
ടാക്‌സ് ചെയ്യുക എന്ന് ഇംഗ്ലീഷ് ഭാഷയില്‍ പറഞ്ഞാല്‍ നികുതി പിരിക്കുക എന്ന് മാത്രമല്ല, ഒരാളെ കായികമോ മാനസികമോ ആയി ഭാരപ്പെടുത്തുക എന്ന് കൂടി അര്‍ത്ഥമുണ്ട്. നികുതി നല്‍കലിലെ ഭാരപ്പെടുത്തുന്ന അവസ്ഥ ആകാം ആ പ്രയോഗത്തിനു കാരണം. തന്റെ സുഖസമ്പന്നതയ്ക്കു വേണ്ടി പണിയെടുക്കേണ്ട അടിമകളാണ് ജനങ്ങള്‍ എന്ന് ചിന്തിക്കപ്പെട്ട കാലമായിരുന്നു ഏകാധിപതികളുടേതും രാജാക്കന്മാരുടേതും. സ്വാഭാവികമായും ജനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ രാജാവിന്റെ ഐച്ഛികവും, അമിതമായ നികുതി ഭാരം ജനങ്ങളുടെ ദുര്‍വിധിയും ആയിരുന്നു. ജനങ്ങള്‍ ജനങ്ങള്‍ക്കായി നടത്തുന്ന ക്ഷേമ രാഷ്ട്രത്തില്‍, അടിസ്ഥാന ആവശ്യങ്ങളും, മികച്ച ഭൗതിക സംവിധാനങ്ങളും സംലഭ്യമാകാന്‍ ജനങ്ങള്‍ തന്നെ കൊടുക്കുന്ന സംഭാവനയാണ് നികുതി. അരിക്കും തൈരിനും വരെ നികുതി ഏര്‍പ്പെടുത്തി സാധാരണക്കാരന്റെ ചുമലില്‍ വലിയ ഭാരം കെട്ടി വെയ്ക്കുന്ന ഭരണകൂടങ്ങള്‍ തേര്‍വാഴ്ച നടത്തുന്ന ഇക്കാലത്തു നികുതിയുമായി ബന്ധപ്പെട്ട ചില സ്വാതന്ത്ര്യ ചിന്തകള്‍ പങ്കുവെയ്ക്കാം.
ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേല്‍ ഒരു വ്യവസ്ഥാപിത രാജ്യമാകുന്നതിന്റെ ചരിത്രമാണ് പഴയ നിയമത്തില്‍ ഉള്ളത്. പിന്നീട് അവര്‍ ചിതറിക്കപ്പെടുകയും, വൈദേശിക അധിനിവേശത്തിന്റെ കീഴിലാവുകയും ചെയ്തപ്പോള്‍ അവരുടെ പാരതന്ത്ര്യത്തിന്റെ പ്രകടമായ അടയാളമായി നികുതി മാറി. നികുതിയെ സംബന്ധിച്ച ചോദ്യം രണ്ടു പ്രാവശ്യം ഈശോ അഭിമുഖീകരിക്കുന്നുണ്ട്. സീസറിന് കൊടുക്കേണ്ട നികുതിയാണ് ഒന്ന് (മത്താ. 22:15-22). ഈശോയെ അഭിമുഖീകരിക്കുന്നത് പക്ഷെ നികുതിപിരിവുകാരായ ചുങ്കക്കാര്‍ അല്ല, ഫരിസേയരും ഹേറോദോസ് പക്ഷക്കാരുമാണ്. പണം പിരിക്കുക എന്നതിലുപരി ഈശോയെ എങ്ങനെ വാക്കില്‍ കുടുക്കാം എന്ന ലക്ഷ്യപൂര്‍ത്തിക്കാണ് അവര്‍ വന്നത് എന്ന് സുവിശേഷകന്‍ വ്യാഖ്യാനിക്കുന്നുണ്ട്. അതായത് ഈശോയുടെ സ്വത്വം, അധികാരം, അവന്റെ ദൈവത്വം എന്നിവയാണ് അവരുടെ പ്രശ്‌നങ്ങള്‍. 22-ാം അധ്യായം തുടങ്ങുന്നത് തന്നെ, രാജാക്കന്മാരുടെ ഭൗതിക രാഷ്ട്ര സങ്കല്പത്തിന് വിരുദ്ധമായി ക്രിസ്തു മുന്നോട്ടു വെക്കുന്ന ദൈവരാജ്യത്തിന് ഉള്ളിലുള്ളവരും പുറത്തുള്ളവരും എന്ന ദ്വിത്വം അവതരിപ്പിച്ചു കൊണ്ടാണ്. സ്വാഭാവികമായും ഫരിസേയര്‍, സദ്ദുക്കായര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെടാത്തവരാണ് എന്ന വ്യംഗ്യം ഈശോ അവതരിപ്പിക്കുന്നതായി അവര്‍ക്ക് തോന്നുന്നുണ്ട്.
നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഒരു വിവാദ പ്രസ്താവന നടത്തിച്ചു യഥാര്‍ത്ഥ വിഷയങ്ങളില്‍നിന്ന് പൊതുബോധത്തെ വഴി തിരിച്ചുവിടുകയും, ദുഷ്ടരായ ഭരണാധിപന്മാരുടെ ദുര്‍ഭരണത്തിന് വളം വെച്ച് കൊടുക്കുകയും ചെയ്യുന്ന ആധുനിക കാല മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമാനമാണ് ഈശോയെ സമീപിക്കുന്ന ഫരിസേയരും സദ്ദുക്കായരും. അടിച്ചമര്‍ത്തപ്പെട്ടവരായ തങ്ങളെ രക്ഷിക്കാന്‍ അവതരിച്ച മിശിഹായാണ് ഈശോ എന്ന് യഹൂദരില്‍ കുറേപ്പേര്‍ കരുതുകയും, എന്നാല്‍ മതസാമൂഹ്യ സാഹചര്യങ്ങളെ ദുരുപയോഗം ചെയ്തു ജീവിക്കുന്ന പ്രമാണിമാര്‍ക്ക് എതിരാണ് അവന്‍ എന്നും കരുതപ്പെടുന്ന ഒരു സാഹചര്യത്തില്‍ ഒരു ഏടാകൂടത്തില്‍ ഈശോയെ പെടുത്തുക എന്നതാണ് ഫരിസേയരുടെ ലക്ഷ്യം. 'നികുതി നല്‍കണം' എന്ന് ഈശോ പറഞ്ഞാല്‍ ദൈവത്തിന്റെ ഭരണത്തെ അംഗീകരിക്കുന്നതിന് പകരം മനുഷ്യഭരണാധികാരികളോട് സമരസപ്പെട്ടു എന്ന കാരണത്താല്‍ സാധാരണക്കാരായ യഹൂദര്‍ക്ക് ഈശോയിലും, അവന്‍ പ്രഘോഷിക്കുന്ന ദൈവരാജ്യത്തിലും വിശ്വാസം നഷ്ടമാകും; 'നികുതി കൊടുക്കണ്ട' എന്ന് പറഞ്ഞാല്‍ അത് സീസര്‍ ചക്രവര്‍ത്തിക്ക് എതിരാകും. ഈശോയെ വിമതന്‍ എന്ന് വിളിച്ചു അറസ്റ്റ് ചെയ്ത് നശിപ്പിക്കാന്‍ അക്കാരണം ധാരാളം മതി.
'സീസറിനുള്ളത് സീസറിനും, ദൈവത്തിനുള്ളത് ദൈവത്തിനും നല്‍കുക' എന്ന് ഈശോ മറുപടി പറയുമ്പോള്‍ ഭൗതിക വ്യവസ്ഥിതികളെ പരിപോഷിപ്പിക്കാനുള്ള സംവിധാനങ്ങളില്‍ ക്രൈസ്തവര്‍ സകാരാത്മകമായും സക്രിയമായും ഇടപെടണം എന്ന് അര്‍ത്ഥമുണ്ട്. അതെസമയം, പ്രക്ഷോഭവും, വിധ്വംസക പ്രവര്‍ത്തനങ്ങളും ക്രൈസ്തവശൈലി അല്ല. എന്നിരുന്നാലും ഭരിക്കാനുള്ള അവകാശത്തെക്കുറിച്ചുള്ള സാമ്രാജ്യത്വ അവകാശവാദങ്ങളെ ആപേക്ഷികമാക്കുന്ന വിധത്തില്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ദൈവത്തിന്റെ ഉടമസ്ഥതയുടെ വ്യാപ്തിക്ക് ഈ പ്രസ്താവനയിലൂടെ ഈശോ അടിവരയിടുന്നുണ്ട്. ഫരിസേയര്‍ കാണിച്ച ദനാറ നാണയത്തിന്റെ ഒരു വശത്ത് 'തിബേരിയസ് സീസര്‍, പരിശുദ്ധ അഗസ്റ്റസിന്റെ ബഹുമാന്യ പുത്രന്‍' എന്നും മറുവശത്ത് 'പോന്റിഫെക്‌സ് മാക്‌സിമസ്' (മഹാപുരോഹിതന്‍) എന്നും എഴുതിയിരുന്നു. സത്യത്തില്‍ സീസറും, നാണയവും, ഒക്കെ ഒരു തരം വിഗ്രഹമാവുകയും, നികുതി നല്‍കുന്നത് വിഗ്രഹാരാധനയ്ക്ക് സമാനമാകുന്നതു മായ സാഹചര്യം യഹൂദ ജനതയുടെ യഥാര്‍ത്ഥ സ്വത്വബോധത്തെ പാരതന്ത്ര്യത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ ക്രിസ്തു പരോക്ഷമായി, എന്നാല്‍ അസന്നിഗ്ധമായി വെല്ലുവിളിക്കുക കൂടിയാണ്. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ജനം എല്ലാത്തരം വിഗ്രഹാരാധനകളെയും പൊട്ടിച്ചു സര്‍വ്വ ചരാചരങ്ങളുടെയും മേല്‍ ദൈവത്തിന്റെ ഉടമസ്ഥത പ്രഖ്യാപിക്കുന്ന ദൈവ ഭരണത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് കടന്നുവരുവാന്‍ ഓരോരുത്തരെയും വിളിക്കുകയാണ് അവന്‍. ദൈവരാജ്യത്തിന്റെ ഉള്ളില്‍ ഉള്ളവര്‍ക്ക് അനുഭവവേദ്യമാകുന്ന നികുതിവിമുക്തിയുടെ സന്തോഷം ആസ്വദിക്കുവാനുള്ള വിളിയാണ് അത്.
ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആദ്യത്തെ മഹാനായ ഭരണാധികാരിയായ സോളമന്‍ രാജാവിന്റെ മികവ് കേവലം അയാളുടെ ജ്ഞാന വൈഭവത്തില്‍ മാത്രമല്ല, അയാള്‍ സൃഷ്ടിച്ച അന്താരാഷ്ട്രീയ ബന്ധങ്ങള്‍, (അതുവഴി ഉണ്ടായ സമാധാനം,) വാണിജ്യം, അടിസ്ഥാന സൗകര്യ വികസനം, പിന്നെ ദേവാലയം ഉള്‍പ്പെടെയുള്ള പടുകൂറ്റന്‍ നിര്‍മ്മാണങ്ങള്‍ എന്നിവയിലും കൂടിയാണ് ദൃശ്യമാകുന്നത്. എന്നാല്‍ അതിനൊക്കെയായി വലിയ നികുതി ഭാരം ജനത്തിന് മേല്‍ വെച്ച് കെട്ടിയിരുന്നു. ഭീമമായ ഭാരം വഹിക്കേണ്ടി വന്നാലും വികസനത്തിന്റെ മായാ മരീചികള്‍ ജനത്തിന് എന്നും ഇഷ്ടമാണ്, അതിനായി ത്യാഗം ചെയ്യാന്‍ അവര്‍ തയ്യാറുമാണ്. അതെ സമയം, ഭരണാധിപന്മാരുടെ സുഖലോലുപതയുടെയും, പിടിപ്പുകേടിന്റെയും, ആസൂത്രണ പരാജയങ്ങളുടെയും ഭാരവും ജനങ്ങള്‍ തന്നെയാണ് ഏറ്റെടുക്കേണ്ടി വരുന്നത്. സോളമന് ശേഷം റെഹോബോവാമിനെ രാജാവായി വാഴിക്കാന്‍ തയ്യാറെടുത്ത ജനം ആദ്യം അവനോട് വ്യവസ്ഥ വെക്കുന്നത് നികുതിഭാരം കുറക്കണം എന്നാണ് (1 രാജാ. 12). 'എന്റെ ചെറുവിരല്‍ എന്റെ പിതാവിന്റെ അരക്കെട്ടിനെക്കാള്‍ വലുതാണ്' എന്ന് ധിക്കാര പൂര്‍വം പറഞ്ഞ് നികുതി ഭാരം കൂട്ടുകയാണ് റെഹോബോവാം ചെയ്തത്. ആദ്യമായി രാജാവിന് വേണ്ടി മുറവിളി കൂട്ടിയ ഇസ്രായേല്‍ ജനത്തോട് 'രാജാക്കന്മാര്‍ നിങ്ങളുടെ വിളവിനും, മണ്ണിനും, തോട്ടങ്ങള്‍ക്കും മേല്‍ കപ്പം ചാര്‍ത്തുകയും ദശാംശം പിരിക്കുകയും' ചെയ്യുന്ന ദുര്‍വിധിയാണ് നിങ്ങള്‍ ചോദിച്ചു വാങ്ങുന്നത് എന്ന മുന്നറിയിപ്പ് സാമുവേല്‍ പ്രവാചകന്‍ കൊടുത്തിരുന്നു എന്ന് നാം ഓര്‍ക്കണം.
നികുതി കുറക്കാത്ത റെഹോ ബോവാമിന്റെ ധാര്‍ഷ്ട്യം അവന്റെ രാജത്വത്തിനു മാത്രമല്ല, ദാവീദിന്റെ വംശത്തെ തന്നെ തിരസ്‌കരിക്കാന്‍ ജനത്തിന് കാരണമായി. നികുതി പിരിക്കാന്‍ വന്ന അദൊറാമിനെ അവര്‍ കല്ലെറിഞ്ഞു കൊന്നു. ഇസ്രയേലിന്റെ പത്തു ഗോത്രങ്ങള്‍ രാജ്യത്തില്‍ നിന്ന് പിരിഞ്ഞു പോയി. നാനൂറ് വര്‍ഷങ്ങളോളം നീണ്ടു നിന്ന ഭിന്നതയിലേക്കും രാഷ്ട്രത്തിന്റെ സമൂല നാശത്തിലേക്കും നയിച്ചു അധികാരിയുടെ താന്തോന്നിത്തം. അതുപോലെ മക്കബായന്‍ വിപ്ലവവും കേവലം സാംസ്‌കാരിക അധിനിവേശത്തോടുള്ള പ്രതികരണം മാത്രമായിരുന്നില്ല, രാഷ്ട്രീയത്തെ ഊട്ടിയുറപ്പിക്കുന്ന പൗരോഹിത്യ അഴിമതിയും അമിതമായ നികുതി പിരിവും അതിനു കാരണമാണ് എന്നത് ചര്‍ച്ച ചെയ്യേണ്ട മറ്റൊരു വിഷയമാണ്.
ആരാധനയും പൗരോഹിത്യവും തന്നെ ഭാരപ്പെടുത്തുന്ന വിഗ്രഹാരാധന ആകുന്ന സാഹചര്യത്തിലേക്കാണ് നികുതിയുമായി ബന്ധപ്പെട്ട ഈശോയുടെ രണ്ടാമത്തെ സംഭവം നമ്മെ നയിക്കുന്നത്. മത്തായി 17:24-27 ല്‍ പറയുന്ന നികുതി രാഷ്ട്രീയപരമല്ല, മതപരമാണ്. ദേവാലയ നികുതി എന്നറിയപ്പെട്ടിരുന്ന പണം പിരിക്കുന്നവരാണ് പത്രോസിനോട് 'നിങ്ങളുടെ ഗുരു നികുതി നല്‍കുന്നുണ്ടോ' എന്ന് ആരാഞ്ഞത്. എല്ലാ യഹൂദരും അര ഷെക്കല്‍ കര്‍ത്താവിനു കാണിക്ക നല്‍കണം എന്നത് പുറപ്പാട് (30:13-14) കാലം മുതലുള്ള പതിവാണ്. നെഹെമിയയുടെ (10:32) കാലം മുതല്‍ മൂന്നിലൊന്നു ഷെക്കല്‍ കൊടുക്കണം എന്നത് നിര്‍ബന്ധമാണ്.
ഈ രണ്ടാമത്തെ സാഹചര്യത്തെ ശ്രദ്ധേയമാക്കുന്നത് പത്രോസും ഈശോയും തമ്മില്‍ നടക്കുന്ന സംഭാഷണവും നികുതിപ്പണത്തിന് വേണ്ടി ഈശോ പ്രവര്‍ത്തിക്കുന്ന ഒരു അദ്ഭുതവും ആണ്. നികുതിയെ കുറിച്ച് അന്വേഷണം വന്നു എന്ന് മനസ്സിലാക്കിയ ഈശോ സ്വകാര്യമായി പത്രോസിനോട് ചോദിക്കുകയാണ്, 'ശിമോനേ, ഭൂമിയിലെ രാജാക്കന്മാര്‍ ആരില്‍ നിന്നാണ് നികുതിയോ ചുങ്കമോ പിരിക്കുന്നത്? മക്കളില്‍ നിന്നോ, അന്യരില്‍ നിന്നോ?' ഈശോ കൊണ്ടുവരുന്ന താരതമ്യം ശ്രദ്ധേയമാണ്. രാജാവിന്റെ മക്കളും മക്കളല്ലാത്തവരും തമ്മിലുള്ള താരതമ്യം. പുത്രന്മാര്‍ നികുതി നല്‍കേണ്ടതില്ല എന്നും, നികുതിഭാരം പുത്രരല്ലാത്ത പൗരന്മാര്‍ക്ക് ഉള്ളതാണ് എന്നുമാണ് പത്രോസിന്റെ മറുപടി.
ദൈവമാണ് രാജാവെന്നും, ദേവാലയത്തിലെ ശുശ്രൂഷകള്‍ തന്റെ രാജ്യത്തിലെ നടപടികളുടെ പ്രതീകമാണ് എന്നും ചിത്രീകരിക്കുകയാണ് ഈശോ. ഈശോയുടെ ദൈവപുത്രത്വവും മിശിഹാത്വവും (16:15-16) ഏതാനും ദിനങ്ങള്‍ക്ക് മുന്നേ പ്രഖ്യാപിച്ചിട്ടുള്ള പത്രോസിനോടാണ് ക്രിസ്തുവിന്റെ ചോദ്യം. ദൈവപുത്രന്‍ തന്റെ സ്വന്തം രാജ്യത്ത് നികുതി കൊടുക്കണമോ എന്ന അടിസ്ഥാനപരമായ ചോദ്യമാണ് ഈശോ ഉയര്‍ത്തുന്നത്. ദേവാലയ ശുദ്ധീകരണ സമയത്ത് 'തന്റെ പിതാവിന്റെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത അവനെ വിഴുങ്ങിയിരിക്കുന്നു' എന്ന് ശിഷ്യന്മാര്‍ സ്മരിച്ചതായി യോഹന്നാന്‍ പറയുന്നത് ഇക്കാരണത്താല്‍ ആണ്.
'അപ്പോള്‍, പുത്രന്മാര്‍ സ്വതന്ത്രരാണല്ലോ' എന്ന് പ്രത്യുത്തരിച്ചു പുത്രത്വവും സ്വാതന്ത്ര്യവും (നികുതിവിമുക്തിയും) തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഈശോ പത്രോസിനെ ബോധ്യപ്പെടുത്തുന്നു. രാജാവും പ്രജയും തമ്മിലുള്ള ബന്ധത്തേക്കാള്‍ ഉപരിയാണ് ക്രിസ്തുവും, അവന്റെ ദേവാലയവും അവന്റെ ശിഷ്യന്മാരും തമ്മില്‍ ഉള്ളത് എന്നൊരു വലിയ പാഠമാണ് ഈ നികുതി സംഭവം നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അബ്രഹാമിന്റെ പൈതൃകമാണ് തങ്ങളെ തിരഞ്ഞെടുക്കപ്പെട്ട ജനതയുടെ അംഗം ആക്കുന്നത് എന്ന് വീമ്പിളക്കി നടന്നിരുന്ന ജനത ആണ് യഹൂദര്‍. എന്നാല്‍, തങ്ങളുടെ അബ്രഹാമിക പൈതൃകത്തില്‍ അഭിരമിക്കാതെ, മാനസാന്തരപ്പെട്ട്, ജീവിത നവീകരണം വഴി പുതിയ ഇസ്രായേലിന്റെ ഭാഗമാകാനും ദൈവപുത്രത്വം സ്വീകരിക്കുവാനുമാണ് സ്‌നാപക യോഹന്നാന്‍ യഹൂദരോട് ആഹ്വാനം ചെയ്തത് (മത്തായി 3:9). രണ്ട് ഉടുപ്പുള്ളവന്‍ ഒന്നില്ലാത്തവന് കൊടുക്കുന്നതും, കടങ്ങള്‍ ഇളച്ചു നല്‍കുന്നതും, അന്യായമായി കവര്‍ന്നിട്ടുണ്ടെങ്കില്‍ നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നതും ഒക്കെയാണ് ആ രാജ്യത്തെ പുത്രന്മാര്‍ സ്വയം ഏറ്റെടുക്കുന്ന നികുതിഭാരം. എന്നാല്‍ പുത്രത്വത്തിന്റെ മഹനീയത മനസിലാക്കാതെ പുത്രനെ കൊന്നു ഉടമസ്ഥാവകാശം കൈക്കലാക്കുന്ന കാര്യസ്ഥ മനോഭാവത്തെക്കുറിച്ച് പൗലോസ് ശ്ലീഹ കുറച്ചു കൂടെ വ്യക്തമായി പറയുന്നുണ്ട്: 'എല്ലാ ഇസ്രായേലും ഇസ്രായേല്‍ അല്ല..., ജഡത്തിന്റെ മക്കളല്ല ദൈവത്തിന്റെ മക്കള്‍' (റോമാ 9:6-8). തന്റെ വത്സലപുത്രനെന്ന് (പുറ. 4:22; ജറ. 3:19) ദൈവം വിളിച്ച ഇസ്രായേലിന്റെ (എഫ്രായിം) അവസ്ഥയാണ് ഇത്. ദൈവപുത്രത്വമാണ് ഒരുവനെ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനാക്കുന്നത് എന്നും, എന്നാല്‍ അത് കേവലം ഒരു തിരഞ്ഞെടുപ്പു കൊണ്ട് മാത്രം കൈവരുന്നതല്ല എന്നും ക്രിസ്തു ഓര്‍മ്മിപ്പിക്കുന്നുണ്ട്. ദൈവപുത്രന്മാര്‍ എന്ന് വിളിക്കപ്പെടാനുള്ള യോഗ്യത സമാധാനം സ്ഥാപിക്കുക എന്നതാണല്ലോ (മത്താ. 5:9).
നികുതിപ്പണം കണ്ടെത്താന്‍ ഈശോ ഒരു അദ്ഭുതം പ്രവര്‍ത്തിക്കുന്നു. നടക്കാന്‍ പോകുന്നു എന്ന് ഈശോ മുന്‍കൂട്ടി പറയുകയും, നടന്നോ എന്ന് സുവിശേഷങ്ങള്‍ രേഖപ്പെടുത്താതിരിക്കുകയും ചെയ്തിട്ടുള്ള ഏക അദ്ഭുതം ഇതായിരിക്കും. കടലില്‍ പോയി ചൂണ്ട ഇടാന്‍ ഈശോ പത്രോസിനോട് പറയുന്നു. ആദ്യം ചൂണ്ടയില്‍ കുരുങ്ങുന്ന മത്സ്യത്തിന്റെ വായില്‍ ഈശോയ്ക്കും പത്രോസിനുമുള്ള ചുങ്കത്തിന് തികയാന്‍ മാത്രമുള്ള ഒരു നാണയം കിട്ടുമത്രേ (നാല് ദ്രാഖ്മാ / ഒരു ഷെക്കല്‍). ദേവാലയത്തില്‍ ജനങ്ങളുടെ പാപപരിഹാര ബലിയുടെ ചെലവിലേക്കാണ് ഈ നികുതിപ്പണം സ്വരുക്കൂട്ടുക. ഈ അദ്ഭുതം പ്രവര്‍ത്തിക്കുക വഴി, ഈശോ നമ്മുടെ പാപപരിഹാരത്തിന്റെ പണം അടച്ചുതീര്‍ത്തു എന്ന് വ്യംഗ്യം. ക്രിസ്തുവുമായുള്ള ബന്ധം വഴി നമുക്ക് കരഗതമാകുന്ന ദൈവപുത്ര സ്ഥാനം നല്‍കുന്ന വലിയ സ്വാതന്ത്ര്യം അനുഭവിക്കാനുള്ള പ്രവേശനപത്രം കൂടിയാണ് മത്സ്യത്തിന്റെ വായില്‍നിന്ന് കിട്ടുന്ന ആ ഒരു ഷെക്കല്‍.
നികുതി കേവലം ധന സംഭാവന അല്ല. രാഷ്ട്രം, മതം എന്നിങ്ങനെയുള്ള സാമൂഹ്യസ്ഥാപനങ്ങളുമായി അതിന്റെ അംഗങ്ങള്‍ക്കുള്ള വിധേയത്വ ബന്ധത്തിന്റെ പ്രതീകം ആണ് അത്. നികുതി നല്‍കുക എന്നത് പൗരന്റെ ഉത്തരവാദിത്വം ആണ് എന്നത് പോലെ തന്നെ, നികുതിയുടെ ഫലങ്ങളില്‍ പങ്കുകാര്‍ ആവുക എന്നത് അവരുടെ അവകാശവുമാണ്. രാഷ്ട്രവും, സഭയും പല തരത്തിലുള്ള നികുതികള്‍ കൊണ്ട് സാധാരണ ജനങ്ങളെ വീര്‍പ്പുമുട്ടിക്കുകയും അവരുടെ ജീവിതം ദുസ്സഹമാവുകയും ചെയ്യുന്ന അവസരങ്ങളില്‍ അമിത നികുതിക്കെതിരെയും, പൗരന്റെ നൈയാമിക അവകാശങ്ങള്‍ക്ക് വേണ്ടിയും പ്രവാചക ധീരതയോടെ പ്രതികരിക്കുക എന്നത് നമ്മുടെ ആത്മീയചര്യയുടെ അവിഭാജ്യഘടകം ആണ്. ഈ ലേഖനത്തിന്റെ ആരംഭത്തില്‍ സൂചിപ്പിച്ചത് പോലെ നികുതിയെ ഇപ്പോഴും സാമ്പത്തികമായി കാണണം എന്നില്ല. എല്ലാത്തരം ഭാരപ്പെടുത്തലുകളും പൗരന്റെ മേല്‍ വന്നു വീഴുന്ന നികുതി ആണ്. 'നിങ്ങള്‍ ഭാരമേറിയ ചുമടുകള്‍ അവര്‍ക്ക് മുകളില്‍ വെച്ചുകൊടുക്കുന്നു, എന്നാല്‍ സഹായിക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ല' എന്ന് ക്രിസ്തു അക്കൂട്ടരെ ശകാരിക്കുന്നുണ്ട്. മനുഷ്യന്റെ വിടുതലിനും, സമാധാനപൂര്‍വമായ ജീവിതത്തിനും ഉള്ള സംവിധാനങ്ങളാണ് രാഷ്ട്രവും സഭയും. എന്നാല്‍ സഭാനേതാക്കന്മാരുടെയും ഭരണാധിപന്മാരുടെയും താന്തോന്നിത്വവും സ്വാര്‍ത്ഥതയും ജനങ്ങളെ പാരതന്ത്ര്യത്തിനും, കഠിനമായ ഭാരപ്പെടുത്തലിനും വിധേയമാ ക്കുന്നുണ്ടെങ്കില്‍ ജനം തന്നെ ഈ വ്യവസ്ഥിതികളെ തച്ചുടക്കും എന്നതാണ് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുള്ളത്.
പാരതന്ത്ര്യത്തെ കുറിച്ച് ധാരാളമായി ചിന്തിക്കേണ്ട സാഹചര്യമാണ് ഓരോ സ്വാതന്ത്ര്യ ദിനവും നമുക്ക് നല്കികൊണ്ടിരിക്കുന്നത് എന്നത് നമ്മുടെ ദുര്‍വിധി ആണ്. രാഷ്ട്രീയപരമായി ഒരു വിദേശ ശക്തിയുടെ ആധിപത്യത്തിന് കീഴില്‍നിന്നും നാം മോചനം പ്രാപിച്ചുവെങ്കിലും, സാംസ്‌കാരിക മായും, സാമൂഹ്യമായും, സാമ്പത്തികമായും, മതപരമായുമൊക്കെ നാം കൂടുതല്‍ ഹീനമായ പാരതന്ത്ര്യങ്ങളിലേക്ക് നടന്നടുക്കുകയായിരുന്നുവെന്ന വെളിവ് സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷങ്ങളുടെ മാറ്റ് കുറക്കുന്നു എന്ന് മാത്രമല്ല അത് നമ്മെ കൂടുതല്‍ ആശങ്കാകുലരാക്കുന്നു. ലോക ജനാധിപത്യങ്ങള്‍ ആന്തരിക പ്രതിസന്ധികള്‍ നേരിടുകയും, ലോകം ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ പടിവാതിലില്‍ എത്തി നില്‍ക്കുകയും, കാലാവസ്ഥാ വ്യതിയാനം പോലുള്ള വെല്ലുവിളികള്‍ നേരിടുകയും ചെയ്യുന്ന ഇക്കാലത്തു ഭക്ഷ്യസു രക്ഷയും, സാമ്പത്തിക സുരക്ഷയും, സമാധാനവും പുരോഗതിയും, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സുരക്ഷയും സംരക്ഷണവും ഒക്കെ കൈവരിക്കാന്‍ പൗരന്മാരും സമൂഹങ്ങളും ഭാവാത്മകമായും സര്‍ഗാത്മകമായും ചിന്തിച്ച് പരസ്പരം പിന്തുണക്കുന്ന കമ്യൂണുകളും, പരസ്പരാശ്രിത ധനതത്വ ശൈലികളും ഒക്കെ വികസിപ്പിക്കേണ്ടിയിരിക്കുന്നു.