ഫ്രാന്‍സിസ് റോസ് മെത്രാന്‍: പൗരസ്ത്യ സഭയെ സ്‌നേഹിച്ച മിഷണറി

ഫ്രാന്‍സിസ് റോസ് മെത്രാന്‍: പൗരസ്ത്യ സഭയെ  സ്‌നേഹിച്ച മിഷണറി
Published on
  • ഡോ. ഫാ. സേവ്യര്‍ തറമ്മേല്‍ എസ് ജെ

ഭാരതസഭാ ചരിത്രത്തിന്റെ ഒരു നിര്‍ണ്ണായക സന്ദര്‍ഭത്തിലാണ് ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് റോസ് എസ് ജെ കേരളത്തിലെ മാര്‍ത്തോമ്മാക്രൈസ്തവരുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. 1601 ജനുവരി 28 ന് അദ്ദേഹം പുരാതനമായ അങ്കമാലി അതിരൂപതയുടെ അധ്യക്ഷനാകുമ്പോള്‍, അതിരൂപത ഗോവ അതിരൂപതയുടെ സാമന്തരൂപതയായി തരംതാഴ്ത്തപ്പെട്ടിരുന്നു. 1599 ലായിരുന്നു മാര്‍ത്തോമ്മാക്രൈസ്തവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത ഈ തരംതാഴ്ത്തലുണ്ടായത്. കേരളത്തിലെ സുറിയാനി ക്രൈസ്തവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. ആ പദവി വീണ്ടെടുക്കുന്നതിന് മാര്‍ത്തോമ്മാ ക്രൈസ്തവര്‍ക്കൊപ്പം കഠിനാധ്വാനം ചെയ്തയാളാണ്, പാശ്ചാത്യമിഷണറിയും ഈശോസഭാംഗവുമായ ആര്‍ച്ചുബിഷപ് ഫ്രാന്‍സിസ് റോസ്. മാര്‍ത്തോമ്മാക്രൈസ്തവരുടെ ന്യായമായ ആഗ്രഹം നടപ്പാക്കുന്നതിനു യൂറോപ്യന്‍ ജസ്യൂട്ട് മിഷനറിയായ ആര്‍ച്ചുബിഷപ്പ് റോസ് നിരന്തരം യത്‌നിച്ചു. ഒടുവിലതില്‍ വിജയിക്കുകയും ചെയ്തു.

സ്ഥാനം ഏറ്റെടുത്ത ഉടനെ തന്നെ ആര്‍ച്ചുബിഷപ്പ് റോസ് ഉദയംപേരൂര്‍ സൂനഹദോസ് മാര്‍ത്തോമ്മാക്രൈസ്തവരിലുണ്ടാക്കിയ മുറിവുകളുണക്കാന്‍ ശ്രമമാരംഭിക്കുകയും ചെയ്തു. സൂനഹദോസിന്റെ സംഘാടനാരീതികളില്‍ ആര്‍ച്ചുബിഷപ്പ് മെനെസിസ് വരുത്തിയ വീഴ്ചകളെ അദ്ദേഹം പരസ്യമായി വിമര്‍ശിച്ചു. ചില കാനോനകള്‍ മനസ്സിലാക്കി കൊടുക്കാതെയാണ് സൂനഹദോസില്‍ പങ്കെടുത്തവരുടെ ഒപ്പ് വാങ്ങിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പാശ്ചാത്യനായ റോസ് പൗരസ്ത്യനാട്ടിലേക്ക് വന്നത് തന്റെ സംസ്‌കാരവും രീതികളും ഇവിടെ അടിച്ചേല്‍പ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ല. ഫ്രാന്‍സിസ് റോസ്, മാര്‍ത്തോമ്മാക്രൈസ്തവരുടെ ആരാധനാക്രമഭാഷയായിരുന്ന സുറിയാനി പഠിച്ചു; ഒപ്പം മാതൃഭാഷയായ മലയാളവും. സുറിയാനിയും മലയാളവും ഒഴുക്കോടെ സംസാരിക്കാനുള്ള പ്രാവീണ്യം ബിഷപ്പ് റോസ് നേടിയിരുന്നതായി കാര്‍ഡിനല്‍ ടിസറാന്റ് തന്റെ പഠനങ്ങളില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാര്‍ത്തോമ്മാക്രൈസ്തവരുടെ ജീവിതവും വിശ്വാസവും മനസ്സിലാക്കുന്നതിനും മലബാര്‍ സഭയുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുന്നതിനും സുറിയാനി, മലയാളം ഭാഷകളിലുള്ള പ്രാവീണ്യം ആവശ്യമായിരുന്നു. പ്രാദേശിക സംസ്‌കാരത്തില്‍ നിന്നും പൗരസ്ത്യ സുറിയാനി ആരാധനാക്രമ പാരമ്പര്യത്തില്‍ നിന്നും മാര്‍ത്തോമ്മാക്രൈസ്തവര്‍ ഉള്‍ക്കൊണ്ട പാരമ്പര്യങ്ങളെ അദ്ദേഹം മാനിച്ചു. മാര്‍ത്തോമ്മാ ക്രൈസ്തവരുടെ അജപാലന സംവിധാനമായിരുന്ന അങ്കമാലി അതിരൂപതയുടെ സ്വതന്ത്രപദവി വീണ്ടെടുക്കുന്നതിന് റോമിലേക്ക് അദ്ദേഹം നിവേദനങ്ങള്‍ ഒന്നിനു പുറകെ മറ്റൊന്നായി അയച്ചുകൊണ്ടിരുന്നു.

1559 ല്‍ സ്‌പെയിനിലെ ജെറോണയിലാണ് ഫ്രാന്‍സിസ് റോസ് ജനിച്ചത്. ഈശോസഭയില്‍ ചേര്‍ന്നു വൈദിക പഠനം പൂര്‍ത്തിയാക്കി പൂര്‍ണ്ണ സജ്ജനായ ഒരു ജെസ്യൂട്ട് മിഷനറിയായിത്തീര്‍ന്ന അദ്ദേഹം 1584 ല്‍ ഗോവയിലെത്തി. കേരളത്തിലെ മാര്‍ത്തോമ്മാക്രൈസ്തവ യുവാക്കള്‍ക്ക് വൈദിക പരിശീലനം നല്‍കുന്നതിനുള്ള സെമിനാരി സജീവമാക്കാനുള്ള പദ്ധതി അതിനു മുന്‍പേ ഈശോസഭാധികാരികള്‍ക്ക് ഉണ്ടായിരുന്നു. സുറിയാനി ഭാഷ അറിയുന്നവര്‍ ഇല്ലാതിരുന്നതാണ് അതിനു തടസ്സം നിന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ എത്തിയ ഫ്രാന്‍സിസ് റോസിനോട് സുറിയാനി ഭാഷ പഠിക്കാന്‍ അദ്ദേഹത്തിന്റെ സുപ്പീരിയര്‍ ഫാ. അലക്‌സാണ്ടര്‍ വലിഞ്ഞാനോ നിര്‍ദേശിച്ചു. തികഞ്ഞ ആത്മാര്‍ത്ഥതയോടെ ഈ നിയോഗം ഏറ്റെടുത്ത ഫ്രാന്‍സിസ് റോസ് സുറിയാനിയിലും കൂടാതെ മലയാളത്തിലും പ്രാവീണ്യം നേടി.

1585 ല്‍ ഗോവയില്‍ നിന്ന് കേരളത്തിലേക്കു വന്ന അദ്ദേഹം മാര്‍ത്തോമ്മാക്രൈസ്തവരുടെ പാരമ്പര്യങ്ങളും ജീവിത സാഹചര്യങ്ങളും ആഴത്തില്‍ മനസ്സിലാക്കിയെടുത്തു. പാശ്ചാത്യ പൗരസ്ത്യ സഭകള്‍ തമ്മിലുള്ള ദൈവശാസ്ത്രപരമായ വ്യത്യാസങ്ങള്‍ സൂചിപ്പിക്കുന്ന ഒരു ഗ്രന്ഥം സുറിയാനി ഭാഷയില്‍ അദ്ദേഹം എഴുതുകയും ചെയ്തു.

വൈപ്പിക്കോട്ടയിലെ ഈശോസഭാ സെമിനാരി സ്ഥാപിതമായത് 1541 ലാണ്. വി. ഫ്രാന്‍സിസ് സേവ്യര്‍ വലിയ മതിപ്പോടെ കണ്ടിരുന്നതാണ് ഈ സെമിനാരിയെയും സെമിനാരി വിദ്യാര്‍ത്ഥികളെയും. എന്നാല്‍ പോര്‍ച്ചുഗലില്‍ നിന്ന് എത്തിയ ഫ്രാന്‍സിസ്‌ക്കന്‍ മിഷനറിമാര്‍ക്ക് മാര്‍ത്തോമ്മാക്രൈസ്തവരെ കൂടുതല്‍ ലത്തിനീകരിക്കണം എന്ന ആഗ്രഹമാണ് ഉണ്ടായിരുന്നത്. ഇത് ചില അഭിപ്രായ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി. 1552 ല്‍ ഫ്രാന്‍സിസ്‌കന്‍ മിഷനറിമാര്‍ സെമിനാരിയില്‍ നിന്ന് പിന്‍വാങ്ങി.

ഈശോസഭക്കാരുടെ വരവാണ് കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് പിന്നീട് ഒരു നവീകരണം കൊണ്ടുവന്നത്. 1581 ല്‍ അവര്‍ സുറിയാനി പുരോഹിതരുടെ പരിശീലനം വൈപ്പിക്കോട്ട സെമിനാരിയില്‍ ആരംഭിച്ചു. കൊടുങ്ങല്ലൂരില്‍ സുറിയാനി വിദ്യാര്‍ത്ഥികള്‍ക്കായി ഒരു വിദ്യാലയവും തുടങ്ങി. വൈപ്പിക്കോട്ട സെമിനാരിയെ പോര്‍ച്ചുഗീസ് രാജാവ് കൈയയച്ചു സഹായിച്ചു. 1595 ആയപ്പോഴേക്കും സെമിനാരിയില്‍ 45 വിദ്യാര്‍ത്ഥികളായി. അതില്‍ 12 പേര്‍ പുരോഹിതന്മാരും മൂന്നുപേര്‍ ഡീക്കന്മാരും 18 പേര്‍ അതിനു താഴെയുള്ള പട്ടങ്ങള്‍ സ്വീകരിച്ചവരും ആയിരുന്നു.

വൈപ്പിക്കോട്ട സെമിനാരിയില്‍ ഈശോസഭാ മിഷനറിമാര്‍ ലാറ്റിനും പഠിപ്പിച്ചിരുന്നെങ്കിലും മാര്‍ത്തോമ്മാ വൈദികരുടെ പാഠ്യപദ്ധതിയില്‍ സുറിയാനി ഭാഷയും ദൈവശാസ്ത്രവും ഉണ്ടായിരുന്നു. സുറിയാനി പഠനം ആരംഭിക്കാന്‍ മുന്‍കൈയെടുത്തത് ഫ്രാന്‍സിസ് റോസ് ആയിരുന്നു. സെമിനാരിക്കു പുറമെ അങ്കമാലി അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍ മാര്‍ത്തോമ്മാ ക്രൈസ്തവരെ സുറിയാനി ഭാഷ പഠിപ്പിക്കാനും ഫ്രാന്‍സിസ് റോസ് മുന്നിട്ടിറങ്ങി. വൈദികരുടെ ആവശ്യപ്രകാരമായിരുന്നു ഇത്.

അക്കാലത്ത് അജപാലന സന്ദര്‍ശനങ്ങള്‍ക്കായി കേരളത്തില്‍ എത്തിയ ആര്‍ച്ചുബിഷപ്പ് അലക്‌സിസ് ഡി മെനേസിസിന്റെ ആദ്യലക്ഷ്യം വൈപ്പിക്കോട്ട സെമിനാരി ആയിരുന്നു. അവിടെ ഏതാനും മാസങ്ങള്‍ താമസിച്ചു കൊണ്ടാണ് ഉദയംപേരൂര്‍ സൂനഹദോസിനുള്ള ഒരുക്കങ്ങള്‍ അദ്ദേഹം നടത്തിയത്. വൈപ്പിക്കോട്ട സെമിനാരിയുടെ പ്രസിദ്ധിയും, സുറിയാനിയും മലയാളവും അറിയാവുന്ന ഫ്രാന്‍സിസ് റോസിന്റെ സാന്നിധ്യവും മെനേസിസിനെ ആകര്‍ഷിച്ചു. സിനഡ് സംഘടിപ്പിക്കുന്നതിന് മെനേസിസിന് അദ്ദേഹത്തെ ആശ്രയിക്കേണ്ടതുണ്ടായിരുന്നു. മലയാളം അറിവില്ലാതിരുന്ന ആര്‍ച്ചുബിഷപ്പ് മെനേസിസിനുവേണ്ടി, സൂനഹദോസില്‍ എത്തിയ 153 വൈദികരോടും തിരഞ്ഞെടുക്കപ്പെട്ട പ്രാദേശിക സഭാപ്രതിനിധികളോടും കാര്യങ്ങള്‍ വിശദീകരിച്ചത് വൈപ്പിക്കോട്ട സെമിനാരിയിലെ അധ്യാപകവൈദികരായ ഫ്രാന്‍സിസ് റോസും, ആന്റണി റിസ്‌കാനോയും ആണ്. ചര്‍ച്ചകള്‍ നടത്തുന്നതിനും കാനോനകള്‍ തയ്യാറാക്കുന്നതിനും അവരുടെ സഹായം ആവശ്യമായിരുന്നു.

സുറിയാനി, മലയാളം ഭാഷകളില്‍ പാണ്ഡിത്യം ഉണ്ടായിരുന്ന ഫ്രാന്‍സിസ് റോസിന് മാര്‍ത്തോമ്മാക്രൈസ്തവര്‍ക്കിടയില്‍ വലിയ സ്വീകാര്യത ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണ് 1597 ല്‍, അങ്കമാലി അതിരൂപതയുടെ അവസാനത്തെ കല്‍ദായ ആര്‍ച്ചുബിഷപ്പായിരുന്ന മാര്‍ എബ്രഹാമിന്റെ മരണശേഷം, അങ്കമാലി അതിരൂപത ഭരണകര്‍ത്താവായി ഫ്രാന്‍സിസ് റോസിനെ ആര്‍ച്ചുബിഷപ്പ് മെനേസിസ് നിര്‍ദേശിച്ചത്.

ആര്‍ച്ചുബിഷപ്പ് റോസിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകളെ മാനിച്ച് 1608 ഡിസംബര്‍ 22 ന് അങ്കമാലിയുടെ അതിരൂപത പദവി മാര്‍പാപ്പ തിരികെ നല്‍കി. ഇത് മാര്‍ത്തോമ്മാക്രൈസ്തവര്‍ക്ക് വലിയൊരു അളവില്‍ ആശ്വാസം പകര്‍ന്നു.

മലബാര്‍ സഭയില്‍ ആര്‍ച്ചുബിഷപ്പ് റോസ് ആരാധനാക്രമപരമായ ഇടപെടലുകളും നടത്തിയിട്ടുണ്ട്. വൈപ്പിക്കോട്ട സെമിനാരിയിലെ സുറിയാനി, ദൈവശാസ്ത്രവിഷയങ്ങളിലെ മികച്ച അധ്യാപകനായിരുന്നു ഫ്രാന്‍സിസ് റോസ് എന്ന് സൂചിപ്പിച്ചല്ലോ. ഉദയംപേരൂര്‍ സൂനഹദോസ് നടത്തിയ ആരാധനാക്രമ പരിഷ്‌കരണങ്ങളെക്കുറിച്ച് ഔദ്യോഗികമായി മാര്‍ത്തോമ്മാക്രൈസ്തവരെ അറിയിച്ചത് ഫ്രാന്‍സിസ് റോസാണ്. അദ്ദേഹം അങ്കമാലി ആര്‍ച്ചുബിഷപ്പ് ആയിരിക്കെയാണ് സുറിയാനി പ്രസ്സ് പ്രവര്‍ത്തനം ആരംഭിച്ചത്. റോമന്‍ ആരാധനാക്രമം സുറിയാനി ഭാഷയില്‍ അവിടെ അച്ചടിച്ചു. റോസ് അവതരിപ്പിച്ച ആരാധനാക്രമം മലബാര്‍ സഭയില്‍ ഡോക്ടര്‍ ആന്റണി മേച്ചേരി തന്റെ ഗവേഷണപ്രവര്‍ത്തനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അങ്കമാലി അതിരൂപതയുടെ പൗരസ്ത്യമുഖം നിലനിര്‍ത്താന്‍ പരിശ്രമിച്ചിരുന്നപ്പോള്‍ തന്നെ ആര്‍ച്ചുബിഷപ്പ് റോസിന്റെ ആരാധനാക്രമ പരിഷ്‌കരണങ്ങളില്‍ ലത്തീനീകരണം ദൃശ്യമായിരുന്നുവെന്ന് ഫാ. ജേക്കബ് വെള്ളിയാന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

അങ്കമാലിയുടെ അതിരൂപതാപദവി പുനഃസ്ഥാപിച്ചതോടെ ഗോവ അതിരൂപതയുടെ നിയന്ത്രണത്തില്‍ നിന്ന് അങ്കമാലിയും ആര്‍ച്ചുബിഷപ്പ് റോസും സ്വതന്ത്രമായി. മാര്‍ത്തോമ്മാക്രൈസ്തവര്‍ക്കും അവരുടെ തനിമ കാത്തുസൂക്ഷിക്കുന്നതിന് ഇതു സഹായകരമായി.

ഉദയംപേരൂര്‍ സൂനഹദോസ് സംഘടിപ്പിക്കുന്നതില്‍ റോസ് നിര്‍ണ്ണായക പങ്കുവഹിച്ചെങ്കിലും അതായിരുന്നില്ല അദ്ദേഹത്തെ അങ്കമാലി അതിരൂപതയുടെ ആദ്യത്തെ ലത്തീന്‍ മെത്രാനായി നിയമിക്കുന്നതിന് പ്രേരകമായത്. കാരണം ഉദയംപേരൂര്‍ സൂനഹദോസിനു മുമ്പു തന്നെ മാര്‍ അബ്രാഹമിന്റെ പിന്‍ഗാമിയായി ഫ്രാന്‍സിസ് റോസിനെ വത്തിക്കാന്‍ പരിഗണിച്ചിരുന്നു. മലയാളം നന്നായി അറിയാം എന്നത് തന്നെയായിരുന്നു അതില്‍ ഒരു പ്രധാന ഘടകമായി വര്‍ത്തിച്ചത്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഗോവ ആര്‍ച്ചുബിഷപ്പ് മെനേസിസ്, ഫിലിപ്പ് രണ്ടാമന്‍ രാജാവിന് കത്തയച്ചിട്ടുണ്ട്. 1601 ജനുവരി 28 ന് ഗോവയിലായിരുന്നു അദ്ദേഹത്തിന്റെ മെത്രാഭിഷേകം. പൗരസ്ത്യദേശത്തു നിന്നുള്ള മെത്രാന്മാര്‍ക്ക് പകരം ഒരു ഈശോസഭാ മെത്രാനെ തന്നെ അങ്കമാലിയില്‍ നിയമിക്കണം എന്നത് ആര്‍ച്ചുബിഷപ്പ് മെനേസിസിന്റെ നിര്‍ബന്ധമായിരുന്നു. കൊച്ചി പോലെ അങ്കമാലിയും ഗോവ അതിരൂപതയുടെ സാമന്തരൂപതയായി മാറണമെന്നും അദ്ദേഹം നിര്‍ബന്ധിച്ചു.

ഒരു പാശ്ചാത്യ മെത്രാന്റെ നിയമനം മലബാര്‍ ക്രൈസ്തവര്‍ക്കിടയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചുവെങ്കിലും, വൈപ്പിക്കോട്ട സെമിനാരിയുടെ റെക്ടര്‍ എന്ന നിലയിലും മലയാളം, സുറിയാനി ഭാഷാ പണ്ഡിതന്‍ എന്ന നിലയിലും മാര്‍ത്തോമ്മാക്രൈസ്തവരുടെ പശ്ചാത്തലം അറിയാവുന്നയാള്‍ എന്ന നിലയിലും ഫ്രാന്‍സിസ് റോസ് മലബാര്‍ ക്രൈസ്തവര്‍ക്ക് സ്വീകാര്യനായിരുന്നു. മാര്‍ എബ്രഹാമിന്റെ ഉപദേശകനുമായിരുന്നു അദ്ദേഹം. മലബാറിലെ ക്രൈസ്തവ പാരമ്പര്യം അനുസരിച്ച് ഇന്ത്യയിലെയും വിദൂരപൗരസ്ത്യദേശത്തെയും ഏറ്റവും പുരാതനമായ അതിരൂപത അങ്കമാലിയാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.

മെത്രാഭിഷേകം സ്വീകരിച്ച് ഗോവയില്‍ നിന്നെത്തിയ ആര്‍ച്ചുബിഷപ്പ് റോസിന് ആര്‍ച്ചുഡീക്കന്‍ ജോര്‍ജ് ദ ക്രോസിന്റെ നേതൃത്വത്തില്‍ വലിയ സ്വീകരണമാണ് അങ്കമാലിയില്‍ നല്‍കിയത്. സ്ഥാനം ഏറ്റെടുത്ത ഉടനെ തന്നെ ആര്‍ച്ചുബിഷപ്പ് റോസ് ഉദയംപേരൂര്‍ സൂനഹദോസ് മാര്‍ത്തോമ്മാക്രൈസ്തവരിലുണ്ടാക്കിയ മുറിവുകളുണക്കാന്‍ ശ്രമമാരംഭിക്കുകയും ചെയ്തു. സൂനഹദോസിന്റെ സംഘാടനരീതികളില്‍ ആര്‍ച്ചുബിഷപ്പ് മെനെസിസ് വരുത്തിയ വീഴ്ചകളെ അദ്ദേഹം പരസ്യമായി വിമര്‍ശിച്ചു. ചില കാനോനകള്‍ മനസ്സിലാക്കി കൊടുക്കാതെയാണ് സൂനഹദോസില്‍ പങ്കെടുത്തവരുടെ ഒപ്പ് വാങ്ങിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. താന്‍ ഏറ്റെടുത്ത അതിരൂപതയോടും ദൈവജനത്തോടും ഉള്ള അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണമായ പ്രതിബദ്ധതയാണ് ഇതു പ്രകടമാക്കിയത്.

ഫ്രാന്‍സിസ് റോസിനെ അങ്കമാലി അതിരൂപതയുടെ ആദ്യത്തെ ലത്തീന്‍ മെത്രാനായി നിയമിച്ച ഉടനെ അങ്കമാലിയുടെ അതിരൂപത പദവി എടുത്തു മാറ്റുകയും ഗോവ അതിരൂപതയുടെ സാമന്തരൂപതയായി താഴ്ത്തുകയും ചെയ്തല്ലോ. മാര്‍ത്തോമ്മാക്രൈസ്തവരെ ലത്തീന്‍ സഭയുടെ കീഴിലാക്കാന്‍ ആര്‍ച്ചുബിഷപ്പ് മെനേസിസ് സ്വീകരിച്ച തന്ത്രമായിരുന്നു അത്. അതിന്റെ ഭാഗമായി അതിരൂപതയുടെ ആസ്ഥാനം അങ്കമാലിയില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് മാറ്റാനും തീരുമാനിച്ചു. അങ്കമാലിയിലും പരിസരത്തും പ്രാദേശിക ഭരണാധികാരികളുടെ പിന്തുണയോടെ മാര്‍ത്തോമ്മാ ക്രൈസ്തവര്‍ ആര്‍ജ്ജിച്ചിരുന്ന രാഷ്ട്രീയവും സഭാപരവുമായ സ്വാധീനം ഇല്ലാതാക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. ആസ്ഥാനമാറ്റത്തെ റോസ് അംഗീകരിക്കുകയാണുണ്ടായത്. കൊടുങ്ങല്ലൂരിന്റെ ചരിത്രപരമായ പ്രാധാന്യവുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹം അതിനെ കണ്ടത്. കൊടുങ്ങല്ലൂര്‍ ആയിരുന്നു മെത്രാപ്പോലീത്തമാരുടെ ആദ്യകാല ആസ്ഥാനമെന്നും പിന്നീട് പോര്‍ച്ചുഗീസുകാരില്‍ നിന്നുള്ള സുരക്ഷയെ കരുതിയാണ് അവര്‍ അങ്കമാലിയിലേക്ക് മാറിയതെന്നും അദ്ദേഹം കരുതി. 1606 ലാണ് അദ്ദേഹം അങ്കമാലിയില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് താമസം മാറ്റിയത്.

എന്നാല്‍ ഈ മാറ്റത്തിന് അന്നത്തെ കൊച്ചി രൂപത ബിഷപ്പും ഫ്രാന്‍സിസ്‌കന്‍ മിഷനറിമാരും അനുകൂലമായിരുന്നില്ല. ഇത് ആര്‍ച്ചുബിഷപ്പ് റോസും കൊച്ചി ബിഷപ്പും തമ്മിലുള്ള അഭിപ്രായ സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. കൊടുങ്ങല്ലൂര്‍ കൊച്ചി രൂപതയുടെ അധികാരപരിധിയിലാണ് എന്നതായിരുന്നു അതിന്റെ ഒരു കാരണം. കൊച്ചി ബിഷപ്പിന്റെയും ഫ്രാന്‍സിസ്‌കന്‍ മിഷനറിമാരുടെയും മിഷന്‍ പരിധിയിലേക്കുള്ള കടന്നുകയറ്റമായി അവര്‍ ഇതിനെ കണ്ടു.

ഉദയംപേരൂര്‍ സൂനഹദോസ് സൃഷ്ടിച്ചതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അങ്കമാലി അതിരൂപതയുടെ ആദ്യ പാശ്ചാത്യമെത്രാനായ ഫ്രാന്‍സിസ് റോസ് വിജയിച്ചുവെങ്കില്‍ അദ്ദേഹത്തിന്റെ മരണത്തിന് 29 വര്‍ഷ ത്തിനുശേഷം ഭാരതസഭാ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ കൂനന്‍ കുരിശ് സത്യം സംഭവിച്ചു.

ആര്‍ച്ചുബിഷപ്പ് റോസ് അധികാരമേറ്റ് എട്ടുമാസം കഴിഞ്ഞപ്പോള്‍ പോര്‍ച്ചുഗല്‍ രാജാവിന്റെ പാദ്രുവാദോ അവകാശങ്ങള്‍ക്കു കീഴില്‍ അങ്കമാലി അതിരൂപതയെ റോം കൊണ്ടുവന്നു. ഇന്ത്യയെ മുഴുവന്‍ ഗോവ അതിരൂപതയുടെ കീഴിലാക്കുകയെന്ന ആര്‍ച്ചുബിഷപ്പ് മെനേസിസിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. ഉദയംപേരൂര്‍ സൂനഹദോസ് കഴിഞ്ഞ് ആറുമാസത്തിനുള്ളില്‍ അദ്ദേഹം അത് നടപ്പാക്കി. ഇത് മാര്‍ത്തോമ്മാക്രൈസ്തവര്‍ക്കിടയില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്തന്‍ പദവി പുനസ്ഥാപിക്കണമെന്ന മാര്‍ത്തോമ്മാക്രൈസ്തവരുടെ ആവശ്യത്തെ ഫ്രാന്‍സിസ് റോസ് പിന്തുണച്ചു. ഈ ആവശ്യം മുന്‍നിര്‍ത്തി 1603 ല്‍ റോസ് ഒരു രൂപതാതല സൂനഹദോസും സംഘടിപ്പിച്ചു. മാര്‍ത്തോമ്മാക്രൈസ്തവരെ ഏറ്റവും അധികം വേദനിപ്പിച്ച ഉദയംപേരൂര്‍ സൂനഹദോസിന്റെ നിര്‍ദേശങ്ങള്‍ ഈ രൂപതാ സൂനഹദോസില്‍ അദ്ദേഹം എടുത്തുകളയുകയും ചെയ്തു.

ആര്‍ച്ചുബിഷപ്പ് റോസിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകളെ മാനിച്ച് 1608 ഡിസംബര്‍ 22 ന് അങ്കമാലിയുടെ അതിരൂപത പദവി മാര്‍പാപ്പ തിരികെ നല്‍കി. ഇത് മാര്‍ത്തോമ്മാക്രൈസ്തവര്‍ക്ക് വലിയൊരു അളവില്‍ ആശ്വാസം പകര്‍ന്നു. ബിഷപ്പ് റോസും മാര്‍ത്തോമ്മാക്രൈസ്തവരുടെ സമുദായനേതാവായ ആര്‍ച്ചുഡീക്കന്‍ ജോര്‍ജും ചേര്‍ന്നാണ് ഇതിനാവശ്യമായ കത്തെഴുത്തുകള്‍ റോമിലേക്ക് നടത്തിക്കൊണ്ടിരുന്നത്. എട്ടുവര്‍ഷം നീണ്ടുനിന്ന ഒരു പോരാട്ടമായിരുന്നു ഇത്. അങ്കമാലിയുടെ അതിരൂപതാപദവി പുനഃസ്ഥാപിച്ചതോടെ ഗോവ അതിരൂപതയുടെ നിയന്ത്രണത്തില്‍ നിന്ന് അങ്കമാലിയും ആര്‍ച്ചുബിഷപ്പ് റോസും സ്വതന്ത്രമായി. മാര്‍ത്തോമ്മാക്രൈസ്തവര്‍ക്കും അവരുടെ തനിമ കാത്തുസൂക്ഷിക്കുന്നതിന് ഇതു സഹായകരമായി.

ആര്‍ച്ചുബിഷപ് റോസും ആര്‍ച്ചുഡീക്കന്‍ ജോര്‍ജും സംയുക്തമായി നടത്തിയ ഈ പരിശ്രമങ്ങള്‍ ഇരുവരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്തു. 1603 ലെ രൂപതാസൂനഹദോസ്, ഉദയംപേരൂര്‍ സൂനഹദോസിന്റെ പോരായ്മകള്‍ പരിഹരിക്കാനുള്ളതായിരുന്നുവെങ്കില്‍ 1606 ല്‍ മാര്‍ത്തോമ്മാക്രൈസ്തവരുടെ ആദ്യത്തെ രൂപതാതലനിയമങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

സുറിയാനി, മലയാളം ഭാഷകളിലുള്ള പ്രാവീണ്യം മൂലം ഫ്രാന്‍സിസ് റോസ് തന്റെ അജഗണവുമായി എന്നും ചേര്‍ന്നു നിന്നു. എന്നാല്‍ റോസിന്റെ പിന്‍ഗാമികളായ ആര്‍ച്ചുബിഷപ്പ് സ്റ്റീഫന്‍ ബ്രിട്ടോ, ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് ഗ്രാസിയ എന്നീ ഈശോസഭാ മിഷണറിമാര്‍ക്ക് സുറിയാനി ഭാഷയോ ആരാധനാക്രമമോ അറിയുമായിരുന്നില്ല. അവര്‍ ലത്തിനീകരണം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചു. ആര്‍ച്ചുബിഷപ്പ് റോസിനെ പോലെ ആര്‍ച്ചുഡീക്കന്മാരുമായി നല്ല ബന്ധം സ്ഥാപിക്കാനും അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്ക് സാധിച്ചില്ല. ഉദയംപേരൂര്‍ സൂനഹദോസില്‍ ഈശോസഭാ വൈദികര്‍ വഹിച്ച പങ്കുമൂലം ഈശോസഭാ വൈദികരോട് മാര്‍ത്തോമ്മാക്രൈസ്തവര്‍ക്ക് പൊതുവില്‍ ഒരു അകല്‍ച്ച ഉണ്ടായിരുന്നു. റോസിന്റെ പിന്‍ഗാമിയായി വന്ന ആര്‍ച്ചുബിഷപ് ഫ്രാന്‍സിസ് ഗ്രാസിയയുടെ കര്‍ക്കശമായ സമീപനങ്ങള്‍ ഇതിന് ആക്കം കൂട്ടി. അദ്ദേഹവും അന്നത്തെ ആര്‍ച്ചുഡീക്കന്‍ തോമസ് പറമ്പിലും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ഇതു കാരണമായി. ആര്‍ച്ചുഡീക്കന്റെ നിര്‍ദേശങ്ങള്‍ പരിഗണിക്കാതെ അതിരൂപതയെ താന്‍ ഒറ്റയ്ക്കു ഭരിക്കും എന്നുള്ളതായിരുന്നു ആര്‍ച്ചുബിഷപ്പ് ഗ്രാസിയയുടെ നിലപാട്. അതേസമയം തനിക്ക് പരമ്പരാഗതമായി ലഭിച്ചിട്ടുള്ള അധികാരങ്ങള്‍ വിനിയോഗിക്കാന്‍ ആര്‍ച്ച്ഡീക്കനും തുനിഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ നിരവധി ശ്രമങ്ങള്‍ ഉണ്ടായെങ്കിലും രണ്ടു ഭാഗത്തുനിന്നും ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല. ഫ്രാന്‍സിസ് ഗ്രാസിയയ്‌ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പാണ് മാര്‍ത്തോമ്മാക്രൈസ്തവരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. അദ്ദേഹത്തിന്റെ ഭരണകാലത്താണ് 1653 ല്‍ കേരളത്തിലെ മാര്‍ത്തോമ്മാക്രൈസ്തവര്‍ക്കിടയില്‍ പഴയ കൂറ്റും പുതിയ കൂറ്റുമെന്ന വലിയ പിളര്‍പ്പും സംഭവിച്ചത്. പ്രതിഷേധത്തിനു നേതൃത്വം നല്‍കിയ ആര്‍ച്ചുഡീക്കന്‍ തോമസ് പറമ്പില്‍ റോമുമായുള്ള ബന്ധം വേര്‍പെടുത്തി. ആര്‍ച്ചുബിഷപ്പ് ഗ്രാസിയയുടെയും ആര്‍ച്ചുഡിക്കന്‍ തോമസ് പറമ്പിലിന്റെയും സ്വഭാവസവിശേഷതകള്‍ ഈ കലഹത്തിലും വിഭജനത്തിലും ഒരു പ്രധാന പങ്കുവഹിച്ചതായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പശ്ചിമേഷ്യന്‍ പാത്രിയര്‍ക്കേറ്റില്‍ നിന്ന് മലബാര്‍ സഭയുടെ നേതൃത്വം ഏറ്റെടുക്കാന്‍ വന്ന മെത്രാപ്പോലീത്ത മാര്‍ അഹത്തള്ളക്ക് അങ്കമാലിയില്‍ പ്രവേശിക്കാന്‍ സാധിക്കാതെ വന്നതോടെ മാര്‍ത്തോമ്മാക്രൈസ്തവരുടെ ജെസ്യൂട്ടു വിരോധം പൊട്ടിത്തെറിയിലെത്തി. മട്ടാഞ്ചേരിയിലെ കൂനന്‍കുരിശു സത്യം അന്തിമ വിശകലനത്തില്‍ ആര്‍ച്ചുബിഷപ്പുമാരുടെ നയതന്ത്ര പരാജയമാണ്.

ഉദയംപേരൂര്‍ സൂനഹദോസ് സൃഷ്ടിച്ചതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അങ്കമാലി അതിരൂപതയുടെ ആദ്യ പാശ്ചാത്യമെത്രാനായ ഫ്രാന്‍സിസ് റോസ് വിജയിച്ചുവെങ്കില്‍ അദ്ദേഹത്തിന്റെ മരണത്തിന് 29 വര്‍ഷത്തിനുശേഷം ഭാരതസഭാ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ കൂനന്‍ കുരിശ് സത്യം സംഭവിച്ചു. അതിലൂടെ ജെസ്യൂട്ട് ആര്‍ച്ചുബിഷപ്പുമാരോട് മാര്‍ത്തോമ്മാക്രൈസ്തവര്‍ക്ക് ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ ഒടുവില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഉദയംപേരൂര്‍ സൂനഹദോസിലൂടെ ആരംഭിച്ച അസ്വസ്ഥതകളുടെ അരനൂറ്റാണ്ടിനുശേഷമുള്ള പരിണിതഫലം. പശ്ചിമേഷ്യന്‍ പാത്രിയര്‍ക്കേറ്റില്‍ നിന്ന് മലബാര്‍ സഭയുടെ നേതൃത്വം ഏറ്റെടുക്കാന്‍ വന്ന മെത്രാപ്പോലീത്ത മാര്‍ അഹത്തള്ളക്ക് അങ്കമാലിയില്‍ പ്രവേശിക്കാന്‍ സാധിക്കാതെ വന്നതോടെ മാര്‍ത്തോമ്മാക്രൈസ്തവരുടെ ജെസ്യൂട്ടു വിരോധം പൊട്ടിത്തെറിയിലെത്തി. മട്ടാഞ്ചേരിയിലെ കൂനന്‍കുരിശുസത്യം അന്തിമ വിശകലനത്തില്‍ ആര്‍ച്ചുബിഷപ്പുമാരുടെ നയതന്ത്ര പരാജയമാണ്.

1624 ല്‍ തന്റെ 67-ാം വയസ്സിലാണ് ഫ്രാന്‍സിസ് റോസ് മരണമടഞ്ഞത്. കൊടുങ്ങല്ലൂരില്‍ അദ്ദേഹത്തെ കബറടക്കി. മാര്‍ത്തോമ്മാക്രൈസ്തവരുടെ ആര്‍ച്ചുബിഷപ്പ് എന്ന നിലയില്‍ തെറ്റിദ്ധാരണകളും സംഘര്‍ഷങ്ങളും നിറഞ്ഞ ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെങ്കിലും തന്റെ അജഗണങ്ങള്‍ ഒന്നിച്ചു ചേരുന്നത് കണ്ടുകൊണ്ടാണ് അദ്ദേഹം മരണപ്പെടുന്നത്. കൊടുങ്ങല്ലൂരിലെ സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് കോളേജിലാണ് അദ്ദേഹം തന്റെ അന്ത്യദിനങ്ങള്‍ ചെലവിട്ടത്. മാര്‍ത്തോമ്മാക്രൈസ്തവരും അവരുടെ പുരോഹിതരും അദ്ദേഹത്തിന്റെ മരണക്കിടക്കയില്‍ കൂടെയുണ്ടായിരുന്നു. ഒരു മെത്രാന് ഉണ്ടായിരിക്കണമെന്ന് ക്ലെമന്റ് മാര്‍പാപ്പ വിഭാവനം ചെയ്ത എല്ലാ നന്മകളും ഫ്രാന്‍സിസ് റോസില്‍ വിളങ്ങിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന ആവശ്യം മലബാറിലെ ഈശോസഭക്കാരുടെ ഇടയില്‍ നിന്ന് ഉയരുന്നത്. തന്റെ മരണത്തിനും പിന്‍ഗാമിയുടെ സ്ഥാനാരോഹണത്തിനും ഇടയില്‍ അങ്കമാലി അതിരൂപതയുടെ ഇടക്കാല ഭരണാധികാരിയായി ആര്‍ച്ചുഡിക്കനെ നിയമിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചത് മാര്‍ത്തോമ്മാക്രൈസ്തവരുടെ പുരാതന പാരമ്പര്യം മുന്‍നിര്‍ത്തിയായിരുന്നു എന്നതും ഓര്‍ക്കേണ്ടതാണ്.

  • (Exploration into the role of the Archbishop Francis Rose in restoration of the Angamaly Archdiocese in 1608 1608 എന്ന പേരില്‍ ലേഖകന്‍ തന്നെ എഴുതിയ ആര്‍ട്ടിക്കിളിന്റെ സംക്ഷിപ്തരൂപം)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org