ഫ്രാന്‍സിസ് എന്ന പുതിയ പാപ്പ

ഫാ. ജോസഫ് പുളിക്കല്‍ എസ് ജെ
ഫ്രാന്‍സിസ് എന്ന പുതിയ പാപ്പ
ദയ ആയിരിക്കണം സഭയുടെ ദൈവശാസ്ത്രവും തത്വശാസ്ത്രവും. ആ ദയ പാവങ്ങളോടും രോഗികളോടുമെന്നപോലെ തെറ്റു ചെയ്യുന്നവരോടും ചോദ്യം ചെയ്യുന്നവരോടും ധിക്കരിക്കുന്നവരോടും ആയിരിക്കണം.

പുതിയ പാപ്പയെ തിരഞ്ഞെടുക്കാന്‍ വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദിനാള്‍ സംഘത്തിന്റെ പ്രതിനിധി 2013 മാര്‍ച്ച് 13-ന് വിശുദ്ധ പത്രോസിന്റെ പള്ളിക്കുമുമ്പിലുണ്ടായിരുന്ന ജനക്കൂട്ടത്തോട് ജോര്‍ജെ ബര്‍ഗോളിയോ ആണ് പുതിയ പാപ്പ എന്നു പ്രഖ്യാപിച്ചപ്പോള്‍ മിക്കവരും ചോദിച്ചു - ആരാണ് ഈ ബര്‍ഗോളിയോ? ബര്‍ഗോളിയോയെപ്പറ്റി അവര്‍ കേട്ടിട്ടില്ലായിരുന്നു.

എന്നാല്‍ കര്‍ദിനാള്‍മാര്‍ക്ക് അറിയാമായിരുന്നു. അര്‍ജന്റീന രാജ്യത്തിലെ ബ്യൂനസ് അയിരസ് എന്ന അതിരൂപതയെ പ്രഗല്‍ഭമായി നയിക്കുന്ന ഈശോസഭക്കാരനാണ് ബര്‍ഗോളിയോ. പതിനാറാം ബെനഡിക്ട് പാപ്പയെ തിരഞ്ഞെടുത്ത കര്‍ദിനാള്‍ സംഘം കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍ കഴിഞ്ഞാന്‍ ഏറ്റവും കൂടുതല്‍ വോട്ടു നല്‍കിയത് ബര്‍ഗോളിയോക്കാണെന്നും അവര്‍ക്കറിയാമായിരുന്നു: അടുത്ത പാപ്പ ഒന്നാം ലോകക്കാരനും പേരെടുത്ത ദൈവശാസ്ത്ര അധ്യാപകനുമായ റാറ്റ്‌സിംഗര്‍, അല്ലെങ്കില്‍ മൂന്നാം ലോകക്കാരനും ഒരു ദരിദ്രജനതയുടെ ഇടയനുമായ ബര്‍ഗോളിയോ എന്നവര്‍ ചിന്തിച്ചു.

യൂറോപ്പിനു വെളിയില്‍ നിന്ന് ആരും ഇതിനുമുമ്പ് പാപ്പ ആയി തിരഞ്ഞെടുക്കെപ്പട്ടിട്ടില്ല. ഇതിനുമുമ്പ് ഒരിക്കലും ഒരു ഈശോസഭക്കാരന്‍ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല.

ഫ്രാന്‍സിസ് എന്നായിരിക്കും തന്റെ സ്ഥാനപ്പേര് - ബര്‍ഗോളിയോ അറിയിച്ചു.

അസ്സീസിയിലെ പൊവറെല്ലൊയും സാര്‍വലൗകികപ്രേമത്തിന്റെ നാടോടിഗായകനും രണ്ടാം ക്രിസ്തുവുമായ ഫ്രാന്‍സിസിന്റെ പേര് ഇതിനുമുമ്പ് ഒരു പാപ്പയും സ്വീകരിച്ചിരുന്നില്ല.

ഒരു കാര്യം വ്യക്തമായി - ഈ പാപ്പ ഒരു പുതിയ തരം പാപ്പ ആയിരിക്കും.

പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി ജനങ്ങളെ അഭിവാദ്യം ചെയ്തപ്പോള്‍ ആദരവോടെ ആശീര്‍വാദം കാത്തിരുന്ന ജനങ്ങളോട് അദ്ദേഹം പറഞ്ഞു - എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.

എന്നിട്ട് അദ്ദേഹം തന്റെ താമസസ്ഥലത്തേക്കു പോയത് പാപ്പമൊബീലില്‍ ആയിരുന്നില്ല, ബസ്സിലായിരുന്നു, മറ്റു കര്‍ദിനാള്‍മാരോടൊപ്പം.

പാപ്പയായി താന്‍ താമസിക്കുന്നത് പാപ്പയുടെ കൊട്ടാരത്തില്‍ ആയിരിക്കില്ല, വത്തിക്കാന്റെ അതിഥികള്‍ക്കായുള്ള സെന്റ് മാര്‍ത്ത മന്ദിരത്തിലായിരിക്കും എന്ന് അദ്ദേഹം തീരുമാനിച്ചു.

ഫ്രാന്‍സിസ് പാപ്പ റോമില്‍ തന്റെ ആദ്യത്തെ പെസഹാ വ്യാഴാഴ്ചത്തെ കാലുകഴുകല്‍ തിരുക്കര്‍മ്മത്തില്‍ കഴുകിയത് കര്‍ദിനാള്‍മാരുടെയോ അച്ചന്മാരുടെയോ കാലുകളായിരുന്നില്ല, കുറ്റം ചെയ്തതിനാല്‍ ഒരു തിരുത്തല്‍ സ്ഥാപനത്തില്‍ അടയ്ക്കപ്പെട്ട വിവിധനാട്ടുകാരും വിവിധ മതക്കാരുമായ ചെറുപ്പക്കാരുടേതായിരുന്നു - അക്കൂട്ടത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നു.

അദ്ദേഹം എഴുതുകയും സംസാരിക്കയും ചെയ്തത് സാധാരണക്കാരുടെ ഭാഷയിലായിരുന്നു. അളന്നുതൂക്കിയ പാപ്പഭാഷയിലായിരുന്നില്ല - അതിന് ദൈവശാസ്ത്രനിര്‍വചനങ്ങളുടെ കൃത്യതയോ അപ്രമാദിത്വത്തിന്റെ പരിവേഷമോ ഉണ്ടായിരുന്നില്ല.

സാധാരണ കത്തോലിക്കരുടെ ആചാരങ്ങളും ഭക്തികളും അദ്ദേഹം ഭക്തിയോടെ അനുഷ്ഠിച്ചു. അനുദിന ദിവ്യബലിയിലെ പ്രസംഗങ്ങളിലും, മാധ്യമങ്ങളുമായി നടത്തുന്ന സംഭാഷണങ്ങളിലും സഭയ്ക്കു കൊടുക്കുന്ന ഔദ്യോഗിക പ്രബോധനങ്ങളിലും അദ്ദേഹം സുവിശേഷത്തിന്റെ ലളിതപാഠങ്ങള്‍ ഒരു നല്ല ജീവിതത്തിനുപകാരപ്പെടുന്ന രീതികളില്‍ നിരന്തരമായി പഠിപ്പിച്ചു (അര്‍ജന്റീനയില്‍ വിമോചനദൈവശാസ്ത്രാനുയായികളുമായി ഒരു കാലത്ത് അദ്ദേഹം ഇടഞ്ഞതു മനസ്സിലാക്കാം - അവരുടെ രീതി ഭക്തിയില്ലാത്ത യുക്തിയാണെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കാം).

സുവിശേഷം ഒരു നല്ല വാര്‍ത്തയാണെങ്കില്‍ സുവിശേഷത്തിന്റെ ആനന്ദവും സ്വാതന്ത്ര്യവും വിശ്വാസികളുടെ മുഖത്തും വിശ്വാസീസമൂഹത്തിന്റെ ബന്ധങ്ങളിലുമുണ്ടായിരിക്കണം എന്ന് അദ്ദേഹം പഠിപ്പിക്കുന്നു. സഭ അധികാരപ്പടികളുടെയും കല്‍പനകളുടെയും കടമകളുടെയും പേടിക്കയും പേടിപ്പിക്കയും ചെയ്യുന്ന ഒരു സംവിധാനമായിരിക്കരുത്.

ദൈവം സ്‌നേഹമാണെന്ന് ബൈബിള്‍ പഠിപ്പിക്കുന്നതു ശരിയാണെങ്കില്‍ വിശുദ്ധ അഗസ്റ്റിന്‍ പറയുന്നതും ശരിയാണ് - ദൈവത്തിന്റെ ദയയും മനുഷ്യരുടെ ദയനീയതയും - മിസെറിക്കോര്‍ദിയ എത് മിസേറാ - മുഖാമുഖം വരുന്നതാണ് വിശ്വാസം. ദയ ആയിരിക്കണം സഭയുടെ ദൈവശാസ്ത്രവും തത്വശാസ്ത്രവും. ആ ദയ പാവങ്ങളോടും രോഗികളോടുമെന്നപോലെ തെറ്റു ചെയ്യുന്നവരോടും ചോദ്യം ചെയ്യുന്നവരോടും ധിക്കരിക്കുന്നവരോടും ആയിരിക്കണം.

ഫ്രാന്‍സിസ് പാപ്പ ആരെയും മുദ്രകുത്തുന്നില്ല, ആരെയും ഒഴിവാക്കുന്നില്ല. അവരെ വിധിക്കാന്‍ ഞാനാരാണ് എന്നാണ് ലൈംഗികതയില്‍ സ്വവര്‍ഗാഭിമുഖ്യമുള്ളവരെപ്പറ്റി ഒരിക്കല്‍ അദ്ദേഹം പ്രതികരിച്ചത്. ഫ്രത്തെല്ലി തൂത്തി - എല്ലാവരും സഹോദരങ്ങള്‍ - അതാണ് അദ്ദേഹത്തിന്റെ ഭരണശൈലി. ദേശീയതയുടെ ഭാഷയും, സംസ്‌കാരത്തിന്റെയോ മതത്തിന്റെയോ വംശത്തിന്റെയോ മേന്മയുടെ ഭാഷയും അദ്ദേഹം സ്വീകരിക്കുന്നില്ല. ദേശങ്ങള്‍ക്കിടയിലും മതങ്ങള്‍ക്കിടയിലും ഹൃദയങ്ങള്‍ക്കിടയിലും മതിലുകള്‍ പണിയാതിരിക്കുക, വാതിലുകള്‍ തുറക്കുക - അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ദൈവം തന്ന ഭൂമി എന്ന വീട്ടില്‍ ഒരുമിച്ചു കഴിയേണ്ട സഹോദരങ്ങളാണ് എല്ലാവരും.

പീഡനംകൊണ്ടോ പട്ടിണികൊണ്ടോ നാടും വീടും വിട്ട് ജീവന്‍ അപകടത്തിലാക്കി അന്യനാടുകളുടെ വാതിലുകളില്‍ മുട്ടുന്നവരോട് കരുണയായിരിക്കുക - അദ്ദേഹം നിരന്തരം ആവശ്യപ്പെടുന്നു. ബത്‌ലഹെമിലെ വീടുകളിലും സത്രത്തില്‍പ്പോലും പ്രവേശനം കിട്ടാതെ മറിയം യേശുവിനെ പ്രസവിച്ചത് ഒരു കാലിത്തൊഴുത്തിലാണെന്നും, പിറകേ കൂടിയ കൊലയാളിയുടെ കത്തിയില്‍നിന്നു ശിശുവിനെ സംരക്ഷിക്കാന്‍ അവള്‍ക്കും ജോസഫിനും ഈജിപ്തിലേക്ക് അതിവേഗം ഓടിപ്പോകേണ്ടിവന്നെന്നും പാപ്പയ്ക്കറിയാം. അദ്ദേഹത്തിന്റെ കുടുംബംതന്നെയും ഇറ്റലിയില്‍ നിന്ന് അര്‍ജന്റീനയിലേക്ക് കുടിയേറി അവിടെ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതിന്റെ ക്ലേശങ്ങള്‍ അറിഞ്ഞവരാണ്.

ദൈവത്തിന്റെ വിസ്മയനീയ സൃഷ്ടി-സ്ഥിതി-സംഹാര പ്രതിഭാസങ്ങളെ കണ്ട് അത്ഭുതം കൂറി, എളിമ നിറഞ്ഞ് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനോടൊപ്പം ലൗദാത്തൊ സി - ദൈവമേ, എല്ലാവരും അങ്ങയെ സ്തുതിക്കേണ്ടതാണല്ലോ എന്നു സന്തോഷത്തോടെ പാടേണ്ട മനുഷ്യര്‍ അതിനുപകരം സൃഷ്ടികളെ ചൂഷണം ചെയ്യേണ്ട നിക്ഷേപമായും സാമ്പത്തികമായി ചവിട്ടിക്കയറാനുള്ള ഗോവണിയായും ഉപയോഗിച്ചുതള്ളേണ്ട സാധനങ്ങളായും കാണുന്നു. ഫലമോ? വായുവും മണ്ണും ജലവും ഒരുപോലെ മലിനമായിരിക്കുന്നു, ജീവിതത്തെ നിലനിര്‍ത്തുന്ന പരിതോവസ്ഥയുടെ താളം തെറ്റിയിരിക്കുന്നു, ജീവനുള്ളവയെല്ലാം ഒരുപോലെ ഞെരുക്കത്തിലാകുന്നു.

സമ്പത്തില്‍നിന്നു കിട്ടാവുന്ന സൗകര്യങ്ങളും സുഖങ്ങളുമാണ് മേല്‍ക്കൈയുമാണ് ആധുനികം എന്നു പറയുന്ന ഉപഭോഗസംസ്‌കാരത്തില്‍ വ്യക്തികളുടെയും രാഷ്ട്രങ്ങളുടെയും പ്രേരണ എന്ന് ഫ്രാന്‍സിസ് പാപ്പാ കാണുന്നു. ആ പിശാച് പിടികൂടിക്കഴിഞ്ഞാല്‍ അയല്‍ക്കാര്‍ എതിരാളികളാകന്നു, ശിശുക്കള്‍ ശല്യമാകുന്നു, വൃദ്ധര്‍ കുപ്പയില്‍ തള്ളേണ്ട പാഴ്‌വസ്തുക്കളാകുന്നു, ലൈംഗികത സുഖോപാധിമാത്രമാകുന്നു, ജീവിതം അസ്വസ്തയുടെ നെട്ടോട്ടമാകുന്നു.

പാപ്പാസ്ഥാനത്തെപ്പറ്റി സഭയില്‍ എന്നുമുണ്ടായിരുന്ന കാഴ്ചപ്പാട് അദ്ദേഹം സേര്‍വുസ് സേര്‍വോരും ആണെന്നാണ് - ദാസരുടെ ദാസന്‍. കര്‍ത്താവായ യേശുവിന്റെയും അവിടുത്തേ ആടുകളായ ജനങ്ങളുടെയും ദാസന്‍.

പുതിയ പാപ്പയുടെ എടുപ്പും നടപ്പും ബന്ധങ്ങളും ഈ കാഴ്ചപ്പാടിന്റെ ദൃശ്യങ്ങളായി. തന്റെ ആലോചനാസംഘങ്ങളില്‍ ദരിദ്രനാടുകളില്‍നിന്നുള്ളവരെയും പുതിയ കാഴ്ചപ്പാടുള്ളവരെയും, സ്ത്രീകളെയും കൂടുതലായി അംഗങ്ങളാക്കി. എന്നെ വിമര്‍ശിക്കുക -അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.

ജീവിതം ലളിതമാക്കാനും നേതൃത്വതലങ്ങളില്‍ ഏമാന്‍ പരിവേഷങ്ങളും നിഗൂഢതയും, പൗരോഹിത്യശുശ്രൂഷയില്‍ യജമാനഭാവവും ഉപേക്ഷിക്കാനും ആടുകളുടെ മണമറിയുന്ന ഇടയരാകാനും ദാസരാകാനും വത്തിക്കാന്‍ കാര്യാലയത്തിലെ ഉദ്യോഗസ്ഥരെയും ലോകമെങ്ങുമുള്ള മെത്രാന്‍മാരെയും വൈദികരെയും ഫ്രാന്‍സിസ് പാപ്പ നിരന്തരം ഉപദേശിച്ചു - ചിലപ്പോള്‍ മൂര്‍ച്ചയുള്ള വാക്കുകളില്‍.

ഒരു ബൃഹത് ഭരണസംവിധാനമാണ് വത്തിക്കാന്‍ കേന്ദ്രമാക്കി ആഗോള കത്തോലിക്കാ സഭയുടെ ജീവിതത്തെ നയിക്കുന്നത്. തലപ്പത്ത് പാപ്പ. വിവിധ തലങ്ങളിലായി അസംഖ്യം വകുപ്പുകളും ഉപവകുപ്പുകളും അവയുടെ കാര്യസ്ഥരും. നൂറ്റിയിരുപത്തൊന്ന് എക്കര്‍ വിസ്താരമുള്ള വത്തിക്കാനാകട്ടെ നയതന്ത്രപ്രവര്‍ത്തനങ്ങളും സ്ഥാനപതികളും ഉള്ള ഒരു സ്വതന്ത്ര രാഷ്ട്രവുമാണ്. ഇത്ര വിപുലവും സങ്കീര്‍ണവുമായ ഒരു ബ്യൂറോക്രസിയില്‍ ലീഗലിസവും ചുവപ്പുനാടയും പക്ഷം പിടിക്കലും കിടമത്സരങ്ങളും അഴിമതിപോലും കയറിക്കൂടുക മാനുഷികം. കാര്യാലയങ്ങളിലെ കാര്യസ്ഥരില്‍ ശക്തരായവര്‍ പാപ്പയെത്തന്നെ വകവയ്ക്കാതിരിക്കാം. ഇവരെ നേരെ നയിക്കുക വാര്‍ദ്ധക്യത്തിലെത്തിയ തന്റെ കഴിവിന്നതീതം എന്നു കണ്ടാണ് പതിനാറാം ബെനഡിക്ട് പാപ്പ രാജിവച്ചത് എന്നും, നേരെയാക്കാന്‍ കഴിയുന്ന ആളാണ് ബെര്‍ഗോഗ്ലിയോ എന്നു കണ്ടാണ് കര്‍ദ്ദിനാള്‍ സംഘം അദ്ദേഹത്തെ പാപ്പ ആയി തെരഞ്ഞെടുത്തത് എന്നും പറയപ്പെടുന്നു.

തന്റെ കാര്യാലയത്തില്‍ തുടങ്ങി പ്രാദേശികസഭയുടെ താഴേത്തട്ടുകള്‍ വരെ സംഭാഷണത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും സുതാര്യതയുടെയും ഒരു മനസ്സ് സഭയില്‍ വളര്‍ത്തിയെടുക്കാന്‍ സിനഡല്‍ സഭ എന്നൊരു രീതി അദ്ദേഹം ആഗ്രഹിക്കുന്നു: എല്ലാവരും സഭയാണ് - പാപ്പയോ മെത്രാന്മാരോ പുരോഹിതരോ മാത്രമല്ല, എല്ലാവര്‍ക്കും യേശു വാഗ്ദാനം ചെയ്ത പരിശുദ്ധാരൂപി നല്‍കപ്പെടാം, സുവിശേഷം എല്ലാവരിലും എത്തിക്കുക എല്ലാവരുടെയും ജോലിയാണ്, എല്ലാവരും എല്ലാവരെയും കേള്‍ക്കുന്നവരാകണം.

എന്നാല്‍ ദാസരായിരിക്കാന്‍ ആര്‍ക്കു താല്‍പര്യം? സ്ഥാനവസ്ത്രങ്ങള്‍ മാറ്റിവച്ച് താഴേയുള്ളവരുടെ കാലുകഴുകാന്‍ ആര്‍ക്ക് താല്പര്യം? പറഞ്ഞുകൊണ്ടേയിരിക്കുന്ന പതിവ് ഉപേക്ഷിച്ച് കേള്‍ക്കാന്‍ ആരു ഇഷ്ടപ്പെടുന്നു? പാപ്പ പറയുന്ന ലളിതജീവിതം ആര്‍ക്കുവേണം? നിയമങ്ങളും പാരമ്പര്യങ്ങളും കല്പനകളുമെന്നതിനേക്കാള്‍ ഒരുമയില്‍ നടത്തുന്ന ആത്മീയ അന്വേഷണം സഭയെ നയിക്കണം എന്ന് പാപ്പാ പറയുന്നു - എന്താണത്, ആര്‍ക്കുവേണമത്?

പാപ്പാ സഭയുടെ ഭരണപരമായ കെട്ടുറപ്പിനെ ഇളക്കുകയാണെന്നും വിശ്വാസപരമായ ചിന്താക്കുഴപ്പമുണ്ടാക്കുകയാണെന്നും വത്തിക്കാന്‍ കാര്യാലയത്തിലും മറ്റു സ്ഥലങ്ങളിലും ചിലര്‍ വിമര്‍ശിച്ചു - പരസ്യമായിത്തന്നെ.

കൈയൂക്കുള്ളവര്‍ കാര്യക്കാര്‍ എന്ന ഇപ്പോഴത്തെ ലോകക്രമം ദൈവനീതിക്കു വിപരീതമാണ് എന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നത് ചിലരെ അലോസരപ്പെടുത്തുന്നു.

പൗരോഹിത്യത്തെ ഒട്ടും അവമതിക്കാതെതന്നെ ക്ലെറിക്കലിസം എന്ന പൗരോഹിത്യമേല്‍ജാതിത്വത്തെ അദ്ദേഹം വിമര്‍ശിക്കുന്നത് ചിലര്‍ക്ക് ഇഷ്ടമാകുന്നില്ല.

ആഫ്രിക്കയിലെയും തെക്കേ അമേരിക്കയിലെയും മദ്ധ്യപൗരസ്ത്യനാടുകളിലെയും സഹനഭൂമികളില്‍നിന്ന് യൂറോപ്പിലും അമേരിക്കയിലും ആസ്‌ത്രേലിയയിലും അഭയം തേടുന്നവരെ സഹോദരങ്ങളായി സ്വീകരിക്കുക എന്ന് അദ്ദേഹം അപേക്ഷിച്ചുകൊണ്ടിരിക്കുന്നത് അതുമൂലമുണ്ടാകുന്ന സാമൂഹ്യപ്രശ്‌നങ്ങളെ മനസ്സിലാക്കാതെയാണ് എന്ന് ചിലര്‍ വിമര്‍ശിക്കുന്നു.

ഫ്രാന്‍സിസ് പാപ്പായുടെ എപ്പോഴും പ്രസന്നമായ മുഖവും ഊര്‍ജ്ജസ്വലമായ ഇടപെടലുകളും വെളിപ്പെടുത്താത്ത വേദനിപ്പിക്കുന്ന ചില സത്യങ്ങള്‍ ഇന്ന് സഭയിലുണ്ട് - പാപ്പയെ എന്ന പോലെ ക്രിസ്തുവിന്റെ സഭയെ സ്‌നേഹിക്കുന്ന ആരെയും വേദനിപ്പിക്കുന്ന ചില സത്യങ്ങള്‍.

അക്രമോത്സുക ഇസ്ലാം മദ്ധ്യ പൗരസ്ത്യനാടുകളിലെ കിസ്തീയസമൂഹങ്ങളെ ഏറെക്കുറെ തുടച്ചുമാറ്റിയിരിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അതാവര്‍ത്തിക്കാനുള്ള യത്‌നത്തിലാണ് ഇപ്പോള്‍ അവര്‍.

ക്രൈസ്തവവിശ്വാസത്തിന്റെ കേന്ദ്രങ്ങളായിരുന്ന നാടുകളെല്ലാം മതമില്ലാത്ത ശാസ്ത്രങ്ങളുടെയും ഉപഭോഗസംസ്‌കാരത്തിന്റെയും ലൈംഗികവിപ്ലവത്തിന്റെയും തേരോട്ടത്തില്‍ മനുഷ്യപ്രകൃതത്തിന് ഒരു അതിഭൗതിക മാനമേയില്ല എന്നു ചിന്ത ശക്തിപ്പെടുന്നു, ക്രൈസ്തവ ധാര്‍മികതയെയും കുടുംബസങ്കല്‍ത്തെയും നിരാകരിക്കുന്നു. പള്ളികളില്‍ ആളില്ല, വൈദികരും സന്യസ്തരുമാകാന്‍ ആളില്ല. ക്രൈസ്തവജീവിതരീതി എന്നൊന്നുതന്നെ അവിടങ്ങളില്‍ ഇനിയുണ്ടായിരിക്കില്ല എന്നു തോന്നിപ്പോകും.

കാര്യങ്ങള്‍ അങ്ങനെയിരിക്കെയാണ് ചില പരിഷ്‌കൃത രാജ്യങ്ങളില്‍ ദശകങ്ങളായി കുറെയേറെ വൈദികര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കണ്ടെത്തലുകള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. ധാരാളം വൈദികര്‍ കോടതികളില്‍ ശിക്ഷിക്കപ്പെട്ടു. വൈദികരുടെ ഹീനതയ്ക്കിരയായവര്‍ക്ക് നഷ്ടപരിഹാരം കൊടുത്ത് ചില രൂപതകള്‍ പാപ്പരായി. പൗരോഹിത്യവും ബ്രഹ്മചര്യവും അധിക്ഷേപിക്കപ്പെട്ടു. ഫ്രാന്‍സിസ് പാപ്പാ എളിമനിറഞ്ഞ സംയമനത്തോടെ, സുവിശേഷത്തിന്റെ ഉറപ്പോടെ, സത്യം എത്ര അരോചകമായാലും സത്യമാണ്, പീഡിപ്പിക്കപ്പെട്ടവര്‍ക്ക് നീതി കിട്ടണം എന്ന നിലപാടെടുത്ത് സഭാനിയമങ്ങളിലെ പഴുതുകള്‍ ഒന്നൊന്നായി അടച്ച് വിഷയത്തെ കൈകാര്യം ചെയ്യുന്നു.

അവസാനമായി ഫ്രാന്‍സിസ് പാപ്പയെപ്പറ്റി നമുക്കു പറയാവുന്നത് ഇതായിരിക്കാം. നല്ല ദൈവശാസ്ത്രം ഉള്ളയാളാണെങ്കിലും അദ്ദേഹം ദൈവശാസ്ത്രക്കാരനല്ല. സഭയുടെ ആരാധനാജീവിതത്തിന് അടിസ്ഥാന പ്രാധാന്യം കൊടുക്കുന്നുണ്ടെങ്കിലും അദ്ദേഹം തന്നെത്തന്നെ കാണുന്നത് ദാസനായാണ് - ക്രിസ്തുവിന്റെ അടിമ എന്നു സ്വയം കരുതിയ പൗലോസിനെപ്പോലെ. അദ്ദേഹം ഒരു സന്യാസിയാണ് എന്നാല്‍ അനുഷ്ഠനസന്ന്യാസിയല്ല, സേവനത്തെ സന്ന്യാസമാക്കുന്നയാളാണ് - അതാണ് ഈശോസഭയില്‍ അദ്ദേഹം പഠിച്ചത്. ഫ്രാന്‍സിസ് പാപ്പാ ഇടതുപക്ഷക്കാരനോ വലതുപക്ഷക്കാരനോ, പാരമ്പര്യപ്രേമിയോ പരിവര്‍ത്തനപ്രേമിയോ അല്ല, ഓരോ ഓരോ വെല്ലുവിളിയിലും ഓരോ കാല്‍വെയ്പിലും യേശുവിനെ നോക്കുന്ന ശിഷ്യനാണ്, അതാണ് ഈശോസഭയില്‍ നോവീസസിന്റെ ഗുരുവും പ്രൊവിന്‍ഷ്യലുമായിരുന്ന അദ്ദേഹം പഠിപ്പിച്ചിരുന്നത്: നമ്മള്‍ ആരാണെന്ന് നമ്മള്‍ മനസ്സിലാക്കുന്നത് യേശുവിനെ നോക്കിയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org