എറണാകുളം-അങ്കമാലി അതിരൂപതയും വിശുദ്ധിയുടെ ഫലങ്ങളും

എറണാകുളം-അങ്കമാലി അതിരൂപതയും വിശുദ്ധിയുടെ ഫലങ്ങളും

വാഴ്ത്ത. സിസ്റ്റര്‍ റാണി മരിയ, ദൈവദാസന്മാരായ ജോസഫ് വിതയത്തില്‍ അച്ചന്‍, വര്‍ഗീസ് പയ്യപ്പിള്ളി അച്ചന്‍, മോണ്‍. ജോസഫ് സി. പഞ്ഞിക്കാരന്‍, ദൈവദാസി മദര്‍ മേരി സെലിന്‍, മോണ്‍. ജോസഫ് കണ്ടത്തില്‍, കാട്ടറാത്ത് വര്‍ക്കി അച്ചന്‍, ഡോ. സിസ്റ്റര്‍ ഫിദേലിസ് തളിയത്ത് എസ് ഡി എന്നിവര്‍ എറണാകുളം അതിരൂപതയില്‍ പിറവികൊണ്ടവരാണ്.

വിശുദ്ധി സഭയുടെ ഏറ്റവും സുന്ദരമായ മുഖമാണ്. 'ആനന്ദിച്ചാഹ്ലാദിക്കുവിന്‍' (Rejoice and Be Glad) എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ സഭാംഗങ്ങളുടെ ആന്തരിക പരിശുദ്ധികൊണ്ട് സുന്ദരമായി തീരുന്ന തിരുസഭയെ കുറിച്ച് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ പഠിപ്പിക്കുന്നു. വിശുദ്ധര്‍ക്ക് ജന്മം നല്കാതെ വന്ധ്യയായിരുന്ന കേരള സഭയെകുറിച്ച് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ അദ്ദേഹത്തിന്റെ ജീവിതകാലത്ത് ആകുലപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട്, കേരള സഭ പുണ്യവാന്മാരുടെ സഭയായി മാറുന്ന അത്ഭുത കാഴ്ചയാണ് നാം കാണുന്നത്. തിരുസഭയ്ക്ക് അഴകും അലങ്കാരവുമായി അനേകം വിശുദ്ധരെ പ്രദാനം ചെയ്യുവാന്‍ ഭാരത സഭയക്ക് ദൈവകൃപ ലഭിച്ചു. വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട അല്‍ഫോന്‍സാമ്മയും ചാവറയച്ചനും എവുപ്രാസ്യാമ്മയും മറിയം ത്രേസ്യയുമൊക്കെ കൊച്ചുകേരളത്തില്‍ നിന്നുള്ള ഭാരത സഭാരാമത്തിലെ പ്രോജ്വലതാരകങ്ങളാണ്. വിശുദ്ധിയിലേക്ക് അജഗണത്തെ നയിക്കാനും വളര്‍ത്താനും ഉയര്‍ത്താനും അനേകം ദൈവദാസരെയും ധന്യരെയും വാഴ്ത്തപ്പെട്ടവരെയും ആഗോള സഭയ്ക്ക് സമ്മാനിക്കുവാനും എറണാകുളം അതിരൂപതയ്ക്ക് കഴിഞ്ഞു എന്നത് ഈ ശതാബ്ദി അനുസ്മരണ വേളയില്‍ എടുത്തു പറയേണ്ട അഭിനന്ദാര്‍ഹമായ ഒരു നേട്ടമാണ്. 'നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും കൂടി സ്‌നേഹിക്കുക.... നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' (മത്തായി 22:37 40). പ്രഥമവും പ്രധാനവുമായ സുവിശേഷത്തിലെ ഈ കല്‍പ്പന ജീവിതശൈലി ആക്കി തിരുസഭയെ സമ്പന്നമാക്കിയ എറണാകുളം അതിരൂപതയില്‍ ജനിച്ചുവളര്‍ന്ന വിശുദ്ധാത്മാക്കളുടെ ജീവിതം ധ്യാനമാക്കുന്നത് ഈ അവസരത്തില്‍ ഉചിതമായി കരുതുന്നു.

അകാലത്തില്‍ പൊലിഞ്ഞ സഭാ താരകമായ, വാഴ്ത്തപ്പെട്ട രക്തസാക്ഷി, സിസ്റ്റര്‍ റാണി മരിയയുടെ ജനനം എറണാകുളം അതിരൂപതയിലെ പുല്ലുവഴി ഇടവകയില്‍ ആണ്. ദിവസവും വല്യമ്മച്ചിക്കൊപ്പം ദേവാലയത്തില്‍ പോകുവാനും, ദിവ്യബലിയില്‍ പങ്കുചേരാനും ഉത്തമ കത്തോലിക്ക വിശ്വാസത്തിലും ദൈവഭക്തിയിലും വളരാനും ഇടവകയില്‍ നിന്ന് ലഭിച്ച അനുകൂല സാഹചര്യങ്ങള്‍, മേരിക്കുഞ്ഞിന്റെ വ്യക്തിത്വത്തെ പാകപ്പെടുത്തുകയും 1972 ജൂലൈ മൂന്നാം തീയതി പതിനെട്ടാമത്തെ വയസ്സില്‍ എറണാകുളം അതിരൂപതയിലെ കിടങ്ങൂര്‍ ഉള്ള ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റുമഠത്തിലേക്കുള്ള പ്രവേശനത്തെ സുഗമമാക്കുകയും ചെയ്തു. ഉത്തരേന്ത്യയിലും മധ്യപ്രദേശിലും തീക്ഷ്ണമാര്‍ന്ന പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനത്തിന്റെ ഉന്നമനത്തിനായി യേശു സാക്ഷിയായി സുവിശേഷമായി മാറി. അക്ഷരജ്ഞാനമോ അറിവോ ഇല്ലാത്ത ദരിദ്രരായ ആദിവാസികളെ ഭൂവുടമകളുടെ ചൂഷണത്തില്‍ നിന്നും രക്ഷിക്കാന്‍ അവരുടെ സ്വരമായി മാറി സ്വജീവന്‍ ബലിയായി നല്‍കിയ ഈ സഭാ താരം പാവങ്ങളെ സ്‌നേഹിക്കുക എന്ന യേശുവിന്റെ പാവന ദൗത്യം പരിപൂര്‍ണ്ണതയില്‍ തന്നെ പൂര്‍ത്തിയാക്കി. 54 പ്രാവശ്യം കത്തിമുന ആഴത്തില്‍ ആഴ്ന്നിറങ്ങുമ്പോഴും നിശബ്ദരാക്കപ്പെട്ടവര്‍ക്ക് വേണ്ടി വാദിച്ച ആ നാവില്‍ നിന്ന് പുറപ്പെട്ടത് ക്ഷമയുടെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും മൂര്‍ത്തിമദ്ഭാവമായ യേശുവിന്റെ നാമം ആയിരുന്നു. 'ജയ് യേശു... ജയ് യേശു.' ഭാരതസഭയിലെ പ്രഥമ വനിതാ രക്തസാക്ഷിയായ, വിശ്വാസത്തിന്റെ കാലം മായ്ക്കാത്ത അടയാളമായ ഈ രക്തപുഷ്പം വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപെട്ടത് കത്തോലിക്കാസഭയ്ക്കു മാത്രമല്ല ഭാരതസഭയ്ക്കും എറണാകുളം അതിരൂപതയ്ക്കും ഏറെ അഭിമാനവും സന്തോഷവും പകരുന്നു. ഇനിയുമുണ്ട് എറണാകുളം അതിരൂപതയില്‍ പിറവികൊണ്ട്, കടന്നുപോയ വഴികളിലും കണ്ടുമുട്ടിയവരിലും കര്‍മ്മഭൂമിയിലും ക്രിസ്തുവിന്റെ മുദ്ര ചാര്‍ത്തിയ വിശുദ്ധ ജന്മങ്ങള്‍.

2015 ഡിസംബര്‍ 14ന് ധന്യനായി ഉയര്‍ത്തപ്പെട്ട പുത്തന്‍പള്ളി ഇടവകാംഗം ജോസഫ് വിതയത്തില്‍ അച്ചന്‍ വിശുദ്ധിയിലേക്കുള്ള വഴികളില്‍ വിശുദ്ധ മറിയം ത്രേസ്യാക്ക് മാര്‍ഗദര്‍ശിയായ വന്ദ്യ വ്യക്തിത്വമാണ്. പാവപ്പെട്ടവരോട് പക്ഷം ചേര്‍ന്ന വിതയത്തില്‍ അച്ചന്‍ ദൈവജനത്തിന്റെ ആത്മരക്ഷയില്‍ സദാ ജാഗരൂകത പുലര്‍ത്തി. പെരുമാറ്റത്തിലെ മാന്യതയും സംസാരത്തിലെ വിനയവും ആത്മീയതയിലെ പവിത്രതയും കൊണ്ട് നല്ല ഇടയനായ ഈശോയുടെ നേര്‍സാക്ഷ്യമായി അദ്ദേഹം മാറി.

എറണാകുളം അതിരൂപതയ്ക്ക് അഭിമാനാര്‍ഹമായ ഒരു സുന്ദര ദിനം ആയിരുന്നു 2018 ഏപ്രില്‍ 14. എറണാകുളം അങ്കമാലി അതിരൂപത വൈദികനും അഗതികളുടെ സഹോദരിമാര്‍ (SD) എന്ന സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനും ആയ ദൈവദാസന്‍ വര്‍ഗീസ് പയ്യപ്പിള്ളി അച്ചന്റെ വീരോചിത പുണ്യങ്ങള്‍ വത്തിക്കാന്‍ അംഗീകരിക്കുകയും അദ്ദേഹത്തെ ധന്യപദവിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു. യേശുവിന്റെ അനുകമ്പാര്‍ദ്ര സ്‌നേഹത്തിന്റെ തനിപ്പകര്‍പ്പായ പയ്യപ്പിള്ളി അച്ചന്റെ ജനനസ്ഥലം എറണാകുളം അതിരൂപതയിലെ പെരുമാനൂര്‍ ആണ്. ജീവിതത്തിലുടനീളം നിരാലംബരും അബലരുമായവര്‍ക്ക് അത്താണിയും ആശ്വാസവുമായി അദ്ദേഹം നിലകൊണ്ടു. പയ്യപ്പിള്ളി അച്ചന്റെ മാതൃക പിന്തുടര്‍ന്ന് പലതരത്തില്‍ വേദന അനുഭവിക്കുന്ന രോഗികളും അശരണരുമായ വൃദ്ധസഹോദരങ്ങള്‍ക്ക് അഗതികളുടെ സഹോദരിമാര്‍ നിസ്വാര്‍ത്ഥമായ പിന്തുണയേകുന്നു. ദുരിതം പേറുന്ന ദരിദ്ര ജനങ്ങളെ ഉദ്ധരിച്ച, അവശത അനുഭവിക്കുന്നവരെ നെഞ്ചിലേറ്റിയ, ആശയറ്റവര്‍ക്ക് പ്രത്യാശ നല്‍കിയ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഈ പുണ്യാത്മാവ് അതിരൂപതയ്‌ക്കെന്നും മാര്‍ഗദീപമാണ്.

ചേര്‍ത്തല മുട്ടം ഇടവകയില്‍ ജനിച്ച ദൈവദാസന്‍ മോണ്‍സിഞ്ഞോര്‍ ജോസഫ് സി. പഞ്ഞിക്കാരനും എറണാകുളം അതിരൂപതയിലെ വിശുദ്ധ താരകമാണ്. ക്രൂശിത രൂപ ധ്യാനത്തിലൂടെ ക്രിസ്തുവില്‍ നിന്നും സ്‌നേഹോര്‍ജം സ്വീകരിച്ചുകൊണ്ട് അനേകം മനുഷ്യാത്മാക്കളെ ക്രിസ്തുവിലേക്ക് രൂപാന്തരീകരിച്ച യുഗപ്രഭാവന്‍. കേരളത്തില്‍ കത്തോലിക്ക ആശുപത്രികള്‍ വിരളമായിരുന്ന കാലത്ത് ദരിദ്ര രോഗികളെ ചികിത്സിക്കാന്‍ അദ്ദേഹം ആശുപത്രികള്‍ സ്ഥാപിച്ചു. രോഗീശുശ്രൂഷയിലൂടെ സുവിശേഷം ജീവിക്കുന്ന എം എസ് ജെ. (മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ്) സഭയുടെ സ്ഥാപകനാണ് പഞ്ഞിക്കാരനച്ചന്‍. പാവങ്ങളോട് അതിരറ്റ കാരുണ്യം കാട്ടിയ അദ്ദേഹത്തിന്റെ പുണ്യ വഴികള്‍ നമുക്കു മാതൃകയാക്കാം.

ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ട കര്‍മ്മലീത്ത സന്യാസിനി സമൂഹാംഗം (സി എം സി) മദര്‍ മേരി സെലിനും എറണാകുളം അങ്കമാലി അതിരൂപതയിലെ അഭിമാന താരമാണ്. മള്ളൂശ്ശേരി തട്ടാട് പയ്യപ്പിള്ളി കുടുംബത്തിലാണ് മദര്‍ മേരി സെലിന്റെ ജനനം. ആന്തരിക ജീവിതത്തിന്റെ ആഴവും വിശുദ്ധിയും, ആത്മീയതയുടെ ആന്തരിക സൗന്ദര്യവും ആഴത്തില്‍ അനുഭവിച്ചറിഞ്ഞ മദര്‍ മേരി സെലിന്‍ സി എം സി സന്യാസിനി സമൂഹത്തിന്റെ നേതൃത്വ നിരയില്‍ ശക്തമായ ഒരു ദൈവസാന്നിധ്യ അടയാളമായിരുന്നു. ത്യാഗനിര്‍ഭരമായ ഈ ജീവിതത്തിന്റെ മഹനീയതയും വ്യക്തിത്വ സവിശേഷതകളും അനേകായിരങ്ങളെ ദൈവിക വഴിയിലേക്ക് ആനയിച്ചു. കല്‍ത്തൂണില്‍ ബന്ധിതനായി ചാട്ടവാറടിയേറ്റ ക്രൂശിതനോട് ഒട്ടി നിന്ന് പരുവപ്പെടുത്തിയെടുത്ത ആധ്യാത്മിക വീക്ഷണവും, കത്തുന്ന താപസികതയും ലളിതജീവിതവും വരും തലമുറയ്ക്ക് പ്രചോദനവും വെല്ലുവിളിയും ആണ്.

കേരളത്തിന്റെ ഡാമിയന്‍ എന്ന അപരനാമമുള്ള മോണ്‍സിഞ്ഞോര്‍ ജോസഫ് കണ്ടത്തിലും എറണാകുളം അതിരൂപതയുടെ അഭിമാന പുത്രനാണ്. 1904ല്‍ വൈക്കത്ത് ജനിച്ച അദ്ദേഹം കുഷ്ഠരോഗികള്‍ക്ക് വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. ജീവിതം മുഴുവന്‍ അപരനുവേണ്ടി എരിഞ്ഞുതീര്‍ത്ത ഈ സന്യാസ വര്യന്‍ യേശുവിന്റെ അനുകമ്പയുള്ള സ്‌നേഹമുഖമാണ്. അവഗണിക്കപ്പെട്ട വരും അധ:സ്ഥിതരും തിരസ്‌കൃതരുമായ പാവങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ജീവിതം ഉഴിഞ്ഞു വച്ചു. ഗ്രീന്‍ ഗാര്‍ഡന്‍സ് സ്ഥാപനങ്ങളുടെയും അമലോല്‍ഭവ മാതാവിന്റെ അസീസി സഹോദരിമാര്‍ എന്ന സന്യാസിനി സമൂഹത്തിന്റെയും സ്ഥാപകനാണ് അദ്ദേഹം. കനിവ് നിറഞ്ഞ ഈ കര്‍മ്മയോഗി അവശേഷിപ്പിച്ച നന്മയുടെ പാതകള്‍ നമുക്കും പിന്തുടരാം.

14 നവംബര്‍ 2019 ന് ദൈവദാസനായി ഉയര്‍ത്തപ്പെട്ട കാട്ടറാത്ത് വര്‍ക്കി അച്ചനും അതിരൂപതയുടെ അഭിമാനമാണ്. വിന്‍സെന്‍ഷ്യന്‍ സഭാ സ്ഥാപകനായ അദ്ദേഹം തോട്ടകത്തെ തപോവര്യന്‍ എന്നറിയപ്പെടുന്നു. ആര്‍ദ്രഹൃദയനായ ഈ മനുഷ്യസ്‌നേഹിയെ ജീവിതകാലത്ത് തന്നെ ജനം പുണ്യചരിതന്‍ എന്ന് വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉറച്ച ആത്മീയതയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുള്ള കരുണാ സമീപനങ്ങളും, തപോജീവിതവും അനുകരണാര്‍ഹമാണ്.

എറണാകുളം അതിരൂപതയ്ക്ക് സന്തോഷത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും അതിവിശിഷ്ഠമായ മറ്റൊരു ദിനമായിരുന്നു 2021 ജൂലൈ 14. പുത്തന്‍പള്ളി ഇടവകയില്‍ ജനിച്ചു വളര്‍ന്ന അനുകമ്പയുടെ മിഷനറി ഡോക്ടറായ സിസ്റ്റര്‍ ഫിദേലിസ് തളിയത്ത് എസ് ഡി യുടെ ദൈവദാസ പദവി, എറണാകുളം അതിരൂപതയ്ക്ക് മറ്റൊരു പൊന്‍തൂവലാണ്. അനാഥരായ അനേകം അമ്മമാരെയും ശിശുക്കളെയും പരിപാലിച്ച ഈ കാരുണ്യത്തിന്റെ മാലാഖ വേദനിക്കുന്നവരുടെ കണ്ണിലെ ദൈന്യത തിരിച്ചറിഞ്ഞ് നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്നു. യേശുവിന്റെ കരുണാര്‍ദ്ര സ്‌നേഹത്തിന്റെ മുഖമായി മാറി ഉദാരമനസ്സോടെ ശുശ്രൂഷ വേദികളെ ധന്യമാക്കി.

ഇവരൊക്കെ വിശുദ്ധിയുടെ വഴിത്താരയില്‍ നമ്മുക്ക് മാതൃകയായി ഉയര്‍ത്തപ്പെട്ടവരാണ്. ഇനിയും അനേകം വിശുദ്ധ ജീവിതങ്ങള്‍ നമ്മുക്ക് പ്രചോദനം നല്കുന്നുണ്ട്. ഈ വിശുദ്ധരുടെ ജീവിതത്തില്‍ അവര്‍ ആയിരുന്ന സാഹചര്യങ്ങള്‍, വിശിഷ്യാ, വിശ്വാസ ജീവിതത്തിന്റെ പാതയില്‍ മാര്‍ഗദര്‍ശനം നല്കിയ ഇടവക ദേവാലയം, വേദോപദേശ ക്ലാസുകള്‍, ഭക്ത സംഘടനകള്‍ എല്ലാം നാം തിരിച്ചറിയപ്പെടേണ്ടതാണ്. അവിടെയാണ് രൂപതയുടെ സ്ഥാനം സവിശേഷമായ ഒന്നായി മാറുന്നത്. എറണാകുളം അതിരൂപത വന്ധ്യയല്ല, അവള്‍ വിശുദ്ധരുടെ ഭവനം പണിതവളാണ്, പണിയുന്നവള്‍ ആണ്. ഇവിടെയുള്ള അജപാലകരുടെയും സമര്‍പ്പിതരുടെയും അത്മായ ശുശ്രൂഷകരുടെയും ദൈവവേലകള്‍ ഫലം ചൂടാതെയിരുന്നിട്ടില്ല. ഫലങ്ങളില്‍ നിന്ന് വൃക്ഷങ്ങളെ മനസിലാക്കാം.

വിശുദ്ധര്‍ വിശ്വാസത്തിന് തീപിടിച്ചവരായിരുന്നു. നോക്കിലും വാക്കിലും കര്‍മ്മത്തിലും അഭേദ്യമാംവിധം ദൈവത്തോട് ചേര്‍ന്ന് നിന്ന് ദൈവവചനത്തിന് ജീവന്‍ കൊടുത്തവര്‍. 'നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍, നിന്റെ കാതുകള്‍ പിന്നില്‍ നിന്ന് ഒരു സ്വരം ശ്രവിക്കും; ഇതാണു വഴി, ഇതിലേ പോവുക' (ഏശയ്യാ 30:21). ദൈവാത്മാവിന്റെ സ്വരം കേട്ട് വിശുദ്ധിയുടെ തനിമയാര്‍ന്ന പാത കണ്ടെത്തി അതിലൂടെ ചരിച്ചവരാണ് വിശുദ്ധാത്മാക്കള്‍. വിശുദ്ധിയിലേക്കുള്ള പ്രയാണത്തില്‍ ഓരോ വിശ്വാസിക്കും സഹ സഞ്ചാരികളും പ്രചോദകരും ആണ് അവര്‍. 'നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപ്പന്തയം സ്ഥിരോല്‍സാഹത്തോടെ നമുക്ക് ഓടി തീര്‍ക്കാം. നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂര്‍ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടുവേണം നാം ഓടാന്‍; അവന്‍ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്ഷിച്ച്, അവമാനം വകവയ്ക്കാതെ, കുരിശ് ക്ഷമയോടെ സ്വീകരിച്ചു. ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് അവന്‍ അവരോധിക്കപ്പെടുകയും ചെയ്തു' (ഹെബ്രായര്‍ 12:12). വിശുദ്ധിക്ക് വേണ്ടിയുള്ള അതിരൂപതയുടെ പ്രയത്‌നങ്ങളില്‍ ഉത്സാഹത്തോടെ പങ്കുചേരാം. വിശ്വാസികളുടെ വിശുദ്ധിയാണ് അതിരൂപതയുടെ ശക്തി. തിരുസഭയുടെ സമ്പത്ത്. ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്‌ബോധിപ്പിക്കും പോലെ സുവിശേഷത്തിന്റെ സന്തോഷവും സുഗന്ധവും പ്രസരിപ്പിക്കുന്നതിനും സഭ മുഴുവനും പ്രകാശമാനമാക്കുന്നതിനും നമുക്ക് വിശുദ്ധരാകാം. വിശുദ്ധിയില്‍ ഇനിയും അതിവേഗം ബഹുദൂരം മുന്നേറാനും വിശുദ്ധാത്മാക്കളെ തിരുസഭയ്ക്ക് സമ്മാനിക്കാനും നമ്മുടെ അതിരൂപതയ്ക്ക് കഴിയട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org