അടപ്പൂരച്ചന്‍: വിവേകത്തിന്റെ വെളിച്ചം

അടപ്പൂരച്ചന്‍: വിവേകത്തിന്റെ വെളിച്ചം

സഭയിലും സമൂഹത്തിലും വിവേകത്തിന്റെ വെളിച്ചം പരത്തി ജീവിച്ച ഫാ. എ അടപ്പൂര്‍ എസ് ജെ ഓര്‍മ്മയായി. 97 വയസ്സു വരെയും വായിച്ചും ചിന്തിച്ചും ചിന്താഫലങ്ങള്‍ സമൂഹത്തിനു സമ്മാനിച്ചും ജീവിച്ച മഹാമനീഷിയായിരുന്നു അദ്ദേഹം. ക്രൈസ്തവാദര്‍ശങ്ങളുടെ വക്താവായിരിക്കുമ്പോഴും ആശയതലത്തിലെ എതിരാളികള്‍ക്കെതിരെ നിരന്തരം വാക്ശരങ്ങള്‍ വിക്ഷേപിക്കുമ്പോഴും ആരേയും നോവിക്കാത്ത ഔചിത്യവും ഔന്നത്യവും അദ്ദേഹത്തെ വ്യത്യസ്തനാക്കി.

മൂവാറ്റുപുഴ, ആരക്കുഴ സ്വദേശിയായ അവിരാച്ചന്‍ എന്ന അബ്രഹാം അടപ്പൂര്‍, 1944 ല്‍ ഈശോസഭയില്‍ ചേര്‍ന്നു. മംഗലാപുരം സെ.അലോഷ്യസ് കോളേജിലായിരുന്നു ബിരുദപഠനം. പ്രൊഫ. സുകുമാര്‍ അഴീക്കോട് അവിടെ അച്ചന്റെ അദ്ധ്യാപകനായിരുന്നു. 1959 ല്‍ ഈശോസഭാവൈദികനായി പൗരോഹിത്യം സ്വീകരിച്ചു. ഫ്രാന്‍സിലും അമേരിക്കയിലും ഉപരിപഠനം നടത്തി. റോമില്‍ ഈശോസഭാ ജനറല്‍ കാര്യാലയത്തില്‍ റീജണല്‍ സെക്രട്ടറിയായി ദീര്‍ഘകാലം സേവനം ചെയ്തു. മദ്രാസ് ലയൊളാ കോളേജ് പ്രിന്‍സിപ്പലും ഭരണഘടനാനിര്‍മ്മാണസമിതിയംഗവും എന്ന നിലയില്‍ ചരിത്രപുരുഷനായി മാറിയ ഫാ. ജെറോം ഡിസൂസാ അവിടെ അടപ്പൂരച്ചന്റെ സഹപ്രവര്‍ത്തകനായിരുന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ ഉദ്ഘാടനം ചെയ്യുമ്പോള്‍ ലോകമാധ്യമങ്ങളുടെ രണ്ടായിരത്തോളം വരുന്ന പ്രതിനിധികള്‍ക്കൊപ്പം അതു വീക്ഷിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തയാളാണ് അടപ്പൂരച്ചന്‍. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമേയങ്ങളെയും പ്രമാണങ്ങളെയും കുറിച്ച് അഞ്ചു വര്‍ഷത്തോളം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അദ്ദേഹം എഴുതി.

ജോണ്‍ ഇരുപത്തിമൂന്നാമനു ശേഷം മാര്‍പാപ്പയായ പോള്‍ ആറാമന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുത്തിട്ടുള്ള അടപ്പൂരച്ചന്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മുംബൈയിലെത്തിയപ്പോള്‍ നടത്തിയ പ്രസംഗങ്ങള്‍ തയ്യാറാക്കുന്നതില്‍ പങ്കു വഹിച്ചു. അസതോ മാ സത് ഗമയ എന്നു തുടങ്ങുന്ന ഉപനിഷദ് പ്രാര്‍ത്ഥന പാപ്പായുടെ പ്രസംഗത്തില്‍ ചേര്‍ത്തത് അച്ചന്റെ നിര്‍ദേശപ്രകാരമാണ്.

പിന്നീട്, കേരളത്തിലെത്തിയതിനു ശേഷം മതേതര സമൂഹത്തിലെ ഉള്‍ക്കാമ്പുള്ള ഒരു ചിന്തകനും എഴുത്തുകാരനുമായി അദ്ദേഹം അറിയപ്പെട്ടു. മാതൃഭൂമി ഉള്‍പ്പെടെയുള്ള പൊതുപ്രസിദ്ധീകരണങ്ങളില്‍ നിരന്തരമായി എഴുതി. തന്റെ കാലത്തെ സാഹിത്യത്തിലെയും സാംസ്‌കാരികരംഗത്തെയും മഹാന്മാരുമായി അഗാധമായ വ്യക്തിബന്ധങ്ങള്‍ സൂക്ഷിച്ചു.

അന്താരാഷ്ട്ര സമൂഹത്തെയും സഭയെയും നിരന്തരം വീക്ഷിച്ചുകൊണ്ട്, അതില്‍ നിന്നുള്ള പാഠങ്ങള്‍ കേരളസമൂഹത്തിനും സഭയ്ക്കും നല്‍കുന്നതില്‍ നിതാന്ത ശ്രദ്ധ അദ്ദേഹം പുലര്‍ത്തിയിരുന്നു. പ്രവാചകതുല്യമായ നിര്‍ഭയത്വം അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. എഴുത്തിലും പ്രസംഗങ്ങളിലും സ്വന്തം ബോദ്ധ്യങ്ങള്‍ ഉറച്ചും തെളിച്ചും പറയാന്‍ അദ്ദേഹം ആരേയും ഭയപ്പെട്ടില്ല. വ്യക്തിജീവിതത്തിലാകട്ടെ ലാളിത്യവും വിനയവും പുലര്‍ത്തി.

അനേകം ഗ്രന്ഥങ്ങളും നൂറു കണക്കിനു ലേഖനങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമായി അദ്ദേഹം പ്രസിദ്ധപ്പെടുത്തി. അടപ്പൂരച്ചന്റെ അനവധിയായ ലേഖനങ്ങളും കത്തുകളും സത്യദീപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അനേകം പുരസ്‌കാരങ്ങളും അദ്ദേഹത്തിനു ലഭ്യമായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org