മിത്രം

മിത്രം
മനുഷ്യബന്ധങ്ങളിലെ വിശിഷ്ടവും, വിശുദ്ധവുമായ ഒന്നാണ് സൗഹൃദബന്ധം. ഒരു കൂട്ട് കൊതിക്കാത്ത ആരാണുള്ളത്? ഫേസ് ബുക്കിലും സമാന സമ്പര്‍ക്ക മാധ്യമങ്ങളിലുമൊക്കെ വയോധികരായവര്‍ പോലും സൗഹൃദാപേക്ഷകള്‍ അയയ്ക്കുന്നത് കൂട്ടുകാരെ കിട്ടാനുള്ള ആഗ്രഹത്തിനു വയസ്സും വാര്‍ദ്ധക്യവും ഒന്നുമില്ല എന്നതിനുള്ള തെളിവല്ലേ?

എഴുതുമ്പോഴും ഉച്ചരിക്കുമ്പോഴും ഒരുപോലെ ഒത്തിരി ഊഷ്മളത തോന്നുന്ന പദങ്ങളില്‍ ഒന്നാണ് 'മിത്രം'. ഇതിനു, സുഹൃത്ത്, സ്‌നേഹിത(ന്‍), ചങ്ങാതി, കൂട്ട്, അഭ്യൂദയകാംഷി എന്നൊക്കെയുള്ള പര്യായങ്ങളുണ്ട്. മനുഷ്യകുലം സ്വാഭാവികമായും സുഹൃത്തുക്കളുടെ സമൂഹം ആണ്, ആയിരിക്കണം. നമ്മെ മനസ്സിലാക്കാനും, ആവശ്യസമയങ്ങളില്‍ സഹായിക്കാനുമൊക്കെയായി ഒരു സുഹൃത്തിനെ എങ്കിലും നമുക്ക് ആവശ്യമുണ്ട്. മനുഷ്യന്‍ നേരിട്ട പ്രഥമ പ്രശ്‌നം ഒറ്റപ്പെടല്‍ തന്നെയായിരുന്നു. അതുകൊണ്ടല്ലേ താന്‍ സൃഷ്ടിച്ചവയെല്ലാം നന്നായിരിക്കുന്നു എന്നു കണ്ട ദൈവം മനുഷ്യന്‍മാത്രം ഏകനായിരിക്കുന്നതു നന്നല്ല (ഉത്പ. 2:18) എന്ന ബോധ്യത്തോടെ അവന് ഒരു കൂട്ടാളിയെ കൊടുത്തത്? മനുഷ്യബന്ധങ്ങളിലെ വിശിഷ്ടവും, വിശുദ്ധവുമായ ഒന്നാണ് സൗഹൃദബന്ധം. ഒരു കൂട്ട് കൊതിക്കാത്ത ആരാണുള്ളത്? ഫേസ് ബുക്കിലും സമാനസമ്പര്‍ക്കമാധ്യമങ്ങളിലുമൊക്കെ വയോധികരായവര്‍പോലും സൗഹൃദാപേക്ഷകള്‍ അയയ്ക്കുന്നത് കൂട്ടുകാരെ കിട്ടാനുള്ള ആഗ്രഹത്തിനു വയസ്സും വാര്‍ദ്ധക്യവും ഒന്നുമില്ല എന്നതിനുള്ള തെളിവല്ലേ? ഒരു കൂട്ടിന്റെ ആവശ്യമില്ലെന്ന് ആര്‍ക്കുംതന്നെ പറയാനാവുമെന്ന് തോന്നുന്നില്ല. ഓരോരുത്തരുടെയും നിഴല്‍തന്നെ വേണ്ടെന്നു വയ്ക്കാനാവാത്ത ഒരു കൂട്ടല്ലേ? സൗഹൃദം ഒരു സുകൃതമാണ്. ഒരു മനുഷ്യജന്മത്തിനു അതിന്റെ ആയുസ്സില്‍ കൈവരുന്ന പുണ്യങ്ങളില്‍ ഒന്ന്. ഒറ്റയ്ക്കിരുന്നു അറ്റുപോകാനോ, വറ്റിപ്പോകാനോ ഉള്ളതല്ല മനുഷ്യായുസ്സ്. എത്രപേര്‍ കൂട്ടുകാരുണ്ട് എന്നതല്ല, കൂട്ടുകാര്‍ എത്രപേരുണ്ട് എന്നതാണ് പ്രധാനം. സൗഹൃദബന്ധങ്ങളില്‍ സംഖ്യയ്ക്കല്ല, സത്യസന്ധതയ്ക്കാണ് മുന്‍തൂക്കം. യഥാര്‍ഥ മിത്രം ആരായിരിക്കണം എന്ന് 'FRIEND' എന്ന ആംഗലേയനാമത്തിലെ ഓരോ അക്ഷരവും ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഒന്നാമതായി, മിത്രം രൂപപ്പെടുത്തുന്നയാള്‍ (Formator) ആയിരിക്കണമെന്ന് 'F' എന്ന അക്ഷരം ഓര്‍മ്മിപ്പിക്കുന്നു.

മനുഷ്യനെ മെനഞ്ഞെടുത്ത ദൈവത്തിന്റെ അതേ സൃഷ്ടിവൈഭവം ഒരു സുഹൃത്തിനുണ്ടാകണം. ശിലയില്‍ നിന്നോ, മരത്തില്‍നിന്നോ, മണ്ണില്‍ നിന്നോ ഒക്കെ മനോഹരങ്ങളായ ശില്പങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്ന ഒരു ശില്പിയെപ്പോലെയാണ് ഓരോ ചങ്ങാതിയും. അരുതാത്തതും അനാവശ്യവുമായതെല്ലാം തന്റെ കൂട്ടുകാരുടെ ജീവിതത്തില്‍നിന്നും കൊത്തിയകറ്റി സുന്ദരരൂപങ്ങളാക്കി അവരെ മാറ്റാന്‍ ഒരു സുഹൃത്തിനു സാധിക്കണം. സല്‍സ്വഭാവരൂപീകരണത്തിന്റെ കാര്യത്തില്‍ പരസ്പരം ശ്രദ്ധിക്കുന്നവരാണ് യഥാര്‍ഥ മിത്രങ്ങള്‍. ഇത് വീഴ്ചപറ്റാനാവാത്ത വലിയൊരു കടമയാണ്. കാരണം, ഒരാളുടെ ജീവിതത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നതില്‍ അയാളുടെ സ്വഭാവത്തിനും വ്യക്തിത്വത്തിനും നല്ലൊരു പങ്കുണ്ട്. ഇവയെ ഒക്കെ സ്വാധീനിക്കുന്ന വ്യക്തിയാണ് മിത്രം. ഓര്‍ക്കണം, നമ്മുടെ ജയാപജയങ്ങള്‍ക്കു പിന്നില്‍ നമ്മുടെ സുഹൃത്തുക്കളുണ്ട്. നമ്മെ സ്വരൂപികളോ വിരൂപികളോ ആക്കാന്‍ നമ്മുടെ കൂട്ടുകെട്ടുകള്‍ക്കു കഴിയും.

ബുദ്ധമതപ്രബോധനം അനുസരിച്ച് നമ്മിലെ ഏറ്റവും നല്ലതിനെ പുറത്തുകൊണ്ടുവരുന്ന വ്യക്തിയാണ് നമ്മുടെ യഥാര്‍ഥ മിത്രം. സാന്മാര്‍ഗികരായ മിത്രങ്ങളെയും സഹയാത്രികരെയും നട്ടു വളര്‍ത്തുക എന്നതിനേക്കാള്‍ കൂടുതല്‍ ശക്തമായി ഒരാളുടെ അഭിവൃദ്ധിയെ സ്വാധീനിക്കുന്ന മറ്റൊന്നുംതന്നെയില്ല. സ്വയം ഒരു നല്ല സുഹൃത്താവുക. 'സംശുദ്ധമായ സൗഹൃദ'ത്തിനാണ് ശ്രീബുദ്ധന്‍ ആഹ്വാനം ചെയ്യുന്നത്. ഇസ്‌ലാം മതപ്രബോധനങ്ങളില്‍ സൗഹൃദത്തിനു വലിയ പ്രാധാന്യമാണുള്ളത്. ഒരു വ്യക്തിക്ക് തന്റെ ഏകാന്തതയെ തരണം ചെയ്യാന്‍ നല്കപ്പെട്ടിട്ടുള്ള ദൈവികമായ അനുഗ്രഹങ്ങളില്‍ ഒന്നാണ് സൗഹൃദം. നല്ല മിത്രങ്ങള്‍ നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുകയും വ്യക്തിത്വത്തെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നു.

രണ്ടാമതായി, മിത്രം കണ്ണാടി (Reflector) ആയിരിക്കണമെന്ന് 'R' എന്ന അക്ഷരം ഓര്‍മ്മിപ്പിക്കുന്നു.

കണ്ണാടിയില്‍ നോക്കുന്നയാള്‍ അയാളുടെതന്നെ പ്രതിബിംബമാണ് കാണുന്നത്. ഒരാളുടെ തനിരൂപവും നിറവുമാണ് കണ്ണാടി കാണിച്ചുതരുന്നത്. കുറവുകളും കഴിവുകളുമെല്ലാം അതില്‍ തെളിഞ്ഞു കാണാം. നാം വാസ്തവത്തില്‍ ആരാണെന്ന് കാപട്യമില്ലാതെ നമുക്കു കാട്ടിത്തരുന്നവരാണ് വിശ്വസ്തരായ ചങ്ങാതികള്‍. ഒളിച്ചുവയ്ക്കാന്‍ അവര്‍ക്ക് ഒന്നുമില്ല. തെറ്റ് തെറ്റെന്നും, ശരി ശരിയെന്നും മിത്രഭാവേന അവര്‍ പറഞ്ഞു തരും. നമ്മെ തിരുത്താനും, പ്രോത്സാഹിപ്പിക്കാനും അവര്‍ക്കേ ഒക്കൂ. അല്ലാതെ, രണ്ടു മുഖങ്ങളുള്ളവര്‍ക്കും, എന്തിനെയും ഏതിനെയും 'ലൈക്ക്' മാത്രം ചെയ്യുന്നവര്‍ക്കും യഥാര്‍ഥ സുഹൃത്തുക്കളാകാന്‍ ഒരിക്കലും ഒക്കില്ല. ചങ്ങാതി 'ചതി' ആകാതെ നോക്കണം. സൗഹൃദവലയം സംഹാരവളയമായി മാറരുത്. 'സൂത്രങ്ങ'ളുള്ളവര്‍ നല്ല മിത്രങ്ങളല്ല. മാതാപിതാക്കളും മുതിര്‍ന്നവരും പ്രോത്സാഹിപ്പിക്കാത്ത കൂട്ടുകെട്ടുകള്‍ പാടേ ഉപേക്ഷിക്കുന്നതാണ് കുട്ടികള്‍ക്ക് ഉത്തമം. കപടമിത്രങ്ങളുടെ കെണികളെയും കുഴികളെയും വിവേചിച്ചറിയണം. ഇല്ലെങ്കില്‍, പിന്നീട് ദുഃഖിക്കേണ്ടി വരും. ബുദ്ധമതപ്രബോധനമനുസരിച്ച് കുലീനമായ കൂട്ടുകെട്ടാണ് വിശുദ്ധമായ ജീവിതത്തിന്റെ സമസ്തവും (SN 45.2, Bhikkhu Bodhi). സുഹൃത്ത് ഒരാളുടെ ജീവിതത്തിന്റെ പങ്കും, പ്രതിബിംബവുമാണ്.

മൂന്നാമതായി, മിത്രം വഴിയമ്പലം, സത്രം (Inn) ആയിരിക്കണമെന്ന് 'I' എന്ന അക്ഷരം ഓര്‍മ്മിപ്പിക്കുന്നു.

സത്രം ഒരു താവളമാണ്, താങ്ങാണ്, അഭയമാണ്, സഹായമാണ്. നല്ല മിത്രങ്ങള്‍ ഇവയെല്ലാമാണ്. ജീവിതയാത്രയില്‍ വഴിയറിയാതെ അലയുമ്പോള്‍ അരികില്‍ അഭയമായി കാണുന്നവര്‍. അനുദിനജീവിതത്തിന്റെ പ്രാരാബ്ധങ്ങളാല്‍ മെയ്യുംമനവും തളരുമ്പോള്‍ തെല്ലിട ചാരിനില്ക്കാവുന്ന തോളായും, ചുമരായും ചാരെയുള്ളവര്‍. അങ്ങനെയുള്ള ചിലരെങ്കിലും ഉണ്ടെന്ന തോന്നല്‍തന്നെ എന്തൊരാശ്വാസമാണ്! മിത്രം സത്രമാകണം. സത്യസന്ധരായ കൂട്ടുകാരെ ആവുന്നത്ര സ്വന്തമാക്കുക. കാരണം, അവര്‍ സന്തോഷം സമ്മാനിക്കുന്നവരും അനര്‍ഥങ്ങളില്‍ അഭയവുമാണ് എന്ന് ഖുര്‍ ആന്‍ (3) പഠിപ്പിക്കുന്നു. സിക്ക് മതഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിലെ സുഹൃത്ത്ബന്ധത്തെപ്പറ്റിയുള്ള പ്രബോധനമനുസരിച്ച് ഒരാള്‍ സ്വയം ദൈവത്തോടു ചേര്‍ത്തുവയ്ക്കുമ്പോള്‍ അയാള്‍ക്ക് സര്‍വ്വരും സുഹൃത്തുക്കളായി മാറും (പി. 238). എന്റെ കൂടെ നടക്കാന്‍ കഴിയുന്നവരാണ് എന്റെ കൂട്ടുകാര്‍ (പി. 729) എന്നീ വാക്യങ്ങള്‍ പ്രസ്താവ്യങ്ങളാണ്. രക്തബന്ധത്തേക്കാള്‍ ഒട്ടും കുറഞ്ഞ പ്രാധാന്യമല്ല സുഹൃത്ത്ബന്ധത്തിനുള്ളത്. സ്വന്തം താത്പര്യങ്ങളുടെ ബലികഴിക്കല്‍ ഉള്‍ക്കൊള്ളുന്ന അവിഭാജ്യവും, ശാശ്വതവും, സ്‌നേഹമസൃണവുമായ ഒരു ബന്ധമാണ് യഥാര്‍ഥ സൗഹൃദം.

നാലാമതായി, മിത്രം ഊര്‍ജ്ജം (Energy) ആയിരിക്കണമെന്ന് 'E' എന്ന അക്ഷരം ഓര്‍മ്മിപ്പിക്കുന്നു.

പ്രവര്‍ത്തനശേഷിക്കു ഊര്‍ജ്ജം അനിവാര്യമാണ്. ശക്തിശോഷണം തളര്‍ച്ചയ്ക്കും, നിര്‍ജ്ജീവത്വത്തിനും ഹേതുവാകും. മിത്രങ്ങള്‍ പരസ്പരം ഊര്‍ജ്ജം പകരുന്നവരായിരിക്കണം. ആത്മസുഹൃത്തുക്കളുള്ളവര്‍ക്ക് എത്ര വലിയ പ്രതിസന്ധികളെയും സധൈര്യം നേരിടാന്‍ ശേഷിയുണ്ടാകും. ചങ്ങാതിമാര്‍ ഊന്നുവടികളായി കൂടെയുള്ളവര്‍ ജീവിതയാത്രയിലെ വിലങ്ങുതടികളെ അനായാസമായി തരണംചെയ്തു മുന്നോട്ടുപോകും. ചങ്ങാതി ഒരു ചങ്ങാടം ആയിരിക്കണം. FRIENDSHIP ഒരു SHIP തന്നെ ആയിരിക്കണം. അസാധ്യതകളുടെ കുറുകെ കടക്കാന്‍ സഹായിക്കുന്ന കപ്പല്‍. നമ്മുടെ സുഹൃത്തുക്കളുടെ വിശ്വാസം നമ്മെ സ്വാധീനിക്കുന്നുണ്ട്. ആയതിനാല്‍, സൂക്ഷിച്ചുവേണം സുഹൃത്തുക്കളെ തെരഞ്ഞെടുക്കാന്‍ ഓര്‍ക്കണം, അപകടകാരിയായ FRIEND ല്‍ FIRE ഉണ്ട്. അത് നമ്മുടെ END നു ഇടയാകും.

അഞ്ചാമതായി, മിത്രം ശുശ്രൂഷിക്കുന്നയാള്‍ (Nurse) ആയിരിക്കണമെന്ന് 'N' എന്ന അക്ഷരം ഓര്‍മ്മിപ്പിക്കുന്നു.

മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കരുതലോടേ ചെയ്തുകൊടുക്കുന്നവരാണ് ശുശ്രൂഷകര്‍. ശ്രദ്ധയുള്ള കാവലാളുകളാണവര്‍. ചങ്ങാതികള്‍ ചങ്ങാടങ്ങളാകണം. സഹായവും സാന്ത്വനവും സമ്മാനിക്കുന്നവരാണ് സത്യത്തിലുള്ള സുഹൃത്തുക്കള്‍. സങ്കടങ്ങളില്‍ സമാശ്വാസത്തിന്റെ തൂവല്‍സ്പര്‍ശമായും, തകര്‍ച്ചകളില്‍ പ്രത്യാശയുടെ തിരിനാളമായും, രോഗാവസ്ഥയില്‍ സൗഖ്യത്തിന്റെ സാമീപ്യമായും കൂട്ടുകാര്‍ മാറുമ്പോള്‍ അവരുടെ സൗഹൃദം മണ്ണിനെ വിണ്ണാക്കി മാറ്റും. ഹിന്ദു മതഗ്രന്ഥങ്ങളായ മഹാഭാരതത്തിലും രാമായണത്തിലും സമര്‍പ്പണവും നിസ്വാര്‍ഥതയുമാണ് സൗഹൃദത്തിന്റെ മുഖലക്ഷണങ്ങള്‍. കൃഷ്ണനും കുചേലനും തമ്മിലുള്ള സൗഹൃദത്തിനു ജാതിയുടെയോ, മതത്തിന്റെയോ, സ്ഥാനമാനങ്ങളുടെയോ ഒന്നും അതിരുകളില്ല. കൃഷ്ണനും അര്‍ജ്ജുനനും തമ്മിലുള്ള സൗഹൃദം മിത്രം-താത്വികന്‍-മാര്‍ഗ ദര്‍ശി എന്ന പ്രമാണത്തില്‍ അധിഷ്ഠിതമാണ്. ദുര്യോധനനുവേണ്ടി ജീവ ത്യാഗം ചെയ്യുന്ന ഒരു കൂട്ടുകാരനെയാണ് കര്‍ണ്ണനില്‍ കാണുന്നത്.അഗ്നിപീഠത്തിനു മുമ്പില്‍ നിന്നുകൊണ്ട് സൗഹൃദപ്രതിജ്ഞ എടുക്കുന്ന രാമനും സുഗ്രീവനും സുഹൃത്ത്ബന്ധത്തിന്റെ ഗൗരവത്തെയും മൂല്യത്തെയും വിളിച്ചോതുന്നു. മിത്രങ്ങള്‍ തമ്മിലുള്ള സ്‌നേഹവും വിശ്വാസവും ഒന്നിച്ചു ചേരുമ്പോഴാണ് സുസ്ഥിരമായ സൗഹൃദം രൂപപ്പെടുക. വിശ്വസ്തത സൗഹൃദത്തിന്റെ അടിത്തറയാണ്.

ആറാമതായി, മിത്രം നിഘണ്ടു (Dictionary) ആയിരിക്കണമെന്ന് 'D' എന്ന അക്ഷരം ഓര്‍മ്മിപ്പിക്കുന്നു.

നിഘണ്ടു വിജ്ഞാനകോശമാണ്. അറിവ് ആര്‍ജ്ജിക്കാനുള്ള ഒരു ഉപാധിയാണത്. വ്യക്തവും കൃത്യവുമായ ജ്ഞാനം അതു നല്കുന്നു. നല്ല മിത്രം അറിവിന്റെയും തിരിച്ചറിവിന്റെയും താളുകള്‍ തുന്നിച്ചേര്‍ത്ത പാഠപ്പുസ്തകമാണ്. കൂടെ കൊണ്ടുനടക്കാനും, സമയാസമയം തുറന്നു വായിക്കാനും ഉപകരിക്കുന്ന, അജ്ഞത അകറ്റുന്ന അധ്യായങ്ങളുടെ സമാഹാരം. മാന്യമായ പെരു മാറ്റവും, സംസ്‌കാരച്ചുവയുള്ള സംസാരശൈലിയും, വക്രതയില്ലാത്ത വീക്ഷണങ്ങളുമൊക്കെ ചങ്ങാതിയില്‍നിന്നാണ് പഠിക്കേണ്ടതും, പരിശീലിക്കേണ്ടതും. കൂട്ട് കത്തുന്ന ഒരു ചൂട്ട് ആയിരിക്കണം; അജ്ഞതയുടെ അന്ധകാരമകറ്റി വിജ്ഞാനത്തിന്റെ വഴിതെളിക്കുന്ന ചൂട്ട്. കുലീനമായ സ്വഭാവവും, ശീലങ്ങളുമുള്ളവരെ ചങ്ങാതികളായി തെരഞ്ഞെടുക്കണം. അന്യോന്യം ആദരിക്കുക, പിന്തുണയ്ക്കുക, ഉപദേശിക്കുക, തെറ്റുകള്‍ ക്ഷമിക്കുക, രോഗാവസ്ഥയില്‍ സന്ദര്‍ശിക്കുക, മൃതസംസ്‌ക്കാരത്തില്‍ പങ്കെടുക്കുക തുടങ്ങിയവയാണ് സുഹൃത്തുക്കളുടെ ഉത്തരവാദിത്വങ്ങള്‍.

വിശുദ്ധ ബൈബിളിന്റെ ഇതി വൃത്തത്തില്‍ ആദ്യന്തം ഇഴചേര്‍ന്നു കിടക്കുന്ന ഒരു വിഷയമാണ് സൗഹൃദം. ദൈവവും സഹജീവികളുമായുള്ള സൗഹൃദമാണ് മനുഷ്യജീവിതത്തിന്റെ മഹനീയമായ ആനന്ദം. മനുഷ്യരാശിയുമായുണ്ടായിരുന്ന കൂട്ടുകെട്ടിന്റെ പൊട്ടിപ്പോയ കണ്ണികള്‍ ദൈവം ഇണക്കിച്ചേര്‍ക്കുന്നതാണ് ബൈബിളിലെ പ്രതിപാദ്യവിഷയംതന്നെ. സൗഹൃദത്തെക്കുറിച്ചുള്ള മഹത്തായ ഒരു ദര്‍ശനം ബൈബിള്‍ നമുക്കു നല്കുന്നുണ്ട്. നിര്‍വ്യാജമായ സുഹൃത്ബന്ധത്തിന്റെ അനശ്വരഭാവിയിലേക്ക് നീണ്ടുപോകുന്ന ക്രിസ്തുവിന്റെ കുരിശാണ് അതിന്റെ പരകോടി. യഥാര്‍ഥ സൗഹൃദത്തിന്റെ പ്രായോഗിക വഴികാട്ടിയാണ് സുഭാഷിതങ്ങളുടെ പുസ്തകം (13:20; 18:24; 19:6; 22:24,25; 27:9,10). സുവിശേഷത്തിന്റെ ലക്ഷ്യംതന്നെ സൗഹൃദമാണ് (യോഹ. 15:14,15). സ്‌നേഹിതര്‍ക്കു വേണ്ടി സ്വജീവന്‍ അര്‍പ്പിച്ച ക്രിസ്തുവിന്റെ കുരിശാണ് ചരിത്രത്തിലെ സുഹൃത്ത്ബന്ധത്തിന്റെ ഏറ്റവും ധീരമായ പ്രതീകം. കുരിശിന്റെ അഗ്രങ്ങള്‍ നീളുന്നത് സ്വര്‍ഗ്ഗവും, സഹജീവികളും, ഭൂമിയുമായുള്ള നിത്യവും സത്യവുമായ മൂന്നു സൗഹൃദതലങ്ങളിലേയ്ക്കാണ്.

സുഹൃത്തേ, ക്രിസ്തുവാണ് കറകളഞ്ഞ കൂട്ട്. കളകളില്ലാത്ത സൗഹൃദത്തിന്റെ വയല്‍. അവന്‍ എമ്മാനുവേല്‍. സംജ്ഞയിലും, സ്വരൂപത്തിലും, സ്വഭാവത്തിലും ആത്യന്തികമായ സുഹൃത്ത് (The Ultimate Mate). മനുഷ്യരെ 'സ്‌നേഹിതര്‍' എന്നു വിളിച്ച ദൈവം. 'ഗുരു' എന്ന് താന്‍ വിളിക്കപ്പെടുന്നത് ശരിയാണെങ്കിലും 'സുഹൃത്ത്' ആകാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത് എന്നായിരുന്നു അവന്റെ അഭിപ്രായം (യോഹ. 15:14). കാലം കണ്ടിട്ടുള്ളതില്‍വച്ച് കല്മഷരഹിതവും, വിശുദ്ധവും, അനശ്വരവും, അനുകരണീയവുമായ കൂട്ട് ക്രിസ്തുകേന്ദ്രീകൃതമാണ്. കാരണം, സത്യമായ സൗഹൃദത്തിന്റെ സര്‍വ്വ അര്‍ത്ഥങ്ങളും അന്തരാര്‍ത്ഥങ്ങളും അവനിലുണ്ട്. അവന്‍ അവികലമായ സൗഹൃദത്തിന്റെ ആള്‍രൂപമാണ് (Friendship Personified). സത്യമായ സൗ ഹൃദത്തിന്റെ അടിസ്ഥാന പാഠപ്പുസ്തകം. സുഹൃത്ത് ക്രിസ്തുവിനെപ്പോലെ ഒരുനാളും തണുത്തു പോകാത്തസ്‌നേഹമായിരിക്കണം. കൂട്ടില്ലെന്നു കരുതി ആരും കരയേണ്ട കാര്യമില്ല. ഒരു വെളുത്ത നിഴലായി അരികില്‍ ക്രിസ്തുവുണ്ട്. കൂടെ വസിക്കാനും, കൂട്ടിരിക്കാനുമല്ലേ എമ്മാനുവേല്‍ ആയി അവന്‍ എഴുന്നള്ളിയത്? നമ്മുടെ കദനങ്ങള്‍ കാണാനും, കഥകള്‍ കേള്‍ക്കാനും, കണ്ണീരൊപ്പാനും, കൂടെച്ചിരിക്കാനുമൊക്കെ അവനുണ്ട്. സത്തയില്‍ ദൈവമായ അവന്‍ Formator ആണ് (ഏശ. 43:1; യോഹ. 15:2); Reflector ആണ് (യോഹ. 4:7-19; 8:1-11; ലൂക്കാ 5:8); Inn ആണ് (മത്താ. 11:28); Energy ആണ് (യോഹ. 4: 14; 6:51; ലൂക്കാ 6:19); Nurse ആണ് (മത്താ. 20:28); Dictionary ആണ് (മത്താ. 11:29). അവനാകുന്ന ആത്മമിത്രത്തെ അനുകരിക്കാം. സംപൂജ്യമായ സൗഹൃദങ്ങള്‍കൊണ്ട് സൃഷ്ടപ്രപഞ്ചം സദാ സമ്പന്നമായിരിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org