പള്ളിയില്‍നിന്ന് പള്ളിക്കൂടത്തിലേക്ക്

വി. ചാവറയുടെ ആത്മീയതയുടെ തനിമ
പള്ളിയില്‍നിന്ന് പള്ളിക്കൂടത്തിലേക്ക്

വിശുദ്ധ ചാവറ പിതാവിന്റെ സ്വര്‍ഗപ്രാപ്തി കഴിഞ്ഞ് 151 വര്‍ഷം ആയപ്പോഴാണ്, കോവിഡു മൂലം മാറ്റി വയ്ക്കപ്പെട്ട 150-ാം വാര്‍ഷികം ഔപചാരികമായി ആഘോഷിക്കാന്‍ നമുക്ക് അവസരം ലഭിച്ചതെങ്കിലും, ആ വിശുദ്ധ വ്യക്തിത്വത്തെക്കുറിച്ച് വീണ്ടുമൊന്ന് ധ്യാനിക്കാന്‍ ഈ ആഘോഷം ഒരു നിമിത്തമായി തീര്‍ന്നതില്‍ സന്തോഷിക്കുന്നു. പ്രത്യേകിച്ച്, ആദ്ധ്യാത്മികതയില്‍ ഒട്ടുംതന്നെ ക്രിയാത്മകത അഥവാ സര്‍ഗാത്മകത അനുവദിക്കാന്‍ എല്ലാ മതങ്ങളും, അതിലുപരി വിശുദ്ധ ചാവറ പിതാവുതന്നെ ഒരു കാലത്ത് നേതൃത്വം കൊടുത്ത സീറോ മലബാര്‍ സമൂഹവും, മടിച്ചു നില്‍ക്കുന്ന ഈ കാലത്ത്, ഈ പരിചിന്തനം ഉപകാരപ്രദമാകുമെന്നു കരുതുന്നു.

ആത്മീയതയെ മതങ്ങള്‍ എപ്പോഴും അനുഷ്ഠാനങ്ങളില്‍ തളച്ചിടാന്‍ ശ്രമിക്കാറുണ്ട്. എന്തിന്, അനുഷ്ഠാനങ്ങളില്‍ മാത്രം ആത്മീയത കാണുന്ന പ്രവണതയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. കാരണം, അതാണ് മതങ്ങള്‍ക്കും മതാധികാരികള്‍ക്കും സുരക്ഷിതത്വബോധം നല്‍കുന്ന മണ്ഡലം. അതുകൊണ്ടാണ് അനുഷ്ഠാനങ്ങളില്‍ കടുകിട മാറ്റം പോലും മതങ്ങളും അവയുടെ നേതൃത്വത്തിലിരിക്കുന്നവരും അനുവദിക്കാന്‍ മടിക്കുന്നത്.

അതിനു പുറമെ, പൗരസ്ത്യ ക്രൈസ്തവ ആദ്ധ്യാത്മികതയുടെ ഉറവിടങ്ങളും മാതൃകകളുമായി ധ്യാനാത്മക ജീവിതം മാത്രം നയിക്കുന്ന ദയാറകളെയും മോണസ്റ്റ്രികളെയും ഉയര്‍ത്തിക്കാണിക്കുന്ന രീതിയും വ്യാപകമായിക്കൊണ്ടിരിക്കുന്നു. പൗരസ്ത്യ കാനോന്‍ നിയമത്തില്‍ത്തന്നെ ഏറ്റവും പ്രഥമവും പ്രധാനവുമായ സന്യാസാവസ്ഥ മൊണാസ്റ്റിക് രീതിയാണത്രെ.

ഇങ്ങനെയൊക്കെയുള്ള മനോ ഭാവങ്ങളുടെ നടുക്കുനിന്നുകൊണ്ട്, പള്ളിയില്‍നിന്ന് പള്ളിക്കൂടത്തിലേക്ക്, അഥവാ ദേവാലയത്തില്‍നിന്ന് സമൂഹത്തിലേക്ക് ആത്മീയതയെ ഇറക്കിക്കൊണ്ടു വന്ന സര്‍ഗാത്മക പ്രതിഭയായിരുന്നു വിശുദ്ധ ചാവറയച്ചന്‍.

ചെയ്തികളല്ല, ഉദ്ദേശ്യം പ്രധാനം

പല പ്രസംഗകരും എഴുത്തുകാരും ചാവറയച്ചനെ ഒരു സാമൂഹ്യ പരിഷ്‌ക്കര്‍ത്താവായി ചിത്രീകരിക്കാറുണ്ട്. അതു ഭാഗികമായി ശരിയുമാണ്. എന്നാല്‍ ഈ സമീപനത്തിനു രണ്ടു പരിമിതികളുണ്ടെന്നു തോന്നിയിട്ടുണ്ട്. ഒന്ന്, വി. ചാവറയച്ചന്‍ സമൂഹത്തില്‍ ചെയ്ത പല കാര്യങ്ങളും തീര്‍ത്തും നൂതനങ്ങളല്ല എന്നതാണ്. മറ്റു സമൂഹങ്ങളിലോ, മേഖലകളിലോ അദ്ദേഹത്തിന്റെ കാലത്തിനു മുമ്പേ നിലവില്‍ വന്നവ ഒരു മുന്‍ഗാമി (pioneer) എന്നവിധം സ്വന്തം സമൂഹത്തിലും നടപ്പാക്കുകയാണ് അദ്ദേഹം ചെയ്തത്. സന്ന്യാസസഭകളുടെ സ്ഥാപനം, അച്ചടി, സാമൂഹ്യസേവനം, വിദ്യാഭ്യാസം എന്നിവയൊക്കെ അത്തരത്തില്‍പ്പെട്ടതാണ്. അതുകൊണ്ട്, ഇവയില്‍ മൗലികത (originality) എത്രമാത്രം ഉണ്ടെന്നു സംശയമാണ്. രണ്ട്, അസാധാരണ വ്യക്തിത്വങ്ങളെ അവരുടെ പ്രവര്‍ത്തനങ്ങളുടെ ചട്ടക്കൂട്ടില്‍ (parameters) മാത്രം കാണുന്നത് ഒരുതരം ഫങ്ഷണല്‍ (functional) സമീപനമാണ്, അതു കാതലിനെയോ ഉറവിടത്തെയോ സ്പര്‍ശിക്കുന്നുണ്ടോ എന്ന സംശയവുമുണ്ട്.

ഉദാഹരണമായി, യേശു തന്റെ പരസ്യജീവിതത്തിനിടയില്‍ ഒരവസരത്തില്‍ ശിഷ്യന്മാരോടു ചോദിച്ചു, ഞാന്‍ ആരെന്നാണു നിങ്ങള്‍ പറയുന്നത് എന്ന്. യേശു ചെയ്ത കാര്യങ്ങള്‍ അവര്‍ കണ്ടതും കേട്ടതും വച്ചു പറഞ്ഞിരുന്നെങ്കില്‍ പ്ര വാചകനെന്നോ, അത്ഭുതപ്രവര്‍ത്തകനെന്നോ, പ്രബോധകനെന്നോ മറ്റോ ആവേണ്ടിയിരുന്നു ഉത്തരം. അങ്ങനെ ചിലര്‍ പറയാനും തുടങ്ങിയിരുന്നു. എന്നാല്‍, യേശു ചെയ്ത ഫങ്ഷന്‍സിനപ്പുറത്ത്, അവയ്ക്കതീതമായി അഥവാ അവയുടെ ഉള്ളിലായി, യേശുവിന്റെ വ്യക്തിത്വത്തെ കണ്ടറിഞ്ഞ ഒരു ഉത്തരമാണ് പ്രഥമശിഷ്യനായ പത്രോസ് നല്‍കിയത്: ''അങ്ങു ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തു അഥവാ മിശിഹായാണ്.'' അസാധാരണ വ്യക്തികളെയും വിശുദ്ധരെയും മറ്റും ഇതുപോലെ നമ്മുടെ അകക്കണ്ണുകൊണ്ട് ദര്‍ശിക്കേണ്ടിയിരിക്കുന്നുവെന്നു തോന്നുന്നു.

ആത്മീയമായ സര്‍ഗാത്മകത, വ്യക്തിത്വത്തിന്റെ കാതല്‍

മുകളില്‍ സൂചിപ്പിച്ചതുപോലെ, അല്ലെങ്കില്‍ സാധാരണ പ്ര സംഗകരുടെ വീക്ഷണത്തില്‍നിന്ന് ഒരു പടികൂടി കടന്ന്, അന്നുവരെ ചിന്തിക്കാത്ത രീതിയില്‍, സാമൂഹ്യപരിഷ്‌കാരത്തിന്റെയും നവോത്ഥാനത്തിന്റെയും ഉള്ളില്‍ ആത്മീയത ദര്‍ശിക്കുകയും അനുഭവിക്കുകയും അതു മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തവനാണ് വി. ചാവറയച്ചന്‍ എന്നു മനസ്സിലാക്കുമ്പോഴാണ് ആ വ്യക്തിയെ നാം ശരിയായി അറിയാന്‍ തുടങ്ങുന്നത്. ചാവറയച്ചനെ സംബന്ധിച്ചിടത്തോളം, പള്ളിയിലെ പ്രണിധാനവും തപസ്സുഭവനത്തിലെ തപോനിഷ്ഠയും പള്ളിക്കുടത്തിലെ അധ്യാപനവും അച്ചുക്കൂടത്തിലെ അച്ചുനിരത്തും ഉപവിശാലയിലെ കാരുണ്യവും ഒരുപോലെ ആത്മീയതയായിരുന്നു. ശരിയാണ്, വിശുദ്ധ കുര്‍ബാനയുടെ മുമ്പിലെ പ്രാര്‍ത്ഥനാനിമിഷങ്ങള്‍ വി. ചാവറയച്ചന് വളരെ പ്രധാനപ്പെട്ടതും ആത്മീയശക്തിയുടെ സ്രോതസ്സുമായിരുന്നു. എന്നാല്‍, അവ സ്രോതസ്സ് അഥവാ മാര്‍ഗം മാത്രമായതുകൊണ്ട് ഒരു പിടിവാശിയും അവയിലദ്ദേഹത്തിനില്ലായിരുന്നു. അതുകൊണ്ടാണല്ലോ ഏതു റീത്തില്‍ നിന്നുള്ളതാണെന്നോ, ഏതു പാരമ്പര്യത്തില്‍ നിന്നുള്ളതാണെന്നോ നോക്കാതെ, മനുഷ്യരെ തമ്പുരാനുമായി ബന്ധപ്പെടുത്താന്‍ ഉപകരിക്കുന്ന വിവിധതരം ഭക്താഭ്യാസങ്ങളും അനുഷ്ഠാനങ്ങളും സ്വീകരിച്ച്, അവയെ അദ്ദേഹം ജനനന്മയ്ക്കു വേണ്ടി ഉപയോഗിച്ചത്. വിരോധാഭാസമെന്നു പറയട്ടെ, അക്കാരണത്താല്‍ റീത്തുനിര്‍ബന്ധക്കാരുടെയും അനുഷ്ഠാനവാദികളുടെയും ഇടയില്‍ അദ്ദേഹം ഇന്നും അക്കാര്യത്തില്‍ അസ്വീകാര്യനായി തുടരുന്നു.

എന്നാല്‍, ചാവറയച്ചനെ സം ബന്ധിച്ചിടത്തോളം, പള്ളിയില്‍ നിന്നു ലഭിക്കുന്ന ആത്മീയശക്തിയുടെ പ്രകാശനവും ആദ്ധ്യാത്മികചര്യയും തന്നെയായിരുന്നു, ഭൗതിക മണ്ഡലത്തിലെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍. പ്രണിധാനവും പ്രായശ്ചിത്തവും വഴി തപിപ്പിച്ചെടുത്ത ആത്മീയ ഊര്‍ജ്ജം കേരളത്തിന്റെ സാമൂഹ്യ തലങ്ങളിലേക്ക് ഒഴുക്കി, അവയെയും വിശുദ്ധീകരിക്കാന്‍ ശ്രമിച്ചുവെന്നതു കൊണ്ടാണ് തിരുസ്സഭ അദ്ദേഹത്തെ വിശുദ്ധനായി ആദരിക്കുന്നത്. വേറെ വാക്കുകളില്‍ പറഞ്ഞാല്‍, വിദ്യാഭ്യാസം, മാധ്യമങ്ങള്‍, സാമൂഹ്യപ്രവര്‍ത്തനം എന്നിങ്ങനെയുള്ള ഭൗതിക മാര്‍ഗങ്ങള്‍ വി. ചാവറയുടെ കൈകളില്‍ ആത്മീയോപകരണങ്ങളായി രൂപാന്തരപ്പെട്ടു. വിദ്യാഭ്യാസം വെറും ഭൗതികമോ സാമൂഹ്യമോ ആയ ഒരു പ്രക്രിയ അല്ല സഭയെ സംബന്ധിച്ച്. അത് ഒരു പ്രേഷിതശുശ്രൂഷയാണ്. വിദ്യാഭ്യാസത്തോടൊപ്പം നല്‍കുന്ന മൂല്യശിക്ഷണമോ മതബോധനമോ മാത്രമല്ല വിദ്യാഭ്യാസത്തെ പ്രേഷിത ശുശ്രൂഷയാക്കി മാറ്റുന്നത്. വിദ്യാഭ്യാസം വഴി, അതു സെക്കുലര്‍ വിദ്യാഭ്യാസമായാലും, ദൈവരാജ്യ സംസ്ഥാപനം തന്നെ നടക്കുന്നുവെന്നു സഭ വിശ്വസിക്കുന്നു. അതുകൊണ്ടാണു സഭാംഗങ്ങള്‍ അതിനെ സവിശേഷമായ അജപാലക ശുശ്രൂഷയായി കാണുന്നത്. ഇക്കാര്യം ഈ നാട്ടില്‍ ആദ്യമായി മനസ്സിലാക്കിയതും പ്രാവര്‍ത്തിക മാക്കിയതും വി. ചാവറ പിതാവായിരുന്നു.

ചാവറയച്ചനെ സംബന്ധിച്ചിടത്തോളം, പള്ളിയില്‍ നിന്നു ലഭിക്കുന്ന ആത്മീയശക്തിയുടെ പ്രകാശനവും ആദ്ധ്യാത്മികചര്യയും തന്നെയായിരുന്നു, ഭൗതിക മണ്ഡലത്തിലെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍. പ്രണിധാനവും പ്രായശ്ചിത്തവും വഴി തപിപ്പിച്ചെടുത്ത ആത്മീയ ഊര്‍ജ്ജം കേരളത്തിന്റെ സാമൂഹ്യ തലങ്ങളിലേക്ക് ഒഴുക്കി, അവയെയും വിശുദ്ധീകരിക്കാന്‍ ശ്രമിച്ചുവെന്നതു കൊണ്ടാണ് തിരുസ്സഭ അദ്ദേഹത്തെ വിശുദ്ധനായി ആദരിക്കുന്നത്. വേറെ വാക്കുകളില്‍ പറഞ്ഞാല്‍, വിദ്യാഭ്യാസം, മാധ്യമങ്ങള്‍, സാമൂഹ്യപ്രവര്‍ത്തനം എന്നിങ്ങനെയുള്ള ഭൗതിക മാര്‍ഗങ്ങള്‍ വി. ചാവറയുടെ കൈകളില്‍ ആത്മീയോപകരണങ്ങളായി രൂപാന്തരപ്പെട്ടു.

ഭൗതികതയിലെ ആത്മീയത

ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍, മറ്റു ജീവജാലങ്ങളില്‍നിന്നു വ്യത്യസ്തമായി അവനു കൊടുത്ത രണ്ടു കഴിവുകളാണല്ലോ ബുദ്ധിയും മനസ്സും. ചിന്തിക്കാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വേണ്ട തീരുമാനങ്ങളെടുക്കാനും ഉള്ള ഈ കഴിവുകള്‍ ദൈവികതയുടെ ഒരു അംശം അഥവാ സ്പുലിംഗം തന്നെയാണ്. ഈ കഴിവുള്ളതുകൊണ്ടാണു മനുഷ്യന്‍ ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, ദൈവത്തിന്റെ അരൂപി അവനു നല്‍കപ്പെട്ടിരിക്കുന്നു എന്നൊക്കെ നാം പറയുന്നത്. ഈ കഴിവ് മനുഷ്യനില്‍ പൂര്‍ണ്ണ മായി വളര്‍ന്നു വികസിക്കുമ്പോ ഴാണ് അവനിലൂടെ ദൈവമഹത്വം പ്രകാശിക്കുന്നത്; മനുഷ്യമഹത്വം അടങ്ങിയിരിക്കുന്നതും അതില്‍ത്തന്നെ. അങ്ങനെ മാനവികതയില്‍ വളര്‍ന്നവരുടെ സമൂഹമാണു യേശു വിഭാവനം ചെയ്ത ദൈവരാജ്യം. ഈ സമൂഹത്തില്‍ എല്ലാവരും വളര്‍ന്ന വ്യക്തിത്വമു ള്ളവരും ''ജീവന്‍ സമൃദ്ധിയായി'' ഉള്ളവരും ആയിരിക്കും.

എന്നാല്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള മനുഷ്യന്റെ ഈ കഴിവുകള്‍ക്കു പരിധികള്‍ വച്ചും അവയെ മര്‍ദ്ദിച്ചൊതുക്കിയും, അവന്റെ വളര്‍ച്ചയെ നശിപ്പിക്കുന്ന ചൂഷകശക്തികള്‍ ഇന്നും എല്ലായിടത്തും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട്, ലോകത്തില്‍ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രരും നിരക്ഷരരുമായ മനുഷ്യര്‍ക്കു ഇന്നു സ്വയം ചിന്തിക്കാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുമുള്ള കഴിവ് ഉണ്ടായിട്ടില്ല. അതു വളരാന്‍ അവരെ നിയന്ത്രിച്ചു നിറുത്തണമെന്നാഗ്രഹിക്കുന്ന ശക്തികള്‍ അനുവദിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍, ക്രിയാത്മകമായി ചിന്തിക്കാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുമുള്ള കഴിവ് വളര്‍ത്തുന്ന വിദ്യാഭ്യാസവും അറിവു പകരുന്ന മറ്റു മാര്‍ഗങ്ങളും മനുഷ്യമഹത്വത്തെ പരിപോഷിപ്പിക്കുന്നതും യേശു വിഭാവനം ചെയ്ത ദൈവരാജ്യം വളരാന്‍ സഹായിക്കുന്നതുമാണ് എന്ന് മനസ്സിലാക്കി, അതിനെ നമ്മുടെ നാടിന്റെ വളര്‍ച്ചയ്ക്കു വേണ്ട ചാലകശക്തിയാക്കിയ പ്രഥമ പ്രേഷിതനാണ് വിശുദ്ധ ചാവറ. അതെ, അറിവ് അന്ധര്‍ക്കു കാഴ്ചയും, ചെകിടര്‍ക്കു കേള്‍വിയും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും നല്‍കി, യേശുവിന്റെ ദൗത്യം പൂര്‍ത്തിയാക്കുന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, അറിവു നല്‍കുകയും അറിവുണ്ടാക്കാനുള്ള സര്‍ഗ്ഗാത്മകത വളര്‍ത്തുകയും, കിട്ടുന്ന അറിവ് സമസ്തസൃഷ്ടിയുടെയും ഉന്നമനത്തിനു വേണ്ടി ഉപയോഗിക്കാനുള്ള പരിശീലനം നല്‍കുകയും ചെയ്യുന്ന വിദ്യാഭ്യാസം അതിന്റെ സ്വഭാവത്താലെ തന്നെ ദൈവരാജ്യനിര്‍മ്മിതിയായി രൂപാന്തരപ്പെടുന്നു.

വിദ്യാഭ്യാസം വഴിയുള്ള ഇത്തരം പുരോഗതി എല്ലാ വിഭാഗം ജനങ്ങള്‍ക്കും സംലഭ്യമാക്കാന്‍ വി. ചാവറയച്ചന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഏറെ പ്രാധാന്യം കൊടുത്തത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനാണ്. ദളിതരും, മറ്റു കീഴ്ജാതിക്കാരും സ്ത്രീകളും അക്കൂട്ടത്തില്‍പ്പെടുന്നു. അറിവും ചിന്താശക്തിയും ലഭിക്കുന്നതു വഴി ഈ വിഭാഗങ്ങള്‍ ശാക്തീകരിക്കപ്പെടുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. ചാവറയച്ചനെ അനുകരിച്ച്, പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവി ഭാഗങ്ങളെ മാത്രമല്ല, അത്തരം പ്രദേശങ്ങളെയും മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനും കേരള സഭ ശ്രമിച്ചിട്ടുണ്ട്. കേരളത്തിലെ തന്നെ മലബാര്‍-മലയോര പ്രദേശങ്ങള്‍, അവികസിതങ്ങളായ ഉത്തരേന്ത്യന്‍ പ്രദേശങ്ങള്‍, ആഫ്രിക്കയിലെയും മറ്റും അവികസിതമേഖലകള്‍ എന്നിവയിലെല്ലാം വിദ്യാഭ്യാസത്തിലൂടെ സമൂഹപുരോഗതി കൈവരുത്താന്‍ വിവിധ സന്ന്യാസസഭകള്‍ ചെയ്യുന്ന ശ്രമത്തിന്റെ അടിസ്ഥാനവും ദൈവരാജ്യസംസ്ഥാപനലക്ഷ്യം തന്നെയാണ്. അങ്ങനെ എല്ലാ വിഭാഗങ്ങളിലേക്കും (inclusion) എല്ലാ പ്രദേശങ്ങളിലേക്കും (expansion) ജനപുരോഗതി വ്യാപിക്കുന്നതിനു വേണ്ടിയുള്ള യത്‌നം സമൂഹത്തിലെ എല്ലാത്തട്ടുകളിലും, എല്ലാ പ്രദേശങ്ങളിലും ദൈവരാജ്യത്തിന്റെ വളര്‍ച്ചയുണ്ടാക്കാനുള്ള ശ്രമമായി രൂപാന്തരപ്പെടുന്നു.

ചാവറയുടെ സവിശേഷദര്‍ശനത്തിന്റെ ഉറവിടം ചാവറ തന്നെയായിരുന്നു; അഥവാ അദ്ദേഹത്തില്‍ കുടികൊണ്ടിരുന്ന കരിസ്മാ, സിദ്ധി, സര്‍ഗാത്മകത തന്നെയായിരുന്നു. ആ സര്‍ഗാത്മകത അദ്ദേഹത്തിന് ഒരു ദീര്‍ഘദൃഷ്ടി നല്‍കിയിരുന്നു എന്ന് അനുമാനിക്കണം. ദീര്‍ഘദര്‍ശിയെപ്പോലെ, നാളത്തെ സമൂഹത്തിനാവശ്യമായ നേതൃത്വം നല്‍കാന്‍ പ്രസ്തുത കരിസ്മ ചാവറയച്ചനു പ്രചോദനമായി.

ചുരുക്കത്തില്‍, വി. ചാവറയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും സ്വാധീനിച്ചതും അവയ്ക്കു പ്ര ചോദനമായതും സമൂഹത്തെപ്പറ്റിയുള്ള ചലനാത്മകമായ ആദ്ധ്യാത്മിക ദര്‍ശനമായിരുന്നു. ആ ദര്‍ശനം (vision) സാര്‍വ്വത്രിക ദൗത്യ (mission) മാക്കാനാണ്, പള്ളികളോടു ചേര്‍ന്നു പള്ളിക്കൂടങ്ങളും സ്ത്രീ വിദ്യാഭ്യാസത്തിനു നേതൃത്വം നല്‍കാന്‍ പറ്റുന്ന സന്യാസിനീ സമൂഹവും, സമൂഹത്തെയാകെ പ്രബുദ്ധമാക്കാന്‍ സാധിക്കുന്ന സന്യാസസഭയും, അച്ചടിശാലയും മറ്റും അദ്ദേഹം ആരംഭിച്ചത്. അത്തരമൊരു സമൂഹത്തെ വളര്‍ത്താന്‍ കഴിവുള്ള പ്രബുദ്ധത ലഭിക്കുവാനാണ്, വൈദികപരിശീലനം ക്രോഡീകരിച്ചത് (standardized).

തനിക്കുചുറ്റും വ്യാപിച്ചുകിടന്നിരുന്ന, ചലനരഹിതമായിരുന്നതും നിശ്ചലതയെ ന്യായീകരിച്ചിരുന്നതുമായ ഒരു സമൂഹത്തിന്റെ മധ്യത്തില്‍ എവിടെനിന്നായിരിക്കും മേല്പറഞ്ഞ സവിശേഷ വീക്ഷണം ചാവറയ്ക്കു ലഭിച്ചത്? ഇംഗ്ലീഷ്, ജര്‍മ്മന്‍, ഫ്രഞ്ച് മുതലായ ആധുനിക പാശ്ചാത്യഭാഷകള്‍ അറിവില്ലാതിരുന്ന അദ്ദേഹം, പാശ്ചാത്യനാട്ടിലെ പുത്തന്‍ ആശയങ്ങള്‍ വായിച്ചറിഞ്ഞ് അറിവ് ശേഖരിച്ചിരിക്കാന്‍ ഇടയില്ല. ഇവിടെ വന്ന മിഷനറിമാരുടെ വീക്ഷണം, മാറ്റങ്ങളോട് ആഴമായ അതൃപ്തി പ്രകടിപ്പിച്ചിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ പോര്‍ച്ചുഗലിലെയും സ്‌പെയിനിലെയും ഇറ്റലിയിലെയും കത്തോലിക്കാസഭയുടേതു തന്നെയായിരുന്നതിനാല്‍ അവരില്‍ നിന്നും ഒരു ചലനാത്മക സാമൂഹ്യദര്‍ശനം ലഭിച്ചിരിക്കാന്‍ ഇടയില്ല. ചാവറയുടെ സവിശേഷദര്‍ശനത്തിന്റെ ഉറവിടം ചാവറ തന്നെയായിരുന്നു; അഥവാ അദ്ദേഹത്തില്‍ കുടികൊണ്ടിരുന്ന കരിസ്മാ, സിദ്ധി, സര്‍ഗാത്മകത തന്നെയായിരുന്നു. ആ സര്‍ഗാത്മകത അദ്ദേഹത്തിന് ഒരു ദീര്‍ഘദൃഷ്ടി നല്‍കിയിരുന്നു എന്ന് അനുമാനിക്കണം. ദീര്‍ഘദര്‍ശിയെപ്പോലെ, നാളത്തെ സമൂഹത്തിനാവശ്യമായ നേതൃത്വം നല്‍കാന്‍ പ്രസ്തുത കരിസ്മ ചാവറയച്ചനു പ്രചോദനമായി. ഈ ആധ്യാത്മിക ദര്‍ശനത്തിന്റെ പ്രായോഗിക പ്രകാശനമായിരുന്നു അദ്ദേഹത്തിന്റെ മേല്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍. അവ നന്മയായി വിരിഞ്ഞപ്പോള്‍, മനുഷ്യര്‍ കണ്ടത് ദൈവികതയുടെ മുഖമാണ്, അവര്‍ക്കു ലഭിച്ചത് ദൈവാനുഭവമാണ്. അപ്പോള്‍ നടന്നത് സാമൂഹ്യപ്രവര്‍ത്തനമല്ല, ആത്മീയ ശുശ്രൂഷയാണ്. അതെ, ആദ്യമായും അവസാനമായും ചാവറയച്ചന്‍ ഈ നാടിനെ സംബന്ധിച്ചിടത്തോളം, പുതിയൊരു ആത്മീയതയുടെ സ്രോതസായിരുന്നു. അതുകൊണ്ടാണ് ആളുകള്‍ അദ്ദേഹത്തെ വിശുദ്ധനായി പരിഗണിച്ചത്, നൂറ്റമ്പതു വര്‍ഷം മുമ്പ് സ്വര്‍ഗം പൂകിയെന്നു വിശ്വസിക്കുന്നത്. അദ്ദേഹം സാമൂഹ്യപ്രവര്‍ത്തകനാണ്, വിദ്യാഭ്യാസ പ്രവര്‍ത്തകനാണ്, സാഹിത്യകാരനാണ് എന്നൊക്കെയുള്ള അറിവു കൊണ്ടല്ല ആ വിശ്വാസം ഉണ്ടായത്. ജനങ്ങളുടെ അനുഭവത്തില്‍, ചാവറയച്ചന്റെ വ്യക്തിത്വത്തിന്റെ സത്ത അടങ്ങിയിരിക്കുന്നത് ഭൗതികമെന്നു കരുതുന്ന പ്രവര്‍ത്തനങ്ങളിലും ആത്മീയത കാണിച്ചുതന്നുവെന്നതിലാണ്്. അദ്ദേഹത്തിന്റെ സാഹിത്യകൃതിക്കു കേമത്തം ഉണ്ടായിരിക്കാം; ഇല്ലായിരിക്കാം. അദ്ദേഹത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ കാലത്തിനനുസരിച്ച് ഉയര്‍ന്നതായിരിക്കാം, അത്രയ്ക്ക് എത്തിയിട്ടുള്ളത് അല്ലായിരിക്കാം. പക്ഷേ, അതിന്റെ പുറകിലുള്ള ആ ആത്മീയപ്രചോദനം, അന്നുവരെ മലയാളക്കര കാണാത്ത തരത്തില്‍ നൂതനവും ശക്തവുമായിരുന്നു. ആ നൂതനതയാകട്ടെ, പള്ളിയില്‍നിന്ന് പള്ളിക്കൂടത്തിലേക്കും സമൂഹത്തിനു വേണ്ടിയുള്ള വിവിധ പ്രവര്‍ത്തനങ്ങളിലേക്കും ആത്മീയത ഇറങ്ങി വരാന്‍ ഇടയാക്കി എന്നതിലുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org