കല്‍ദായ ലിറ്റര്‍ജി പരിഷ്‌കരണത്തിനെതിരെ അഹോരാത്രം പരിശ്രമിച്ച ഫാ. ജോസ് കാനംകുടം

കല്‍ദായ ലിറ്റര്‍ജി പരിഷ്‌കരണത്തിനെതിരെ അഹോരാത്രം പരിശ്രമിച്ച ഫാ. ജോസ് കാനംകുടം

ബേബി മൂക്കന്‍

അവിഭക്ത തൃശൂര്‍ രൂപതയിലെ സീനിയര്‍ വൈദികനും ഇരിങ്ങാലക്കുട രൂപതാംഗവുമായ ഫാ. ജോസ് കാനംകുടം കഴിഞ്ഞ ജൂലൈ 22-ന് നിര്യാതനാകുമ്പോള്‍ സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജി പരിഷ്‌കരണത്തിനെതിരായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടു അവിരാമം പ്രവര്‍ത്തിച്ച ഒരു വൈദികശ്രേഷ്ഠനെയാണ് സഭയ്ക്ക് നഷ്ടപ്പെട്ടത്.

ഇരിങ്ങാലക്കുട രൂപതയിലെ വെളയനാട് കാനംകുടം ഔസേഫ്-കുഞ്ഞന്നം ദമ്പതികളുടെ മകനായി 1938-ല്‍ ജനിച്ച അദ്ദേഹം തൃശൂര്‍ മൈനര്‍ സെമിനാരി, ആലുവ സെമിനാരികളില്‍ വൈദികപഠനം പൂര്‍ത്തിയാക്കി 1964-ല്‍ മാര്‍ ജോര്‍ജ് ആലപ്പാട്ടില്‍നിന്ന് വൈദികപട്ടം സ്വീകരിച്ച് തൃശൂര്‍, ഇരിങ്ങാലക്കുട രൂപതകളില്‍ വിവിധ ഇടവകകളില്‍ സേവനമനുഷ്ഠിച്ചു. റിട്ടയര്‍ ചെയ്തു. വലിയ അക്കാഡമിക് ബിരുദങ്ങളോ ഡോക്ടറേറ്റോ ഇല്ലാതിരുന്ന അച്ചന്‍ ആരാധനക്രമം, സഭാചരിത്രം തുടങ്ങിയ കാര്യങ്ങളില്‍ സസൂക്ഷ്മം പഠനം നടത്തി ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് പ്രസിദ്ധീകരിച്ച ലഘുലേഖകള്‍ ഈ കാലഘട്ടത്തില്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

സീറോ മലബാര്‍ സഭയുടെ വി. കുര്‍ബാന 50:50 അനുപാതത്തില്‍ എല്ലാ രൂപതകളിലും നിര്‍ബന്ധമായി നടപ്പാക്കാന്‍ ഒരുങ്ങുന്ന ഈ അവസരത്തില്‍ അത് ഏറെ പ്രസക്തവുമാണ്. 50:50 എന്നു പറയുമ്പോള്‍ തന്നെ അതില്‍തന്നെ യഥാര്‍ത്ഥത്തില്‍ വെള്ളം ചേര്‍ക്കുന്നുണ്ട്. സാധാരണദിവസ കുര്‍ബാന, വിശേഷദിവസ-ഞായറാഴ്ചകുര്‍ബാന, റാസകുര്‍ബാന ഈ മൂന്നുതരം കുര്‍ബാനകളില്‍ വിവിധ സമയക്രമമാണ്. ഇതനുസരിച്ച് 45 മിനിറ്റ് സാധാരണ കുര്‍ബാനയില്‍ 30 മിനിറ്റ് വൈദികര്‍ അള്‍ത്താരക്കഭിമുഖമാണ് നില്ക്കുക. എന്നാല്‍ 90 മിനിറ്റിലുള്ള ഞായറാഴ്ചകുര്‍ബാനകളില്‍ വായനകളും പ്രസംഗവും കഴിച്ചാല്‍ ഏതാനും മിനിറ്റുകള്‍ മാത്രമാണ് വൈദികന്‍ ജനാഭിമുഖം നില്ക്കുക. റാസകുര്‍ബാന വളരെ നീണ്ടതും 80 ശതമാനവും അള്‍ത്താരാഭിമുഖവുമാണ്.

2-ാം വത്തിക്കാന്‍ സൂനഹദോസിനുശേഷം 1969 മുതലാണ് വി. കുര്‍ബാന എല്ലാ സഭകളും ജനാഭിമുഖവും പ്രാദേശികഭാഷകളിലും അര്‍പ്പിക്കാന്‍ തുടങ്ങിയത്. കത്തോലിക്കാസഭയിലുണ്ടായ വലിയ മാറ്റമായിരുന്നു ഇത്. സാ ധാരണ വിശ്വാസികള്‍ ആവേശപൂര്‍വ്വം സ്വീകരിക്കുകയും പണ്ഡിത-പാമരഭേദമന്യെ എല്ലാവരും സ്വമേധയാ നടപ്പാക്കുകയും ചെയ്തു. ഇവിടെയാണ് പൗരസ്ത്യസഭകളെന്ന പേരില്‍ 1986 മുതല്‍ നമ്മുടെമേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കല്‍ദായവാദികളായ ചിലര്‍ ശ്രമം ആരംഭിച്ചത്. എന്താണ് കല്‍ദായവാദം? നാം എവിടെ നില്ക്കുന്നു? ഇത് പരിശോധിക്കേണ്ടതുണ്ട്.

വലിയ അക്കാഡമിക് ബിരുദങ്ങളോ ഡോക്ടറേറ്റോ ഇല്ലാതിരുന്ന അച്ചന്‍ ആരാധനക്രമം, സഭാചരിത്രം തുടങ്ങിയ കാര്യങ്ങളില്‍ സസൂക്ഷ്മം പഠനം നടത്തി ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് പ്രസിദ്ധീകരിച്ച ലഘുലേഖകള്‍ ഈ കാലഘട്ടത്തില്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

റോമാസാമ്രാജ്യത്തിനു പുറത്ത് സുവിശേഷം പ്രസംഗിച്ച ഏക അപ്പസ്‌തോലന്‍ വി. തോമാശ്ലീഹ മാത്രമാണ്. അതുകൊണ്ട് തന്നെ നമ്മുടെ സഭയ്ക്ക് അതിന്റേതായ തനിമയും പാരമ്പര്യവുമുണ്ട്. ഇത് കേരളത്തില്‍ ഏകദേശം ഒമ്പതാം നൂറ്റാണ്ടുവരെ തുടര്‍ന്നതായി ചരിത്രവുമുണ്ട്. എന്നാല്‍ അഞ്ചാം നൂറ്റാണ്ടോടുകൂടി പേര്‍ഷ്യയിലെ ഭീകരമായ മതപീഡനത്തില്‍നിന്ന് രക്ഷ തേടി കേരളത്തില്‍ കുടിയേറിയ കല്‍ദായരെ ഇവിടത്തെ വിശ്വാസികള്‍ വിശ്വസിച്ച് സ്വീകരിച്ചു. അവര്‍ പിന്നീട് ഇവിടത്തെ വലിയ കച്ചവടക്കാരായി നാട്ടുരാജാക്കന്മാരായി നല്ല ബന്ധം ഉണ്ടാക്കുകയും സഭയിലും സമൂഹത്തിലും സ്വാധീനം സ്ഥാപിക്കുകയും ചെയ്തു. ഇതുവഴി നമ്മുടെ വിശ്വാസികളിലും വലിയ സ്വാധീനം ഉണ്ടാക്കുകവഴി ഇവിടത്തെ സഭാനേതൃത്വത്തിലും പടിപടിയായി അവര്‍ പിടിമുറുക്കാന്‍ തുടങ്ങി. അന്നുവരെ ഇവിടെ ഉപയോഗിച്ചിരുന്ന തദ്ദേശീയ ആരാധനക്രമത്തിന് കല്‍ദായക്രമമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല.

റോമാസാമ്രാജ്യത്തിന്റെ വിഭജനമാണ് സഭാചരിത്രത്തില്‍ പാശ്ചാത്യസഭ, പൗരസ്ത്യസഭ എന്നൊക്കെ വ്യവഹരിക്കാന്‍ ഇടവരുത്തിയത്. പടിഞ്ഞാറന്‍ റോമാസാമ്രാജ്യത്തിലെ സഭകളോ, പുത്രീസഭകളോ ആയി സാമ്രാജ്യത്തിന് പുറത്തുരൂപം കൊണ്ട സഭകളെ "പാശ്ചാത്യസഭ"യെന്നും കിഴക്കന്‍ റോമാസാമ്രാജ്യത്തില്‍ രൂപംകൊണ്ടതോ പുത്രിസഭകളെയോ ആയവയെ പൗരസ്ത്യസഭകളെന്നും പറയാന്‍ ഇടവന്നു. റോമാ സാമ്രാജ്യത്തിന് പുറത്തു ഒരു അപ്പസ്‌തോലനാല്‍ സ്ഥാപിക്കപ്പെട്ട സഭ "കേരളസഭ" മാത്രമാണ്. ഇന്ത്യ പൗരസ്ത്യദേശത്തുപ്പെടുന്നതുപോലെയും ഇവിടത്തെ ഭാഷകള്‍ പൗരസ്ത്യഭാഷകള്‍ എന്ന് അറിയപ്പെടുന്നതുപോലെയും മാത്രമാണ് അത് വിവക്ഷിക്കപ്പെട്ടത്.

എ.ഡി. 410 ലെ സെലൂഷ്യന്‍ കൗണ്‍സിലിന്റെ തീര്‍പ്പനുസരിച്ച് കല്‍ദായ ആരാധനക്രമവും ഭാഷയും സ്വീകരിച്ചാലേ ഇവിടത്തെ സഭയ്ക്ക് റോമയിലെ സംരക്ഷണം ലഭിക്കുന്നുവെന്ന് അന്ത്യശാസനം ഉണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ അന്നുള്ള കേരളസഭയ്ക്ക് അത് അംഗീകരിക്കേണ്ടി വന്നു. എങ്കിലും എ.ഡി. 900 വരെ സ്വന്തമായി ഇവിടെ മെത്രാന്മാരും സഭാക്രമവും പ്രത്യേക ആരാധനക്രമവും നിലനിന്നതായി പറയപ്പെടുന്നു. എന്നാല്‍ 13-ാം നൂറ്റാണ്ടോടുകൂടി കല്‍ദായ അധീശത്വം ഇവിടെ ഉറപ്പിക്കപ്പെടുകയാണുണ്ടായത്.

1965-ല്‍ നടന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വരെ അതാതുസഭകളില്‍ അവരുടെ രീതികളില്‍ ആരാധനക്രമം, പ്രത്യേകിച്ച് വി. കുര്‍ബാന തുടര്‍ന്നെങ്കിലും 1969-ല്‍ എല്ലാ സഭകളിലും ഇക്കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും ഉള്‍ക്കൊണ്ട് തദ്ദേശീയമായ ആരാധനക്രമവും വി. കുര്‍ബാനയും നടത്തണമെന്ന് എല്ലാവരും തീരുമാനിച്ചു. അതുപ്രകാരം പ്രാദേശികഭാഷകളിലും ജനാഭിമുഖവും കുര്‍ബാന അര്‍പ്പിക്കാന്‍ തുടങ്ങി.

സീറോ മലബാര്‍ സഭയെ സംബന്ധിച്ചു നൂറ്റാണ്ടുകളായി കല്‍ദായസഭാ/ലത്തീന്‍സഭ സ്വാധീനങ്ങള്‍കൊണ്ട് കുറേ ഗുണവും അതിലേറെ ദോഷങ്ങളും ഉണ്ടായിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം കണക്കിലെടുത്ത് മുന്നോട്ട് പോകുന്നതിനുപകരം 'കല്‍ദായ പാരമ്പര്യം' മാത്രമാണ് ശരി എന്ന മുന്‍വിധിയോടുകൂടി വളഞ്ഞ വഴികളിലൂടെ ചില രൂപതകളും മെത്രാന്മാരും കല്‍ദായ ആരാധനക്രമം സഭയിലും വിശ്വാസികളിലും 1986-ല്‍ മാര്‍പാപ്പ സന്ദര്‍ശനത്തോടനുബന്ധിച്ച് തത്ത്വത്തില്‍ അടിച്ചേല്‍പ്പിക്കയാണ് ഉണ്ടായത്. ഇതിനുപുറമെ ബഹുഭൂരിപക്ഷം രൂപതകളും വിശ്വാസികളും വലിയ എതിര്‍പ്പുമായി രംഗത്തുവന്നപ്പോള്‍ കുറച്ചു കാലത്തേക്ക് തല്പരകക്ഷികള്‍ നിശ്ശബ്ദരായി. എന്നാല്‍ ഏതാണ്ട് 1994 മുതല്‍ കല്‍ദായ കുര്‍ബാനകള്‍ ബന്ധപ്പെട്ട രൂപതകള്‍ അതേ രീതിയില്‍ നടപ്പാക്കാന്‍ തുടങ്ങി. ഇതിനിടയില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പുമാരായി കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറ, മാര്‍ വര്‍ക്കി വിതയത്തില്‍ എന്നിവര്‍ വന്നു. ആ കാലത്തൊന്നും ഇക്കാര്യം നിര്‍ബന്ധിക്കാന്‍ അവര്‍ ധൈര്യപ്പെട്ടില്ല.

പിന്നീട് മാര്‍ ആലഞ്ചേരി ആര്‍ച്ച്ബിഷപ്പായി വന്നപ്പോള്‍ ആദ്യം ശാന്തമായി തുടങ്ങിയെങ്കിലും പടിപടിയായി സിനഡില്‍ മെത്രാന്മാരെ സ്വാധീനിച്ച് കല്‍ദായക്രമം നടപ്പാക്കാന്‍ ശക്തമായ ശ്രമം ആരംഭിച്ചു. ഇതിനു വലിയ എതിര്‍പ്പും തിരിച്ചടികളും വന്നപ്പോള്‍ ചില ഫാക്ടറികളില്‍ തൊഴില്‍സമരങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്ന രീതിയില്‍ പുതിയൊരു ഫോര്‍മുലയായി വന്നു. അതായത് ഇപ്പോള്‍ ഞങ്ങള്‍ മുഴുവനായി അള്‍ത്താരാഭിമുഖകുര്‍ബാനയാണ് ചൊല്ലുന്നത്. നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ 50 ശതമാനം അള്‍ത്താരാഭിമുഖവും 50 ശതമാനം ജനാഭിമുഖവും കുര്‍ബാനയര്‍പ്പിക്കാം. ഇതും സിനഡ് പൂര്‍ണ്ണമായി അംഗീകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ കല്‍ദായ രൂപതകള്‍ അത് ഏകപക്ഷീയമായി ചൊല്ലിതുടങ്ങുകയും ചെയ്തു. വീണ്ടും മെത്രാന്മാരെ സ്വാധീനിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മാര്‍ ആലഞ്ചേരിയുടെ നേതൃത്വത്തില്‍ തുടര്‍ന്നു. അതും നടക്കാതെയായപ്പോള്‍ കഴിഞ്ഞ മാസം മാര്‍പാപ്പയുടെ പേരിലുള്ള സര്‍ക്കുലര്‍വഴി ഈ രീതി അംഗീകരിപ്പിക്കാന്‍ വ്യാപകമായി ശ്രമം നടക്കുകയാണ്.

കോവിഡ് കാലഘട്ടത്തില്‍ ചാനലുകളില്‍ വി. കുര്‍ബാന കാണുന്ന വിശ്വാസികള്‍ക്ക് ഈ കാലത്ത് ഒരിക്കലും ചേരാത്ത ഒരു രീതിയാണ് സ്വീകരിക്കാന്‍ മറ്റു രൂപതകളെ നിര്‍ബ്ബന്ധിക്കുന്നത്. ചാനലുകളില്‍ അള്‍ത്താരാഭിമുഖമുള്ള കുര്‍ബാനയ്ക്ക് യാതൊരു പ്രസക്തിയുമില്ല. വൈദികന്‍ ജനാഭിമുഖം തിരിയാതെ ക്യാമറ കൊണ്ട് തിരിച്ച് എന്തിന് ഈ അഭ്യാസം നടത്തുന്നു? എന്ന് നാം ചിന്തിക്കേണ്ടതുണ്ട്? മറ്റൊന്നു പള്ളിയില്‍ തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചാല്‍ തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ദീര്‍ഘിച്ച തിരുകര്‍മ്മങ്ങള്‍ക്ക് ഒരിക്കലും അനുവാദമുണ്ടാകില്ല. അത് പ്രായോഗികവുമല്ല. അതുകൊണ്ട് ജീവിതഗന്ധിയും ജനങ്ങള്‍ക്ക് ആകര്‍ഷകവും ലളിതവും സമയകുറവുള്ളതുമായ ആരാധനക്രമവും വി. കുര്‍ബാനകളും നടപ്പാക്കണമെന്നാണ് സഭാസിനഡും പിതാക്കന്മാരും ശ്രമിക്കേണ്ടതെന്ന് ഫാ. കാനംകുടം പറഞ്ഞുവെയ്ക്കുകയാണ്. അതുമല്ലെങ്കില്‍ ഇന്ന് ജനാഭിമുഖം കുര്‍ബാനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന രൂപതകളിലെ വിവിധ ഘടകങ്ങളില്‍ (വൈദികര്‍, സന്യാസിനീസന്യാസികള്‍, അല്മായര്‍, സംഘടനകള്‍ തുടങ്ങിയവ) 1993-ല്‍ തൃശൂര്‍ രൂപതയിലും മറ്റും നടത്തിയപോലെ വിശദമായ അഭിപ്രായസര്‍വ്വെയും മറ്റും നടത്തി ചര്‍ച്ചകളിലൂടെ സമവായം ഉണ്ടാക്കി പുതിയ രീതി നടപ്പാക്കണമെന്നും അതുവരെയ്ക്ക് ഇപ്പോഴത്തെ രീതി തുടരാന്‍ ബന്ധപ്പെട്ട രൂപതകള്‍ക്കും മെത്രാന്മാര്‍ക്കും അനുവാദം നല്കണമെന്നും അദ്ദേഹം പറഞ്ഞുവെയ്ക്കുന്നു.

(NB: ഫാ. ജോസ് കാനംകുടം മുന്‍പ് പ്രസിദ്ധീകരിച്ച ലഘുലേഖയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ലേഖനം)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org