വിശുദ്ധിയുടെ സ്വാതന്ത്ര്യം നമ്മെയും സ്വര്‍ഗ്ഗത്തിലെത്തിക്കും

വിശുദ്ധിയുടെ സ്വാതന്ത്ര്യം നമ്മെയും സ്വര്‍ഗ്ഗത്തിലെത്തിക്കും
നസ്രത്തിലെ ആ പെണ്‍കുട്ടിയുടെ സമ്മതമറിയാന്‍ തന്റെ മാലാഖയെ അയച്ച് കാത്തുനില്‍ക്കുന്ന ദൈവം. ഏറ്റവും നിസ്സാരരായ മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന ദൈവം! ദൈവം കൊടുത്ത സ്വാതന്ത്ര്യം മറിയം ഏറ്റവും നന്നായി വിനിയോഗിച്ചു. ''ഇതാ കര്‍ത്താവിന്റെ ദാസി.''

വിശുദ്ധയായ ഒരമ്മ സ്വാതന്ത്ര്യത്തിന്റെ ശരിയായ വിനിയോഗത്തിലൂടെ സ്വര്‍ഗ്ഗരാജ്ഞിയായി. വിശുദ്ധി, സ്വാതന്ത്ര്യം, സ്വര്‍ഗ്ഗം എന്നീ മൂന്ന് പദങ്ങളെ ക്രൈസ്തവ പരിപ്രേക്ഷ്യത്തില്‍നിന്ന് വിലയിരുത്തുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

വിശുദ്ധി

വിശുദ്ധരെക്കുറിച്ച് സമൂഹം എപ്പോഴും ചില പൊതുധാരണകള്‍ വച്ചു പുലര്‍ത്താറുണ്ട്. പുരാണങ്ങളിലെ ദേവസങ്കല്പങ്ങള്‍ പോലെ ചിലര്‍ അവരെ ഭൂമിയില്‍നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന അതിമാനുഷരായി ചിത്രീകരിക്കാറുണ്ട്. ശരീരത്തിന്റെ പരിമിതികളെ അതിജീവിക്കുന്ന അതികായന്മാരായും ഭൗതികനിയമങ്ങള്‍ ബാധകമല്ലാത്ത അസാധാരണ ജന്മങ്ങളായുമൊക്കെ കടുംചായത്തില്‍ അവരെ ചിത്രീകരിക്കാറുണ്ട്. മരണശേഷം അവരുടെ ശരീരം അഴുകുന്നില്ലെന്നു മാത്രമല്ല, ചിലപ്പോ അവരുടെ ശരീരത്തില്‍നിന്ന് പരിമളമുയരുകയും ചെയ്യും. വിരസതയോ നിരാശയോ തീണ്ടാത്ത പ്രലോഭനങ്ങളെന്തെന്നറിയാത്തവരായാണ് ചില ജീവചരിത്രങ്ങളിലെങ്കിലും അവരെ അവതരിപ്പിക്കുന്നത്. ഇത്തരം പ്രതിഭാസങ്ങള്‍ അസാദ്ധ്യമാണെന്നല്ല പറഞ്ഞുവരുന്നത്. എന്നാല്‍ ഇത്തരം അതിമാനുഷ സങ്കല്പങ്ങളെ തിരുത്തിക്കുറിച്ച ഒരു ജീവിതമായിരുന്നു പരിശുദ്ധ അമ്മയുടേത്.

കുന്തിരിക്കത്തിന്റെ മണമുള്ളിടത്തേ ദൈവമുള്ളൂ എന്നു പറയുന്നവരോട് ആ അമ്മ പറഞ്ഞു: ''പുല്‍ക്കൂട്ടിലെ ചാണകഗന്ധമുള്ളിടത്തും ദൈവമുണ്ട്''; വിജയിക്കുന്നിടത്തു മാത്രമേ ദൈവമുള്ളൂ എന്നു പറഞ്ഞവരോട് മറിയം പറയുന്നു: ''കാല്‍വരിയുടെ കണ്ണീരിനിടയിലും ദൈവം പ്രവര്‍ത്തന നിരതനാണ്''; വ്യാകുല വാളുകള്‍ക്കിടയ്ക്കും ദൈവമുണ്ട്. ഒരു സാ ധാരണ ജീവിതത്തിന്റെ എല്ലാ സം ഘര്‍ഷങ്ങളിലും ദൈവസാന്നിദ്ധ്യാവബോധത്തോടെ അതിജീവിച്ച മറിയം നമ്മോടു പറയുന്ന വചനമിതാണ്: ''ഒരേ പ്രലോഭനം തന്നെയാണ് പാപിയെയും വിശുദ്ധനെയും സൃഷ്ടിക്കുന്നത്.'' മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവരാണെങ്കിലും വിണ്ണിലേക്കുയരാനുള്ള വിളി പച്ചമണ്ണില്‍ ചവിട്ടി നിന്നുകൊണ്ടുതന്നെ ഉള്‍ക്കളത്തില്‍ അറിഞ്ഞവരാണ് വിശുദ്ധര്‍. അതെ, വി. അഗസ്റ്റിന്‍ പറയുന്നതുപോലെ ''ഭൂതകാലമില്ലാത്ത വിശുദ്ധനില്ല, ഭാവിയില്ലാത്ത പാപിയില്ല.''

സ്വാതന്ത്ര്യം

സ്വാതന്ത്ര്യത്തിന്റെ ശരിയായ വിനിയോഗം വഴിയാണ് മറിയം വിശുദ്ധിയിലേക്കും, സ്വര്‍ഗ്ഗത്തിലേക്കുമുയര്‍ന്നത്. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നവ ഉദാരവാദ (neo liberal) സമീപനങ്ങള്‍ ദൈവത്തെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നവയാണ്. മനുഷ്യപുരോഗതിക്കുവേണ്ട അഗ്നി കൊടുക്കാതെ അത് സ്വര്‍ഗ്ഗത്തില്‍ പിടിച്ചുവെച്ച സേയൂസ് ദേവനെപ്പോലെയാണ് ദൈവമെന്ന് ധരിച്ചുവശായ നവനാസ്തികര്‍ (new atheists) ദൈവം മനുഷ്യസ്വാതന്ത്ര്യത്തിന് ഒരു വിലങ്ങു തടിയാണെന്ന് പ്രചരിപ്പിച്ചു. എന്നാല്‍ ബൈബിള്‍ മുന്നോട്ടു വയ്ക്കുന്ന ദൈവസങ്കല്പം മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതാണ്. ഗ്രീക്ക് പുരാണത്തിലെ സേയൂസിനെപ്പോലുള്ളവര്‍ പിടിച്ചുവച്ച അഗ്നിയെ മനുഷ്യര്‍ക്കായി ഇറക്കിക്കൊണ്ടു വന്നവനാണ് ക്രിസ്തു. ഞാന്‍ വന്നിരിക്കുന്നത് ജീവനുണ്ടാകാനും അത് സമൃദ്ധിയായി ഉണ്ടാകാനും വേണ്ടിയാണെന്നു പറഞ്ഞ ക്രിസ്തുവചനം ഇതിന് ഉദാഹരണമാണ്. വിശുദ്ധ ഗ്രന്ഥത്തിലെ ദൈവം എല്ലാവരും അവഗണിച്ച മറിയത്തിന്റെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന ദൈവമാണ്. സര്‍വ്വശക്തനായ ദൈവത്തിന് മറിയത്തോട് ഒന്ന് ആജ്ഞാപിച്ചാല്‍ മതി, തന്റെ പുത്രന്റെ അമ്മയാകാന്‍. എന്നാല്‍ നസ്രത്തിലെ ആ പെണ്‍ കുട്ടിയുടെ സമ്മതമറിയാന്‍ തന്റെ മാലാഖയെ അയച്ച് കാത്തുനില്‍ക്കുന്ന ദൈവം. ഏറ്റവും നിസ്സാരരായ മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന ദൈവം! ദൈവം കൊടുത്ത സ്വാതന്ത്ര്യം മറിയം ഏറ്റവും നന്നായി വിനിയോഗിച്ചു. ''ഇതാ കര്‍ത്താവിന്റെ ദാസി.'' ഈ വാക്കുകള്‍ സ്വാതന്ത്ര്യത്തിന്റെ ശരിയായ വിനിയോഗത്തിലൂടെ മറിയം സ്വര്‍ഗ്ഗരാജ്ഞിയായി. സ്വര്‍ഗ്ഗവും നരകവും ഓരോരുത്തരും തെരഞ്ഞെടുക്കുന്നത് ദൈവം തരുന്ന സ്വാതന്ത്ര്യത്തിന്റെ ശരിയായ വിനിയോഗമോ/ദുരുപയോ ഗമോ വഴിയാണ്. വചനം പറയുന്നു: ''ഇതാ ജീവനും മരണവും ഞാന്‍ നിന്റെ മുമ്പില്‍ വയ്ക്കുന്നു.'' ദൈവം തന്ന സ്വാതന്ത്ര്യത്തിന്റെ വിനിയോഗമല്ലേ നമ്മുടെ രക്ഷയുടെ ആധാരം. ആ അര്‍ത്ഥത്തില്‍ സ്വാതന്ത്ര്യത്തിന്റെ തെരഞ്ഞെടുപ്പ് പരമപ്രധാനമാണ്. 'നമുക്കു നാമേ പണിവതു നാകം, നരകവുമതു പോലെ.''

സ്വര്‍ഗ്ഗം

Grace Builds upon nature. സ്വഭാവികപ്രകൃതിയിലാണ് കൃപ പ്രവര്‍ത്തിക്കുന്നതെന്ന സെന്റ് തോമസിന്റെ വാക്കുകള്‍ മനുഷ്യന്റെ സ്വാതന്ത്ര്യവും ദൈവത്തിന്റെ കൃപയും പരസ്പര ബന്ധിതമാണെന്നതിന്റെ സൂചനകള്‍ തരുന്നുണ്ട്. കൃപ തരുന്ന ദൈവത്തോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ദൈവം സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ തുറന്നു കൊടുക്കുക. വി. അഗസ്റ്റിന്‍ പറയുന്നതുപോലെ നിന്നെ കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവത്തിന് നിന്നെ കൂടാതെ നിന്നെ രക്ഷിക്കാനാകില്ല. മറിയം ഈ കൃപയോട് സഹകരിച്ചു, സ്വര്‍ഗ്ഗരാജ്ഞിയായി. സ്വര്‍ഗ്ഗം കാത്തിരിക്കുന്നു, കൃപയോട് സഹകരിക്കുന്ന വിശുദ്ധജന്മങ്ങള്‍ക്കായി!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org