
ഗ്രാമമാകമാനം പകര്‍ച്ചവ്യാധിയുടെ പേടിയിലും പിടിയിലുമായിരുന്നു. ഒട്ടേറെപേര്‍ മരിച്ചുകഴിഞ്ഞിരുന്നു. ഇനിയും ഏറെപേര്‍ രോഗബാധിതരായി മരണം കാത്തുകഴിയുന്നു. ഫാദര്‍ ഗില്ലിഗന്‍ അന്ന് പതിവിലേറെ ക്ഷീണിതനും ദുഃഖിതനുമായിരുന്നു. തന്റെ ഇടവകയിലെ ആളുകളുടെ മരണാസന്നതയില്‍, അവര്‍ക്ക് അന്ത്യകൂദാശ കൊടുത്തും, മരണാനന്തരം ശവസംസ്‌കാരങ്ങളില്‍ പങ്കെടുത്തും വിഷമാവസ്ഥ കൂടുകയാണ്. പോരാത്തതിനു വൃദ്ധനും.
ഒരു സന്ധ്യാനേരത്ത് അദ്ദേഹം പ്രാര്‍ത്ഥനയില്‍ മുഴുകുമ്പോള്‍, അസ്വസ്ഥതയേറി കസേരയിലേക്ക് ചാരി ഒന്നുറങ്ങാന്‍ ധൃതിപ്പെടുമ്പോഴായിരുന്നു ഒരാള്‍ അങ്ങോട്ടെത്തിയത്. മരിക്കാറായ ഒരാള്‍ക്ക് അന്ത്യകൂദാശ കൊടുക്കാന്‍ അയാളുടെ ഭാര്യ ഫാദര്‍ ഗില്ലിഗന്റെ അടുത്തേക്ക് പറഞ്ഞയച്ചതായിരുന്നു.
ആഗതന്‍ പറഞ്ഞതെല്ലാം അദ്ദേഹം മൂളികേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ, ശരീരം അനങ്ങാനാവാത്തവിധം തളര്‍ന്നതു കൊണ്ട് അവിടെയിരുന്ന് ഉറങ്ങിപ്പോയി. വന്നയാള്‍ പോവുകയും ചെയ്തു.
സമയം അതിന്റെ കടമ നിറ വേറ്റവെ രാത്രി കൂടുതല്‍ കറുത്തുകൊണ്ടിരുന്നു. പുറത്ത് മൗനം കനക്കുകയായിരുന്നു. പാതിയുറക്കം തീര്‍ന്ന ഫാദര്‍ തൊട്ടുമുമ്പു സംഭവിച്ച സംഗതി ഓര്‍ത്തെടുത്തു. അയാള്‍ എന്തിനാണ് വന്നത്? ഒരു രോഗിക്ക് അന്ത്യകൂദാശ നല്കാന്‍ വേണ്ടിയാണല്ലോ. താനാണ് ആ കടമ നിര്‍വ്വഹിക്കേണ്ടതും. ദൈവഹിതം നിറവേറ്റാനാവാതെ താന്‍ ദൈവനിന്ദയാണല്ലോ കാണിച്ചത്.
അദ്ദേഹം മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് തന്റെ തെറ്റായ പ്രവൃത്തിയില്‍ ദൈവത്തിനോട് മാപ്പുപറഞ്ഞ് വീണ്ടും ക്ഷീണിതനായി അടുത്ത ഉറക്കത്തിലേക്ക് നീങ്ങി.
നേരം നന്നേ വെള്ളകീറുമ്പോള്‍ ഫാദര്‍ ചാടിപ്പിടഞ്ഞെഴുന്നേറ്റു. തലേദിവസം നടന്നതെല്ലാം ആത്മാവില്‍ തരംഗങ്ങളായി. ദൈവമേ എന്തൊരു ഹീനകൃത്യമാണു താന്‍ ചെയ്തത്. ആ മനുഷ്യന്റെ കൂടെ പോകേണ്ടതായിരുന്നു. ഒന്നും മനഃപൂര്‍വ്വമല്ലായിരുന്നു. പക്ഷേ, കുറ്റബോധത്താല്‍ വല്ലാതായ അദ്ദേഹം പുറത്തേക്കിറങ്ങി. ആ വീട്ടിലേക്ക് പോയേ പറ്റൂ. അയാള്‍ അന്ത്യശ്വാസം വലിക്കുകയാണോ... അതോ അന്ത്യപ്പെട്ടുകഴിഞ്ഞോ? അന്ത്യപ്പെട്ടുക്കഴിഞ്ഞെങ്കില്‍ താന്‍ ഇടവകയിലെ എല്ലാമെല്ലാം എന്ന നിലയില്‍ മഹാപരാധി തന്നെയല്ലേ? കുറ്റബോധത്താല്‍ ഫാദര്‍ നീറിപ്പുകഞ്ഞു.
അദ്ദേഹം ഇനിയും ഉറക്കം വിട്ടുമാറാത്ത തന്റെ കുതിരയെ വിളിച്ചുണര്‍ത്തി യാത്രയ്ക്ക് തയ്യാറാക്കി. അശ്രദ്ധയോടെ കുതിരയെ ഓടിക്കുകയായിരുന്നു. ഇരുവരും പരിഭ്രാന്തരും. വേലിക്കെട്ടുകള്‍ക്കിടയിലൂടെയും, പാറക്കല്ലുകള്‍ നിറഞ്ഞ പരുക്കന്‍ റോഡുകളിലൂടെയും കുതിര കുളമ്പടിയൊച്ച കേള്‍പ്പിച്ചു നീങ്ങുമ്പോള്‍ എന്തൊക്കെ സംഭവിച്ചിരിക്കില്ല എന്ന വേവലാതിയില്‍ വലയുകയായിരുന്നു ആ വന്ദ്യ വയോധികന്‍.
നേരം നന്നേ വെളുത്തപ്പോള്‍ ആ വീടിന്റെ വാതില്‍ക്കല്‍ അദ്ദേഹം എത്തി. കുരിശുവരച്ചുകൊണ്ട് വരാന്തയിലേക്ക് കയറി. വാതിലില്‍ മുട്ടി. വാതില്‍ തുറന്നു വീട്ടുകാരി പുറത്തേക്കിറങ്ങി. ഫാദറിന്റെ മുന്നില്‍ അത്ഭുതം കൂറി നിന്ന് അതിശയത്തോടെ അവര്‍ ചോദിച്ചു - ഫാദര്‍ വീണ്ടും വന്നുവോ?
ഒന്നും മനസ്സിലാകാതെ നിന്ന അദ്ദേഹം ചോദിച്ചു: ആ മനുഷ്യന്‍ മരിച്ചോ? ആ മനുഷ്യന്‍ മരിച്ചെന്നും, ഫാദര്‍ തന്നെയല്ലേ അന്ത്യനേരത്ത് ഉണ്ടായതെന്നും പറഞ്ഞപ്പോള്‍ മറ്റൊരതിശയത്തോടെ അദ്ദേഹം നിശ്ചലനാകുമ്പോള്‍ ആ സ്ത്രീ തുടര്‍ന്നു.
അച്ചന്റെ അന്ത്യകൂദാശയില്‍ ആ മനുഷ്യന്റെ ആത്മാവ് സന്തോഷപ്പെട്ടു കാണണം. ആ മനുഷ്യന്‍ എത്ര ഭാഗ്യവാന്‍.. ദുഃഖിതയാണെങ്കിലും, ഫാദര്‍ ആ ദുര്‍ഘടമായ രാത്രിയില്‍ വന്നു വേണ്ടതു ചെയ്തതില്‍ ആ സ്ത്രീ സംതൃപ്തിയിലായിരുന്നു.
ഫാദര്‍ ഗില്ലിഗന്‍ ദീര്‍ഘനിശ്വാസത്തില്‍ വിചാരാധീനനായി. എല്ലാം കാണുകയും അറിയുകയും ചെയ്യുന്ന ദൈവം, തന്റെ അമിതമായ ജോലി ഭാരവും തുടര്‍ന്നുണ്ടായ ക്ഷീണവും അറിയാതിരുന്നില്ലല്ലോ. അതൊക്കെ അറിഞ്ഞിട്ട് ദൈവത്തിന്റെ പല മാലാഖമാരില്‍ നിന്നും ഒന്നിനെ തന്റെ രൂപത്തില്‍ ആ വീട്ടിലേക്ക് പറഞ്ഞയച്ചതായിരിക്കണം... ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട്, മറ്റൊരു ദീര്‍ഘനിശ്വാസത്തോടെ കുരിശുവരച്ചുകൊണ്ട് ഫാദര്‍ ഗില്ലിഗന്‍ ആ വീട്ടുമുറ്റത്തേക്കിറങ്ങി.
ഡബ്‌ള്യൂ.ബി. യേറ്റ്‌സിന്റെ (നോബല്‍ പ്രൈസ് ജേതാവ്) 'ദ ബാലഡ് ഓഫ് ഫാദര്‍ ഗില്ലിഗന്‍ - The ballad of father gilligan) എന്ന നാടോടി കാവ്യത്തിലെ വൃദ്ധപുരോഹിതന്‍ ഗില്ലിഗന്റെ കഥയാണ് കാവ്യത്തിന്റെ പ്രമേയം.