ഫാ. ആലേങ്ങാടന്‍: മതത്തിനതീതമായി വളര്‍ന്ന മിഷന്‍

ഫാ. ആലേങ്ങാടന്‍: മതത്തിനതീതമായി വളര്‍ന്ന മിഷന്‍
ആര്‍ഭാടത്തിനും ആചാരാനുഷ്ഠാനബദ്ധമായ മതത്തിനുമപ്പുറത്ത്, സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങള്‍ക്കു നീതി ലഭ്യമാക്കുന്ന പ്രവാചകനായ യേശുവിന്റെ ചിത്രം യുവാക്കളിലേക്കും കുട്ടികളിലേക്കും ഏറ്റവും വേഗത്തില്‍ നല്‍കി, സ്വഭാവരൂപവത്കരണത്തിലൂടെ ഉത്തമപൗരന്മാരാക്കി അവരെ മാറ്റി രാഷ്ട്രത്തിനും സഭയ്ക്കും ഒരുപോലെ സേവനം ചെയ്യുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതായിരുന്നു ഫാ. വര്‍ഗീസ് ആലേങ്ങാടന്റെ സ്വപ്നം.

ഫാ. വര്‍ഗീസ് ആലേങ്ങാടനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും 1993-ലാണ്. ഫ്രാന്‍സിലെ പാരീസില്‍ ഒരിടവകയില്‍ സേവനം ചെയ്തുകൊണ്ട് പഠനം നടത്തിക്കൊണ്ടിരുന്ന എന്നെ അദ്ദേഹം യുനെസ്‌കോയില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ പരിചയപ്പെടാനിടയാകുകയാണുണ്ടായത്. അന്നു യുവാക്കള്‍ക്കിടയില്‍ താന്‍ നടത്തിയിരുന്ന ബോധവത്കരണ പ്രക്രിയകള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് അദ്ദേഹം അവിടെ വന്നത്. ഏറെ ആര്‍ജവമുള്ള ഒരു വ്യക്തിത്വമെന്ന ധാരണ ആ കൂടിക്കാഴ്ച എന്നിലുണര്‍ത്തി. ക്രിസ്തുവിനെപ്രതി, സഭയെപ്രതി ഇത്രമാത്രം വിചാരപ്പെടുന്ന ഒരു വൈദികനെ ആ നാളുകളില്‍ ഞാനാദ്യമായിട്ടാണു കാണുന്നത്. എന്റെ കൂടെ ചെലവഴിച്ച രണ്ടു ദിവസങ്ങളില്‍ അദ്ദേഹം സംസാരിച്ചതു മുഴുവനും സഭയെക്കുറിച്ചും സഭയുടെ മിഷന്‍ പ്രവര്‍ത്തനത്തെക്കുറിച്ചും ക്രിസ്തുവിന്റെ സാക്ഷ്യത്തെക്കുറിച്ചും ഒക്കെയാണ്.

വലിയ സ്വപ്നങ്ങളുള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. യേശു ജീവിച്ചതുപോലെ സത്യത്തിനും നീതിക്കുംവേണ്ടി സഭ പ്രവര്‍ത്തിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനം. കര്‍ക്കശമായ മൂല്യബോധം കൊണ്ടാകണം, മധ്യപ്രദേശിലെ യുവജനങ്ങള്‍ക്കിടയില്‍ സംസ്ഥാനതലത്തില്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ജൂനിയര്‍ ഗാന്ധി എന്നദ്ദേഹത്തെ വിളിച്ചിരുന്നത്. മൂല്യാധിഷ്ഠിതമായ ഒരു ദൈവരാജ്യവികസനം എന്ന കാഴ്ചപ്പാടിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ആര്‍ഭാടത്തിനും ആചാരാനുഷ്ഠാനബദ്ധമായ മതത്തിനുമപ്പുറത്ത്, സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങള്‍ക്കു നീതി ലഭ്യമാക്കുന്ന പ്രവാചകനായ യേശുവിന്റെ ചിത്രം യുവാക്കളിലേക്കും കുട്ടികളിലേക്കും ഏറ്റവും വേഗത്തില്‍ നല്‍കി, സ്വഭാവരൂപവത്കരണത്തിലൂടെ ഉത്തമപൗരന്മാരാക്കി അവരെ മാറ്റി രാഷ്ട്രത്തിനും സഭയ്ക്കും ഒരുപോലെ സേവനം ചെയ്യുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.

കൂടെ ഉണ്ടായിരുന്ന രണ്ടു ദിവസങ്ങളില്‍ അദ്ദേഹം പാരീസ് പട്ടണം ചുറ്റിക്കറങ്ങാനോ, പൊതുവെ ടൂറിസ്റ്റുകള്‍ കാണാനിഷ്ടപ്പെടുന്ന വലിയ പള്ളികളോ സ്മാരകങ്ങളോ സന്ദര്‍ശിക്കാനോ ആയിരുന്നില്ല അദ്ദേഹത്തിനു താത്പര്യം. അദ്ദേഹത്തിനു താത്പര്യം മനുഷ്യരെ കാണാനായിരുന്നു. ഏതെങ്കിലും രീതിയില്‍ സാമൂഹ്യസേവനരംഗത്ത് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളെ കാണാനും അവരുമായി സംവദിക്കാനുമാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. അതിലൂടെ തന്റെ ദര്‍ശനങ്ങള്‍ക്കു വ്യക്തത വരുത്താനും സ്വപ്നങ്ങള്‍ക്കു കൃത്യത വരുത്താനുമാണ് അദ്ദേഹം ആഗ്രഹിച്ചത്.

പിന്നീട് കൂടുതല്‍ പരിചയപ്പെട്ടത് 1994-ല്‍ സംഘപരിവാറിനെക്കുറിച്ചുള്ള എന്റെ ഗവേഷണപ്ര ബന്ധത്തിനാവശ്യമായ പഠനം നടത്താന്‍ വടക്കേയിന്ത്യയില്‍ ചെന്നപ്പോഴാണ്. ഒരുപാടു ഗ്രാമങ്ങളിലൂടെയും മറ്റും അലഞ്ഞ് വളരെ ക്ഷീണിതനായി ഇന്‍ഡോറിലെത്തിച്ചേര്‍ന്ന എനിക്ക് ഒരാഴ്ച വളരെ സുരക്ഷിതവും സൗകര്യപ്രദവുമായ പരിചരണം അദ്ദേഹം നല്‍കി. അതോടൊപ്പം ഇന്‍ഡോറിലും സമീപപ്രദേശങ്ങളിലുമുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ചില ബന്ധങ്ങള്‍ അദ്ദേഹം പരിചയപ്പെടുത്തി. അത് എന്റെ ഗവേഷണപ്രബന്ധം തയ്യാറാക്കുന്നതിനു നല്ല ഒരു തുടക്കം നല്‍കി. വ്യത്യസ്ത ആശയധാരകളിലായാലും, സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ശരിക്കുള്ള പ്രവര്‍ത്തകരെ അദ്ദേഹത്തിന് അറിയാമായിരുന്നു. ആശയധാരകള്‍ക്കപ്പുറത്ത് സാധാരണമനുഷ്യരുമായി സ്‌നേഹബന്ധങ്ങളും അദ്ദേഹം സൂക്ഷിക്കുമായിരുന്നു. ആദര്‍ശങ്ങളില്‍ നീക്കുപോക്കില്ലാതെയാണ് ജീവിച്ചതെങ്കിലും വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം വളരെ മുമ്പിലായിരുന്നു.

അദ്ദേഹം നടത്തിയിരുന്ന യൂണിവേഴ്‌സല്‍ സോളിഡാരിറ്റി മൂവ്‌മെന്റുമായി (യു എസ് എം) ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ പിന്നീട് എനിക്കിടയായിട്ടുണ്ട്. നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളിലും മറ്റും ആളുകളെ അദ്ദേഹത്തോടു ചേര്‍ത്തു നിറുത്തിയത് അദ്ദേഹത്തിന്റെ സുതാര്യതയായിരുന്നു. യു എസ് എം എന്ന പ്രസ്ഥാനത്തിന്റെ നേതൃത്വസമിതിയില്‍ എല്ലാ മതക്കാരും യുവാക്കളും വയോധികരും ഒക്കെയുണ്ട്. അക്കൗണ്ടബിലിറ്റി വളരെ പ്രധാനമായിരുന്നു. പണം എവിടെ നിന്നു വരുന്നു, എന്തിനുവേണ്ടി ഉപയോഗിക്കുന്നു, എപ്രകാരം ഉപയോഗിക്കുന്നു എന്നു തുടങ്ങിയ കാര്യങ്ങളെല്ലാം അവിടെ എല്ലാവര്‍ക്കും അറിയാമായിരുന്നു. വര്‍ഷത്തിലൊരിക്കലല്ല, മാസം തോറും കണക്കുകള്‍ അവതരിപ്പിച്ച്, വ്യക്തത വരുത്തി, പ്ലാനിംഗ് നടത്തി, സുതാര്യമായിട്ടാണു പോയിരുന്നത്. പണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ആശയതലത്തിലും പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലുമെല്ലാം ഈ ആലോചനകളുണ്ടായിരുന്നു. നീതി, സുതാര്യത, സത്യം, ബോധവത്കരണം എന്നിവയൊക്കെയായിരുന്നു അദ്ദേഹത്തിന്റെ മതത്തിന്റെ സ്തംഭങ്ങള്‍ എന്നു വേണമെങ്കില്‍ പറയാം. രാഷ്ട്രസ്‌നേഹം അദ്ദേഹത്തിനു വളരെ പ്രധാനമായിരുന്നു.

യു എസ് എമ്മില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ അഞ്ചു കാര്യങ്ങള്‍ ചെയ്യണമെന്നുണ്ടായിരുന്നു. എല്ലാ ദിവസവും മാതാപിതാക്കളെ ബഹുമാനിക്കുക, ഒരു സത്കര്‍മ്മം ചെയ്യുക, ഇഷ്ടദൈവത്തോടു പ്രാര്‍ത്ഥിക്കുക, ചെടികള്‍ നടുക, വഴിയിലെ ചപ്പും ചവറും നീക്കം ചെയ്യുക തുടങ്ങിയവയായിരുന്നു അവ. രാജ്യത്തിന്റെ മതേതര, ജനാധിപത്യ പൈതൃകത്തോടു ചേര്‍ന്നു നില്‍ക്കുക പ്രധാനമായിരുന്നു. മതത്തിന്റെ പേരിലുള്ള ചേരിതിരിവുകളെ വകവയ്ക്കാതെ എല്ലാവരേയും അദ്ദേഹം ചേര്‍ത്തു നിറുത്തി.

യു എസ് എം എന്ന പ്രസ്ഥാനത്തിന്റെ നേതൃത്വസമിതിയില്‍ എല്ലാ മതക്കാരും യുവാക്കളും വയോധികരും ഒക്കെയുണ്ട്. അക്കൗണ്ടബിലിറ്റി വളരെ പ്രധാനമായിരുന്നു. പണം എവിടെ നിന്നു വരുന്നു, എന്തിനുവേണ്ടി ഉപയോഗിക്കുന്നു, എപ്രകാരം ഉപയോഗിക്കുന്നു എന്നു തുടങ്ങിയ കാര്യങ്ങളെല്ലാം അവിടെ എല്ലാവര്‍ക്കും അറിയാമായിരുന്നു. വര്‍ഷത്തിലൊരിക്കലല്ല, മാസം തോറും കണക്കുകള്‍ അവതരിപ്പിച്ച്, വ്യക്തത വരുത്തി, പ്ലാനിംഗ് നടത്തി, സുതാര്യമായിട്ടാണു പോയിരുന്നത്. പണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ആശയതലത്തിലും പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലുമെല്ലാം ഈ ആലോചനകളുണ്ടായിരുന്നു. നീതി, സുതാര്യത, സത്യം, ബോധവത്കരണം എന്നിവയൊക്കെയായിരുന്നു അദ്ദേഹത്തിന്റെ മതത്തിന്റെ സ്തംഭങ്ങള്‍ എന്നു വേണമെങ്കില്‍ പറയാം. രാഷ്ട്രസ്‌നേഹം അദ്ദേഹത്തിനു വളരെ പ്രധാനമായിരുന്നു.

കണക്കുകളിലെ സുതാര്യത മാത്രമായിരുന്നില്ല യു എസ് എമ്മിലുണ്ടായിരുന്നത്. ലിംഗഭേദചിന്തയില്ലാതെ എല്ലാവരും യു എസ് എമ്മില്‍ ഒന്നിച്ചു താമസിക്കുമ്പോഴും പെരുമാറ്റത്തില്‍ യാതൊരു വീഴ്ചകളും വരാതെ മനുഷ്യബന്ധങ്ങളേയും അവര്‍ കാത്തുസൂക്ഷിച്ചു. എല്ലാവരും ഒരുമിച്ചു പ്രാര്‍ത്ഥിച്ചു, ഭക്ഷിച്ചു, താമസിച്ചു, പരിശീലനക്ലാസുകള്‍ നടത്തി എന്നിങ്ങനെ എല്ലാത്തിനും അടുക്കും ചിട്ടയും ഉണ്ടായിരുന്നു. കഠിനമായി അദ്ദേഹം ജോലികള്‍ ചെയ്തിരുന്നു. എല്ലാ ദിവസവും അതതു ദിവസത്തെ പ്രവര്‍ത്തനങ്ങളെ രാത്രിയില്‍ വിലയിരുത്തുമായിരുന്നു. നിരന്തരമായ ആത്മവിമര്‍ശനങ്ങളിലൂടെ ആ പ്രസ്ഥാനത്തെ മെച്ചപ്പെടുത്താനും തെറ്റുകള്‍ തിരുത്താനും അതുകൊണ്ടു സാധിച്ചിരുന്നു. ആ രീതിശാസ്ത്രവും ആ പ്രസ്ഥാനത്തെ എല്ലാവരിലേക്കും കൊണ്ടുചെന്നതിന് ഒരു പ്രധാനകാരണമായി.

വിജയിക്കുന്നതാണു സത്യം, എല്ലാവരും കൂടി സമ്മതിക്കുന്നതാണു സത്യം തുടങ്ങിയ രീതിയില്‍ അദ്ദേഹം യാതൊന്നുമായും സന്ധി ചെയ്തിരുന്നില്ല. തികച്ചും ഒരു ആദര്‍ശവാദിയായിരുന്നതിനാല്‍ അതിലൊന്നും വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല. അതേസമയം സാരമല്ലാത്ത കാര്യങ്ങളില്‍ വളരെ കടുംപിടിത്തങ്ങളില്ലാത്ത ആളുമായിരുന്നു അദ്ദേഹം. പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങളിലോ മൂല്യങ്ങളിലോ അയവു വരുത്തിക്കൊണ്ടുള്ള യാതൊരു നേട്ടങ്ങളും വേണ്ട എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്.

പ്രഗത്ഭരായ ഐ എ എസ്്, ഐ പി എസ് ഉദ്യോഗസ്ഥരൊക്കെ യു എസ് എമ്മിന്റെ വേദികളില്‍ വരാറുണ്ട്. എന്നാല്‍ ഇവരില്‍ ചിലര്‍ ബി ജെ പി അനുഭാവികളായതോടെ അവരുമായുള്ള ബന്ധം അദ്ദേഹം ഉപേക്ഷിച്ചു. വര്‍ഗീയതയോട് അദ്ദേഹം ഒരുതരത്തിലും സന്ധി ചെയ്തില്ല. രാഷ്ട്രസേവനം അനുദിനജീവിതത്തിന്റെ ഭാഗമായി കണ്ട അദ്ദേഹം പക്ഷേ ഏതെങ്കിലും ജാതിയേയോ മതത്തേയോ ശത്രുപക്ഷത്തു നിറുത്തി രാഷ്ട്രീയനേട്ടം കൊയ്യുന്ന സംഘപരിവാറിന്റെയും ബി ജെ പിയുടെയും ആശയങ്ങളെ ശക്തമായി വിമര്‍ശിച്ചു പോന്നു. അദ്ദേഹത്തിന്റെ പ്രസ്ഥാനത്തില്‍ പകുതിയിലധികവും ഹൈന്ദവരും ഇതര മതസ്ഥരുമായിരുന്നു താനും.

കൊച്ചിയില്‍ രണ്ടു ദിവസത്തെ ദേശീയസമ്മേളനം യു എസ് എം നടത്തിയപ്പോള്‍ എനിക്കതു നേരിട്ടു മനസ്സിലായതാണ്. ഇതിന്റെ ഉദ്ഘാടനത്തിന് ആരെ വിളിക്കണം എന്ന ആലോചന നടന്നപ്പോള്‍, താരമൂല്യമുള്ള പലരുടേയും പേരുകള്‍ ഉയര്‍ന്നുവന്നു. എന്നാല്‍ പണം ചെലവഴിച്ച് അത്തരം താരങ്ങളെ കൊണ്ടുവരേണ്ടതില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഡോ. വി പി ഗംഗാധരന്‍, ബിഷപ് ജേക്കബ് മുരിക്കന്‍, പാലിയേറ്റീവ് കെയര്‍ നടത്തുന്ന ഡോ. ജെറി പുളിക്കല്‍ തുടങ്ങിയ ആധികാരികതയും ആത്മാര്‍ത്ഥതയും ഉള്ള ആളുകളെ വിളിച്ചാല്‍ മതി എന്നദ്ദേഹം തീരുമാനിച്ചു. നയങ്ങളില്‍ ഇളവു ചെയ്താല്‍ പണവും പ്രസിദ്ധിയും എളുപ്പത്തില്‍ കരസ്ഥമാക്കാന്‍ സാധിക്കും എന്ന പ്രലോഭനത്തില്‍ അദ്ദേഹം ഒരിക്കലും വീണിരുന്നില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org