സ്വതന്ത്രരാകേണ്ട ദൈവജനം

വിയാനി വിശുദ്ധന്റെ തിരുനാളില്‍ (ആഗസ്റ്റ് 4) വികാരിയച്ചന്മാരുടെ ജീവിതവഴികളിലൂടെ ഒരു ഓട്ടപ്രദക്ഷിണം.
സ്വതന്ത്രരാകേണ്ട ദൈവജനം
Published on
  • ഫാ. ഡെന്നിസ് മണ്ണൂര്‍

ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയയെ ഒരു മണ്ടന്‍ എന്ന് വിശേഷിപ്പിക്കുന്നത് പതിവാണ്. 'വിശുദ്ധ ജോണ്‍ മരിയ വിയാനി : ഒരു പുനര്‍വായന'' എന്ന പുസ്തകത്തില്‍ വിയാനി ഒരു മണ്ടനല്ല എന്നു സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുള്ളയാളാണു ഞാന്‍. അദ്ദേഹം ആര്‍സില്‍ വികാരിയായി എത്തുകയും 20 ലക്ഷത്തോളം പേരുടെ മാനസാന്തരത്തിന് ഇടയാക്കുകയും ചെയ്തു. അവരെ രാജ്യത്തിന് നന്മയുള്ളവരാക്കി അദ്ദേഹം മാറ്റി. ആത്മീയമായ ഒരു രണ്ടാം ഫ്രഞ്ച് വിപ്ലവം എന്ന് അതിനെ വിശേഷിപ്പിക്കാം. ഒരു വികാരിയച്ചന്റെ ജീവിതം സമൂഹത്തില്‍ വിപ്ലവം സൃഷ്ടിക്കുന്നു.

പൗരോഹിത്യത്തിലേക്ക് പ്രവേശിക്കുമ്പോള്‍ എന്റെ മനസ്സില്‍ രണ്ട് കാര്യങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന്, ഇത് ശുശ്രൂഷാപൗരോഹിത്യമാണ്. രണ്ട്, ലഭ്യത. പൗരോഹിത്യം ശുശ്രൂഷയ്ക്കുള്ളതാണെന്ന ബോധ്യവും പുരോഹിതന്‍ സദാ ദൈവജനത്തിന് ലഭ്യമായിരിക്കേണ്ടവനാണെന്ന ചിന്തയും എന്നും കാത്തുസൂക്ഷിച്ചു പോന്നിട്ടുണ്ട്. അത് എന്റെ കഴിവുകൊണ്ടാണെന്ന് അവകാശപ്പെടുന്നില്ല, ദൈവത്തിന്റെ കൃപയാണ്. പക്ഷേ ഇതു രണ്ടും നഷ്ടപ്പെടാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. വൈദികന്റെ സാന്നിധ്യം സഭയുടെ സാന്നിധ്യമാണ്. ആ സാന്നിധ്യം ജനങ്ങള്‍ക്ക് എപ്പോഴും ലഭ്യമാക്കാന്‍ സാധിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. ആരാധനയ്ക്കായി ദൈവത്തെ ഒരുമിച്ചുകൂട്ടുന്ന ഒരു ദൗത്യമാണ് പുരോഹിതനുള്ളത്. ആരാധനാസമൂഹങ്ങളാണ് ഓരോ ഇടവകയും. ആരാധനയ്ക്കായി അവരെ സഹായിക്കുക. അധികാരം അല്ല ഇവിടെ ആവശ്യം. ജനത്തെ ആരാധനാ സമൂഹമായി നിലനിര്‍ത്തുക, അവര്‍ ദൈവത്തെ മഹത്വപ്പെടുത്തുക, അവര്‍ പരസ്പരം നന്മ ചെയ്യുക അതിനു നേതൃത്വം നല്‍കലാണ് വികാരിയുടെ ദൗത്യം.

ഒരു പുതിയ ഇടവകയില്‍ ചെല്ലുമ്പോള്‍ തുടക്കത്തില്‍ ആശയവിനിമയത്തിന്റേതായ ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടായെന്ന് വരാം. പക്ഷേ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകും. തുടര്‍ന്ന് സ്ഥലം മാറിപ്പോരുന്നതുവരെ ദൈവജനത്തിന്റെ സമ്പൂര്‍ണ്ണ പിന്തുണ ലഭിക്കാറുണ്ട്. കാരണം നമ്മുടെ ഉദ്ദേശ്യം അവരെ സഹായിക്കുക എന്നതാണെന്ന് അവര്‍ മനസ്സിലാക്കുന്നു. ഇടവക സമൂഹത്തിനുവേണ്ടിയാണ് വൈദികന്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ക്ക് വേറെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഇല്ല എന്നും ജനത്തിന് ബോധ്യമായാല്‍ അവര്‍ വൈദികരുടെ കൂടെ നില്‍ക്കും. സ്ഥലം മാറി ചെല്ലുന്ന ഒരു പുരോഹിതനില്‍ നിന്ന് ആ ബോധ്യം കിട്ടാന്‍ ഒരുപക്ഷേ കുറച്ചു മാസങ്ങള്‍ എടുത്തേക്കാം എന്ന് മാത്രം.

പൗരോഹിത്യജീവിതത്തില്‍ ഏറ്റവും നിര്‍വൃതി പകര്‍ന്ന ഘടകം ജനങ്ങള്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി ദിവ്യബലി അര്‍പ്പിക്കുക എന്നത് തന്നെയാണ്. ദിവ്യബലിയും ദൈവാരാധനയും ജനത്തിന് അനുഭവം പകരുന്ന വിധത്തില്‍ ആക്കി മാറ്റുക. ദിവ്യബലി അര്‍പ്പിക്കുമ്പോള്‍ എപ്പോഴും ജനങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിക്കാറുണ്ട്. ജനം എങ്ങനെയായിരിക്കും ഇതിനെ മനസ്സിലാക്കുക, അവര്‍ക്ക് എപ്രകാരമായിരിക്കും ഇത് അനുഭവപ്പെടുക എന്ന ആലോചന എപ്പോഴുമുണ്ടാകും. അതനുസരിച്ച് ദിവ്യബലിയും പ്രസംഗവും പ്രാര്‍ത്ഥനകളും ക്രമീകരിക്കും. ജനങ്ങള്‍ ഉടനെ വന്ന് അതു നന്നായി എന്നൊന്നും പറഞ്ഞേക്കില്ലെങ്കിലും വൈദികന് അതു നല്‍കുന്ന സംതൃപ്തി വളരെ വലുതാണ്.

മരണം നടക്കുന്ന വീടുകളില്‍ കൂടെക്കൂടെ ചെല്ലുന്നതും അവരുടെ കൂടെയിരുന്ന് പ്രാര്‍ത്ഥിക്കുന്നതും ഹൃദയസ്പര്‍ശിയായ അനുഭവങ്ങളാണ്. ദുഃഖത്തിന്റെ വേളയില്‍ മാത്രമല്ല, കല്യാണം പോലുള്ള സന്ദര്‍ഭങ്ങളിലും ജനങ്ങളോടൊപ്പം ആയിരിക്കും. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളോടൊപ്പം ആയിരിക്കുന്ന ശുശ്രൂഷ സന്തോഷം പകരുന്നതാണ്.

ദൈവം മനുഷ്യര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ജനങ്ങളെ സ്വതന്ത്രരായി വിടുന്ന ഒരു സമീപനമാണ് ഞാന്‍ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. ബലം പിടിച്ചു കൊണ്ടോ പേടിപ്പിച്ചു കൊണ്ടോ ജനത്തെ പള്ളിയിലേക്ക് കൊണ്ടുവരുന്നതില്‍ അര്‍ത്ഥമില്ല.

വെഞ്ഞാറമൂട് വികാരിയായിരിക്കുമ്പോള്‍ അഞ്ചു വയസ്സുള്ള ഒരു കുഞ്ഞ് റോഡ് ക്രോസ് ചെയ്യുമ്പോള്‍ അപകടത്തില്‍ മരിച്ചു. നാടുമുഴുവന്‍ കരഞ്ഞുപോയ ഒരു സംഭവമായിരുന്നു. ഹൈന്ദവരായിരുന്നു അവര്‍. കുഞ്ഞിന്റെ മാതാപിതാക്കള്‍ ആ കുഞ്ഞിനെ പള്ളിയില്‍ അടക്കണം എന്ന് നിര്‍ബന്ധിച്ചു. കാരണം, ആ കുഞ്ഞും അതിന്റെ ചേച്ചിയും എപ്പോഴും പള്ളിയില്‍ വന്നിരിക്കാറുണ്ട്. അവര്‍ അമ്പലത്തിലും പോകുന്നവരാണ്. എങ്കിലും, കുഞ്ഞിന്റെ ആഗ്രഹങ്ങള്‍ മനസ്സിലാക്കിയിട്ടോ എന്തോ മാതാപിതാക്കള്‍ കുഞ്ഞിനെ പള്ളിയില്‍ അടക്കണം എന്ന് പറഞ്ഞു. ഞങ്ങള്‍ അത് സമ്മതിച്ചു. ആയിരക്കണക്കിനാളുകള്‍ ആ മൃത സംസ്‌കാരകര്‍മ്മത്തില്‍ അന്ന് പങ്കെടുത്തു. എന്റെ മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്ന ഒരു ദൃശ്യമാണ് ഇന്നും അത്. മറ്റൊരിക്കല്‍ വെള്ളം തീരെ കിട്ടാതിരുന്ന ഒരു പ്രദേശത്ത് ഞാന്‍ തന്നെ ചെന്ന് കിണറിനു സ്ഥാനം കാണണമെന്ന് അവിടെയുള്ള അക്രൈസ്തവസഹോദരങ്ങള്‍ ആവശ്യപ്പെട്ടു. സ്ഥിരമായി കിണറിനു സ്ഥാനം കാണുന്ന ആളൊന്നുമല്ല ഞാന്‍. പക്ഷേ ഒരു പുരോഹിതന്‍ വേണമെന്ന് അവര്‍ക്ക് നിര്‍ബന്ധം. ഞാന്‍ പ്രാര്‍ത്ഥനാഗ്രൂപ്പുകളില്‍ പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെട്ടു, സ്വയം തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചു. അവിടെ ചെന്ന് സ്ഥാനം കണ്ടു. ആ കിണര്‍ ഇന്നും വേനലുകളില്‍ ഉള്‍പ്പെടെ ജനത്തിനു മുഴുവന്‍ ജലം നല്‍കി നിലനില്‍ക്കുന്നു. ജനത്തിന് സംലഭ്യരായി വൈദികര്‍ നിലകൊള്ളുമ്പോള്‍ ദൈവം അവരിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

ദൈവജനത്തിന് നീതി കിട്ടുക എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഇടവകയില്‍ എല്ലാവര്‍ക്കും തുല്യ പരിഗണനയും തുല്യനീതിയും ഉണ്ടായിരിക്കണം. മതം ഒരിക്കലും മനുഷ്യരെ അടിമകളാക്കാന്‍ ഉള്ളതല്ല, സ്വതന്ത്രരാക്കാന്‍ ഉള്ളതാണ്. മതത്തിന്റെ പേര് പറഞ്ഞ് മനുഷ്യരെ അടിമകളാക്കാന്‍ പാടില്ല. ദൈവം മനുഷ്യര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ജനങ്ങളെ സ്വതന്ത്രരായി വിടുന്ന ഒരു സമീപനമാണ് ഞാന്‍ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. ബലം പിടിച്ചു കൊണ്ടോ പേടിപ്പിച്ചു കൊണ്ടോ ജനത്തെ പള്ളിയിലേക്ക് കൊണ്ടുവരുന്നതില്‍ അര്‍ത്ഥമില്ല. ജനങ്ങള്‍ തങ്ങളുടെ സ്വന്തം ബോധ്യത്തില്‍ നിന്നായിരിക്കണം പള്ളിയുമായി സഹകരിക്കേണ്ടത്.

വൈദികര്‍ കുട്ടികളുടെ മനഃശാസ്ത്രവും യുവജനങ്ങളുടെ മനഃശാസ്ത്രവും അത്യാവശ്യം അറിഞ്ഞിരിക്കേണ്ടതാണ്. ഇളകി മറിയുന്ന ഒരു പ്രായമാണ് യൗവനം. ഒന്നിലും ഉറച്ചു നില്‍ക്കാന്‍ അവര്‍ക്കായെന്നു വരില്ല. നമ്മളും അതേ അവസ്ഥയിലൂടെ കടന്നുപോന്നവരാണെന്നുള്ളത് വൈദികരാകട്ടെ, മുതിര്‍ന്നവരാകട്ടെ പലപ്പോഴും മറന്നു പോകാറുണ്ട്. നിര്‍ബന്ധം യുവജനങ്ങള്‍ക്ക് ഇഷ്ടപ്പെടുകയില്ല. നമ്മളെ പഠിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള സമയം അവര്‍ക്ക് കൊടുക്കുക. അതിനുശേഷം നമ്മുടെ ആത്മാര്‍ത്ഥത ബോധ്യപ്പെട്ടാല്‍ അവര്‍ സഹകരിക്കും.

ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ വൈദികനാകാന്‍ പോകാന്‍ ആഗ്രഹിച്ച ആളാണ്. പക്ഷേ വീട്ടുകാര്‍ സമ്മതിച്ചില്ല. പ്ലസ് ടു കഴിഞ്ഞപ്പോഴും എതിര്‍ത്തു. ഡിഗ്രി കഴിഞ്ഞ സമയം 1997 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഒരു മിഷന്‍ സന്ദേശം ഉണ്ടായിരുന്നു. ലോകത്തിന് വൈദികരെ ആവശ്യമുണ്ട് എന്നുള്ളതായിരുന്നു ആ സന്ദേശത്തിന്റെ കാതല്‍. അതുകേട്ടതോടെ പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല. എന്റെ തീരുമാനം ഉറച്ചതായി. ഞങ്ങള്‍ ആറു മക്കളാണ്. എനിക്കു താഴെ രണ്ട് സഹോദരിമാര്‍ ഉണ്ട്. അവരെ ചൂണ്ടിക്കാട്ടി അമ്മ ചോദിച്ചു, നീ പോയാല്‍ ഈ കുട്ടികളുടെ കാര്യം ആരും നോക്കും? ഒന്നും നോക്കാതെ കണ്ണുംപൂട്ടി ഒരു മറുപടി ഞാന്‍ പറഞ്ഞു, ഞാന്‍ മരിച്ചു പോയാല്‍ ഇവരുടെ കാര്യം ആരും നോക്കും? അതിനു മറുപടി ഇല്ലല്ലോ.

ഇടവക വികാരിയുടെ ജീവിതത്തില്‍ എനിക്ക് ഒരിക്കലും ഏകാന്തത അനുഭവപ്പെട്ടിട്ടില്ല. വികാരിക്ക് പുറമേ സംഘടനകളുടെയും മറ്റും ഉത്തരവാദിത്തങ്ങളും ഉണ്ടായിരുന്നു. പ്രവര്‍ത്തിക്കാന്‍ സമയം കിട്ടാത്ത പ്രശ്‌നം മാത്രമേയുള്ളൂ.

  • (നെയ്യാറ്റിന്‍കര രൂപതയിലെ പാറശ്ശാല ഫൊറോന വികാരി.)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org