ഫ്രാൻസിസ്: ദൈവത്തിന്റെ പോളിഗ്ലോട്ട് (Polyglot)

Francis Assisi : God’s Polyglot
Published on: 
ആത്മീയതയിലെ Two Books Theory മുന്നോട്ട് വച്ചത് തെർത്തുല്യനും അഗസ്റ്റിനുമൊക്കെയാണ്. വേദഗ്രന്ഥവും പ്രപഞ്ച ഗ്രന്ഥവും വായിച്ചാണ് സ്രഷ്ടാവിനെയും സൃഷ്ടികളെയും അറിയേണ്ടതെന്ന് പറഞ്ഞ ഇവരെ അക്ഷരാർത്ഥത്തിൽ അനുകരിച്ച ആളാണ് ഫ്രാൻസിസ്. സൃഷ്ടിയുടെ വ്യാകരണവും പ്രകൃതിയുടെ സാർവത്രിക ഭാഷയും ഫ്രാൻസിസ് ഉള്ളിലേക്കെടുത്തു.

ഈജിപ്തിലെ മണലാരണ്യത്തിൽ ഏകാന്തത തേടിയ മരുഭൂമിയിലെ പിതാക്കന്മാർ ബാഹ്യലോകത്തിന്റെ ശബ്ദങ്ങളെ ഉപേക്ഷിച്ച് “ഹെസിഖിയ” (Hesychia) അഥവാ ഉള്ളിലെ നിശബ്ദതയുടെ ഭാഷ വരിച്ചവരായിരുന്നു. മിസ്റ്റിക് ഭാവം ഉള്ളിൽ പേറുന്ന അത്തരക്കാർക്ക് പ്രകൃതിയുടെയും ജീവജാലങ്ങളുടെയും ഈ പാരസ്പര്യം എളുപ്പം മനസ്സിലാകും. ലോകത്തിന്റെ ക്രമം തെറ്റുമ്പോഴാണ് നീലാണ്ടൻ ആനയ്ക്ക് മദം പൊട്ടുന്നതെന്ന് വൈക്കം മുഹമ്മദ് ബഷീർ എഴുതുമ്പോഴും പാവപ്പെട്ട മനുഷ്യർക്ക് മരുന്നുകൾ സൗജന്യമായി നൽകിയ കുഞ്ചൻ കമ്പൗണ്ടറുടെ ശവഘോഷയാത്ര കടന്നുപോകുമ്പോൾ മുറ്റത്തെ അമരപന്തൽ ആദരസൂചകമായി എഴുന്നേറ്റുനിന്നു എന്ന് മലയാള നോവലിസ്റ്റ് സാറാ ജോസഫ് എഴുതുമ്പോഴും നമ്മൾ തിരിച്ചറിയുന്നു, ഈ പാരസ്പര്യഭാഷയുടെ സൗന്ദര്യശാസ്ത്രം. ബ്രസീലിലുള്ള ഒരു ചിത്രശലഭത്തിന്റെ ചിറകടി അമേരിക്കയിലെ ടെക്സാസിൽ ഒരു കൊടുങ്കാറ്റായി മാറാം എന്ന എഡ്വേർഡ് ലോറൻസിന്റെ നിരീക്ഷണം ഇതോടൊപ്പം കൂട്ടി വായിക്കുക.

ആത്മീയതയിലെ Two Books Theory മുന്നോട്ട് വച്ചത് തെർത്തുല്യനും അഗസ്റ്റിനുമൊക്കെയാണ്. വേദഗ്രന്ഥവും പ്രപഞ്ച ഗ്രന്ഥവും വായിച്ചാണ് സ്രഷ്ടാവിനെയും സൃഷ്ടികളെയും അറിയേണ്ടതെന്ന് പറഞ്ഞ ഇവരെ അക്ഷരാർത്ഥത്തിൽ അനുകരിച്ച ആളാണ് ഫ്രാൻസിസ്. സൃഷ്ടിയുടെ വ്യാകരണവും പ്രകൃതിയുടെ സാർവത്രിക ഭാഷയും ഫ്രാൻസിസ് ഉള്ളിലേക്കെടുത്തു. സാധാരണ മനുഷ്യർ പ്രകൃതിയെയും ജീവജാലങ്ങളെയും ഉപകരണങ്ങളായോ സൗന്ദര്യവസ്തുക്കളായോ കാണുമ്പോൾ, ഫ്രാൻസിസ് അതിനെ ദൈവത്തിaന്റെ ജീവനുള്ള വാക്കായി കണ്ടു.

കഠിനമായ മഞ്ഞുകാലത്ത്, പാറക്കെട്ടുകൾക്ക് നടുവിൽ ഉണങ്ങി നിൽക്കുന്ന ആൽമണ്ട് മരത്തോട് ഫ്രാൻസിസ് ഒന്നേ ആവശ്യപ്പെട്ടുള്ളു: “എന്നോട് ദൈവത്തെക്കുറിച്ച് പറയുക”. ആ മരം മറുപടി നൽകി; എങ്ങനെയെന്നോ, അകാലത്തിൽ പൂത്തുലഞ്ഞുകൊണ്ട്! ദൈവഭാഷ പൂക്കുകയാണ്!

ബെവാഞ്ഞായിൽ (Bevagna) വെച്ച് ഫ്രാൻസിസ് പക്ഷികൾക്കായി പ്രസംഗിച്ച സംഭവമുണ്ട്. ആകാശത്തിലെ പക്ഷികൾ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ നിലത്തിറങ്ങി, ചിറകുകൾ വിടർത്തി, തലകുനിച്ച് നിശബ്ദമായി കാതോർത്തു. ദൈവത്തിന്റെ കാരുണ്യം അവരെ വിശപ്പിൽ നിന്ന് സംരക്ഷിക്കുന്നതിനെക്കുറിച്ചും വസ്ത്രം നൽകുന്നതിനെക്കുറിച്ചും ഫ്രാൻസിസ് അവരോട് സംസാരിച്ചു. പക്ഷികളുടെ ചിലയ്ക്കൽ വെറും ശബ്ദമല്ല, അവ ദൈവത്തെ സ്തുതിക്കുന്ന ഗീതമാണെന്ന് അദ്ദേഹം അറിഞ്ഞു.

മനുഷ്യരെ ഭയപ്പെടുത്തിയിരുന്ന ഗുബ്ബിയോയിലെ ക്രൂരനായ ചെന്നായയെ ഫ്രാൻസിസ് സമീപിച്ചത് ആയുധങ്ങളോടെയല്ല, മറിച്ച് “സഹോദരാ ചെന്നായേ” എന്ന വാത്സല്യത്തോടെയാണ്. ഹിംസയും ഭയവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഭാഷാവിനിമയം തടസ്സപ്പെടുത്തുമ്പോൾ, സ്നേഹത്തിന്റെ കാരുണ്യഭാഷ ആ വന്യതയെ ശാന്തമാക്കി. മനുഷ്യൻ ആദിമ നിഷ്കളങ്കതയിലേക്ക് (Original Innocence) തിരിച്ചെത്തുമ്പോൾ പ്രകൃതിയും മൃഗങ്ങളും അവനുമായി സമാധാനത്തിലാകുന്നു എന്ന വലിയ ദൈവശാസ്ത്ര സത്യമാണിത്. പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും ഒരുമിച്ച് മേയുമെന്ന് പറഞ്ഞ ഏശയ്യയുടെ പ്രവചനം സത്യമാകുന്ന നിമിഷം. “മൃഗശിക്ഷക”നിൽ നിന്ന് മൃഗഭാഷകനിലേക്കുള്ള മനുഷ്യന്റെ പരിണാമത്തിന്റെ ഇടത്താവളമാണ് ഫ്രാൻസിസ്. ഫ്രാൻസിസിനെപ്പോലെ ആ ഭാഷകൾ തിരിച്ചറിയാനുള്ള കാതുകളാണ് മനുഷ്യന് ഇനി വേണ്ടത്.

ഒരിക്കൽ ഒരു മുക്കുവൻ നൽകിയ ജീവനുള്ള മത്സ്യത്തെ ഫ്രാൻസിസ് “സഹോദരാ മൽസ്യമേ” എന്ന് വിളിച്ച് വെള്ളത്തിലേക്ക് തിരികെ വിട്ടു. ചന്തയിൽ കൊല്ലപ്പെടാൻ കൊണ്ടുപോയ ആട്ടിൻകുട്ടികളെ സ്വന്തം മേലങ്കി നൽകി വാങ്ങി സ്വാതന്ത്ര്യത്തിലേക്ക് അയച്ചു. നിലത്ത് കിടക്കുന്ന മണ്ണിരകളെപ്പോലും വഴിപോക്കരുടെ കാൽച്ചുവട്ടിൽ പെടാതെ അവൻ വഴിയരികിലേക്ക് മാറ്റി കിടത്തുമായിരുന്നു.

കസൻദ്സാക്കിസ് തന്റെ “ദൈവത്തിന്റെ നിസ്വൻ” എന്ന നോവലിൽ ഫ്രാൻസിസ് ജീവജാലങ്ങളോട് കാട്ടിയ സഹാനുഭൂതിയെ കാവ്യാത്മകമായി വരച്ചുകാട്ടുന്നുണ്ട്: “ഫ്രാൻസിസ് താഴേക്ക് കുനിഞ്ഞ് ഒരു ചീവീടിനെ തന്റെ കൈവെള്ളയിലെടുത്തു. ‘പാടൂ, സഹോദരി ചീവീടേ, ദൈവത്തെ സ്തുതിക്കൂ,’ അവൻ മന്ത്രിച്ചു. ഉടൻതന്നെ ആ ചെറിയ ജീവി അവന്റെ കയ്യിലിരുന്ന് മധുരമായി പാടാൻ തുടങ്ങി. ഫ്രാൻസിസിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൻ ലിയോയോട് പറഞ്ഞു: ‘കേൾക്കൂ ലിയോ, ഈ ഭൂമിയിലെ ഏറ്റവും നിസ്സാരമായ ജീവനും ദൈവത്തെക്കുറിച്ച് ഓർത്ത് ഉരുകുകയാണ്. നാം മാത്രം അത് കാണാതെ പോകുന്നു.’

ഫ്രാൻസിസിന്റെ ആത്മീയയാത്ര ആരംഭിക്കുന്നത് തന്നെ സംസാരിക്കാൻ അറപ്പുള്ള ഭാഷകൾ സംസാരിച്ചുകൊണ്ടാണ്. കുഷ്ഠരോഗികളെ കണ്ടുമുട്ടുമ്പോൾ ഓടിയൊളിച്ചിരുന്ന സമ്പന്നനായ ഫ്രാൻസിസ്, റോഡരികിൽ ഒരു കുഷ്ഠരോഗിയെ കെട്ടിപ്പിടിച്ച് ചുംബിച്ച നിമിഷമാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പരിവർത്തനം. വേദന അനുഭവിക്കുന്ന മനുഷ്യന്റെ ശരീരത്തിലെ വ്രണങ്ങൾ ദൈവത്തിന്റെ നേരിട്ടുള്ള ഭാഷയാണെന്ന് അദ്ദേഹം അനുഭവിച്ചറിഞ്ഞു. ഈ തിരിച്ചറിവിൽ ഫ്രഞ്ച്-ലിത്വേനിയൻ തത്വചിന്തകനായ ലെവിനാസ് പിന്നീട് ഇപ്രകാരം എഴുതി: The first word of the face is “Thou shalt not kill.” എല്ലാ മുഖങ്ങളുടേയും ആദ്യ വാക്ക് “നീ എന്നെ കൊല്ലല്ലേ” എന്നാണ്. കല്ലെറിയപ്പെട്ട കുഷ്ഠരോഗിയുടെ വ്രണത്തിന്റെ ഭാഷ തിരിച്ചറിഞ്ഞ ദൈവത്തിന്റെ പോളിഗ്ലോട്ട്!

“ഫ്രാൻസിസ് താഴേക്ക് കുനിഞ്ഞ് ഒരു ചീവീടിനെ തന്റെ കൈവെള്ളയിലെടുത്തു. ‘പാടൂ, സഹോദരി ചീവീടേ, ദൈവത്തെ സ്തുതിക്കൂ,’ അവൻ മന്ത്രിച്ചു. ഉടൻതന്നെ ആ ചെറിയ ജീവി അവന്റെ കയ്യിലിരുന്ന് മധുരമായി പാടാൻ തുടങ്ങി. ഫ്രാൻസിസിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

ശരീരത്തിൽ കൊത്തിവെച്ച ദൈവിക ലിപിയായിരുന്നു ഫ്രാൻസിസിന്റെ കൈകളിലും കാലുകളിലും പാർശ്വത്തിലും പതിഞ്ഞ ക്രിസ്തുവിന്റെ പഞ്ചക്ഷതങ്ങൾ(Stigmata). ആ മുറിവുകളിലൂടെ അദ്ദേഹം തന്നെ ദൈവത്തിന്റെ ഒരു തിരുവെഴുത്തായി മാറി. ദൈവം ചിലപ്പോൾ മനുഷ്യനോട് സംവദിക്കുന്നത് വാക്കുകളിലൂടെയല്ല, മറിച്ച് സ്നേഹത്തിന്റെ മുറിവുകളിലൂടെയാണെന്നുള്ള ഓർമ്മപ്പെടുത്തൽ! ദൈവത്തിന്റെ പേനകൊണ്ട് സ്നേഹമുറിവിന്റെ ഭാഷ ശരീരപുസ്തകത്തിൽ എഴുതിയ പോളിഗ്ലോട്ട്!

പാശ്ചാത്യ ക്രൈസ്തവലോകത്തിന് ഇസ്ലാം “ശത്രുവിന്റെ” ഭാഷ മാത്രമായിരുന്ന കാലത്താണ് ഫ്രാൻസിസ് സുൽത്താൻ അൽ കമീലുമായി ദൈവത്തിന്റെ മഹത്വത്തെയും സ്നേഹത്തെയും കുറിച്ച് മണിക്കൂറുകളോളം സംസാരിച്ചത്. യുദ്ധത്തിന്റെ രണഭാഷയെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സാർവലൗകിക ഭാഷകൊണ്ട് നിഷ്പ്രഭമാക്കിയ ചരിത്രത്തിലെ അപൂർവ നിമിഷമായിരുന്നു അത്. നിരവധി സമ്മാനങ്ങൾ നൽകിയാണ് കുരിശുയുദ്ധ കാലത്ത് സുൽത്താൻ ഫ്രാൻസിസിനെ യാത്രയാക്കിയത്. (എന്നാൽ ആനക്കൊമ്പിൽ കൊത്തിയ ഒരു ചെറിയ കുഴൽ (horn) മാത്രമാണ് ഫ്രാൻസിസ് സ്വീകരിച്ചത്).

മരുഭൂമിയിലെ അബ്ബാ അന്തോണിയുടേതായുള്ള ഒരു പരാമർശമുണ്ട്: “എന്റെ പുസ്തകം, ദൈവത്തിന്റെ സൃഷ്ടിയായ ഈ പ്രകൃതിയാണ്. ദൈവം തരുന്ന വചനങ്ങൾ വായിക്കാൻ ഞാൻ ആഗ്രഹിക്കുമ്പോഴെല്ലാം അത് എന്റെ മുന്നിൽ തുറന്നു കിടക്കുന്നു. അതേ, ഫ്രാൻസിസ് ലോകം കണ്ട ഏറ്റവും വലിയ വായനക്കാരിലൊരാളായിരുന്നു, പ്രപഞ്ചഗ്രന്ഥത്തിന്റെയും വേദഗ്രന്ഥത്തിന്റെയും വായനക്കാരൻ! ക്രിസ്തു മനുഷ്യരുടെ ഭാഷ സ്വന്തമാക്കിയപ്പോൾ രണ്ടാം ക്രിസ്തുവെന്ന് വിളിക്കപ്പെട്ട ഫ്രാൻസിസ് ക്രിസ്ത്വാനുകരണത്തിൽ ഒരു പോളിഗ്ലോട്ടായി.

  • പിൻകുറിപ്പ്!

വള്ളത്തോൾ ഭാഷയിൽ പറഞ്ഞാൽ ഫ്രാൻസിസ് ലോക തറവാടിയാണ്: “ലോകമേ തറവാട്, തനിക്കീ ചെടികളും, പുൽക്കളും പുഴുക്കളും, കൂടിത്തൻ കുടുംബക്കാർ.”

logo
Sathyadeepam Online
www.sathyadeepam.org