സഭയുടെ തനിമ ശ്ലീഹയില്‍നിന്നോ സംസ്‌കാരത്തില്‍നിന്നോ?

സഭയുടെ തനിമ ശ്ലീഹയില്‍നിന്നോ സംസ്‌കാരത്തില്‍നിന്നോ?

വി. തോമാശ്ലീഹയുടെ തിരുനാളിനോടനുബന്ധിച്ച് ഒരന്വേഷണം

ഫാ. ഡോ. ജോസ് കുറിയേടത്ത് സി.എം.ഐ.

ഫാ. ഡോ. ജോസ് കുറിയേടത്ത് സി.എം.ഐ.
ഫാ. ഡോ. ജോസ് കുറിയേടത്ത് സി.എം.ഐ.

ഭാരതസഭയുടെ പിതാവായിട്ടാണല്ലോ വി. തോമാശ്ലീഹയെ നാം ആദരിക്കുന്നത്. നമ്മുടെ നാട്ടില്‍ യേശുവിന്റെ സുവിശേഷം ആദ്യ മായി വിതയ്ക്കുകയും നമ്മുടെ പൂര്‍വികരെ, ക്രൈസ്തവവിശ്വാസത്തില്‍ ജന്മം നല്‍കി, യേശുവിന്റെ ശിഷ്യന്മാരാക്കുകയും ചെയ്തതുകൊണ്ടാണ് നാം വിശുദ്ധനെ വിശ്വാസത്തിന്റെ പിതാവായി പരിഗണിക്കുന്നത്. സ്വാഭാവികമായും ഈ പിതാവിന്റെ വ്യക്തിത്വത്തിന്റെ കുറെ ഗുണങ്ങള്‍ അഥവാ സവിശേഷതകള്‍ പരസ്പര ബന്ധത്തിലൂടെ നമ്മുടെ പൂര്‍വികര്‍ക്കും ലഭിച്ചിട്ടുണ്ടായിരിക്കണം. അവ അവരുടെ വിശ്വാസപ്രകാശനത്തിലും വിശ്വാസജീവിതത്തിലും പ്രതിഫലിച്ചിരിന്നുമിരിക്കണം.
പക്ഷേ, അവ എന്തൊക്കെയായിരുന്നുവെന്നു നമുക്കറിയാന്‍ നിര്‍ഭാഗ്യവശാല്‍ ഇന്നു യാതൊരു തെളിവും അവശേഷിച്ചിട്ടില്ല.

എങ്കിലും, വി. തോമാശ്ലീഹായുടെ വ്യക്തിത്വം ഭാരതത്തില്‍ ആരംഭിച്ച ആദിമ ക്രൈസ്തവ സമൂഹത്തിനു വളരെ യോജിച്ചതായിരുന്നുവെന്ന് ഈ ലേഖകനു തോന്നിയിട്ടുണ്ട്. ഇത് ഒരുപക്ഷേ ആനുഷംഗികമാകാം. എങ്കിലും അതില്‍ ദൈവത്തിന്റെ പരിപാലന ഉണ്ടായിരുന്നിരിക്കാം എന്നു കരുതുന്നു. വി. തോമാശ്ലീഹായെക്കുറിച്ച് മൂന്നു പരാമര്‍ശങ്ങളാണല്ലോ സുവിശേഷത്തിലുള്ളത്. "നമുക്കും അവനോടുകൂടെ പോയി മരിക്കാം" (യോഹ. 11:16) എന്നു ധൈര്യത്തോടെ പറഞ്ഞ്, മറ്റു ശിഷ്യന്മാര്‍ മടിച്ചുനിന്നപ്പോള്‍ യേശുവിനോടൊപ്പം ജറുസലത്തേക്ക് ഇറങ്ങിത്തിരിക്കാന്‍ അവരെയും പ്രേരിപ്പിച്ച തോമായില്‍ ഒരു കര്‍മ്മധീരന്റെയും, അന്ത്യയത്താഴ വേളയില്‍ താന്‍ പിതാവിന്റെ പക്കലേയ്ക്കു പോകുന്നുവെന്നു പറഞ്ഞ് വാചാലനായ യേശുവിനോട് ജിജ്ഞാസയോടെ, "കര്‍ത്താവേ, അങ്ങ് എവിടേക്കാണ് പോകുന്നതെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ, പിന്നെ വഴി ഞങ്ങളെങ്ങനെ അറിയു"(യോഹ. 14:5)മെന്ന് ചോദിച്ച ഒരു ജ്ഞാനഭിക്ഷുവിന്റെയും, തിരുവുത്ഥാനശേഷം തനിക്കുവേണ്ടി മാത്രം പ്രത്യക്ഷപ്പെട്ട യേശുവിന്റെ മാറിലേക്കു വീണ്, "എന്റെ കര്‍ത്താവേ, എന്റെ ദൈവമേ" (യോഹ. 20:28) എന്ന് ഉദ്‌ഘോഷിച്ച വികാരനിര്‍ഭരനായ ഭക്താത്മാവിന്റെയും ചിത്രം കാണുമ്പോള്‍, കര്‍മ്മ-ജ്ഞാന-ഭക്തി മാര്‍ഗ്ഗങ്ങളിലൂടെ ഈശ്വരസാക്ഷാത്ക്കാരം പ്രാപിക്കാമെന്ന് സഹസ്രാബ്ദങ്ങളോളം പഠിപ്പിക്കുകയും പരി ശീലിപ്പിക്കുകയും ചെയ്ത ഭാരതത്തിലെ യോഗീവര്യന്മാരുടെ ആദ്ധ്യാത്മികതയോടു യോജിച്ചുപോകുന്നതാണല്ലോ നമ്മുടെ പിതാവിന്റെ വ്യക്തിത്വവും എന്നു ചിന്തിച്ചുപോകുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും, സീറോ-മലബാര്‍സഭയുടെ തനിമ പിതാവായ തോമാശ്ലീഹായുടെ വ്യക്തിത്വത്തെ ആശ്രയിച്ചാണോ വളര്‍ന്നു വരുന്നത്, അതാണോ ഈ തനിമയെ രൂപപ്പെടുത്തുന്ന പ്രധാന ഘടകം? അത്തരം വാദങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിനെക്കുറിച്ചുള്ള ഒരു അന്വേഷണമാണ് ഈ ചെറുലേഖനം.

സഭയുടെ തനിമ

വ്യക്തിസഭകളുടെ (സാധാരണക്കാരുടെ ഭാഷയില്‍, റീത്തുകളുടെ) ഉത്ഭവം, വ്യക്തിത്വം എന്നിവയ്ക്കു നിദാനം ക്രിസ്ത്വനുഭവം സ്വീകരിക്കുകയും അനുഭവിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നതിലുള്ള വൈവിധ്യമാണെന്നും, ഈ വൈവിധ്യമാകട്ടെ ക്രിസ്ത്വനുഭവം സ്വീകരിക്കുന്ന പ്രത്യേകസമൂഹത്തിന്റെ 'ജീവിത സാഹചര്യത്തെ' അഥവാ സംസ്‌കാരത്തെ ആശ്രയിച്ചിരിക്കുന്നുവെന്നുമാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നത്. കൗണ്‍സില്‍ പറയുന്നു: "ശ്ലീഹന്മാരില്‍ നിന്നു ലഭിച്ച അവകാശം ഏറ്റു വാങ്ങിയതു വിവിധരീതിയിലും രൂപങ്ങളിലുമായിരുന്നു. തല്‍ഫലമായി തുടക്കത്തിലേതന്നെ വിവിധസ്ഥലങ്ങളില്‍ അതു ഭിന്നരീതിയിലാണു വികാസം പ്രാപിച്ചത്. മനുഷ്യചിന്താഗതികളുടെയും ജീവിതരീതികളുടെയും വൈവിധ്യമായിരുന്നു ഇതിനു കാരണം (എക്യുമെനിസം ഡിക്രി, നമ്പര്‍ 14).

വത്തിക്കാന്‍ കൗണ്‍സിലിന്റെ ഈ പ്രഖ്യാപനം വളരെ വ്യക്തമാണ്. പ്രഘോഷിക്കപ്പെട്ട ദൈവവചനം സ്വീകരിക്കുകയും അതിനു വിശ്വാസത്തിലൂടെ ഉത്തരം നല്‍കുകയും ചെയ്ത സമൂഹങ്ങളുടെ സാംസ്‌കാരിക വൈവിധ്യമാണു പല റീത്തുകള്‍ അഥവാ സഭകള്‍ ഉത്ഭവിക്കാന്‍ കാരണം. അപ്പസ്‌തോലന്മാര്‍ക്കുണ്ടായ ക്രിസ്ത്വനുഭവം തോമാശ്ലീഹാ ഈ മണ്ണില്‍ വിതച്ചപ്പോള്‍ ഇവിടത്തെ സംസ്‌കാരത്തില്‍നിന്ന് ഒരു ക്രൈസ്തവസമൂഹം മുളച്ചുയര്‍ന്നുവെന്നതാണു മലബാര്‍സഭയുടെ സവിശേഷത. പക്ഷേ, ദുരൂഹമായ സാഹചര്യങ്ങളില്‍ ആ തനിമ മലബാര്‍ സഭയ്ക്കു ആദ്യ നൂറ്റാണ്ടുകളില്‍ത്തന്നെ നഷ്ടപ്പെട്ടു. പിന്നീട്, ചരിത്രത്തിന്റെ ഗതിവിഗതികള്‍ മൂലം തനിക്കു ലഭിച്ച, കല്‍ദായ (പേര്‍ഷ്യന്‍) സംസ്‌കാരത്തില്‍ ഉരുത്തിരിഞ്ഞ, റീത്തും പേറി ജീവിക്കുകയാണ് ഇന്ന് അവള്‍.

അതുകൊണ്ട്, ഇന്നത്തെ അടിയന്തിരാവശ്യം, വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നതുപോലെ, ഭാരതത്തിലെ ആദിമക്രൈസ്തവസഭയുടെ രീതികള്‍ കാലത്തിന്റെ പ്രത്യേക സമ്മര്‍ദ്ദത്തില്‍ നഷ്ടപ്പെട്ടിട്ടുള്ളവ സാധിക്കുന്നിടത്തോളം വീണ്ടെടുക്കുകയും വൈദേശികമായവ ഉപേക്ഷിച്ച്, റീത്തിനെ ഭാവിയിലേക്ക് ഭാരതീയമായി വളര്‍ത്തികൊണ്ടുവരികയുമാണു വേണ്ടത്.

എന്നാല്‍, സഭകളുടെ തനിമയ്ക്കു മറ്റു ചില നിദാനങ്ങള്‍ കൂടി കണ്ടുപിടിക്കാന്‍ അടുത്തകാലത്തു ശ്രമം നടക്കുന്നുണ്ട്. സംസ്‌കാരത്തിനു പുറമെ, സഭയുടെ പ്രത്യേകമായ അപ്പസ്‌തോലിക ക്രിസ്ത്വനുഭവം കൂടി റീത്തിന്റെ വ്യക്തിത്വത്തിനു നിദാനമാണെന്നതാണ് കൗതുകകരമായ ഒരു പുതിയ സിദ്ധാന്തം.

അപ്പസ്‌തോലിക ക്രിസ്ത്വനുഭവമോ?

ഓരോ അപ്പസ്‌തോലന്റെയും ക്രിസ്ത്വനുഭവത്തിലുള്ള സവിശേഷത റീത്തിനു നിദാനമാണെന്ന സിദ്ധാന്തം പുതിയതും പുതുമ നിറഞ്ഞതുമാണെന്ന് അതിന്റെ പ്രണേതാക്കള്‍ തന്നെ സമ്മതിക്കുന്നു (പാത്തിക്കുളങ്ങര, ഉത്ഥാനം, ജീവന്‍, നവീകരണം, പേജ് 7). അങ്ങനെയെങ്കില്‍, കുറെയധികം ചോദ്യങ്ങള്‍ക്ക് അത് ഉത്തരം നല്‍കേണ്ടിവരും. അപ്പസ്‌തോലസമൂഹ(അുീേെീഹശര ഇീഹഹലഴല)ത്തിലെ ഓരോരുത്തനും ഉണ്ടായ ക്രിസ്ത്വനുഭവം വ്യതിരിക്തങ്ങളായിരുന്നോ? ആണെങ്കില്‍ത്തന്നെ, അവ ഇന്നു കണ്ടുപിടിക്കാന്‍ സാധിക്കുമോ? ഓരോരുത്തനും സ്വന്തമായ സവിശേഷ ക്രിസ്ത്വനുഭവം ഉണ്ടായിരുന്നുവെന്നു സങ്കല്‍പിച്ചാല്‍ത്തന്നെ, വ്യക്തിപരമായ ആ പ്രത്യേകതയ്ക്കാണോ സഭ പ്രാധാന്യം കൊടുത്തിരുന്നത്? അഥവാ, അപ്പസ്‌തോലികസമൂഹത്തിന്റെ പൊതുവായ ക്രിസ്ത്വനുഭവമാണോ അവര്‍ പ്രസംഗിച്ചത്? ഓരോ ശ്ലീഹയുടെയും ക്രിസ്ത്വനുഭവമാണ് സഭാതനിമയുടെ അടിത്തറയെങ്കില്‍, ആകെ പന്ത്രണ്ടിനുപകരം ഇരുപതില്‍പരം വ്യക്തിസഭകള്‍ എങ്ങനെ ഉണ്ടായി?

പോരാ, കല്‍ദായ സഭയില്‍നിന്നു മലബാര്‍ സഭ സ്വീകരിച്ചിട്ടുള്ള പ്രത്യേകതകള്‍ തോമാശ്ലീഹായുടെ ക്രിസ്ത്വനുഭവത്തിന്റെ ഭാഗമാണോ? ഒരുപക്ഷേ കല്‍ദായ സഭയിലൂടെ തോമായുടെ ക്രിസ്ത്വനുഭവം നമുക്കു ലഭിച്ചിട്ടുണ്ടെന്നു ചിലര്‍ വാദിക്കുമായിരിക്കാം. പക്ഷേ, കല്‍ദായസഭ തോമാശ്ലീഹാ സ്ഥാപിച്ചതാണോ? അല്ലെന്നാണു ഫാ. പ്ലാസിഡും ഫാ. മത്യാസ് മുണ്ടാടനും മറ്റും സൂചിപ്പിക്കുന്നത്.

അടിസ്ഥാനരഹിതമായ സിദ്ധാന്തം

ആരാധനക്രമം, ആദ്ധ്യാത്മികത, ദൈവശാസ്ത്രം, ഭരണക്രമം എന്നിവയില്‍ ഓരോ റീത്തിനുമുള്ള പ്രത്യേകത സംസ്‌കാരത്തിന്റെമാത്രം സംഭാവനയല്ല, പ്രത്യുത തുല്യനിലയിലൊ, അല്ലെങ്കില്‍ കൂടുതലായോ തന്നെ, ഓരോ അപ്പസ്‌തോലന്റെയും ക്രിസ്ത്വനുഭവത്തിന്റെ ലക്ഷണങ്ങളുടെ ഫലമാണെന്നാണ് പുതിയ സിദ്ധാന്തക്കാര്‍ അവകാശപ്പെടുന്നത് (ഉ.ജീ.ന. പേജ് 7). തോമാശ്ലീഹായുടെ ക്രിസ്ത്വനുഭവത്തിന്റെ സവിശേഷത കണ്ടുപിടിക്കാനുള്ള ഏക അളവുകോലായി പരിഗണിക്കുന്നത് യോഹന്നാന്റെ സുവിശേഷത്തിലെ തോമായെപ്പറ്റി മുകളില്‍ സൂചിപ്പിച്ച പരാമര്‍ശങ്ങളാണ്. ഇത്രയുംപോലും സൂചനകളില്ലാത്ത, വി. ഗ്രന്ഥത്തില്‍ പേരുകൊണ്ടുമാത്രം സ്ഥാനമുള്ള, അപ്പസ്‌തോലന്മാരുടെ ക്രിസ്ത്വനുഭവത്തെപ്പറ്റി എന്തു പഠനം നടത്താനാവും? അവര്‍ക്കൊന്നും സവിശേഷമായ ക്രിസ്ത്വനുഭവം ഇല്ലെന്നു വരുമോ? അവര്‍ സുവിശേഷപ്രഘോഷണം നടത്തിയ സ്ഥലങ്ങളിലെ സഭകള്‍ തങ്ങളുടെ തനിമ അഥവാ സവിശേഷത എങ്ങനെ കണ്ടുപിടിക്കും?

പോരാ, കേരളത്തിലെ സീറോ -മലബാര്‍സഭയ്ക്കും മലങ്കര സഭയ്ക്കും പൊതുപിതാവ് തോമാശ്ലീഹയാണെങ്കിലും അവയെങ്ങനെ വിഭിന്നരീതികളുള്ള സഭകളായിത്തീര്‍ന്നു? ഈ വൈവിധ്യത്തിനു കാരണം അവ ഉത്ഭവിച്ച സംസ്‌കാരത്തിന്റെ വൈവിധ്യങ്ങളല്ലേ? വി. ഗ്രന്ഥത്തില്‍നിന്നു നാം മനസ്സിലാക്കുന്നു, വി. പൗലോസ്തന്നെയാണു കോറിന്തിലെയും ഗലേഷ്യയിലെയും സഭകളുടെ സ്ഥാപകനെന്ന്. അതുകൊണ്ട് ആ സഭകള്‍ വ്യത്യസ്ത സഭകളല്ലെന്ന് ആരെങ്കിലും പറയുമോ?

തലതിരിഞ്ഞ ദൈവശാസ്ത്രം

ക്രിസ്ത്വനുഭവം ഓരോ അപ്പസ്‌തോലന്റെയും വ്യക്തിപരമായ കുത്തകയാക്കി മാറ്റുന്നതു തലതിരിഞ്ഞ ദൈവശാസ്ത്രമാണ്. ക്രിസ്ത്വനുഭവം അവശ്യം ഒരു സമൂഹാനുഭവ (രീാാൗിശ്യേ ലഃുലൃശലിരല) മായിരുന്നു. (അപ്പസ്‌തോലന്മാരുടെ മാത്രമല്ല, യഹൂദ-ക്രൈസ്തവ മതാത്മകതയുടെ അടി സ്ഥാനം തന്നെ ബൈബിളിന്റെ കാഴ്ചപ്പാടില്‍ വ്യക്ത്യാധിഷ്ഠിതമായ ദൈവാനുഭവമല്ല, മറിച്ച് ഒരു സമൂഹത്തിന്റെ അഥവാ ദൈവജനത്തിന്റെ കൂട്ടായ (രീഹഹലരശേ്‌ല) ദൈവാനുഭവമാണ്). അപ്പസ്‌തോല സമൂഹം ഒന്നാകെയാണു ക്രിസ്തുവിനെ അനുഭവിച്ചത്. അങ്ങനെതന്നെയാണ് അവര്‍ പ്രസംഗിച്ചത്. പന്ത്രണ്ടുപേര്‍ ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള പന്ത്രണ്ടു വ്യക്തികളല്ലായിരുന്നു; ഒന്നുചേര്‍ന്ന ഒരു സമൂഹമായിരുന്നു. പത്രോസ് ആദ്യമായി പ്രസംഗിക്കുന്നത് എല്ലാവരുടെയും നാമത്തിലാണ്: യൂദന്മാരുടെ ദേശത്തും ജറുസെലമിലും അവിടുന്നു പ്രവര്‍ത്തിച്ചവയ്‌ക്കെല്ലാം ഞങ്ങള്‍ സാക്ഷികളാണ് (അപ്പ.പ്ര. 10:39). വി. പൗലോസ് പറയുന്നു: ഞാനായാലും, അവരായാലും ഇതാണു ഞങ്ങള്‍ എല്ലാവരും പ്രസംഗിക്കുന്നത്. ഇതുതന്നെയാണു നിങ്ങള്‍ വിശ്വസിച്ചതും"(1 കൊറി. 15,11). വി. യോഹന്നാന്‍ തന്റെ പ്രഘോഷണം ആരംഭിക്കുന്നതു നോക്കൂ: "ആദ്യം മുതലേ ഉള്ളതും, ഞങ്ങള്‍ കേട്ടതും… ആയ ജീവന്റെ വചനത്തെക്കുറിച്ചു ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. ജീവന്‍ പ്രത്യക്ഷപ്പെട്ടു; ഞങ്ങള്‍ അതു കണ്ടു; അതിനെപ്പറ്റി ഞങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു… (1 യോഹ. 1:1-4).

സഭയുടെ സ്ഥാപനത്തെപ്പറ്റി പറയുമ്പോള്‍ വി. പൗലോസ് പ്രഖ്യാപിക്കുന്നു: "ശ്ലീഹന്മാരും പ്ര വാചകന്മാരുമാകുന്ന അടിസ്ഥാനത്തിന്മേല്‍ നിങ്ങള്‍ പണിയപ്പെട്ടിരിക്കുന്നു" (എഫേ. 2:20). ഓരോ ശ്ലീഹായെപ്പറ്റിയല്ല ഇവിടെ സൂചന; ശ്ലീഹന്മാരെപ്പറ്റി ഒരുമിച്ചാണ്. പന്ത്രണ്ടുപേര്‍ ഒന്നായിരുന്നുവെന്നതു മത്തിയാസിന്റെ തെരഞ്ഞെടുപ്പിലും വ്യക്തമാണ്. ഓരോരുത്തനും തന്റെ ക്രിസ്ത്വനുഭവം പ്രഘോഷിക്കാന്‍ ഒറ്റയ്‌ക്കൊറ്റയ്ക്കു നിയോഗിക്കപ്പെട്ടിരുന്നെങ്കില്‍ പന്ത്രണ്ടുപേരെ തികയ്‌ക്കേണ്ട ആവശ്യമില്ലായിരുന്നു. പതിനൊന്നുപേര്‍ ഒറ്റതിരിഞ്ഞും മത്തിയാസിനുള്ള അനുഭവം അദ്ദേഹവും പ്രഘോഷിക്കുമായിരുന്നു. ഒന്നായിരുന്ന സമൂഹത്തില്‍ കുറവു വന്നതു തികയ്ക്കുക എന്ന ഉദ്ദേശ്യം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പില്‍ കാണാം.

ചുരുക്കത്തില്‍, ബൈബിളില്‍ ഒരിടത്തും വ്യക്തിപരമായ ക്രിസ്ത്വനുഭവത്തെ വേര്‍തിരിച്ച് എടുത്തുകാണിക്കുന്നില്ല. അതുകൊണ്ടാണ് അപ്പസ്‌തോലന്മാര്‍ ഒരേ അനുഭവമുള്ളവരുടെ സമൂഹമായിത്തീര്‍ന്നത്. കര്‍ത്താവിന്റെ നിശ്ചയപ്രകാരം വി. പത്രോസും മറ്റു ശ്ലീഹന്മാരും ചേര്‍ന്ന് ഒരപ്പസ്‌തോലസംഘം രൂപവത്കരിച്ചു (ഘ.ഏ. 22). സഭകളുടെ ഉത്ഭവത്തെപ്പറ്റി പറയുമ്പോള്‍ വത്തിക്കാന്‍ കൗണ്‍സില്‍ അപ്പസ്‌തോലന്മാരുടെ (ബഹുവചനം) പാരമ്പര്യത്തെപ്പറ്റിയാണു സൂചിപ്പിക്കുന്നത്. കൗണ്‍സിലിന്റെ കാഴിചപ്പാടില്‍, സഭകളുടെ വൈവിധ്യം സാംസ്‌കാരികവൈവിധ്യത്തിലാണ് ആശ്രയിച്ചിരിക്കുന്നത്. പ്രസ്തുത കൗണ്‍സില്‍ പ്രഖ്യാപനം, ഓരോ അപ്പസ്‌തോലനും തനതായ ക്രിസ്ത്വനുഭവത്തെപ്പറ്റി പ്രതിപാദിക്കുന്നതായി വ്യാഖ്യാനിക്കാന്‍ എങ്ങനെ സാധിക്കുന്നുവെന്നതു ദുരൂഹമായിരിക്കുന്നു.

നിയോകൊളോണിയലിസമോ?

അപ്പസ്‌തോലിക ക്രിസ്ത്വനുഭവത്തിന്റെ സവിശേഷതയെപ്പറ്റിയും അതു സഭയുടെ വ്യക്തിത്വത്തിന്റെ അവശ്യഘടകമാണെന്നതിനെപ്പറ്റിയും ഉള്ള വാദം സഭാപരമായ ഒരുതരം നിയോകൊളോണിയലിസത്തിനുവേണ്ടിയുള്ള ഗോപ്യമായ ശ്രമമാണോയെന്നു സംശയിക്കണം. സഭകളുടെ സവിശേഷത സംസ്‌കാരത്തിലും ജീവിതരീതിയിലും നിന്നാണ് ഉത്ഭവിക്കുന്നത് എന്നു വന്നാല്‍ ഭാരതത്തിലെ സഭകള്‍ക്കു ഭാരതീയ സംസ്‌കാരത്തിന്റെ സ്വാധീനത്തില്‍ രൂപംകൊണ്ട ദൈവശാസ്ത്രവും, ആദ്ധ്യാത്മികതയും ആരാധനക്രമവും മറ്റും വേണമെന്നു വരും. അതിനുപകരം, അതിനേക്കാള്‍ പ്രധാനമായി തോമാശ്ലീഹായുടെ അപ്പസ്‌തോലിക ക്രിസ്ത്വനുഭവം കല്‍ദായസഭയിലൂടെ കൈമാറ്റം ചെയ്തതാണു സീറോമലബാര്‍ സഭയുടെ സവിശേഷതയെന്നു സമര്‍ത്ഥിച്ചാല്‍ പുറമെനിന്നു ലഭിച്ച കല്‍ദായ റീത്ത് നിലനിറുത്തുകയും സാംസ്‌കാരികാനുരൂപണ ശ്രമങ്ങള്‍ താത്വികമായിത്തന്നെ തടയുകയും ചെയ്യാം.

മാത്രമല്ല, പ്രസ്തുത സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍, മറ്റൊരു വാദം കൂടി ഉയര്‍ന്നിരിക്കുന്നു. സഭകള്‍ക്കു ലഭിച്ചിരിക്കുന്ന അപ്പസ്‌തോലിക ക്രിസ്ത്വനുഭവം ആയിരിക്കണം മിഷന്‍ പ്രവര്‍ത്തനം വഴി രൂപംകൊള്ളുന്ന പുതിയ സമൂഹങ്ങളുടെ ക്രൈസ്തവജീവിതത്തിന്റെയും വിശ്വാസത്തിന്റെയും മാനദണ്ഡം. ഇവിടെ 'അപ്പസ്‌തോലിക ക്രിസ്ത്വനുഭവം' എന്നതു ഭാരതത്തെ സംബന്ധിച്ചിടത്തോളം തോമാശ്ലീഹായുടെ ക്രിസ്ത്വനുഭവമാണു എന്നു വയ്ക്കുക. ഈ അപ്പസ്‌തോലികക്രിസ്ത്വനുഭവം കൈവിടാതിരിക്കണമെങ്കില്‍ വടക്കെ ഇന്ത്യയില്‍ പുതിയതായി രൂപംകൊള്ളുന്ന ക്രൈസ്തവസമൂഹങ്ങളില്‍ ഈ പൗരസ്ത്യറീത്തുകളുടെ ആചാരാനുഷ്ഠാനങ്ങള്‍ അതേപടി അടിച്ചേല്‍പിക്കണമോ? അങ്ങനെ ചെയ്താല്‍, ഉത്തരേന്ത്യയില്‍ തദ്ദേശീയ സം സ്‌കാരത്തിനനുയോജ്യമായ രീതിയില്‍ ക്രൈസ്തവാരാധന, ആദ്ധ്യാത്മികത മുതലായവ വളര്‍ത്തിയെടുക്കാനവസരം നിഷേധിക്കപ്പെടുകയല്ലേ ചെയ്യുന്നത്. അതൊരുതരം സഭാപരമായ 'കൊളോണിയലിസ'മാകില്ലേ? പോരാ, റീത്തുകള്‍ കാലത്തിനും സ്ഥലത്തിനും യോജിച്ചവിധം വളരുന്നതിനുള്ള സാധ്യതകളും ഈ സിദ്ധാന്തംവഴി നിഷേധിക്കപ്പെടുകയല്ലേ ചെയ്യുന്നത്.

ശരിയാണ്, സുവിശേഷപ്രഘോഷകനു തന്റെയോ തന്റെ സഭയുടെയോ വ്യക്തിത്വത്തില്‍നിന്നു മാറിനിന്നുകൊണ്ടു ദൈവവചനം കേവലരൂപത്തില്‍ നല്‍കാനാവില്ല. സീറോ-മലബാര്‍ സഭയില്‍പ്പെട്ടവര്‍ മിഷന്‍പ്രവര്‍ത്തനം നടത്തുമ്പോള്‍ അവര്‍ ആരംഭിക്കുന്ന ക്രൈസ്തവസമൂഹങ്ങളില്‍ സീറോ-മലബാര്‍ റീത്തിന്റെ സവിശേഷതകളുള്ള ആരാധനയും, ആദ്ധ്യാത്മികതയുമൊക്കെയാണു പങ്കുവയ്ക്കുക. പക്ഷേ, അങ്ങനെ ചെയ്യുമ്പോഴും ആ പ്രദേശങ്ങളിലെ സംസ്‌കാരത്തിനനുയോജ്യമായവിധം ക്രൈസ്തവസമൂഹങ്ങള്‍ വളര്‍ന്നുവരാനുള്ള അവസരം ഉണ്ടാകണം. അതിനുവേണ്ടത്ര ഉദാരമനഃസ്ഥിതിയും സ്വാതന്ത്ര്യവും വഴക്ക(ളഹലഃശയശഹശ്യേ)വും ഉണ്ടായേ തീരു. എങ്കിലേ കൗണ്‍സില്‍ പറയുന്നത് അന്വര്‍ത്ഥമാകൂ. മനുഷ്യാവതാര പദ്ധതിയനുസരിച്ചു ക്രിസ്തുവില്‍ വേരുറച്ചിരിക്കയും ശ്ലീഹന്മാരുടെ അടിസ്ഥാനത്തില്‍ പണിയപ്പെട്ടിരിക്കുകയും ചെയ്യുന്ന യുവസഭകള്‍ അത്ഭുതാവഹമായ കൈമാറ്റത്തിലൂടെ ക്രിസ്തുവിനു തന്റെ അവകാശമായി നല്‍കപ്പെട്ടിരിക്കുന്ന ജനപദങ്ങളുടെ സമ്പദ്‌സമൃദ്ധിയെല്ലാം സ്വന്തമാക്കുന്നു. സ്വന്തം ജനങ്ങളുടെ ആചാരങ്ങള്‍, പാരമ്പര്യം, വിജ്ഞാനം, പഠനങ്ങള്‍, കലകള്‍, ശാസ്ത്രങ്ങള്‍ എന്നിവയില്‍നിന്ന് ഈ സഭകള്‍ തങ്ങളുടെ സ്രഷ്ടാവിന്റെ മഹത്വം ഏറ്റുപറയുന്നതിനും രക്ഷകന്റെ കൃപാവരം വെളിപ്പെടുത്തുന്നതിനും ക്രിസ്തീയജീവിതത്തെ ശരിയായി സംവിധാനം ചെയ്യുന്നതിനും ഉപകരിക്കുന്നവയെല്ലാം സ്വീകരിക്കുന്നു"(അ.ഏ. 22).

ചുരുക്കത്തില്‍, മലബാര്‍-സഭ ഭാരതീയസംസ്‌കാരത്തില്‍ വളര്‍ന്നാല്‍ മാത്രം പോരാ, അവളുടെ പ്രേഷിതപ്രവര്‍ത്തനം വഴി പുതുതായി ഉണ്ടാകുന്ന ക്രൈസ്തവസമൂഹങ്ങളും തങ്ങളുടെ സംസ്‌കാരത്തിനനുയോജ്യമായവിധം സഭകളായി വളര്‍ന്നുവരണം, അതിനു മാതൃസഭ സഹായിക്കുകയും വേണം.

പ്രേക്ഷിതവൃത്തിയും അനുരൂപണവും

മുകളില്‍ പങ്കുവച്ച ചിന്തകളുടെ പശ്ചാത്തലത്തില്‍, പ്രേഷിതവൃത്തിയെയും അനുരൂപണത്തെയും പറ്റി അല്പവുംകൂടി പുറകോട്ടു പോയി ആഴത്തില്‍ പരിചിന്തിക്കേണ്ടിയിരിക്കുന്നു. ക്രിസ്തുവിന്റെ മരണത്തിനു ശേഷം വെറും രണ്ടു ദശാബ്ദങ്ങള്‍ക്കുള്ളില്‍ ശ്ലീഹന്മാരുടെ തന്നെ നേതൃത്വത്തില്‍ സമ്മേളിച്ച ജറുസെലം കൗണ്‍സിലിലെ പ്രധാന ചര്‍ച്ചാവിഷയം അനുരൂപണമായിരുന്നല്ലോ. യഹൂദന്മാരല്ലാത്തവര്‍ ക്രൈസ്തവരാകുമ്പോള്‍ യഹൂദന്മാര്‍ ആചരിച്ചിരുന്ന പരിച്ഛേദനം സ്വീകരിക്കേണ്ടതില്ലയെന്നു തീരുമാനിച്ചുകൊണ്ട് ആദ്യത്തെ അനുരൂപണ തീരുമാനം ആ കൗണ്‍സില്‍ കൈക്കൊണ്ടു. …വിശ്വാസം വഴി വിജാതിയരുടെ ഹൃദയങ്ങളെയും ദൈവം വി ശുദ്ധീകരിച്ചിരിക്കുന്നു. നാമും അവരും തമ്മില്‍ യാതൊരു വ്യത്യാസവും അവിടുന്നു കല്പിക്കുന്നില്ല. ആകയാല്‍ നമ്മുടെ പിതാക്കന്മാര്‍ക്കോ, നമുക്കോ വഹിക്കാന്‍ കഴിയാതിരുന്ന നുകം ശിഷ്യന്മാരുടെ ചുമലില്‍വച്ച് നിങ്ങളെന്തിനു ദൈവത്തെ പരീക്ഷിക്കുന്നു… എന്നു ചോദിച്ചുകൊണ്ട്, വിജാതീയരുടെയിടയില്‍നിന്നു കര്‍ത്താവിങ്കലേക്കു തിരിയുന്നവരെ ശല്യപ്പെടുത്തരുതെന്ന അഭിപ്രായത്തോടെ സഭാചരിത്രത്തിലെ ആദ്യത്തെ സൂനഹദോസ് അവസാനിച്ചു (അപ്പ. പ്രവ. 15:1-35).

അന്നത്തെ സാഹചര്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ വളരെ വിപ്ലവാത്മകമായ ഒരു അധുനാധുനീകരണമാണ് അപ്പസ്‌തോലന്മാര്‍ സഭയില്‍ നടത്തിയത്. ദൈവവും തങ്ങളും തമ്മിലുള്ള ഉടമ്പടിയുടെ അടയാളവും അച്ചാരവുമെന്നവിധം യഹൂദര്‍ അഭിമാനപൂര്‍വ്വം നിര്‍ വഹിച്ചുപോന്ന പരിച്ഛേദനകര്‍മ്മം നിത്യരക്ഷയ്ക്ക് അവശ്യമല്ലെന്നും, അതു ക്രിസ്തീയവിശ്വാസത്തിന്റെ കേന്ദ്രവിഷയമല്ലെന്നും സാഹചര്യവും സംസ്‌കാരവും അനുസരിച്ച് അനുരൂപപ്പെടുത്താവുന്ന ഒരു ബാഹ്യാചാരം മാത്രമാണെന്നും പ്രഖ്യാപിച്ച അപ്പസ്‌തോലന്മാര്‍ സഭാചരിത്രത്തിലെ പ്രഥമ അനുരൂപണ പ്രക്രിയയ്ക്കു നേതൃത്വം നല്‍കുകയായിരുന്നു.

പ്രേഷിതപ്രവര്‍ത്തനത്തിന്റെ വിജയത്തിനു അനുരൂപണം അവശ്യാവശ്യമാണെന്നു തുടര്‍ന്നുള്ള സഭാചരിത്രവും തെളിയിക്കുന്നു. ഒരുവിധത്തില്‍ സഭാചരിത്രം തന്നെ തിരുസഭയുടെ അനുരൂപണത്തിന്റെ ചരിത്രമാണ്. കാലദേശങ്ങളെ അനുസരിച്ച് സ്വയം അനുരൂപപ്പെടുത്തുന്നതില്‍ സഭയെന്നും ജാഗരൂകരായിരുന്നു. വി. പൗലോസ് തന്റെ പ്രേഷിതപ്രവര്‍ത്തന മാര്‍ഗ്ഗത്തെ സംഗ്രഹിച്ചതിങ്ങനെയാണ്: "എല്ലാവര്‍ക്കുംവേണ്ടി എല്ലാം" (1 കൊറി 9:22). അദ്ദേഹം തുടര്‍ന്നു പറയുകയാണ്: "യഹൂദരെ നേടേണ്ടതിന് ഞാന്‍ അവരുടെയിടയില്‍ യഹൂദനെപ്പോലെയായി. നിയമത്തിന്‍കീഴുള്ളവ രെ നേടേണ്ടതിന്, നിയമത്തിനു വിധേയനായില്ലെന്നിരിക്കിലും, ഞാന്‍ അവരെപ്പോലെയായി. നിയമത്തിനു പുറമെയുള്ളവരെ നേടേണ്ടതിന് ഞാന്‍ അവര്‍ക്കു നിയമമില്ലാത്തവനെപ്പോലെയായി." വി. പൗലോസിന്റെ ജീവിതലക്ഷ്യംതന്നെ ക്രിസ്തുവിനെയും അവിടുത്തെ സഭയെയും വിജാതീയര്‍ക്ക് അനുഭവഭേദ്യമാക്കിക്കൊടുക്കുകയെന്നതായിരുന്നല്ലോ. വളരെക്കാര്യങ്ങള്‍ അനുരൂപപ്പെടുത്താന്‍ അദ്ദേഹം പലപ്പോഴും നിര്‍ ബന്ധിതനായിട്ടുണ്ട്. വി. പൗലോസ് സഭയിലെ ആദ്യത്തെ പ്രേഷിതനായിരുന്നെങ്കില്‍ ആദ്യത്തെ അനുരൂപണകര്‍ത്താവും അദ്ദേഹം തന്നെയായിരുന്നു. പ്രാദേശിക സഭകളിലെ ആചാര്യന്മാരെയും നേതാക്കന്മാരെയും അവിടത്തെ ജനങ്ങളില്‍നിന്നുതന്നെ അദ്ദേഹം തിരഞ്ഞെടുത്തു സ്ഥാപിച്ചു. ദേശീയമായ ജീവിതരീതികളും സാംസ്‌കാരികമാറ്റങ്ങളും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും കാണാം വേദപുസ്തകത്തില്‍. ക്രീറ്റില്‍ അദ്ദേഹം ജന്മം നല്‍കിയ സഭയ്ക്ക് അദ്ദേഹം അവിടുന്നുതന്നെ രക്ഷാധികാരിയെ തെരഞ്ഞെടുത്തു അവരോധിച്ചു (തീത്തോ. 1:5). അങ്ങനെ ആദിമസഭയില്‍ ദൃശ്യമായ സാര്‍വ്വത്രിക മനോഭാവവും അനുരൂപണ മനഃസ്ഥിതിയും പിന്നീട് പിതാക്കന്മാരുടെ കാലത്തും സഭയില്‍ തുടര്‍ന്നു.

സാംസ്‌കാരികവും സാമൂഹ്യവുമായ തലത്തിലാണ് ആദിമസഭ സ്വയം അനുരൂപപ്പെടുത്തിയതെങ്കില്‍ പില്‍ക്കാലത്ത് സഭയുടെ ചിന്തയും തത്വങ്ങളുമാണ് അനുരൂപണവിഷയമായത്. യവനതത്വചിന്തയും പേഗന്‍ മതവിശ്വാസവും വളര്‍ന്നുവന്നിരുന്ന റോമിലും ഗ്രീസിലും മറ്റും ക്രിസ്തുവിനെ പ്രസംഗിക്കാന്‍ പിതാക്കന്മാര്‍ അന്നാട്ടിലെ ജനങ്ങളുടെ ചിന്താരീതിയെത്തന്നെയാണു സഹായകമാക്കിയത്. ഒരിജെന്‍, തെര്‍ത്തുല്യന്‍, അഗസ്റ്റിന്‍ തുടങ്ങിയ സഭാപിതാക്കന്മാര്‍ ക്രൈസ്തവവിശ്വാസസത്യങ്ങളെ യൗവനതത്വചിന്തയിലേക്കു പകര്‍ത്തിയത് എത്ര മനോഹരമായിട്ടാണ്. എന്തിന്, അവരുടെ വിശാലമായ വീക്ഷണത്തില്‍ അക്രൈസ്തവരുടെ ഹൃദയംപോലും "സ്വാഭാവികമായി ക്രിസ്തീയ"മാണ്. തത്ത്വചിന്തയില്‍ മാത്രം ഒതുങ്ങിനിന്നില്ല അവരുടെ അനുരൂപണം. ഇന്നത്തെ ആരാധനക്രമത്തില്‍ നാം കാണുന്ന വസ്ത്രങ്ങള്‍, പ്രതീകങ്ങള്‍, കല, സംഗീതം, ഉപകരണങ്ങള്‍ എന്നിവയില്‍ പലതും ആദ്യകാലത്തെ അനുരൂപണത്തിന്റെ അവശിഷ്ടങ്ങളാണ്. കാതലായ ക്രൈസ്തവതത്വങ്ങള്‍ക്കൊന്നും കോട്ടംവരാതെ പ്രേഷിതപ്രവര്‍ത്തനത്തിന് അവശ്യം വേണ്ടവിധം അവരന്നു ചെയ്ത അനുരൂപണങ്ങള്‍ ഇന്നു നമുക്കു മാതൃകകളാണ്. കാലവും ദേശവും മാറുന്നതിനനുസരിച്ചു പ്രേഷിതപ്രവര്‍ത്തനത്തിന്റെ വിവിധവശങ്ങള്‍ പുനഃപരിശോധിക്കുവാന്‍ അവരുടെ പ്രവര്‍ത്തനം നമുക്ക് ഉത്തേജനം നല്‍കണം.

മദ്ധ്യശതകങ്ങളുടെ ആരംഭത്തില്‍ വടക്കുകിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ജര്‍മ്മന്‍ വര്‍ഗ്ഗങ്ങളെ സഭ മാനസാന്തരപ്പെടുത്തിയപ്പോഴും പ്രധാന പ്രശ്‌നം അനുരൂപണമായിരുന്നു. അന്നുവരെ അറിയപ്പെടാതിരുന്ന പുതിയൊരു ജീവിതമേഖലയിലേയ്ക്കു കാലുകുത്തുകയായിരുന്നു സഭ. നിത്യനൂതന ക്രൈസ്തവവിശ്വാസം പുതിയ പരിതസ്ഥിതിയില്‍ എങ്ങനെ ജീവിതമാക്കണമെന്ന പ്രശ്‌നത്തെ സഭ വളരെ സമര്‍ത്ഥമായി നേരിടുകതന്നെ ചെയ്തു. പുതിയ വിശ്വാസത്തെ നല്‍കുക, പഴയ പാരമ്പര്യത്തെയും ജീവിതക്രമത്തെയും നിലനിര്‍ത്തുക – ഇതായിരുന്നു സഭ സ്വീകരിച്ച പൊതുപ്രവര്‍ത്തന തത്വം. മഹാനായ പോപ്പ് ഗ്രിഗറി യൂറോപ്പിലെ പ്രേഷിതര്‍ക്കെഴുതി: "നിങ്ങള്‍ യാതൊന്നും നശിപ്പിക്കരുത്. അമ്പലങ്ങള്‍ സംരക്ഷിക്കുക; അവരുടെ തിരുനാളുകള്‍ നിലനിര്‍ത്തുക. ബലിയര്‍പ്പണരീതി പാടെ ഉപേക്ഷിക്കരുത്. എന്നാല്‍ എല്ലാത്തിനും ക്രൈസ്തവമായ പുതിയ അര്‍ത്ഥവും കാഴ്ചപ്പാടും നല്‍കുക. അവര്‍ തങ്ങള്‍ തങ്ങിയ സ്ഥലത്തു വരുന്നതിനും, പരിശീലിച്ച വിധത്തില്‍ ആരാധന നടത്തുന്നതിനും, ഇഷ്ടമായപോലെ തിരുന്നാള്‍ ഘോഷിക്കുന്നതിനും അനുവദിക്കുക. ഒരു വ്യത്യാസം മാത്രം; ഇവയെല്ലാം ക്രൈസ്തവീകരിച്ചതായിരിക്കണം.

കണ്ടുപിടുത്തങ്ങളുടെ കാലമായ മദ്ധ്യശതകങ്ങളുടെ അവസാനഘട്ടത്തില്‍ അനുരൂപണ മനഃസ്ഥിതി മിഷനറിമാരില്‍ താരതമ്യേന കുറഞ്ഞു വരാനിടയായി. പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാം. പുതിയ വര്‍ഗ്ഗങ്ങളും ജാതികളും അറിയപ്പെട്ടുവന്നിരുന്ന അക്കാലത്ത് വര്‍ഗ്ഗാഭിജാത്യബോധം യൂറോപ്പുകാര്‍ക്കു കൂടുതലായിരുന്നു. ആര്യന്‍ വര്‍ഗ്ഗമെന്നഭിമാനിച്ചിരുന്ന അവര്‍ മറ്റുള്ളവരുടെ ജീവിതരീതിയോടനുരൂപപ്പെടാന്‍ കൂട്ടാക്കിയില്ല. മാത്രമല്ല, സാംസ്‌കാരികമായും സാമ്പത്തികമായും മതപരമായും യൂറോപ്പാണ് പ്രഥമമെന്ന ഒരു ധാരണയും നിലവില്‍ വന്നു. അന്ധവിശ്വാസവും കാടത്തവും മാത്രമാണു മറ്റു ജനതകളുടെ കൈമുതലെന്നു മിഷനറിമാര്‍ ധരിച്ചുവശായി. മറ്റു സംസ്‌കാരങ്ങള്‍ തങ്ങളില്‍നിന്നു പഠിക്കണമെന്നു അവര്‍ ശഠിക്കാന്‍ തുടങ്ങി. പോരാ, താത്വികവും ദൈവവിജ്ഞാനീയപരവുമായ ഒരു മിഥ്യാധാരണകൂടി ബലപ്പെട്ടു. പാപം വഴി മനുഷ്യസ്വഭാവം മലിനവും ദൂഷിതവുമായിത്തീര്‍ന്നല്ലൊ. അതു വീണ്ടും ശുദ്ധീകരിക്കപ്പെട്ടതു ക്രിസ്തുവിന്റെ പരിത്രാണനം വഴിയാണ്. എന്നാല്‍ ഈ പരിത്രാണനത്തിന്റെ ഫലങ്ങള്‍ ഇനിയും പ്രാപിച്ചിട്ടില്ലാത്ത അക്രൈസ്തവര്‍ ഇന്നും ദുഷിച്ച സ്വഭാവത്തിന്റെ അവകാശികളാണത്രെ. അതുകൊണ്ട് അവര്‍ സ്ഥാപിച്ച അക്രൈസ്തവ മതങ്ങള്‍, അന്ധവിശ്വാസത്തിന്റെയും അസന്മാര്‍ഗ്ഗിക ജീവിതത്തിന്റെയും പ്രതിഫലനങ്ങളാണെന്നും അക്കാരണത്താല്‍ അക്രൈസ്തവരുടെ മതകര്‍മ്മങ്ങളേതും അവിശുദ്ധമാണെന്നു അവര്‍ കരുതി. ഫലമോ? മറ്റു സംസ്‌കാരങ്ങളോടുള്ള അനുരൂപണം, സത്യവും അസത്യവും അഥവാ വിശുദ്ധിയും അശുദ്ധിയും തമ്മിലുള്ള ന്യായികരിക്കാനാവാത്ത ബന്ധമായിട്ടേ മിഷനറിമാര്‍ക്കു കാണാന്‍ കഴിഞ്ഞുള്ളു.

16-ാം നൂറ്റാണ്ടോടുകൂടിയാണ് ഈ ചിന്താഗതിക്കു കാര്യമായ മാറ്റം വന്നത്. വി. ഫ്രാന്‍സിസ് സേവ്യര്‍, ഡിനോബിലി തുടങ്ങിയ പ്രേഷിതശ്രേഷ്ഠരുടെ പ്രവര്‍ത്തനങ്ങള്‍ മിഷന്‍ രംഗത്ത് അനുരൂപണത്തിനു വീണ്ടും സ്ഥാനം നല്‍കി. ഭാരതത്തിലെ മിഷനറി അനുരൂപണത്തിന്റെ മുന്‍ഗാമിയും നേതാവും ഡിനോബിലിയാണ്. വിശ്വാസേതര വിഷയങ്ങളില്‍ ഹൈന്ദവമതത്തോടു അദ്ദേഹം സ്വീകരിച്ച ക്രിയാത്മക സമീപനം ഇന്നും ഭാരതസഭയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണമായി പ്രതിഫലിക്കാന്‍ തുടങ്ങിയിട്ടില്ല.

17-ാം നൂറ്റാണ്ടില്‍ അനുരൂപണത്തെ സഭ ആരോഗ്യകരമായി പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. വി ശ്വാസപ്രചരണാര്‍ത്ഥം സ്ഥാപിതമായ തിരുസംഘം ആരംഭം മുതലേ അനുരൂപണത്തിനു നല്‍കിയിരുന്ന പ്രാധാന്യം അന്യാദൃശമാണ്. വിശ്വാസ-സന്മാര്‍ഗ്ഗ വിഷയമല്ലാത്ത എന്തുമേതും അനുരൂപണത്തിനു വിധേയമാണെന്നുപോലും തിരുസംഘം പ്രഖ്യാപിച്ചു. അക്കാലത്തു മിഷനറിമാര്‍ക്കു നല്‍കപ്പെട്ട ഒരു നിര്‍ദ്ദേശത്തില്‍ ഇങ്ങനെ കാണുന്നു: ചൈനയിലേക്കോ, ഇന്ത്യയിലേക്കോ, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളെ ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ചാല്‍ എത്ര വിഢിത്തമായിരിക്കും അത്? നിങ്ങളുടെ വിശ്വാസം അവര്‍ക്കു കൊടുക്കുക. നിങ്ങളുടെ സംസ്‌കാരത്തെ അടിച്ചേല്‍പിക്കരുത്. ഇതേ ആശയങ്ങള്‍ തന്നെ 15-ാം ബെനഡിക്ട്, 9-ാം പിയൂസ്, 12-ാം പിയൂസ്, 23-ാം യോഹന്നാന്‍ എന്നീ മാര്‍പ്പാപ്പമാര്‍ ചാക്രികലേഖനങ്ങളിലൂടെ പരസ്യമായും ഔദ്യോഗികമായും പഠിപ്പിക്കുകയുണ്ടായി. ആരാധനക്രമം, പാഠ്യപദ്ധതി, ജീവിതരീതി എന്നിവയിലും മറ്റും പ്രദേശിക സഭകള്‍ക്കു സ്വയം നിര്‍ണ്ണയാധികാരം വേണമെന്നും കഴിയുന്നിടത്തോളം ഈ സഭകള്‍ ദേശീയ സംസ്‌കാരങ്ങളുമായി ഇണങ്ങിച്ചേരണമെന്നും വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രേഷിതപ്രവര്‍ത്തനത്തെപ്പറ്റിയുള്ള പ്രമാണരേഖയും പ്രഖ്യാപിക്കുന്നു.

അനുരൂപണത്തിന്റെ ദൈവശാസ്ത്രം

പ്രേഷിതപ്രവര്‍ത്തനം കാര്യക്ഷമതരമാകാനും, ജനങ്ങള്‍ക്ക് എളുപ്പത്തില്‍ പുതിയ മതതത്വങ്ങള്‍ മനസ്സിലാകാനും സഹായകമായ മാര്‍ഗ്ഗമെന്ന നിലയിലുള്ള വെറും നയപരിപാടിയല്ല അനുരൂപണം. ആളുകളെ ആകര്‍ഷിക്കാനും, പഠനരീതി എളുപ്പമാക്കാനും ഉള്ള കുറുക്കുവഴിയുമല്ല. അനുരൂപണത്തിന്റെയും പ്രാദേശികവത്ക്കരണത്തിന്റെയും അടിസ്ഥാനം ക്രിസ്തുവിന്റെ സാര്‍വത്രികരക്ഷയാണ്. സമൂഹത്തെയും സംസ്‌കാരത്തെയും ക്രിസ്തുവിന്റെ രക്ഷാകര പ്രവൃത്തിയുടെ വെളിച്ചത്തില്‍ പുതുക്കുക എന്നതാണ് അനുരൂപണത്തിന്റെ അര്‍ത്ഥം. അതെ, പരിത്രാണനം ചെയ്തും പവിത്രീകരിച്ചും ലോകത്തെ ക്രിസ്തുവില്‍ ഒന്നാക്കുക. നാനാത്വത്തില്‍ ഐക്യം സൃഷ്ടിക്കുക. ഇനി, മറുവശത്തുനിന്നു ചിന്തിക്കുകയാണെങ്കില്‍, ക്രിസ്തുവിന്റെ സാര്‍വ്വത്രിക നേതൃത്വം എല്ലാ രാജ്യത്തിനും സംസ്‌കാരത്തിനും അനുഭവഭേദ്യമാക്കിത്തീര്‍ക്കുക എന്നാതാണ് അനുരൂപണത്തിന്റെ അര്‍ത്ഥം. വി. പൗലോസ് പ്രസ്താവിക്കുന്നതുപോലെ, സമസ്തവും മനുഷ്യവംശത്തിന്റെ സമ്പത്താണ്. "പൗലോസും, അപ്പോളയും, കേപ്പായും ലോകവും ജീവനും മരണവും നിലവിലുള്ളവയും വരാനിരിക്കുന്നവയും എല്ലാം നിങ്ങളുടേതത്രെ. നിങ്ങള്‍ മിശിഹായുടേതും മിശിഹാ ദൈവത്തിന്റെതുമാണ്." ഈ പരമയാഥാര്‍ത്ഥ്യം പ്രത്യക്ഷമായി ജീവിതത്തില്‍ അവതരിപ്പിക്കുകയാണ് അനുരൂപണത്തില്‍.

മാത്രമല്ല, സാമൂഹികമായി ചിന്തിച്ചാല്‍, സ്വന്തം നാട്ടിലെ ജീവിതരീതി, സംസ്‌കാരവിശേഷം, ചിന്തകള്‍ എന്നിവ മനുഷ്യന്റെ ജന്മാവകാശങ്ങളാണ്. ദൈവം ഒരു മനുഷ്യനെയും മറ്റൊരു സംസ്‌കാരവിശേഷത്തിലൂടെ ചിന്തിക്കാനും ആരാധിക്കാനും സേവിക്കാനും ആഗ്രഹിക്കുന്നില്ല. ഓരോരുത്തരും ജീവിക്കുന്ന പ്രത്യേക സാഹചര്യത്തിലൂടെത്തന്നെ നിത്യരക്ഷപ്രാപിക്കാനാണ് ഈശ്വരനിശ്ചയം. അത് മനുഷ്യന്റെ അവകാശവുമാണ്. അതു സംരക്ഷിക്കുക മറ്റുള്ളവരുടെ കടമയും.

സഭയുടെ ഭാഗത്തുനിന്നും വീക്ഷിക്കുമ്പോള്‍ പുതുതായി ജന്മമെടുക്കുന്ന സ്ഥലങ്ങളില്‍ അവളൊരിക്കലും അന്യയാവാന്‍ പാടില്ല. പന്ത്രണ്ടാം പിയൂസ് മാര്‍പ്പാപ്പ ഒരു ക്രിസ്മസ് പ്രഭാഷണത്തില്‍ പറയുകയുണ്ടായി: "സഭ സാര്‍വ്വത്രികയാണ്. എല്ലായിടത്തും അവള്‍ സുപരിചിതയായിരിക്കണം. ഒരു പ്രത്യേക സംസ്‌കാരത്തോടോ ദേശത്തോടോ ഒന്നിക്കാന്‍ അവള്‍ക്കു പറ്റില്ല." സാര്‍വ്വത്രികതയും സര്‍വ്വാതിശായിത്വവും ലക്ഷണമായുള്ള സമൂഹത്തിന് അനുരൂപണം ജീവിതസ്വഭാവം തന്നെയാണ്. മാത്രമല്ല ക്രിസ്തുമതം വെറും തത്ത്വങ്ങളുടെ സമാഹാരമല്ലല്ലോ. അത് ഒരു ജീവിതരീതിയാണ്. ജനിച്ചു വളര്‍ന്ന അന്തരീക്ഷത്തിലല്ലേ ഒരാള്‍ക്കു നൈ സര്‍ഗികമായി ജീവിക്കാനാവൂ. അതുകൊണ്ട് ഏതു ജനപദങ്ങളിലുള്ളവര്‍ക്കും സ്വജീവിതമാക്കിത്തീര്‍ക്കാന്‍ പറ്റുംവിധം ക്രൈസ്തവജീവിതം നിരന്തരം കാലദേശരീതികളോടനുരൂപപ്പെടാന്‍ സ്വഭാവത്താല്‍ നിര്‍ബന്ധിതയാകുന്നു.

ഭാരതസഭയുടെ അനുരൂപണം

ഇന്നത്തെ ഭാരതസഭ ഇനിയും അനുരൂപണത്തിനു വിധേയമാകേണ്ടതുണ്ടെന്നാണ് ഈ ലേഖകന്റെ അഭിപ്രായം. ഇന്നിവിടെ നിലവിലുള്ള മൂന്നു റീത്തുകളും വിദേശത്തു നിന്നു ലഭിച്ചതാണ്. അവയൊന്നും ഭാരതസംസ്‌കാരങ്ങളുമായി അലിഞ്ഞുചേര്‍ന്നിട്ടില്ല. അനുരൂപപ്പെട്ടിട്ടില്ല. ദൈവശാസ്ത്രത്തിലും, ആരാധനക്രമത്തിലും, മറ്റിതര ചെറുതും വലുതുമായ ബാഹ്യാചാരങ്ങളിലും ക്രൈസ്തവര്‍ ഇന്നും വിദേശിയരാണ്. അല്പമെങ്കിലും അപവാദം ഇതിനുള്ളതു കേരളത്തിലെ ക്രൈസ്തവസഭയ്ക്കാണ്. സാമൂഹ്യാചാരങ്ങളില്‍ അവള്‍ കുറെയൊക്കെ പ്രാദേശിക സംസ്‌കാരവുമായി അലിഞ്ഞുചേര്‍ന്നിട്ടുണ്ടെന്നു പറയാം.

അതേസമയം, പഴയകാലത്തെപ്പോലെ ഒരു നാടിന്റെയും സംസ്‌കാരം ഇന്ന് അചഞ്ചലമായി നില്‍ക്കുന്നില്ല എന്ന കാര്യവും വിസ്മരിച്ചുകൂടാ. അനുദിനം വളരുകയും പുരോഗമിക്കുകയും ചെയ്യുന്ന ഒരു ചലനാത്മക സംസ്‌കാരമാണ് എവിടെയുമുള്ളത്. അതുകൊണ്ട് നാം അനുരൂപണം നടത്തേണ്ടത് പഴഞ്ചന്‍ സംസ്‌കാരത്തോടല്ല, സദാ പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്ന സംസ്‌കാരത്തോടാണ്. ഇന്നത്തെ തലമുറയ്ക്കു മനസ്സിലാകുന്ന, അവര്‍ ജീവിക്കുന്ന സംസ്‌കാരത്തോടാണ്. എന്നാല്‍, ഇന്നു കാണുകയും നാളെ ഇല്ലാതാകുകയും ചെയ്യുന്ന നൈമിഷികങ്ങളായ പ്രതിഭാസങ്ങളോടുള്ള അനുരൂപണമല്ല ഇവിടെ ഉദ്ദേശിക്കുന്നത്, മറിച്ച്, സാമാന്യം സ്ഥായീഭാവമുള്ള സാം സ്‌കാരിക പരിണാമങ്ങളാണ്. ഇതു കാര്യമായി സംഭവിക്കുമ്പോഴേ, ഭാരതത്തിലെ ക്രൈസ്തവ സഭ ഭാരതീയമായ ക്രൈസ്തവ സഭയായിത്തീരൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org