ്ഞതോടുകൂടി അദ്ദേഹത്തിന്റെ ആശയങ്ങള്‍ കാപ്പനച്ചനെ പ്രചോദിപ്പിച്ചു. അത് ക്രമേണയുള്ള മത വിമര്‍ശനത്തിലേക്കും പ്രത്യേകിച്ച് ക്രിസ്റ്റിയാനിറ്റിയുടെ പര്‍വതീകരിച്ച സ്വര്‍ഗരാജ്യ സങ്കല്‍പ്പത്തിന്റെ വിമര്‍ശനത്തിലേക്കും നയിച്ചു.

എങ്കിലും 1961-ല്‍ കേരളത്തില്‍ തിരിച്ചെത്തിയ ഉടനെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടാനോ, തൂലിക ചലിപ്പിക്കാനോ അദ്ദേഹം തയ്യാറാവുന്നില്ല. 1968 ഓടുകൂടി അദ്ദേഹത്തിന്റെ സമീപനങ്ങള്‍ക്ക് മാറ്റം വരുന്നത് കാണാം. ശ്രീലങ്കന്‍ വിമോചന ദൈവസ്ത്രജ്ഞന്‍ ടിസ ബാലസൂര്യയുടെ ക്ഷണം സ്വീകരിച്ച് ബെല്‍ജിയത്തിലെ കത്തോലിക്കാ പുരോഹിതനും മാര്‍ക്‌സിസ്റ്റ് -സോഷ്യോളജിസ്റ്റുമായ ഫ്രാന്‍ഷ്വ ഹുട്ടാര്‍ട്ട് (1925-2017) ശ്രീലങ്കയിലേക്ക് പോകുന്ന വഴി കേരളത്തില്‍ എത്തുകയും കാപ്പനച്ചന്‍ അദ്ദേഹത്തെ കാണാന്‍ ഇടയാവുകയും ചെയ്തതാണ് ഈ മാറ്റത്തിനുള്ള കാരണങ്ങളില്‍ ഒന്ന്. ഹുട്ടാര്‍ട്ടുമായുള്ള സൗഹൃദത്തിനും 1970-ല്‍ വിസിറ്റിംഗ് പ്രൊഫസറായി ലുവൈന്‍ ഫ്രഞ്ച് കത്തോലിക്ക യൂണിവേഴ്‌സിറ്റിയില്‍ പോയതിനും ശേഷം കാപ്പന്‍ എഴുത്തിന്റെ ലോകത്തേക്ക് ഗൗരവമായി പ്രവേശിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളായിരുന്നു പിന്നീട് പ്രധാനമായും അദ്ദേഹത്തിന്റെ പ്രവര്‍ത്തനകേന്ദ്രങ്ങള്‍.

കാപ്പനച്ചന്റെ ചിന്താമണ്ഡലം വിശാലമായിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിശോധിക്കുമ്പോഴാണ് അദ്ദേഹത്തില്‍ പടിപടിയായി സംഭവിക്കുന്ന ബൗദ്ധിക പരിണാമം മനസ്സിലാവുന്നത്. ഒരു സാധാരണ ജസ്യൂട്ട് വൈദികനില്‍ നിന്നും മാര്‍ക്‌സിയന്‍ ചിന്താഗതിയിലേക്കുള്ള മാറ്റമാണ് ഒന്നാമത്തേത്. അവിടെ നിന്നും ചരിത്രപുരുഷനായ യേശുവിനെയും യൈശവ സംസ്‌കാരത്തെയും ഊന്നിയുള്ള എഴുത്തുകളിലേക്ക് പ്രവേശിക്കുന്നു. മൂന്നാമതായി, ബുദ്ധനിലേക്കുള്ള ഒരു യാത്രയും ശ്രദ്ധിക്കാനാകും. എന്നാല്‍ ഇവയിലൊന്നുപോലും കാപ്പനച്ചന്റെ ലക്ഷ്യങ്ങളായിരുന്നില്ല; മറിച്ച് അവ മാര്‍ഗങ്ങളായിരുന്നു. മാര്‍ക്‌സിനെയും യേശുവിനെയും ബു ദ്ധനെയും സമ്മേളിപ്പിച്ച് എങ്ങനെ ഒരു പ്രതി സംസ്‌കാരം (counter-culture) നിര്‍മ്മിക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.

  • മാര്‍ക്‌സ്

കാപ്പനച്ചന്‍ തന്റെ മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ അവതരിപ്പിച്ച ആദ്യ ലേഖനങ്ങളില്‍ ഒന്ന് ''Church and the challenge of social revolution in Kerala'' ആയിരുന്നു. ധനികര്‍ക്കും വരേണ്യവര്‍ഗത്തിനും വേണ്ടിയുള്ള ഭരണസംവിധാനത്തെയും ലോകക്രമത്തെയും അദ്ദേഹം തള്ളിപ്പറയുന്നു. അവയോടുള്ള സഭയുടെ ആഭിമുഖ്യത്തെ നിശിത വിമര്‍ശനത്തിന് വിധേയമാക്കുകയും ചെയ്യുന്നു. സഭ അതിനെത്തന്നെ പാവങ്ങളില്‍ നിന്ന് അന്യവല്‍ക്കരിച്ചതു കൊണ്ട് കമ്മ്യൂണിസം സഭയുടെ സ്ഥാനം കേരളത്തില്‍ ഏറ്റെടുത്തു എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം.

കാപ്പനച്ചന്റെ വീക്ഷണത്തില്‍ കേരളത്തില്‍ സംഭവിക്കേണ്ടിയിരുന്നത് സഭയും കമ്മ്യൂണിസവും തമ്മിലുള്ള ഒരു ക്രിയാത്മക ആശയവിനിമയമായിരുന്നു. സംഭവിച്ചതോ സഭയും മുതലാളിത്തവും തമ്മിലുള്ള ബാന്ധവവും. അതുകൊണ്ടാണ് 'Christian impontence' ന് മറുമരുന്നായി കമ്മ്യൂണിസം ഉയര്‍ന്നുവന്നത്. മതത്തിന് അതീതമായി മനുഷ്യരെ ചേര്‍ത്തു നിര്‍ത്തി ഒരു 'ജനാധിപത്യ വിപ്ലവ മുന്നണി' രൂപീകരിക്കാനും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് നീക്കങ്ങളുണ്ടായിരുന്നു. ഒരുപക്ഷേ അതിന്റെ പ്രതിഫലനങ്ങളായിരിക്കാം 1972-ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യ പുസ്തകം 'വിശ്വാസത്തില്‍ നിന്ന് വിപ്ലവത്തിലേക്ക്.' ഓരോ ക്രിസ്ത്യാനിക്കും ഒരു വിപ്ലവകാരിയാവാനുള്ള കടമയുണ്ട് എന്ന ഓര്‍മ്മപ്പെടുത്തല്‍ അതിലുണ്ട് - ആത്യന്തിക ലക്ഷ്യം സമൂഹത്തിന്റെ സമഗ്രമായ മാറ്റവും. കാപ്പനച്ചനിലെ മാര്‍ക്‌സിസ്റ്റ് സ്വാധീനത്തിന്റെ ഉദാഹരണങ്ങളാണ് അദ്ദേഹം ധാരാളമായി പ്രയോഗിക്കുന്ന 'ബൂര്‍ഷ്വ', 'ചൂഷണം', 'മുതലാളിത്വം', 'അന്യവല്‍ക്കരണം' മുതലായ പദങ്ങള്‍. സമ്പത്തിന്റെ കേന്ദ്രീകരണം ന്യൂനപക്ഷത്തിലേക്ക് ചുരുങ്ങുന്നത് അദ്ദേഹത്തെ എന്നും അലോസരപ്പെടുത്തിയിരുന്നു. ഈ അസ്വസ്ഥതയായിരിക്കണം, അക്രമത്തിന്റെ പാതയെ പരസ്യമായി അംഗീകരിക്കുന്നില്ലെങ്കിലും ''power has to be encountered with power'' എന്ന് ചിന്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

പക്ഷേ, ഇവിടെയൊന്നും പൂര്‍ണ്ണമായ ഒരു മതനിരാസം കാപ്പനില്‍ കാണാനും കഴിയില്ല. തന്റെ ക്രിസ്തീയതയെ തള്ളിപ്പറയുന്നില്ല എന്നു മാത്രമല്ല, താന്‍ എന്നും യേശുവിന്റെ ശിഷ്യനാണ് എന്നും അദ്ദേഹം അടിവരയിട്ട് പറയുന്നു. 'രാജ്യം', 'പ്രവാചകന്‍', 'അടിമകള്‍' തുടങ്ങിയ ബിബ്ലിക്കല്‍ പദങ്ങള്‍ ഉപയോഗിച്ചുകൊണ്ട് അദ്ദേഹം നടന്നടുക്കുന്നത് ഒരു വിശ്വാസ-മതരഹിത സമൂഹത്തിലേക്കല്ല; മറിച്ച് ക്രിസ്ത്യാനിറ്റി ഈ ലോകത്തില്‍ സംജാതമാകണമെന്നാഗ്രഹിക്കുന്ന, എന്നാല്‍ അമിതമായി ആത്മീയവല്‍ക്കരിക്കപ്പെടാത്ത, പുതിയ ഭൂമിയും പുതിയ രാജ്യവുമാണ്.

ഇക്കാരണത്താല്‍തന്നെ, കമ്മ്യൂണിസവുമായി വിമര്‍ശനാതീതമായ ഒരു സഹകരണമല്ല അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ മാര്‍ക്‌സിസ്റ്റ്-കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും വിശകലന രീതികളെയും ഉപകരണങ്ങളാക്കുക (tools) എന്നതാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ പുരോഗമന കത്തോലിക്കാ വൈദികരായ കാമിലോ ടോറസിനെയും ഹെല്‍ഡര്‍ കാമറയെയും ബിഷപ്പ് ഓസ്‌കര്‍ റൊമേരോയേയും പോലുള്ളവരെ തന്റെ രചനകളില്‍ കൊണ്ടുവന്ന് അവര്‍ കണ്ടെത്തിയ യേശുവിനെ പരിചയപ്പെടാനും പരിചയപ്പെടുത്താനും കാപ്പന്‍ ശ്രമിക്കുന്നു. അതുകൊണ്ടാണ് മതത്തെ വിമര്‍ശിക്കുമ്പോള്‍തന്നെ, ചരിത്രത്തിലെ യേശുവിനോട് കൂറുപുലര്‍ത്താനും ഇന്ത്യയിലെ 'കമ്മ്യൂണിസ്റ്റുകള്‍' കമ്മ്യൂണിസത്തിലേക്ക് തിരിച്ചു പോകണമെന്നും പറയാനുമുള്ള ആര്‍ജവം അദ്ദേഹം കാണിക്കുന്നത്.

  • യേശു

മാര്‍ക്‌സില്‍നിന്ന് കാപ്പനച്ചന്റെ ചിന്താമണ്ഡലം ചരിത്രത്തിലെ യേശുവിലേക്ക് ഒഴുകിയിറങ്ങുന്നതിന്റെ സൂചനകള്‍ നാം കണ്ടു. 1970-കളുടെ മധ്യത്തോടെയാണ് ക്രിസ്റ്റോളജിയിലേക്കുള്ള ഈ ശ്രദ്ധ അദ്ദേഹത്തില്‍ പ്രബലപ്പെടുന്നത്. അദ്ദേഹം കലഹിക്കുന്നതിന്റെ മൂല കാരണം ചരിത്രപുരുഷനായ യേശു വ്യവസ്ഥാപിതമായ ക്രിസ്തുമതത്തില്‍ നിന്നും വിശ്വാസത്തില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. കാപ്പനച്ചന്റെ ഭാഷയില്‍ യേശു ആരാധനാപാത്രമായി ചുരുക്കപ്പെടുന്നു; സിദ്ധാന്ത വല്‍ക്കരിക്കപ്പെടുന്നു; സ്ഥാപനവല്‍ക്കരിക്കപ്പെടുന്നു. യേശുവിനെ എടുത്തുമാറ്റി ക്രിസ്തുവിനെ സ്ഥാപിക്കുന്നുവെന്നും അതുകൊണ്ട് ചരിത്രത്തിലെ യേശുവിനെ വ്യാഖ്യാനങ്ങളുടെ കൂമ്പാരങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതാണ് ആദ്യ യജ്ഞം എന്നും അദ്ദേഹം കരുതുന്നു. 70-കളുടെ അവസാനത്തോടെ ക്രിസ്തു, യേശുക്രിസ്തു എന്നീ പ്രയോഗങ്ങള്‍ അദ്ദേഹത്തിന്റെ രചനകളില്‍ നിന്ന് അപ്രത്യക്ഷമായി, യേശു മാത്രം അവശേഷിക്കുന്നു. ലൂഥറന്‍ പണ്ഡിതനായ റുഡോള്‍ഫ് ബുള്‍ട്ടുമാനും (1886-1976) ശിഷ്യരും കാപ്പനും മുമ്പുതന്നെ ഈ രീതി അവലംബിച്ചിരുന്നുവെങ്കിലും കത്തോലിക്കാ ദൈവശാസ്ത്രജ്ഞരായ എഡ്വേര്‍ഡ് ഷില്ലബക്‌സും (1914-2009), ജോണ്‍ സൊബ്രീനോയും (1938), ലെയനാര്‍ഡോ ബോഫും (1938) ഒക്കെ കാപ്പനോടൊപ്പമോ അതിനുശേഷമോ ആണ് ചരിത്രപുരുഷനായ യേശുവിനെ മുന്‍നിര്‍ത്തി ചിന്തിക്കുന്നതും എഴുതുന്നതും.

കാപ്പനച്ചന്റെ യേശുദര്‍ശനം ഇക്കാരണത്താല്‍ തന്നെ സംശയത്തിന്റെ നിഴലിലായിരുന്നു. സംശയത്തിന് ആക്കം കൂട്ടുന്നതായിരുന്നു ആരോഹണ ക്രിസ്തുശാസ്ത്രം എന്ന പ്രയോഗം. മനുഷ്യന്‍ ദൈവികതയിലേക്ക് ഉയര്‍ത്തപ്പെടുന്നതാണ് യേശുവില്‍ സംഭവിക്കുന്നത് എന്ന ചിന്തയാണ് താഴെ നിന്ന് മുകളിലേക്ക് എന്ന അര്‍ത്ഥത്തില്‍ ആരോഹണക്രിസ്തു ശാസ്ത്രം എന്ന് അദ്ദേഹം നിരൂപിക്കാന്‍ കാരണം. ദൈവം മനുഷ്യനായി അവതരിച്ചു എന്ന അടിസ്ഥാന വിശ്വാസത്തിലൂന്നിയ അവരോഹണ ക്രിസ്തുശാസ്ത്രം ഇവിടെ പരോക്ഷമായി ചോദ്യം ചെയ്യപ്പെടുന്നു. യേശുവിന്റെ ദൈവികതയ്ക്കും പൗരോഹിത്യത്തിനും ഉപരിയായി അവന്റെ മനുഷ്യത്വത്തിനും പ്രവാചകത്വത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് അദ്ദേഹം ക്രിസ്തുശാസ്ത്ര സങ്കീര്‍ണ്ണതകളിലേക്ക് നടന്നടുക്കുന്നു. ഈ സങ്കീര്‍ണ്ണതയുടെ പരകോടിയായി വേണം 'Jesus and freedom' (1977) എന്ന ഹുട്ടാര്‍ട്ട് ആമുഖമെഴുതിയ കാപ്പനച്ചന്റെ പുസ്തകത്തെ 1980-ല്‍ റോമിലെ വിശ്വാസകാര്യാലയം ഗുണദോഷ പരിശോധനയ്ക്ക് വിധേയമാക്കിയത് കാണാന്‍.

തന്റെ നിലപാടുകളെ കടുപ്പിക്കുന്ന, ഒന്നിനോടും സമരസപ്പെടാന്‍ തയ്യാറാവാത്ത കാപ്പനച്ചനെയാണ് പിന്നീട് നാം കാണുന്നത്. വിശ്വാസകാര്യാലയം ഈശോസഭയുടെ സുപ്പീരിയര്‍ ജനറല്‍ പെദ്രോ അരൂപെയിലൂടെ കാപ്പനച്ചനോട് 1981-ല്‍ വിശദീകരണം ചോദിച്ചപ്പോള്‍ അദ്ദേഹം കൊടുത്ത മറുപടി എല്ലാ ദേശത്തിനുവേണ്ടിയും എക്കാലത്തേക്കുമായി നിര്‍വചിക്കപ്പെട്ട ദൈവശാസ്ത്ര ആശയങ്ങള്‍ കൊണ്ട് തന്റെ നിലപാടുകളെ വിലയിരുത്തരുത് എന്നായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ദൈവശാസ്ത്രം എല്ലാകാലത്തും പരിണമിക്കുകയും വെളിപ്പെടുത്തപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒന്നാണ്. പുരോഗമന ചിന്താഗതിക്കാരനായ അരൂപെ പിന്നീട് കാപ്പനോട് വിശദീകരണം ചോദിക്കുന്നില്ല. പക്ഷേ അരൂപെ രോഗിയായപ്പോള്‍ അദ്ദേഹത്തെപ്പോലെ തന്നെ പുരോഗമന ആശയക്കാരനായ വിന്‍സന്റ് ഒ'കീഫിനെ ഇടക്കാല ജനറലായി നിയമിക്കണമെന്ന ഈശോസഭയുടെ നിര്‍ദേശത്തെ മറികടന്നുകൊണ്ട് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ തന്റെ അധ്യാപകനായിരുന്ന പാവ്‌ലോ ദെസ എസ് ജെ (1901-99) യെ ഈശോ സഭയ്ക്കുള്ള പേപ്പല്‍ ഡെലഗേറ്റ് ആയി നിയമിച്ചു. അദ്ദേഹം വര്‍ദ്ധിത വീര്യത്തോടെ കാപ്പന്‍ കേസ് വീണ്ടും എടുത്തു. പുസ്തകം തിരുത്തി എഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ കാപ്പന്‍ കൊടുത്ത മറുപടി ''38 വര്‍ഷമായിട്ടുള്ള ഈശോസഭയിലെ എന്റെ അംഗത്വത്തെ ഞാന്‍ വിലമതിക്കുന്നു. അങ്ങനെ തുടരാനും ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അത് എന്റെ ആശയ സമഗ്രതയും യേശുവിനോടുള്ള വിധേയത്വവും ബലികഴിച്ചു കൊണ്ടായിരിക്കില്ല'' എന്നായിരുന്നു. വിശ്വാസകാര്യാലയം കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നതായി കാണുന്നില്ല.

  • ബുദ്ധന്‍

1980-കളില്‍ കാപ്പനച്ചനില്‍ വീണ്ടും ഒരു പരിണാമം സംഭവിക്കുന്നു. അദ്ദേഹം ഭാരതത്തിലെ മത-സംസ്‌കാര പാരമ്പര്യങ്ങളെ കുറിച്ച് ചിന്തിക്കാനും എഴുതാനും ആരംഭിക്കുന്നു. ആദ്യം ഹൈന്ദവ പാരമ്പര്യങ്ങളെ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. അദ്ദേഹത്തെ ഏറ്റവും അധികം ആകര്‍ഷിച്ചത് ഹൈന്ദവ സംസ്‌കാരത്തിലെ പ്രകൃതിയോടുള്ള സമീപനമാണ്. എല്ലാറ്റിലും ദൈവികത നിറഞ്ഞുനില്‍ക്കുന്നു; ഭൗമികതയും അഭൗമികതയും ഇഴചേര്‍ന്നു നില്‍ക്കുന്നു.

അതേസമയം തന്നെ കടുത്ത വിമര്‍ശനത്തിനും കാപ്പനച്ചന്‍ ഭാരതീയ മത-സാംസ്‌കാരിക മേഖലകളെ വിധേയമാക്കുന്നുണ്ട് - പ്രത്യേകിച്ച് ജാതി വ്യവസ്ഥയും അടിച്ചമര്‍ത്തലും വിവേചനവും ചൂഷണവുമൊക്കെ. ഈ വിമര്‍ശനത്തിന് അദ്ദേഹം കൂട്ടുപിടിച്ചത് ബുദ്ധനെയും. ബുദ്ധന്‍ ജാതീയതയെ എതിര്‍ത്തുവെന്നും അതീന്ദ്രിയവും മായികവുമായ കാര്യങ്ങള്‍ വിമര്‍ശന ബുദ്ധിയോടെയാണ് കണ്ടിരുന്നതെന്നും കാപ്പന്‍ കണ്ടെത്തുന്നു. മനുഷ്യര്‍ അന്യവല്‍ക്കരിക്കപ്പെടുന്നു എന്നാണ് ബുദ്ധന്‍ നിരീക്ഷിക്കുന്നത്. ജാതീയതയില്ലാത്ത, മനുഷ്യകേന്ദ്രീകൃതമായ ഒരു സമൂഹ നിര്‍മ്മിതിക്കുവേണ്ടിയായിരുന്നു ബുദ്ധന്റെ പ്രബോധനങ്ങള്‍. ബ്രാഹ്മണ പൗരോഹിത്യ മേധാവിത്വത്തെ ബുദ്ധന്‍ വിമര്‍ശിച്ചു. വളരെ എളുപ്പത്തില്‍ തന്നെ ബുദ്ധനെ മാര്‍ക്‌സിനോടും യേശുവിനോടും ചേര്‍ത്തുവയ്ക്കാന്‍ കാപ്പന് സാധിച്ചു. അതിനായി ബാലസൂര്യയുടെയും പിയെറിസിന്റെയും ബുദ്ധമത ദര്‍ശനങ്ങള്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.

മാര്‍ക്‌സിനെയും യേശുവിനെയും ബുദ്ധനെയും ഒരുമിച്ചു കൊണ്ടുവരുന്ന പ്രതലത്തില്‍ നിന്നുകൊണ്ടുതന്നെ കാപ്പനച്ചന്‍ തന്റെ ലോകവീക്ഷണം തുടരുന്നു. ഭൗതിക പരിമിതികളെ ആത്മീയമായി വ്യാഖ്യാനിക്കുന്ന ശൈലിയെയും അതിനെ ദൈവാനുഗ്രഹം പ്രാപിക്കാനുള്ള മാര്‍ഗങ്ങളായി ചിത്രീകരിക്കുന്നതിനേയും അദ്ദേഹം നിരാകരിക്കുന്നു. സമഗ്ര വിമോചനത്തിലേക്കുള്ള മനുഷ്യന്റെ പ്രയാണത്തെയും പ്രയത്‌നത്തെയും അത് ദുര്‍ബലപ്പെടുത്തുന്നു. ഇവിടെയാണ് വിമോചന ദൈവ ശാസ്ത്രത്തിന്റെ പ്രസക്തി. സുവിശേഷത്തിന്റെയും മാര്‍ക്‌സിയന്‍ സമൂഹ വിശകലനത്തിന്റെയും ഫലപ്രദമായ കൂടിക്കാഴ്ചയുടെ ഉത്തരമാണ് അദ്ദേഹത്തിന് വിമോചന ദൈവശാസ്ത്രം. ബുദ്ധനെ കണ്ടെത്തുമ്പോള്‍ അത് ഭാരതത്തിനുള്ള വിമോചന ദൈവശാസ്ത്രമാകുന്നു. ഇത് പ്രതി സംസ്‌കൃതി എന്ന സംഗതി വിഭാവനം ചെയ്യാന്‍ അദ്ദേഹത്തെ സഹായിച്ചു.

  • പ്രതിസംസ്‌കൃതി

നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥിതികളെ പൊളിച്ചെഴുതി, അതിലെ ഉച്ചനീചത്വങ്ങളെയും അനീതികളെയും മതാന്ധതയെയും തുടച്ചുമാറ്റി, മാനവീകതയിലൂന്നിയ ഒരു സമൂഹനിര്‍മ്മിതിയാണ് പ്രതിസംസ്‌കാരം കൊണ്ട് കാപ്പനച്ചന്‍ വിവക്ഷിക്കുന്നത്. വരേണ്യവര്‍ഗം രൂപംകൊടുത്ത സംസ്‌കൃതിയില്‍ ദളിതനും ദരിദ്രനും സ്ഥാനമില്ലാത്തതുകൊണ്ട് അതിനെ തച്ചുടച്ച് മനുഷ്യനെ വര്‍ഗത്തിനും, വര്‍ണ്ണത്തിനും ജാതിക്കും വിശ്വാസത്തിനും അതീതമായി കാണുന്ന ഒരു സംസ്‌കൃതി മെനഞ്ഞെടുക്കുക. അത് സ്‌നേഹത്തിന്റെ ആഗോള മാനത്തെയും ധാര്‍മ്മികതയിലൂന്നിയ വിശ്വാസസംഹിതയെയും ഉയര്‍ത്തിപ്പിടിക്കുന്നു. അങ്ങനെയുള്ള പ്രതിസംസ്‌കൃതിയുടെ നെടുംതൂണുകളാണ് മാര്‍ക്‌സും യേശുവും ബുദ്ധനും. ഇവര്‍ മൂന്നുപേരും കാപ്പന്റെ സ്വപ്‌നങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കുന്നു. അതീന്ദ്രീയതയല്ല മറിച്ച് മനുഷ്യന്റെ സഹനങ്ങളെ നിര്‍മ്മാര്‍ജനം ചെയ്യുകയും അവന്റെ ഭൗതിക നന്മ ഉറപ്പുവരുത്തുകയും ചെയ്തു കൊണ്ട് മനുഷ്യമഹത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് വലിയ ശരിയെന്ന് ബുദ്ധനെ കൂട്ടുപിടിച്ച് കാപ്പനച്ചന്‍ സമര്‍ത്ഥിക്കുന്നു. പ്രതിസംസ്‌കൃതിയുടെ ദൃശ്യാവിഷ്‌കാരമായിത്തന്നെയാണ് അദ്ദേഹം യേശുവിനെ മനസ്സിലാക്കുന്നത്. ദൈവരാജ്യം വരാന്‍ കാത്തു നില്‍ക്കുന്നതല്ല, ഈ ലോകത്തെ ദൈവരാജ്യമായി പരിണമിപ്പിക്കുന്നതാണ് മനുഷ്യന്റെ ദൗത്യമെന്നും യേശുവിന്റെ ക്ഷണം അതിനായിട്ടാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. അതിലേക്കുള്ള മുന്നേറ്റത്തിലെ തടസ്സങ്ങള്‍ നീക്കാനാണ് മാര്‍ക്‌സ് കാപ്പനച്ചനെ സഹായിക്കുന്നത്.

ഇങ്ങനെയുള്ള ഒരു പ്രതിസംസ്‌കൃതിയെ വിഭാവനം ചെയ്യുന്നതുകൊണ്ടാണ് 80-കളില്‍ വര്‍ഗീയ ലഹളകളെയും അഴിമതിയേയും മതവിദ്വേഷത്തെയും മധ്യ 80-കളില്‍ ദളിത് വിരോധത്തെയും അവരെ ശാസ്ത്ര-സാങ്കേതിക, സാമ്പത്തിക മണ്ഡലങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനെയും രാഷ്ട്രീയ പ്രാതിനിധ്യം ഇല്ലാത്തതിനെയും 90-കളില്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ഉയര്‍ന്ന ജാതിക്കാരായ യുവാക്കള്‍ സ്വയംഹത്യ ചെയ്യുന്നതിനെയും ഹിന്ദു-മുസ്ലിം സംഘര്‍ഷങ്ങളെയുമൊക്കെ കാപ്പനച്ചന്‍ വിമര്‍ശനബുദ്ധിയോടെ വിശകലനം ചെയ്യുന്നത്. മത, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളുടെ ചലനങ്ങളെ അത്രമേല്‍ നിരീക്ഷിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍. ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥിതിയുടെ നവനിര്‍മ്മിതിയും മാനുഷികവത്കരണവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം നിഴലിച്ചിരുന്നത്.

മാര്‍ക്‌സ്, യേശു, ബുദ്ധന്‍ എന്നീ സങ്കേതങ്ങള്‍ക്കപ്പുറം ഒന്നിനെയും അദ്ദേഹം അമിതമായി ആശ്രയിക്കുന്നത് കാണുന്നില്ല. പ്രത്യേകിച്ച് മുഖ്യധാരാ ദൈവശാസ്ത്രജ്ഞരെ. എന്തിനേറെ, ലാറ്റിനമേരിക്കന്‍ വിമോചന ദൈവശാസ്ത്രജ്ഞരെ പോലും പരിധിയില്‍ കവിഞ്ഞ് ആശ്രയിച്ച് തന്റെ ആധികാരികതയെ സംശയത്തിന്റെ നിഴലിലാക്കുന്നില്ല. ആധുനിക മാര്‍ക്‌സിസ്റ്റ് ചിന്തകരും പ്രതിസംസ്‌കൃതിയുടെ പ്രണേതാക്കളുമായ ഹെര്‍ബര്‍ട്ട് മാര്‍ക്കൂസ്, അലന്‍ ഗിന്‍സ്ബര്‍ഗ് പോലുള്ളവര്‍ പോലും അദ്ദേഹത്തിന്റെ രചനകളില്‍ പ്രത്യക്ഷപ്പെടുന്നില്ല. ചിലവേളകളില്‍ ഗാന്ധിയെയും ഫ്രോയിഡിനെയും ലക്കാനേയും നീഷെയെയും അദ്ദേഹം കൊണ്ടുവരുന്നുണ്ട്.

ഇത് അദ്ദേഹം ഒറ്റക്കായിരുന്നു എന്ന ചിന്ത നല്‍കുന്നില്ല. സമകാലീനരായ സാമുവല്‍ രായന്‍, എം എം തോമസ്, പൗലോസ് മാര്‍ പൗലോസ് തുടങ്ങിയവരില്‍ നിന്നെല്ലാം വിമോചന ആശയ സ്വാംശീകരണം അദ്ദേഹം നടത്തിയിട്ടുണ്ട്.

  • ലെഗസി

തന്നെത്തന്നെയോ, തന്റെ ആശയങ്ങളെയോ സ്ഥാപനവല്‍ക്കരിക്കപ്പെടാന്‍ വിട്ടുകൊടുത്തില്ല എന്നതാണ് കാപ്പനച്ചന്റെ വിജയം. മാര്‍ക്‌സിനെയും യേശുവിനെയും ബുദ്ധനെയും സമ്മേളിപ്പിക്കുന്നുവെങ്കിലും മാര്‍ക്‌സിനെ തള്ളാത്തതുകൊണ്ട് ക്രൈസ്തവ ദൈവശാസ്ത്ര മണ്ഡലവും മത/യേശു വിശ്വാസത്തെ തള്ളാത്തതു കൊണ്ട് മാര്‍ക്‌സിസ്റ്റ്/ കമ്മ്യൂണിസ്റ്റ് ചിന്താധാരയും ഇവ രണ്ടും പ്രയോഗിക്കുന്നതു കൊണ്ട് ഭാരതീയ സാംസ്‌കാരിക മണ്ഡലവും കാപ്പനച്ചനെ വേണ്ടതുപോലെ കണ്ടെത്തുന്നതില്‍ അദ്ദേഹത്തിന്റെ മരണത്തിന് (1993) മുമ്പും ശേഷവും ഒരുപോലെ നിസ്സംഗത പാലിച്ചു. എങ്കിലും അദ്ദേഹം തുടങ്ങിവച്ച ചിന്താവിപ്ലവത്തിന്റെ അഗ്‌നി കെട്ടു പോയിട്ടില്ല എന്നത് പൊതു ലോകത്തിന് പ്രയോജനപ്പെടുത്താം. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും യുവതയുമായുള്ള അദ്ദേഹത്തിന്റെ ആശയവിനിമയം അവരെ സ്വപ്‌നം കാണാന്‍ പഠിപ്പിക്കുന്നതായിരുന്നു.

ദാരിദ്ര്യവും ലിംഗ അസമത്വവും പാര്‍ശ്വവല്‍ക്കരണവും തുടച്ചു നീക്കി നവ സമൂഹ നിര്‍മ്മിതിക്കായി ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'വിസ്താര്‍' എന്ന പ്രസ്ഥാനവുമായി കാപ്പനച്ചനുള്ള ബന്ധം അതിന്റെ സ്ഥാപകന്‍ ഡേവിഡ് സെല്‍വരാജ് തന്നെ ഓര്‍ത്തെടുക്കുന്നുണ്ട്. കാപ്പനച്ചന്റെ ആശയങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് അദ്ദേഹത്തിന്റെ മരണശേഷം നടത്തിവരുന്ന മെമ്മോറിയല്‍ ലക്‌ചേര്‍സ് പ്രസ്ഥാനത്തിന് അദ്ദേഹത്തോടുള്ള കടപ്പാട് വ്യക്തമാക്കുന്നു. രാമചന്ദ്ര ഗുഹ, യു ആര്‍ അനന്തമൂര്‍ത്തി, എം ജി എസ് നാരായണ്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതുതന്നെ അതിന്റെ പ്രാധാന്യം കാണിക്കുന്നു. കാപ്പനച്ചന്റെ സജീവസ്മരണ വായനയുടെ ലോകത്ത് നിലനിര്‍ത്താന്‍ ശ്രമിക്കുന്ന സെബാസ്റ്റ്യന്‍ വട്ടമറ്റം അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളും ശേഖരിച്ച് പ്രസിദ്ധീകരിക്കുന്നു. അധികം ആഘോഷിക്കപ്പെടുന്നില്ല എങ്കിലും 2007-ല്‍ ടൈംസ് ഓഫ് ഇന്ത്യ അദ്ദേഹത്തെ ഭാരത സഭയിലെ പ്രമുഖ പുരോഗമന ചിന്തകനായി വിശേഷിപ്പിക്കുന്നു.

വിമോചന ദൈവ ശാസ്ത്രശാഖ ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് മാഞ്ഞു പോകുന്നത് ഉയര്‍ത്തിക്കാട്ടുമ്പോള്‍ തന്നെ, അത് മുന്നോട്ടുവച്ച ലക്ഷ്യങ്ങള്‍ ഒരു പരിധിവരെ നേടിയെടുത്തതിനുശേഷമായിരുന്നു എന്ന് മറന്നു പോകരുത്. എന്നാല്‍ ഇന്ത്യയില്‍ വിമോചന ദൈവശാസ്ത്ര ശാഖ അകാലചരമം പ്രാപിക്കേണ്ട ഒന്നല്ല; ലക്ഷ്യങ്ങള്‍ ഇനിയും ബാക്കിയാണ്. അതിന്റെ പ്രയോക്താക്കളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന കാപ്പനച്ചന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടേണ്ടതും പഠിക്കപ്പെടേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്. അദ്ദേഹത്തിന്റെ മാര്‍ക്‌സ്-യേശു-ബുദ്ധന്‍ ത്രയവും യേശുദര്‍ശനവുമൊക്കെ വിമര്‍ശന വിധേയമാക്കുമ്പോള്‍തന്നെ അവയിലെ വിമോചന ആശയങ്ങളെ സ്വരൂപിച്ച് പ്രതിസംസ്‌കൃതിക്കായി ജീവിതം മാറ്റിവച്ച കാപ്പനച്ചന്‍ മാനവികതയിലൂന്നിയ നവലോക ക്രമത്തിനായി പ്രയത്‌നിക്കുന്ന എല്ലാവര്‍ക്കും പ്രചോദനമാകട്ടെ.

  • (ഇന്ത്യയിലെ ബദല്‍ സംസ്‌കാര നിര്‍മ്മിതിക്ക് സെബാസ്റ്റ്യന്‍ കാപ്പന്റെ സംഭാവനകള്‍ എന്ന വിഷയത്തില്‍ ബെല്‍ജിയം ലുവയിന്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുള്ള ലേഖകന്‍ ഇസ്ലാമിക പഠനങ്ങളില്‍ ഇതേ സര്‍വകലാശാലയില്‍ നിന്ന് ലൈസന്‍ഷ്യേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. എം സി ബി എസ് കോഴിക്കോട് സിയോന്‍ പ്രൊവിന്‍സ് വികാര്‍ പ്രൊവിന്‍ഷ്യല്‍ ആയ അദ്ദേഹം വിവിധ സെമിനാരികളില്‍ പഠിപ്പിക്കുകയും ചെയ്യുന്നു.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org