
ബിനു തോമസ്, കിഴക്കമ്പലം
ഓരോ കാലഘട്ടത്തിലും മനുഷ്യകുലം മൊത്തത്തില്‍ നേരിടുന്ന ചോദ്യങ്ങള്‍ വ്യത്യസ്തങ്ങളാണ്. ലോകം മുഴുവനും ബന്ധിക്കുന്ന സാങ്കേതികവിദ്യയും, ആഗോളീകരിക്കപ്പെട്ട സാമ്പത്തികമണ്ഡലവും സംസ്‌കാരങ്ങളും രാഷ്ട്രങ്ങളും, ജനിച്ച മണ്ണിനപ്പുറമുള്ള വിശാലമായ ലോകത്തിലേക്ക് ചേക്കേറുന്ന സ്വപ്നങ്ങളും ജീവിതങ്ങളുമാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മനുഷ്യലോകം. പരസ്പരം ഇടപഴകുകയും ഉരസുകയും ചെയ്യുന്ന, ഒരേസമയം സമാനവും പരസ്പര വിരുദ്ധവുമായ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന അനേകം താല്‍പ്പര്യങ്ങള്‍ എപ്രകാരം സമന്വയിപ്പിക്കാം എന്നതാണ് ഇന്നത്തെ മനുഷ്യര്‍ നേരിടുന്ന ഒരു വലിയ ചോദ്യം. ആ ചോദ്യത്തിനുള്ള പ്രവാചകോചിതമായ ഒരു ഉത്തരമാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ 2020 ഒക്‌ടോബര്‍ 3 നു പുറത്തിറക്കിയ ചാക്രിക ലേഖനമായ ഫ്രത്തെല്ലി തൂത്തി (സര്‍വ്വരും സഹോദരര്‍) യിലൂടെ നല്‍കുവാന്‍ പരിശ്രമിക്കുന്നത്.
ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നവര്‍ക്ക് ചിരപരിചിതമായ ആശയങ്ങള്‍ തന്നെയാണ് ഈ ചാക്രികലേഖനം നല്‍കുന്നത്. ചാക്രികലേഖനത്തിന്റെ തലക്കെട്ടു തന്നെ ഇതിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നുണ്ട് – സാഹോദര്യം. മനുഷ്യസാഹോദര്യത്തിന്റെ സാര്‍വത്രികമാനമാണ് പാപ്പാ തന്റെ മൂന്നാമത്തെ ചാക്രിക ലേഖനത്തില്‍ അവതരിപ്പിക്കുന്നത്. 'ലൌദാത്തോ സീ' എന്ന തൊട്ടുമുമ്പത്തെ ചാക്രികലേഖനത്തില്‍ ഭൂമിയെന്ന പൊതുഗൃഹത്തെ വരച്ചുകാട്ടിയ പാപ്പ, 'ഫ്രത്തെല്ലി തൂത്തി'യില്‍ ഈ പൊതുഗൃഹത്തില്‍ – ഒരേ കുടുംബത്തില്‍ – ജീവിക്കുന്ന സഹോദരരാണ് മനുഷ്യരെല്ലാവരും എന്ന ബോധ്യമാണ് മനുഷ്യ ഹൃദയങ്ങളില്‍ കോറിയിടാന്‍ പരിശ്രമിക്കുന്നത്. എട്ട് അദ്ധ്യായങ്ങളും 287 ഖണ്ഡികകളുമുള്ള ഈ സാമൂഹ്യചാക്രിക ലേഖനത്തില്‍, സഭയ്ക്കും ക്രൈസ്തവര്‍ക്കും സമു ദായങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും മനുഷ്യര്‍ക്ക് പൊതുവായും ഉണ്ടാകേണ്ടുന്ന സാഹോദര്യമനോഭാവം മനുഷ്യനന്മയ്ക്ക് അനിവാര്യമെന്നും ഈ സാഹോദര്യത്തിനു കോട്ടം തട്ടുന്ന നിലപാടുകള്‍ സൃഷ്ടാവിന്റെ ഹിതത്തിന് അന്യമാണെന്നും അദ്ദേഹം പഠിപ്പിക്കുന്നു.
'ഫ്രത്തെല്ലി തൂത്തി' ഒരു ദര്‍ശനം (vision) ആണ് – മനുഷ്യര്‍ വ്യക്തിപരമായും സമൂഹമെന്ന നിലയിലും എപ്രകാരം ആയിരിക്കണം എന്നതിന്റെ ഒരു ഭാവിദര്‍ശനം. അതോടൊപ്പം, അതൊരു പ്രാര്‍ത്ഥനയുമാണ് – ഈ ദര്‍ ശനത്തിലേക്ക് ഹൃദയം തുറക്കുവാന്‍ എല്ലാവര്‍ക്കും സാധിക്കണമേ എന്ന ഒരു അദമ്യമായ ആഗ്രഹവും തേങ്ങലും ഓരോ അദ്ധ്യായത്തിലും ഒളിഞ്ഞിരിക്കുന്നു. ഈ ആഗ്രഹം, രണ്ടുപ്രാര്‍ത്ഥനകളായി ചാക്രിക ലേഖനത്തിന്റെ ഒടുവില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. പ്രസംഗിക്കുവാനും പഠിപ്പിക്കാനുമുള്ള ഒരു ചാക്രികലേഖനമല്ല ഫ്രത്തെല്ലി തൂത്തി. മറിച്ച്, പ്രാര്‍ത്ഥിക്കുവാനും ജീവിക്കുവാനുമുള്ള ഒന്നാണ്.
അതിരുകള്‍ ഇല്ലാത്ത മനസ്സുകളാണ് പാപ്പായുടെ ചിന്തകളെ പ്രചോദിപ്പിക്കുന്നത്. വി. ഫ്രാന്‍സിസ് അസ്സീസ്സി, കുരിശുയുദ്ധക്കാലത്ത് ഈജിപ്തിലെ സുല്‍ത്താനായിരുന്ന മാലിക്-എല്‍-കമീലിനെ സന്ദര്‍ശിക്കുന്ന സംഭവം എടുത്തുപറഞ്ഞുകൊണ്ടാണ് ചാക്രികലേഖനം ആരംഭിക്കുന്നത്. സര്‍വജീവ ജാലങ്ങളെയും സഹോദരരായി കണ്ട വി. ഫ്രാന്‍സിസിന്റെ സ്വാധീനം ചാക്രികലേഖനത്തില്‍ വളരെ വ്യക്തമാണ്. അബുദാബിയില്‍ വച്ച് ഗ്രാന്‍ഡ് ഇമാം അഹമ്മദ് അല്‍- തയ്യെബിനൊപ്പം ഫ്രാന്‍സിസ് പാപ്പ സംയുക്തമായി നടത്തിയ പ്രഖ്യാപനവും ചാക്രിക ലേഖനത്തിന്റെ പശ്ചാത്തലമാണ്. അകത്തോലിക്കര്‍ ആയ മഹാത്മാഗാന്ധി, മാര്‍ട്ടില്‍ ലൂതര്‍ കിംഗ്, ഡെസ്മന്ഡ് ടുട്ടു എന്നിവരെ പാപ്പാ ചാക്രികലേഖ നത്തിന്റെ ഒടുവില്‍ പ്രത്യേകം അനുസ്മരിക്കുന്നു. അനുഗൃഹീതനായ ചാള്‍സ് ഡി ഫുക്കോള്‍ഡിന്റെ 'എല്ലാവര്‍ക്കും ഞാന്‍ സഹോദരനായിരിക്കണമേ' എന്ന പ്രാര്‍ത്ഥ നയാണ് ചാക്രികലേഖനത്തിന്റെ അവസാനഖണ്ഡികയില്‍ പാപ്പാ നമുക്കായി അവശേഷിപ്പിക്കുന്നത്. മതത്തിന്റെയും ദേശത്തിന്റെയും വ്യക്തിസ്വാര്‍ത്ഥതകളുടേയും അതിരുകള്‍ക്കപ്പുറം സഞ്ചരിക്കുന്ന ഇവരെപ്പോലുള്ള മനസ്സുകളെയാണ് പാപ്പാ ഈ ചാക്രികലേഖനത്തിലൂടെ തേടുന്നത്.
കോവിഡ്-19 എന്ന മഹാമാരിയില്‍ നിന്ന് ലോകം പുറത്തുകടക്കുമ്പോള്‍, അതൊരു പുതിയ ലോകത്തിലേക്ക് ആകണമെന്ന് പാപ്പാ ആഗ്രഹിക്കുന്നു. പക്ഷേ, കോവിഡ് എന്നത് ഒരു രോഗം മാത്രമാണ്. ലോകത്തെ ബാധിച്ചിരിക്കുന്ന മറ്റു ചില മഹാമാരികളെ പാപ്പാ ഒന്നാം അദ്ധ്യായത്തില്‍ എടുത്തു പറയുന്നു. സങ്കുചിതമായ ലോകത്തിനു മുകളില്‍ ഉയരുന്ന കറുത്ത മേഘങ്ങള്‍.
ഉദ്ഗ്രഥനത്തിലേക്ക് ലോകം നീങ്ങുന്നുവെന്നു തോന്നിച്ചിരുന്ന കാലം – യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും ഇത് പ്രകടമായിരുന്നു-ഇന്ന് പിന്നോട്ടടിച്ചിരിക്കുന്നു. കുഴിച്ചിടപ്പെട്ടെന്നു കരുതിയ പഴയ സംഘര്‍ഷങ്ങള്‍ തീവ്രവും വെറുപ്പ് നിറഞ്ഞതുമായ ദേശീയത പോലെയുള്ള പുതിയ രൂപങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. സാഹോദര്യം നശിപ്പിക്കുന്ന ഈ രൂപങ്ങള്‍ അധികാരശക്തികള്‍ക്ക് കൂടുതല്‍ ആധിപത്യവും, പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ടവര്‍ക്ക് കൂടുതല്‍ നിസ്സഹായവസ്ഥയും സമ്മാനിക്കുന്നു. ശൂന്യമായ, വ്യക്തികേന്ദ്രീകൃത ഉപഭോഗസംസ്‌കാരം വ്യാപിക്കുന്നു. ജനാധിപത്യവും നീതി ന്യായവ്യവസ്ഥകളും മറ്റും അധീശ്വത്വത്തിന്റെ ഉപകരണങ്ങളായി അധഃപതിക്കുന്നു.
പരാധീനരായ ജീവിതാവസ്ഥ യിലുള്ളവരെ – വൃദ്ധര്‍, ഗര്‍ഭസ്ഥ ശിശുക്കള്‍ മുതലായവര്‍ – തള്ളിക്കളയുന്ന സംസ്‌കാരം (throwaway culture) രൂപപ്പെട്ടിരിക്കുന്നു. കുറയുന്ന ജനനനിരക്കുകള്‍ ഇതിന്റെ ഒരു ലക്ഷണമായി പാപ്പാ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയജീവിതം ഇന്ന് സമൂഹത്തിന് ദൂരവ്യാപകമായ ഗുണഫലങ്ങള്‍ കാട്ടിത്തരുന്ന ആരോഗ്യപരമായ സംവാദമല്ല, മറിച്ച് ഹ്രസ്വകാലലാഭത്തിന് മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്ന തന്ത്രമായി മാറിയിരിക്കുന്നു. വംശവെറി, യുദ്ധം, തീവ്രവാദം, മതപീഡനം, തൊഴിലില്ലായ്മ, കുറഞ്ഞ വേതനനിരക്കുകള്‍, സാര്‍വത്രികമായി ലഭ്യമല്ലാത്ത മനുഷ്യാവകാശങ്ങള്‍ എന്നിവയൊക്കെ പാപ്പാ മനുഷ്യമഹത്ത്വത്തിന് എതിരായി എടുത്തുപറയുന്ന കാര്യങ്ങളാണ്.
ഏവരെയും ഉള്‍ക്കൊള്ളുന്ന ഒരു രൂപരേഖ ഇല്ലാത്ത ആഗോള വല്‍ക്കരണവും, കുടിയേറ്റക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും പാപ്പാ പരാമര്‍ശിക്കുന്നു. ജനിച്ച നാട്ടില്‍ അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം പരമപ്രധാനമാണെങ്കിലും, ഇന്നത്തെ സാഹചര്യത്തില്‍ കുടിയേറ്റം എന്നത് ഇന്നിന്റെ ഒരു ജീവിതാവസ്ഥയാണെന്നതാണ് സത്യം. ഭീതിയോടെ കുടിയേറ്റത്തെ വീക്ഷിക്കുന്ന രാഷ്ട്രീയ മുതലെടുപ്പിനെയും, രാഷ്ട്രാതിര്‍ത്തികളില്‍ കാണുന്ന മനുഷ്യമഹത്വത്തെ അവഗണിക്കുന്ന തരത്തിലുള്ള പെരുമാറ്റത്തെയും പാപ്പാ വിമര്‍ശിക്കുന്നു. സാങ്കേതികവിദ്യയിലൂടെ ആശയ വിനിമയം മറ്റൊരു കാലത്തുമില്ലാത്ത വിധത്തില്‍ വികസിക്കുമ്പോഴും, ഇതില്‍ പ്രകടമാകുന്ന മായയെ (illusion) പാപ്പാ പരാമര്‍ശിക്കുന്നു. സ്വകാര്യതയുടെ ലംഘനം, വെറുപ്പും വിദ്വേഷവും നിറയുന്ന ആക്രമണങ്ങള്‍, ജ്ഞാനത്തിന്റെ അഭാവം നിഴലിക്കുന്ന അറിവ് (information without wisdom) എന്നീ അപഭ്രംശങ്ങള്‍ ചാക്രികലേഖനത്തില്‍ എടുത്തു പറയുന്നു.
ഈ മഹാമാരികള്‍ക്ക് പ്രതിവിധി എന്താണ്? ഈശോ ചൂണ്ടിക്കാട്ടിയ നല്ല സമരിയാക്കാരന്റെ ഉപമയാണ് പരിശുദ്ധപിതാവ് എടുത്തു പറയുന്നത് (ലൂക്കാ 10:25-37). വിദേശികളോടും അപരിചിതരോടുമുള്ള പെരുമാറ്റം പഴയനിയമ കാലത്തു തന്നെ നവീകരിക്കപ്പെടുന്നതായി വിവിധ വിശുദ്ധ ഗ്രന്ഥഭാഗങ്ങളും, യഹൂദറബ്ബിമാരുടെ വാക്കുകളിലും നാം കാണുന്നുണ്ട്. ഇതിന്റെ സകാരാത്മകമായ (positive) ആഖ്യാനമാണ് നല്ല സമരിയാക്കാരനിലൂടെ നാം കാണുന്നത്. അപരിചിതന്റെ ആവശ്യത്തിനു വേണ്ടി സമയം പങ്കുവയ്ക്കുന്ന സമരിയാക്കാരനെപ്പോലെ, മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്ന മനോഭാവമാണ് സാഹോദര്യഭാവം. ഉപമയിലെ പുരോഹിതനും ലേവായനും സൂചിപ്പിക്കുന്നതുപോലെ, ദൈവവിശ്വാസവും ദൈവാരാധനയും മാത്രം കൊണ്ട് ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല, മറിച്ച് ആ വിശ്വാസം ജീവിതത്തില്‍ പകര്‍ത്തുക സുപ്രധാനമാണെന്നും പാപ്പാ പറയുന്നു.
ചാക്രിക ലേഖനത്തിലെ മര്‍മ്മ പ്രധാനമായ ഒരു ഭാഗമാണ് 'ഈ ഉപമയിലെ ഏതു കഥാപാത്രമാണ് ഞാന്‍?' – എന്ന ചോദ്യം. ആത്മശോധനയ്ക്കായുള്ള ചോദ്യമാണത്. ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്ന സമരായനാണോ ഞാന്‍ – ഓരോ ക്രൈസ്തവനും ഓരോ സന്ദര്‍ഭത്തിലും ഓരോ നിലപാടുകളിലും ഈ ചോദ്യം ചോദിക്കേണ്ടിയിരിക്കുന്നു.
എപ്രകാരമാണ് സമരിയാക്കാരന്റെ മനോഭാവം ഈ ലോകത്തില്‍ പ്രകടമാക്കേണ്ടത്? 'ഞാന്‍,' 'എന്റെ കുടുംബം,' 'എന്റെ…' എന്ന അതിരുകള്‍ക്കപ്പുറത്തേക്ക് വളരുക. സ്‌നേഹത്തിന്റെ അനന്യമായ മൂല്യം തിരിച്ചറിയുക. എല്ലാത്തരം അടിസ്ഥാനമൂല്യങ്ങളും – ആത്മധൈര്യം, മിതത്വം, സത്യസന്ധത തുടങ്ങിയവ – സുപ്രധാന ങ്ങളെങ്കിലും, സ്‌നേഹത്തിന്റെ അഭാവത്തില്‍ അവ പൂര്‍ത്തീകരിക്ക പ്പെടുന്നില്ല എന്ന വസ്തുത വളരെ പ്രധാനമാണ്. വി. പൗലോസ് പറഞ്ഞതുപോലെ, സ്‌നേഹിക്കുന്നതില്‍ പരാജയപ്പെടുക എന്നതാണ് ഏറ്റവും വലിയ അപകടം (1 കോറി 13:1-13). ഈ സ്‌നേഹം, മനുഷ്യരെന്ന നിലയില്‍ നാം കെട്ടിപ്പടുത്തിരിക്കുന്ന അതിരുകള്‍ക്കപ്പുറത്തേക്ക് തുറക്കേണ്ടതുണ്ട്. ദൈവം സ്‌നേഹമാകുന്നു. സ്‌നേഹത്തില്‍ ജീവിക്കുന്നവന്‍ ദൈവത്തിലും ജീവിക്കുന്നു (1 Jn 4:16).
സാര്‍വത്രികമായ ഈ സ്‌നേഹം, വ്യക്തികളെ ഉദ്ധരിക്കാനും, ധാര്‍മിക നന്മയെ പ്രോത്സാഹിപ്പിക്കാനും ഉതകുന്നതായിരിക്കണം. നമുക്കുപരിയായ സമൂഹമെന്ന നിലയിലുള്ള ചിന്തകളിലൂടെയും പ്രവര്‍ത്തികളിലൂടെയും, ഘടനാപരമായ വിവേചനങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കുന്നതിലൂടെയും, ആരും ഒഴിവാക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിലൂടെയുമാണ് ഈ തുറവി സാധിക്കുന്നത്. പങ്കുവയ്ക്കലിന്റെ പ്രാചീന ക്രൈസ്തവധര്‍മ്മത്തെ എടുത്തു പറയുന്ന പാപ്പാ, സ്വകാര്യസ്വത്തിന് ഒരു സാമൂഹ്യമാനം ഉണ്ടെന്ന സത്യം ഊന്നിപ്പറയുന്നു. സാര്‍വത്രികവും പ്രാഥമികവുമായ ധാര്‍മികനന്മയ്ക്കു കീഴ്‌പ്പെടുന്ന ദ്വിതീയമായ അവകാശം മാത്രമാണ് സ്വകാര്യസ്വത്തിനുള്ള അവകാശം എന്നത് എടുത്തുപറയുന്നു എന്നത് ശ്രദ്ധേയമാണ്. ദേശാതിര്‍ത്തികള്‍ക്കപ്പുറം നിലനില്‍ക്കുന്ന ഒന്നാണ് മനുഷ്യാവകാശം എന്നും പാപ്പ അടിവരയിടുന്നു.
കുടിയേറ്റത്തെ പ്രത്യേകമായി ഫ്രാന്‍സിസ് പാപ്പാ എടുത്തു പരാമര്‍ശിക്കുന്നു. വ്യത്യസ്ത സാഹചര്യങ്ങളില്‍ കുടിയേറുന്നവര്‍ക്കായി സമൂഹങ്ങളും രാഷ്ട്രങ്ങളും പാലിക്കേണ്ട പ്രതികരണങ്ങളെ നാലു വാക്കുകളിലാണ് പാപ്പ സംഗ്രഹിക്കുന്നത്-സ്വാഗതം, സംരക്ഷണം, ഉദ്ധാരണം, സമന്വയം. കുടിയേറ്റങ്ങള്‍ ഫലദായകവും, പരസ്പരപൂരകവുമായ കൊടുക്കല്‍ വാങ്ങലുകളാണ്. 'എനിക്കെന്തു കിട്ടും' എന്ന ചിന്തയില്‍ കുടുങ്ങിക്കിടക്കുന്ന കച്ചവട താല്‍പ്പര്യമല്ല, സ്വേച്ഛയാല്‍ – സൗജന്യമായി – നല്‍കാനും സ്വാഗതം ചെയ്യാനു മുള്ള മനോഭാവം ആര്‍ജ്ജിക്കുന്ന സംസ്‌കാരത്തെയാണ് പാപ്പ അവതരിപ്പിക്കുന്നത്. ഇന്നത്തെ ലോകത്തില്‍, ഏവരും ഒരുമിച്ചാണ് നന്മ കണ്ടെത്തുന്നത്, ഓരൊരുത്തനും തനിച്ചല്ല.
ആഗോളവല്‍ക്കരണവും തദ്ദേശതാല്‍പ്പര്യങ്ങളും തമ്മില്‍ നൈസര്‍ഗികമായ ഒരു സംഘര്‍ഷമുണ്ട് എന്നത് പാപ്പ അംഗീകരിക്കുന്നു. സാര്‍വത്രികമായ വീക്ഷണം ഉള്‍ക്കൊണ്ടുകൊണ്ടുള്ള തദ്ദേശീയസംസ്‌കാരത്തിന്റെ അഭിവൃദ്ധിയാണ് പാപ്പാ വിഭാവനം ചെയ്യുന്നത്. ആരോഗ്യകരമായ തുറവി ഒരിക്കലും തദ്ദേശീയമായ സ്വത്വത്തിന് ഭീഷണിയല്ല.
ജീര്‍ണ്ണമായ ഇന്നത്തെ രാഷ്ട്രീയ വ്യവസ്ഥയെ പുനരുദ്ധരിക്കുന്ന അനേകം ചിന്തകള്‍ പാപ്പ അവതരിപ്പിക്കുന്നു. സാഹോദര്യത്തിലും സമഭാവനയിലും മനുഷ്യാവകാശങ്ങളിലുള്ള അടിയുറച്ച ബോധ്യവുമുള്ള ഒരു രാഷ്ട്രീയ വ്യവസ്ഥയാണ് പോപ്പ് ലക്ഷ്യം വയ്ക്കുന്നത്.
ഒരു വിഷയത്തിന്‍മേല്‍ അഭി പ്രായം പറയുന്ന ആളെ ഏതെങ്കിലും രീതിയിലുള്ള തരംതിരിക്കലിന് (categorization) വിധേയമാക്കി നിന്ദിക്കാനോ പുകഴ്ത്താനോ ശ്രമിക്കുന്ന സംസ്‌കാരത്തെ അപലപിക്കുന്ന പാപ്പ, ലോകമെമ്പാടും അലയടിക്കുന്ന 'പോപ്പുലിസ'ത്തെയും വിമര്‍ശിക്കുന്നു. 'ജനത' (people) എന്നതിന്റെ അര്‍ത്ഥവും മൂല്യവും 'ജനകീയത' (populism) കവര്‍ന്നെടുക്കുന്നു. വോട്ടുകള്‍ക്കും അപ്പുറത്തേക്ക് പൊതുനന്മ പ്രോത്സാഹിപ്പിക്കുന്ന, വ്യക്തികളുടെ വികസനം പരിപോഷിപ്പിക്കുന്ന, സൃഷ്ടിപരമായ വൈവിധ്യവും ക്രിയാത്മകതയും പടുത്തുയര്‍ത്തുന്ന, സമഗ്രമായ സംവാദങ്ങള്‍ നടത്താന്‍ പര്യാപ്തമായ രാഷ്ട്രീയമാണ് ഈ പുതിയ രാഷ്ട്രീയം. ഓരോ വ്യക്തിയും വിലപ്പെട്ടതാണ്, ഗ്രൂപ്പുകള്‍ മാത്രമല്ല പ്രധാനം.
ടെക്‌നോക്രസിയും കമ്പോള വ്യവസ്ഥിതിയും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുമെന്ന സമീപനവും തെറ്റാണ്. മനുഷ്യമഹത്വം കേന്ദ്രീകൃതമാക്കിയ ഇതര സാമൂഹികഘടനയാണ് ലോകത്തിന് ആവശ്യം. കൂടുതല്‍ ദൃഢമായ ആഗോളസ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണ്. ലോകരാഷ്ട്രസംഘടന (UN), ആഗോള ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയൊക്കെ നവീകരിക്കപ്പെടേണ്ടതുണ്ട്. ഘടനാപരമായ അപര്യാപ്തത മൂലമുള്ള പ്രശ്‌നങ്ങള്‍ തുണ്ടുതുണ്ടായ പരിഹാരങ്ങള്‍ വഴി പരിഹരിക്കപ്പെടില്ല.
സാര്‍വത്രികമായ സ്‌നേഹവും, ഈ സ്‌നേഹം ആവശ്യപ്പെടുന്ന ത്യാഗങ്ങളും ക്ഷമയും ഉണ്ടായാല്‍ മാത്രമേ ഏവരേയും ഉള്‍ക്കൊള്ളുന്ന ഈ രാഷ്ട്രീയ യാഥാര്‍ത്ഥ്യം സാധ്യമാകൂ എന്നു പാപ്പാ സമര്‍ത്ഥിക്കുന്നു.
എപ്രകാരമാണ് ഇത്തരമൊരു രാഷ്ട്രീയം നിര്‍മ്മിച്ചെടുക്കുക? സംവാദവും സൗഹൃദവുമാണ് ഇതിനുള്ള വഴികള്‍. സംവാദം എന്നതുകൊണ്ട് പരസ്പരം കടിച്ചുകീറുന്ന സംഭാഷണത്തെയല്ല പാപ്പ ഉദ്ദേശിക്കുന്നത് (നമ്മുടെ സഭയിലും സമൂഹത്തിലും പല 'നിലപാടുകളില്‍' കുടുങ്ങിക്കിടക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒന്നാണ്). മറിച്ച്, സമീപിക്കുകയും, സംസാരിക്കുകയും ശ്രദ്ധിക്കുകയും, പരസ്പരം മനസ്സിലാക്കുകയും, പൊതുവായ നിലപാടുകള്‍ കണ്ടെത്തുകയും ചെയ്യുന്ന പ്രക്രിയയാണ് സംവാദം. ഇന്നത്തെ സോഷ്യല്‍ മീഡിയയിലെ ശബ്ദങ്ങളെ പാപ്പ വിളിക്കുന്നത് സമാന്തരമായ ആത്മഭാഷണം (parallel monologue) എന്നാണ് – പരസ്പരം ശ്രവിക്കാത്ത, തന്നോടുതന്നെയുള്ള സംസാരം. സത്യസന്ധമായ സാമൂഹികസംവാദം എന്നത് മറ്റുള്ളവരുടെ വീക്ഷണ കോണ്‍ ബഹുമാനിക്കുന്നതിലും ന്യായമായ ബോധ്യങ്ങളും ഉല്‍ക്കണ്ഠകളും അവര്‍ക്കും ഉണ്ടാകുമെന്ന് അംഗീകരിക്കുന്നതിലുമാണ്.
ധാര്‍മികമൂല്യങ്ങളെ തകര്‍ക്കുന്ന ആപേക്ഷികതാവാദത്തെയും പാപ്പ വിമര്‍ശിക്കുന്നു. അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളുടെയും സത്യങ്ങളുടെയും അടിത്തറയില്‍ മാത്രമേ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് അഭിപ്രായൈക്യം രൂപീകരിക്കാന്‍ സാധിക്കൂ. അന്യോന്യം കാണിക്കുന്ന ദയ (kindness) ഈ സംവാദ പ്രക്രിയയില്‍ പരമ പ്രധാനമാണ്.
സമാഗമത്തിന്റെ (encounter) ഒരു സംസ്‌കാരമാണ് ഫ്രാന്‍സിസ് പാപ്പ അവതരിപ്പിക്കുന്നത്. എല്ലാവരും എല്ലാവരില്‍ നിന്നും പഠിക്കുന്ന, ഏവര്‍ക്കും മൂല്യമുള്ള ഒരു സംസ്‌കാരം. ഏത് സാഹചര്യത്തിലും വ്യക്തിയുടെ മഹിമയും, വ്യത്യാസങ്ങളിലെ അന്തസും അംഗീകരിക്കുന്നതാണ് ഈ സംസ്‌കാരം.
മറ്റുള്ളവരെ ഭരിക്കുക എന്ന മനോഭാവത്തില്‍ നിന്ന്, മറ്റുള്ളവരെ സേവിക്കുക എന്ന മനോഭാവത്തിലേക്ക് മാറുന്ന ഒരു പുതുസമൂഹത്തെ പാപ്പ അവതരിപ്പിക്കുന്നു. മനുഷ്യരെന്ന നിലയില്‍ ഒന്നായിരിക്കുക എന്നത് കുടുംബം, ദേശം, വര്‍ഗം, സംസ്‌കാരം എന്നീ തലങ്ങളില്‍ ഒന്നായിരിക്കുക എന്നതിനേക്കാള്‍ വിലമതിക്കുന്ന ഒരു സമൂഹമാണ് പാപ്പ ആഗ്രഹിക്കുന്നത്.
വൈവിധ്യമുള്ള സമൂഹത്തില്‍ സംഘര്‍ഷം നൈസര്‍ഗികമായി ഉണ്ടാകുന്ന ഒന്നാണ്. എപ്രകാരമാണ് ഇത്തരം സംഘര്‍ഷങ്ങളെ കൈകാര്യം ചെയ്യേണ്ടത്? മാപ്പു നല്‍കുന്നതിലൂടെ മാത്രമേ സംഘര്‍ഷങ്ങളെ സംവാദത്തിന്റെ തലത്തില്‍ പിടിച്ചുനിര്‍ത്താന്‍ സാധിക്കൂ എന്ന് പാപ്പ കരുതുന്നു. ഈശോ അസഹിഷ്ണുതയോ അക്രമമോ പ്രോത്സാഹിപ്പിച്ചിട്ടില്ല. ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കണമെന്ന വചനങ്ങളാണ് ക്രൈസ്തവര്‍ക്ക് വഴികാട്ടി ആകേണ്ടത്. പക്ഷേ, മാപ്പ് എന്നത്, സ്വന്തം അവകാശങ്ങളെ വേണ്ട എന്നു വയ്ക്കുന്നതിലൂടെയോ, അല്ലെങ്കില്‍ കുറ്റകൃത്യങ്ങളെ അനുവദിച്ചു കൊണ്ടോ ആകുന്നതല്ല. അടിച്ചമര്‍ത്തുന്നവനെ പ്രോത്സാഹിപ്പിക്കുന്നതല്ല അവനോടുള്ള സ്‌നേഹം. മറിച്ച്, അവന്റെ മനുഷ്യത്വം ഇല്ലാതാക്കുന്ന അധീശ്വത്വത്തെ അവനില്‍ നിന്ന് എടുത്തുമാറ്റുന്നതു വഴിയാണ്. ഈ പ്രക്രിയയിലെ സുപ്രധാനമായ കാര്യം ദ്വേഷവും വൈരാഗ്യവും ഉളവാക്കാതിരിക്കുക എന്നതാണ്. ദേഷ്യവും പ്രതികാര മനോഭാവവും ഏവരുടേയും ആത്മാവിനെ തകര്‍ക്കുന്നു. യഥാര്‍ത്ഥമായ അനുരഞ്ജനം സാധ്യമാകുന്നത് സംഘര്‍ഷത്തെ അഭിമുഖീകരിച്ച്, തുറന്ന, സത്യസന്ധമായ, ക്ഷമയോടെയുള്ള പരസ്പരാലോചനയിലൂടെ മാത്രമാണ്.
ഏത് കാരണം കൊണ്ടാണെങ്കിലും, യുദ്ധമെന്ന ആശയവും മരണശിക്ഷയും പരിശുദ്ധപിതാവ് നിരാകരിക്കുന്നു. കത്തോലിക്കാ സഭയുടെ മതബോധനത്തില്‍, ചില പ്രത്യേകസാഹചര്യങ്ങളില്‍ ഇവ ന്യായീകരിക്കപ്പെടാമെന്ന് പഠിപ്പിച്ചിരുന്നെങ്കിലും, ഇന്നത്തെ സാമൂഹികസാഹചര്യത്തില്‍ ഇവയെ ന്യായീകരിക്കാവുന്ന കാരണങ്ങളോ സാഹചര്യങ്ങളോ കണ്ടെത്താന്‍ കഴിയില്ല, അതുകൊണ്ടുതന്നെ ഇവ ന്യായീകരിക്കപ്പെടുന്നില്ല എന്നതാണ് പാപ്പായുടെ പഠനം.
8. സാഹോദര്യത്തിന്റെ സേവകരായ മതങ്ങള്‍
വിശ്വാസികളെന്ന നിലയില്‍, ഏവരുടേയും പിതാവായ ദൈവത്തോടുള്ള തുറവിയില്ലാതെ, ലോകസാഹോദര്യത്തിന് സുസ്ഥിരമായ കാരണം ഇല്ലെന്ന് നമുക്ക് ബോധ്യമുണ്ട്. ആധുനിക ലോകത്തിലെ പല പ്രതിസന്ധികളുടേയും ഒരു മൂലകാരണം ഭൗതിക വാദത്തില്‍ ഊന്നി, ലൗകികതയുടെ മൂല്യങ്ങള്‍ അലൗകികതയുടെ മൂല്യങ്ങള്‍ക്കു മേല്‍ പ്രതിഷ്ഠിക്കുന്നതാണ്. അതുകൊണ്ടുതന്നെ, സഭയുടെ ദൗത്യം കേവലം വ്യക്തിപരമായ തലത്തിലേക്ക് ഒതുങ്ങുന്നില്ല, മറിച്ച് സമൂഹത്തിലെ ആത്മീയോര്‍ജ്ജം പുനര്‍ജ്വലിപ്പിക്കുന്നതിലുമാണ്. പാര്‍ട്ടിരാഷ്ട്രീയത്തില്‍ ഇടപെടുന്നത് മതശുശ്രൂഷകര്‍ക്ക് അനുയോജ്യമല്ലെന്നിരിക്കെത്തന്നെ, ജീവിതത്തിന്റെ രാഷ്ട്രീയമാനം ത്യജിക്കാന്‍ അവര്‍ക്ക് സാധ്യവുമല്ല.
മതത്തിന്റെ പേരിലുള്ള അക്രമങ്ങള്‍, അടിസ്ഥാനപരമായ വി ശ്വാസബോധ്യങ്ങളില്‍ ഊന്നിയുള്ള ഒന്നല്ല. അവയുടെ വികൃത വ്യാഖ്യാനത്തില്‍ നിന്നുള്ള അപഭ്രംശമാണ് ഇത്തരം അക്രമങ്ങള്‍. ദൈവത്തിന്റെ തിരുനാമം മനുഷ്യരെ ഭീതിപ്പെടുത്താന്‍ ഉപയോഗിക്കുന്നത് ദൈവഹിതമല്ല എന്നത് പാപ്പ ഊന്നിപ്പറയുന്നു. തുറന്ന വാതിലുകളാണ് സഭയ്ക്കു വേണ്ടത്. ബന്ധങ്ങളുടെ പാലങ്ങള്‍ വിരിക്കുന്ന, മതിലുകള്‍ തകര്‍ക്കുന്ന, അനുരജ്ഞനത്തിന്റെ വിത്തുകള്‍ പാകുന്ന അമ്മയാകണം സഭ.
മാര്‍പ്പാപ്പ ആയ നിമിഷം മുതല്‍ – പോപ്പ് ഫ്രാന്‍സിസ് എന്ന നാമധേയം സ്വീകരിച്ച നിമിഷം മുതല്‍ – ഇന്നേവരെ ഫ്രാന്‍സിസ് പാപ്പ പല അവസരങ്ങളില്‍ അവതരിപ്പിച്ച സാമൂഹികദര്‍ശനത്തിന്റെ ഒരു ക്രോഡീകരണം എന്നാണ് ഒറ്റവായനയില്‍ ഫ്രത്തെല്ലി തൂത്തിയെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. വളരെ വിശാലമായ ഒരു ദര്‍ശനമാണ് പാപ്പ ലോകത്തിനു മുമ്പില്‍ തുറന്നിടുന്നത്. ഈ ദര്‍ശനം പ്രവൃത്തികളിലേക്ക് ആഗീരണം ചെയ്യുന്നത് ലോകത്തിനും, സഭയ്ക്കും ഓരോ വ്യക്തിക്കും ഒരു വലിയ വെല്ലുവിളി തന്നെയാണ്. പക്ഷേ, സാഹോദര്യത്തിന്റെ ഭാഷണം വ്യക്തിപരവും സാമൂഹികവുമായ നമ്മുടെ വീഴ്ചകള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കുന്ന ഒന്നാണ്.
ചാക്രികലേഖനത്തിന്റെ അന്ത്യത്തിലുള്ള 'സ്രഷ്ടാവിനോടുള്ള പ്രാര്‍ത്ഥന,' ലേഖനത്തിന്റെ ഒരു രത്‌നച്ചുരുക്കം തന്നെയാണ്. ലേഖനത്തിലെ പല പ്രമേയങ്ങളും ഒറ്റവാക്കില്‍ ക്രോഡീകരിച്ച്, ആ വാക്കുകള്‍ കോര്‍ത്തുണ്ടാക്കിയ ഒരു ചെറിയ പ്രാര്‍ത്ഥന.
മനുഷ്യകുടുംബത്തിന്റെ പിതാവായ ദൈവമേ, അങ്ങ് എല്ലാ മനുഷ്യരേയും തുല്യമഹത്വത്തില്‍ സൃഷ്ടിച്ചു. ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് സാഹോദര്യത്തിന്റെ ആത്മാവിനെ വര്‍ഷിക്കുകയും ഒരു നവീകരിക്കപ്പെട്ട സമാഗമം, സം ഭാഷണം, നീതി, സമാധാനം എന്നിവയുടെ സ്വപ്നം ഞങ്ങളില്‍ പ്രചോദിപ്പിക്കുകയും ചെയ്തു. മെച്ചപ്പെട്ട സമൂഹങ്ങളിലേക്കും വിശപ്പും ദാരിദ്ര്യവും അക്രമവും യുദ്ധവും ഇല്ലാത്ത അന്തസ്സുറ്റ ലോകത്തിലേക്കും ഞങ്ങളെ നയിക്കണമേ. ഭൂമിയിലെ എല്ലാ ജനതകളോടും രാഷ്ട്രങ്ങളോടും ഞങ്ങളുടെ ഹൃദയം തുറക്കട്ടെ. അങ്ങു ഞങ്ങ ളില്‍ ഓരോരുത്തരിലും വിതച്ച നന്മയും സൗന്ദര്യവും ഞങ്ങള്‍ തിരിച്ചറിയട്ടെ. അതുവഴി, ഐക്യത്തിന്റെയും പൊതുകര്‍മ്മത്തിന്റെയും പങ്കുവയ്ക്കപ്പെടുന്ന സ്വപ്നങ്ങളുടെയും ബന്ധങ്ങള്‍ ഞങ്ങള്‍ രൂപീകരിക്കട്ടെ. ആമേന്‍.
ദീര്‍ഘമായ ഒരു ചാക്രികലേഖനമാണിത്. എങ്കിലും, ഒരുപക്ഷേ, ഇതിലെ ഒരേയൊരു ചോദ്യം മാത്രമായിരിക്കണം ഓരോ വായനക്കാരനും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ പരിശുദ്ധ പിതാവ് ആഗ്രഹിച്ചിട്ടുണ്ടാവുക. 'സമരിയാക്കാരന്റെ ഉപമയിലെ ഏത് കഥാ പാത്രമാണ് ഞാന്‍ – അക്രമി? ആക്രമിക്കപ്പെട്ടവന്‍? പുരോഹിതന്‍? ലേവായന്‍? സത്രം സൂക്ഷിപ്പുകാരന്‍? സമറായന്‍? – 'ഇതിനുള്ള ഉത്തരം ജീവിതത്തിലെ ഓരോ സമസ്യയ്ക്കു മുന്നിലും സ്വയം ചോദിച്ച്, കിട്ടുന്ന ഉത്തരത്തിനനുസരിച്ച് നമ്മുടെ നിലപാടുകളും വാക്കുകളും പ്രവൃത്തികളും ക്രമീകരിക്കുവാന്‍ നമുക്കു സാധിച്ചാല്‍, 'ഫ്രത്തെല്ലി തൂത്തി'-യുടെ ആത്മാവ് നാം ഉള്‍ക്കൊണ്ടിരിക്കുന്നു എന്ന് നിസംശയം പറയുവാന്‍ സാധിക്കും.